തര്‍ജ്ജനി

കഥ

ജീവിതം പഠിപ്പിച്ച പാഠങ്ങള്‍

സമര്‍പ്പണം
ഈ കത്തുമായി വരുന്ന കുട്ടിക്ക്‌ ഒരു കാരണവശാലും "മുട്ടായി" കൊടുക്കരുത്‌ എന്ന് എന്റെ മൂന്നുവയസുകാരന്‍ മോന്‌ അവന്റെ ആഗ്രഹത്തിന്‌ വിരുദ്ധമായി കത്തെഴുതിക്കൊടുത്ത്‌ അവനെ രണ്ടില്‍ കൂടുതല്‍ തവണ കടയിലേക്കോടിച്ച്‌ ചിരിച്ചു രസിച്ച ഭാര്യയോട്‌ കെറുവിക്കാന്‍ തോന്നാത്ത സ്വന്തം നിസ്സംഗതയ്ക്ക്‌.

ഒന്ന്‌

മുറ്റത്തെ വെയില്‍ ചവിട്ടിത്തള്ളി കുഞ്ഞക്കന്‍ കയറി വരുമ്പോള്‍, അയാള്‍ ഉമ്മറക്കോലായിലെ ചാരുകസേരയില്‍ പ്രപഞ്ചത്തിന്റെ ആദിമരൂപങ്ങളെപ്പറ്റിയുള്ള ചിന്തയില്‍ പാതി മയക്കത്തിലായിരുന്നു. ജഗജിത്‌ സിംഗ്‌ മൃദുവായി പാടുന്നു.

ആ കടലാസുതോണിയും മഴത്തുള്ളികളും എനിക്ക്‌ തിരിച്ചു തരൂ കാലമേ......

സംഗീതത്തിന്റെ മാന്ത്രികസ്പര്‍ശം സമ്മാനിച്ച കൊച്ചു തൂവലുകളോടുകൂടിയ ചിറകില്‍ അയാള്‍ പതുക്കെ ഉയരുകയായിരുന്നു. അപ്പോള്‍ കുഞ്ഞക്കന്‍ തോളിലിട്ട മുണ്ടെടുത്തു കുടഞ്ഞു ഭവ്യതയോടെ നിന്നു. ഉരുക്കുപോലെ ഉറച്ച ശരീരത്തെ വിയര്‍പ്പുചാലുകള്‍
കഴുകിക്കൊണ്ടിരുന്നു.

അയാളുടെ കുടുംബം പാരമ്പര്യമായി ഞങ്ങളുടെ ജോലിക്കാരായിരുന്നു. പുരയിടത്തിലും വയലിലും മലയിലും വെയിലിലും മഴയിലും കന്നുകാലികളുടെ ഇടയിലും ഒക്കെ അവര്‍ ജീവിച്ചു. അതൊക്കെ അവരുടേതുകൂടിയായിരുന്നല്ലോ ആ ബന്ധങ്ങളൊന്നും ഇന്നു നില നില്‍ക്കുന്നില്ല.

"പൊന്നുടയതേ...." എന്ന കുഞ്ഞക്കന്റെ വിളികേട്ട്‌ അയാള്‍ ഭൂതകാലത്തില്‍ നിന്നും പ്രപഞ്ചത്തിന്റെ അതിരുകളില്‍ നിന്നും അടര്‍ന്നു കസേരയിലേയ്ക്കു വീണു. കുഞ്ഞക്കനെ അയാള്‍ ആദ്യമായി കാണുന്നപോലെ നോക്കി.

illustration

"ഉം..."
ചിന്തകളില്‍ നിന്നടര്‍ത്തിയെടുത്തതിന്റെ നീരസം ആ മൂളലിലുണ്ടായിരുന്നു.
"പൊന്നുടയതേ .. തള്ളരുത്‌. ഇയ്ക്കൊരു നൂറുറുപ്പ്യ കിട്ട്യാ നന്നായിനും"
"ഉറുപ്പ്യേക്ക്‌ ത്ടുക്കംണ്ടാവുമ്പാണല്ലോ എന്നെങ്ങാട്ട്‌ കാണ്‌ന്നത്‌"
"ഓക്ക്‌ തീരെ സൊകംല്ല രണ്ട്‌ തലേം തൊറന്ന പോല്യാ"
"ഒരുറുപ്യല്ല"
"അങ്ങനെ പറേര്‌ത്‌"
"എങ്ങനെ പറഞ്ഞാലാ പൈസണ്ടാവ്വാ കുഞ്ഞക്കാ"

