തര്‍ജ്ജനി

മുഖമൊഴി

മറക്കാന്‍ വച്ചവ...

പുനര്‍ജ്ജന്മം നമ്മുടെ സിനിമകള്‍ക്ക് പ്രിയങ്കരമായൊരു കഥാതന്തുവായിരുന്നു. പ്രത്യേകിച്ച് എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും. മരണഭയത്തെ അതിജീവിക്കാനുള്ള തന്ത്രം എന്നതിലുപരി, ഓര്‍മ്മകളെ ജന്മാന്തരങ്ങളിലേയ്ക്ക് വഹിച്ചു കൊണ്ടു പോകാനുള്ള ത്വരയായും നമുക്ക് ഇന്നിപ്പോള്‍ ആ പ്രമേയങ്ങളെ വായിച്ചെടുക്കാം.നാം കൈകാര്യം ചെയ്ത പ്രേതകഥകളെല്ലാം ഓര്‍മ്മയുടെ കാലാന്തരത്തിലുള്ള വീണ്ടെടുപ്പിനെയാണ് വൈകാരികമായി ആവിഷ്കരിച്ചത്. ‘മണിച്ചിത്രത്താഴു’ള്‍പ്പടെ. 1971-ലാണ് കെ എസ് സേതുമാധവന്‍ സംവിധാന ചെയ്ത ‘ഒരു പെണ്ണിന്റെ കഥ’ പുറത്തിറങ്ങുന്നത്. കൌമാരകാലത്ത് തനിക്കേറ്റ അപമാനത്തിന്റെ കറ, ഒരു പെണ്‍കുട്ടി പ്രതികാരത്തിലൂടെ മായ്ക്കുന്നതാണ് അതിന്റെ സ്ഥൂലമായ ആശയം. ‘ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ’ എന്ന പ്രസിദ്ധമായ വരികള്‍ ആ സിനിമയിലെ നായിക പാടുന്ന ഒരു ഗാനത്തിലെയാണ്. പാടിയ സന്ദര്‍ഭം വ്യത്യസ്തമാണെങ്കിലും അവള്‍ നിലനിര്‍ത്തിയ ഓര്‍മ്മയാണ് അവളുടെ വ്യക്തിത്വത്തെ കരുത്തുള്ളതാക്കിയത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായതു കൊണ്ട് ഈ പാട്ടിനു പ്രത്യേക പ്രസക്തിയുണ്ട്, സിനിമയില്‍. മലയാളി ഏറ്റവുമധികം നെഞ്ചേറ്റി ലാളിച്ച വരികളിലൊന്നു കൂടിയാണിത്.

പത്മരാജന്റെ ‘ഇന്നലെ’ എന്ന ചിത്രമാണ് സാമാന്യ ജനങ്ങള്‍ക്ക് ‘അംനീഷ്യ’ എന്ന അസുഖത്തെക്കുറിച്ചു പറഞ്ഞു കൊടുത്തത്. ജീവിതം വര്‍ത്തമാനവും ഭാവിയും മാത്രമാവുകയും ഭൂതകാലം ഇല്ലാതെയാവുകയും ചെയ്യുന്ന സവിശേഷമായ അവസ്ഥയാണത്. ഗതകാലത്തിന്റെ (ചരിത്രത്തിന്റെ) മാളങ്ങളില്‍ നിന്ന് ഒരു അനുഭവവും ഇഴഞ്ഞിറങ്ങി വന്ന് ആഞ്ഞുകൊത്തില്ല എന്നു വരുന്നത് സുഖസന്ദായകമായ അനുഭൂതിയാണ്, വ്യക്തിയ്ക്കും സമൂഹത്തിനും. വിവാഹിതയായിരുന്നിട്ടും ഒരു രണ്ടാം പ്രണയത്തെ സാക്ഷാത്കരിച്ചെടുക്കാന്‍ പറ്റി അതിലെ നായികയ്ക്ക്. അതും സദാചാരത്തിന്റെ സോഡാക്കുപ്പി കണ്ണടയിട്ട ഒരു സമൂഹത്തിന്റെ മുന്നില്‍. കാരണം ‘അംനീഷ്യ’.

