തര്‍ജ്ജനി

പുസ്തകം

മലയാളം വന്ന വഴി

ഭാഷാചരിത്രവും സാഹിത്യചരിത്രവും ഒന്നാണെന്ന തെറ്റിദ്ധാരണ പൂര്‍വകാലങ്ങളില്‍ നിലവിലുണ്ടായിരുന്നു. ആദ്യകാല സാഹിത്യ ചരിത്രങ്ങള്‍ ഭാഷാചരിത്രങ്ങള്‍ എന്ന പേരിലാണ്‌ പ്രകാശിതങ്ങളായതും. ഇന്ന്‌ ആ സ്ഥിതി മാറിയിയിരിക്കുന്നു. പരസ്പരബദ്ധമാണെങ്കിലും ഭാഷചരിത്രവും സാഹിത്യചരിത്രവും രണ്ട്‌ വ്യതിരിക്ത ജ്ഞാനശാഖകളായിത്തന്നെ തിരിച്ചറിയപ്പെടുന്നു. ഇക്കൂട്ടത്തില്‍ സാഹിത്യചരിത്രം സാമാന്യജനങ്ങള്‍ക്കിടയിലും ചര്‍ച്ചചെയ്യപ്പെടത്തക്കവിധം പ്രചാരം നേടിയെങ്കിലും ഭാഷാചരിത്രം ഇന്നും പണ്ഡിതന്മാര്‍ക്കിടയില്‍ മാത്രമായി പരിമിതപ്പെട്ട്‌ നില്‍ക്കുകയാണ്‌. വ്യാകരണശാസ്ത്രം നരവംശവിജ്ഞാനീയം, സാമൂഹികവിജ്ഞാനീയം തുടങ്ങിയ അക്കാദമിക്‌ ജ്ഞാനശാഖകളുമായി ഭാഷാചരിത്രത്തിനുള്ള ഗാഢ വേഴ്ചകളാണ്‌ ഈ അനഭിഗമ്യതയ്ക്ക്‌ ഒട്ടൊക്കെ കാരണം. ഇത്‌ മൂലം മലയാളഭാഷയുടെ ഉല്‍പ്പത്തിയെയും വികാസപരിണാമങ്ങളെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ സാഹിത്യതല്‍പ്പരരുടെ ഇടയില്‍പ്പോലും നിലനില്‍ക്കുന്നുണ്ട്‌.

ഈ അവസ്ഥയ്ക്ക്‌ മാറ്റം വരുത്താന്‍ പര്യാപ്തമാണ്‌ ദീര്‍ഘകാലം ഭാഷാശാസ്ത്ര അദ്ധ്യാപകനും ഗവേഷകനുമായിരുന്ന ഡോക്ടര്‍ ഇ.വി.എന്‍ നമ്പൂതിരിയുടെ കേരള ഭാഷാചരിത്രം എന്ന കൃതി. മലയാള ഭാഷയുടെ ഉത്ഭവവും വികാസപരിണാമങ്ങളും ശാസ്ത്രീയമായിത്തന്നെ ഈ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ടെങ്കിലും ഭാഷയില്‍ സാമാന്യ വ്യുല്‍പ്പത്തിയുള്ളവര്‍ക്കും വായിച്ച്‌ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ്‌ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌. ലളിതമായ പ്രതിപാദനവും സാങ്കേതിക ജഡിലമല്ലാത്ത ഭാഷയും ഈ ശാസ്ത്രഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌.

