തര്‍ജ്ജനി

യാത്ര

ഉത്തരകാശി - ഒന്നു്

ഹിമാലയയാത്രയെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഡെറാഡൂണില്‍ വരണമെന്നും സിം‌ലയും സാറന്‍പൂരും കുരുക്ഷേത്രയുമെല്ലാം കൊണ്ടുപോയി കാണിക്കാമെന്നും പൂനം പറഞ്ഞിരുന്നു. നാം ചെല്ലുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പൂനം പോയതും. കഴിയുമെങ്കില്‍ നമുക്ക് പോകണം. അവരോടൊത്തിരിക്കാന്‍ അല്പം പ്രയാസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ നല്ല രസം തോന്നുന്നു. എത്രതരം മനുഷ്യരാണ്. നമ്മുടെ സങ്കല്പത്തില്‍ പോലും വരാത്ത യാഥാര്‍ത്ഥ്യങ്ങള്‍ ഈ ലോകത്തുണ്ടെന്ന് ബോദ്ധ്യമാകുന്നു.

ഡെറാഡൂണില്‍ നിന്നും ഹൃഷികേശിലേക്കുള്ള വണ്ടിയിലിരുന്ന് ഗായത്രി പറഞ്ഞുകൊണ്ടേയിരുന്നു. ഹൃഷികേശില്‍ താമസിക്കാതെ നേരെ ഉത്തരകാശിയിലേക്കു ഞങ്ങള്‍ യാത്രയായി. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ബസ്സ് അനേകം മലകള്‍ ചുറ്റി ആടിയുലഞ്ഞു് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ജീവിതം നമ്മെ ഏതേതു വഴികളിലൂടെയൊക്കെയാണ് കൊണ്ടു പോകുന്നതു് എന്ന ചിന്ത ഉള്ളില്‍ ഒരാശ്ചര്യമായി നിറയുകയായിരുന്നു.

‘ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്ന പോലെപോം’ എന്ന ആശാന്റെ വരികള്‍ എത്ര സത്യമാണ്. നാളെ, എന്തിന് അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതറിയാനാവാത്ത വിധം നിഗൂഢമായ ജീവിതം. പുഴയിലൂടെ ഒഴുകിനീങ്ങുന്ന പൊങ്ങുതടി പോലെയാണ് ജീവിതമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഒരു മുസ്ലീം കുടുംബത്തില്‍ വന്നുപിറന്ന ഞാന്‍ എങ്ങനെയാണ്, എന്തിനാണ് ഗുരു നിത്യയുടെ അടുത്തെത്തിയത്? ഗുരുകുലത്തില്‍ അന്തേവാസിയായത്? മതത്തിന്റെ ഇത്തിരി വട്ടത്തില്‍ തത്തമ്മേ പൂച്ച പൂച്ച എന്നു പറഞ്ഞു കഴിയുന്നതില്‍ മറ്റാരേക്കാളും അഭിമാനം കൊണ്ടിരുന്ന എന്നില്‍ എപ്പോഴാണ് അതിരുകളില്ലാത്ത ലോകത്തില്‍ വിഹരിക്കാനുള്ള മോഹം ജനിച്ചത്? നാം ജനിച്ചു വളര്‍ന്ന അന്തരീക്ഷവും കുഞ്ഞുനാളില്‍ കേട്ടു പ� ിച്ച കാര്യങ്ങളുമാണ് നമ്മുടെ ഭാവിയെ നിര്‍ണ്ണയിക്കുക എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഏതെങ്കിലുമൊരു പള്ളിയില്‍ മുല്ലാക്കയായി ഇസ്ലാം മതവിശ്വാസികളല്ലാത്തവരെയെല്ലാം കാഫിറെന്ന് എണ്ണി, നാളെ നരകത്തിലേക്കെത്തേണ്ട അവരെയോര്‍ത്ത് സഹതപിച്ച് കഴിയേണ്ടവനായിരുന്നു ഞാന്‍. ഇസ്ലാം മതത്തെയും വിശുദ്ധ ഖുര്‍‌ആനെയും അത്രയ്ക്കും സങ്കുചിതമായാണ് ഞങ്ങളെ പരിചയപ്പെടുത്തിയിരുന്നതു്. എന്നിലേക്കു് ഉപനിഷത്തുക്കളും ബൈബിളും നാരാണഗുരുവും ബുദ്ധനും ഒക്കെ എങ്ങനെയാണ് കയറി വന്നത്? ഋഷിസാന്നിദ്ധ്യമറിഞ്ഞ ഹിമാലയത്തിലേക്ക് കൂപ്പുകൈയുമായി യാത്ര ചെയ്യാനുള്ള ഭക്തി എവിടുന്നു വന്നു? ഇങ്ങനെയുള്ള കാക്കത്തൊള്ളായിരം ചോദ്യങ്ങള്‍ക്കൊക്കെ മനുഷ്യബുദ്ധിക്ക് അനേകം ഉത്തരങ്ങള്‍ പറയാനുണ്ടെങ്കിലും അതൊക്കെ കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം പോലെ നിരര്‍ത്ഥകമായിരിക്കുകയേയുള്ളൂ. ആകെ പറയാവുന്നത് അജ്ഞാതം! അജ്ഞാതം! എന്നു മാത്രമാണ്. പ്രപഞ്ചനാഥനായ ആശ്ചര്യത്തിന്റെ നിശ്ചയങ്ങള്‍ നിഗൂഢങ്ങളാണ്. മനുഷ്യമേധയ്ക്ക് ഒരിക്കലും പ്രാപിക്കാനാവാത്ത കൈലാസങ്ങളില്‍ അത് എന്നും രഹസ്യമായിരിക്കുന്നു. നമുക്ക് അല്പാല്പമായി എന്തെങ്കിലും അറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുപോലും അവന്റെ നിശ്ചയത്താലത്രെ എന്ന വചനം എത്ര സത്യമാണെന്ന് സൂക്ഷ്മബുദ്ധികള്‍ക്കുമാത്രം മനസ്സിലാക്കാന്‍ കഴിയുന്നു.

