തര്‍ജ്ജനി

പുസ്തകം

എഴുത്തുകാര്‍ ആഖ്യാനത്തില്‍...

എഴുത്തുകാര്‍ ആഖ്യാനത്തില്‍ നേരിടുന്ന വെല്ലുവിളി

എഴുത്തുകാര്‍ എന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വായനക്കാരെ എങ്ങനെ അഭിമുഖീകരിക്കും എന്നതാണ്‌. ജീവിതത്തിന്റെ വ്യാഖ്യാതാക്കളും ആഖ്യാതാക്കളും ഒക്കെയായി അഭിമാനിച്ചിരുന്ന അവരുടെ സ്ഥിതി ഇന്നു മാറിയിരിക്കുന്നു. ഒരുകാലത്ത്‌ പറഞ്ഞിരുന്നത്‌ എഴുത്തുകാര്‍ ജീവിതത്തെ മുന്‍കൂട്ടിക്കണ്ടിരുന്നു എന്നാണ്‌. അക്കാലത്ത്‌ പ്രവാചകന്റെ സ്ഥാനമായിരുന്നു അവര്‍ക്ക്‌. ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരായി എഴുത്തുകാര്‍ നടന്നിരുന്നകാലം പിന്നീടു മാറി. ഭാവിപ്രവചനം നടത്തുന്ന ജ്യോത്സ്യപ്പണി ഉപേക്ഷിച്ച്‌ അവര്‍ ജീവിതത്തിന്റെ വര്‍ത്തമാനകാലത്തില്‍ ഇടപെടുകയും അതിന്റെ എല്ലാ തലങ്ങളും അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ, ജീവിതത്തോടൊത്തു പോവുക എന്ന ദൌത്യം അവര്‍ ഭംഗിയായി കൈകാര്യം ചെയ്തു. ജീവിതത്തില്‍ നിന്നും പച്ചയായി ചീന്തിയെടുത്ത അവതരണം കൊണ്ട്‌ അവര്‍ വായനക്കാരുടെ ശീലത്തെ സ്വാധീനിച്ചു. ഒരു കാലത്ത്‌ ജിവിതത്തിനു മുമ്പേ പാഞ്ഞ അവര്‍ ജീവിതത്തിനൊപ്പം നടക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്നത്തെ അവസ്ഥ അതില്‍ നിന്നും വ്യത്യസ്തമാണ്‌.

ഇന്ന് ജീവിതം തന്നെ വലിയ ആഖ്യാനമായി മാറിയിരിക്കുന്നു. അതിന്റെ ഓരോ സ്പന്ദനവും ഭംഗിയായ ഓരോ അവതരണമാണ്‌. ലോകം വലിയ സ്റ്റേജും മനുഷ്യര്‍ അതിലെ കഥാപാത്രങ്ങളും എന്ന രൂപകങ്ങള്‍ എല്ലാം നഷ്ടപ്പെട്ട്‌ യാഥാര്‍ത്ഥ്യം തന്നെ അതായി മാറി. സങ്കല്‍പങ്ങള്‍ എല്ലാം മണ്ണടിഞ്ഞു. ഭാവനയെപ്പോലും അതിക്രമിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കാലമാണിത്‌.

സൃഷ്ടി,സൃഷ്ടാവ്‌ തുടങ്ങിയ സങ്കല്‌പങ്ങള്‍ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ വഴിമാറുകയാണ്‌.ശരിയായ സൃഷ്ടാവിന്റെ സഹായമില്ലാതെ ഇതര ഘടകങ്ങളുടെ സഹായത്തോടെ സൃഷ്ടിയുണ്ടാകാം എന്ന യാഥാര്‍ത്ഥ്യം ശാസ്ത്രം ക്ലോണിംഗിലൂടെ കാട്ടിത്തന്നിരിക്കുന്നു. അങ്ങനെ സര്‍ഗ്ഗവേദനയ്ക്കും സര്‍ഗ്ഗാനന്ദത്തിനും ഒക്കെ പുതിയ ഭാഷ്യങ്ങള്‍ വന്നു ചേരുന്നു. സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടവരമ്പ്‌ അപ്രത്യക്ഷമാവുകയും രണ്ടും ഒന്നാവുകയും ചെയ്യുന്ന ഒരുകാലഘട്ടത്തിലൂടെയാണ്‌ നാമിന്ന് സഞ്ചരിക്കുന്നത്‌. എഴുത്തിന്റെയും എഴുത്തുകാരന്റെയും സ്ഥാനം നിര്‍ണ്ണയിക്കപ്പെടേണ്ട ഘട്ടമാണിത്‌.