നമ്മുടെ ജനപ്രിയ സിനിമകളൊന്നും പ്രണയം, പ്രതികാരം ഇവയ്ക്കപ്പുറത്തേയ്ക്കു നീളുന്ന വൈകാരിക പ്രശ്നങ്ങളെ മേശപ്പുറത്തു വച്ചില്ല. സാമൂഹിക-രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങളുള്ള മലയാള സിനിമകള്‍ കുറച്ചു കൂടി മുന്നോട്ടു പോയി. അവ കാഴ്ചക്കാരുടെ ചരിത്ര ബോധത്തെ കൂടെ നടത്തി. കബനീ നദി ചുവന്നപ്പോള്‍ (ബക്കര്‍) അമ്മ അറിയാന്‍( ജോണ്‍ എബ്രഹാം) മീനമാസത്തിലെ സൂര്യന്‍ (ലെനിന്‍ രാജേന്ദ്രന്‍) മുഖാമുഖം, കഥാപുരുഷന്‍ (അടൂര്‍) നെയ്ത്തുകാരന്‍ (പ്രിയനന്ദനന്‍) .... തുടങ്ങിയവ എല്ലാം ഉന്മിഷത്തായ ഓര്‍മ്മകളുടെ ഒത്തുത്തീര്‍പ്പില്‍ മാത്രം ആസ്വാദിക്കാവുന്നവയാണ്. കേരളത്തില്‍ അപചയത്തിന്റെ രാഷ്ട്രീയം ആരംഭിക്കുന്നത് ‘വിമോചന സമരത്തിന്റെ’ വിജയത്തോടെയാണെന്നു സൂചിപ്പിക്കുന്ന ടി വി ചന്ദ്രന്റെ സിനിമയ്ക്ക് ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്നാണ് പേര് എന്നോര്‍ക്കുക. വ്യക്തികള്‍ക്കു പകരം ഈ സിനിമകള്‍ ഒരു സമൂഹത്തിന്റെ ഓര്‍മ്മശക്തിയിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത് എന്നര്‍ത്ഥം.

വൈകാരികമായാലും വൈജ്ഞാനികമായാലും കേരളീയ സമൂഹത്തിന്റെ ഓര്‍മ്മകളുടെ പേശീബലം എത്രത്തോളം വരും?

കേരളത്തിലെ ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിരാമന്‍ അടിയോടി എന്ന സത്യാഗ്രഹി ബല്ലാരി ജയിലില്‍ 43 ദിവസത്തെ നിരാഹാര സമരത്തെ തുടര്‍ന്നാണ് മരിച്ചത്. 1940-ലെ മൊറാഴ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട 35 പേരില്‍, കെ പി ആര്‍ ഗോപാലനു മാത്രമാണ് കോടതി തൂക്കുക്കയര്‍ വിധിച്ചത്. ഗാന്ധിജി ഇടപ്പെട്ടതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദുചെയ്യപ്പെട്ട അദ്ദേഹം പിന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു, ആദ്യ മന്ത്രിസഭയില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ചു. ഒടുവില്‍ നിസ്വനായി മരിച്ചു. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിയുയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ച മറ്റൊരു കോണ്‍ഗ്രസുകാരനായ വിഷ്ണു ഭാരതീയന്‍ ഉടുതുണിയ്ക്കു മറുതുണിയില്ലാതെ, തിരുവോണ ദിവസം ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാതെ, തന്റെ ദിനസരികള്‍ ഡയറിയില്‍ മാത്രം എഴുതി കഴിഞ്ഞു.

നാം ഇവരെയൊക്കെയും എന്നോ മറന്നു.