ഇത്‌ അയാള്‍ക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു. സഹതാപത്തോടെയുള്ള ഒരു മറുപടി അയാള്‍ അര്‍ഹിച്ചിരുന്നു. കുഞ്ഞക്കന്‍ പിന്നെ ഒന്നും ചോദിച്ചില്ല. തിരിച്ചു തീവെയിലിലേക്കിറങ്ങി ആടി ആടി പടി കടക്കുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി. തന്റെ
നിസ്സഹായാവസ്ഥയില്‍ സഹായിക്കാത്ത സുഹൃത്തിനു നേരെ ദയനീയമായിരുന്നു ആ നോട്ടം.

"വൈന്നേരായ്യ്യോക്കട്ടേ നിന്റെ മോളെ ഇങ്ങോട്ട്‌ പറഞ്ഞ്‌ വിട്‌"
കുഞ്ഞക്കന്‍ വെടി കൊണ്ടപോത്തിനെപ്പോലെ തിരിഞ്ഞു നിന്നു. പണം കിട്ടിയാലും ഇല്ലെങ്കിലും ഒരു നല്ല മറുപടി അയാള്‍ പ്രതീക്ഷിച്ചിരുന്നതിനാല്‍ ആ വാചകം വേറെന്തോ ആയി അയാളുടെ അന്തസ്സിന്റെ മണ്ഡലങ്ങളില്‍ എവിടെയോ വീണ്‌ പൊള്ളിച്ചിരിക്കണം.

"മോളെ പറഞ്ഞേച്ചിട്ട്‌ പൈസാണ്ടാക്കാനാണേ ഞാനെന്തിനാ ഏമാനേ ഇക്കുന്നെറങ്ങ്‌ന്നത്‌ ആടക്കുത്തിരിഞ്ഞാപ്പോരേ"
അയാളെ നരകത്തിനെ ഏതോകോണിലേക്കു വലിച്ചെറിഞ്ഞു കുഞ്ഞക്കന്‍ ഭൂമികുലുക്കിക്കൊണ്ട്‌ നടന്നകന്നു. വാതിലുകളും ജനലുകളും കുലുങ്ങുന്നപോലെ തോന്നി. കുഞ്ഞക്കന്‍ പറയാതെ വിട്ട പലതും അയാളുടെ മനസ്സില്‍ നിന്നു തന്റെ ബോധത്തിലേക്ക്‌ തറഞ്ഞു കയറുന്നതയാളറിഞ്ഞു.

അയാള്‍ക്കു ചിന്തകളെ പിന്നീടു സ്വന്തം ഇച്ഛക്കനുസരിച്ച്‌ ചലിപ്പിക്കാനായില്ല. വാക്കുകളുടെ മാരകമായ ശക്തിയില്‍ അയാള്‍ക്ക്‌ ബോധക്കേടുണ്ടായി. ഇതവനല്ല. ചെറുപ്പത്തില്‍ ഗര്‍ഭിണികളായ മയില്‍പ്പീലികള്‍ക്ക്‌ തനിക്കൊപ്പം കാവല്‍ നിന്ന
കുഞ്ഞക്കനല്ല. അവന്‌ ഇത്ര ക്രൂരമായി വാക്കുകളുപയോഗിക്കാനറിയില്ല. ഈ തിരിച്ചറിവുണ്ടായപ്പോള്‍ അയാള്‍ അയാളുടെ ഉള്ളിലേക്കിറങ്ങിച്ചെന്നു. പുറത്തുള്ള വിശാലതയുടെ അത്രയും ആഴമുള്ള അകത്തെ പ്രപഞ്ചത്തിലെ ഇരുട്ടില്‍ അയാള്‍ കുഞ്ഞക്കനോട്‌ നീതികാണിക്കാത്ത തന്റെ ദുഷ്ടപാതിയെ തിരഞ്ഞുകൊണ്ടിരുന്നു. അവരുടെ വിയര്‍പ്പിന്റെ പുളിരസം ഇന്നും ഞങ്ങളുടെ സിരകളിലുണ്ടല്ലോ. തന്റെ വാക്കുകളില്‍ കുഞ്ഞക്കന്‍ കണക്കു കൂട്ടിയെടുത്ത ഉത്തരങ്ങള്‍ കൂടി അടങ്ങിയിരുന്നുവോ?
വെയിലിന്റെ ദ്യുതി മുറ്റത്തെ ചരലില്‍ തട്ടി അയാളുടെ മുഖത്തു പതിച്ചുകൊണ്ടിരുന്നു. ചരല്‍ക്കല്ലില്‍ ആ പാദങ്ങള്‍ തൊട്ടപ്പോള്‍ അവയ്ക്കു വേദനിച്ചു. വെയില്‍ ശരീരത്തില്‍ തട്ടിത്തെറിച്ചു പോയി.