സ്വപ്നയാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ വ്യത്യാസമില്ലാത്ത ഒരുകാലത്തില്‍ ഭാവനാജീവിയായ എഴുത്തുകാരന്‌ എന്തു ചെയ്യുവാന്‍ കഴിയും. അവരുടെ ഭാവനാഗതിയെക്കാള്‍ വേഗം ജീവിതത്തിനു കൈവന്നിരിക്കുമ്പോള്‍ അവതരണത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കുന്ന പുതുമകള്‍ പോലും വായനക്കാര്‍ക്ക്‌ പഴമയായി അനുഭവപ്പെടും അങ്ങനെ എല്ലാ അഖ്യാനങ്ങളും കാലഹരണപ്പെട്ടത്‌ എന്ന ബോധമാണ്‌ വായനക്കാര്‍ക്കുണ്ടാകുന്നതെങ്കില്‍ സാഹിത്യകാരന്‍ സമൂഹത്തിന്‌ ഒരു ശല്യമായിത്തീരും. ഈ അവസ്ഥയിലേക്കുള്ള ദൂരം വളരെയൊന്നുമില്ല എന്ന് സമീപകാല ജീവിതഗതി ഓര്‍മ്മിപ്പിക്കുന്നു. ജീവിതം എഴുത്തുകാരന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത്‌ തുടങ്ങിയിരിക്കുന്നു എന്നു സാരം. ഈ അവസ്ഥ ഭംഗിയായി അവതരിപ്പിക്കുകയാണ്‌ അയ്യപ്പപ്പണിക്കര്‍ "പുഞ്ചവരമ്പിന്‍ വെളുമ്പിലെ ശാദ്വലപ്രണയസയന്തനസാന്ത്വനം" എന്ന ക(ഥ)വിതയില്‍.

സമകാലിക ജീവിതത്തിന്റെ ചലങ്ങള്‍ ശ്രദ്ധിക്കുന്ന എഴുത്തുകാര്‍ ഈ യാഥാര്‍ത്ഥ്യങ്ങളെയൊക്കെ മനസിലാക്കുന്നുണ്ട്‌. അതുതന്നെയാണ്‌ അവെനെ അലട്ടുന്ന പ്രശ്നവും. തന്റെ സ്വപ്നങ്ങളെല്ലാം കാലഹരണപ്പെടുന്ന,യാഥാര്‍ത്ഥ്യങ്ങള്‍ അതിനെ മറികടക്കുന്ന അവസ്ഥ അവരുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നു. അവതരണ രീതിയില്‍ തന്നെ അവന്‍ സംശയാലുവാകുന്നു. രചന കഥയാണോ കവിതയാണോ എന്ന സംശയം എഴുത്തുകാരനുതന്നെ ഉണ്ടാകുന്നു. അപ്പോള്‍ രചനയ്ക്ക്‌ ക(ഥ)വിത എന്നപേരു നല്‍കുകയാണ്‌ ഉത്തമം. താന്‍ പറയാന്‍ പോകുന്ന ഇതിവൃത്തം സമകാലിക ജീവിതത്തില്‍ നിന്ന് മന:പൂര്‍വ്വം വലിച്ചുചീന്തിയെടുത്ത ഒരു ശുഭാന്തദുരന്ത പ്രഹസ്സനമാണ്‌ എന്ന് ആദ്യമേപറയേണ്ട ഗതികേടുകൂടി എഴുത്തുകാരനുണ്ട്‌. ജീവിതം തന്നെ വലിയ ഒരു പ്രഹസനമാവുമ്പോഴാണ്‌ താന്‍ വലിച്ചുചീന്തിയെടുത്ത്‌ അവതരിപ്പിക്കുന്നതും ഒരു പ്രഹസനമാണ്‌ എന്ന് എഴുത്തുകാരന്‌ പറയെണ്ടിവരുന്നത്‌. അതാവട്ടെ ശുഭാന്തമായ ഒരു ദുരന്തമാണ്‌. ദുരന്തങ്ങള്‍ മാത്രമാണല്ലോ ഇന്ന് ശുഭപര്യവസായിയായി മറുന്നത്‌. വായനക്കാരന്റെ സംശയം തീരുമോ എന്ന സംശയമാണ്‌ എഴുത്തുകാരനെ ബാധിച്ചിരിക്കുന്നത്‌. അതുകൊണ്ടാണ്‌ നല്‍കാവുന്ന വിശദീകരണങ്ങളെല്ലാം ആദ്യമേ നല്‍കുന്നത്‌. പേരുതന്നെ നീണ്ട വിശദീകരണമാണല്ലോ. അയ്യപ്പപ്പണിക്കര്‍ എഴുതുന്നു.