സാഗരതീരത്ത്, ആകാശത്തു പാറിപ്പറന്നു കളിക്കുന്ന പട്ടങ്ങളെ ആശ്ചര്യത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. എത്ര സ്വാതന്ത്ര്യത്തോടെയാണ് അവര്‍ ആകാശത്തൂടെ ഒഴുകുന്നത്. ഞാന്‍ എത്ര സ്വതന്ത്രനാണെന്നും എന്റെ ഇഷ്ടത്തിനനുസരിച്ച് ആകാശത്തൂടെ പറന്നു കളിക്കാന്‍ കഴിയുന്നല്ലോ എന്നും പട്ടവും കരുതുന്നുണ്ടാകും. താഴെ ഒരുവന്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് പട്ടത്തെ നിയന്ത്രിച്ചൊഴുക്കുകയാണ്. അവന്റെ കൈയിലിരിക്കുന്ന നൂലൊന്നു പൊട്ടിയാല്‍, ഇനി മതിയെന്ന് അവനൊന്നു നിശ്ചയിച്ചാല്‍, അതോടെ എല്ലാം കഴിഞ്ഞു. കടലില്‍ മൂക്കുകുത്തി വീഴുന്ന സ്വതന്ത്രാത്മാവിനെയാണ് പിന്നെ നാം കാണുക. നാമും അങ്ങനെയൊക്കെത്തനെയല്ലെ?

മലയിടുക്കിലൂടെ ഒഴുകിനീങ്ങുന്ന വെണ്‍‌മേഘങ്ങളുടെ സൌമ്യതയില്‍ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന ഗായത്രിയോടു ഞാന്‍ പറഞ്ഞു: ജീവിതവും ആ മേഘക്കീറു പോലെയാണ്. ഊട്ടിയില്‍ നിന്നും യമുനോത്രിയിലേക്കും പിന്നെ മുസ്സോറിയിലേക്കും ഡെറാ‍ഡൂണിലേക്കും, ദാ ഇപ്പോള്‍ ഹൃഷികേശില്‍ നിന്ന് ഉത്തരകാശിയിലേക്കും ഒരു നിശ്ചയവുമില്ലാതെ നാം ഒഴുകുന്നു. തന്നെ അടിച്ചകറ്റുന്നതാരെന്ന് മേഘം അറിയാത്തതു പോലെ, നമ്മെ മുമ്പോട്ടു നയിക്കുന്ന തെന്നല്‍ ഏതു മലഞ്ചെരുവില്‍ നിന്നാണ് വരുന്നതെന്ന് നാമും അറിയുന്നില്ല. നാം ആരെയൊക്കെ കണ്ടുമുട്ടും? ആരില്‍നിന്നു പിരിയുമ്പോഴൊക്കെ കണ്ണുനീര്‍ പൊഴിക്കും? അറിയില്ല. ചുമ്മാ ഒഴുകുക. അത്ര തന്നെ.

