തര്‍ജ്ജനി

കഥ

അന്തഃഛിദ്രം

എത്ര നേരമായ് കിടക്കാ‍ന്‍ തുടങ്ങിയിട്ട്? നിശ്ചയമില്ല.

എന്തായാലും ഇത്രയും മതി. ഇനി എഴുന്നേല്‍ക്കാം.

കസേരയുടെ അരികില്‍, മേശയിലെ ഫ്ലാസ്കില്‍ നിന്നും കോപ്പയിലേക്ക് ചായ പകര്‍ന്നെടുത്തു.

നല്ല ചൂടുണ്ട്. പൊങ്ങിയ ആവിയില്‍ തേയിലയുടെ നേരിയ മണം.

അല്ലെങ്കിലും, പാലൊഴിച്ചു കഴിഞ്ഞാല്‍ ചായയുടെ മണത്തിന് പ്രത്യേകതയാണ്.

ചായയിടാന്‍ തന്നെ പഠിപ്പിച്ചത്, അച്ഛനാണ്. ചായ് തിളച്ചു കഴിഞ്ഞ്, വേറൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച ശേഷം, മൂന്ന് തവണയെങ്കിലും അങ്ങോട്ടുമിങ്ങോട്ടും പകരണം -- എങ്കിലേ രുചിയേറൂ...

പിന്നെപ്പിന്നെ താനിടുന്ന ചായയ്ക്ക് പ്രിയമേറി. സ്കൂളില്‍ നിന്നും നേരത്തെയെങ്ങാനും വന്നു പോയാല്‍, ചായയുടെ നേരമാകുമ്പോള്‍‍ അമ്മ പറയുമായിരുന്നു.. “മോനേ, ഇത്തിരി ചായയിടെടാ...?”

നിരസിക്കാന്‍ നോക്കിയാല്‍, “നീയ്യിടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചിയാടാ...” എന്ന വാചകത്തില്‍ താനെപ്പോഴും വീണു പോകുമായിരുന്നു.

ചായയിടുന്നതിനെക്കാള്‍ പ്രഷര്‍ സ്റ്റൌ കത്തിക്കാനും, കൈകാര്യം ചെയ്യാനുമുള്ള കൌതുകമായിരുന്നു അതിനു വഴങ്ങാന്‍ ഏറെ പ്രേരകമായത് എന്നത് സത്യം...

story illustration

വെളിയില്‍ ശൈത്യം തിമിര്‍ക്കുന്നു. ജനാലയിലൂടെ, അങ്ങകലെയുള്ള തെരുവു വിളക്കിന്റെ വെളിച്ചത്തില്,‍ മഞ്ഞു പെയ്യുന്നത് വ്യക്തമായിക്കാണാം. കടുത്ത കാറ്റുമുണ്ട് -- മേപ്പിള്‍ മരത്തിന്റെ ചില്ലകള്‍ ആടിയുലയുന്നു. മഞ്ഞും, കൂടെ കാറ്റും.. പോരേ പൂരം..?

പുറത്തൊരു ലോകം.

ഈ ചുവരുകള്‍ക്കുള്ളില്‍, തണുപ്പടിക്കാത്ത, മഴ നനയാത്ത, വെയിലടിക്കാത്ത സുഖമുള്ള രക്ഷയുടെ ലോകം.
എത്ര നാളുകളായി, താനിതിനകത്ത് എത്തിയിട്ട്?

മങ്ങിയ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട അക്ഷരങ്ങള്‍ പോലെ അയാളുടെ ഓര്‍മ്മ വിങ്ങി നിന്നു.

ഓര്‍ത്തെടുക്കാന്‍ നോക്കിയിട്ടും പറ്റുന്നില്ല. വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, അവ മാഞ്ഞു പോകുന്നു. തനിക്കെത്ര വയസ്സായി, ഇപ്പോള്‍...?

അറിയില്ല.

