തര്‍ജ്ജനി

സീമ മേനോന്‍

ബ്ലോഗ് : http://themistressofsmallthings.blogspot.com/

Visit Home Page ...

കഥ

ഒരു കൊലപാതകത്തിന്റെ പോസ്റ്റുമോര്‍ട്ടം

"ഗ്ളബ്, ഗ്ളം, ഗ്ളബ്, ഗ്ളം''

അതായിരുന്നു ജെയ്മിയുടെ അവസാന വാക്കുകള്‍ . എന്നിട്ടവന്‍ പതിയെ, പതിയെ വെള്ളത്തിലേക്ക് താഴ്ന്നുപോയി. മരണത്തിലേക്കൊരു മുങ്ങല്‍.

ബാത്ത്ടബ്ബിന്റെ ഓരത്ത് ഞാന്‍ അവനെ നോക്കിയിരിക്കുകയായിരുന്നു. അവനുവേണ്ടി ഞാന്‍ ആ ബാത്ത്റൂം പ്രത്യേകമായൊരുക്കിയിരുന്നു. അവനിഷ്ടപ്പെട്ട ചുവന്ന റോസാദലങ്ങളും, വാനിലയുടെ സുഗന്ധമുള്ള മെഴുകുതിരികളും, പ്രണയസുരഭിലസംഗീതവും ആ ബാത്ത്റൂമിനെത്തന്നെ ഒരു സ്വര്ഗ്ഗമാക്കി മാറ്റി. അവന്‍ മരിക്കുമ്പോള്‍ സന്തോഷവാനായിരിക്കണമെന്നെനിക്കു് നിര്ബന്ധമുണ്ടായിരുന്നു. കാരണം ഞാന്‍ അവനെ അപ്പോളും സ്നേഹിച്ചിരുന്നു - ക്രൂരമെന്നു നിങ്ങള്‍ വിളിക്കാവുന്ന ആ കൊലപാതകം നടത്തിയപ്പോഴും.

ഇത്ര പൈശാചികമായി എന്റെ ഭര്ത്താവിനെ കൊലപ്പെടുത്തിയെന്നു വച്ച് ഞാനൊരു കൊലപാതകപ്രവണതയുള്ള സ്ത്രീയൊന്നുമല്ല കേട്ടോ. അവനെ ഞാന്‍ കൊന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. വര്ഷങ്ങളായി സ്വന്തം ജീവനേക്കാള്‍ വിലകൊടുത്ത് സ്നേഹിച്ച ഭര്ത്താവ് മറ്റൊരുത്തിയുമായി പ്രണയത്തിലാണെന്നറിഞ്ഞാല്‍ ഏതു ഭാര്യയും ഇങ്ങനെയൊക്കെയല്ലേ ചെയ്യൂ.

കുറച്ചുനാളുകളായി ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരു സംശയത്തിന്റെ പരിസമാപ്തിയായിരുന്നത്. അവന്‍ എന്നില്‍ നിന്ന് അകന്നു പോകുന്നതായി കുറച്ചു നാളുകളായി എനിക്കു തോന്നിയിരുന്നു. എന്തൊക്കെയോ മറന്നതു പോലെയുള്ള അവന്റെ നടത്തവും, ഊറിച്ചിരിയുമൊക്കെ കണ്ടാലറിഞ്ഞുകൂടെ പുള്ളിക്കെന്തോ കേസുകെട്ട് തടഞ്ഞിട്ടുണ്ടെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവന്റെ കോട്ടിന്റെ പോക്കറ്റില്‍ നിന്ന് ആ ക്രെഡിറ്റ് കാര്ഡ് ബില്‍ എനിക്കു കിട്ടുന്നത്. ഏതോ ഒരു മിസ്. അനബല്‍ ലീക്ക് പുഷ്പങ്ങള്‍ അയച്ചതിന്റെ രസീത്. അതും കുറച്ചൊന്നുമല്ല, നൂറു പൌണ്ടിന്.

