തര്‍ജ്ജനി

ഓര്‍മ്മ

‘ഇവിടെ ഞാനും ജീവിച്ചിരുന്നു’

വി പി ശിവകുമാര്‍ എന്ന വ്യക്തിത്വത്തിന് കേരളത്തില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. മലയാള കഥാസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുകയോ അദ്ദേഹത്തിന്റെ എഴുത്തിനെ നിരൂപിക്കുകയോ എന്റെ ലക്ഷ്യമല്ല. കഥയുടെ ലോകത്ത് വി പി എസ് എത്രത്തോളം ശക്തനാണോ അതിനേക്കാളുപരി അദ്ദേഹം സാന്നിദ്ധ്യമറിയിച്ച ഒന്നാണ് അദ്ധ്യാപന രംഗം. ശിഷ്യഗണങ്ങളുടെ മനസ്സില്‍ എന്നും ജീവിക്കുന്ന ഓര്‍മ്മയായിത്തന്നെ അദ്ദേഹം നിലനില്‍ക്കുകയാണ്. വി പി ശിവകുമാറിന്റെ ശിഷ്യനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഉണ്ടായ ചെറിയ സംഭവങ്ങള്‍ - എന്നെ പോലുള്ളവര്‍ക്ക് അമൂല്യമായവ- ഓര്‍ത്തെടുക്കുകയാണിപ്പോള്‍ ഞാന്‍.

vp sivakumar pic

സാറിന്റെ അദ്ധ്യാപനരീതി അനുകരണീയമായിരുന്നെങ്കിലും അദ്ദേഹത്തെ അനുകരിക്കുക എളുപ്പമാണെന്നു തോന്നുന്നില്ല. സമയം നഷ്ടമായി എന്ന തോന്നല്‍ ആ ക്ലാസ്സുകള്‍ ഉണ്ടാക്കിയിരുന്നില്ല എന്നതാണ് പ്രധാനം. ഇടതടവില്ലാത്ത ഒഴുക്കായിരുന്നില്ല, ആ ക്ലാസ്സുകള്‍. വിജ്ഞാനങ്ങളുടെ ഇടിമഴയുമായിരുന്നില്ല. പതിഞ്ഞ ശബ്ദത്തില്‍ വാക്കുകള്‍ പരമാവധി പിശുക്കി അദ്ദേഹം പറഞ്ഞു തുടങ്ങുമ്പോള്‍ ഞങ്ങള്‍ പേനയെടുക്കുകയായി. സി വി രാമന്‍പിള്ളയുടെ കൃതികളായിരുന്നു മിക്കപ്പോഴും വിഷയം. അല്ലെങ്കില്‍ താരതമ്യ സാഹിത്യം. പുസ്തകം വായിച്ച് വിവരിക്കുന്നത് ഒരു ബോറന്‍ രീതിയാണെന്ന് വി പി എസ് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു. ഒരു വാക്യത്തിനു ശേഷം കുറേ മൌനം. അതു വച്ച് ഉപന്യാസമെഴുതാം. മഞ്ഞുത്തുള്ളിയില്‍ ഹിമവാനെക്കണ്ട അനുഭവം!

ക്ലാസ് ആരംഭിക്കുന്ന സമയത്തിനു അഞ്ചുമിനിട്ട് വൈകിയായിരുന്നു അദ്ദേഹം സാധാരണ വരിക. കൈയില്‍ ഒരു തൂവാലയുണ്ടാകും; മറ്റൊന്നുമില്ല. വന്ന് മേശയ്ക്കു സമീപം കസേരയിലിരുന്നാല്‍ ചുറ്റും ക്ലാസ്സില്‍ ഒരു നോട്ടമാണ്. ചിലപ്പോള്‍ ഒന്നു ചിരിച്ചെന്നു വരും. സാറിന്റെ സാന്നിദ്ധ്യം അറിഞ്ഞ കുട്ടികള്‍ ശ്രദ്ധ അദ്ദേഹത്തിലേയ്ക്കാക്കുന്നു. ഒരിടവേളയുടെ നിശ്ശബ്ദത. പതിയെ തുടങ്ങുകയായി. വാക്കുകളുടെ ശ്രദ്ധാപൂര്‍വമുള്ള വിന്യാസം. സി വിയുടെ ലോകത്തിലേയ്ക്കും മറ്റും കയറിപ്പോയ ക്ലാസ് നിശ്ചിത സമയത്തിനും അഞ്ചു മിനിട്ട് മുന്‍പേ തീരുകയാണ് പതിവ്.

