തര്‍ജ്ജനി

മുഖമൊഴി

ജാഥകള്‍ പൂക്കുന്ന കാലം

പിണറായി വിജയന്‍ നയിച്ച ‘കേരളാമാര്‍ച്ച്‘ ജനുവരി 25-ന് തിരുവനന്തപുരത്ത് സമാപിച്ചു. പത്രവാര്‍ത്തയനുസരിച്ച് ‘സമാപനം കുറിച്ചു നടന്ന പ്രകടനം തലസ്ഥാന നഗരിയെ ചെങ്കടലാക്കി’. സാമൂഹികനീതിയും സമഗ്രവികസനവുമായിരുന്നു, കാസര്‍കോഡുനിന്നാരംഭിച്ച് 140 അസംബ്ലിമണ്ഡലങ്ങളിലൂടെ കടന്ന് തിരുവനന്തപുരത്ത് അവസാനിച്ച ജാഥയുടെ മുദ്രാവാക്യങ്ങള്‍. സാമൂഹിക നീതിയെന്നത് ഒരു ബൂര്‍ഷാ സങ്കല്‍പ്പമാണ്. വഴക്കമുള്ള ആ പ്രയോഗത്തിന് കാലാകാലം അര്‍ത്ഥം മാറുമെന്നുള്ളതുകൊണ്ടു മാത്രമല്ല, യഥാ‍ര്‍ത്ഥ വര്‍ഗപ്രശ്നങ്ങളില്‍ നിന്നു പാര്‍ട്ടി താത്‌പര്യങ്ങളെ അകറ്റാന്‍ ബൂര്‍ഷാസിയ്ക്കു അവസരം നല്‍കും എന്നുള്ളതുകൊണ്ടും ആദ്യകാല കമ്മ്യൂണിസ്റ്റുകള്‍ അനുകൂലിച്ച ആശയമല്ല സാമൂഹിക നീതി. തിരുവനന്തപുരത്തു നടന്ന കേരളാപഠന കോണ്‍ഗ്രസ്സ് പ്രധാനമായും ചര്‍ച്ച ചെയ്തത് അടുത്ത ‘പത്തു വര്‍ഷ’ത്തേയ്ക്കുള്ള സമഗ്രവികസനമായിരുന്നു എന്നുള്ളത് കേരളാമാര്‍ച്ചിന്റെ രണ്ടാമത്തെ മുദ്രാവാക്യത്തിന്റെ പ്രസക്തിയെ അടിവരയിടുന്നു. കേരളത്തില്‍ സാമൂഹികനീതി ഇല്ലെന്നും വികസനമുണ്ടെങ്കിലും അതു സമഗ്രമല്ലെന്നും ഇവരണ്ടും ആസന്നഭാവിയിലെ ഭരണകക്ഷിയായ സി പി എം വാഗ്ദാനം ചെയ്യുന്നു എന്നുമാണ് ‘കേരളാ മാര്‍ച്ച്’ എന്ന ജനസമ്പര്‍ക്ക പരിപാടി മുന്നിലേയ്ക്കു വയ്ക്കുന്ന അര്‍ത്ഥം. പോസ്റ്റര്‍ വിവാദമുള്‍പ്പടെ ജാഥയുടെ രാഷ്ട്രീയ വിവക്ഷകള്‍ ഏറെക്കുറെ വ്യക്തമാണ്.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെയും ജാഥാഗണത്തില്‍പ്പെടുത്താം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സാധാരണജനങ്ങളെ ബോധ്യപ്പെടുത്താനും പരാതികള്‍ നേരില്‍ സ്വീകരിക്കാനുമുള്ള കേരളായാത്രയായിരുന്നു അതും. കരുണാകരന്റെ തെറ്റിപ്പിരിയലും മറ്റുമായി, ഇടക്കാലത്ത് കോണ്‍ഗ്രസ്സിനുണ്ടായ ക്ഷീണം തീര്‍ത്ത് അതിനെ പ്രകാശിപ്പിക്കാനായിരുന്നു, രമേശ് ചെന്നിത്തല ‘ചൈതന്യയാത്ര’നടത്തിയത്. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പുമുന്നില്‍ക്കണ്ട്, മുരളീധരന്റെ നേതൃത്വത്തില്‍ ഡി. ഐ. സി (കെ) നടത്തിയ ജാഥ ആള്‍പ്പെരുപ്പവും വീറും കൊണ്ട് അന്നേ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വര്‍ഗീയതയ്ക്കും ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ‘യുവജനമാര്‍ച്ചാ’ണ് ഈ നിരയില്‍ അടുത്തത്. പുറമേ മോഹന്‍‌കുമാര്‍ ഒരു ‘ജനജാഗ്രതാ ജാഥ’ നടത്തുന്നുണ്ട്. കോണ്‍ഗ്രസ്സ് (എം) ജോസ് കെ മാണിയെ മുന്‍‌നിര്‍ത്തി ജില്ലാമാര്‍ച്ചുകള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ്. ‘രണ്ടാം സംവരണ ജാഥ’ നടത്തിക്കൊണ്ടാണ് എന്‍ ഡി എഫ് കേരളത്തിന്റെ രാഷ്ട്രീയ പ്രക്ഷുബ്ധതയിലേയ്ക്ക് അണിചേരുന്നത്. ‘ജോലിയ്ക്ക് ജാതിയുണ്ട് ’എന്ന അവരുടെ പോസ്റ്ററില്‍, അവലംബം ഏതാണെന്നു വ്യക്തമല്ലെങ്കിലും, സര്‍ക്കാര്‍ സര്‍വീസിലുള്ള തൊഴിലാളികളുടെ ജാതി തിരിച്ചുള്ള ശതമാന കണക്ക് നല്‍കിയിട്ടുണ്ട്. ഈ അനീതിയെ ബഹുജന സമക്ഷം എത്തിക്കുക എന്നതാണ് ‘രണ്ടാം സംവരണ ജാഥയുടെ’ ലക്ഷ്യം. വടക്ക് ബേക്കല്‍ക്കോട്ട മുതല്‍ തെക്ക് കിഴക്കേക്കോട്ട വരെ. ആര്‍ എസ് എസിന്റെ ‘രാഷ്ട്രരക്ഷാ സഞ്ചലനം’ സഞ്ചരിച്ച വഴി ഇതാണ്. രാജ്യവ്യാപകമായി നടക്കുന്ന സഞ്ചലനങ്ങളുടെ സംസ്ഥാനപ്പതിപ്പ് ആയതുകൊണ്ട് കേരളത്തിന്റേതു മാത്രമായ എന്തെങ്കിലും പ്രശ്നം ആര്‍ എസ്സ് എസ്സിന്റെ ജാഥയില്‍ മുഖ്യാവശ്യമായി വരുന്നില്ല. രാഷ്ട്രരക്ഷയാണ് അവിടെ അജണ്ട. ‘രാഷ്ട്രരക്ഷായ സ്വാഹ’ എന്നൊരു പുതിയ മന്ത്രം ‘സഞ്ചലനത്തിന്റെ’ വകയായി പോസ്റ്ററുകളിലും ബോര്‍ഡുകളിലും കാണാം.

ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. അറുന്നൂറ്റി അന്‍പതോളം കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തിരുവനന്തപുരം - കാസര്‍കോഡ് റോഡും അനേകം അനുബന്ധ നിരത്തുകളും ഇക്കാലം ജാഥകളെക്കൊണ്ട് പുഷ്കലമാവുകയാണ്. പലനിറത്തിലുള്ള കൊടികള്‍ പാറുന്നു. തോരണങ്ങള്‍ തൂങ്ങുന്നു. നാനാതരത്തിലുള്ള ഗാനങ്ങള്‍ മുഴങ്ങുന്നു. ഉച്ചഭാഷിണികള്‍, വിശകലനങ്ങളും വിമര്‍ശനങ്ങളും തുപ്പിഗര്‍ജ്ജിക്കുന്നു. വാഹനങ്ങള്‍ വീര്‍പ്പുമുട്ടി ജാഥകളൊഴിയാന്‍ കാത്തുകിടക്കുന്നു. അത്യന്തികമായി ഈ ജാഥകളെല്ലാം കൂടി നമുക്കു നല്‍ക്കുന്ന സേവനമെന്താണ്? മുദ്രാവാക്യങ്ങളിലേയ്ക്കു സൂക്ഷിച്ചുനോക്കുക. ജാഥയ്ക്കു വേണ്ടി മാത്രം കണ്ടെടുത്ത എടുപ്പുകുതിരകളാണ് അവ എന്ന് ആര്‍ക്കും മനസ്സിലാവും. ഒന്നും കേരളത്തിന്റെ ശരിയായ പ്രശ്നങ്ങളെ നേര്‍ക്കു നേര്‍ നിന്ന് അഭിസംബോധന ചെയ്യുന്നില്ല. അതു കൊണ്ടാണ് ഇവയെല്ലാം ഒരു കെട്ടുകാഴ്ചയാവുന്നത്. തന്നെ പ്രദര്‍ശിപ്പിക്കലല്ലാതെ ഇവയ്ക്ക് മറ്റൊരു ദൌത്യവും നിര്‍വഹിക്കാനില്ല എന്നുള്ളതാണ് സത്യം. ഒന്നിനു പിന്നാലെ മറ്റൊന്ന്. അങ്ങനെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതാവട്ടെ, ജനങ്ങള്‍ തങ്ങളെ മറന്നു പോകാതിരിക്കാനും. അധികാരം എന്ന സങ്കല്‍പ്പവുമായി മാത്രമാണ്, ഇന്നു നമ്മുടെ കരിറോഡില്‍ അണിചേരുന്ന ഏതു രാഷ്ട്രീയ ജാഥയും ഗാഢമായി ബന്ധം വയ്ക്കുന്നത്. മറ്റൊന്നുമായുമില്ല. അതുകൊണ്ടും കൂടി, അവയുടെ സാമ്പത്തിക കാര്യങ്ങള്‍ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. ജാഥാംഗങ്ങള്‍ക്ക് പ്രത്യേക പടിയും ആഹാരവ്യവസ്ഥയുമുണ്ടെന്നു കേള്‍ക്കുന്നു. അലങ്കരണങ്ങള്‍ക്കും വാദ്യഘോഷാദികള്‍ക്കും സഞ്ചാര വാഹനങ്ങള്‍ക്കുമുള്ള ചെലവ് വേറെ. പിരിവാണ് മുഖ്യ ധനാഗമ മാര്‍ഗ്ഗം എന്നാണ് കാണുന്നത്. തൊഴിലില്ലാപ്പടയുടെ കൂത്തരങ്ങായ കേരളത്തില്‍ ഇത്രയൊക്കെ ചെലവുകള്‍ നിവൃത്തിക്കാനുള്ള കെല്‍പ്പ് സാധാരണക്കാര്‍ക്ക് ഉണ്ടാകുമോ? പിരിവ് നല്‍കാനുള്ള സമ്മര്‍ദ്ദം, സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ താത്‌പര്യങ്ങള്‍, ശബ്ദ-പരിസ്ഥിതി മലിനീകരണത്തിന്റെ ഒക്കെ പ്രശ്നങ്ങള്‍ കൂടെയുണ്ട്. ജനസാന്ദ്രത അട്ടിയിട്ട കേരളത്തില്‍ സ്വാഭാവികമല്ലാത്ത കൂട്ടം സൃഷ്ടിക്കുന്ന ചലനനിരോധനത്തിന്റെ തിക്കുമുട്ടല്‍, ഒരിക്കലും പരിഗണിക്കേണ്ടതായി നമുക്കിനിയും തോന്നിയിട്ടില്ല.

ജയന്തന്‍ നമ്പൂതിരിയ്ക്കും ശങ്കരനാരായണന്‍ ചെട്ടിയ്ക്കും മാത്തുതരകനുമെതിരെ, ചിറയിന്‍‌കീഴ് ചെമ്പകരാമന്‍ പിള്ളയും വേലുത്തമ്പിയും ചേര്‍ന്ന് ഒരു ജാഥ നയിച്ചിരുന്നു. 1799-ല്‍. യഥാക്രമം വലിയ സര്‍വാധികാര്യക്കാരും മുളകുമടിശ്ശീലകാര്യക്കാരുമായി അവരിരുവരും നിയമിതരായി എന്നതായിരുന്നു അതിന്റെ അനന്തര ഫലം. സര്‍ക്കാരിന്റെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ തദ്ദേശീയരെ നിയമിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ‘മലയാളി മെമ്മോറിയലും’ (1891) ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍ നടന്ന ‘ഈഴവമെമ്മോറിയലും’(1896) പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആവിര്‍ഭാവത്തിനു കാരണമായ ‘നിവര്‍ത്തനപ്രക്ഷോഭവും’ ഒക്കെ ജാഥയുടെ നിരയിലുള്ളതാണ് . കോഴഞ്ചേരിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ സി കേശവന് തടവില്‍ കിടക്കേണ്ടിവന്നത് (1935) ‘നിവര്‍ത്തന പ്രക്ഷോഭവുമായി’ ബന്ധപ്പെട്ട ഒരു അദ്ധ്യായമാണ്. ഉദ്ദേശ്യ ശുദ്ധിയാല്‍ തിളങ്ങുന്ന ജാഥകള്‍ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ട്. ക്ഷേത്രപരിസരങ്ങള്‍ അവര്‍ണ്ണര്‍ക്കും പ്രാപ്യമാകാന്‍ വേണ്ടി മന്നത്തു പദ്മനാഭന്‍ വൈക്കത്തു നിന്നും തിരുവനന്തപുരത്തേയ്ക്കും ഡോ. എം ഇ നായിഡു നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കും ‘സവര്‍ണ്ണ ജാഥകള്‍‘ നയിച്ചു (1924). 1930-ലെ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് നിരവധി ജാഥകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും പയ്യന്നൂരിലേയ്ക്ക് നീങ്ങി. പിന്നെ കോഴിക്കോട്ടേയ്ക്കും. കേളപ്പന്‍, പൊന്നറ ശ്രീധര്‍, കൃഷ്ണസ്വാമി അയ്യര്‍, പി കൃഷ്ണപിള്ള, മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബ് തുടങ്ങിയവരായിരുന്നു നേതാക്കള്‍. ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കാന്‍ തൃശ്ശൂര്‍ മുതല്‍ ചന്ദ്രഗിരിപ്പുഴവരെ 1931-ല്‍ വി ടി ഭട്ടതിരിപ്പാട് നടത്തിയ കാല്‍നടയാത്രയാണ്, ‘യാചനാപദയാത്ര’. 1959 ജൂലൈയില്‍ അങ്കമാലിയില്‍ കൊളുത്തിയ ദീപശിഖ ‘ജീവശിഖാജാഥ’യായി തിരുവനന്തപുരത്തേയ്ക്ക് നീങ്ങി ഗവര്‍ണ്ണര്‍ രാമറാവുവിനു നല്‍കിയ നിവേദനമാണ് വിമോചന സമരത്തിന്റെ നട്ടെല്ലായത്. ആര്‍ ശങ്കറും ഫാദര്‍ വടക്കനും മന്നത്തു പദ്മനാഭനുമൊക്കെ ജാഥ നയിച്ചു. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പത്തുലക്ഷം നായര്‍ അംഗങ്ങളെ അണിനിരത്തി തിരുവനന്തപുരത്തെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്, 1981-ല്‍. പിന്നെ ജീവിച്ചിരിക്കുമ്പോള്‍ അങ്ങനെയൊരു നായര്‍ മഹാ സമ്മേളനം നടത്താന്‍‌ അവസരം കിട്ടാതെ അദ്ദേഹം ഹൈകമ്മീഷ്ണറായി വിമാനം കയറി. ഇതൊക്കെ കാണിക്കുന്നത് നിരത്തുകള്‍ മാത്രമല്ല നമ്മുടെ ചരിത്രവും ജാഥകള്‍ കൊണ്ടു നിറയുന്നു എന്നാണ്. 1936-ല്‍ ജനങ്ങളുടെ പട്ടിണി ബ്രിട്ടീഷ്‌ ഭരണവര്‍ഗത്തെ ബോധ്യപ്പെടുത്താന്‍ എ കെ ജി 33 സന്നദ്ധഭടന്മാരുമായി മലബാറില്‍ നിന്നു മദിരാശിയിലേയ്ക്കു നടത്തിയ ‘പട്ടിണിജാഥ’യോളം വരില്ല മറ്റൊന്നും. രണ്ടുമാസം കൊണ്ടു നടത്തിയ യാത്രയില്‍ 500 വേദികളില്‍ അദ്ദേഹം പ്രസംഗിച്ചു. ലഘുലേഖകള്‍ വിറ്റും ചില്ലറ പിരിവു നടത്തിയും 500 രൂപ പിരിച്ചു. ജാഥ അവസാനിക്കുമ്പോള്‍ എ കെ ജിയ്ക്കു ലഭിച്ചത് ഒന്‍പതു മാസത്തെ തടവാണ്.