ഞാനന്ന് കുറെ ആലോചിച്ചു, എന്താ ഇവനിങ്ങനെ തോന്നാന്‍ എന്ന്. അവനെ കണ്ടുമുട്ടിയതു മുതല്‍ ഇന്നുവരെ 'ഭര്ത്താവേ ദൈവം' എന്നൊരു സ്റ്റൈലില്‍ ആയിരുന്നില്ലേ ഞാന്‍. 'ഇന്നത്തെക്കാലത്ത് ഇങ്ങനെയുണ്ടോ ഒരു ശീലാവതി' എന്നെന്റെ കൂട്ടുകാര്‍ കളിയാക്കി ചോദിച്ചിരുന്നു. അവനു ചുറ്റും കറങ്ങുന്ന ഒരു ദാസിയായിരുന്നു ഞാന്‍. എന്നിട്ടും, കുറച്ചൊരു തൊലിമിനുപ്പും ചോരത്തുടിപ്പും കണ്ടപ്പോള്‍ എന്നെ വിട്ട് അവന്‍ അങ്ങോട്ടു ചാഞ്ഞു.

ഞാന്‍ ജെയ്മിയെ കണ്ടുമുട്ടുന്നത് പതിനഞ്ചു വര്ഷം മുമ്പുള്ളൊരു ക്രിസ്തുമസ് രാത്രിയിലാണ്. പതിവുപോലെ ഏകയായി വീടിനടുത്തുള്ള കോഫീ ഹൌസില്‍ ഒരു ചോക്കലേറ്റ് നുണയാനെത്തിയതായിരുന്നു ഞാന്‍. റോഡാകെ ഒരു ഉത്സവലഹരിയില്‍ ഉണര്ന്നിരുന്നു. കേയ്ക്കുകളുടെയും, പൈകളുടെയും കൊതിപ്പിക്കുന്ന സുഗന്ധവും, ക്രിസ്തുമസ് കരോളുകളും, പൂമഴയായ് പെയ്തിറങ്ങുന്ന നനുനനുത്ത വെളുത്ത മഞ്ഞും. അതിനിടയില്‍ ചുണ്ടിന്റെ കോണിലൊരു മന്ദസ്മിതമൊളിപ്പിച്ചു വച്ച് മനോഹരമായ രോമക്കുപ്പായങ്ങളും കോട്ടുമണിഞ്ഞ സ്വര്ണ്ണത്തലമുടിയുള്ള പെണ്കിടാങ്ങളും, അവളുടെ സ്വപ്നങ്ങളേറ്റു വാങ്ങി സ്വര്ഗ്ഗം കൈപ്പിടിയിലാക്കി നടന്നു പോവുന്ന യുവകോമളന്മാരും. ഇതെല്ലാം കണ്ട്, ആരും തിരിഞ്ഞു നോക്കാനില്ലാതെ, യൌവനം കൈവിട്ടു തുടങ്ങിയ ശുഷ്കിച്ച കവിളുകളും വരണ്ട തൊലിയുമായി ഈ ഞാനും.

ഒരു പ്രണയമോ വിവാഹമോ ചിന്തയില്‍ പോലും കടന്നുവരാത്ത ആ രാവിലെപ്പോളോ ആണ് ജെയ്മി എന്റെ മുന്നിലെത്തുന്നത്. ഗ്രീക്ക് ദേവന്മാരെ വെല്ലുന്ന ആകാരഭംഗിയും നടത്തത്തിലെ പൌരുഷവുമാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. അയാളുടെ പിന്നില്‍ കഫേയിലേക്കു കയറിവരാന്‍ സാദ്ധ്യതയുള്ള സുന്ദരിയെ, അത് ഭാര്യയോ ഗേള്ഫ്രണ്ടോ ആവട്ടെ, തിരയുകയായിരുന്നു എന്റെ കണ്ണുകള്‍, അലസമായ്.

ജെയ്മി വന്നു നിന്നത് എന്റെ മേശക്കരികിലായിരുന്നു. കനത്ത ഗ്ലാസ്സിനടിയില്‍ കുഴിഞ്ഞു പോയ എന്റെ കണ്ണില്‍ നോക്കി അവന്‍ എന്നോടു ചോദിച്ചു, 'ഹായ് സുന്ദരി, ഞാന്‍ ഇവിടെ ഇരുന്നോട്ടെ?'

അതായിരുന്നു തുടക്കം. പിന്നീട് ഞങ്ങള്‍ ഇണപിരിയാത്ത ആത്മാക്കളായി. യാതൊരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത എന്നില്‍ ജെയ്മി എന്താണു കണ്ടതെന്ന് ഞാന്‍ പലപ്രാവശ്യം അവനോടു ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവന്‍ പറയുമായിരുന്നു "നിന്റെ സൌന്ദര്യമുള്ള മനസ്സാണ് എന്നെ വീഴ്ത്തിയത്'' എന്ന്.

സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്. അഥവാ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍തന്നെ അതെല്ലാം ബന്ധുക്കളില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും മറച്ചുവയ്ക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ ചികഞ്ഞുനോക്കാനെനിക്ക് അടുത്തു കൂട്ടുകാരോ ബന്ധുക്കളോ ഒന്നും ഉണ്ടായിരുന്നുമില്ലല്ലോ. എല്ലാവരിലും അസൂയഉണര്ത്തുന്ന തരം ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നു വരുത്തിത്തീര്ക്കാന്‍ ഞാന്‍ കഥകള്‍ മെനയാന്‍ തുടങ്ങിയത് അക്കാലത്താണ്. ജെയ്മി എനിക്കു തരാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളെപ്പറ്റിയും ഞങ്ങളുടെ യാത്രകളെപ്പറ്റിയുമൊക്കെ ഓഫീസിലും ഫോണിലും ഞാന്‍ വാചാലയായി. അസൂയ നിറഞ്ഞ നോട്ടങ്ങള്‍ എന്റെ നേരെ നീളുമ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്നേയും ജെയ്മിയേയും ചൊല്ലി എത്ര ഭാര്യമാര്‍ ഭര്ത്താക്കന്മാരുമായി വഴക്കിട്ടു കാണും.

എന്റെ ലോകത്തില്‍ ജെയ്മി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാര്ക്കോ ബന്ധുക്കള്ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അതിന് എനിക്ക് അടുപ്പമുള്ളവര്‍ ആരും ഉണ്ടായിരുന്നില്ലല്ലോ.

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് മനസ്സിലാവുന്നുണ്ട്, സമൂഹത്തിലെ ഉന്നതരായ അച്ഛനമ്മമാര്ക്കു പിറന്ന ഞാന്‍ എങ്ങനെ ഒറ്റപ്പെട്ടു പോയി, എന്ന്. സൌന്ദര്യമോ ബുദ്ധിയോ വിവരമോ ഇല്ലാത്ത ഒരു മകള്‍ എങ്ങനെ ഞങ്ങള്ക്കുണ്ടായി എന്ന് അച്ഛനുമമ്മയും അടക്കം പറയുന്നത് ഞാന്‍ എത്രയോ തവണ കേട്ടിരിക്കുന്നു. 'ചേച്ചിയെ കണ്ടു പഠിക്ക്,' 'നോക്ക്, നിന്റെ അനുജത്തി എത്ര മിടുക്കിയാ'

ഈ ഡയലോഗ് ഒക്കെ കുറെ പ്രാവശ്യം കേട്ടാല്‍ മണ്ടിയാണെങ്കിലും നിങ്ങള്ക്കും വരില്ലേ വിഷമം.

