തര്‍ജ്ജനി

പരിഭാഷ : പ്രേംകുമാര്‍ കെ.പി

റീഡ്സ്,
ഇടപ്പാള്‍
പിന്‍ : 679576
ഇമെയില്‍ ‍: premkumarkp@gmail.com

Visit Home Page ...

കഥ

അങ്ങനെ...ലോകമങ്ങ്‌ മാറിപ്പോയി

പാക്കിസ്ഥാനി എഴുത്തുകാരി സാബിന്‍ ജാവേരി ജില്ലാനിയുടെ കഥ

പഴയ കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ ഒരു കാര്‍ ഓടിച്ചുപോവുക എന്നു വെച്ചാല്‍ അത്ര എളുപ്പമൊന്നുമല്ല. ആ പെരുത്ത വണ്ടി സൂത്രത്തില്‍ ഒടിച്ചെടുക്കെ, ബോബി മാമന്റെ നെറ്റിയൊക്കെ ഇങ്ങനെ വിയര്‍ത്തു വരുന്നുണ്ടായിരുന്നു. ഇഷ്ടിക പാകിയ വഴിയോരത്തുകൂടി പരിചയമില്ലാത്തൊരു സാധനം ഇങ്ങനെ നിരങ്ങി നീങ്ങുന്നത്‌ കണ്ട്‌ രസംപിടിച്ച വഴിപോക്കരൊക്കെ വല്ലാത്തൊരാകാംക്ഷയോടെ വാ പൊളിച്ചു നില്ക്കുല്‍ക്കുമ്പോഴും മൂപ്പര്‍ ആ വലിയ സ്റ്റിയറിങ്ങിന്റെ മുകളില്‍ കിടന്ന്‌ കെട്ടി മറിയുകയായിരുന്നു. സ്വതവേ കുള്ളനായ ആള്‍ കാറിന്റെ ഉള്ളിലായപ്പൊ ഒന്നുടെ ചെറുതായ പോലെയായി. അവരൊക്കെ ഇതുവരെ സിനിമാഹാളിനുള്ളില്‍ മാത്രം കണ്ടിട്ടുള്ളൊരു മാതിരി വണ്ടിയായിരുന്നത്‌. സാധാരണ ഒരു കഴുതവണ്ടി, വല്ലപ്പോഴും ആഘോഷങ്ങള്‍ക്കെങ്ങാന്‍ ഒരു ടാക്സി - ഇത്രയുമൊക്കെയേ ആ തെരുവുകളെ അനുഗ്രഹിക്കാറുള്ളൂ. ഇപ്പോഴിതാ തുടുത്ത്‌ വെട്ടിത്തിളങ്ങുന്ന,ശരിക്കുമുള്ളൊരു കാര്‍ അയലത്തെ വഴിയിലൂടെയിങ്ങനെ.... ആകാംക്ഷയുടെ കാര്യം മാത്രമല്ല ഒരാവേശം തന്നെയാണത്‌.

പടിഞ്ഞാറിന്റെ ലക്ഷണംകെട്ട ഒരു കണ്ടുപിടുത്തത്തെ അവരുടെ മഹലില്‍ നിന്നും ആട്ടിപ്പായിക്കാന്‍ ചിലരൊക്കെ അതിന്റെ നേരെ കൂക്കിവിളിച്ചു. മറ്റുചിലര്‍ ബോണറ്റില്‍ തട്ടി ഉച്ചത്തിലാര്‍ത്തു :
പോരട്ടെ പോരട്ടെ, ഇടത്തോട്ട്‌ പോരട്ടെ
ലേശം ബേക്കോട്ട്‌
ഓ മതി, മതി
ആ പോസ്റ്റ്‌ നോക്ക്‌ , പോസ്റ്റ്‌
പയ്യന്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കെ, ഉള്ളൊന്ന്‌ കാണാന്‍ പിള്ളേര്‍ തുള്ളിച്ചാടി.
എന്താണീ ബഹളം എന്നറിയാന്‍ ബോബിമാമന്റെ അഞ്ചു വയസ്സായ മരുമകന്‍ മുന്ന പുറത്തേക്കോടിയെത്തി. ഈ പള പളാ മിന്നുന്ന കാര്‍ സ്വന്തം മാമയുടെതാണെന്നറിഞ്ഞൊരാവേശത്തില്‍ തുറന്നുവെച്ച ഒരു മാന്‍ഹോളിനകത്തേക്ക്‌ അവന്‍ വഴുതി വീണില്ലെന്നേയുള്ളൂ. അകത്തേക്ക്‌ തിരിച്ചോടിയ മുന്ന അവനാലാവുന്നത്ര ഉച്ചത്തില്‍ എല്ലാവരോടും വിളിച്ചു പറഞ്ഞു - കാതുപൊട്ടിയ വല്യുമ്മയോടും കുഞ്ഞുവാവയോടും അടുത്ത അയല്‍ക്കാരോടും. പിന്നെ, അടുക്കളയില്‍ അന്തിക്കഞ്ഞി ഒരുക്കുന്ന ഉമ്മയോടുമൊക്കെ. ഒരു കാര്‍, ശരിക്കും ഒരു കാര്‍, ബോബിമാമ അതോടിച്ചു വരുന്നത്‌ ഞാന്‍ കണ്ടതാ.