ങ്ഹും, അത് കണക്ക് കൂട്ടാന്‍ എളുപ്പമാ‍ണ്‌.
കൈയ്യിലിരുന്ന ചായ മേശപ്പുറത്തെ വെച്ചിട്ട്, അയാള്‍ എഴുന്നേറ്റ് മൂലയ്ക്ക് വെച്ചിരുന്ന കടലാസ്സ് വലിച്ചെടുത്തു.
വെളുപ്പും ചുവപ്പും വരകളുള്ള ഒരു പെട്ടി.
അതില്‍ ഒരു പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുറത്തെടുത്തു.
കിട്ടിപ്പോയ്. ജനനത്തീയതി, മാര്‍ച്ച് 19, 1975.

അയാള്‍ക്ക് ചിരി വന്നു. ഇപ്പൊഴത്തെ വര്‍ഷത്തില്‍ നിന്നും 1975 എന്ന സംഖ്യ കുറച്ചാല്‍ വയസ്സു കണ്ട് പിടിക്കാന്‍ തനിക്കും പറ്റും.

ഇതേതാ വര്‍ഷം?

അറിയില്ല. ഓര്‍മ്മയില്ല.

അയാള്‍ക്കരിശം വന്നു.
എത്ര വയസ്സുണ്ടെന്ന് അറിയില്ല, ഇതേതു വര്‍ഷമെന്ന് അറിയില്ല. തന്റെ പേരെന്താണെന്നെങ്കിലും അറിയാമോ?
വലഞ്ഞോ?
അതും ഓര്‍മ്മയില്ല.

കൈയ്യിലിരിക്കുന്ന പ്ലാസ്റ്റിക് കാര്‍ഡില്‍ തന്റെ പേരുണ്ട്, വായിച്ചെടുക്കാന്‍ അയാള്‍ ശ്രമിച്ചു.

ഏതൊക്കെയോ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത്രമാത്രം. പേര് വായിച്ചെടുക്കാന്‍ കഴിയുന്നില്ല.

വീണ്ടും ശ്രമിച്ചു, അക്ഷരങ്ങള്‍ കൂട്ടി തന്റെ പേര് വായിക്കാന്‍.

കഴിയുന്നില്ല.

ഈശ്വരാ, എന്താണെന്റെ പേര്?

“മോനേ, ഇത്തിരി ചായയിടെടാ...?”
അമ്മയുടെ വിളി കാതില്‍ മുഴങ്ങുന്ന പോലെ.
അമ്മയുടെ പേരെന്താ?
അമ്മ, അല്ലാതെന്താ?
“അമ്മേ, എന്റെ പേരെന്താ..?” അയാളുറക്കെ വിളിച്ചു ചോദിച്ചു...
വര്‍ഷങ്ങള്‍ക്കിപ്പുറം, ആ ചോദ്യം ശൂന്യതയില്‍ തെല്ലു നേരം വിങ്ങിനിന്നിട്ട് ഇല്ലാതായി..
“അമ്മേ..?”
“അമ്മോ...?” അയാളലറി.
വാതില്‍ തള്ളിത്തുറന്ന് മെക്സിക്കന്‍ സ്ത്രീയൊരുത്തി കടന്നു വന്നു. അയാളെ പിടിച്ച് കസേരയിലിരുത്തിയിട്ടെന്തോ ശകാരരൂപേണ പറഞ്ഞു:
“ക്വിദാദോ... ക്വിദാദോ..! സിയന്‌തെന്‍സേ പോര്‍ ഫെവോര്‍..!”
അയാള്‍ക്കൊന്നും മനസ്സിലായില്ല.
“എന്റെ പേരെന്തവാ, കൊച്ചേ...?” അയാള്‍ അവളോട് ചോദിച്ചു.
അവളൊന്നും പറയാതെ, മേശയിലിരുന്ന ചായക്കോപ്പയെടുത്ത് അയാളുടെ കൈകളില്‍ പിടിപ്പിച്ചു കൊടുത്തു.
അയാളത് തട്ടി മാറ്റിയിട്ട്, അവളോട് ചോദിച്ചു, “എനിക്കെത്ര വയസ്സായി..? എന്റെ അമ്മ എവിടെപ്പോയി..?”

