തര്‍ജ്ജനി

പി.ജെ.ജെ.ആന്റണി

വെബ്:www.periyartmc.com.

Visit Home Page ...

ലേഖനം

ക്രിസ്തുമസ്‌ ദിനങ്ങളില്‍ ദാരിദ്ര്യത്തെക്കുറിച്ചുള്ള സംസാരം ബോറടിപ്പിക്കുന്നുണ്ടോ?

ദാരിദ്ര്യത്തെക്കുറിച്ചുള്ള സംസാരം ബോറടിപ്പിക്കുന്നുണ്ടോ? കേക്ക്‌, വൈന്‍, വിസ്കി, പുതുവസ്ത്രങ്ങള്‍, ക്രിസ്തുമസിന്റെ വര്‍ണ്ണവിളക്കുകള്‍, ആഘോഷമായ പാതിരാക്കുര്‍ബാന, നാനാതരം അപ്പങ്ങളും ഇറച്ചിക്കറികളും ഇതിന്റെയൊക്കെയിടയില്‍ ദരിദ്രരുടെ വിശപ്പടങ്ങാത്ത വയര്‍ ഒരു അരോചകചിഹ്നമാണ്‌. എന്തുചെയ്യാം? ബത്‌ലഹേമിലെ ആ കന്നാലിവീട്‌ ദരിദ്രരുടെ ഇല്ലായ്മകളെ പിന്നെയും പിന്നെയും ഇഷ്ടഭക്ഷണം പോലെ നമ്മുടെ പ്ലേറ്റുകളിലേക്ക്‌ വിളമ്പുന്നു. ഉണ്ണിക്കുരുന്ന് കൈകാലുകള്‍ ഇളക്കി ചിരിക്കുകയാണോ കരയുകയാണോ? കന്നിമേരിക്കും ഔസേപ്പിനും കുറച്ചുക്കൂടി ഭംഗിയായി വസ്ത്രം ധരിക്കാമായിരുന്നു. ക്രിസ്തുമസ്‌ പപ്പായും പൂജരാജാക്കന്മാരുമാണ്‌ ഒരാശ്വാസം. ഇങ്ങിനെയും നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ക്രിസ്തുമസ്‌ വാസ്തവത്തില്‍ ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും ഓര്‍മ്മപ്പെടുത്തലല്ലേ? ലോകം കണ്ട ഏറ്റവും കരുത്തുറ്റതും ആഡംബരവിലസിതവുമായ സാമ്രാജ്യം അമേരിക്കയല്ല, പഴയ ബ്രിട്ടനുമല്ല. ഇന്ന് യൂറോപ്പിലെ പിന്നോക്ക സാമ്പത്തികച്ചേരിയില്‍ നില്ക്കുന്ന പഴയ പടക്കുതിരകളായ പോര്‍ച്ചുഗലും സ്പെയിനുമല്ല. ലോകം കണ്ട ഏറ്റവും വലിയ രാഷ്ട്രീയശക്തി സീസര്‍മാരുടെ റോമാസാമ്രാജ്യം തന്നെയായിരുന്നു. അതിന്റെ പ്രൗഢിയുടെയും ധാരാളിത്തത്തിന്റെയും നേര്‍വിപരീതമായിട്ടാണ്‌ യേശു ബത്‌ലഹമിലെ കന്നുകാലിത്തൊഴുത്ത്‌ പിറക്കാന്‍ തിരഞ്ഞെടുത്തത്‌. പ്രപഞ്ചത്തിന്റെ അധിനാഥനും ഭൂസ്വര്‍ഗ്ഗങ്ങളെ കിഴുമേല്‍ മറിക്കാന്‍ കെല്പുള്ളവനുമായ ആ കുരുന്ന് എന്തുകൊണ്ടാണ്‌ ഇല്ലാവല്ലായ്മകളുടെ ഇടയില്‍ നമ്മളുമായി സന്ധിച്ചത്‌? സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്ക്‌ അതേപടി പറിച്ചുനടുകയായിരുന്നോ? ദൈവം ദരിദ്രനോ സമ്പന്നനോ? ദാവീദിന്റെ വംശം എന്നൊക്കെ മേനിനടിച്ച്‌ ആ ദാരിദ്ര്യത്തിന്‌ ഇല്ലാത്ത മോടി നല്കാന്‍ അന്നും ആളുകള്‍ ഉണ്ടായിരുന്നു. ഭൗതികസമ്പന്നതയുടെ അടയാളമായ്‌ മൂന്ന് രാജാക്കന്മാരെ ആ കുപ്പമാടത്തിലെത്തിച്ച്‌ തൊഴുവിപ്പിച്ചത്‌ ആരുടെയെങ്കിലും അപകര്‍ഷതയെ ഇല്ലാതാക്കാന്‍ ആയിരുന്നോ? ത്രിലോകങ്ങളുടെ ഉടയോന്‌ അത്‌ സത്യമായും ചന്തവും പ്രഭയും ചാര്‍ത്തിയോ? കാളിദാസനും കാലത്തിന്റെ ദാസന്‍ എന്നെഴുതിയ സാക്ഷാല്‍ ജോസഫ്‌ മുണ്ടശ്ശേരിയെ ആര്‍ക്കെങ്കിലും ഓര്‍മ്മവരുന്നുണ്ടോ?

