തര്‍ജ്ജനി

എം. ഗോകുല്‍ദാസ്‌

ഹരിതം
കോട്ടൂളി
കോഴിക്കോട്‌ - 673016
ഫോണ്‍ :- 0-77363-64488
ഇ മെയില്‍ : m.gokuldas@gmail.com

Visit Home Page ...

കഥ

ചിത്രശലഭങ്ങള്‍

കന്യകകളായ മേഘങ്ങളുടെ തടവറയിലായിരുന്നു‍ ഞാന്‍. രണ്ടാം ജന്മത്തിലാണ്‌ അവളെ സ്നേഹിച്ചു തുടങ്ങിയത്‌. സന്ധ്യയുടെ ചുവന്ന രാശിപടര്ന്ന‍ കന്യകയ്ക്ക്‌ ചോള നിറമായിരുന്നു‍. നക്ഷത്രങ്ങള്‍ പതിച്ചതുപോലെ വശ്യവും സുന്ദരവുമായിരുന്നു‍ അവളുടെ കണ്ണുകള്‍.

രാത്രിയില്‍ വിസ്തൃതമായ ഇരുട്ടി‍ന്റെ കടല്‍ കടന്ന്‌ ഒരിക്കല്‍ ഞാനവളുടെ അന്തപുരത്തില്‍ പ്രവേശിച്ചു. അവള്‍ നല്ല ഉറക്കമായിരുന്നു‍. അവളറിയാതെ അവളുടെ അടുത്ത്‌ ഞാനും ഏറെനേരം ശയിച്ചു. മഴവരുമൊ എന്ന്‌ മാത്രമായിരുന്നു‍ പേടി. മുട്ടി‍വിളിക്കണമെന്നും കരാംഗുലികള്‍കൊണ്ട്‌ ഒന്ന്‌ സ്പര്‍ശിക്കണമെന്നും തോന്നി‍. എന്റെ അന്തര്‍ഗതം മനസിലാക്കിയാവാം പൊടുന്നനെ അവള്‍ ഞെട്ടി‍യുണര്‍ന്ന്‌ എന്നോട്‌ ചോദിച്ചു
എങ്ങിനെയിവിടെ വന്നു?

വളരെ ഗുരുതരമായ ഒരു തെറ്റാണിത്‌. നിങ്ങളുടെ കാലാവധി ഇനി ഒരു ജന്മം കൂടിയുണ്ട്‌. അതിനിടയില്‍ തടവറയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന്‌ മാത്രമല്ല കന്യകകളായ ഞങ്ങളുടെ കിടപ്പുമുറിയില്‍ കയറി വരികയും ചെയ്തു. കടുത്ത ശിക്ഷ തന്നെ‍ എനിയ്ക്കിതിന്‌ വാങ്ങിതരുവാന്‍ കഴിയും. കാരണം ഞാന്‍ പറയുന്നതാണ്‌ ഇവിടുത്തെ ശിക്ഷാവലികള്‍.
അതിരിക്കട്ടെ. ആര്‌ വഴി പറഞ്ഞു തന്നു?

സ്വപ്നത്തില്‍ കന്യകകളുടെ പിറകെ ഞാനിവിടെ എന്നും വരുമായിരുന്നു‍. മഴവില്ലിന്റെ ഏഴ്‌ നിറങ്ങള്‍ സമ്മേളിച്ച സ്വച്ഛവും സുന്ദരവുമായ ഈ അന്ത:പുരത്തില്‍ കന്യകകളുടെ അരികില്‍ ഞാന്‍ പലപ്പോഴും ശയിച്ചിരുന്നു‍. ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്നി‍ല്ല സ്വപ്നത്തില്‍ മാത്രമാണ്‌ എനിക്ക്‌ വിശ്വാസം. ജിവിതം സ്വപ്നമയവും. കണ്ണ് ചിമ്മിത്തുറക്കുന്നതിനിടയില്‍ ഒരു ചിത്രശലഭമായി അവള്‍ പറന്നുയര്‍ന്നു.‍ ഒപ്പം ഞാനും കന്യകയെ അനുഗമിച്ചു. ഞങ്ങള്‍ പരസ്പരം ഗാഡവും ദൃഡവുമായ സ്നേഹം കൈമാറി. യാത്രയില്‍ ഞങ്ങളുടെ ചിറകുകള്‍ പരസ്പരം കൂട്ടി‍യടിക്കുകയും ഞങ്ങള്‍ ചിറകുകള്‍ കൈമാറുകയും ചെയ്തു. ഇരുള്‍ മൂടിയ ഒരു വിതാനത്തില്‍ എത്തിയപ്പോള്‍ അവള്‍ കാതില്‍ മന്ത്രിച്ചു. ജന്മജന്മാന്തരങ്ങളോളം നീ എന്റെ തടവറയില്‍ തന്നെ‍ ആയിരിക്കും. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ പരസ്പരം ആലിംഗനബദ്ധരായി പറന്ന്‌ പറന്ന്‌ സഞ്ചാരപഥം തെറ്റുകയും അജ്ഞാതസങ്കേതത്തില്‍ എത്തിപ്പെടുകയും ചെയ്തു.

മടക്കയാത്രയില്‍ ഞാന്‍ അവളുടെ ചുമലില്‍ ഗാഢനിദ്രയിലായിരുന്നു‍.