സത്യം! നിയ്യ്‌ പിന്നേം ബഡായി പറയാ? മുന്നാ...? അധികസമയവും അവന്റെ വീട്ടില്‍ ചെലവാക്കുന്ന അയലത്തെ പത്തുവയസ്സുകാരി മുനീറ കളിയാക്കി.

നേരാ നിന്റെ ബാപ്പാന്റെ ഖബറാണേ സത്യം. അവര്‍ക്ക്‌ ശരിക്കും ജീവനുള്ളൊരു കാറുതന്നെ.

ഡാ, സെയ്ത്താന്റെ മോനേ!? അവള്‍ അലറി. നിന്നോട്‌ ഞാന്‍ എത്ര വട്ടം പറഞ്ഞിട്ടുണ്ട്‌ അങ്ങിനെ പറയല്ലാന്ന്‌ അള്ളാന്റെ ദയ കൊണ്ട്‌ എന്റെ വാപ്പാ ജീവനോടെ ഉണ്ടെഡോ

എന്തിനാ അവനോട്‌ അലറുന്നേ നീ. മുന്നയുടെ ഉമ്മ അവന്റെ രക്ഷയ്ക്കെത്തി.

നോക്ക്‌ താത്ത, എന്നെ പ്രാന്താക്കാന്‍ അവന്‍ അറിഞ്ഞോണ്ട്‌ ചെയ്യണതാ. ജീവനോടുള്ള എന്റെ ഉപ്പാനെ മയ്യത്താക്കുന്നെ

സാരല്ലെഡോ. അങ്ങാടീലെ ചെക്കന്മാരുടെ അടുത്തന്ന്‌ പഠിക്കുന്നതാ ഇതൊക്കെ. അവര്‍ ആശ്വസിപ്പിച്ചു.

മുന്നാ ബഹളം ഉണ്ടാക്കാണ്ട്‌ പുറത്തുപോയി കളിച്ചാട്ടെ?. അവനെ അവര്‍ ഓടിച്ചുവിട്ടു.