രണ്ട്‌

നഗരത്തിലെ നിശകള്‍ക്ക്‌ ഗന്ധവും ലഹരിയുമുണ്ട്‌. അത്‌ പൂത്തുലഞ്ഞു നില്‍ക്കുന്ന പാരിജാതങ്ങളാല്‍ അലംകൃതമായിരുന്നു. ഉന്മത്തനായി കഴിഞ്ഞ രാത്രിയില്‍ പ്രപഞ്ചത്തിന്റെ ആദികാരണങ്ങള്‍ തേടി ലോഡ്ജിലെ ഒരു മുറിയില്‍ കൊട്ടിയപ്പോള്‍ കതകു
തുറന്നതൊരു പെണ്‍കുട്ടിയാരിരുന്നു. സത്യത്തില്‍ ആ വാതിലില്‍ ആടിയാടി വീഴുകയായിരുന്നു. അവളും ആരെയെങ്കിലും പ്രതീക്ഷിച്ചു നില്‍ക്കുകയാവണം. അകത്തു വെളിച്ചമുണ്ടായിരുന്നില്ല. ജാലകത്തിലൂടെ അരിച്ചെത്തുന്ന പ്രകാശത്തിനാവട്ടെ അവളുടെ
മുഖം വ്യക്തമാക്കിത്തരുവാനുള്ള തീവ്രതയുണ്ടായിരുന്നില്ല. എങ്കിലും അവളുടെ ശരീരവടിവുകള്‍ ഒരു ചിത്രത്തിലെന്നപോലെ ദൃശ്യവുമായിരുന്നു. അവള്‍ എന്തെങ്കിലും പറയുന്നതിനു മുമ്പായി ക്ഷമാപണം നടത്തുന്നതു നന്നായിരിക്കും എന്നു തോന്നിയതിനാല്‍
ഇങ്ങനെ പറഞ്ഞു.

"ക്ഷമിക്കണം ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്നു കരുതിയതല്ല"
"സാരമില്ല ഈ ബുദ്ധിമുട്ടുകള്‍ ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു."
"നിങ്ങള്‍ മറ്റാരെയെങ്കിലും കാത്തിരിക്കുകയായിരുന്നെങ്കില്‍.."
അതിനുമറുപടിയായി അവള്‍ ചെറിയ ശബ്ദത്തില്‍ ചിരിച്ചു കളഞ്ഞു.
"ഈ കാണുന്ന പദാര്‍ത്ഥങ്ങളിലേക്ക്‌ പ്രപഞ്ചം വികസിക്കാനുള്ള മൂലകാരണം തേടിയാണ്‌ ഞാന്‍ വന്നത്‌"
"അതു ഫിസിക്സല്ലേ"
"ആവാം"
"അറിഞ്ഞേ മതിയാവൂ ഇന്നുണ്ടോ?"
"തീര്‍ച്ചയായും"
"അകത്തേക്കുവരൂ കാണിച്ചുതരാം"
"ഈ ഇരുട്ടത്തോ"
"അതെ"
അവള്‍ കതകു കുറ്റിയിട്ടു
"സൃഷ്ടി തുടങ്ങുമ്പോള്‍ എങ്ങും അന്ധകാരമായിരുന്നു. കട്ടപിടിച്ച ഇരുട്ടില്‍ കാര്യങ്ങള്‍ തൊട്ടറിയാനേ പറ്റൂ. ഇതാ ഇതുപോലെ"
അവള്‍ കൈക്കുപിടിച്ചു.
"ഈ സ്നിഗ്ദ്ധതയിലൂടെ വിരലുകളോടിച്ചു ആദികാരണം വരെ നമുക്ക്‌ പോകാവുന്നതേയുള്ളൂ."
"ഇരുട്ടിനെ ഇഷ്ടമാണോ"
"അതെ മിന്നാമിനുങ്ങുകളെ ഒരുകാലത്ത്‌ എനിക്ക്‌ ഇഷ്ടമായിരുന്നു. ചിരിക്കരുത്‌. വെളിച്ചത്തിന്റെ തുള്ളികളെ ഇപ്പോള്‍ എനിക്ക്‌ ഭയമായി തുടങ്ങിയിരിക്കുന്നു".
'എന്താണുപേര്‌"
"ആദി കാരണങ്ങള്‍ക്ക്‌ പേരുണ്ടായിരുന്നില്ല"
"അല്ല നിങ്ങളുടെ"
"എന്തിനാണിത്രയ്ക്കു തിടുക്കപ്പെടുന്നത്‌. നമുക്കെന്തൊക്കെ സംസാരിക്കാനിരിക്കുന്നു വേറെ."