കേരളത്തിലെ സമകാല രാഷ്ട്രീയ സംഭവങ്ങള്‍ വീണ്ടും കോണ്‍ഗ്രസ്സ്, ഇടതുപക്ഷം എന്നിങ്ങനെയൊക്കെയുള്ള സങ്കീര്‍ണ്ണതകളെ സമക്ഷത്തു കൊണ്ടു വരുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ വിദ്യാര്‍ഥി സമരങ്ങളായിരുന്നു പ്ലസ് ടു ബോര്‍ഡ് സമരവും വിളനിലം പ്രശ്നവും. രണ്ടിലും ടി എം ജേക്കബ് പ്രതിസ്ഥാനത്തായിരുന്നു, കുറഞ്ഞപക്ഷം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളമെങ്കിലും. ഇടതുപക്ഷം തിരുവനന്തപുരം ഉപതെരെഞ്ഞെടുപ്പിനായി ഡി ഐ സിയുമായി സഖ്യമുണ്ടാക്കിയപ്പോഴും പോളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശമനുസരിച്ച് പിന്നീട് മനസ്സില്ലാ‍ മനസ്സോടെ പിരിഞ്ഞപ്പോഴും തലമൂത്ത രാഷ്ട്രീയക്കാരേക്കാള്‍ ഉച്ചത്തില്‍ ഡി ഐ സി നേതാക്കളെ ന്യായീകരിച്ചതും പ്രശംസിച്ചതും പഴയ വിദ്യാര്‍ത്ഥികളാണ്. ഇപ്പോഴത്തെ യുവനേതാക്കള്‍!

അഴിമതിയും കൈക്കൂലിയും ‘ലൈവായി’ ടി വിയില്‍ നാം കണ്ടു. പീഡനത്തിന്റെ അപമാനം സഹിക്കാന്‍ വയ്യാതെ അനഘ എന്നൊരു ബ്രാഹ്മണ പെണ്‍കുട്ടി ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. ശാരി ആശുപത്രിയില്‍ വച്ചു മരിച്ചു, തന്നോട് നീതികേടു കാട്ടിയ കുറ്റവാളികളെ ആരെയും ചൂണ്ടിക്കാട്ടാതെ. ജോലിയ്ക്കു ജാതിയുണ്ടെങ്കിലും പീഡനങ്ങള്‍ക്ക് ജാതിയില്ലല്ലോ. നീതുവിനെ സ്വന്തം ടീച്ചര്‍ തന്നെ ജാതിപേരു വിളിച്ച് കളിയാക്കി. ഒരു സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന ഫ്ലാറ്റിലേയ്ക്കുള്ള വെള്ളവും കറന്റും അയല്‍ക്കാര്‍ കട്ടു ചെയ്തു. താഴ്ത്തപ്പെട്ട ജാതിക്കാരിയുടെ ഓട്ടോ റിക്ഷയ്ക്കു തീയിട്ടു. പുസ്തകം എഴുതിയതു കൊണ്ട് നളിനി ജമീലയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആളുകള്‍ വാദിച്ചു. രാ‍ജനും വിജയനും ശേഷവും സുപ്രീം കോടതിയുടെ മനുഷ്യാവകാശ വിധി വലിയ ബോര്‍ഡുകളില്‍ എല്ലായിടത്തും പ്രദര്‍ശിപ്പിക്കപ്പെട്ട ശേഷവും കൊലപാതകങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ നടന്നു. മാനവ വികസനത്തിന്റെ സൂചികകളായി ഇവയിലേതെങ്കിലും സംഭവം വരുമോ?

ചിലതരം മനുഷ്യരെയും പ്രത്യേകതരം സമൂഹത്തെയും നിര്‍മ്മിക്കുന്നത് പാകപ്പെടുത്തിയ ഓര്‍മ്മകളാണ്. വ്യക്തികള്‍ മാത്രമല്ല മാദ്ധ്യമങ്ങള്‍ കൂടി പങ്കാളികളാണിത്തരം പാകപ്പെടുത്തലില്‍. ഇവിടെ നിന്ന് നമുക്ക് ഒരിടത്തേയ്ക്കു മാത്രമേ ഒഴുകി ചെല്ലാനുള്ളൂ. പരിണാമത്തിന്റെ തുടക്കത്തിലേയ്ക്ക്. സമ്പൂര്‍ണ്ണമായ സ്മൃതിരാഹിത്യത്തിലേയ്ക്ക്. അല്‍‌ഷിമേഴ്സിലേയ്ക്ക്. സാമൂഹിക ചലനങ്ങളെല്ലാം പച്ചവറ്റി ശമിച്ചുകൊണ്ടിരിക്കുന്ന ജനതയുടെ ബോധത്തെ ഇതിനേക്കാള്‍ ആര്‍ഭാടമുള്ള മറ്റേതു പേരു കൊണ്ട് വ്യവഹരിക്കും?