പുറത്ത്‌ ബോബിമാമ അപ്പോഴും സ്വന്തം കോണ്ടസ കൊണ്ട്‌ പെടാപ്പാട്‌ പെടുകയായിരുന്നു. ആ പഴയ നഗരത്തിലെ കുടുസ്സു വഴിക്കുരുക്കുകളില്‍ ഒരു കോണ്ടസ ഓടിച്ചെടുക്കുക തമാശക്കാര്യമൊന്നുമല്ലല്ലൊ. "അദ്യുദയകാംക്ഷി"കളൊക്കെ സൈഡില്‍ തൂങ്ങിപ്പിടിച്ച്‌ നിര്‍ദ്ദേശം നല്കെ ബോബിമാമ തലയും പകുതി വെളിയിലിട്ടിങ്ങനെ - പെട്ടന്ന്‌ ഒന്നു മുന്നോട്ടാഞ്ഞ്‌, ഒന്നു നീട്ടി മുരണ്ട്‌ കാര്‍ ഒരൊറ്റ നില്പ്. ഒരു വഴിയോരക്കച്ചവടക്കാരന്റെ സാമാനങ്ങളൊക്കെ തട്ടിത്തെറിച്ചു വീഴെ അയാള്‍ സ്റ്റിയറിങ്ങില്‍ മുക്കിടിച്ച്‌ മുന്നോട്ട്‌ വീണു. പാവം എന്തോ പ്രാകുന്നുണ്ടായിരുന്നു; വണ്ടി നിന്നുപോയ അമ്പരപ്പില്‍ അയാള്‍ അത്‌ കേട്ടതൊന്നുമില്ല. ചമ്മല്‍ അഡ്ജസ്റ്റ്‌ ചെയ്യാന്‍ വേണ്ടി ബോബിമാമ ഉടന്‍ തന്നെ ഒരു കാച്ചങ്ങുകാച്ചി: ഈ പരിസരത്ത്‌ കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ഇതായതുകൊണ്ട്‌ അവിടെ നിര്‍ത്തിയതാണെന്ന്‌. ഹാജിനുമ്മയുടെ വീട്ടിലേക്കുള്ള വഴിമുടക്കിയെന്നതോ ആ പോക്കറ്റ്‌ റോഡ്‌ ബ്ലോക്ക്‌ ആക്കി എന്നതോ അയാള്‍ക്ക്‌ വിഷയമായിരുന്നില്ല. അയാള്‍ കാറിന്റെ ഹോണ്‍ അമര്‍ത്തിമുഴക്കെ, മുന്നയുടെ ഹിന്ദു അയല്‍ക്കാരി ലക്ഷ്മി, വണ്ടിക്ക്‌ കണ്ണേറ്‌ കൊള്ളാതിരിക്കാന്‍ പൂപ്പാലികയും കൈയിലേന്തി പുറത്തേക്ക്‌ തിടുക്കപ്പെട്ടു. കാതുകേട്ടുകൂടാത്ത ആ ജൂതവാദകനും വെള്ളെഴുത്തുവന്ന പാര്‍സി അമ്മാവനും അവരുടെ ഇറയത്തേക്കിറങ്ങി; തങ്ങളുടെ അയല്‍പക്കത്തെ പുത്തന്‍കാഴ്ച ഒന്നു നേരില്‍ കാണാന്‍. തന്റെ ആങ്ങള ആരാ പുള്ളി എന്ന മട്ടില്‍ കണ്ടവരോടൊക്കെ തട്ടിവിടാതിരിക്കാന്‍ കഴിഞ്ഞില്ല, ആ കാറു കണ്ടപ്പൊള്‍, മുന്നയുടെ ഉമ്മക്ക്‌ . ആങ്ങളയെയും കാറിനെയും പറ്റി പറയാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ വായടയക്കില്ല. ഇതു മുഴുവന്‍ സഹിക്കേണ്ടത്‌ പാവം മുന്നയുടെ ഉപ്പയും. വല്ലപ്പോഴും നടത്തുന്ന ഒരു ബസ്‌ യാത്രയ്ക്കിക്കിടയിലാണ്‌ ഡയലോഗ്‌ തുടങ്ങിയതെങ്കില്‍ പറയുകയും വേണ്ട.

