തര്‍ജ്ജനി

എന്‍. രേണുക

ലക്ഷ്മി നിവാസ്‌
കരിങ്ങാംതുരുത്ത്‌
കൊങ്ങോര്‍പ്പിള്ളി. പി.ഒ
ഏറണാകുളം. 683525

ഇ മെയ്‌ല്‍: renu9renu@gmail.com

Visit Home Page ...

അനുഭവം

കേരളത്തിലെ വിഷംതീനികള്‍ : ആര്, ആരോട്, എപ്പോള്‍ പറഞ്ഞു?

ഔദ്യോഗികമായ സുസ്ഥിതികളെല്ലാം ആപേക്ഷികങ്ങളാണു്. ഓരോന്നിനും മനസ്സുകൊണ്ട് കല്പിക്കുന്ന മൂല്യമാണു് സാമ്പത്തികലാഭങ്ങളെപ്പോലും നിര്‍ണ്ണയിക്കുന്നതു്. അതിനാല്‍ എഴുതുന്ന അനുഭവങ്ങളോടു് യോജിപ്പുള്ളവരും എതിര്‍പ്പുള്ളവരും ഉണ്ടാകും. സ്വന്തം ജീവിതകലാത്തോടും അനുഭവങ്ങളോടും സത്യസന്ധരായിരിക്കുക എന്നതുമാത്രമാണു് പ്രധാനം. മാനേജ്‌മെന്റ് കോളേജുകളിലെ അദ്ധ്യാപകരെ കാടടച്ചു് വിമര്‍ശിക്കുന്ന ഒരു അദ്ധ്യാപകന്‍ എനിക്കുണ്ടായിരുന്നു. നിശിതമായ വിമര്‍ശനങ്ങള്‍ കേട്ടുകേട്ടു് പലപ്പോഴും ആ വാക്കുകളോടു് അവജ്ഞ തോന്നി. പക്ഷെ, യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം കാണേണ്ട അവസരങ്ങളുണ്ടാകുമ്പോള്‍ ഉന്നതമായ മൂല്യബോധങ്ങളെല്ലാം കെട്ടടങ്ങുകയും അദ്ധ്യാപകന്റെ വാക്കുകളില്‍ അല്പമെങ്കിലും സത്യമില്ലേ എന്നു് വിചാരപ്പെടുകയും ചെയ്യേണ്ടിവരുന്നു. അദ്ധ്യാപകനിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നതിലൂടെ തന്നെ നല്ലൊരു തുക സമ്പാദിക്കുന്ന മാനേജ്‌മെന്റ് കോളേജുകളില്‍ നടക്കുന്ന ഇന്റര്‍വ്യൂ നാടകങ്ങള്‍ പുതിയ വിഷയമല്ല. എത്രയോ അപേക്ഷകര്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകും! എങ്കിലും ദൂരങ്ങള്‍ മറികടന്നു് അകപ്പെടുവാനുള്ള വ്യാമോഹവുമായി വിണ്ടും വീണ്ടും എത്തുന്ന ഉദ്യോഗാര്‍ത്ഥികളുള്ള കാലത്തോളം മാനേജ്‌മെന്‍റുകള്‍ക്കു് അപേക്ഷകരുടെ എണ്ണത്തില്‍ ഭയപ്പെടുവാനില്ല. രണ്ടു് വര്‍ഷം മുമ്പു് മലബാറിലെ പ്രസിദ്ധമായ ഒരു കലാലയത്തില്‍ മലയാളം അദ്ധ്യാപകനിയമനത്തിനുള്ള ഇന്റര്‍വ്യൂ നടന്നു. നിയമനങ്ങള്‍ നടന്നു കഴിഞ്ഞുവെന്നും ഇന്റര്‍വ്യൂ വെറും പ്രഹസനമാണെന്നും കരക്കമ്പി കേട്ടുവെങ്കിലും നാന്നൂറു രൂപയിലധികം കൊടുത്തു് അപേക്ഷിച്ചതുകൊണ്ടും മുന്‍വിധികളില്ലാതെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യേണ്ടതു് ഉദ്യോഗാര്‍ത്ഥി എന്ന നിലയിലുള്ള