അത്രയ്ക്കായോ എന്ന് രീതിയില്‍, ആ സ്ത്രീ അരയില്‍ നിന്നും വയര്‍‌ലെസ്സെടുത്ത് അതിലൂടെ എന്തോ പറഞ്ഞു.

അയാള്‍ കിതപ്പു മാറ്റവേ, വീണ്ടും ആരോ അകത്തു വന്നു.

ഇക്കുറിയെത്തിയത് ഇന്ത്യാക്കാരിയൊരുത്തിയാണ്, പൊട്ട് തൊട്ട ഒരു പെണ്‍‌കുട്ടി. അവളുടെ ഹൌസ്‌കോട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു സ്തെസ്ക്കോ‍പ്പ് തല വെളിയിലേക്ക് നീട്ടുന്നുണ്ട്.

ഗുളികയും, പ്ലാസ്റ്റിക് കപ്പില്‍ വെള്ളവുമേന്തി മുഖത്തിനു നേരെ നീണ്ടു വരുന്ന കൈകള്‍.

“അപ്പച്ചാ, സാരമില്ല. ഇതങ്ങോട്ട് കഴിച്ചാട്ടെ...”
ങ്ഹാ.. മലയാളിയാണ്.
അയാള്‍ക്കാശ്വാസം തോന്നി. മലയാളിക്കൊച്ചല്ലേ, ഇതിനോട് ചോദിച്ചു നോക്കാം, എനിക്കെത്ര വയസ്സായെന്നും, എന്റെ പേര് എന്താണെന്നും.

ഗുളികയും പിന്നാലെ വെള്ളവും തീര്‍ത്ത ശേഷം അയാളവളോട് ചോദിക്കാനാഞ്ഞു...

അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങള്‍ മാത്രമെ പുറത്ത് വരുന്നുള്ളൂ....
വീണ്ടും ശ്രമിച്ചു...
നാവ് പൊങ്ങുന്നില്ല. ഒട്ടിപിടിച്ചിരിക്കുന്ന പോലെ...
ദൈവമെ... എന്തിനിങ്ങനെയെന്നെ...?

അല്പ നേരം അറച്ചു നിന്ന ശേഷം, അവരിരുവരും വാതില്‍ ചാരി പുറത്തു കടന്നു. നിറഞ്ഞ കണ്ണ് അയാള്‍ കൈപ്പുറം കൊണ്ട് തുടച്ചിട്ട് കസേരയിലേക്ക് ചാഞ്ഞു. തെല്ലു കഴിഞ്ഞ് താനറിയാതെ അയാള്‍ ചാരിയിരുന്ന് ഉറങ്ങിപ്പോയി.

വെളിയില്‍, അപ്പോഴും മഞ്ഞ് പെയ്തു കൊണ്ടിരിക്കയായിരുന്നു.

ഏവൂരാന്‍
Subscribe Tharjani |
Submitted by കലേഷ് (not verified) on Sun, 2006-03-05 14:54.

സുഖമുള്ള വായന!

Submitted by Su (not verified) on Sun, 2006-03-05 19:45.

കഥ നന്നായിട്ടുണ്ട് ഏവൂ.

Submitted by dRiZzlE MOttambrum (not verified) on Mon, 2006-03-06 11:18.

മനസ്സില്‍ തട്ടുന്ന വിവരണശൈലി...

Submitted by Mustafa cherpalchery (not verified) on Sun, 2006-03-12 18:30.

Good ..indeed

Submitted by Arif (not verified) on Sun, 2006-03-26 16:32.

നന്നായിരിക്കുന്നു....