തര്‍ജ്ജനി

പി. പി. രാമചന്ദ്രന്‍

ഹരിതകം,വട്ടംകുളം പി.ഒ, മലപ്പുറം ജില്ല 679 578

വെബ്: ഹരിതകം

Visit Home Page ...

ലേഖനം

അവതരണകവിത മലയാളത്തില്‍

കുഞ്ചന്‍നമ്പ്യാരുടെ സംഭാവനകളെ മുന്‍നിര്‍ത്തി, മലയാളകവിതയുടെ അവതരണപാരമ്പര്യത്തെക്കുറിച്ചും സമകാലികസമൂഹത്തില്‍ അവതരണകവിതയ്‌ക്കുള്ള പ്രസക്തിയെക്കുറിച്ചും ഒരന്വേഷണം.

ഇതരസാഹിത്യരൂപങ്ങളെ അപേക്ഷിച്ച്‌, കവിത വാമൊഴിയുമായുള്ള അതിന്റെ അടുപ്പം പൂര്‍ണ്ണമായും ഉപേക്ഷിച്ചില്ല, വിശേഷിച്ച്‌ മലയാളത്തില്‍. ഉരുവിട്ടുപഠിക്കാനും ഉള്ളില്‍ക്കൊണ്ടു നടക്കാനും സാദ്ധ്യമാക്കുന്ന അതിന്റെ ഘടന ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നു. സൂക്ഷ്‌മമായ മാനസികഭാവങ്ങളോടൊപ്പം ഗഹനമായ ജീവിതദര്‍ശനങ്ങളും ആശയങ്ങളുമെല്ലാം താളബദ്ധമായ കൊച്ചുവാക്യങ്ങളില്‍ മുറുക്കിയും കുറുക്കിയും അവതരിപ്പിക്കാനുള്ള അതിന്റെ ശില്പചാരുതയാണ്‌ കവിതയ്‌ക്ക്‌ ഈ സവിശേഷസ്വീകാര്യത നല്കുന്നത്‌.

വാമൊഴിയുമായുള്ള അടുപ്പം കവിതയ്ക്ക്‌ ഒരു പ്രകടനകല എന്ന നിലനില്പും കല്പിക്കുന്നുണ്ട്‌. പാട്ടായിപ്പിറന്ന സാഹിത്യരൂപമാണല്ലോ കവിത. ലേഖനവിദ്യയും അച്ചടിയും വായനയെ സ്വകാര്യവത്‌കരിക്കുംമുമ്പ്‌ സാഹിത്യം നിലനിന്നത്‌ പാടിപ്പകര്‍ന്നുകൊണ്ടാണ്‌. മനുഷ്യകര്‍മ്മങ്ങളെ ചിട്ടപ്പെടുത്തിയ താളബോധമാണ്‌ വാക്കുകളുടെ തിരഞ്ഞെടുപ്പിനേയും ഉച്ചാരണത്തെയും നിര്‍ണ്ണയിച്ചിരുന്നത്‌.

ഞാറുനടുമ്പോഴും തോണിതുഴയുമ്പോഴും കുഞ്ഞിനെ ഉറക്കുമ്പോഴും മലയാളിക്ക്‌ താളമുണ്ട്‌. താളമേളങ്ങള്‍ക്ക്‌ മറ്റെങ്ങും കാണാത്ത അടിത്തറയുണ്ട്‌. നാട്ടിന്‍പുറത്തെ താളവൈവിദ്ധ്യം നാക്കിന്‍തുമ്പത്തും തുള്ളാതെങ്ങനെ? അങ്ങനെ ജീവിതാനുഭവങ്ങളും നിരീക്ഷണങ്ങളും ഭാവനയും ചിന്തയുമെല്ലാം പഴഞ്ചൊല്ലായും കടംകഥകളായും നാത്തുമ്പത്തു തുള്ളിത്തുളുമ്പി.

