തര്‍ജ്ജനി

മുഖമൊഴി

ക്യൂബാ മുകുന്ദനും സൈബര്‍പോലീസും

കേരളത്തിലെ ഒരു പ്രമുഖനേതാവിന്റെ വീടിന്റേതാണു് എന്നു് പറഞ്ഞുകൊണ്ടു് ഒരു ചിത്രം ഇക്കഴിഞ്ഞ നാളുകളില്‍ ഇമെയില്‍ വഴി പ്രചരിച്ചിരുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ അച്ചടിയിലുള്ള വാരികകളും മാസികളും പത്രവും വായിക്കുന്നവരെപ്പോലെയല്ല. അവര്‍ താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ഉള്ളവരാണു്. അത്തരം ആളുകളുടെ മൂല്യസങ്കല്പങ്ങള്‍ പൊതുജനത്തിന്റെ സദാചാരബോധത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്ക്കുന്നതാവും എന്നു് കരുതുക വയ്യ. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്ളവരെല്ലാം അഴിമതിയിലൂടെ പണം സമ്പാദിച്ചവാരായിരിക്കും എന്നെല്ലാമുള്ള ധാരണകളോ സമ്പന്നരോട് അസൂയയോ നെറ്റിസന്മാര്‍ക്കിടയില്‍, പൊതുജനത്തിനിടയില്‍ എന്നതുപോലെ, ഉണ്ടാവാനിടയില്ല. പത്രപംക്തികളിലെ ആരോപണവ്യവസായികളായ രാഷ്ട്രീയക്കാരോട് ആരാധനയോ അവരുടെ കൗശലപ്രയോഗത്തില്‍ കൗതുകമോ പൊതുവെ നെറ്റിസന്മാരില്‍ കുറവാണു്. എന്നിരുന്നാലും വെബ്ബിടത്തില്‍ ജനസാമാന്യത്തിന്റെ അഭിരുചികള്‍ക്കു് പാകത്തിലുള്ളതെല്ലാം സമൃദ്ധമായി ലഭ്യമാണു്. എല്ലാവര്‍ക്കു് വേണ്ടതും ലഭ്യമായ ഒരു പൊതുവിടമായി അതു് വികസിച്ചു കഴിഞ്ഞിട്ടുണ്ടു്. കമ്പ്യൂട്ടര്‍ എന്ന് കേട്ടാല്‍ തന്നെ കലികയറുമായിരുന്ന മലയാളിരാഷ്ട്രീയക്കാര്‍ വരെ ഇന്നു് കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും വിനീതാരാധകരാണു്. സ്വന്തം വെബ് സൈറ്റുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സാന്നിദ്ധ്യവും എല്ലാം മുന്‍കാലകമ്പ്യൂട്ടര്‍വിരോധികളെ സാങ്കേതികതയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ക്യൂബാ മുകുന്ദനെപ്പോലെ ചിലര്‍ പാര്‍ട്ടി നിലപാട് മാറ്റിയെങ്കിലും ഞാന്‍ നിലപാട് മാറ്റിയിട്ടില്ല എന്നു് സ്വന്തം അജ്ഞത മറച്ചുപിടിക്കാന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെയുമില്ല. ഇത്തരം ഒരു ചുറ്റുപാടിലാണു് ഇടതുപക്ഷത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടിയുടെ നേതാവിന്റേതാണു് എന്നു് പറഞ്ഞുകൊണ്ടു് ഒരു ചിത്രം ഇമെയില്‍ വഴി പ്രചരിച്ചതും അതിനെക്കുറിച്ചു് പോലീസ് അന്വേഷണവും കേസും ഉണ്ടായതു്.

