തര്‍ജ്ജനി

സുനില്‍ കെ. ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ജീവിതം

ആധിപരമ്പരകള്‍ക്ക് ശേഷം തിരികെ

'ഡോക്ടര്‍ പാര്‍ണസൂസ്' എന്ന പുതിയ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയത് അതിന്റെ ചിത്രീകരണവേളയില്‍ വിധി നടത്തിയ ചില കളികളാലായിരുന്നു. ഷൂട്ടിങ്ങ് പല കാരണങ്ങളാല്‍ നീളുകയും, പ്രധാന നടന്‍ മരിക്കുകയും, ഒരു ഹിറ്റ് എങ്ങനെയെങ്കിലും കണക്ക് കൂട്ടിയ സംവിധായകന്‍ ടെറി ഗില്യംസ് വാഹനാപകടത്തിനിടെ നടുവൊടിയുകയും ചെയ്തത് ചിത്രത്തിന്, കുപ്രശസ്തിയാണെങ്കിലും, വന്‍പബ്ലിസിറ്റി കൊടുത്തു. സിനിമാദൈവങ്ങള്‍ കോപിച്ച ഒരു മലയാളി കാമറാമാന്‍ പാര്‍ണസൂസ് രാശിയില്‍ നിന്നും കരകയറി കുവൈറ്റില്‍ ജീവിച്ചിരിപ്പുണ്ട്. ഇരുള്‍ കവര്‍ന്ന ആറു മാസങ്ങള്‍ക്കിടയില്‍ അയാള്‍ അനുഭവിച്ചു തീര്‍ത്തത് അറം പറ്റുന്ന പരീക്ഷണങ്ങളായിരുന്നു. ജോലി നഷ്ടപ്പെടുക, കുടുംബത്തിലേക്ക് ശേഷം വരുമാനം കൊണ്ടു വന്നിരുന്നയാള്‍ക്ക് രോഗം പിടിപെടുക, ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലേക്കയക്കേണ്ടി വരിക, ആറ്റുനോറ്റുണ്ടായ കുഞ്ഞ് മരിക്കുക, ജോലി ചെയ്തിരുന്ന കമ്പനിയുമായി കേസ് തര്‍ക്കങ്ങളില്‍ പെടുക, ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപ 'കരാമ' അടക്കുക, കാമറാ ജോലിസംബന്ധമായി ഇന്ത്യന്‍ എംബസ്സിയില്‍ പോകെ പൊലീസ് പിടിക്കുക, പുതിയ 'ഇക്കാമ' അടിച്ചിട്ടില്ലാത്തതിനാല്‍ ലോക്കപ്പില്‍ കഴിയുക, ഈദ് അവധി മൂലം ലോക്കപ്പ് വാസം നീളുക, അങ്ങനെ ആ കണ്ടകശ്ശനി ഒരു അപഹാര സീരിയല്‍ പോലെ നീളുന്നതിനിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട വയറുവേദന 'ഗ്യാസ് ട്രബ്‌ള്‍' ആയി കരുതി വഹിച്ചു കാമറക്കാരന്‍. സഹനത്തിന്‍റെ മൂന്നാം ദിവസം വന്‍കുടല്‍ അല്പം മുറിച്ചു മാറ്റേണ്ട മേജര്‍ ശസ്ത്രക്രിയയിലേക്കും കാര്യങ്ങള്‍ നീങ്ങി. 'ഫീനിക്സ് പക്ഷി'യുടെ ക്ലീഷേയേക്കാള്‍ 'വീരഗാഥ'യിലെ ചന്തുവിന്റെ ജീവിതം പിന്നേയും ബാക്കി എന്ന ഡയലോഗ് ഇഷ്ടപ്പെട്ട് സന്ദര്‍ശകരോടും തമാശയായി പറഞ്ഞിരുന്ന കഥാനായകന്‍ ഇപ്പോള്‍ പക്ഷേ‍ ഉഷാറാണ്. കാമറ പൊടി തട്ടിയെടുത്തു; ഷൂട്ട് ചെയ്യുന്നു; എഡിറ്റ് ചെയ്യുന്നു; അത് എത്തേണ്ടിടത്ത് എത്തിക്കുന്നു.

