തര്‍ജ്ജനി

കവിത

ഓര്‍മ്മകളുടെ പടിവാതില്‍ക്കല്‍

poem illustration ഈ പടിവാതില്‍ക്കലൊറ്റയ്ക്കുനില്‍പ്പു ഞാന്‍
ഓര്‍മ്മകളോടിയെത്തീടുമീ സന്ധ്യയില്‍.
എന്നോ കൊഴിഞ്ഞതാമായിരം പൂവുകള്‍
സൌരഭം വാര്‍ക്കുമീ അത്ഭുതവേളയില്‍.

ഇന്നെന്റെ കണ്‍ മുന്നില്‍ വീണ്ടുമെത്തുന്നിതാ
പഴയകാലത്തിന്റെ ഉത്സവക്കാഴ്ചകള്‍.
പുല്‍ക്കൊടിത്തുമ്പിലും പുഞ്ചിരികണ്ടൊരാ
ബാല്യകാലത്തിന്റെ അത്ഭുത നാളുകള്‍.

ഈ നടപ്പാതയില്‍ പണ്ടുപണ്ടെത്രയോ
കുഞ്ഞുകാല്‍പ്പാടുകള്‍ വീഴ്ത്തി നടന്നു ഞാന്‍.
ഭാ‍വനയേകിയ തോഴരോടൊപ്പമീ
കൊച്ചുപൂന്തോട്ടത്തിലെത്ര കളിച്ചു ഞാന്‍.

ഒരു കുഞ്ഞുകാറ്റിനെ സംഗീതമാക്കുമീ
പാഴ്‌മുളങ്കൂട്ടത്തെയുള്ളിലറിഞ്ഞു ഞാന്‍.
ഓരോ മഴയിലുമാകെയുണരുന്നൊ-
രീ മണ്‍തരികളെ എത്ര സ്നേഹിച്ചു ഞാന്‍.

ഈ മണ്ണിലാണെന്റെ ആദ്യത്തെയോര്‍മ്മകള്‍
ഈ വന്‍മരങ്ങളാണെന്നുമെന്‍ കൂട്ടുകാര്‍.
ഇവിടെയാണെന്നുമെന്നാത്മാവു വാഴുന്ന-
തെന്നോ പിരിഞ്ഞു ഞാന്‍ പോയിയെന്നാകിലും.

വലിയ ലോകത്തിങ്കല്‍ നിന്നും കവര്‍ന്നതാ-
മൊരുനാളുമായി ഞാന്‍ തിരികെയെത്തീടവേ
ഈയിളം കാറ്റെന്റെ കാതില്‍ വന്നോതുന്നു
വന്നുവല്ലോ ഏറെ വൈകിയാണെങ്കിലും.

ഒരു മഴത്തുള്ളിയില്‍ മഴവില്ലുകാണുവാന്‍,
ഒരു മണല്‍ക്കൂനയെ കൊട്ടാരമാക്കുവാന്‍,
ഒരു മയില്‍പ്പീലിയാല്‍ കണ്ണനായ്‌മാറുവാന്‍,
ഒരു മാത്ര വീണ്ടും കൊതിച്ചുപോകുന്നു ഞാന്‍.

ദുര്‍ഗ്ഗ
Subscribe Tharjani |