തര്‍ജ്ജനി

സാമൂഹികം

എഴുത്ത്, വര, ലൈംഗികതയും

നിന്നെയെനിക്കറിയാം
നിന്റെ സഹശയനങ്ങളെ
യാത്രാമൊഴികളെ
മുറുകിയ പ്രണയങ്ങളെ
വിളറിത്തെറിച്ച
ശുക്ലങ്ങളെ
മദിരമദിച്ചു
ചൊടിച്ചു നില്‍ക്കും
തൊലിപ്പുറപ്പാടുകളെ
നിന്റെ
രഹസ്യങ്ങളെ സൂക്ഷിക്കും
തടിച്ചു നരച്ച ഉടയാടയെ
ഭ്രാന്തികളെ
വിഭ്രാന്തിയോടുരസിയ
നിന്റെ നെഞ്ചുരോമങ്ങളെ
മദം പൂണ്ട്
ഉടഞ്ഞു ചിന്തിയ
കലിപശപുരണ്ട
കൈകളെ.........
സമീര : -എഴുത്തിന്റെ ആഭിചാരം

ആ കറുത്ത
മുന്തിരിഞെട്ടിന്റെ
തിളക്കം തന്നെയാണ്
റെറ്റിനയില്‍
ആദ്യത്തെ ഛായാഗ്രഹണം.
അതിലേതു രന്ധ്രത്തിലാവാം
ചുണ്ടുകള്‍ കൊണ്ട്
ആദ്യത്തെ ഒപ്പ്.
എരിയോളയുടെ തവിട്ടുവൃത്തത്തില്‍
ആദ്യ ഉറക്കത്തിന്‍
പരവതാനി.
രൂപേഷ് പോള്‍ : - മുലകളെക്കുറിച്ച് മൂന്നുകാര്യങ്ങള്‍

എഴുത്ത്, വര എന്നീ സംവര്‍ഗങ്ങള്‍ ആവിഷ്കരണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സ്വാതന്ത്ര്യാനുഭവത്താല്‍ പല തോതിലും സമവായപ്പെടുന്നുണ്ട്. ഓരോ സംവര്‍ഗത്തിനും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്തമായ പരിസരങ്ങളാണുള്ളത് എന്നതുകൊണ്ട് ഇവയുടെ സമീകരണത്തിന്റെ സാദ്ധ്യതയെ ഒരു കേവലപ്രശ്നമായി നേരിടാനാവില്ല. താരതമ്യപഠനങ്ങള്‍ക്കൊന്നും തന്നെ വ്യക്തിധാരണകളെയും കാഴ്ചപ്പാടുകളെയും അതിജീവിക്കാനാവുന്നില്ല എന്നതു തന്നെ കാതലായ പ്രശ്നം.

എഴുത്തിനെയും വരയെയും സംബന്ധിച്ചിടത്തോളം ആവിഷ്കരണത്തില്‍ യുക്തിഭദ്രമായ സമാനതകളുണ്ട്. എഴുത്തിലെയും വരയിലെയും ലൈംഗികതയുടെ പ്രകടനങ്ങളെ ഈ സ്വാതന്ത്ര്യ പഠനം കൊണ്ടു മാത്രം വിശകലനവിധേയമാക്കാനാവില്ല. എഴുത്തിന്റെയും വരയുടെയും സ്വതന്ത്ര മണ്ഡലങ്ങളേക്കാള്‍ സങ്കുചിതമാണ് ലൈംഗികതയുടെ സ്വാതന്ത്ര്യമണ്ഡലം. തികച്ചും വ്യക്തിപരമായ ജീവിതാവിഷ്കാരത്തില്‍ നിന്ന് അത്യപൂര്‍വമായ വിചിത്രഭാവന(ഫാന്റസി)യിലേയ്ക്കു വരെ എഴുത്തിനു കടന്നു പോകാനാവും. ആവിഷ്കരണത്തില്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യം വരയ്ക്കുന്നയാളിനു ലഭിച്ചുകൊള്ളണമെന്നില്ല. ലൈംഗികതയുടെ കാര്യത്തിലാവട്ടെ ഇത്രയൊന്നും സ്വാതന്ത്ര്യം ഒരു വ്യക്തിയും അനുഭവിക്കുന്നില്ല.

തുടക്കത്തില്‍ ഉദ്ധരിക്കപ്പെട്ട രണ്ടു പുതിയ കവിതകള്‍ ഈ സംഗതികളെ വെല്ലുവിളിക്കുന്നുണ്ട്. എഴുത്തിലെ ലൈംഗികതയുടെ ആവിഷ്കാരത്തില്‍ സ്ത്രീയും പുരുഷനും എന്ന വ്യത്യസ്തതയെ അതിശയിക്കുന്ന ഒരു സ്വാതന്ത്ര്യം സമീരയും രൂപേഷ്‌പോളും അനുഭവിക്കുന്നുണ്ട്. ഈ നിഗമനങ്ങള്‍ ജീവിതത്തിലെയും എഴുത്തിലെയും ലൈംഗികപ്രകടനങ്ങളെ മാത്രമല്ല, ലൈംഗികതയോടുള്ള സമീപനത്തെയും നിലപാടുകളെയും വിശകലനത്തിനെത്തിക്കുന്നു.

ഇവിടെ നിന്നും നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്നുവരുന്ന ചര്‍ച്ചകളിലേയ്ക്കാണ് പോകേണ്ടത്. ചര്‍ച്ചയിലേയ്ക്കുള്ള പ്രബുദ്ധമായ തിരിച്ചുവരവിന് അതു സഹായകമായിരിക്കും.

