തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

ലേഖനം

ജൈവികമായ സത്യസന്ധതയുടെ ഗ്രാമീണഭൂമിക

സുനില്‍കുമാര്‍ എം എസിന്റെ കവിതകള്‍ ഗ്രാമീണജീവിതത്തിന്റെ സങ്കടങ്ങള്‍ കൊണ്ടുവരുന്നു. പിന്നിട്ട വഴികളിലെ കനല്‍ ഊതിപ്പൊലിപ്പിച്ച് കാഴ്ചയുടെ വെളിപാട് തരുന്നു. അനുഭവത്തെ ഓരോ വരിയിലും ആവാഹിച്ച് നക്ഷത്രങ്ങളുടെ കാന്തി ഉണ്ടാക്കുന്നു. ഓരോ കവിതയും ഓരോ അനുഭവത്തിന്റെ ബോധോദയം പോലെ വികാസം കൊള്ളുന്നു. ഒന്നും ഒന്നില്‍ നിന്നും അന്യമല്ലാതെ ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. ഗ്രാമത്തിന്റെ ഓരോ ആനുഭാവികനിമിഷവും ദുരന്തദീപ്തിയോടെ വന്നു ചൂഴുന്നു. വീണ്ടും വീണ്ടും കരള്‍ക്കിണ്ണത്തില്‍ കണ്ണീരു വീഴുന്ന താളം അതു കേള്‍പ്പിക്കുന്നു. കണ്ണീരിന്റെ പാഴുതറയില്‍ വിലയിക്കുകയല്ല, അതിനുമപ്പുറം പോകാനായുന്ന ഉദ്ബുദ്ധതയുടെ തെളിഞ്ഞ സാന്നിദ്ധ്യം ഓരോ കവിതയിലും പ്രവര്‍ത്തിക്കുന്നു. ദാരിദ്ര്യം പറയുകയല്ല, അവിടെ നില്ക്കുമ്പോള്‍ തന്നെ ജീവിതത്തെ വികാരവായ്പോടെ ആശ്ലേഷിക്കാനാണു ശ്രമം. വെറുപ്പല്ല, സ്നേഹം കണ്ടെത്താനും പങ്കുവയ്ക്കാനുമാണ് ആവിഷ്കാരത്തിന്റെ ഓരോ അംശത്തിലും യത്നിക്കുന്നത്. ഇല്ലായ്മയുടെ ഖേദങ്ങള്‍ ഈ കവിതകളുടെ മജ്ജയും മാംസവും തന്നെ; ഊര്‍ജ്ജവും താളവും തന്നെ; ജീവിതാന്വേഷണത്തിന്റെ നൈസര്‍ഗ്ഗികമായ വെളിവും തെളിവും തന്നെ. പരാതിയുടെ കിനാവുകളല്ല; കിനാവുകളിലേയ്ക്ക് സഞ്ചരിക്കുന്ന മനുഷ്യപ്പറ്റിന്റെയും സ്നേഹത്തിളക്കമുള്ള ശൈശവസത്യസന്ധതയുടെയും അടയാളവും ആകാശവുമാണ് ഓരോ കവിതയും. വിശപ്പും വെല്ലുവിളികളും പിന്നിട്ടുകൊണ്ടുള്ള ജീവിതവിശകലനവും മുന്‍‌വിധികളുമില്ലാത്ത അന്വേഷണവും കവിതയില്‍ ഒരു പുതുവഴിയുടെ മൌലികത കൊണ്ടുവന്നിരിക്കുന്നു.