കമ്യൂണിസ്റ്റ്‌ കക്ഷികള്‍ക്കുപോലും ദാരിദ്ര്യം ബോറടിപ്പിക്കുന്നതാവുകയും ഫൈവ്സ്റ്റാര്‍ റോഡുകളും കമ്പനികളും വിമാനത്താവളങ്ങളും ഷെയര്‍മാര്‍ക്കറ്റും പളപളപ്പന്‍ യുവചാനലുകളും പഥ്യമാകുന്ന ഈ കാലത്തും കാലിത്തൊഴുത്ത്‌ വല്ലാത്തൊരു വൈരുദ്ധ്യം തന്നെയാണ്‌. ഇതായിരിക്കുമോ പഴയകമ്യൂണിസ്റ്റുകാരുടെ വൈരുദ്ധ്യാത്മകദര്‍ശനം? നട്ടപ്പാതിരായ്ക്ക്‌ മനുഷ്യരുടെയിടയില്‍ വന്നുപിറന്ന ഈ കുരുന്ന് കുഞ്ഞ് നമ്മുടെ സുഖനിദ്രയ്ക്ക്‌ താരാട്ടാവില്ലെന്നത്‌ നിശ്ചയം. ചോക്ലേറ്റും ഐസ്ക്രീമും നുണയുംപോലെ ക്രിസ്മസും നുണയാനാവില്ല. നമുക്ക്‌ ചുറ്റും കണ്ണെഴുതി പൊട്ടുംകുത്തി നില്ക്കുന്ന ലോകം പൊളിയാണെന്ന് ക്രിസ്തുമസിനും പട്ടിണി കിടക്കേണ്ടിവരുന്ന ദരിദ്രരുടെ കുഞ്ഞുങ്ങള്‍ നമ്മളോട്‌ പറയാതെ പറയുന്നുണ്ട്‌. കരോളും ക്രിബും കേക്കും ആശംസകളും പുത്തനുടുപ്പും കൊണ്ട്‌ നമുക്കത്‌ മായ്ചുകളയാനും ആവില്ല. ക്രിബില്‍ ചിരിക്കുന്ന പൊന്നുണ്ണിക്ക്‌ ചുറ്റും എണ്ണിയാലൊടുങ്ങാത്ത കുഞ്ഞുങ്ങള്‍ കരഞ്ഞുനില്ക്കുന്നതും കാണുക വേണം. പണ്ട്‌ സംശയരോഗിയും ഭീരുവുമായ ഹെറോദേസ്‌ കൊന്നൊടുക്കിയ കുരുന്നുകളുടെ കാര്യമല്ല ഞാനുദ്ദേശിച്ചത്‌. നമുക്കിടയില്‍ത്തന്നെ ജീവിച്ചിരിക്കുന്ന കുരുന്നുകളുടെ കാര്യമാണ്‌.