പുസ്തകത്തിന്റെ ആദ്യ പകുതിയില്‍ മലയാളത്തിന്റെ ഉത്ഭവവും വളര്‍ച്ചയുമാണ്‌ ചര്‍ച്ചചെയ്യപ്പെടുന്നത്‌. ഭാഷോത്‌‌പത്തിയെ സംബന്ധിച്ചുള്ള നിലവിലുള്ള സിദ്ധാന്തങ്ങളെല്ലാം പരിചയപ്പെടുത്തിയശേഷം സ്വപക്ഷം രൂപപ്പെടുത്തി അവതരിപ്പിക്കുക എന്ന സമീപനമാണ്‌ ഡോക്ടര്‍ നമ്പൂതിരിയുടേത്‌. കൃതിക്ക്‌ സമഗ്ര സ്വഭാവം ഇത്‌ മൂലം ലഭിച്ചിരിക്കുന്നു. രണ്ടാമത്തെ പകുതിയില്‍ വ്യാകരണസംബന്ധമായ വര്‍ണ്ണപരിണാമം, സ്വരപരിണാമം, പദവ്യുല്‍പ്പത്തി തുടങ്ങിയ വിഷയങ്ങളുടെ വികാസപരിവര്‍ത്തനങ്ങളാണ്‌ വിശദമാക്കപ്പെടുന്നത്‌. മലയാളത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ പല സിദ്ധാന്തങ്ങള്‍ പൂര്‍വകാലങ്ങളില്‍ നിലവിലുണ്ടായിരുന്നെങ്കിലും ആധുനികഭാഷാപഠനങ്ങളുടെ ഫലമായി നെല്ലും പതിരും വേര്‍തിരിഞ്ഞ്‌ അവയ്ക്ക്‌ ഒരു ഏകശിലാരൂപം വന്നിട്ടുണ്ട്‌. ഒരു പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നു എന്നതിനേക്കാളുപരി ഈ ഏകശിലാരൂപത്തിന്റെ അവ്യക്തതകള്‍ നീക്കി അതിന്‌ ദൃഢമായ സിദ്ധാന്തഭാഷ്യം നല്‍കുവാനാണ്‌ ഗ്രന്ഥകാരന്റെ ശ്രമം. അവ്യക്തതകള്‍ നിലനില്‍ക്കുന്നിടത്ത്‌ പണ്ഡിതോചിതമായ രീതിയില്‍ പുതുനിര്‍ണ്ണയങ്ങളിലേക്ക്‌ കടക്കുകയും ചെയ്യുന്നുണ്ട്‌.

ദ്രാവിഡഗോത്രത്തില്‍പ്പെടുന്ന മലയാളം, തമിഴ്‌, കന്നടം, തെലുങ്ക്‌, തുളു, കൊടക്‌ എന്നീ ആറ്‌ വികസിതഭാഷകളും തുദ, കോത, ഗോണ്ഡ്‌, മാലെ, ഒറാവോണ്‍, ബ്രാഹൂയി, കുറു്‌, മാല്‍ട്ടോ തുടങ്ങിയ രണ്ട്‌ ഡസനോളം അത്ര വികസിതമല്ലാത്ത ഭാഷകളും ചേര്‍ന്ന ദ്രാവിഡഭാഷാഗോത്രമാണ്‌ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭാഷാസമൂഹം. മൂലദ്രാവിഡ ഭാഷ അഥവാ പൂര്‍വ ദ്രാവിഡ ഭാഷയില്‍ നിന്നും കാലാകാലങ്ങളില്‍ വേര്‍പിരിഞ്ഞുണ്ടായ ഭാഷകളാണ്‌ ഇവയെല്ലാം. അമ്മയും മക്കളും തമ്മില്‍ അല്ലെങ്കില്‍ സഹോദരമാരിമാര്‍ക്കിടയിലുള്ളതിന്‌ സമാനമായ ബന്ധമാണ്‌ ഭാഷാശാസ്ത്രസംബന്ധമായി ഈ ഭാഷകള്‍ക്കിടയിലുള്ളത്‌. സംസ്കൃതം, ഇംഗ്ലീഷ്‌, പോര്‍ച്ചുഗീസ്‌, അറബി തുടങ്ങിയ ഭാഷകളുമായും മലയാളത്തിന്‌ ആദാനപ്രദാനബന്ധങ്ങള്‍ ഉണ്ടെങ്കിലും അവയുടെ സ്വഭാവം മിത്രങ്ങള്‍ക്കിടയിലെ ബന്ധത്തിന്‌ സമാനമാണ്‌. ചിലത്‌ ഗാഢമൈത്രി ആവാം മറ്റു ചിലത്‌ കേവല പരിചയത്തിന്റെ പരിമിതികള്‍ക്കുള്ളിലും ആവാം. മനുഷ്യര്‍ക്കിടയിലെ രക്തബന്ധം പോലുള്ള അടുപ്പം മലയാളത്തിന്‌ ഇതര ദ്രാവിഡഭാഷകളോട്‌ മാത്രമേയുള്ളു. അഫ്‌ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ബ്രഹൂയി, വടക്ക്കിഴക്കന്‍ ഇന്ത്യയിലെ ചിലഗോത്രങ്ങള്‍ സംസാരിക്കുന്ന ഒറാവോണ്‍, ഗോണ്ഡ്‌ തുടങ്ങിയ ഭാഷകളുമായി മലയാളത്തിനുള്ള ബന്ധം താരതമ്യേന അടുത്ത്‌ കിടക്കുന്ന മറാഠി, ഹിന്ദി, ഗുജറാത്തി തുടങ്ങിയ ഭാഷകളുമായി ഇല്ല എന്നത്‌ ആശ്ചര്യകരമെങ്കിലും വാസ്തവമാണ്‌. സംസ്കൃതവും ലത്തീനും ഗ്രീക്കും ഹിന്ദിയുമെല്ലാം ദ്രാവിഡ ഭാഷാഗോത്രത്തില്‍ നിന്നും ഭിന്നമായ ഇന്‍ഡോയൂറോപ്യന്‍ ഭാഷാഗോത്രത്തില്‍പ്പെടുന്നവയാണ്‌. ആധുനിക മലയാളത്തിന്‌ സംസ്കൃതവുമായുള്ള അടുപ്പം ജന്മനാ ഉള്ളതല്ല. അത്‌ പില്‍ക്കാല സമ്പര്‍ക്കത്തില്‍ നിന്നും രൂപപ്പെട്ടതാണ്‌.