സൈബര്‍നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്നു് കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ഉപയോക്താക്കള്‍ നമ്മുടെ നാട്ടില്‍ കുറവാണു്. അവരില്‍ ഏറെപ്പേരും ആ നിയമം എന്തെന്നുപോലും അറിയാത്തവരാണു്. അറിഞ്ഞിരുന്നുവെങ്കില്‍ കടുത്ത എതിര്‍പ്പും വിമര്‍ശനവും ക്ഷണിച്ചുവരുത്തേണ്ടതായിരുന്നു ഇന്ത്യന്‍ സൈബര്‍നിയമം. പ്രസ്തുതനിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണു് നേതാവിന്റെ വീടിന്റേതാണു് എന്നു പറയപ്പെടുന്ന ചിത്രം ഫോര്‍വേര്‍ഡ് ചെയ്ത രണ്ടുപേര്‍ കുറ്റവാളികളായി പിടിക്കപ്പെട്ടതു്. പ്രസ്തുത മെയില്‍ കിട്ടിയ ഒരാള്‍ അതു് ബന്ധപ്പെട്ടവരെ അറിയിക്കുകയും നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസിലെ സെബര്‍സെല്ലിലെ വിദഗ്ദ്ധര്‍ മെയിലയച്ചവരില്‍ രണ്ടു പേരെ കണ്ടെത്തി പിടികൂടുകയും ചെയ്തു. എവിടെ നിന്നോ ഉത്ഭവിച്ചു് പലരിലൂടെ കടന്നു പോന്നു് പതിനായിരക്കണക്കിനു് ഇന്‍ബോക്‌സുകളില്‍ ചെന്നെത്തിയ മെയിലിന്റെ ഉപജ്ഞാതാക്കളാണോ പിടിയിലായതു് ? ബള്‍ക്ക് മെയിലായി വാസ്തവവിരുദ്ധമായ ഒരു വിവരം പ്രചരിപ്പിക്കുന്നതിലെ ധാര്‍മ്മികത ആലോചിക്കേണ്ട വിഷയം തന്നെ. അതേ സമയം ഇമെയില്‍ സ്വകാര്യ ആശയവിനിമയമോ അതോ പൊതുപ്രസിദ്ധീകരണമോ എന്നതും ആലോചിക്കേണ്ടതാണു്. രാജ്യസുരക്ഷയോ സാമുദായികസൗഹാര്‍ദ്ദമോ തകര്‍ക്കുന്ന ഇത്തരം മെയിലുകള്‍ സ്വകാര്യതയുടെ പരിരക്ഷനല്കി സംരക്ഷിക്കപ്പെടേണ്ടതാണു് എന്നു് ആരും വാദിക്കില്ല. എന്നാല്‍, നമ്മുടെ നാട്ടിലെ രാഷ്ട്രീയപ്രവര്‍ത്തനം രാഷ്ട്രീയത്തില്‍ നിന്നും മാറി വ്യക്തിപൂജയും വ്യക്ത്യവഹേളവുമൊക്കെയായി മാറിക്കഴിഞ്ഞ ഈ കാലഘട്ടത്തില്‍ പരക്കെ പ്രചരിപ്പിക്കപ്പെടുന്ന പലതരം കഥകളില്‍ ഒന്നുമാത്രം എന്നു കരുതാവുന്ന ഒരു മെയില്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതു് എന്തുകൊണ്ടാണു് ?

തങ്ങള്‍ക്കുനേരെ ഉന്നയിക്കപ്പെടുകയും നിയമനടപടി വരെ എത്തുകയും ചെയ്ത കാര്യങ്ങള്‍ പോലും രാഷ്ട്രീയമായാണു് നേരിടുക എന്നു പറയുന്നവര്‍ ഇവിടെ സൈബര്‍പോലീസിന്റെ സേവനം തേടുന്നതെന്താണു് ? സൈബര്‍നിയമത്തിലെ ഇപ്പോഴത്തെ വ്യവസ്ഥകള്‍ കര്‍ക്കശമായി പാലിക്കപ്പെടേണ്ടതാണു് എന്ന രാഷ്ട്രീയനിലപാട് അതിനു് പിന്നിലുണ്ടോ ? ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്ന നടപടികള്‍ തികച്ചും വൈകാരികമായിരിക്കുമെന്നു് കരുതാവുന്നതല്ലല്ലോ. തീര്‍ച്ചയായും അതിനു പിന്നില്‍ രാഷ്ട്രീയമായ ഒരു കാഴ്ചപ്പാടും അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും ഉണ്ടാകും. വീടിനെ സംബന്ധിച്ച ഒരു അപവാദമാണു് ഇവിടെ സൈബര്‍പോലീസ് കൈകാര്യം ചെയ്യുന്നതു്. അപവാദങ്ങള്‍ പൊതുവേദിയിലും പത്രപംക്തികളിലും നിയമസഭയിലും ആകുമ്പോള്‍ കുറ്റകൃത്യമായി കൈകാര്യം ചെയ്യാത്തവര്‍ സൈബര്‍ലോകത്തില്‍ വേറൊരു ന്യായം കൈക്കൊള്ളുന്നതു് എന്തുകൊണ്ടാവാം. പിണറായി വിജയന്‍ എന്ന നേതാവിനെതിരെ സംഘടിതമായി ആക്രമണം നടക്കുന്നുവെന്നും അതു് പാര്‍ട്ടിയെ നശിപ്പിക്കാനാണെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നതു് അവഗണിക്കുന്നില്ല. അതിലെ സത്യവും യുക്തിയും ചര്‍ച്ചചെയ്യുവാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ഒരു വാരിക തന്നെ ഈ കാര്യപരിപാടിയുമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ടു്. അതിലെ ഓരോ അക്ഷരവും ഇങ്ങനെ കോടതിയിലും പോലീസിലും കൊണ്ടുപോകാവുന്നതാണു്. അങ്ങനെ പോയാല്‍ ഗുണം കുറേ വക്കീലുമാര്‍ക്കായിരിക്കും.