book cover page

" സാധാരണ കഥ പറയുന്നവര്‍ ഇത്രയും വിവരങ്ങള്‍ വിശദമായി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയാറില്ല... പിന്നെന്തിനാണ്‌ താന്‍ ഈ കഥയോ കവിതയോ എഴുതുന്നതെന്ന് ചോദിക്കാന്‍ തോന്നിപ്പോകും. ചോദിക്കുകയില്ല നമ്മള്‍. ചോദിക്കുന്നതുകൊണ്ട്‌
വിശേഷമില്ലെന്നറിയാവുന്നതുകൊണ്ട്‌ തന്നെ. അങ്ങനെ വരാതിരിക്കാനാണ്‌ എല്ലാം വ്യക്തമായി വിശദമായി ഞാന്‍ എഴുതുന്നത്‌".

എല്ലാ സത്യങ്ങളും അറിയാമെങ്കിലും ശീലത്തില്‍ നിന്ന് എഴുത്തുകാരന്‌ മോചനമില്ല. എല്ലാരീതികളും മാറിയിരിക്കുന്നു എന്ന ബോധമുണ്ടങ്കിലും അവതരണ ഘട്ടത്തില്‍ തന്റെ പഴയ സ്വഭാവം ഇടയ്ക്ക്‌ തലപൊക്കും എന്തു പറഞ്ഞാലാണ്‌ തന്റെ രചന സഫലമാകുന്നത്‌ എന്ന സംശയമാണയാള്‍ക്ക്‌.

"സംഗതി കൊഴുക്കുന്ന മട്ടാണ്‌. മഴ പെയ്യുന്ന മേഘങ്ങള്‍ക്കും രസിച്ചു.. തുള്ളിക്കൊരുകുടം എന്നാണ്‌- എന്നോ മറ്റോ എന്നെ പറയാനാവൂ- പഴയശെയിലിയില്‍- പറയേണ്ടത്‌ പറയുകയും ചെയ്യുന്നു. ഞാനായിട്ട്‌ പതിവ്‌ മാറ്റണ്ടാ മഴ നിന്നുപോയാലോ?"

പ്രതീകങ്ങളുടെയും ധ്വനികളുടെയും എല്ലാം കാലം സാഹിത്യത്തിന്‌ നഷ്ടമാവുകയാണ്‌. ജീവിതം തന്നെ പ്രതീക സമൃദ്ധമായാല്‍ സാഹിത്യം എന്തു ചെയ്യും? അപ്പോള്‍ മടങ്ങിപ്പോവുക എന്നു പറഞ്ഞാല്‍ വിശദീകരണത്തിലേക്ക്‌ പോവുക. കൃത്യത കിറുകൃത്യമാക്കുക.

"അങ്ങനെ മഴ വന്ന നാളൊരു- അല്ല മഴ വന്ന ദിവസമാണ്‌ നമ്മുടെ കഥ നടക്കുന്നത്‌.
വൃശ്ചികരാതിയിലെ ഉത്രാടസന്ധ്യയിലെ സരസ്വതീയാമത്തില്‍ കാര്‍ത്തികമുഹൂര്‍ത്തം"

ഫിക്ഷനും ജീവിതവും തമ്മില്‍ വ്യത്യാസമില്ലാതെ വരുമ്പോള്‍ താന്‍ പറയുന്നതെല്ലാം മറ്റാരോപറഞ്ഞതായി സംശയം വരാം. അത്‌ ചിലപ്പോള്‍ സംശയം മാത്രമല്ല, ശരിയുമാകാം. അപ്പോള്‍ പറയാനൊന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കരുതോ. എഴുത്തുകാരന്‌ അത്‌ പറ്റില്ല.

"എന്റെ ഒച്ച വേറിട്ട്‌ കേട്ടോ എന്നു ചോദിക്കുന്നില്ല. അത്‌ വേറാരോ ചോദിച്ചു എന്ന് എല്ലാവരും ആവര്‍ത്തിക്കുന്നു."