ധരസുവില്‍ എത്തിയാല്‍ വഴി രണ്ടായി തിരിയുകയായി. ഇടത്തോട്ടുള്ള വഴി യമുനോത്രിയിലേക്കാണ്. വലത്തോട്ടു പോയാല്‍ ഉത്തരകാശിയായി. അവിടെ നിന്നു വേണം ഗംഗോത്രിയിലേക്കു യാത്ര തുടരാന്‍. ധരസുവില്‍ നിന്നു് ഇരുപത്തിയെട്ടു കിലോമീറ്ററാണ് ഉത്തരകാശിയിലേക്ക്. ഭാഗീരഥിയുടെ തീരത്തിലൂടെ കുറെദൂരം പോയിക്കഴിഞ്ഞാല്‍ ഡൂണ്ഡ എന്ന സ്ഥലത്തെത്താം. പുരാതനകാലത്ത് ഋഷീശ്വരന്മാരുടെ വിഹാരരംഗമായിരുന്നു എന്നാണ് അറിവുള്ളവര്‍ പറയുന്നത്. ഇതിനടുത്തു തന്നെയാണ് ഉദ്ദാലകന്റേതായി പറയപ്പെടുന്ന ആശ്രമം. ഉപനിഷത്ത് എന്നു കേള്‍ക്കുമ്പോഴൊക്കെ ഹൃദയത്തില്‍ വന്നു നിറയുന്ന ഉപദേശവാക്യമാണല്ലോ തത്ത്വമസി എന്നതു്. അന്വേഷണങ്ങളുടെ എല്ലാ വഴിത്താരകളും അവസാനിപ്പിച്ച് നിത്യനിര്‍മ്മലമായ ശാന്തിയില്‍ സ്ഥിതപ്രജ്ഞനാകാന്‍ നമ്മെ സഹായിക്കുന്ന വിശുദ്ധോപദേശം. അതിന്റെ പൊരുള്‍ മകനും ശിഷ്യനുമായ ശ്വേതകേതുവിന് ആരുണിയായ ഉദ്ദാലകന്‍ ഉപദേശിച്ചുകൊടുത്ത ആ പ്രദേശത്ത് എങ്ങനെ നാം ഹൃദയചുംബനമര്‍പ്പിക്കാതെ കടന്നുപോകും.

പന്ത്രണ്ടു വര്‍ഷത്തെ ഗുരുകുല വിദ്യഭ്യാസം പൂര്‍ത്തിയാക്കി തിരിച്ചു വന്ന ശ്വേതകേതു ഏതു വിഷയത്തെക്കുറിച്ചാണ് പിതാവിന് കേള്‍ക്കേണ്ടത് എന്ന് അഹങ്കാരത്തോടെ ചോദിച്ചപ്പോള്‍ ജ്ഞാനിയായ ആ പിതാവിന് ഹൃദയവ്യഥയാണുണ്ടായത്. ഉദ്ദാലകന്‍ മകനോട് വേദനയോടെ പറഞ്ഞു: “കുഞ്ഞേ നിനക്കുമുമ്പും ധാരാളം പേര്‍ നമ്മുടെ കുലത്തില്‍ നിന്നും ഗുരുകുലത്തില്‍ പോയി പ� ിപ്പു കഴിഞ്ഞു വന്നിട്ടുണ്ട്. അവരിലാരും തന്നെ നിന്നെപ്പോലെ ഗര്‍വിഷ്� നായി മടങ്ങി വന്നിട്ടില്ല. ആകട്ടെ, എന്റെ ചോദ്യത്തിനു മറുപടി പറയാന്‍ കഴിയുമോ എന്നു നോക്കുക”

ഉദ്ദാലകന്‍ ചോദിച്ചു: “യേനാശ്രുതം ഭവത്യമതം മതം അവിജ്ഞാതം വിജ്ഞാതമിതി.” (യാതൊന്നുകൊണ്ടാണ് അശ്രുതമായിരിക്കുന്നത് ശ്രുതമായിത്തീരുന്നത്, അമതമായിരിക്കുന്നത് മതമായിത്തീരുന്നത്, അവിജ്ഞാതമായിരിക്കുന്നത് വിജ്ഞാതമായിത്തീരുന്നത്?)