കാര്‍ ഗംഭീരം തന്നെയാ - ആ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലിവിടെ. അത്‌ സ്റ്റാര്‍ട്ടാവില്ല എന്നുള്ളതൊന്നും അവര്‍ക്ക്‌ കാര്യമല്ല. ചിലപ്പൊഴെങ്ങാന്‍ അതൊന്നു ചുമയ്ക്കും, മുരളും. പക്ഷെ ഓടൂല്ല. അതിനകത്ത്‌ ആ മെലിഞ്ഞ റേഡിയോ ഉണ്ടായിരുന്നത്‌ ഭാഗ്യം; മുന്നയും ഉമ്മയും കുടി പരിപാടിയിട്ട കടപ്പുറത്തുകൂടെയുള്ള ആ കറക്കത്തിനു പകരം ഒരു കാര്യമുണ്ടായി. എല്ലാ ശനിയാഴ്ചയും ഉമ്മയും മറ്റു പെണ്ണുങ്ങളും കൂടി കാറിനകത്തുകയറി ആകാശവാണി തുറന്നുവെക്കും. എന്നിട്ട്‌ സിനിമാതാരങ്ങളെപ്പറ്റിയുള്ള ഗോസിപ്പുകളും പിന്നെ ഇസ്ലാമികഭരണകൂടം നിരോധിച്ച "കൂടെപ്പാടാം" സിനിമാഗാനപരിപാടിയും ഒക്കെ കേട്ടുകൊണ്ടിരിക്കും. ദുപ്പട്ടകളൊക്കെ പുതച്ച്‌, വാതിലുകളൊക്കെ പുറത്തേക്ക്‌ ഉന്തിവീര്‍ത്ത്‌, ഒഴുകിവരുന്ന പാട്ടുകള്‍ക്കൊത്ത്‌ ഇളകിയാടുന്ന ഈ സംഭവം കണ്ടാല്‍ പുറമെനിന്നുള്ള ഒരാള്‍ ഒന്നു ഞ്ഞെട്ടുക തന്നെ ചെയ്യും. പെണ്ണുങ്ങള്‍ ആഴ്ചയിലൊരിക്കലാണ്‌ ഒത്തുകൂടിയതെങ്കില്‍ ഇവിടുത്തെ ആണുങ്ങളൊക്കെ എന്നും രാത്രിയില്‍ ഇതിനടുത്ത്‌ വട്ടംകൂടുമായിരുന്നു. കൃത്യം ഒമ്പതു മണിയായാല്‍ എല്ലാവരും ഹാജര്‍; ബോബിമാമന്‍ വിദേശവാര്‍ത്ത ട്യുണ്‍ ചെയ്യും. പീ.പീ.പീ..... ദിസ്‌ ഈസ്‌ ബി.ബി.സി.ലണ്ടന്‍. അനൗണ്‍സറുടെ ശബ്ദം ധൃതിപിടിക്കും. യു ആര്‍ ലിസണിങ്ങ്‌ ടു മുഹമ്മദ്‌ ഷാഫി വിത്ത്‌ ദ ന്യൂസ്‌ ഇന്‍ ഉര്‍ദു. ലോകത്തെമ്പാടും നടക്കുന്ന കാര്യങ്ങളറിയാന്‍ അവര്‍ കാതുകൂര്‍പ്പിക്കെ ആ മഹലിനുമീതെ മൗനം താഴ്‌ന്നിറങ്ങും.

