തര്‍ജ്ജനി

സാങ്കേതികം

ഗൂഗിളും അക്കാദമിക്‌--ഗവേഷണ ലൈബ്രറികളും

2004- ന്റെ അവസാനത്തില്‍ ലോകത്തിലെ ഏറ്റവും വലുതും പോപ്പുലറുമായ ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിന്‍ അവരുടെ "ഗൂഗിള്‍ സ്കോളര്‍" "ഗൂഗിള്‍ പ്രിന്റ്‌" എന്നീ രണ്ട്‌ പ്രോജക്ടുകളില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ന്‌ നിലവിലുള്ള ലൈബ്രറി അധിഷ്ടിതമായ അക്കാദമിക്‌ ഗവേഷണ വിവരവിനിമയ രീതിയെ വളരെ കാര്യമായി ബാധിക്കാന്‍ സാധ്യത ഉള്ള ഒരു നീക്കമാണ്‌ ഈ കമ്പനി നടത്തിയിരിക്കുന്നത്‌. "ഗൂഗിള്‍ സ്കോളര്‍" ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ള ഗവേഷണ പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍, തീസിസുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെ തിരയാനും, അവയെ അനുയോജ്യമായ രീതിയില്‍ ഇന്റക്സ്‌ ചെയ്യാനുമുള്ള ഉപാധിയാണ്‌. "ഗൂഗിള്‍ പ്രിന്റ്‌" ആകട്ടെ ലോക പ്രശസ്ത ഗ്രന്ഥാലയങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അമൂല്യങ്ങളും പുരാതനങ്ങളുമായ ഗ്രന്ഥങ്ങളെയും പുതിയ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം, സൂചിക തുടങ്ങിയവയേയും സൌജന്യമായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തിക്കാനുള്ള ഒരു സ്വപ്നപദ്ധതിയും.

ഇന്റര്‍നെറ്റ്‌ ടെക്നോളജിയുടെ വരദാനമായ "വെബ്‌" ഇന്നും വേണ്ടവണ്ണം അക്കാദമിക്‌-ഗവേഷണ വിവരങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിന്നില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ടാണ്‌ "ഗൂഗിള്‍ സ്കോളര്‍" ആരംഭിച്ചത്‌ എന്ന്‌ ഈ പ്രോജക്ടിന്റെ ലീഡറായ അനുരാഗ്‌ ആചാര്യ പറയുകയുണ്ടായി. ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിന്‍ വഴി അക്കാദമിക്‌ മൂല്യമുള്ള "പീര്‍ റിവ്യൂവ്ഡ്‌" ലേഖനങ്ങള്‍ ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്‌. അവ പ്രസിദ്ധീകൃതമായ ജേര്‍ണലുകളുടെ ഓണ്‍ലൈന്‍ വരിക്കാര്‍ക്ക്‌ മാത്രമേ ഈ ലേഖനങ്ങള്‍ വായിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഒട്ടുമിക്ക ഓണ്‍ലൈന്‍ ജേര്‍ണലുകളും ലേഖനങ്ങളുടെ "അബ്സ്ട്രാക്റ്റ്‌" വായിക്കാനുള്ള അവസരം കൊടുക്കുന്നുണ്ട്‌. പക്ഷെ ലഭ്യമായിട്ടുള്ള പതിനായിരക്കണക്കിന്‌ ഇലക്ട്രോണിക്‌ ജേര്‍ണ്‍ലുകളുടെ വെബ്‌ സൈറ്റുകള്‍ ഒന്നൊന്നയി നോക്കി അബ്സ്ട്രാക്ട്‌ വായിക്കുന്നതിന്‌ എന്തുമാത്രം സമയം വേണം എന്ന്‌ ആലോചിച്ചു നോക്കൂ. ഇതിനെ മറികടക്കാന്‍ വേണ്ടി "സ്കോപ്പസ്‌", 'വെബ്‌ ഓഫ്‌ സയന്‍സ്‌' "ഇന്‍ജെന്റ", "ജെ-ഗേറ്റ്‌" തുടങ്ങിയ ഇലക്ട്രോണിക്‌ ജേര്‍ണ്‍ല്‍ പോര്‍ട്ടലുകള്‍ നിലവിലുണ്ട്‌. പക്ഷേ ഇവയുടെ സേവനങ്ങള്‍ക്കും പണം നല്‍ കേണ്ടതുണ്ട്‌. ഇവിടെയാണ്‌ വെറും സെര്‍ച്ച്‌ എന്‍ജിന്‍ എന്നതിലുപരിയായ്‌ "ഇന്‍ വിസിബിള്‍ വെബ്ബി"ലുള്ള അക്കാദമിക്‌-ഗവേഷണ വിജ്ഞാനം സൌജന്യമായി ഡെസ്ക്‌ ടോപ്പില്‍ എത്തിക്കാനുള്ള 'ഗൂഗിള്‍ സ്കോളറിന്റെ" പ്രാധാന്യം തിരിച്ചറിയേണ്ടത്‌. സാധാരണയായി സേര്‍ച്ച്‌ സ്പൈഡര്‍ പ്രോഗ്രാമുകള്‍ക്ക്‌ ചെന്നെത്താന്‍ പറ്റാത്ത ലോകത്തിലെ ജേര്‍ണല്‍ പ്രസിദ്ധീകരണങ്ങളുടെ പോര്‍ട്ടലുകളുമായി ബന്ധം സ്ഥാപിച്ച്‌ അവരുടെ ലേഖനങ്ങളെ ഇന്റക്സ്‌ ചെയ്യുന്നതാണ്‌ ഇതിന്റെ പ്രവര്‍ത്തന രീതി. സാധാരണ ഗൂഗിള്‍ സെര്‍ച്ച്‌ വഴി ലഭ്യമല്ലാത്തതും ഗവേഷണ മൂല്യമുളളതുമായ വിവരങ്ങള്‍ "അബ്സ്ട്രാക്റ്റ്‌" തലം വരെ നമുക്കു ലഭിക്കുന്നു. ഈ ലേഖനങ്ങളുടെ പൂര്‍ണ്ണരൂപം ലഭിക്കാന്‍ പണം നല്‍കാതെ നിര്‍വ്വാഹമില്ല. പക്ഷെ ഒരു ഗവേഷകന്റെ മേഖലയിലുള്ള ലേഖനങ്ങളെ സൂചികാ വാക്ക്‌ ഉപയോഗിച്ച്‌ തിരയാനും, ഫലങ്ങള്‍ ഒറ്റ ഫയലില്‍ ക്രോഡീകരിക്കാനും കഴിയുന്നത്‌ ഒരു ചെറിയ കാര്യമല്ല തന്നെ. ഉദാഹരണത്തിന്‌ http://scholar.google.com/ എന്ന സൈറ്റ്‌ ഓപ്പണ്‍ ചെയ്യുക. സെര്‍ച്ച്‌ ചെയ്യാനുള്ള ബോക്സില്‍ "V N Rajasekharan pillai" എന്നു ടൈപ്പ്‌ ചെയ്യുക. അദ്ദേഹത്തിന്റേതായി ജേര്‍ണലുകളിലും കോണ്‍ഫറന്‍സ്‌ ബുക്കുകളിലും പ്രസിദ്ധീകൃതമായിട്ടുള്ള ഒട്ടുമിക്ക അക്കാദമിക്‌ ലേഖനങ്ങളുടെയും "അബ്സ്ട്രാക്റ്റ്‌" തലം വരെയുള്ള ഹൈപ്പര്‍ ലിങ്കുകളുടെ ഒരു നീണ്ട ലിസ്റ്റ്‌ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുകയായി. നമ്മള്‍ പരിശീലിച്ചിട്ടുള്ള ഗൂഗിളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു 'തിരയല്‍ അനുഭവ"മാണ്‌ ഗൂഗിള്‍ സ്കോളര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോകത്തില്‍ "ഓപ്പണ്‍ അക്സസ്‌ പ്രസ്ഥാന"ത്തിലൂടെ പ്രസിദ്ധീകരിക്കുന്ന പതിനായിരത്തിലധികം അമൂല്യ ജേര്‍ണലുകളിലെ ലേഖനങ്ങളും ഇതില്‍ ഇന്റക്സ്‌ ചെയ്യപ്പെടുന്നുണ്ട്‌. ഒരു ലേഖനം റെഫറന്‍സായി നല്‍കിയിട്ടുള്ള മറ്റ്‌ ലേഖനങ്ങളിലെക്കുള്ള ലിങ്കുകളൂം, ഇതേ ലേഖനത്തെ മറ്റു ലേഖനങ്ങള്‍ റെഫര്‍ ചെ'ി‍ട്ടുണ്ടെങ്കില്‍, അതിലേക്കുള്ള ലിങ്കുകളും ഉള്‍പ്പെടെ, ഒരു പൂര്‍ണ്ണ വിവരമാണ്‌ ഇതിലൂടെ ലഭിക്കുന്നത്‌. ഇത്തരം "സൈറ്റേഷന്‍ അനാലിസിസ്‌" വഴി ഓരോ ലേഖനത്തിന്റേയും മൂല്യം കണക്കാക്കാന്‍ എളുപ്പം കഴിയുന്നു. ചിലപ്പോള്‍ നിങ്ങള്‍ തിരയുന്ന ലേഖനം ഓണ്‍ലൈന്‍ അല്ലായെങ്കില്‍, അടുത്ത പടിയായി അവയുടെ പ്രിന്റ്‌ ലഭ്യമായിട്ടുള്ള ലൈബ്രറികളിലെക്കുള്ള ലിങ്ക്‌ നല്‍കിക്കൊണ്ട്‌ വിവരലഭ്യതയുടെ എല്ലാവഴികളും നമുക്ക്‌ മുന്നില്‍ തുറക്കുകയാണ്‌. ഇതിലേക്ക്‌ ഓരോ ഗ്രന്ഥാലയവും അവരുടെ പ്രിന്റ്‌ കളക്ഷന്റെ വിവരങ്ങള്‍ ഗൂഗിളിന്‌ നല്‍കേണ്ടതുണ്ട്‌. കമ്പ്യൂട്ടര്‍ സ്പെഷലിസ്റ്റുകളുടേയും, ലൈബ്രറികളുടേയും ലൈബ്രേറിശാസ്ത്രഞ്ജരുടേയും സഹായവും സേവനവും മൂലമാണ്‌, വിജ്ഞാന-വിവര സാഗരത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിതവും എളുപ്പത്തില്‍ തിരയാന്‍പറ്റിയ രീതിയില്‍ അവയെ ക്രോഡീകരിക്കാനും കഴിഞ്ഞത്‌ എന്ന്‌ ഗൂഗിള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്‌. പബ്ലിഷേഴ്സിനേയും, ഗവേഷകരേയും, വിദ്യാര്‍ത്ഥികളേയും തുടങ്ങി എല്ലാവരേയും ഒരേ പോലെ സഹായിക്കുന്ന "ഗൂഗിള്‍ സ്കോളറി"ല്‍ ധാരാളം പ്രസാധകന്മാരും ലോകപ്രശസ്ത ഗ്രന്ഥാലയങ്ങളും മറ്റും അണിചേര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ സര്‍വ്വകലാശാലാ ധനസഹായ കമ്മീഷന്റെ പദ്ധതിയായ "യു.ജി.സി. ഇന്‍ഫ്ലിബ്‌നെറ്റ്‌" വഴി നാലായിരത്തിലധികം ഗവേഷണ ജേര്‍ണ്‍ലുകള്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാല കാമ്പസുകളില്‍ ലഭ്യമാണ്‌. കേരള, കാലിക്കറ്റ്‌, കൊച്ചിന്‍, എം.ജി സര്‍വ്വകലാശാലാ ലൈബ്രറികളിലും ഇവ ലഭ്യമാണ്‌. ഏതൊരു വിഷയത്തിലേയും ഏറ്റവും പുതിയ വിജ്ഞാനം നമ്മുടെ വിരല്‍തുമ്പിലെത്തുമ്പോള്‍, അവയെ ഒരേ സ്ഥലത്ത്‌ തിരയാനുള്ള ഉപാധിയായി 'ഗൂഗിള്‍ സ്കോളറി'നെ ഉപയോഗിക്കാം. കാനഡയിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയിലെ ഇലക്ട്രോണിക്‌ മാധ്യമ ലൈബ്രേറിയനും, മി.ഗൂഗിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ സിമ്മര്‍മാനിന്റെ അഭിപ്രായത്തില്‍ ഗവേഷണ വിവരങ്ങള്‍ തിരയുന്നതിനോടൊപ്പം അക്കാദമിക-ഗവേഷണ രംഗങ്ങളിലെ കോപ്പിയടി ഉള്‍പ്പെടെയുള്ള പ്രവണതകളെ വരെ തടയാന്‍ ഇതിനു കഴിയും.