സ്വര്‍ണ്ണനൂലുകള്‍ പൊതിഞ്ഞ ആകാശക്കൂടുകള്‍ ഊഞ്ഞാലില്‍ താഴ്ന്നി‍റങ്ങിവന്ന്‌ കന്യകയുടെ മേനിയില്‍ വര്‍ണ്ണങ്ങളുടെ പെരുംകളിയാട്ടം തുടങ്ങി. നിര്‍മ്മലവും സുതാര്യവുമായ അവളുടെ ഉടയാട കാറ്റില്‍ പറന്ന് പറന്ന്‌ പോയി. സുന്ദരവും അര്‍ദ്ധനഗ്നവുമായ അവളുടെ മേനിയില്‍ ഒരു മണിവീണപോലെ മീട്ടാ‍ന്‍ തുടങ്ങി. കരാംഗുലികളുടെ ആദ്യസ്പര്‍ശത്തില്‍ ത്രസിച്ച ശബ്ദം ഒരു വലംപിരി ശംഖിന്റെനാദം പോലെ ഘനസാന്ദ്രമായിരുന്നു‍. അടിവയറ്റിലെ മടക്കുകളിലും, ചാലുകളിലും വ്യത്യസ്തവും മധുരവുമായ നാദം പിറവികൊണ്ടു. ഇടംവലം വശങ്ങളിലും സ്വരമധുരനാദങ്ങള്‍ സമ്മേളിച്ചു സംഗീതം സാന്ദ്രമാവുകയും മഴയുടെ അലുക്കുകള്‍ ഊഞ്ഞാലില്‍ താഴ്ന്നി‍റങ്ങിവന്ന്‌ ഇണചേര്‍ന്നു. കാലുകളില്‍ പച്ചകുത്തി പച്ചാപ്പുകളുടെ വര്‍ണ്ണരാശിയില്‍ അഴകിന്‌ ആയിരം മുഖങ്ങളായിരുന്നു.

അടിവയറ്റില്‍ നിന്ന്‌ പതുക്കെ ചെറുകുടലിലേക്കും പിന്നീ‍ട്‌ വന്‍കുടലിലേക്കും ഒരു തിരയിളക്കം അനുഭവപ്പെട്ടു.‍ അലകള്‍ ഒരു പെരുമ്പറയാവുകയും കാറ്റിന്റെ ശക്തിയില്‍ അകന്ന് പോവുകയും ചെയ്തു. അനന്തരം സംഗീതം സാന്ദ്രമാവുകയും വന്‍കുടലില്‍ അത്‌ വന്‍കടല്‍പോലെ ഇളകി മറിയുകയും മുലഞ്ഞെട്ടു‍കള്‍ ഇളകിയാടുകയും ചെയ്തു. കണ്ണുകളിലും മുലഞ്ഞെട്ടു‍കളിലും രണ്ട്‌ നക്ഷത്രം ഉദിച്ചു. പഞ്ഞിക്കെട്ടു‍കള്‍പോലെ മേഘങ്ങള്‍ പറന്നുയരാന്‍ ശ്രമിക്കുകയും പ്രണയാതുരമായ സംഗീതം നേര്‍ത്ത നിലാവുപോലെ കന്യകയുടെ മിഴികളില്‍ പടര്‍ന്നി‍റങ്ങുകയും ചെയ്തു. സംഗീതം അവളില്‍ ലയിക്കുകയും അവളില്‍ നിന്നു് പുനര്‍ജനിക്കുകയും ചെയ്തു

അവളുടെ മുടിയിഴകള്‍ കാറ്റില്‍ ഒരു വെണ്‍ചാമരം പോലെ ഇളകിയാടി. നളിനകാന്തി മഞ്ഞിന്റെ തണുപ്പായി അവളെ പൊതിയുകയും ആകാശം ഒരു തൊട്ടിലായി താഴേക്കിറങ്ങിവന്നു് കന്യകയെ ആപാദചൂഢം പുണരുകയും ചെയ്തു. പൊടുന്നനെ ഞാന്‍ ഒരു മഞ്ഞുപ്രതിമപോലെ നിശ്ചലമായി.

ചിത്രശലഭങ്ങളുടെ കപ്പലിലാണ്‌ താന്‍ ഒഴുകുന്നതെന്നു് കന്യകയ്ക്ക്‌ തോന്നിത്തുടങ്ങി. സ്നേഹമഴ മുത്തുമണികളായി നിര്‍മ്മലമായ മേനിയില്‍ പതിച്ചതോടെ ആകാശക്കൂടുകള്‍ കൂടുവിട്ടുയര്‍ന്നു. അനന്തരം അവള്‍ ഭംഗിയായി നൃത്തം ചവിട്ടിത്തുടങ്ങി. നെറ്റിയില്‍ കുങ്കമപ്പൊട്ട് വരച്ച്‌ കളിയാട്ടത്തിന്റെ ചുവട്‌ വച്ച്‌ ഇടംവലം ചുവട്‌ മുന്നോട്ടെടുത്തു് ഒരു മയിലാട്ടം പോലെ ദ്രുതചലനമാടി. അപ്പോഴേക്കും അവള്‍ പൂര്‍ണ്ണ നഗ്നയായിരുന്നു.
നിര്‍മ്മലവും കാമമോഹിതയുമായ മേനിയെ ചിത്രശലഭങ്ങള്‍ കൂട്ടമായിവന്നു് ചിറകുകള്‍കൊണ്ട്‌ പൊതിയുകയും അവളുടെ നഗ്നത മറയ്ക്കുകയും ചെയ്തു. അനന്തരം നക്ഷത്രങ്ങള്‍ സംസാരിച്ചുതുടങ്ങി. വിശുദ്ധ കന്യകേ, നിന്റെ പേരെന്ത്‌.... ?

നക്ഷത്രങ്ങളെപോലെ എനിക്കും പേരില്ലല്ലോ

അനന്തരം ചിത്രശലഭങ്ങള്‍ അവളെയും വഹിച്ചുകൊണ്ട്‌ അനന്തതയിലേക്ക്‌ പറന്നുയര്‍ന്നു.

Subscribe Tharjani |