അതിനു മറുപടിയായി ശ്വേതകേതു പറഞ്ഞു: “പ്രിയ പിതാവേ, അങ്ങു ചോദിക്കുന്ന രഹസ്യം ഞാന്‍ അറിഞ്ഞിട്ടില്ല. അതൊന്നും എന്റെ ഉപാദ്ധ്യായന്‍ എന്നെ പ� ിപ്പിച്ചിട്ടില്ല. ഒരു പക്ഷേ അദ്ദേഹവും അതറിഞ്ഞിരിക്കില്ല. അതുകൊണ്ട് ദയവു ചെയ്ത് അവിടുന്നു എന്നെ ശിഷ്യനായി സ്വീകരിക്കണം. ഇപ്പോള്‍ എന്നോട് ചോദിച്ച ചോദ്യങ്ങളുടെ പൊരുളായിരിക്കുന്ന രഹസ്യം എനിക്കു പറഞ്ഞു തരണം”

മകന്റെ അഭ്യര്‍ത്ഥന കേട്ട് അത്യന്തം സന്തുഷ്ടനായിത്തീര്‍ന്ന ഉദ്ദാലകന്‍ തത്ത്വമസി എന്ന ഉപദേശം പുത്രനു മനസ്സിലാക്കിക്കൊടുക്കുന്നതിനുവേണ്ടി അനേകം ഉദാഹരണങ്ങള്‍ എടുത്തു കാണിക്കുകയുണ്ടായി.

ഒരുപദേശം ഇങ്ങനെയാണ്:

‘ആ വടവൃക്ഷത്തില്‍ നിന്ന് ഒരു ഫലം കൊണ്ടു വരിക.’
‘ഇതാ ഭഗവന്‍’
‘അതിനെ മുറിക്കുക’
‘മുറിച്ചിരിക്കുന്നു ഭഗവന്‍’
അവിടെ എന്തു കാണുന്നു’
‘അണുസമാനമായ ഈ വിത്തുകള്‍’
‘അവയില്‍ ഒന്നിനെ മുറിക്കുക’
‘മുറിച്ചിരിക്കുന്നു ഭഗവന്‍’
‘അവിടെ എന്തുകാണുന്നു?’
‘ഒന്നും തന്നെ കാണുന്നില്ല ഭഗവന്‍’
‘ഹേ സൌമ്യ, നീ ഇവിടെ ഏതൊരു അണിമയയാണോ കാണാതിരിക്കുന്നത്, ആ അണിമയാല്‍ തന്നെയാണ് ഈ വലിയ വടവൃക്ഷം നിലനില്‍ക്കുന്നത്. സൌമ്യ, നീ ശ്രദ്ധ (വിശ്വാസം) ഉള്ളവനായിരിക്കുക.‘

അതിസൂക്ഷ്മമായ അതുതന്നെയാണ് ഈ സകല ജഗത്തിലും നിറഞ്ഞു നില്‍ക്കുന്നത്. അതാണ് സത്യം. അതാണ് ആത്മാവ്. അല്ലയോ ശ്വേതകേതു, അതു നീയാണ്. തത് ത്വം അസി.’

ഛാന്ദോഗ്യോപനിഷത്തിലെ മന്ത്രങ്ങളുടെ വശ്യതയില്‍ ലയിച്ച് യാത്ര തുടര്‍ന്നു കൊണ്ടിരിക്കേ വരുണ എന്ന നദി വലിയൊരു ജലധാരയായി പ്രവഹിക്കുന്നതു കാണായി. ഇവിടെ നിന്നും മുകളിലോട്ടു സൌമ്യകാശി ആരംഭിക്കുകയായി. കുറ്റിക്കാടുകളും വന്‍‌വൃക്ഷങ്ങളും നിറഞ്ഞ പര്‍വ്വതങ്ങളുടെയും നെല്ലും ഗോതമ്പും മറ്റും കൃഷി ചെയ്യുന്ന വയലുകള്‍ നിറഞ്ഞ അടിവാരത്തിന്റെയും മദ്ധ്യത്തിലൂടെ നാം വീണ്ടും മുമ്പോട്ടു പോയാല്‍ ഉത്തരകാശിയായി. ഇതു തന്നെയാണ് സൌമ്യകാശി.