ജന്മാന്തരങ്ങളിലെ ഓര്‍മ്മകളെയെന്നല്ല, പുരുഷായുസ്സിലെ കാതലായ ഒരു ഓര്‍മ്മയെപ്പോലും മുന കൂര്‍പ്പിച്ചു നിര്‍ത്താനാവാത്ത വിധം ബോധമനസ്സിനു ക്ഷീണം ബാധിച്ചവരാണു നാം. ചരിത്രം ആവര്‍ത്തിക്കാന്‍ ശപിക്കപ്പെടുന്നത് ഇത്തരം ജനതയാണ്. അതതുകാലത്തെ സമൂഹത്തെയല്ലേ കല അടയാളപ്പെടുത്തുന്നത്? ഓര്‍മ്മകള്‍ മുഴുവന്‍ അസ്തമിച്ച് അപമാനവീകരിക്കപ്പെട്ടിട്ടും, സ്വാര്‍ത്ഥം നിറഞ്ഞ ഒരു സ്വപ്നം താലോലിച്ച് പുലരുന്ന ‘രമേശന്‍ നായര്‍’ (ബ്ലെസ്സിയുടെ ‘തന്മാത്രയിലെ നായകന്‍) ഇങ്ങനെയൊക്കെയാണ് നമ്മുടെ വര്‍ത്തമാന സമൂഹത്തിന്റെ പ്രതിനിധിയാവുന്നത്.

ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |
Submitted by Jayaseelan (not verified) on Tue, 2006-03-07 05:04.

Dear Sivakumar,
You said lot of things. Relevant things of course. But I can't understand what you actually want to say. Is it how Remesan Nair become the representative of our present society?

Submitted by anakoodan (not verified) on Sat, 2006-03-11 11:29.

വളരെ ഗൌരവത്തോടെ തുടങ്ങി പിന്നീട് കവല പ്രസംഗം പോലെയായി ശിവകുമാറിന്റെ എഴുത്ത്. പറയാനുള്ളത് പാതിവഴിയില്‍ മറന്ന അവസ്ഥ. മറക്കാന്‍ വച്ചവ എന്ന പേര് എന്തായാലും ശിവകുമാര്‍ അര്‍ത്ഥപൂര്‍ണമാക്കി....

Submitted by babu (not verified) on Sat, 2006-03-11 15:51.

i feel it is serious in last part. and perfectly connected certain things. he beautifully blended our present condition of irresposibility of social issues and one sided eyes of politicised society with present art form..film. but essay requires more examples, eg. eco-politics...spiritual trade... etc..some more wide spectrum. it made me think. thanks..

Submitted by Beena (not verified) on Fri, 2006-03-17 13:36.

ഒരാള്‍ ഒരു തിന്മയ്ക്കു നേരെ വിരള്‍ ചൂണ്ടുന്നു, അപ്പോള്‍ നമ്മള്‍ എങ്ങോട്ടാണ് നോക്കേണ്ടത്? ആ തിന്മയ്ക്കു നേരെയോ അതോ വിരള്‍ ചൂണ്ടുന്ന ആളിന്റെ ചൂണ്ടു വിരലിന്റെ ഭംഗിയിലേയ്ക്ക്? അയാളുടെ കുപ്പായത്തിലെ കീറലുകളിലേയ്ക്ക്?
പ്രതികരണങ്ങള്‍ കണ്ടു ചോദിച്ചു പോയതാണ്...

Submitted by Anonymous (not verified) on Tue, 2006-03-21 20:15.

