തര്‍ജ്ജനി

കവിത

ദേവി

poem മഴത്തണ്ടുകള്‍ മുറിച്ചാണ്‌
അവള്‍ വരിക
ചെമ്പന്‍ കണ്ണുകളുടെ വേലികളില്‍
മഴയുടെ പൂക്കളുണ്ടാകും
നനഞ്ഞ പൂച്ചക്കുട്ടികള്‍ക്ക്‌
തീ കായണോ
ചോദിക്കാത്തതെന്ത്‌
എന്ന്‌ പരിഭവിച്ച്‌ കെട്ടിപ്പിടിക്കും

ഗാഢാലിംഗനത്തിനിടെ
നാവും പല്ലുകളും
ഖനിത്തൊഴിലാളികളായി
ലോഹവും വെടിയുപ്പും
കല്‍ക്കരിയും
ഉടലില്‍നിന്ന്‌ വേര്‍പ്പെടുത്തും

ഈ തണുപ്പത്ത്‌
ഏത്‌ ഇന്ധനമാണു നിന്നെ
ഇത്രയും ചൂടുപിടിപ്പിക്കുന്നത്‌
എന്ന്‌ ചോദിക്കുവാനാവില്ല

ഇടിവെട്ടുന്നതിന്റെ കമ്പനം
ഉടലാകെ പടര്‍ന്ന്‌
വെളിച്ചപ്പെടുകയായിരിക്കും
അപ്പോള്‍

പൂമരങ്ങള്‍
നെറുക പിളര്‍ന്നു നിന്ന വേനലില്‍
ഒരുനാള്‍ വന്നു
സിഗരറ്റ്‌ കൊളുത്തുംപോലെ
എന്നെ കത്തിച്ചു
തലമുടി പറിച്ചെറിഞ്ഞു
മുഖത്തേയ്ക്കു തുപ്പി
തിരിച്ചുപോയി

ഇനിയും വരുമെന്നറിയാം
തണുക്കുന്നു
എന്നെ പുതപ്പിക്കുകെന്നു പറയുമെന്നും

അപ്പോള്‍ ഞാന്‍
എന്റെ ആത്മാവുകൊണ്ടു പുതപ്പിച്ച്‌
ഊതിയൂതി ജ്വലിപ്പിക്കും

എന്നില്‍നിന്നും ഇത്ര നാള്‍
ഒളിപ്പിച്ചു വച്ച
ജലം വീണ്ടെടുക്കും

ടി.പി.അനില്‍കുമാര്‍
Subscribe Tharjani |