മുമുക്ഷുക്കള്‍ സമാധി പരിശീലനത്തിന് തിരഞ്ഞെടുക്കുന്നയിടമാണത്രെ ഉത്തരകാശി. പണ്ടുകാലത്തെ രീതിയാണ്. പൂര്‍വ്വകാശിയിലെത്തി (വാരണസി) ഇഹലോകജീവിതത്തിന്റെ ക്ഷണികതയും പരയുടെ നിത്യതയും ഉള്ളിലുറച്ചാല്‍ ആചാര്യനെ കണ്ടെത്തി ദീക്ഷിതനായിത്തീരണമെന്നും ഗുരുവില്‍ നിന്നും ശ്രവിച്ച സത്യം ധാരമുറിയാതെ ബോധത്തില്‍ അനുഭൂതിയായിത്തീരാന്‍ ഹരിദ്വാറിലെത്തി മനനം തുടരണമെന്നും മനനം ഉറച്ച് വസ്തു ബോധത്തില്‍ ദൃഢത കിട്ടാനുള്ള നിത്യാഭ്യാസം ഹൃഷികേശത്തുവച്ച് അഭ്യസിക്കണമെന്നും തുടര്‍ന്ന് ഉത്തരകാശിയില്‍ വാസമുറപ്പിച്ച് സമാധി പരിശീലിക്കണം എന്നുമത്രെ പണ്ഡിതമതം.

കാശിയുടെ അഥവാ വാ‍രണസിയുടെ മറ്റൊരു പതിപ്പാണ് ഉത്തരകാശി. കലിയുഗത്തില്‍ രണ്ടായിരാമാണ്ടില്‍ കാശി വെള്ളത്തില്‍ മുങ്ങുമെന്നും അപ്പോള്‍ കാശിക്കു പകരം ഉത്തരകാശിയാണ് ഉണ്ടാവുകയെന്നും ഒരു വിശ്വാസമുണ്ട്. ക്ഷേത്രങ്ങളുടെയും മലനിരകളുടെയും പേരുകള്‍ പലതും വാരണസിയിലേതു തന്നെയാണ്.

ഉത്തരകാശിക്ക് സൌമ്യകാശിയെന്നു പേരു വന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ജമദഗ്നി മഹര്‍ഷിയുടെ ഭാര്യയായ രേണുക ഒരിക്കല്‍ കൃതവീര്യന്‍ എന്നൊരു സേനാനിയില്‍ അനുരക്തയായി. അതറിഞ്ഞ് കോപാകുലനായ മഹര്‍ഷി തന്റെ മൂത്തമകനോട് രേണുകയുടെ ശിരച്ഛേദം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ അച്ഛന്റെ ആജ്ഞ നിരസിച്ചു. അമ്മയെ കൊല്ലാന്‍ തനിക്കു കഴിയില്ലെന്നു തീര്‍ത്തു പറഞ്ഞു. പിന്നീട് രണ്ടാമത്തെ മകനായ പരശുരാമനോട് അതു ചെയ്യാന്‍ മഹര്‍ഷി ആവശ്യപ്പെട്ടു. പരശുരാമന്‍ പിതാവിന്റെ ആജ്ഞ അക്ഷരം പ്രതി അനുസരിച്ചു. സന്തുഷ്ടനായ മഹര്‍ഷി എന്തു വരം വേണമെങ്കിലും ചോദിച്ചോളാന്‍ പറഞ്ഞു. അമ്മയ്ക്കു മാപ്പു കൊടുത്ത് ജീവന്‍ തിരിച്ചു നല്‍കണമെന്ന് രാമന്‍ ആവശ്യപ്പെട്ടു. മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ രേണുകയ്ക്കു ജീവന്‍ തിരിച്ചു കിട്ടി. ഇതാണ് ഐതിഹ്യം. ഈ സംഭവങ്ങളിലുടനീളം പരശുരാമന്‍ പ്രകടിപ്പിച്ച ശാന്തതയും സമാധാനവും കണ്ട മഹര്‍ഷി ആ സ്ഥലത്തിന് സൌമ്യകാശി എന്നു പേരിട്ടു. അതാണ് ഉത്തരകാശി. പരശുരാമ ക്ഷേത്രം നില്‍ക്കുന്നത് ആ സംഭവം നടന്ന സ്ഥലത്താണെന്നാണ് വിശ്വാസം.

ഷൌക്കത്ത്
Subscribe Tharjani |
Submitted by Juny Sam (not verified) on Fri, 2006-03-10 12:45.

Dear Shoukath,
I dont know why i liked this article.. ..it seems that it has touched some chords somewhere within me which has been long forgotten... Thanks for citing the holy advice - the "Thathvamasi" example...
Thaks for your nice article.. & All the best for your Soul Searching Expeditions...