ധര്‍മ്മമാണെന്നു് പഠിപ്പിച്ചവരും വേണ്ടപ്പെട്ടവരുമെല്ലാം ഉപദേശിച്ചതുകൊണ്ടും പോകുവാന്‍ തീരുമാനിച്ചു. അന്നു് തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഹര്‍ത്താലായിരുന്നു. കൃത്യസമയത്തു് എത്താന്‍ സാധിക്കുമോ എന്ന ആധിയും പതിവിലേറെ വഴിച്ചിലവും അലച്ചിലുമായി ഇന്റര്‍വ്യൂ നടക്കുന്ന മാനേജ്‌മെന്റ് ഓഫീസില്‍ എത്തിച്ചേര്‍ന്നു. ഉദ്യോഗാര്‍ത്ഥികളെല്ലാം കഥയറിയാതെ, പരസ്പരം നോക്കാതെ പഠിക്കുകയാണു്. എഴുന്നൂറും എണ്ണൂറും പുറങ്ങളുള്ള ഗവേഷണപ്രബന്ധങ്ങളും ചാക്കുകണക്കിനു് വിജ്ഞാനകൈരളി, സാഹിത്യലോകം, സംസ്കാരകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഇടയ്ക്കിടെ പുറത്തെടുത്തു് പലരും അടുത്തിരിക്കുന്നവരെ മാനസികമായി തളര്‍ത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തുകൊണ്ടിരുന്നു. ചിലര്‍ രേവതിപട്ടത്താനത്തിന്റെ തുടക്കവും ഒടുക്കവും അറിയാതെ വലഞ്ഞു. ആവിപറക്കുന്ന ഇടുങ്ങിയ മുറിയില്‍ നിന്നു രക്ഷപ്പെട്ടു് വരാന്തയില്‍ അലയുന്നവരെ `ഇടനിലക്കാര്‍' പിടികൂടി. നിയമനത്തെ സംബന്ധിച്ചു് ധര്‍മ്മസങ്കല്പങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന രക്ഷിതാക്കളില്‍ പലരുടേയും കലുഷിതമായ ശബ്ദം ഉയര്‍ന്നു കേട്ടു. ചെടിപ്പിക്കുന്ന പല കാഴ്ചകളും കേള്‍വികളും കടന്നു് ഇന്റര്‍വ്യൂബോര്‍ഡിനു് മുമ്പില്‍ ചെന്നപ്പോള്‍ ``കേരളത്തിലെ വിഷംതീനികള്‍ എന്നു് ആര് ആരെക്കുറിച്ചു് പറഞ്ഞു എന്ന ഒറ്റച്ചോദ്യത്തില്‍ എല്ലാം അവസാനിപ്പിച്ചു. ചോദ്യകര്‍ത്താവു് ഇതുപോലെ എത്ര ചോദ്യങ്ങള്‍ കാണാതെ പഠിച്ചു വന്നിട്ടുണ്ടെന്നു് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. റാങ്ക്‌ലിസ്റ്റിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പോലും ശേഷിക്കാതെ ദിവസം മുഴുവന്‍ വഴിയില്‍ അലഞ്ഞു് പാതിരാത്രിയോടടുത്തു് വീട്ടിലെത്തുമ്പോള്‍ ഇനിയൊരിക്കലും മാനേജ്‌മെന്റ് കോളേജുകളില്‍ അപേക്ഷിക്കില്ലെന്നു് ദൃഢപ്രതിജ്ഞയെടുക്കുന്നു. പക്ഷെ മൂന്നു് ഓപ്പണ്‍ മെറിറ്റ്, മൂന്നു് കമ്യൂണിറ്റി തുടങ്ങിയ ആകര്‍ഷകമായ പരസ്യം കാണുമ്പോള്‍ എങ്ങനെ സ്വയം നിയന്ത്രിക്കും? കോളേജ് അദ്ധ്യാപനം ഒരു മോഹനസങ്കല്പമാണു്.