കാലം മാറി. ജാഥകള്‍ മാര്‍ച്ചായി, സഞ്ചലനങ്ങളായി, റാലികളായി, പദയാത്രകളായി ഇപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ ഓരം പറ്റിനിന്ന് കാഴ്ച കാണുന്നു. വലിയ ‘ശക്തിപ്രകടനങ്ങള്‍ക്കു’ മുന്‍പിലാണു ഇന്നു നമ്മുടെയൊക്കെ ജീവിതം. 87,000 ചുവന്ന സേനാനികളുമായി 18 മലകളും ആറായിരം മൈലുകളും പിന്നിട്ട് വടക്കു പടിഞ്ഞാറന്‍ ചൈനയിലേയ്ക്ക്, ചരിത്രത്തിലെ ഏറ്റവും നീണ്ട ജാഥ നടത്തിയ ചെയര്‍മാന്‍ മാവോ പറഞ്ഞു ‘നൂറു പൂക്കള്‍ വിരിയട്ടെ’. നമ്മുടെ കരിനിരത്തുകളില്‍ ജാഥകള്‍ പൂക്കുകയാണ്. വര്‍ണ്ണ ശബളവും ശബ്ദമുഖരിതവുമായി. എന്നാല്‍ കായ്ക്കാതെ...

ശിവകുമാര്‍ ആര്‍ പി

Subscribe Tharjani |