വിനോദ് വി നായര്‍ എന്നാണ്, ഗതികേടുകളുടെ പൊടി തട്ടി തിരികെ സാധാരണ ജീവിതത്തിലേക്ക് സ്വയം പറിച്ചു നട്ട കാമറാമാന്റെ പേര്. ഒരു സ്വകാര്യ മലയാള ചാനലിന്റെ ഫ്രാന്‍ചൈസി എടുത്തതിനാല്‍ ദിവസേന വാര്‍ത്തകളും ചിത്രങ്ങളും അയക്കുക എന്ന ശ്രമകരമായ ജോലിക്ക് ഇടക്ക് ഭംഗം വന്നല്ലോ എന്ന് മാത്രമായിരുന്നു ലോക്കപ്പ്-ആശുപത്രി വാസങ്ങളില്‍ ആ ചെറുപ്പക്കാരന്റെ സങ്കടം.

മുഴുനീളമായും കുവൈറ്റില്‍ നിര്‍മ്മിച്ച 'പുനര്‍ജ്ജനി' എന്ന ടെലിഫിലിം വിനോദിന്റെ കൂടി പങ്കാളിത്തത്തിലായിരുന്നു സാക്ഷാത്കൃതമായത്. കലാകാരനെന്ന പരിഗണന ഡോക്ടര്‍മാരും നഴ്സ്മാരും നിര്‍ലോഭം തന്നുവെന്ന് വിനോദ് പറയുന്നു. "ജീവിതത്തെ അത്ര ഗൌരവമായി എടുക്കാഞ്ഞതിനാലായിരിക്കാം ഈ എടാകൂടങ്ങള്‍ എനിക്ക് വന്നു പെട്ടതെന്ന് കൂട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ അതേ സമീപനമാണ്, പഴയ പടിയിലേക്ക് തിരിച്ചു വരാന്‍ എന്നെ സഹായിച്ചതും". ലോക്കപ്പ് വാസത്തില്‍ 'എന്നേക്കാള്‍ ഭാഗ്യം കെട്ടവരുടെ' കൂടെ പൊറുക്കാനായതാണ്, സ്വന്തം തെറ്റുകള്‍ പൊറുക്കാനായത് എന്ന് വിനോദിന്റെ കുമ്പസാരം . "എനിക്ക് മൊബൈല്‍ ഫോണുണ്ടായിരുന്നു. ടൂത്ത് പേസ്റ്റും സോപ്പും തോര്‍ത്തും ഇല്ലാത്തവരായിരുന്നു കൂടുതലും".

സ്വന്തമായി ചില്ലി 'ഫില്‍സ്' ഇല്ലാത്ത ദരിദ്രകാലത്തായിരുന്നു ഒരു ലക്ഷം രൂപ ഫൈന്‍ അടക്കാനായത്. മലയാളിയുടെ സഹജാവബോധമായ 'ചാരിറ്റി' അല്ല അവിടെ പ്രവര്‍ത്തിച്ചത്. നമ്മുടെയിടയില്‍ ഒരു കലാകരാന്‍ കഷ്ടപ്പെടരുത് എന്ന ജാഗ്രത്തായ മനുഷ്യസ്നേഹമായിരുന്നു മരുന്നായത്. തിരിച്ചു കിട്ടിയ ജീവിതത്തിന്, 28 വയസ്സിലേ എന്തൊക്കെ അനുഭവിച്ചു, തിരിച്ചു കൊടുക്കേണ്ടതുണ്ട് എന്ന നന്ദിയാലാണോ വിനോദ് പുകവലി ഉപേക്ഷിച്ചു. പുതുവര്‍ഷത്തിലേക്ക് ജീവിതത്തിലെ ആദ്യത്തെ അത്തരം 'റെസൊലൂഷന്‍'.

'പാര്‍ണസൂസ്' റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആ ചിത്രം മറ്റൊരു ദയനീയ പരാജയമാണെന്നാണ്. പാര്‍ണസൂസ് രാശി അതിജീവിച്ച വിനോദിന്റെ നവവര്‍ഷത്തിന്, ഇനി പുതുവെളിച്ചത്തിന്‍റെ ഫ്ലാഷുകള്‍ മാത്രം.

Subscribe Tharjani |