തര്‍ജ്ജനി

കവിത

വിമാനത്താവളത്തിലെ മൌനമുഹൂര്‍ത്തങ്ങള്‍

പറയാന്‍ വെമ്പിയ വാക്കില്‍
മൌനം ചേക്കേറിയ
വിഹ്വല നിമിഷം
കണ്ണീരിനുപ്പില്‍ പുളഞ്ഞു.

അരുതെന്ന് വിലക്കാനാഞ്ഞ-
മനസ്സ്‌,
നിസ്സഹായതയുടെ
നീര്‍ച്ചുഴിയില്‍ വീണുമറഞ്ഞു.

ഒരു യാത്രയുടെ തുടക്കം,
ഒരു വിരഹകാണ്ഡത്തിന്റെയും.
സ്വപ്നങ്ങള്‍,
കണ്ണീരില്‍ ചാലിച്ചൂട്ടുന്ന-
മരുപ്പച്ചയിലേക്ക്‌
ആകാശയാനമിവിടെത്തുടങ്ങുന്നു....

നിശ്ശബ്ദം മിഴികളാല്‍,
വിട...

illustration

അഴലിന്‍ ശ്യാമതീര്‍ത്ഥങ്ങളില്‍
നീരാടുമീ ഘനമൌന-
മുഹൂര്‍ത്തങ്ങളതി വാചാലമവ,
മറക്കുവാനേ കഴിയില്ലൊരിക്കലും
വൃഥാ നാം ശ്രമിച്ചെന്നിരിക്കിലും....

സുനില്‍ ചിലമ്പിശ്ശേരില്‍
Subscribe Tharjani |