മുഖ്യധാരയില്‍ പലതോതില്‍ പല തലങ്ങളില്‍ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ എന്ന പുസ്തകം വിശകലനം ചെയ്യപ്പെട്ടു കഴിഞ്ഞു. എല്ലാ വിമര്‍ശനങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമപ്പുറം ഈ പുസ്തകം ചരിത്രപരമായ ഒരു വീണ്ടു വിചാരത്തിനു തുടക്കം കുറിച്ചു. ഒരു ലൈംഗിക തൊഴിലാളിയ്ക്ക് പറയാനുള്ളത് സ്വന്തം ലൈംഗികതയെക്കുറിച്ചല്ലെന്നും, സാധാരണ മനുഷ്യജീവിതത്തിന്റെ തിക്താനുഭവങ്ങളാണെന്നുള്ള തിരിച്ചറിവ് കേരളസമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തമായ സംഭാവന. സുരക്ഷിതമായ സ്വന്തം ഇടങ്ങളില്‍ നിന്നു കൃതി വായിക്കുന്നവരെയല്ല നിസ്സഹായമായി അപകടസ്ഥിതികളില്‍ നിന്ന് സ്വയം ആക്രമിക്കുന്ന വായനക്കാരെയാണ് ഈ ആത്മകഥ ഉന്നം വയ്ക്കുന്നത്.

ടി. പദ്മനാഭനും എം മുകുന്ദനുമടക്കം പല ശ്രദ്ധേയരായ എഴുത്തുകാരും നളിനി ജമീലയുടെ ആത്മകഥയ്ക്കെതിരെ പ്രതിരോധം ഉയര്‍ത്തിയിട്ടുണ്ട്. പൊതുവില്‍ ഈ പ്രതിരോധങ്ങളുടെ എല്ലാം പ്രേരണ ആത്മകഥ ഉത്പാദിപ്പിക്കാവുന്ന ലൈംഗികതൊഴിലിന്റെ ജനകീയ വത്കരണത്തോടുള്ള ഭീതിയില്‍ നിന്നും ഉണ്ടായിട്ടുള്ളതാണ്. എഴുത്തുകാരും ചിത്രമെഴുത്തുകാരും കേരള സമൂഹത്തില്‍ പൊതുവില്‍ കേട്ടുക്കേള്‍വി പോലുമില്ലാത്ത ലൈംഗിക പ്രകടനങ്ങളെ എഴുത്തിലൂടെയും വരയിലൂടെയും ആവിഷ്കരിക്കുമ്പോള്‍, ഒരു ലൈംഗിക തൊഴിലാളി സമൂഹം അംഗീകരിക്കുന്ന ഭാഷയില്‍ സ്വന്തം ദുരനുഭവങ്ങള്‍ വിവരിക്കുകയാണ്. ഇതിലേതാണ് ഏറ്റവും പെട്ടെന്ന് നമ്മുടെ യുവത്വത്തെയോ സമൂഹത്തെ ആകമാനമോ സ്വാധീനിക്കുന്നത്? കേവലയുക്തിയിലൂടെ ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.

എഴുത്തുകാരും ബുദ്ധിജീവികളുമടങ്ങുന്ന ആത്മാവോളം ‘ഇന്‍സെന്‍സിറ്റീവ്’ ആയ ഒരു സമൂഹത്തോടാണ് നളിനി ജമീല തന്റെ ദുരിതപൂര്‍ണ്ണമായ ജീവിതാനുഭങ്ങള്‍ പങ്കു വയ്ക്കുന്നത്. ഓരോ എഴുത്തുകാരനും ഉപയോഗപ്പെടുത്തിയിട്ടുള്ള കഥാപാത്രങ്ങളെ തെരുവില്‍ ഉപേക്ഷിച്ച് സ്വതന്ത്രമായ എഴുത്തിന്റെ ഒരു ‘മധ്യവര്‍ഗരാഷ്ട്രീയം’ രൂപീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ‘ഇന്‍സെന്‍സിവിറ്റി’ അതിന്റെ പാരമ്യത്തിലെത്തുകയാണ്.

നളിനിജമീലയുടെ പുസ്തകത്തിന്റെ ഒരു സ്ത്രീ വായനയ്ക്ക് കേരളത്തിലെ ഒരു സ്ത്രീ പോലും തയ്യാറാവാന്‍ തരമില്ല. പ്രാണവായു പോലും പുരുഷകേന്ദ്രീകൃതമാവുന്ന ഒരു കാലഘട്ടത്തില്‍ സ്ത്രീയുടെ ചിന്തയും വായനയുമെല്ലാം പുരുഷനുവേണ്ടിയാണ് നടത്തപ്പെടുന്നത്. ആണ്‍കോയ്മ വ്യവഹാരത്തിനു പുറത്തുകടന്ന് ഒരു സ്ത്രീയ്ക്ക് നളിനിജമീലയോട് സംസാരിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലില്ല.

എഴുത്തിലും ജീവിതത്തിലും ലൈംഗികതയെ സംബന്ധിച്ച നിലപാടുകളും സമീപനങ്ങളും അഭിമുഖീകരിക്കേണ്ടത് സമീരയുടെയോ രൂപേഷ്‌ പോളിന്റെയോ പവിത്രന്‍ തീക്കുനിയുടെയോ താക്കീതുകളുടെ ഭാഷ്യങ്ങള്‍ കൊണ്ടു മാത്രമല്ല; നളിനി ജമീലമാരുടെ നിസ്സഹായതയുടെ തേങ്ങലുകള്‍ കൊണ്ടു കൂടിയാണ്.

അജില്‍ ഋഷികേശ്
Subscribe Tharjani |