"ചക്ഷുശ്രവണഗളസ്ഥം ആ പ്രയോഗവും ഒരാള്‍ തറവാട്ട്‌ സ്വത്താക്കിയിരിക്കുന്നു.
സ്വകാര്യസ്വത്ത്‌ നശിക്കട്ടെ. ഉദാരവല്‍ക്കരണം സിന്ദാബാദ്‌! ആരെങ്കിലും
ഉപയോഗിച്ചുപേക്ഷിക്കാത്തവാക്കൊന്നും കിട്ടുകേല തനിക്ക്‌ എന്ന് സംശയം ചോദിച്ചു. "

നടക്കുന്നത്‌ ജീവിതമല്ല കലാരൂപമാണ്‌ എന്ന ബോധം ആസ്വാദകര്‍ക്ക്‌ ഉണ്ടാക്കുന്നത്‌ സ്പോണ്‍സര്‍മാരാണല്ലോ. ജീവിതത്തെ ഭാഗങ്ങളായി തിരിച്ച്‌ സ്പോണ്‍സര്‍ ചെയ്യുന്ന കാലം വന്നുചേര്‍ന്നിട്ടില്ല ഭാഗ്യമോ ദൌര്‍ഭാഗ്യമോ എന്തോ.

"ഇടവേള വേണമെങ്കില്‍ ഇവിടെയാണ്‌ സൌകര്യം. സ്പോണ്‍സര്‍മാരുണ്ടെങ്കില്‍ അവര്‍ക്കിവിടെ
ഒന്നുവിലസാം. കാശും കിട്ടും അതുകഴിഞ്ഞ്‌ രണ്ട്‌ ഇന്നിംഗ്സ്‌ ആകാം"

ജീവിതവും കലയും കളിയും തമ്മില്‍ ബദ്ധിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പിന്റെ സാദ്ധ്യതകളാണ്‌ ഇവിടെ തെളിയുന്നത്‌.

"ഉപഭോക്താവാണ്‌ ഇവിടെ ദൈവം. ഉള്ള വായനക്കാരെക്കൂടി അകറ്റിക്കളയരുത്‌. ഒരു കോപ്പി
വാങ്ങുന്നവര്‍ക്ക്‌ രണ്ടുകോപ്പി അഥവാ ഒരു കളര്‍ ടി.വി. സൌജന്യം. നറുക്കെടുപ്പില്‍
കഥാകൃത്തിന്‌ ഒന്നാം സമ്മാനം.- കഥയുടെ രണ്ട്‌ കോപ്പി."

വിശദമായ ആഖ്യാനത്തിനു ശേഷവും വായനക്കാരിലുള്ള സംശയം എഴുത്തുകാരന്‌ അവസാനിക്കുന്നില്ല. താന്‍ പറയുന്നതിന്‌ ഒരു ആധികാരികത അത്യാവശ്യമായി അയാള്‍ക്ക്‌ തോന്നുന്നു. ഒരു അടിക്കുറിപ്പുകൂടി കൊടുത്തതിനു ശേഷമാണ്‌ അയാള്‍ പിന്‍വാങ്ങുന്നത്‌.

'നാലുകാലുള്ളൊരു മാക്കാച്ചിപ്പെണ്ണിനെ
കോലു നാരായണന്‍ കട്ടോണ്ടുപോയി'
എന്ന നാടന്‍ പാട്ടാണ്‌ ആധാരം

വര്‍ത്തമാനകാലത്തിലെ ശുഭാന്തദുരന്തം ശക്തമായ ആക്ഷേപഭാഷയില്‍ അവതരിപ്പിക്കുകയാണ്‌ അയ്യപ്പപ്പണിക്കര്‍. വിദൂഷക വേഷത്തിന്റെ പരിഹാസസംശയങ്ങള്‍ ഈ രചനയില്‍ നിറഞ്ഞു നില്‍ക്കുന്നു. താനുള്‍പ്പെടുന്ന എഴുത്തുകാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന രചനാ ദുരന്തത്തെ നര്‍മ്മബോധം നിറഞ്ഞ ഘടനയില്‍ അവതരിപ്പിക്കുകയാണ്‌ അദ്ദേഹം. പുതിയ കാലഘട്ടത്തിലെ എഴുത്തുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്നതാണ്‌ ഈ രചന.

ഡോ. സി.ആര്‍.പ്രസാദ്‌

picture

Subscribe Tharjani |