അന്തരീക്ഷം പരുവപ്പെടുത്തുന്ന കാര്യത്തില്‍ വി പി എസ് എന്നും ശ്രദ്ധിച്ചിരുന്നു. താന്‍ പറയുന്ന വിഷയത്തിനു അനുയോജ്യമായ ഒരവസ്ഥ; ഒരു നിശ്ശബ്ദത അദ്ദേഹം ബോധപൂര്‍വം ക്ലാസില്‍ കൈവരുത്തുമായിരുന്നു. ഒരു അനുഭവം ഓര്‍ക്കാതിരിക്കാനാവില്ല. ക്ലാസെടുക്കുന്നതിനായി അദ്ദേഹം എത്തി. കെട്ടിടത്തിനു വെളിയില്‍ പട്ടിക്കുഞ്ഞിന്റെ കരച്ചില്‍. ക്ലാസ് തുടങ്ങിയെങ്കിലും അദ്ധ്യാപകന്റെ പതിഞ്ഞ ശബ്ദത്തെ കവച്ചു വയ്ക്കുന്ന രീതിയിലായിരുന്നു പട്ടിക്കുഞ്ഞിന്റെ മോങ്ങല്‍. സാര്‍ ക്ലാസ് നിര്‍ത്തി. പട്ടിയും നിര്‍ത്തി. ശല്യം തീര്‍ന്നെന്നു കരുതി സാര്‍ വീണ്ടും തുടങ്ങി. പട്ടിയും വിടുന്നില്ല. ക്ലാസു നിര്‍ത്തി കുറേ നേരം പട്ടിയുടെ ദിശയില്‍ നോക്കിയ അദ്ദേഹം പറഞ്ഞു ‘മുജ്‌ജന്മ സുകൃതം’. പണ്ട് പന്തളത്ത് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരദ്ധ്യാപകന്റെ ബോറടിപ്പിക്കല്‍ അസഹനീയമായപ്പോള്‍ തൊട്ടടുത്ത പറമ്പില്‍ നിന്ന് ഒരു പട്ടിക്കുഞ്ഞിനെ ക്ലാസ്സില്‍ കൊണ്ടിട്ട കാര്യം അദ്ദേഹം ചെറു ചിരിയോടെ ഓര്‍മ്മിച്ചു. പഴയക്കാലത്തിന്റെ വിടാതെയുള്ള പിന്തുടരലാണിതെന്ന വിലയിരുത്തലോടെ ‘ഇന്ന് ഇങ്ങനെ മതി’ എന്നു പറഞ്ഞ് അദ്ദേഹം ക്ലാസ് നിര്‍ത്തി ഇറങ്ങിപ്പോയി.

ഞങ്ങളുടെ ബിരുദാനനന്തര പഠനം അവസാനിക്കാറായി. വളരെ ശക്തമായ സൌഹൃദങ്ങള്‍ ഇഴപിരിയുമെന്ന ദുഃഖത്തിന്റെ തീവ്രതയില്‍ ഒരു ദിവസം ആരോ ക്ലാസു മുറിയുടെ ഒരു ഭാഗത്ത് എഴുതിയിട്ടു : ‘ഭൂഷനും
ശിവനും
ബാബുരാജും
രാജശേഖരനും
ശ്രീകുമാറും ഇവിടെ ജീവിച്ചിരുന്നു.’
തൊട്ടടുത്ത് അതുപോലെ അമൃതയും സുധയും അച്ചാമ്മയും ശ്രീദേവിയും ഇവിടെ ജീവിച്ചിരുന്നെന്ന്.
ക്ലാസെടുക്കാന്‍ അകത്തേയ്ക്കു കയറിയ വി പി എസ് ഈ എഴുത്തു കണ്ടു. ഞങ്ങളെ ഓരോരുത്തരെയും നോക്കി അതീവഹൃദ്യമായി ചിരിച്ചു. തുടര്‍ന്ന് ക്ലാസിന്റെ ആഴങ്ങളിലേയ്ക്കു പോയി.

പതിവുപോലെ നിശ്ചിത സമയത്തിനു മുന്‍പ് ക്ലാസ് നിര്‍ത്തിയ അദ്ദേഹം വീണ്ടും ഭിത്തിയിലേയ്ക്കു നോക്കി. എന്നിട്ടു പറഞ്ഞു: “ഇവിടെ ഞാനും ജീവിച്ചിരുന്നു”.

എകദേശം ഒന്നര വര്‍ഷം കൂടിയെ അദ്ദേഹം ഭൂമിയിലുണ്ടായിരുന്നുള്ളൂ. ‘സാര്‍, കാലത്തിനോ മാറ്റത്തിനോ മായ്ക്കാനാവാതെ ഞങ്ങളുടെ ഓര്‍മ്മയുടെ താളുകളില്‍ എഴുതിയിരിക്കുകയാണ് വി പി ശിവകുമാര്‍ ഇവിടെ ജീവിച്ചിരുന്നു’ എന്ന്.

എം കെ രാജശേഖരന്‍
Subscribe Tharjani |