ടെലിവിഷന്‍ കറാച്ചിയിലേക്ക്‌ എത്തിനോക്കുന്നതിനും മുമ്പ്‌, റേഡിയോ തന്നെ ആഢ്യന്‍മാരുടെ ഒരലങ്കാരമായിരുന്ന കാലമായിരുന്നു അത്‌. രാത്രിയിലെ വാര്‍ത്തകളോടുള്ള ഈ ആര്‍ത്തി നാട്ടില്‍ നിലവിലുണ്ടായിരുന്ന മാദ്ധ്യമനിയന്ത്രണങ്ങള്‍ കാരണമായിരുന്നു താനും. വാര്‍ത്തകള്‍ സ്വയം എഡിറ്റ്‌ ചെയ്തിരുന്ന പട്ടാളഭരണത്തിന്‍ കീഴിലാണ്‌ അന്ന്‌ രാജ്യം. കൊടിയ വേനലിലൊരു നാള്‍ ഒന്നു മഴ പെയ്താല്‍ കൊള്ളാമെന്ന്‌ പ്രസിഡന്റിന്‌ തോന്നി എന്നിരിക്കട്ടെ ; അന്ന്‌ രാത്രി തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ കേള്‍ക്കാം, പാക്കിസ്ഥാന്‍ റേഡിയോവില്‍ മഴ വാര്‍ത്തകള്‍! വരണ്ടുണങ്ങുന്ന തൊണ്ടകള്‍, വരളുന്ന ദേഹങ്ങള്‍, നാട്ടുകാരൊക്കെ ആ ഏകാധിപനെ പേരെടുത്ത്‌ പ്രാകി തവിട്ട്‌ പത്രങ്ങള്‍ പോലുള്ള മറ്റ്‌ വാര്‍ത്താ സ്രോതസുകള്‍ തേടി. പക്ഷെ എല്ലാവര്‍ക്കും വായിക്കാന്‍ കഴിയില്ലല്ലൊ. അവിടുത്തെക്കാണ്‌ ബോബിമാമയുടെ റേഡിയോവിന്റെ വരവ്‌. ഈ വട്ടമിട്ടിരിക്കല്‍ അയാള്‍ക്ക്‌ ഒരിഷ്ടമായിരൂന്നു; "മെഹ്ഫില്" എന്നാണ്‌ മൂപ്പര്‍ അതിനെ വിളിച്ചിരുന്നതും. കല്യാണം കഴിച്ചിട്ടില്ല ; കുടുംബം എന്നു പറയാന്‍ ആകെയുള്ളത്‌ ഈ പെങ്ങള് ‍; സഭകൂടാന്‍ എന്താ പാട് ‌! താനിങ്ങനെ ഡ്രൈവിങ്‌ സീറ്റിലിരുന്നിട്ടുള്ള ഈ പാതിരാസഭകള്‍ അങ്ങോര്‍ക്ക്‌ അത്യാവശ്യത്തിന്‌ ഒരഭിമാനവുമായിരുന്നു. നേരത്തെ തന്നെ സ്ഥലംപിടിക്കാന്‍, സമയത്തിന്‌ കുളിച്ചൊരുങ്ങി അത്താഴവും കഴിഞ്ഞ്‌ കഞ്ഞിപ്പശമുക്കിയ വെളുവെളുത്ത കുര്‍ത്തയുമിട്ട്‌ ആണുങ്ങളെല്ലാം കാറിനടുത്തെത്തും. ലക്ഷ്മിയുടെ അച്ഛന്‍ ഈയിടെ നേരത്തെ തന്നെ കടയടയ്ക്കും; എന്നിട്ട്‌ ടൈറ്റ്‌ ജീന്‍സുമിട്ട്‌ സിനിമക്കാരെപ്പോലെ ഒരുങ്ങിയിറങ്ങുന്ന മകനെയും കുടെക്കൂട്ടി ഒരു വരവാണ്‌! റോഡില്‍ നില്ക്കാനാവാത്തതുകൊണ്ടാവാം വീട്ടില്‍ നിന്നു തന്നെ കസേരയുമെടുത്താണ്‌ ആ പാര്‍സി അമ്മാവന്റെ പുറപ്പാട്‌. സ്വന്തമായി റേഡിയോ ഉണ്ടായിട്ടും ധാര്‍ഷ്ട്യക്കാരിയായ ഭാര്യ മുനീസയില്‍ നിന്നു രക്ഷപ്പെടാനാണ്‌ മൂപ്പരുടെ ഈ സര്‍ക്കീട്ട്‌ എന്ന്‌ അയല്‍ക്കാരികളൊക്കെ കുശുമ്പു പറഞ്ഞു.