പൊതുജീവിതത്തിലുള്ള വ്യക്തികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുന്നതിനേക്കാള്‍ ഞങ്ങള്‍ ആലോചിക്കുന്നതു് വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടതും ആപല്കരമായ വ്യവസ്ഥകള്‍ ഒഴിവാക്കേണ്ടതുമായ ഒരു നിയമം വിവേകശൂന്യമായി ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചാണു്. വെബ്ബിലെ സ്വകാര്യ ഇടമാണോ പൊതുസ്ഥലമാണോ മെയിലുകള്‍ എന്നതാണു് അതിലൊന്നു്. മെയിലുകളുടെ സ്വകാര്യത പരിരക്ഷിക്കപ്പെടേണ്ടതല്ലേ? രാജ്യതാല്പര്യത്തിനും പൊതുതാല്പര്യത്തിനും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാനുള്ള ഒരു വ്യവസ്ഥ വ്യക്തിപരമായ താല്പര്യസംരക്ഷണത്തിനായി ദുരുപയോഗം ചെയ്യാമോ? അങ്ങനെ വന്നാല്‍ എതിരാളികളുടെ മെയില്‍ സന്ദേശങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ചോര്‍ത്തുകയും പിന്തുടരുകയും ചെയ്യുന്നതിനെ എതിര്‍ക്കാനാവുമോ? അങ്ങനെ ആരെങ്കിലും ചെയ്യുമെങ്കില്‍ അതിനോട് യോജിക്കുമോ, യോജിക്കാനാവുമോ?

സൈബര്‍പോലീസ് കുറ്റവാളിയെ തെരഞ്ഞുപിടിക്കുന്നതിനിടയില്‍ എതിര്‍കക്ഷിയുടെ നേതാക്കളിലൊരാള്‍ പത്രസമ്മേളനം നടത്തി പിണറായി വിജയന്റെ വീടിന്റെ ചിത്രം പ്രസിദ്ധീകരിക്കണമെന്നു് ആവശ്യപ്പെടുകയുണ്ടായി. അതോടെ അവസാനിക്കാവുന്ന പ്രശ്നം മാത്രമല്ലേ ഇതെന്നു് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? ക്യൂബാ മുകുന്ദന്‍ നിലപാട് മാറ്റിയിരിക്കില്ല. പക്ഷെ പാര്‍ട്ടിയും നാട്ടുകാരും നിലപാട് മാറ്റിയിട്ടും സൈബര്‍വിഷയങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതാണു് എന്നു് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയസംഘടന കരുതുന്നില്ലെങ്കില്‍ അതു് ആ സംഘടനയുടെ മാത്രം പ്രശ്നമല്ല, രാഷ്ട്രീയത്തിന്റെ തന്നെ പ്രശ്നമാണു്.

Subscribe Tharjani |
Submitted by Calicocentric (not verified) on Mon, 2010-04-05 07:22.

ആരാണീ ക്യൂബാമുകുന്ദന്‍? നാവാമുകുന്ദനെപ്പോലെ? അതോ വല്ല ചെറ്റക്കവിയോ (പു ക സ)?