ഗൂഗിള്‍ സ്കോളറിനെ സംബന്ധിച്ച്‌ പല തരത്തിലുള്ള എതിര്‍പ്പുകളും ഉയര്‍ന്നു വന്നിട്ടുണ്ട്‌. പ്രധാനമായും ലൈബ്രറികള്‍ വരിക്കാരായിട്ടുള്ള ജേര്‍ണലുകളിലേക്കും അവയുടെ ലേഖനങ്ങളിലേക്കുമുള്ള ലിങ്കുകള്‍ സാധാരണയായി ഡേറ്റാബേസുകള്‍ വഴിയാണ്‌ നല്‍കിവരുന്നത്‌. ചിലപ്പോള്‍ ഗൂഗിള്‍ സ്കോളര്‍ വഴി ലഭിക്കാത്ത ലേഖനങ്ങള്‍ ഇത്തരം സ്പെഷ്യലൈസ്ഡ്‌ ഡേറ്റാബേസുകള്‍ വഴി ലഭിച്ചേക്കും. എന്നാല്‍ ഇതിനു പരിഹാരമായി "ഓപ്പണ്‍ ലിങ്ക്‌" സ്റ്റാന്‍ഡേര്‍ഡുകള്‍ ഉപയോഗിക്കുന്ന ഏതൊരു ലൈബ്രറിക്കും ഗൂഗിള്‍ സ്കോളറില്‍ അംഗമാകാമെന്നും, അവരുടെ ഡേറ്റാബേസുകളെ ഇന്റഗ്രേറ്റ്‌ ചെയ്യാമന്നും വന്നതോടെ, ഒരു പൂര്‍ണ്ണ ആഗോള ലൈബ്രറി പോര്‍ട്ടല്‍ ആയി മാറാനുള്ള എല്ലാ സാധ്യതകളും ഗൂഗിള്‍സ്കോളര്‍ നിലനിര്‍ത്തിയിരിക്കുകയാണ്‌. ഗൂഗിള്‍ സ്കോളറിലേക്ക്‌ ലിങ്ക്‌ നല്‍കുന്ന ലൈബ്രറി വെബ്‌ സൈറ്റുകളുടെ എണ്ണം വികസിത രാജ്യങ്ങളിലുള്‍പ്പെടെ കൂടിവരികയാണ്‌. ഈ പ്രോജക്ടിനോട്‌ തുടക്കം മുതല്‍ നിസ്സഹകരിച്ചിരുന്ന ലൈബ്രേറിയന്‍മാരുള്‍പ്പെടെ ഇതുമായി സഹകരിക്കുന്നതായി കാണുന്നത്‌ ഒരു നല്ല വാര്‍ത്തയാണ്‌. ഓരോ വിഷയത്തിലേയും പ്രത്യേക ഡേറ്റാബേസുകള്‍ എന്ന സങ്കല്‍പത്തില്‍ നിന്നും ഒരു പരിപൂര്‍ണ്ണ തിരയല്‍ അനുഭവത്തിലേക്കാണ്‌ ഗൂഗിള്‍ ചുവട്‌ വയ്ക്കുന്നത്‌.