ഒരാള്‍ ആജ്ഞാ ശക്തിയോടെ, തീപിടിച്ച വാക്കുകളോടെ തിന്മക്കു നേരെ വിരല്‍ ചൂണ്ടിയാല്‍ ആരുടെ ശ്രദ്ധയാണ് പതറുക. എന്നാല്‍ ചിതറിയ വാക്കുകളോടെ കൈ ശൂന്യതയിലിട്ടു കറക്കിയാല്‍ രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ പലര്‍ക്കും തോന്നിപ്പോകുന്നത് സ്വാ‍ഭാവികം.

Submitted by ശിവന്‍ (not verified) on Tue, 2006-03-21 22:43.

നല്ല വാക്കുകള്‍ക്കു നന്ദി.
ഏതെഴുത്തും വലിച്ചു നീട്ടിയ ഒരലങ്കാര പ്രയോഗമാണ്. വസ്തുവിനും(വസ്തുതയ്ക്കും) ഭാഷയ്ക്കുമിടയിലുള്ള ആലങ്കാരികയുക്തികളുടെ സോദ്ദേശ്യത സഹജീവികളെ ആകര്‍ഷിക്കുകയെന്നതാണ്. അവര്‍ കൂടി പങ്കെടുത്തുകൊണ്ടാണ് ഒരു സംവാദം അര്‍ത്ഥമുള്ളതായി തീരുന്നത്. അല്ലെങ്കില്‍ മുറിയിരുന്ന് ഉറക്കെ ചിന്തിച്ചാല്‍ മതിയല്ലോ. അത്രയേഉള്ളൂ. അതിനപ്പുറത്തുള്ള അവകാശവാദങ്ങളില്ല. മറവിയെ കുറിച്ചുള്ള എഴുത്തു തന്നെ മറവിയെ ഉദാഹരിക്കുന്നെങ്കില്തു നല്ല കാര്യമാണ്. നിര്‍ഭാഗ്യ വശാല്‍, ഉദാഹരണം നല്‍കാന്‍ താങ്കള്‍ മറന്നു. ആശയങ്ങളില്‍ നാമറിയാതെ കുഴപ്പം പിടിച്ച വൈകല്യങ്ങള്‍ കടന്നു കൂടാം, തെറ്റില്ലാതെ മനുഷ്യനില്ലല്ലോ..പക്ഷേ അനുവാചകന്റെ വിവേചനബുദ്ധിയുടെ പ്രയോഗം കൂടി വേണം അതു കണ്ടുപിടിക്കാനും എഴുതിയവനെയും മറ്റുള്ളവരെയും ബോദ്ധ്യപ്പെടുത്തികൊടുക്കാനും‍. സ്വന്തം ആശയങ്ങളെ കൂട്ടിച്ചേര്‍ത്ത് അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന അത്തരം ചര്‍ച്ചകളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

പക്ഷേ ഭൂരിപക്ഷത്തിനെയും നയിക്കുന്നത് മറ്റൊരു യുക്തിയാണ് എന്നു തോന്നുന്നു. അതായത് എല്ലാം എന്നെ രസിപ്പിക്കാനുള്ളതാണ് എന്ന യുക്തി. അതിന്റെ ടെര്‍മിനോളജികളാണ് ‘ആജ്ഞാശക്തിയും’‘തീ പിടിച്ച’ വാക്കുകളുമൊക്കെ. അത്യന്തികമായി അങ്ങനെയുള്ള വാക്കുകളാണ് എന്നെ രസിപ്പിക്കുന്നത് എന്നാണു സുഹൃത്തേ താങ്കള്‍ പറഞ്ഞതിന്റെ അര്‍ത്ഥം.