ഉപ്പയുടെ വിരലില്‍തൂങ്ങി മുന്നയും വരും പതിവായി. വേണ്ടാതെ കലപില കൂട്ടുന്ന പിള്ളാരെ അവിടെ നില്ക്കാന്‍ വിടാറില്ല , സാധാരണ. ബോബിമാമയുടെ മരുമകനാണെന്ന പരിഗണനയില്‍ അവന്‍ വാര്‍ത്ത മുഴുവന്‍ കേട്ടിരിക്കും; മാമയുടെ മടിയില്‍ ഉറക്കത്തിലേക്ക്‌ വഴുതിവീഴുംവരേക്കും. അനൗണ്‍സറുടെ ശബ്ദം സുഖദമായി തോന്നി അവന്‌. ആ നിക്സണ്‍ എന്താണ്‌ പറഞ്ഞതെന്നോ, ഗാസയില്‍ എത്ര പേര്‍ മരിച്ചുവീണുവെന്നോ മനസ്സിലാവാന്‍ മാത്രം അവന്‌ മൂപ്പെത്തിയിരുന്നില്ല; എന്നാലും മഹ്പാറ എന്ന ആ വാര്‍ത്ത വായനക്കാരിയുടെ മധുരശബ്ദം സ്വപ്നങ്ങളുടെ അജ്ഞാത- വിദൂരസ്ഥലികളിലേക്ക്‌ അവനെ വഹിച്ചുകൊണ്ടുപോകുമായിരുന്നു. അവനുറപ്പായിരുന്നു ഈ അമേരിക്കയും അയര്‍ലണ്ടുമൊക്കെ സത്യത്തില്‍ ഇല്ലാത്തതാണെന്ന് ‌; പ്രായത്തില്‍ മൂത്ത മുനീറ ഇതൊക്കെ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിരുന്നു താനും. അവള്‍ സ്കുളിലൊന്നും പോയിട്ടേയില്ല; അവളൊരു പെണ്‍കുട്ടിയല്ലെ? പോരാത്തതിന്‌ രണ്ട്‌ ഇക്കാക്കമാരുമുണ്ടവള്‍ക്ക്‌ ; അവരെയല്ലെ അതിനൊക്കെ പറഞ്ഞുവിടേണ്ടത്‌! പ്രതിഷേധിക്കാന്‍ നോക്കിയപ്പൊള്‍ ഉമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്‌ - ഇതിനൊക്കെ പകരമായിട്ട്‌ ഒരുനാള്‍ ഗംഭീരമായി അവളുടെ കല്യാണം നടത്തുമെന്ന്‌. സ്കൂളില്‍ പഠിച്ചില്ലേലും മുനീറ സ്മാര്‍ട്ടായിരുന്നു; എല്ലാ പ്രവാചകന്മാരുടെയും പേരുകള്‍, സ്തുതിവചനങ്ങള്‍...മന:പാഠമായിരുന്നു അവള്‍ക്ക്‌. എട്ടുമണിക്കൂമുമ്പേ അടുക്കളപ്പണികളില്‍ നിന്ന്‌ ഉമ്മ വിട്ടയക്കുന്ന ചില രാത്രികളില്‍, പിന്നാമ്പുറത്തെ മതിലിനടുത്തേക്ക്‌ ഒളിഞ്ഞുനിന്ന്‌ അവളും കാതുകൊടുക്കാറുണ്ട്‌, കാര്‍ റേഡിയോവിന്‌. അടുത്ത ദിവസം, കിട്ടിയ വിവരം മുഴുവന്‍ മുന്നയുടെ മുന്നില്‍ വിളമ്പി അവളൊന്ന്‌ ഞെളിയും. "ആരാണ്‌ ഈ അഴുക്കുചാലിന്റെ അടപ്പുകളൊക്കെ എടുത്തുമാറ്റിയത്‌ എന്ന്‌ നിനക്കറിയോ" . മുന്ന നിഷേധഭാവത്തില്‍ തലയാട്ടുമ്പോള്‍ അവള്‍ ആധികാരികസ്വരത്തില്‍ പറയും: "അമേരിക്ക. നട്ടപ്പാതിരയ്ക്ക്‌ വന്നിട്ട്‌ അടപ്പുകളൊക്കെ എടുത്തോണ്ട്‌ പോവുകയാ, നമ്മളൊക്കെ സൂക്കേട്‌ വന്ന്‌ പുഴുക്കളെപ്പോലെ ചത്തു വീഴുന്നതു കാണാന് ‍"
"അയ്യേ! അമേരിക്ക, അമേരിക്ക എന്നു വെച്ചാല്‍ ഒരാളല്ല ; അതൊരു രാജ്യാണെന്നാ ബോബിമാമ പറഞ്ഞെ". മുന്ന തര്‍ക്കിക്കും. "പോടാ ചെക്കാ". മുനീറ ഒരൊറ്റ ഓട്ടം വെച്ചുകൊടുക്കും. കിത്താബ്‌ ഓതിക്കൊടുക്കുന്ന ഉസ്താദിന്റെ ഉപദേശം കേള്‍ക്കുന്ന മുനീറയുടെ വിശ്വാസം അമേരിക്കയാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്നാണെങ്കില്‍ രാത്രിയിലെ റേഡിയോ കേള്‍വിക്കാരുടെ ധാരണയില്‍ ഇന്ത്യയാണ്‌ അവരുടെ സകല ദുരിതങ്ങള്‍ക്കും ഹേതു. കുറ്റംകണ്ടെത്തലുകളുടെ കഥകള്‍ വാര്‍ത്താ ബുള്ളറ്റിനിലെ പതിവ്‌ വിഭവമായിരുന്നു; അധികസമയവും അനര്‍ത്ഥങ്ങളുടെ നിമിത്തം അടുത്ത അയല്‍ക്കാരനും പക്ഷെ, ഈയടുത്തായി കാറിനടുത്തുള്ള കുടിച്ചേരലുകള്‍ക്ക്‌ വല്ലാത്തൊരു ഘനംവെച്ചപോലെ. ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കെ, അന്തരീക്ഷമാക്കെ വിഹ്വലമാവുന്നു.എട്ടുമണിക്കു തന്നെ അവിടെത്തുന്ന ആള്‍ക്കാരൊക്കെ വാര്‍ത്തയ്ക്ക് ശേഷവും അവിടെ ചുറ്റിപ്പറ്റി നില്ക്കും; കാര്യങ്ങളിങ്ങനെ കുശുകുശുത്തുകൊണ്ട്‌.

