തര്‍ജ്ജനി

നിയമം

കോടതിക്കാവശ്യം മുന്‍‌വിധികള്‍

കഴിഞ്ഞ ഡിസംബര്‍ 3-നു ‘അന്വേഷി‘ നടത്തിയ നിയമശില്പശാലയില്‍ സംബന്ധിച്ച് സുപ്രീം കോടതിയിലെ പ്രസിദ്ധ അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ‘ഗാര്‍ഹികാതിക്രമം തടയല്‍’ ബില്ലിനെക്കുറിച്ചും ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും നടത്തിയ വിശദീകരണം.

“നമ്മുടെ ജീവിതത്തില്‍ നിയമത്തിനെന്തു സ്ഥാനമാണുള്ളത്? കോടതികളില്‍ ജഡ്‌ജിമാര്‍ക്കും വക്കീലന്മാര്‍ക്കും ആവശ്യമുള്ള അവസാനത്തെ പ്രയോഗമാണ് നിയമം. ആദ്യം അവര്‍ക്കാവശ്യമുള്ളത് മുന്‍‌വിധികള്‍ മാത്രം. നമ്മുടെ അഭിഭാഷകരില്‍ നിന്നും ജഡ്ജിമാരില്‍ നിന്നും നിയമത്തെ രക്ഷിച്ച് സാധാരണക്കാരുടെയും പീഡിതരുടെയും കൈകളില്‍ ഏല്‍പ്പിക്കാന്‍ സമയം വൈകിയിരിക്കുന്നു. നിയമം നമുക്ക് നല്‍കുന്നത് സാമൂഹിക മാറ്റത്തിനുള്ള സമരങ്ങള്‍ക്കു് ഉപയോഗിക്കാനാവശ്യമായ ഉപകരണമാണ്.

Indira Jaising Photo

‘ഗാര്‍ഹികാക്രമണം തടയല്‍’ ബില്ലില്‍ കുടുംബത്തിന്റെ ഏതാണ്ടെല്ലാ ഘടനയെയും കണക്കിലെടുത്തു കൊണ്ട്, കുടുംബത്തിനുള്ളിലെ അതിക്രമങ്ങള്‍ തടയാനുള്ള സാമൂഹികമായ ചില വ്യവസ്ഥകള്‍ അടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നിയമചരിത്രത്തില്‍ ആദ്യമായി ‘ഗാര്‍ഹിക പീഡനം’ എന്ന വാക്ക് നിയമത്തിലുന്നയിക്കപ്പെട്ടത് ഈ ബില്ലിലൂടെയാണ്.

സര്‍ക്കാര്‍ കൊണ്ടുവന്ന പൊതു മിനിമം പരിപാടിയില്‍ സ്ത്രീകളെ പരിഗണിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സോണിയാഗാന്ധിയും ദേശീയ വനിതാ കമ്മീഷനും സമ്മര്‍ദ്ദം ചെലുത്തി അതില്‍ രണ്ടു പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ; പാര്‍ലമെന്റിലെ വനിതാ സംവരണം, ഗാര്‍ഹിക പീഡനം തടയല്‍ ബില്‍ എന്നിവ. ബില്ല് പാസ്സായ ദിവസം ഏറെ വിചിത്രമായിരുന്നു. രാജ്യസഭ ചേര്‍ന്ന അവസാന ദിവസം, അവസാന നിമിഷമാണത് പാസ്സാകുന്നത്. (2005 ആഗസ്റ്റ് 24-നു)

കുടുംബം എന്ന അര്‍ത്ഥത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ഒരുമിച്ചു ജീവിക്കുന്ന മനുഷ്യരെ കൂടി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സ്ത്രീ സംഘടനകള്‍ ആവശ്യം ഉന്നയിക്കുകയുണ്ടായി. കുടുംബത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് ബി ജെ പി യിലെ സ്ത്രീകള്‍ ഇതിനെ എതിര്‍ത്തു. അഖിലേന്ത്യാ മഹിളാ അസോസിയേഷനും ബില്ലിലെ ചില വ്യവസ്ഥകളെ എതിര്‍ത്തിരുന്നു. കുടുംബത്തിനുള്ളിലെ അതിക്രമങ്ങള്‍ തറ്റയുന്നത് നിരീക്ഷിക്കാന്‍ പരിരക്ഷകനെ/പരിരക്ഷകയെ നിയമിക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ ഈ കാര്യം നിര്‍ബന്ധമുള്ളതല്ല. ഒട്ടും മാനുഷിക പരിഗണന കാണിക്കാത്ത, ലിംഗ സമത്വത്തെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ വേവലാതിയില്ലാത്ത ഉദ്യോഗസ്ഥരാവും ‘പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരാ‘വുക എന്നതായിരുന്നു ഈ വ്യവസ്ഥയെ എതിര്‍ക്കാനുള്ള കാരണം. ഇതൊരു പ്രത്യേക കേഡര്‍ അല്ലെങ്കിലും ഈ ‘പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍’ കോടതിയുടെ മേല്‍നോട്ടത്തിന്‍ കീഴിലാണെന്നത് ആശാവഹമാണ്.

കോടതി സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു മായിക ലോകമാണ്. ഒരു തരത്തിലുള്ള പിടിപാടും ഇല്ലാതെ, പരമ്പരാഗതമായ വിവാഹത്തിലേര്‍പ്പെട്ട സ്ത്രീ, അവളുടെ ജീവിതകാലം മുഴുവന്‍, പങ്കാളിയ്ക്ക് നല്‍കാം എന്ന ലൈംഗിക ഉടമ്പടിയാണുണ്ടാക്കുന്നത്. കോടതിലെത്തും മുന്‍പ് സ്ത്രീകള്‍, നീണ്ട വര്‍ഷങ്ങള്‍ അക്രമത്തിനിരയാവുകയോ അക്രമം സഹിക്കുകയോ ചെയ്യുന്നുണ്ട്. ഗാര്‍ഹിക പീഡനങ്ങള്‍ തടയുക എന്നത് ജഡ്ജിമാരുടെ താത്‌പര്യമേ അല്ല എന്നതാണ് വലിയ തമാശ. അവരെപ്പോഴും ഞങ്ങളോട് ആവശ്യപ്പെടുന്നത് വിവാഹ മോചനത്തിനുള്ള പരാതി ഫയല്‍ ചെയ്യാനാണ് !

ലിംഗസമത്വത്തിലൂന്നിയ സമീപനം ‘ഗാര്‍ഹികാതിക്രമം തടയല്‍’ ബില്ലില്‍ കാണാം. ഈ ബില്ല് സ്ത്രീകള്‍ക്ക് വിപുലമായ നിയമപരിരക്ഷ നല്‍കുന്നു. ബില്ല് നിയമമായാല്‍ സിവിലും ക്രിമിനലുമായ നിയമങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നിയമസഹായം ലഭ്യമാക്കാം. പീഡിതയാകുന്ന വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കില്‍ ആര്‍ക്കും കേസ് ഫയല്‍ ചെയ്യാവുന്നതാണ്. വീട്ടിനകത്തെ നിരന്തരമായ പീഡനം തടയുന്നതില്‍ ഈ ‘നിയമം’ എന്തുചെയ്യുമെന്നത്, ഇതു നടപ്പിലാക്കുന്നതെങ്ങനെയായിരിക്കും എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു.

ഇന്ദിരാ ജയ്‌സിംഗ്
തയ്യാറാക്കിയത് : ഗിരിജ
Subscribe Tharjani |