വായനക്കാരില്‍ പലരും ഇപ്പോള്‍ നെറ്റിചുളിക്കുന്നുണ്ടാകും. നമ്മുടെ സുന്ദരകേരളത്തില്‍ ഇനിയും പട്ടിണിയോ എന്ന് അത്ഭുതം കൂറുന്നുണ്ടാകും. നിര്‍ഭാഗ്യവശാല്‍ ആശംസാകാര്‍ഡുകളിലെ ക്രിസ്തുമസ്‌ പപ്പയും മഞ്ഞുകാഴ്ചകളും പോലെ അയഥാര്‍ത്ഥമാണ്‌ സുന്ദരകേരളവും തിളങ്ങുന്ന ഇന്ത്യയുമെല്ലാം. ടെലിവിഷന്‍ പകരുന്ന ലോകക്കാഴ്ച ചോക്ലേറ്റ്‌ മിഠായികളുടേതാണ്‌. ജീവിതത്തെ അങ്ങിനെയുള്ള ചതുരക്കാഴ്ചകളിലേക്ക്‌ പരിമിതപ്പെടുത്തുന്നവര്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ സത്യത്തിന്റെ ദര്‍ശനഭാഗ്യമാണ്‌. പാതിരാകഴിഞ്ഞും നീളുന്ന ക്രിസ്തുമസ്‌ ഷോപ്പിംഗ്‌ഉത്സവങ്ങള്‍ ഉറക്കം കെടുത്തുന്ന കുറച്ചധികം പേര്‍ നമ്മുടെ സുന്ദരകേരളനഗരങ്ങളിലുണ്ട്‌. കടകള്‍ അടച്ചുകഴിഞ്ഞാല്‍ അതിന്റെ വരാന്തകളെ വീടും കുടിയുമാക്കി രാപാര്‍ക്കാനിരിക്കുന്നവര്‍. സദാചാരവാദികള്‍ക്ക്‌ അവരെ നോക്കി നെറ്റിചുളിക്കാം, നിയമപാലകര്‍ക്ക്‌ അവരുടെ തെരുവുറക്കത്തിലേക്ക്‌ ലാത്തിവീശാം, കളക്ടര്‍ക്കും ആര്‍.ഡി.ഓയ്ക്കും കുടിയൊഴിക്കല്‍ മാമാങ്കം നടത്തി നഗരശുചീകരണം നടപ്പാക്കാം, ഭക്തസംഘടനകളിലെ ചുള്ളന്മാര്‍ക്ക്‌ തെരുവുവാസികളാണ്‌. കളവും കൊള്ളയും കൊലയും ഇവരാണെന്ന് ആക്രോശിക്കാം, പ്രാര്‍ത്ഥനാക്കൂട്ടങ്ങള്‍ അവരുടെ മാനസാന്തരത്തിനായി നൈറ്റ്‌ വിജിലുകള്‍ സംഘടിപ്പിക്കാം, രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ അത്യാവശ്യം ജാഥ, ധര്‍ണത്തൊഴിലാളികളായും ഇവര്‍ പ്രയോജനപ്പെട്ടേക്കാം. എന്നെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ക്ക്‌ ഒരു കണ്ണീര്‍ ഫീച്ചറിനുള്ള സാദ്ധ്യതയും തെരുവില്‍ തിളങ്ങുന്നുണ്ട്‌. എന്നിട്ടും നമ്മളിവരെ ക്രിസ്തുമസ്‌ കാലത്ത്‌ പുല്‍ക്കൂടിന്റെ പരിസരങ്ങളില്‍ നിന്നും നിഷ്കാസിതരാക്കുന്നതെന്തിന്‌?

നൂറ്റിപ്പത്തുകോടിയോളം ഇന്ത്യക്കാരുണ്ടെന്നാണ്‌ നമ്മുടെ റിപ്പബ്ലിക്കിന്റെ സ്ഥിതിവിവരം പറയുന്നത്‌. അതിന്റെ അഞ്ചിലൊന്ന് ജനസംഖ്യക്കണക്കുകളിലൊന്നും പെടാതെ, റേഷന്‍ കാര്‍ഡും വോട്ടവകാശവുമില്ലാതെ, മക്കളെ സ്കൂളുകളില്‍ അയയ്ക്കാതെ നമ്മുടെതെരുവുകളിലും വനങ്ങളിലും ഇഷ്ടികക്കളങ്ങളിലുമായി പാര്‍ക്കുന്നുണ്ടെന്നാണ്‌ സമാന്തരകണക്കുകള്‍ പറയുന്നത്‌. ഭയപ്പെടേണ്ട, ഇവരാരും പാതിരാക്കുര്‍ബാനയ്ക്ക്‌ വരില്ല, ജന്മാഷ്ടമിപൂജയ്ക്ക്‌ അമ്പലസന്ദര്‍ശനം നടത്താറില്ല. മിനാരങ്ങളുടെ ബാങ്കുവിളി ഇവരെ ഉദ്ദേശിക്കുന്നുമില്ല. ഇവരാണ്‌ ബത്‌ലഹമിലെ കന്നാലിക്കൂട്ടിന്‌ ചുറ്റും ദാരിദ്രരുടെ രാജകുമാരന്‍ പിറന്നതറിഞ്ഞ് ആദ്യം ഓടിക്കുടിയത്‌. യേശു വീടുവിട്ടിറങ്ങി ഇവര്‍ക്കൊപ്പമാണ്‌ പരസ്യജീവിതം പാര്‍ത്തത്‌. ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നുമില്ല എന്നൊക്കെ ഇവരോടല്ലാതെ മറ്റാരോടാണ്‌ അവന്‌ പറയാനാവുക? ഇവരോളം നന്നായി മറ്റാര്‍ക്കാണ്‌ അതിന്റെ അര്‍ത്ഥപ്പൊലിമ അതിന്റെ പൂര്‍ണ്ണതയില്‍ അറിയാനും അനുഭവിക്കാനും ആവുക? വീടുപേക്ഷിച്ചവന്‍ കുടിയൊഴിക്കപ്പെട്ടവരോടൊപ്പം കഴിയുന്നതില്‍ അഭൗമമായൊരു മൂല്യമുണ്ട്‌.