ഓരോ കവിതയും നിശ്ശബ്ദതയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകും. നിസ്സാരമെന്നു തള്ളിയതോ അപകര്‍ഷം കൊണ്ട് ഒളിപ്പിച്ചതോ ആയ ചില സന്ദര്‍ഭങ്ങള്‍ക്കു മുന്നില്‍ കൊണ്ടു നിര്‍ത്തും. ആ ചിത്രത്തിലൂടെ വായനക്കാരെ അറിയാതെ തന്നെ അന്വേഷകരാക്കും. എന്നിട്ട് ഒരു വിരിച്ചറിവിലേയ്ക്ക് വിസ്മയിപ്പിക്കും. അതുവരെ അറിയാതിരുന്നവ പലതും സിരകളിലൂടെ പ്രയാണമാരംഭിക്കും, വെളിച്ചവും കൊണ്ട്. ഓരോ കവിതയും അവസാനം വരെ വായനയുടെ ഭാരം ഓര്‍മ്മിപ്പിക്കുകയില്ല. വേദനയുടെ വെളിച്ചം വഴിവിളക്കുപോലെ ഓരോ വരിയിലും പ്രകാശിക്കുന്നുണ്ട്.

ഗ്രാമീണമനുഷ്യന്റെ സൂക്ഷ്മരാഷ്ട്രീയം ഇവിടെ സന്നിഹിതമാണ്. കവിതകളുടെ തട്ടകം ഗ്രാമമായതുകൊണ്ട് കേരളമാകമാനം ഈ ഗ്രാമീണാനുഭവത്തിന്റെ സാരം കൊണ്ടൊന്നിക്കുന്നതു കാണാം. മനുഷ്യനെ ആഗോളനഗരം ആശ്ലേഷിച്ചു ചണ്ടിയാക്കുന്നൊരു കാലത്ത് ജീവിതത്തിന്റെ പച്ചയും ഇച്ഛയും പങ്കുവയ്ക്കപ്പെടുകയാണ്. ഒരു ആവാസവ്യവസ്ഥയുടെ പാരിസ്ഥിതികാനുഭവം ഈ കവിതയുടെ പശ്ചാത്തലമാണ്. ജീവിതവീക്ഷണം കൊണ്ടുള്ള സമ്പന്നതയും സാരവത്തായ മിതത്വവും ധ്വന്യാത്മകമായ സൌന്ദര്യാനുഭവം തീര്‍ച്ചയാക്കപ്പെട്ട കവിതകളാണ് ഓരോന്നും. വൈവിദ്ധ്യമാര്‍ന്ന ആവിഷ്കാരത്തിന്റെ കുറവ് ഒരു ഏകതാനത സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വായനയുടെ പൂര്‍ത്തീകരണത്തിനു നിലകൊള്ളുന്ന ശീര്‍ഷകങ്ങള്‍ക്ക് ഒരവയവത്തിന്റെ അസ്തിത്വമാണ് കവിതയിലുള്ളത്. പൂര്‍ണ്ണവിരാമമിട്ട് നിര്‍ത്താത്ത ഈ കവിതകള്‍ വായനക്കാരിലും പൂര്‍ണ്ണവിരാമമിടാത്ത ഓര്‍മ്മയുടെ വീണ്ടെടുപ്പിനു തന്നെയും പ്രേരണ നല്കിക്കൊണ്ട് വാതിലുകള്‍ തുറന്നിടുകയാണ് ചെയ്യുന്നത്.