തമിഴില്‍ നിന്നും രൂപപ്പെട്ട പുത്രീഭാഷയാണ്‌ മലയാളം എന്നായിരുന്നു കേരളപാണിനിയുടെ നിഗമനം. ആ നിഗമനം തെറ്റാണെന്നും മലയാളവും തമിഴും സഹോദരിഭാഷകളാണെന്നും കരുതിയവരില്‍ പ്രമുഖരാണ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌, ഗോദവര്‍മ്മ, ഇളംകുളം കുഞ്ഞന്‍പിള്ള, കെ.എം.ജോര്‍ജ്‌ എന്നിവര്‍. ഭാഷാപണ്ഡിതനും മഹാകവിയുമായിരുന്ന ഉള്ളുര്‍ പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടത്‌ മലയാളം തമിഴിന്റെ മാതാവോ ജേഷ്ഠസഹോദരിയോ ആണെന്നായിരുന്നു. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ഒരു പടികൂടി കടന്ന്‌ മലയാളം മൂലദ്രാവിഡഭാഷയില്‍ നിന്നും നേരിട്ട്‌ പിരിഞ്ഞുണ്ടായതാണെന്ന്‌ നിര്‍ണ്ണയിച്ചു. ഈ നിഗമനങ്ങളെല്ലാം തന്നെ അതത്‌ കാലങ്ങളിലെ ഭാഷാഗവേഷണം പദരൂപങ്ങള്‍, പരിണാമചരിത്രം, പ്രാചീനലിഖി‍തങ്ങള്‍, ചരിത്രം, നരവംശശാസ്ത്രം തുടങ്ങിയ ഒട്ടേറെ വസ്തുതകളെ ആസ്പദമാക്കി ഈ പ്രമുഖര്‍ രൂപപ്പെടുത്തിയതാണ്‌. ഇന്ന്‌ ഭാഷാ ഗവേഷണവിജ്ഞാനീയം വളരെയധികം മുന്നോട്ട്‌ നീങ്ങിയിരിക്കുന്നു. പ്രാതഃസ്മരണീയനായ റോബര്‍ട്ട്‌ കാള്‍ഡ്വെല്‍ 1856 ല്‍ ദ്രാവിഡ ഭാഷാവ്യാകരണം (എ കമ്പാരേറ്റെവ്‌ ഗ്രാമര്‍ ഒഫ്‌ ദ്‌ ദ്രാവിഡിയന്‍ ഫാമിലി ഒഫ്‌ ലാഗ്വേജസ്‌) എന്ന പഥപ്രകാശനഗ്രന്ഥം എഴുതിയ കാലയളവില്‍ നിന്നും തികച്ചും ഭിന്നമാണ്‌ പില്‍ക്കാല ഗവേഷണങ്ങളാല്‍ സമ്പുഷ്ടമായ ഇന്നത്തെ ദ്രാവിഡഭാഷാവിജ്ഞാനീയം. മലയാളത്തെ സംബന്ധിച്ചിടത്തോളം ആ രംഗത്തുണ്ടായ ജ്ഞാനവിസ്ഫോടനത്തെ സാധാരണ ഭാഷാപ്രേമികള്‍ക്കും കൂടി ഉപകാരപ്രദമാകത്തക്ക രീതിയില്‍ ക്രോഡീകരിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഡോക്ടര്‍ നമ്പൂതിരിയുടെ സംഭാവന.