ഇന്ത്യയിലെ ദരിദ്രരില്‍ ദരിദ്രരായ ഈ ഇരുപതുശതമാനം ഇന്ത്യക്കാര്‍ എല്ലാ അര്‍ത്ഥത്തിലും കുടിയൊഴിക്കപ്പെട്ടവരും ഭ്രഷ്ടരുമാണ്‌. വീടുകളില്‍ നിന്ന്, ഗ്രാമങ്ങളില്‍ നിന്ന്, പൊതുസമൂഹത്തില്‍ നിന്ന്, വ്യവസ്ഥാപിതമായ രാഷ്ട്രീയവും മതവും ഉള്‍പ്പെടെയുള്ള എല്ലാ ഇടങ്ങളില്‍ നിന്നും ഭ്രഷ്ടരാക്കപ്പെട്ടവര്‍. നര്‍മദാതീരങ്ങളും മൂലമ്പള്ളിയും, ധാതുനിക്ഷേപങ്ങളുള്ള കുന്നിഞ്ചരിവുകളുമെല്ലാം വികസനത്തിന്റെ പേരില്‍ ആരൊക്കെയോ നോട്ടമിടുന്നു. ഭ്രഷ്ടര്‍ നാനാദേശങ്ങളിലും പെരുകുന്നു.വ്യവസ്ഥാപിത സമൂഹം ഇവര്‍ക്കെതിരെ ഹൃദയം കഠിനമാക്കുമ്പോളാണ്‌ മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്‌. ഇത്‌ മനസ്സിലാക്കാന്‍ പരാജയപ്പെടുന്നതുകൊണ്ടാണ്‌ കേന്ദ്രസര്‍ക്കാരും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും ഒരേസ്വരത്തില്‍ മാവോയിസ്റ്റുകളാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ ആപത്തെന്ന് വിളിച്ചുകൂവുന്നത്‌. ദാരിദ്ര്യമാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് തിരിച്ചറിയുകയും വിളിച്ചുപറയുകയും ചെയ്യുന്നതിനുപകരം പോക്കണംകെട്ട രീതിയില്‍ അതിനെ മറച്ചുപിടിക്കാനാണ്‌ ഈ കോണ്‍ഗ്രസ്‌-കമ്യുണിസ്റ്റ്‌ ജാരബന്ധം.

ഇന്ത്യന്‍ സമൂഹത്തിനുമുന്നില്‍ രണ്ട്‌ പോംവഴികളെയുള്ളു. സാമൂഹികനീതി അല്ലെങ്കില്‍ സിവില്‍ വാര്‍. ഒറീസ്സ, ജാര്‍ക്കണ്ഡ്‌, ഉത്തരാഞ്ചല്‍, ബംഗാള്‍, ആന്ധ്രപ്രദേശ്‌, ഛത്തീസ്ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ധാതുസമ്പന്നമായ ദളിത്‌-ആദിവാസി മേഖലകളില്‍ അവരെ കുടിയൊഴിപ്പിച്ച്‌ ഖനനം തുടങ്ങാന്‍ കേന്ദ്ര-സംസ്ഥാന ഗവര്‍മെന്റുകള്‍ വന്‍കിടകമ്പനികളുമായി ഇതിനകം കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്‌ എന്ന സൈനികനടപടി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന്‌ ആണ്ടുകളായി ഈ മലമ്പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരുകള്‍ അന്യായമായി തുനിഞ്ഞിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും നിരാലംബരായ ദരിദ്രരുടെ പക്ഷം ചേര്‍ന്ന് വായ്ത്താരിയിടാന്‍ പോലും വന്നില്ല. വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കാം എന്ന ടെലിവിഷന്‍ചര്‍ച്ചയുടെ തിരക്കിലായിരുന്നു വ്യവസ്ഥാപിതരാഷ്ട്രിയകക്ഷികള്‍. ആരുടെ വികസനം എന്ന അടിസ്ഥാനചോദ്യം എല്ലാവരും തന്ത്രപൂര്‍വം ഒളിപ്പിച്ചു. അങ്ങിനെയാണ്‌ മാവോയിസ്റ്റുകള്‍ ഒരുവശത്തും മറ്റുള്ളവരെല്ലാം മറുവശത്തുമെന്ന അതിസൗകര്യപ്രദമായ സമവാക്യം രൂപപ്പെട്ടത്‌.