സുനില്‍കുമാര്‍ എം. എസ്

ഭയപ്പെത്തുനവന്‍ , പെണ്ണുകാഴ്ച, അടയാളങ്ങള്‍ അവശേഷിക്കുമ്പോള്‍ തുടങ്ങി സാമൂഹികവിമര്‍ശനവും വിചാരണയും നിര്‍വ്വഹിക്കുന്ന കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. മുട്ടായി കവര്‍ , അവളുടെ വീട്ടിലേയ്ക്ക് എന്നീ കവിതകള്‍ വായിച്ച് വിങ്ങിപ്പോകാതിരിക്കില്ല. മഴവില്ല്, മൈലാഞ്ചി, കുപ്പിനോട്ടം, അമരപ്പന്തല്‍ മറന്നുവച്ച തൂവാല തുടങ്ങിയ രചനകള്‍ വായിക്കുമ്പോള്‍ മനസ്സ് ഒന്നു തുടുത്തു പോകാതിരിക്കില്ല. പേടിപ്പനി, നനയാതിരിക്കട്ടെ, എന്നീ കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ചിന്താധീനരായി ഒരു നെടുവീര്‍പ്പിലേയ്ക്ക് അലിഞ്ഞു ചേരും. താക്കോല്‍ പോലുള്ള കവിതകള്‍ ഇല്ലായ്മയുടെ മുഴുവന്‍ പ്രതിസന്ധിയും നിസ്സഹായതയും നിഷ്കളങ്കതയോടെ ധ്വനിപ്പിക്കുന്നു. ബോധിസത്വന്റെ സ്വരം കേള്‍പ്പിക്കുന്ന കവിതയാണ് ‘ഇലകള്‍ മിണ്ടുന്നത്’.

‘ഒരു പുല്‍ച്ചാടിയും
അറിയുന്നുണ്ടാവില്ല
താന്‍ ചാടി നടക്കുന്നത്
സ്വന്തം
പേരിലൂടെയാണെന്ന്...’ (ചാട്ടം)

സ്വന്തം പേരിനും പൊരുളിനും മേലെ അറിയാതെ നമ്മെയൊന്നു ചാടിപ്പിക്കുന്ന ഈ വരികള്‍ മലയാളത്തില്‍ എക്കാലവും നിലനില്ക്കുന്ന ഒരു കണ്ടുപിടുത്തം കൂടിയാണ്.

‘എങ്ങിനെയൊക്കെ ഒരുക്കിയാലും
ഒടുക്കമെന്റെ നെഞ്ചില്‍
ദയയില്ലാതെ
തുളയിട്ട്, നൂല്‍കെട്ടി
ആകാശത്ത്
നിന്റെ വരുതിയില്‍ നിര്‍ത്തുമെന്ന്
നേരത്തെയെനിക്കറിയാമായിരുന്നു..’(പട്ടം)

ഈ വരികളിലെ കാപട്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ദുരന്തനിര്‍മ്മിതി അനുഭവത്തിന്റെ തീക്ഷ്ണതയോടെ നമ്മെ വന്നു സ്പര്‍ശിക്കുന്നു.

‘ഓരോ കൊത്തിനും
സ്വന്തം ജീവന്‍
വിലകൊടുക്കേണ്ടി വരുമെന്നറിഞ്ഞു-
കൊണ്ടല്ല
ഒരിക്കലും
ഒരു മീനും
ചൂണ്ടയില്‍ കുടുങ്ങുന്നത്
വയറ്റില്‍
വിശപ്പ് തീ കൊളുത്തുമ്പോള്‍
എന്തു ചെയ്യും?
ശേഷമെത്ര
കൊതിച്ചു പിടയുന്തോറും
കത്തിക്കു-
മൂര്‍ച്ച കൂടുകയല്ലാതെ ..’ (മൂര്‍ച്ച)

വിശപ്പിന് മരണത്തോട് വിഭവം വാങ്ങേണ്ടി വരുന്നതിലെ അനിവാര്യതയും ദുരന്തവും ഇവിടെ മൂര്‍ത്തത കൈവരിച്ചിരിക്കുന്നു.

‘നല്ല കവിതപോലെയാണ്
വെറുതെ വിഴുങ്ങിയാല്‍
അറിയില്ലൊന്നും
ചവച്ചരച്ചു
നോക്കിയാലറിയാം
മനസ്സിനെ നീറ്റുന്ന
അതിന്റെയെരിവ് ’ (മുളക്) -

എന്ന വരികള്‍ ഇക്കവിതകള്‍ക്കും ബാധകമാണെന്നുകൂടെ കുറിക്കട്ടെ.

Subscribe Tharjani |