രാത്രി തനിച്ചു കിട്ടുന്ന പെണ്ണിനോട്‌ എന്തൊക്കെയാണ്‌ സംസാരിക്കേണ്ടതെന്നയാള്‍ക്കൊരു ധാരണയുമുണ്ടായിരുന്നില്ല കുറച്ചുനേരത്തേക്ക്‌ സംസാരിക്കാതിരിക്കുന്നത്‌ നന്നായിരിക്കുമെന്ന് അയാള്‍ കരുതി. മൌനവും പഴക്കമേറുമ്പോള്‍ മടുക്കുമല്ലോ. അങ്ങനെയിരിക്കേ അയാള്‍ക്ക്‌ ഒരു കഥകേട്ടാല്‍ കൊള്ളാമെന്നുതോന്നി.

"എങ്കില്‍ ഒരുദിവസത്തേക്ക്‌ എനിക്ക്‌ ഷഹരിയാര്‍ രാജാവാകേണ്ടതുണ്ട്‌ അതിനാല്‍ ഒരു കഥ പറയാമോ?"
"അങ്ങനെ പുരുഷന്റെ അന്തപ്പുരത്തിലൊതുങ്ങിക്കൂടാന്‍ എനിക്കു വയ്യെങ്കിലോ?"
പിടികിട്ടാത്ത എന്തോ ഒരു സ്വഭാവവിശേഷം അവള്‍ക്കുണ്ടെന്ന് അയാളൂഹിച്ചു.
ശബ്ദവ്യത്യാസവും തര്‍ക്കുത്തരവും അതിഥിയെ മുഷിപ്പിച്ചെങ്കിലോ എന്നു തോന്നിയാവണം അവള്‍ ഇങ്ങനെ തുടര്‍ന്നു.
"എന്നാലും ആര്‍ക്കും ഒരു കഥ പറയാനുണ്ടാവുമല്ലോ. അയാള്‍ക്കു മാത്രം പറയാവുന്ന ഒരു കഥ."

"അമ്മ വയറിളക്കം വന്നു മരിക്കുകയായിരുന്നു. അച്ഛന്‍ കുറച്ചുകാലം കൂടി ജീവിച്ചു. പിന്നെ എന്നെ അനാഥയാക്കി. ഈ ധൈര്യം അന്നെനിക്കുണ്ടായിരുന്നെങ്കില്‍ ചിത്രം മാറിയേനെ. ജിജ്ഞാസുക്കളായ പുരുഷന്മാരെ ആദികാരണത്തിന്റെ സ്നിഗ്ദ്ധതകളിലേക്കും
അന്ത്യകാരണത്തിന്റെ മടുപ്പുകളിലേക്കും ആനയിച്ചു ഇന്നു ഞാന്‍ ..."