അസഹിഷ്ണുത വല്ലാതെ പെരുകുന്നുണ്ട്‌. ലക്ഷ്മി ഇപ്പോള്‍ മുന്നയുടെ വീട്ടില്‍ വരാറില്ല ; മകന്‍ ഗോപാല്‍ രാത്രി വാര്‍ത്തകള്‍ കേള്‍ക്കാനും. കടപ്പുറത്തെ ഏതോ അമ്പലം, ചില മതാന്ധന്‍മാര്‍ ചുട്ടെരിച്ചു എന്നൊരു വാര്‍ത്തയും പടര്‍ന്നു. പള്ളിയില്‍ പോവാത്ത മാമമാരൊന്നും ആ രാത്രിക്ക്‌ ശേഷം പുറത്തിറങ്ങിയില്ല. അതിനടുത്ത നാള്‍, അതിര്‍ത്തിക്കടുത്ത പാക്കിസ്ഥാനി ഗ്രാമവാസികളെ ഇന്ത്യന്‍ പട്ടാളം വെടിവെച്ചുകൊന്നു എന്ന്‌ ആ വാര്‍ത്താവതാരക മൊഴിഞ്ഞപ്പോള്‍ ഒരു കാര്യം മുന്നയുടെ ശ്രദ്ധയില്‍ പെട്ടു; ഹിന്ദുക്കളും കൃസ്ത്യാനികളുമായ തന്റെ കൂട്ടുകാരൊന്നും തന്നെ കളിക്കാന്‍ വന്നിട്ടില്ല. ഇതെല്ലാം മനസ്സിലാവാന്‍ മാത്രം മൂപ്പെത്തിയിരുന്നില്ല മുന്നയ്ക്ക്‌. എന്നാലും അയല്‍വാസികളെയും കുട്ടുകാരെയും കാണാഞ്ഞ്‌ അവന്‌ സങ്കടം വരുന്നുണ്ടായിരുന്നു. എല്ലാവരെയും ഒരുമിപ്പിച്ചു നിര്‍ത്തിയിരുന്ന ആ കാര്‍ റേഡിയോ തന്നെ ഇന്ന്‌ അവര്‍ക്കിടയില്‍ അതിരറ്റ അകലങ്ങള്‍ തീര്‍ക്കുന്നപോലെ. മുനീറപോലും ഒന്ന്‌ ഉള്‍വലിഞ്ഞപോലെ. എല്ലാറ്റിനും അമേരിക്കയെ കുറ്റം പറയുന്ന ശീലം അവള്‍ മതിയാക്കിയിരിക്കുന്നു. പകരം, എണ്ണത്തില്‍ കുറഞ്ഞ മറ്റു വിശ്വാസക്കാരെയാ അവളിപ്പൊ ഉന്നംവെക്കുന്നത്‌ :
"ഇതൊക്കെ ആ ലക്ഷ്മീനെക്കൊണ്ട് കിട്ടീതാ" അവള്‍ വിശദീകരിക്കും: "നിനക്കറിയോ, ഇന്ത്യക്ക്‌ വേണ്ടി ചാരപ്പണിയെടുക്ക്വാ അവള്‌. നമ്മളൊക്കെ, സൂക്കേട്‌ വന്ന്‌ പുഴുക്കളെപ്പോലെ ചത്തുവീഴാന്‍വേണ്ടി, അഴുക്കുചാലിന്റെ അടപ്പൊക്കെ കട്ടുകൊണ്ട്‌ പോവുന്നതിന്‌ അവള്‍ക്ക്‌ നല്ല പൈസേം കിട്ടുന്നുണ്ടാവും".

