തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

ഭയം


ചിത്രീകരണം : ശ്രീകല

ഒന്നാം നാള്‍,
വിലക്കപ്പെട്ട ജാലകത്തിനപ്പുറം
നിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.

രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.

മൂന്നാം നാള്‍
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റോ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്‍
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍ പെയ്തിറങ്ങിയ
ചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു് എന്റെ മന്ത്രച്ചരടും മുലക്കച്ചയും.

പിന്നെ
പടിയിറങ്ങി, പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു്, ആര്‍ക്കു് സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞു
നീ ജ്ഞാനിയുടെ വിളക്കു തെളിച്ചു.

ഇപ്പോള്‍,
നിന്റെ തുടര്‍ച്ചയായ വേലിയേറ്റങ്ങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തോടെ നോക്കിക്കാണുന്നു.
പേടിസ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത നിശ്ശബ്ദമായ ഒരു രാത്രിയില്‍
ഒടുവില്‍, ഞാനറിയാത്ത ഏതു് തീരത്താണു്
നീ എന്നെ ഉപേക്ഷിക്കുക?

Subscribe Tharjani |
Submitted by മണിലാല്‍ (not verified) on Sat, 2010-01-02 15:12.

യൌവ്വനയുക്തമായ കവിത

Submitted by Anonymous (not verified) on Wed, 2010-01-06 14:23.

Simple, superb keep it up

Submitted by ഹേനാ രാഹുല്‍ (not verified) on Thu, 2010-01-07 10:20.

അടക്കം പറച്ചിലും ഒതുക്കിവെക്കലും കവിതയായി വളര്‍ന്നിരിക്കുന്നു.........കൂടുതല്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ഹേന

Submitted by അഖി (not verified) on Sun, 2010-01-24 11:11.

പേടിസ്വപ്നങള്‍ പ്രണയരഹിതമാക്കുന്ന കാലം. കൊള്ളാം,ഇനിയും എഴുതുക.

Submitted by രാജു ഇരിങ്ങല്‍ (not verified) on Thu, 2010-01-28 16:34.

എല്ലാ ഭയങ്ങളും, എല്ലാ തോന്നലുകളും തെളിഞ്ഞു വരുമ്പോള്‍ കാണാ കാഴ്ചയുടെ ജ്ഞാനമാകുമെന്ന് കവയിത്രി വെളിപ്പെടുത്തുന്നു. എന്നിട്ടും സ്ത്രീ സഹജമായ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുന്നു
നീ എന്നെ ഉപേക്ഷിച്ചു പോയെതെന്ത് എന്ന്.
കവിത നന്നായി
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Submitted by smitha (not verified) on Fri, 2010-01-29 09:02.

അതെ, പക്ഷെ , സ്ത്രീ സഹജമായ ചോദ്യങ്ങളില്‍ നിന്നു അകന്നു നില്‍ക്കുന്നതെങ്ങനെ?
ഒരുപാടു നന്ദി...

Submitted by smitha (not verified) on Fri, 2010-01-29 09:04.

നന്ദി..