ഗൂഗിള്‍ പ്രിന്റാകട്ടെ (http://print.google.com/), ലോകപ്രശസ്ത പ്രസാധകരുമായി ചേര്‍ന്ന്‌ പുതിയ പുസ്തകങ്ങളുടെ ഉള്ളടക്കവും സൂചികകളും, ലോകപ്രശസ്ത ഗ്രന്ഥാലയങ്ങളുമായി ചേര്‍ന്ന്‌ അമൂല്യ ഗ്രന്ഥങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുകയും ചെയ്യുന്നു. ഒരു സെക്കന്റില്‍ ഒരു പേജ്‌ എന്ന രീതിയില്‍ കണക്കാക്കിയാല്‍ 2011-നകം പൂര്‍ത്തിയാക്കപ്പെടും എന്ന്‌ കരുതുന്ന ഈ പ്രോജക്ടിലേക്ക്‌ കൂടുതല്‍ ഗ്രന്ഥാലയങ്ങളും പ്രസാധകരും ഒത്തുചേര്‍ന്നു കൊണ്ടിരിക്കുകയാണ്‌. എല്ലാ രാജ്യങ്ങളിലേക്കും ഭാഷകളിലേക്കും ഇതിനെ വ്യപിക്കുന്ന പദ്ധതി ഈയിടെ ഗൂഗിളിന്റെ ജിം ഗെര്‍ബര്‍ പ്രഖ്യാപിക്കുകയുണ്ടായി. പുതിയ പുസ്തകങ്ങളുടെ പൂര്‍ണ്ണരൂപത്തിനു പ്രസാധകര്‍ക്ക്‌ പണം അടയ്ക്കണമെങ്കിലും, അവയുടെ വിവരങ്ങള്‍ ഒരേസ്ഥലത്ത്‌ തിരയാനുള്ള ഉപാധിയായി ഇതിനെ വളര്‍ത്താനാണ്‌ ഗൂഗിള്‍ ലക്ഷ്യമിടുന്നത്‌. ഇതില്‍ തിരയണമെങ്കില്‍ സൌജന്യമായി നല്‍കിയിട്ടുള്ള രജിസ്ട്രേഷന്‍ ആവശ്യമാണ്‌. പ്രോജക്ട്‌ ഗുട്ടന്‍ബര്‍ഗ്‌, മില്ല്യണ്‍ ബുക്ക്‌ പ്രോഗ്രാം തുടങ്ങിയ സൌജന്യ ഇലക്ട്രോണിക്‌ ഗ്രന്ഥശേഖരങ്ങളിലേക്കും മറ്റുമുള്ള ലിങ്കുകള്‍ വഴിയും, സ്വന്തമായി ഡിജിറ്റൈസ്‌ ചെയ്യുന്നവ വഴിയും ലക്ഷക്കണക്കിന്‌ പുസ്തകങ്ങളിലേക്കുള്ള വാതയനമാണ്‌ ഗൂഗിള്‍ പ്രിന്റ്‌ തുറക്കാന്‍ പോകുന്നത്‌. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട്‌, ഇനിയും ചില പ്രശ്നങ്ങള്‍ ഗൂഗിള്‍പ്രിന്റ്‌ നേരിടുന്നുണ്ട്‌. അമേരിക്കക്കാരായ മൂന്ന്‌ എഴുത്തുകാര്‍, ഈ പ്രോജക്ടിനെതിരേ മന്‍ഹാട്ടന്‍ ജില്ലാകോടതിയെ സമീപിച്ചിരിക്കുകയാണ്‌. ഇതിനേ തുടര്‍ന്ന്‌ ഗൂഗിള്‍ ഇറക്കിയ പ്രസ്താവനയില്‍, പകര്‍പ്പവകാശ നിയമത്തിലുള്‍പ്പെടുന്ന പുസ്തകങ്ങളുടെ ഡിജിറ്റല്‍ രൂപം പൂര്‍ണ്ണമായി നല്‍കുകയില്ലെന്നും, പുതിയതും പഴയതുമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ കൂടുതല്‍ ജനങ്ങളുടെ മുന്നിലെത്തിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും പറഞ്ഞിട്ടുണ്ട്‌. അതേ സമയം, പ്രസാധകരും എഴുത്തുകാരും അനുവദിച്ചാല്‍ പൂര്‍ണ്ണരൂപവും നല്‍കും. നമ്മള്‍ തിരയുമ്പോള്‍ വരുന്ന ഓരോ പേജിലും നല്‍കുന്ന പരസ്യങ്ങള്‍ ആണ്‌ ഗൂഗിളിന്‌ പണം നേടികൊടുക്കുന്നത്‌.