താളമുണ്ടെങ്കില്‍ തുള്ളലുമുണ്ട്‌. നമ്പ്യാര്‍ തുള്ളല്‍ക്കല കണ്ടുപിടിക്കയല്ല മറിച്ചാണ്‌ ഉണ്ടായത്‌ എന്നും പറയാം. അവതരണകവിതയുടെ എക്കാലത്തേയും ശ്രദ്ധേയനായ വക്താവാണ്‌ കുഞ്ചന്‍ നമ്പ്യാര്‍. കവിത അവതരിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ്‌ അദ്ദേഹം തുള്ളല്‍ എന്നൊരു കലാരൂപം സൃഷ്ടിക്കുന്നത്‌. കാവ്യഭാഷയുടെ തുള്ളലായിരുന്നു ആ കല.

ഒരുവഴിക്ക്‌, ദൃശ്യകലാരൂപം എന്ന നിലയിലും മറ്റൊരുവഴിക്ക്‌ സാഹിത്യപ്രസ്ഥാനം എന്ന നിലയിലും തുള്ളലിനെക്കുറിച്ച്‌ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സമീപകാലത്ത്‌ പാശ്ചാത്യനാടുകളില്‍ പ്രചാരത്തില്‍വന്ന Perfomance Poetry എന്ന സവിശേഷശാഖയുടെ സൗന്ദര്യസിദ്ധാന്തങ്ങളെ ഉപയോഗപ്പെടുത്തി ഒരു പഠനം മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതുമല്ല, കേവലം എണ്‍പതുകളില്‍ ഉടലെടുത്ത ഈ പ്രസ്ഥാനത്തിന്‌ സമാനമായ ധാരകള്‍ ഭാരതീയവും കേരളീയവുമായ പാരമ്പര്യത്തിലുള്ളത്‌ അന്വേഷിക്കപ്പെട്ടതായും തോന്നുന്നില്ല.

എന്താണ്‌ അവതരണകവിത? എഴുതിവായിക്കുന്നതും ചൊല്ലിയവതരിപ്പിക്കുന്നതും ആസ്വാദനത്തെ എങ്ങനെ സ്വാധീനിക്കുന്നു? മലയാളത്തിലെ കാവ്യാവതരണരീതികളേതെല്ലാമാണ്‌? അവയുടെ വികാസപരിണാമം എങ്ങനെയാണ്‌? അച്ചടിമാദ്ധ്യമങ്ങളുടെ ബാഹുല്യത്തിനുശേഷം (Post Gutenberg Era) പ്രചാരത്തിലായിക്കഴിഞ്ഞ ഡിജിറ്റല്‍ വിനിമയത്തിന്റെ കാലത്ത്‌ ഈ ധാരയ്ക്ക്‌ എന്താണു പ്രസക്തി? ഈവഴിക്കുള്ള ഒരന്വേഷണം മലയാളത്തില്‍ ഇന്നു നടക്കുന്ന കാവ്യചര്‍ച്ചകള്‍ക്ക്‌ ഒരു പുതിയദിശാബോധം നല്‍കാനും സഹായകമായേക്കും.

പ്രസിദ്ധീകരണത്തിനല്ലാതെ മുഖ്യമായും അവതരണത്തിനുവേണ്ടി രചിക്കപ്പെടുന്ന കൃതികളെയാണ്‌ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. എണ്‍പതുകളില്‍ അമേരിക്കയിലാണ്‌ ഈ പ്രസ്ഥാനം രൂപംകൊള്ളുന്നത്‌. ന്യൂയോര്‍ക്കിലെ നുയോറിക്കന്‍ പോയറ്റ്‌സ്‌ കഫേയില്‍നിന്നാണ്‌ ഇതിന്റെ തുടക്കമെന്നു കരുതുന്നു. ഈസ്റ്റ്‌ ഓഫ്‌ ഈഡന്‍ എന്ന ബാന്റിന്റെ മുഖ്യസംഘാടകയായ ഹെഡ്വിഗ്‌ ഗോര്‍സ്‌കിയെ ഈ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിയായി ചൂണ്ടിക്കാണിക്കുന്നു. Poetry Slam എന്ന കവിതാവതരണമത്സരം ഈ ശാഖയ്ക്ക്‌ അന്തര്‍ദ്ദേശീയപ്രാധാന്യം നല്കി. അലന്‍ഗിന്‍സ്‌ബെര്‍ഗ്ഗിനെപ്പോലെ പ്രശസ്തരായ പല കവികളും ഈ ശാഖയ്ക്ക്‌ സംഭാവനകള്‍ നല്കിയവരാണ്‌.