ഇത്തവണ മദ്ധ്യകേരളത്തിലെ കലാലയമാണു് വേദി. അവിടെ പരമ്പരാഗതമായി മെറിറ്റ് അടിസ്ഥാനത്തിലാണു് നിയമനം നടത്തുന്നതു്. മുഖമോ പരിചയമോ നോക്കില്ല. `പ്രയോജകക്രിയയുടെ പ്രത്യയം' ചോദിച്ചതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കാതെ ഒരു മിനിട്ടിനുള്ളില്‍ ഇന്റര്‍വ്യൂ നടത്തി പുറത്തുവിട്ടു. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും മെറിറ്റ് കൃത്യമായി പാലിച്ചു. മെറിറ്റ് എന്ന വാക്കിനെ സാഹചര്യം അനുസരിച്ചു് പലരീതിയില്‍ വ്യാഖ്യാനിക്കാവുന്നതാണു്. മാനേജ്‌മെന്റിന്റെ നിഘണ്ടുവില്‍ ` മെറിറ്റ് = മാര്‍ക്ക് ' എന്ന വ്യാഖ്യാനമായിരിക്കാം ഉണ്ടായിരുന്നതു് (അങ്ങനെയൊന്നുണ്ടെങ്കില്‍). മാര്‍ക്കടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തുമ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ പ്രസക്തി എന്താണു്? ഗവണ്‍മെന്റ് നോമിനിയും സബ്‌ജെക്ട് എക്‌സ്‌പെര്‍ട്ടും നോക്കുകുത്തികളായി ഇരിക്കുന്നിടത്തോളം കാലം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന സൂപ്രണ്ടിനോ ഗുമസ്തന്മാര്‍ക്കോ മാര്‍ക്ക് നിര്‍ണ്ണയിച്ചു് നിയമനം നടത്താവുന്നതാണു്. മാത്രമല്ല, പുതിയ പഠനപദ്ധതി പ്രകാരം 99.7 ശതമാനം മാര്‍ക്കുള്ളവരും മൂന്നു് മണിക്കൂര്‍ കഠിനപ്രയത്‌നം നടത്തിയാല്‍ പോലും ഫസ്റ്റ്ക്ലാസ്സ് മാത്രം കിട്ടിയിരുന്ന പഴയപഠനരീതിക്കാരും ഇന്റര്‍വ്യൂ ബോര്‍ഡിനു് മുമ്പില്‍ തുല്യരാണു്. മെറിറ്റടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ക്വാളിറ്റേറ്റീവ് അസസ്സെമെന്റിനേക്കാള്‍ ക്വാണ്ടിറ്റേറ്റീവ് അസസ്സമെന്റിനു് തന്നെ ലഭിക്കുന്നു.

കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ പരിധിയില്‍ വരുന്ന കോ ഓപറേറ്റീവ് ട്രസ്റ്റ് കോളേജുകളിലേക്കുള്ള ഇന്റര്‍വ്യൂ രണ്ടു് ഘട്ടമായി നടക്കുന്നു. പരിചയക്കാരെയും കൂടെ പഠിച്ചവരേയും കാണുവാനുള്ള അവസരമൊരുക്കിയതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നും നടന്നില്ല. ഇന്റര്‍വ്യൂകള്‍ക്കു വേണ്ടി സ്ഥിരമായി ഒരുക്കിവെച്ചിട്ടുള്ള ബിഗ് ഷോപ്പറില്‍ നിന്നു് മാധ്യമം, സമകാലികമലയാളം, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങള്‍ എടുത്തു കാണിച്ചപ്പോള്‍ ബോര്‍ഡ് മെമ്പര്‍മാരില്‍ ഒരാള്‍ പറഞ്ഞു: ``സംഗതിയൊക്കെ കൊള്ളാം. പക്ഷേ എനിക്കൊരു ഉപദേശം തരാനുണ്ടു്. ബുദ്ധിപൂര്‍വ്വം ചിന്തിക്കണം. ഇനി ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങളിലൊന്നും എഴുതരുതു്. എഴുതണമെന്നു് തോന്നുമ്പോള്‍ മാര്‍ക്ക് കിട്ടാന്‍ വകുപ്പുള്ള എത്രയോ മാസികകളുണ്ടു്! അതിലെഴുതാമല്ലോ .....''. മറ്റു് ചോദ്യങ്ങളൊന്നും ഉണ്ടായില്ല. സാമ്പത്തികമാണു് മാനദണ്ഡമായി സ്വാകരിക്കുന്നതെന്നതിനെക്കുറിച്ചു് ബോര്‍ഡംഗങ്ങള്‍ക്കു് തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടു് കേരളപാണിനീയത്തിലെ `ക്ലീബേ വേണ്ട ബഹുക്കുറി' തുടങ്ങിയ സ്ഥിരംചോദ്യങ്ങളൊന്നും ചോദിച്ചു് ഭീഷണിപ്പെടുത്തിയില്ല. പരസ്പരധാരണയുടെ മാന്യതയെങ്കിലും പുലര്‍ത്തി. ഹതാശരായ അനേകം ഉദ്യോഗാര്‍ത്ഥികള്‍ രണ്ടാം ഘട്ടം അഭിമുഖത്തിനു് വരുന്നില്ലെന്നും നിശ്ചയിച്ചു് മടങ്ങിയെങ്കിലും.