ഇന്റര്‍നെറ്റിന്റെ വരവോടെ ലൈബ്രറികള്‍ ഇല്ലാതെയാകുമെന്ന വാദങ്ങള്‍ ശരിയല്ലെന്ന്‌ കാലം തെളിയിച്ചിരുന്നു. എന്നാല്‍ വിവര-വിഞ്ജാന തിരയല്‍ രംഗത്തെ ഭീമനായ ഗൂഗിളിന്റെ വിവര-വിജ്ഞാന ശേഖരണ-വിതരണന രംഗത്തേക്കുള്ള ചുവടു വയ്പ്‌ ഈ വാദമുഖങ്ങള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്‌, അക്കാദമിക്‌ - ഗവേഷണ ലൈബ്രറി രംഗത്തെങ്കിലും. വിവര വിഞ്ജാനങ്ങളുടെ തിരയല്‍, ശേഖരണം, വിതരണം തുടങ്ങിയവ തന്നെയാണല്ലോ, ലൈബ്രറികളുടെ അടിസ്ഥാന ശിലയും.

മറ്റൊരു തിരയല്‍ യന്ത്ര ഭീമനായ യാഹൂവും "ഓപ്പണ്‍ കണ്ടന്റ്‌ അലയന്‍സ്‌" എന്ന പേരില്‍ അവരുടെ പുതിയ ഇലക്ട്രോണിക്‌ പുസ്തക പ്രോജക്ട്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. കാലിഫോര്‍ണിയ, ടൊറെന്റോ സര്‍വ്വകലാശലകളും ഇന്റര്‍നെറ്റ്‌ ആര്‍ക്കേവ്‌, എച്ച്‌. പി, അഡോബ്‌ തുടങ്ങിയ കമ്പനികളുമൊക്കെ ചേര്‍ന്നാണ്‌ പുതിയ പ്രോജക്ടിന്‌ യാഹൂ തുടക്കമിട്ടത്‌. ഗൂഗിളില്‍ നിന്നും വ്യത്യസ്തമായി, പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരാത്ത പുസ്തകങ്ങളെ മാത്രമേ ഡിജിറ്റൈസ്‌ ചെയ്യുന്നുള്ളൂ ഇതില്‍. കൂടാതെ, ഓപ്പണ്‍ സോഫ്റ്റ്‌ വെയര്‍, ഓപ്പണ്‍ അക്സസ്‌ തുടങ്ങിയ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും, ഏതൊരാള്‍ക്കും ഇതിലേക്ക്‌ അവരുടെ പ്രസിദ്ധീകരണങ്ങളെ നേരിട്ട്‌ സമര്‍പ്പിക്കാനുള്ള സൌകര്യമുള്‍പ്പെടെ തികച്ചും ജനകീയമാകനുള്ള തയ്യാറെടുപ്പൊടെയാണ്‌ യാഹൂവിന്റെ വരവ്‌.

ജെ. കെ. വിജയകുമാര്‍
അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഓഫ്‌ ലൈബ്രറി
അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ്‌ ആന്റീഗ
വെസ്റ്റ്‌ ഇന്‍ഡീസ്‌
E-mail : vijayakumarjk@yahoo.com
Subscribe Tharjani |
Submitted by കലേഷ് (not verified) on Wed, 2006-02-15 16:09.

ഉഗ്രൻ ലേഖനം!
Well Researched and Presented!