മാവോയിസ്റ്റുകള്‍ എന്ന് തന്ത്രപൂര്‍വം മുദ്രകുത്തപ്പെട്ടുകഴിഞ്ഞ ജനവിഭാഗത്തിന്‌ ടെലിവിഷന്‍ കാണാനുള്ള ഭാഗ്യം ഇനിയും ഉണ്ടായിട്ടില്ല. അവരുടെ ഭാഗം വാദിക്കാനും ടെലിവിഷനില്‍ ആരുമില്ല. എസ്‌.എം.എസ്‌ അയച്ച്‌ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ മൊബൈല്‍ ഫോണുമില്ല. ആകെയുള്ളത്‌ പഴയ അമ്പും വില്ലും പിന്നെ പട്ടാളം വന്നാലും വീടും കുടിയും വിട്ടുകൊടുക്കില്ല എന്ന ഗ്രാമീണവും നിസ്സഹായവുമായ തീര്‍പ്പും. ഇവരെയാണ്‌ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ചേര്‍ന്ന് അപകടകാരികളും അക്രമികളുമെന്ന് മുദ്രചെയ്തിരിക്കുന്നത്‌. വിഘടനവാദികളും മതതീവ്രവാദികളുമായും മറ്റെല്ലാവിധ അക്രമികളും വിധ്വംസകപ്രവര്‍ത്തകരുമായും ചര്‍ച്ചയും ഒത്തുതീര്‍പ്പുകളും ആകാം. പക്ഷേ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തിയവരുമായി മാത്രം അതൊന്നുമില്ലെന്ന സര്‍ക്കാര്‍സമീപനം സംശയകരമാണ്‌. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന പഴയ ഏര്‍പ്പാടുതന്നെ. ഖനിയുടമകള്‍ യെദ്ദിയൂരപ്പയെ മാത്രമല്ല സോണിയ ഗാന്ധിയെയും പ്രകാശ്‌ കാരാട്ടിനെയും വിറപ്പിക്കും.

ശരിയാണ്‌, അക്രമം ഒന്നിനും ശാശ്വതമായ പരിഹാരമല്ല. പക്ഷേ നിരക്ഷരരും, വോട്ടവകാശമില്ലാത്തവരും, മാദ്ധ്യമപിന്തുണ കിട്ടാത്തവരുമായ ഈ ദരിദ്രരെ മാവോവാദികളുടെ കുടക്കീഴിലേക്ക്‌ തള്ളിവിട്ടവര്‍ ആരാണ്‌? വികസനത്തിന്റെ പേരില്‍ സഹസ്രാബ്ദങ്ങളായ പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്നും കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ ജനങ്ങളെ ഇറക്കിവിടാന്‍ ആര്‍ക്കാണ്‌ അവകാശമുള്ളത്‌? ഈ ക്രിസ്തുസ്‌ പാതിരായില്‍ യേശുക്കുരുന്നിന്റെ ചുറ്റും കൂടുന്ന ദരിദ്രര്‍ അവനോടും നമ്മളോടും ചോദിക്കുന്ന ചോദ്യങ്ങളില്‍ നിശ്ചയമായും ഇവയും ഉള്‍പ്പെടും.

Subscribe Tharjani |
Submitted by sreekrishnadas mathoor (not verified) on Mon, 2009-12-21 19:41.

Sri PJJ's article stands at right thinking in the context of new era. Even as technology grown high and distributed widely, the unequal life system continues in many forms.
We are growing to split and our diversity increases to new horizones.. Any time we are leaving spaces between lives. Perhaps our life is flowing water in between unequal hights..

Good article to read at this festive season!!

My wishes.

Sasneham
Mathoor