മൂലദ്രാവിഡഭാഷ ഉത്തര ദ്രാവിഡം, മധ്യമ ദ്രാവിഡം, ദക്ഷിണ ദ്രാവിഡം എന്നിങ്ങിനെ കാലക്രമേണ മൂന്നായി വേര്‍പിരിഞ്ഞതില്‍ ദക്ഷിണ ദ്രാവിഡത്തില്‍ നിന്നും പരിണമിച്ചുണ്ടായതാണ്‌ മലയാളത്തിന്റെ പൂര്‍വ്വരൂപം എന്നത്‌ ഇന്ന്‌ ഏറെക്കുറെ സുസമ്മതമാണ്‌. ദക്ഷിണ ദ്രാവിഡത്തില്‍ നിന്നും പരിണമിച്ച്‌ തമിഴും മലയാളവും സ്വതന്ത്രഭാഷകളായി വേര്‍പിരിഞ്ഞ കാലയളവിലെ വികാസപരിണാമങ്ങളുടെ സ്വഭാവത്തെയും ഗതിവിഗതികളെയും കുറിച്ച്‌ ഭാഷാ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. എങ്കിലും തുടക്കം മുതല്‍ മലയാളവും തമിഴും വ്യതിരിക്തങ്ങളായിരുന്നു എന്നതില്‍ പക്ഷാന്തരമില്ല. ഉത്തമപുരുഷ സര്‍വ്വനാമത്തിന്റെ ഏകവചനരൂപമായി പൂര്‍വ്വദ്രാവിഡത്തില്‍ 'യാന്‍' എന്നാണ്‌ ഉപയോഗിച്ചിരുന്നത്‌. അത്‌ മലയാളത്തില്‍ 'ഞാന്‍' എന്നും തമിഴില്‍ 'നാന്‍' എന്നും പരിണമിക്കുകയാണുണ്ടായത്‌. പദങ്ങള്‍ ഇപ്രകാരം പരിണമിക്കുന്നതിന്റെ ചരിത്രം ഭാഷാപരമായ വികാസപരിണാമങ്ങളുടെ കാലഗണനാസൂചികയുമാകുന്നു. മലയാളത്തിന്‌ ഏറ്റവും കൂടുതല്‍ രക്തബന്ധമുള്ള ആധുനിക ഭാഷ തമിഴാണെങ്കിലും മലയാളവും തമിഴും തുടക്കം മുതല്‍ വ്യത്യസ്തമായ പാതയിലൂടെയാണ്‌ പരിണമിച്ചത്‌ എന്ന സിദ്ധാന്തപക്ഷമാണ്‌ ഡോക്ടര്‍ നമ്പൂതിരി ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്‌. മലയാളഭാഷാചരിത്രം തുടങ്ങുന്നത്‌ ഒമ്പതാം നൂറ്റാണ്ടില്‍ നിന്നാണെന്നും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എഴുതപ്പെട്ട തുഞ്ചത്തെഴുത്തച്‌'ഛന്റെ അദ്ധ്യാത്മരാമായണത്തോടെ ആധുനിക മലയാളത്തിന്‌ അടിത്തറ രൂപപ്പെട്ടുവെന്നുമാണ്‌ ഡോക്ടര്‍ നമ്പൂതിരി നിര്‍ണ്ണയിക്കുന്നത്‌. തുടര്‍ന്ന്‌ ഗദ്യത്തിന്‌ പ്രാമുഖ്യണ്ടായ വികാസപരിണാമങ്ങളുടെ ചരിത്രവും ഈ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. താരതമ്യേന വിവാദങ്ങളില്‍ നിന്നും അകന്നുനിന്നുകൊണ്ട്‌ വ്യക്തമായി തെളിയിക്കപ്പെട്ട വസ്തുതകളെ ആധാരമാക്കി ഭാഷാചരിത്രത്തിന്‌ ക്രമപ്രവൃദ്ധവും സമഗ്രവുമായ ഒരു ചരിത്രം രൂപപ്പെടുത്തുക എന്ന ദൌത്യത്തില്‍ ഡോക്ടര്‍ നമ്പൂതിരി വിജയിച്ചിട്ടുണ്ട്‌.