അവള്‍ കരയുന്നപോലെ തോന്നി.
"ജീവിതത്തില്‍ നിന്ന്‌ ഒന്നും പഠിക്കുന്നില്ലെങ്കില്‍ ജീവിതം ചിലതു പഠിപ്പിച്ചുകളയും ഇല്ലേ സാര്‍?"
"ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ വിട്ടുപോയ പാഠമെന്താണ്‌?"
"പാഠം ഒന്ന്.ചില തീരുമാനങ്ങള്‍ വേണ്ടപ്പോള്‍ എടുക്കാന്‍ തോന്നിയിട്ടില്ലെങ്കില്‍ തോന്നുമ്പോഴേക്കും വേണ്ടപ്പെട്ട പലതും നഷ്ടപ്പെട്ടിരിക്കും.
പാഠം രണ്ട്‌. ചില കാര്യങ്ങള്‍ നമ്മെ നൊമ്പരപ്പെടുത്തിയേക്കാമെങ്കിലും അതു നിഷേധിക്കും മുന്‍പ്‌ അതിലടങ്ങിയിട്ടുള്ള പ്രായോഗിതയെപ്പറ്റി ആലോചിക്കണം സാറെന്നെ വീണ്ടും ഇന്റര്‍വ്യൂ ചെയ്യാന്‍ വരുമല്ലോ ബാക്കി പാഠങ്ങള്‍ അപ്പോള്‍ പഠിക്കാം."

അയാള്‍ അവളുടെ കപോലങ്ങളെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു തലോടി
"ആരാണു നീ?"
"എന്നിട്ടും സാറിനെന്നെ മനസിലായില്ലെ?"
"അല്ലെങ്കില്‍ നിന്നെ മനസിലാക്കാനെന്തിരിക്കുന്നു എന്നാവും. ഞാനൊരു വിഡ്ഢിയാണ്‌. നീ ആരായാലെനിക്കെന്ത്‌? ഇന്നലെ മഗ്ദലനമറിയമായതും അതിനുമുമ്പ്‌ സുമയ്യയായതും ഗൌരിയായതും വിലാസിനിയായതും ഒക്കെ നീതന്നെ ആയിരുന്നല്ലോ അല്ലേ? "
അയാള്‍ അവളെ തന്നിലേക്ക്‌ അടുപ്പിച്ചുനിര്‍ത്തി
"അല്ല സാര്‍ ഞാന്‍ വേറൊരാളാണ്‌ അശ്വതി. മരിച്ചുപോയ കുഞ്ഞക്കന്റെ മോള്‌"
ഒരിക്കല്‍കൂടി അയാള്‍ക്ക്‌ തല ചുറ്റുന്നപോലെ തോന്നി. അയാള്‍ ഭൂതകാലത്തിലൂടെ നീന്തുകയാണ്‌. കാലത്തിന്റെ അതിരുകളില്‍ ഗോളങ്ങളും നക്ഷത്രങ്ങളും ജനിക്കുന്നതും മരിക്കുന്നതും പ്രപഞ്ചത്തിന്റെ വികാസവുമെല്ലാം അയാള്‍ക്ക്‌ അനുഭവവേദ്യമായി.

അപ്പോള്‍ കുഞ്ഞക്കന്‍ കുന്നിറങ്ങി വയല്‍ മുറിച്ചുകടന്നു അയാളുടെ തലച്ചോറിലേക്കു നടന്നു വരുന്നതയാള്‍ കണ്ടു. എന്തോ ചില തീരുമാനങ്ങളെടുത്തപോലെ ആ മുഖം ദൃഢമായിരുന്നു. അകലെ നിന്നെവിടുന്നോ ജഗജിത്‌ സിംഗ്‌ പാടുന്നു.
‘യേ ദോലത്ത്‌ ബി ലേലോ യേ ശുഹ്‌റത്ത്‌ ബി ലേലോ....’

കുഞ്ഞക്കന്‍ കാലുറക്കെച്ചവിട്ടി അധികാരഭാവത്തോടെ കൈനീട്ടി.
"നൂറുറുപ്യണ്ടേല്‌........"
അയാള്‍ നൂറിന്റെ നോട്ടെടുത്ത്‌ ആ കൈകളില്‍ പതുക്കെ വച്ചു കൊടുത്തു. പിന്നെ കൈകാല്‍ കുഴഞ്ഞ്‌ ആ പാദങ്ങളിലേക്ക്‌ വീണു.

സുബൈര്‍, തുഖുബ
Subscribe Tharjani |
Submitted by Dileep (not verified) on Tue, 2006-03-07 11:05.

Good one.

Submitted by mustafa cherpalchery (not verified) on Tue, 2006-03-07 19:12.

Not bad, excellant narration.... I love to read it

Submitted by J.Panackalpurackal (not verified) on Sat, 2006-03-11 21:40.

Highly readable. Touches contemporary reality. Congratulations to Subair Thukba.