ഇനിയുമൊരോര്‍മ്മ മദ്ധ്യതിരുവിതാംകൂറിലെ മലയോരപ്രദേശത്തുള്ള പരിശുദ്ധമായ ഒരു മാനേജ്‌മെന്റ് കോളേജിനെക്കുറിച്ചുള്ളതാണു്. അവിടെ സ്ഥിതി മറ്റൊന്നായിരുന്നു. ഗവേഷണപ്രബന്ധമോ, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളോ പബ്‌ളിഷ്ഡ് വര്‍ക്കുകളോ സെമിനാര്‍ പ്രസന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളോ കാണിക്കുവാനുള്ള അവസരം പോലും തരാതെ ``റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്റെ പേര് ? അഹിംസാദിനം എന്നു് ? ഗാന്ധിജിക്കു് കിട്ടിയ അന്തര്‍ദ്ദേശീയ പുരസ്കാരം ഏതു് ? '' തുടങ്ങിയ ക്വിസ് മോഡല്‍ ചോദ്യങ്ങള്‍ തുരുതുരാ വന്നു. `അറിയില്ല' എന്നു പറയുമ്പോള്‍, `ഓ, അതറിയില്ല, അല്ലേ, ശരി പോയ്ക്കാളൂ' എന്നു് നെടുവീര്‍പ്പോടെ പറയുന്ന പുരോഹിതവേഷധാരി. ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നവരേയും കാത്തിരിക്കുന്നവരേയും അങ്ങിങ്ങായി അലഞ്ഞുതിരിയുന്ന രക്ഷിതാക്കളേയും നിര്‍ബ്ബന്ധിച്ചു് കാന്റീനിലേക്കു് വഴിതെളിക്കുന്നവര്‍ `വെള്ളതേച്ച ശവക്കല്ലറ'കളെപ്പോലെ നില്ക്കുന്നുണ്ടായിരുന്നു. ആ ഇനത്തിലും പണപ്പെട്ടിയില്‍ വീഴുന്നതെത്ര? ഇന്റര്‍വ്യൂകള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു ! വെറ്റിലച്ചെല്ലം തുറന്നുവെച്ചു് `വെടിവട്ടം'പോലെ ലാഘവമിയന്ന ഒന്നായി മാത്രം അഭിമുഖങ്ങളെ കാണുന്നവര്‍, ഒരിക്കലും ഇന്റര്‍വ്യൂ നടത്താതെ അപേക്ഷകരെ വഞ്ചിക്കുന്നവര്‍, ഇന്റര്‍വ്യൂ തിയ്യതി മാറ്റിവെക്കുന്നതു് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുവാനുള്ള ഉത്തരവാദിത്തം പോലും കാണിക്കാത്തവര്‍, ഗവണ്‍മെന്റിന്റെ കണ്‍കറന്‍സ് കിട്ടുന്നതിനു് വളരെ മുമ്പേ അപേക്ഷകള്‍ ക്ഷണിക്കുകയും ഓരോ വര്‍ഷവും അപേക്ഷിച്ചവരില്‍ നിന്നു തന്നെ വീണ്ടും പണം വാങ്ങി പുനരപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരുടെ വലയില്‍ എത്ര ആത്മരോഷമുള്ളവരും അകപ്പെട്ടുപോകുന്നുവെന്നതാണു് യാഥാര്‍ത്ഥ്യം. പാഠപുസ്തകങ്ങളിലെ അന്യായങ്ങളെക്കുറിച്ചു് മുറവിളി കൂട്ടുന്നവരും വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചു് സെമിനാറുകള്‍ സംഘടിപ്പിക്കുന്നവരും പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ പ്രബലമായ ആധുനികവിദ്യാഭ്യാസപദ്ധതിയുടെ ഉടമകളെന്നു് അവകാശപ്പെടുന്ന ഇടയലേഖകന്മാരുമടക്കമുള്ളവരാണു് വിദ്യാഭ്യാസത്തേയും പൗരത്വത്തേയും അപമാനിക്കുന്ന ഇത്തരം ഇന്റര്‍വ്യൂകള്‍ വിഭാവനം ചെയ്യുന്നതും.

അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളെല്ലാം അതിനര്‍ഹരാണെന്നോ, എല്ലാവര്‍ക്കും ജോലി ലഭിക്കണമെന്നോ ഉള്ള അപക്വമായ വാദങ്ങളൊന്നും ഉന്നയിക്കുന്നില്ല. സമുദായസംരക്ഷണം, സഭാസംരക്ഷണം, മാനേജ്‌മെന്റ് വികസനം എന്നിവ ലക്ഷ്യമാക്കി ഭീമമായ തുക അപേക്ഷ ഇനത്തില്‍ വാങ്ങി തല്പരകക്ഷികള്‍ക്കു് ജോലി ഉറപ്പിച്ചപകൊണ്ടു് ഇന്റര്‍വ്യൂ നടത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകളുണ്ടു്.

ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള അഭിമുഖം നടത്തുവാന്‍ പ്രാപ്തരായ സബ്ജക്ട് എക്‌സ്‌പെര്‍ട്ടുകളെ നിയോഗിക്കുകയെന്നതാണു് മുഖ്യം. മാര്‍ക്കിനോടൊപ്പം കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നും നിലവാരമുള്ള അഭിമുഖം ലഭിച്ചുവെന്നും വ്യക്തിത്വം ഉപരിപ്ലവമായെങ്കിലും ആദരിക്കപ്പെട്ടുവെന്നുമുള്ള ആത്മവിശ്വാസവും സംതൃപ്തിയും ഉദ്യോഗാര്‍ത്ഥികള്‍ക്കു് നല്കാതെ അവരെ പരിഹസിച്ചുവിടുന്ന മാനേജ്‌മെന്റ് വ്യവസ്ഥിതി ഭാവിതലമുറയെ `പഴിപ്പിഞ്ഞിയ സ്മരണസഞ്ചയ'ത്തില്‍ നിന്നും എടുത്ത നോട്ടു പഠിപ്പിച്ചു് പ്രബുദ്ധരാക്കുമായിരിക്കും. ആത്മനിന്ദ തോന്നുന്ന രീതിയിലുള്ള അനുഭവങ്ങളുമായി പുറത്തുകടക്കുമ്പോള്‍ കിട്ടാത്ത മുന്തിരി പുളിക്കും എന്ന പോലെ അനേകം ദുരനുഭവങ്ങള്‍ ഓര്‍ത്തെടുത്തു് ഇവിടെ പെട്ടുപോകാതിരുന്നതു് നന്നായി എന്നു് സ്വയം ആശ്വസിക്കും. അത്തരത്തില്‍ ഓര്‍ത്തെടുത്ത ഒരനുഭവം കൊച്ചിയിലെ ഒരു വനിതാ കോളേജില്‍ താല്ക്കാലികമായി ജോലി ചെയ്തിരുന്നതിനെക്കുറിച്ചുള്ളതാണു്. പൊതു ചര്‍ച്ചകളോ അവകാശബോധങ്ങളോ സമരശബ്ദങ്ങളോ ഇല്ലാത്ത ശ്മശാനമൂകമായ അന്തരീക്ഷം. എത്രകാലം ശമ്പളം കിട്ടാതിരുന്നാലും തുച്ഛമായ വേതനം മാത്രം കിട്ടിയാലും അവിടെ എല്ലാവരും ആത്മാവില്‍ സന്തോഷമനുഭവിക്കുന്നവരാണു്. പൊതുബോധത്തിന്റെ പച്ചപ്പുകളോ സ്വാതന്ത്ര്യത്തിന്റെ വെളിച്ചമോ ഇല്ലാതെ കോണ്‍ക്രീറ്റ്‌കെട്ടിടസമുച്ചയത്തിനു ള്ളില്‍ വെന്തുപോകുമെന്നു് പരഞ്ഞപ്പോള്‍, ഇത്രയും അസുഖകരമായ ഒരന്തരീക്ഷത്തില്‍ ഇങ്ങനെ തോന്നുന്നുവെങ്കില്‍ എന്തോ തരത്തിലുള്ള മനോരോഗമാണെന്നാണു് കിട്ടിയ മറുപടി. അതിരു കടന്ന സ്വാതന്ത്ര്യബോധം ഒരു തരത്തിലുള്ള മനോവൈകല്യം തന്നെയാണു്. പ്രായോഗികബുദ്ധിയോടെ ജീവിക്കുവാന്‍ അറിയാത്തവരുടെ രോഗം. മെറ്റേണിറ്റി ലീവ് അടക്കമുള്ള കാര്യങ്ങളുടെ മുകളില്‍ പോലും മാനേജ്‌മെന്റ് നിയമവിരുദ്ധമായി ഇടപെടുന്നു. ഒന്നും സംഭവിക്കാത്തവിധം എല്ലാവരും കീഴ്പെടുന്നു. സംഘടനാവിരുദ്ധരായിരിക്കുന്നതില്‍ അഭിമാനിക്കുകയും മറ്റുള്ളവര്‍ സമരംചെയ്തു് വാങ്ങുന്ന ആനുകൂല്യങ്ങള്‍ മെയ്യനങ്ങാതെ അനുഭവിക്കുകയും ചെയ്യുന്നവര്‍ ! സ്റ്റാഫ് മീറ്റിംഗുകള്‍ കുറ്റവിചാരണയുടെ വേദികളാണോ? സ്പോര്‍ട്‌സ് ഡേയ്ക്കു് വരാത്തവര്‍ പ്ലീസ് റെയ്‌സ് യുവര്‍ ഹാന്റ്‌സ് എന്നു് കല്പിക്കുമ്പോള്‍ യാതൊരുവിധ ചിന്തകളുമില്ലാതെ കയ്യുയര്‍ത്തുകയും ഓകെ, ഹാന്റ്‌സ് ഡൗണ്‍ എന്നു പറയുമ്പോള്‍ കൈ താഴ്ത്തി കുറ്റബോധത്തോടെ തലകുനിച്ചിരിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും ഉണ്ണുന്ന ചോറിനു് നന്ദിയുള്ളവരായിരിക്കും. മലയാളദിനാഘോഷത്തില്‍ പറയേണ്ട സന്ദേശം മുന്‍കൂട്ടി തയ്യാറാക്കി, കാണാതെ പഠിച്ചു്, സര്‍വ്വകലാവല്ലഭയായ സ്റ്റാഫ് അഡ്വൈസറുടെ മുമ്പില്‍ വിനയത്തോടെ അവതരിപ്പിക്കുവാന്‍ വിസമ്മതിച്ചതുനെത്തുടര്‍ന്നു് വേദിയില്‍ അര്‍ഹമായ ഇരിപ്പിടം നിഷേധിക്കപ്പെട്ടപ്പോള്‍ എനിക്കു് മനോരോഗമില്ല എന്നു് പലര്‍ക്കും ബോദ്ധ്യമായി. സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണവ്യക്തിയുടെ ആത്മാഭിമാനം മാത്രമേ എനിക്കുള്ളൂ. കോട്ടമതിലിനിപ്പുറം തെഴുത്തുവരുന്ന പ്രശ്നസങ്കീര്‍ണ്ണമായ അനുഭവലോകം എന്നെ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു. പ്രത്യക്ഷമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും അദൃശ്യമായ ചങ്ങലകളാല്‍ ബന്ധിതയാണെന്ന ബോധം ശക്തമായിത്തുടങ്ങിയപ്പോള്‍ മറ്റു് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആ ജോലി എനിക്കു് ഉപേക്ഷിക്കേണ്ടിവന്നു. ദുരഭിമാനംകൊണ്ടു് ജീവിക്കുവാന്‍ പറ്റില്ലെന്നു് അമ്മ പലവട്ടം ഉപദേശിച്ചെങ്കിലും കോളേജ് ഗേറ്റ് കടക്കുമ്പോള്‍ ഓര്‍മ്മയില്‍ വന്നതു് കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്റ് ഹൈസ്കൂളിലെ എല്‍. പി. ക്ലാസ്സുകളില്‍ എന്റെ അദ്ധ്യാപികയായിരുന്ന സാറാമ്മട്ടീച്ചറുടെ മുഖവും കഥപരച്ചിലിന്റെ ശബ്ദവും ആകാംക്ഷയോടെ കേട്ടിരിക്കുന്ന ഞാനടക്കമുള്ള കുട്ടികളുമാണു്. ചങ്ങലയഴിഞ്ഞു് കാട്ടിലേക്കുപോയ വളര്‍ത്തുനായയുടെ കഥ. കാട്ടില്‍വച്ചു് വളര്‍ത്തുനായ അലഞ്ഞുനടക്കുന്ന മറ്റൊരുനായയുമായി ചങ്ങാത്തത്തിലാകുന്നു. കൊഴുത്തുരുണ്ടിരിക്കുന്ന വളര്‍ത്തുനായയുടെ ഭക്ഷണക്രമത്തിലും ജീവിതസുഖങ്ങളിലും ആകൃഷ്ടനായി കാട്ടുനായ വളര്‍ത്തുനായയോടൊപ്പം നാട്ടിലേക്കു് വരുന്നു. യജമാനന്റെ വീടെത്താറായപ്പോഴാണു് വളര്‍ത്തുനായയുടെ തടിച്ചകഴുത്തില്‍ കനത്തുകിടക്കുന്ന പാടുകള്‍ ചങ്ങലപ്പാടുകളാണെന്നു് കാട്ടിലെ നായ മനസ്സിലാക്കുന്നതു്. ഇറച്ചിയും പാലും മുട്ടയും മറ്റു സുഖങ്ങളുമെല്ലാം ഉപേക്ഷിച്ചു് കാട്ടിലേക്കു തന്നെ തിരിച്ചോടുന്ന കാട്ടുനായയുടെ ചിത്രം മായ്ചാലും മായാതെ മനസ്സില്‍ ശേഷിക്കുന്നു. സ്വകാര്യമാനേജ്‌മെന്റ് കോളേജുകളിലെ അസംഖ്യം ഇന്റര്‍വ്യൂകള്‍ക്കു് ഇരയാകേണ്ടിവരുമ്പോഴും അദ്ധ്യാപകദിനങ്ങളില്‍ അപമാനിതയാകേണ്ടിവരുമ്പോഴും നിഷേധാത്മകമായി പ്രതികരിക്കുമ്പോഴും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ചങ്ങലപ്പാടിന്റെ കഥയാണു് രക്ഷയ്ക്കെത്താറുള്ളതു്. നാം പലപ്പോഴും ആത്മബോധവും സ്വാതന്ത്ര്യചിന്തകളുമില്ലാത്തവരായി മാറുന്നതു് ബാലപാഠങ്ങള്‍ മറക്കുന്നതുകൊണ്ടാണു്. കുട്ടികള്‍ പഠിക്കേണ്ടതു് വീടിനടുത്തുള്ള സ്കൂളില്‍, കഴിയുന്നതും ഗവണ്‍മെന്റ് സ്കൂളിലാകണമെന്നും അച്ഛന്‍ വാശിപിടിച്ചതുകൊണ്ടു് ഓര്‍ക്കാനൊരു ബാല്യവും മത്സരബുദ്ധില്ലാത്ത ബന്ധങ്ങളും സാമാന്യബോധവും കിട്ടി; ഭൗതികമായ ലാഭങ്ങളൊന്നുമില്ലെങ്കിലും.

Subscribe Tharjani |
Submitted by MKD (not verified) on Sat, 2010-01-09 11:12.

Even such isolated voices of reason from the commodity market of education is heartening.

Submitted by Ramesh Nair (not verified) on Tue, 2010-02-09 12:33.

Strong & fluent language with thickly flavoured theme. Keep it up.
Ramesh Nair, Nileshwar
Abu Dhabi.