എങ്കിലും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കാനും പൊതുസമ്മതി തന്റെ കൃതിക്ക്‌ നേടാനുമുള്ള ശ്രമത്തില്‍ ശുദ്ധമലയാളത്തെ സംബന്ധിച്ചിടത്തോളം സൂചിതമാകേണ്ട ഒരു വശത്തെ ഗ്രന്ഥകാരാന്‍ പൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കിയിരിക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. ഒമ്പതാം നൂറ്റാണ്ടില്‍ മലയാള ഭാഷാചരിത്രം ആരംഭിക്കുന്നു എന്ന്‌ ഡോക്ടര്‍ നമ്പൂതിരി നിര്‍ണ്ണയിക്കുന്നത്‌ ലിഖിത ഭാഷയെ മാത്രം ആധാരമാക്കിയാണ്‌. തോലന്റെ ആട്ടപ്രകാരം, ക്രമദീപിക എന്നീ കൃതികളും ഭാഷാകൌടിലീയവും മലയാളത്തിന്റെ ആദ്യ രചനകളായി കരുതുന്ന ഒരു സമീപനമാണ്‌ ഇതിന്‌ ആധാരം. ഗ്രന്ഥരചനയ്ക്ക്‌ പര്യാപ്തമായ ഒരു ഭാഷ ഒമ്പതാം നൂറ്റാണ്ടില്‍ നിലവിലുണ്ടെങ്കില്‍ അതിനുമുമ്പും ആ ഭാഷ നിലവിലുണ്ടായിരിക്കണമല്ലോ. ഭാഷയുടെ വികാസപരിണാമചരിത്രത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ സാഹിത്യഭാഷയെക്കാള്‍ പ്രാധാന്യവും പ്രാമാണ്യവും സംഭാഷണഭാഷയ്ക്ക്‌ നല്‍കണമെന്നത്‌ അവിതര്‍ക്കിതമാണ്‌. ഈ തത്ത്വം ഭാഷാശാസ്ത്രം ആഗോളവ്യാപകമായി സ്വീകരിച്ചിട്ടുള്ളതുമാണ്‌. നിര്‍ഭാഗ്യവശാല്‍ ഗ്രന്ഥകാരന്‍ ഈ കാര്യത്തെ അവഗണിച്ചിരിക്കുന്നു. സംസ്കൃതത്തിന്റെ സ്വാധീനത്തില്‍ പരിണമിച്ചുണ്ടായ പില്‍ക്കാല മലയാളം മാത്രമാണ്‌ മാനക ഭാഷയെന്ന നിലവിലുള്ള സമീപനത്തെ ഡോക്ടര്‍ നമ്പൂതിരിയും കണ്ണടച്ച്‌ പിന്‍‌ചെല്ലുന്നു. ഭാഷാശാസ്ത്രത്തിന്റെ ഏറ്റവും ജീവത്തായ ഒരു വശത്തെയാണ്‌ ഈ ക്രമാനുഗതികത്വം അവഗണനയുടെ കുപ്പത്തൊട്ടിയിലേക്ക്‌ തള്ളുന്നത്‌. അന്തരിച്ച കവിയൂര്‍ മുരളിയെപ്പോലുള്ള (ദളിത്‌ ഭാഷ, പുറനാനൂറ്‌ ഒരു പഠനം തുടങ്ങിയ കൃതികള്‍) പണ്ഡിതന്മാര്‍ ഈ വശത്തെക്കുറിച്ച്‌ നടത്തിയിട്ടുള്ള പഠനങ്ങളും ഇങ്ങിനെയൊരു കൃതി നിശ്ചയമായും ഉള്‍ക്കൊള്ളേണ്ടതായിരുന്നു.

പി.ജെ.ജെ.ആന്റണി

കേരള ഭാഷാചരിത്രം/ഡോ.ഇ.വി.എന്‍ നമ്പുതിരി/കറന്റ്‌ ബുക്സ്‌/വില 195 രൂപ

Subscribe Tharjani |