അരങ്ങിലവതരിപ്പിച്ചു എന്നതുകൊണ്ടുമാത്രം ഒരു രചന അവതരണകവിതയാവുന്നില്ല. കാവ്യബീജത്തിലും രൂപശില്പത്തിലും സ്വാഭാവികമായി ഉള്‍ക്കൊള്ളുന്ന സവിശേഷവും സഹജവുമായ ചില ധര്‍മ്മങ്ങളെ ആസ്പദമാക്കിയാണ്‌ ഒരു കവിതയുടെ അവതരണപരത നിശ്ചയിക്കാവുന്നത്‌. ചൊല്ലിയവതരിപ്പിക്കാന്‍ പാകത്തിലുള്ള വാക്യനിര്‍മ്മിതി, ശ്രവണമാത്രയില്‍ ആശയവിനിമയം സാദ്ധ്യമാക്കുന്ന ലാളിത്യം, വക്താവിന്റെ ഊന്നലുകള്‍ക്കും ആവര്‍ത്തനങ്ങള്‍ക്കുമുള്ള സാദ്ധ്യത, സഹൃദയരെ ഒരു സമൂഹമായി സംബോധനചെയ്യുന്ന ഘടന, അവരുടെ പ്രത്യക്ഷപങ്കാളിത്തത്തിനും സംവാദത്തിനും വഴങ്ങുന്ന ഘടന, തത്സമയരചന, സാമൂഹികപ്രശ്നങ്ങളില്‍ നേരിട്ട്‌ ഇടപെടുന്ന തുറന്ന സമീപനം, വിമര്‍ശനാത്മകമായ പ്രതിബദ്ധത... ഇങ്ങനെ നിരവധി സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍ കാണാം.

അച്ചടിയും വായനയും സാഹിത്യാസ്വാദനത്തെ ഒരു സ്വകാര്യവിനോദമായി മാറ്റുന്നതിനെതിരായ കലാപം അവതരണകവിത മുന്നോട്ടുവെക്കുന്നു. സാമൂഹിക ഇടപെടലിനുള്ള ഉപാധിയായി കവിതയെ മാറ്റുന്നതിലൂടെ അതിനു നഷ്ടമായ ജനസമ്മിതിയും പ്രയോജനപരതയും തിരിച്ചുപിടിക്കാനും അവതരണകവിതക്കു സാധിക്കുന്നു. ടെലിവിഷന്‍, റേഡിയോ തുടങ്ങി വെബ്‌ പബ്ലിഷിങ്ങും മള്‍ട്ടിമീഡിയയുമടങ്ങുന്ന ഉത്തരാധുനികസമൂഹത്തില്‍ കവിതയ്ക്ക്‌ അച്ചടിവടിവില്‍മാത്രം അതിജീവിക്കുക അസാദ്ധ്യവും അസംബന്ധവുമായിരിക്കും.

വാചികകലയ്ക്ക്‌ ശ്രേഷ്ഠമായ പാരമ്പര്യം മലയാളത്തിനുള്ളത്‌ നിസ്തര്‍ക്കമാണ്‌. വാക്കും പൊരുളും ഇഴവിടുര്‍ത്തി രസംചുരത്തുന്ന വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളുംകൊണ്ടു സമൃദ്ധമാണത്‌. പദംകൊണ്ടു പന്താടുന്ന അക്ഷരശ്ലോകസദസ്സുകളും മലയാളത്തിന്റെ തനതായ അവതരണശൈലിയാണ്‌. അച്ചടിയുടെയും സാക്ഷരതയുടേയും പ്രചാരം മലയാളത്തില്‍ ഇടക്കാലത്ത്‌ ഈ വാചികപാരമ്പര്യത്തെ നിസ്തേജമാക്കിത്തീര്‍ന്നു എന്നു വിചാരിക്കണം. നമ്പ്യാരുടെ തുള്ളലിന്‌ മൂര്‍ച്ചയുള്ള തുടര്‍ച്ചയുണ്ടായില്ല. കവിത വേദിയില്‍നിന്ന്‌ ഏടിലേക്ക്‌ കയറിക്കൂടി. പുസ്തകം പ്രമാണമായി.