തല തോളില്‍ ഞാത്തിയിട്ട്‌ മുന്ന എല്ലാം കേട്ടുകൊണ്ടിരുന്നു. വീട്ടിന്റെ മുന്നിലൂടെ എപ്പോള്‍ പോയാലും ഹല്‍വയും ലഡുവുമൊക്കെതരുന്ന, തടിച്ച്‌ തുടുത്ത ലക്ഷ്മി അവരുടെ ശത്രു ആവുന്നത്‌ അവനങ്ങ്‌ വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ മുനീറ പറഞ്ഞതായിരുന്നു സത്യം. നെറ്റിയില്‍ കടും നിറത്തില്‍ സിന്ദൂരമൊക്കെ തൊട്ട്‌, കണ്ടാല്‍ ഒന്നെടുത്തു കളിക്കാന്‍ തോന്നുന്ന കുഞ്ഞുപാവകളെയൊക്കെ പൂജിക്കുന്ന ലക്ഷ്മി, മഹല്ലിലെ മറ്റ്‌ പെണ്ണുങ്ങളില്‍ നിന്നൊക്കെ വേറിട്ടു നിന്നിരുന്നു. അവര്‍ വേറെ തന്നെയാ - ആഭയും കൂട്ടുകാരുമൊക്കെ ന്യൂനപക്ഷം എന്ന്‌ പേരിട്ടു വിളിക്കുന്ന മറ്റു പലരെയും പോലെ. എന്നിട്ടും, മുന്നയ്ക്ക്‌ അവരെയൊന്നും വെറുക്കാന്‍ പറ്റിയിരുന്നില്ല. വെള്ളക്കാര്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി, കുരിശുപള്ളികളും അമ്പലങ്ങളുമൊക്കെ ചുട്ടെരിക്കുന്ന തത്തമ്മപ്പച്ചത്തലപ്പാവുകാരെയാണ്‌ വെറുക്കാനെളുപ്പം. പക്ഷെ, അന്ന്‌ മുന്ന ചെറിയ കുട്ടിയാ. ആരെ നിന്ദിക്കണം, ആരെ വന്ദിക്കണം എന്നു തിരിച്ചറിയാന്‍ മാത്രം മൂപ്പത്തിയിരുന്നില്ല അവന്‌. പക്ഷെ കുഞ്ഞുമനസ്സിനുള്ളില്‍ ഒരു കാര്യം അവനുറപ്പായിരുന്നു - വരാനിരിക്കുന്ന നാളുകളില്‍, അദൃശ്യമായ അതിര്‍രേഖകളുടെയും അനുല്ലംഘ്യമായ മതില്‍ക്കെട്ടുകളുടെയും ബലത്തില്‍ ഇന്നാട്ടുകാരെല്ലാം മൊഹാജിര്‍ എന്നും മാസി എന്നും സിന്ധി എന്നുമൊക്കെ വിഭജിക്കപ്പെടുമ്പോള്‍, വൈജാത്യമെന്നാല്‍ വിരോധമെന്ന്‌ അര്‍ത്ഥം നല്കിയിട്ടില്ലായിരുന്ന, കടല്‍ക്കരയിലെ പട്ടണത്തിലെ പഴയ മഹല്ല്‌ തന്നില്‍ ഏറെ നഷ്ടബോധമുണ്ടാക്കുമെന്ന്‌.

Subscribe Tharjani |