സ്വന്തം രാഷ്ട്രീയ നിലപാടോ, മുന്‍‌ധാരണകളോ, പക്ഷപാതങ്ങളോ, അബോധപ്രേരണകളോ, സഹജ വൈകല്യങ്ങളോ ഒക്കെ, കാര്യങ്ങളെ എതിര്‍ക്കാന്‍ കാരണമാവാം. ഒന്നോ രണ്ടോ വാക്യത്തില്‍ നിഷേധക്കുറിപ്പെഴുതുന്ന ആളിന് ഇതൊന്നും വേവലാതിയാവേണ്ടതില്ല. മറുകുറി എഴുതുമ്പോള്‍ എനിക്ക് ഇതെല്ലാം ആലോചിക്കേണ്ടതുണ്ട്. സ്വന്തം പേരുപോലും മറച്ചുവയ്ക്കുന്ന ഒരാള്‍, പഴയ കഥയില്‍ ജനമദ്ധ്യത്തില്‍ നിന്നു സത്യം വിളിച്ചു പറഞ്ഞ കുട്ടിയോട്‌ സ്വയം താരതമ്യം ചെയ്യുന്നതിലെ വൈരുദ്ധ്യം താങ്കള്‍ തന്നെ ശ്രദ്ധിച്ചുകാണുമല്ലോ. പഴയ ഫേബിളുകളുടെ കാലത്തു നിന്നും നാം വളരെ ദൂരം മുന്നോട്ടു പോയി സുഹൃത്തേ, ഇന്ന് രാജാവിന്റെ നഗ്നതയ്ക്കൊപ്പം സത്യം എന്ന മട്ടില്‍ വിളിച്ചു പറയുന്ന കുട്ടിയുടെ കാപട്യവും രാഷ്ട്രീയവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതാണ് ചിന്തിക്കുന്നവന്റെ/വളുടെ സമകാല കര്‍ത്തവ്യം.

ഇത് ഒരു തരത്തിലും എഴുത്തിന്റെ സാധൂകരണമല്ല, അലസവായനയുടെയും പരപുച്ഛസംസ്കാരത്തിന്റെയും നേരെയുള്ള എന്റെ നിലയ്ക്കുള്ള പ്രതിരോധമാണ്.

Submitted by babu (not verified) on Mon, 2006-03-27 12:41.

ആജ്ഞാശക്തിയോടെ തീപിടിച്ച വാക്കുകള്‍ ഉപയോഗിക്കുന്ന ഒരാളെ എനിക്കറിയാം..ഷാജികൈലാസിന്റെ സിനിമയിലെ സുരേഷ് ഗോപി ! മോഹന്‍ ലാലും ഓകെ.. പക്ഷേ മമ്മൂട്ടി അത്ര വരില്ല.

Submitted by അരവിന്ദ് (not verified) on Thu, 2006-03-30 07:31.

ജയശീലവും ആനക്കൂടനും എന്താ പറ്റിയതെന്നറിയില്ല. എത്ര വ്യക്തമായിട്ടാണു് മലയാളിയുടെ മറവിയെക്കുറിച്ച് എഴുതിയിരിക്കുന്നത്. ശരിയല്ലേ പറഞ്ഞത്? മലയാളി അങ്ങനെയാണ്. രാഷ്ട്രീയ/സാമൂഹിക പ്രസക്തിയുള്ളതെല്ലാം എത്ര പെട്ടെന്ന് നാം മറന്നു പോകുന്നു. പകരം വ്യക്തിപരമായതൊക്കെ ഓര്‍ത്ത് ഓര്‍ത്ത്... രമേശന്‍ നായരെപ്പോലെ... ശിവന്‍ എഴുതിയത് ശരിയാണ്, രമേശന്‍ നായരാണിപ്പോള്‍ മലയാളിയുടെ യഥാര്‍ത്ഥ പ്രതിനിധി. അത് വ്യക്തമായി അറിയാവുന്ന ഒരു രാഷ്ട്രീയ നേതാവും നമുക്കുണ്ടല്ലോ... നോക്കൂ, തിരഞ്ഞെടുപ്പു കഴിയട്ടെ, നമ്മള്‍ അയാളെ വീണ്ടും ജയിപ്പിക്കും. പിന്നെ അതും മറക്കാം.

Submitted by Benny (not verified) on Thu, 2006-03-30 10:11.

ശിവകുമാറിന്റെ ലേഖനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സംവാദവേദിയിലാണ് നടക്കുന്നത്. ഇതാ അവിടേക്കു പോകാനുള്ള ലിങ്ക്:

സംവാദത്തിലേക്ക്