അറുപതുകളില്‍ ഇരുണ്ടും എഴുപതുകളില്‍ ചുവന്നും കവിത മാറുന്നുണ്ടായിരുന്നു. യുവതയുടെ ക്ഷോഭിക്കുന്ന സുവിശേഷം മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ അവഗണിച്ചപ്പോള്‍ അത്‌ അരങ്ങിലെത്തി. കവിയരങ്ങ്‌ ഒരു സമരവേദിയായിത്തീര്‍ന്നു. ജനകീയ സാംസ്കാരികവേദികളില്‍ അച്ചടിക്കാത്ത കവിത മുഴങ്ങി. കടമ്മനിട്ടയുടെ പരുഷശബ്ദത്തില്‍ കുറത്തി ഉറഞ്ഞു. സുരാസു ചൊല്‍ക്കാഴ്ച അവതരിപ്പിച്ചു. നരേന്ദ്രപ്രസാദ്‌ പോയട്രി തിയ്യേറ്റര്‍ തുടങ്ങി. പണിക്കരും വെറുതെയിരുന്നില്ല. അതിനിടെ ശാസ്ത്രസാഹിത്യപരിഷത്ത്‌ കലാജാഥ നടത്തി. പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന കവിതകള്‍ സംഗീതനൃത്തശില്പങ്ങളായി.

പതുക്കെപ്പതുക്കെ മുഖ്യധാരയും അക്കാദമിക്‌ സമൂഹവും സമാന്തരപ്രവര്‍ത്തളെ സ്വീകരിച്ചു മുനയൊടിച്ചു. കവിയരങ്ങു ചടങ്ങായി. അല്ലെങ്കിലും അതു കവിതയുടെ അരങ്ങായിരുന്നില്ല, കവികളുടെ അരങ്ങായിരുന്നുവല്ലോ. പിന്നെ കാസറ്റു വന്നു. പഴയകാല ചലച്ചിത്ര-നാടകഗാനങ്ങളുടെ ഗൃഹാതുരതയുണര്‍ത്തുന്ന ആലാപനങ്ങളായി കവിത. പരുക്കന്‍തൊണ്ടകളെ മധുരശബ്ദങ്ങള്‍ കീഴ്‌പ്പെടുത്തി. യുവജനോത്സവവേദികളില്‍ കവിത പന്തയക്കുതിരയായി.

ഇന്ന്‌ പ്രസിദ്ധീകരണത്തിന്‌ തടസ്സങ്ങളില്ല. സമാന്തരപ്രവര്‍ത്തനങ്ങളെ നിഷ്പ്രഭമാക്കുംവിധം മുഖ്യധാര അതിന്റെ ധര്‍മ്മങ്ങളെക്കൂടി ഏറ്റെടുക്കുന്നുണ്ട്‌. മാത്രമല്ല, അവനവന്‍പ്രസാധനമെന്ന ബ്ലോഗുകള്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും നല്കുന്നു. എന്നിട്ടും കവിത ഒരിടപെടലായിമാറുന്നില്ല. അതു സ്വകാര്യപ്രകാശനത്തിനുള്ള കിളിവാതിലായിത്തന്നെ നിലനില്ക്കുകയാണോ?

കവിതയെ കൂടുതല്‍ ജനകീയവും സാധാരണക്കാരന്റെ ജീവിതസന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന ഉപകരണവുമാക്കിത്തീര്‍ക്കാന്‍ അവതരണകവിതയ്ക്കു കഴിയുമോ? നാളെ വികസിക്കേണ്ട പൂക്കളെ നമ്മുടെ വേരുകളില്‍ത്തന്നെ നമുക്കു തിരഞ്ഞുനോക്കാം.

Subscribe Tharjani |