അങ്ങനെയങ്ങനെ ഞാന്‍ ഓരോരുത്തരേയായി ഒഴിവാക്കിത്തുടങ്ങി. അതിനു പകരം അവിടെ കണ്ണാടിച്ചെരുപ്പു പോയ സിന്ഡ്രെല്ലയേയും പേക്കാച്ചിത്തവളയെ ഉമ്മ വച്ച രാജകുമാരിയേയും പിടിച്ചിരുത്തി. നാടോടിക്കഥകളിലെ സുന്ദരിയായ രാജകുമാരിയായി ഞാന്‍ സ്വയം അവരോധിച്ചു. എന്റെ രാജകുമാരന്‍ വെള്ളക്കുതിരപ്പുറത്തേറി വരുമെന്നാലോചിച്ചു സന്തോഷിച്ചു. റിച്ചാര്ഡ് ഗിയറിനെപ്പോലെയോ ടോം ഹാങ്ക്സിനെപ്പോലെയോ ഒരു സുന്ദരന്‍ എന്റെ ജീവിതത്തിലേക്കൊരു സ്പോര്‍ട്‌സ് കാറോടിച്ചെത്തുന്നത് ആലോചിക്കാന്‍ തന്നെ നല്ല രസമല്ലേ.

അങ്ങനെ എന്റേതായ ഒരു മനോഹരലോകത്തില്‍ ഞാന്‍ ജീവിക്കുന്നകാലത്താണ് ആ കഥയില്‍ വച്ച് ജെയ്മി എന്റെ ജീവിതത്തിലേക്കു കയറി വന്നത്. എന്നെ സ്നേഹിച്ചു സ്നേഹിച്ച് സന്തോഷത്തിന്റെ കൊടുമുടിയിലിരുത്താന്‍, എന്നിട്ട് എന്നെ ഒറ്റ തള്ളുതള്ളി വേറൊരു പെണ്ണിന്റെ പിന്നാലെ പോവാന്‍. അവനെ ഞാന് കൊല്ലുന്നതില്‍ കുറഞ്ഞെന്തു ചെയ്യാനാണ്?

ഞാന്‍ ശരിക്കും പ്ലാന്‍ചെയ്തു നടത്തിയൊരു കൊലപാതകമായിരുന്നു അത്. അന്ന് വൈകിട്ട് അവനേറ്റവും ഇഷ്ടമുള്ള സ്ട്രോഗനോഫ് ആണ് അത്താഴത്തിന് ഞാനുണ്ടാക്കിയത്. ഒപ്പം സ്ട്രോബറി ചീസ് കേക്കും. സ്ഫടികചഷകത്തിലെ സ്വര്ണ്ണനിറമുള്ള വിസ്ക്കിയില്‍ ഉറക്കഗുളികകള്‍ കലര്ത്തുമ്പോഴോ അവനെ ബാത്ത്ടബ്ബില് റിലാക്സ് ചെയ്യാന്‍ നിര്ബന്ധിക്കുമ്പോഴോ എനിക്ക് പതര്ച്ച തീരെയില്ലായിരുന്നു. വിസ്ക്കിയുടെയും ഗുളികയുടെയും ആലസ്യത്തിന്റെ കെട്ടില്‍ നിന്ന് മോചിതനാകാതെ, എന്നാല്‍ മരണം തൊട്ടടുത്ത് എത്തിയെന്ന തിരിച്ചറിവില്‍, 'രക്ഷിക്കൂ' എന്ന് മൌനമായി എന്നോടു യാചിച്ച ആ നീലക്കണ്ണുകളിലെ നിസ്സഹായത എനിക്കിപ്പോഴും ഓര്മ്മയുണ്ട്.

പിറ്റേ ദിവസമെപ്പോഴോ ആണ് അവര്‍ എന്നെ ഇവിടെയെത്തിച്ചത്. ജയിലും, കോടതിയുമൊക്കെ ഞാന്‍ പ്രതീക്ഷിച്ചതു തന്നെയാണല്ലോ.

കയ്യില്‍ കുറെ കടലാസുകളുമായി ആ തടിച്ചി കയറി വന്നപ്പോള്‍, ജെയ്മിയുടെ ശവസംസ്കാരത്തിന് എന്തു വേഷമണിയണം എന്ന കണ്ഫ്യൂഷനില്‍ ആയിരുന്നു ഞാന്‍.

'നോക്കൂ, ഈ കറുപ്പു സ്കര്ട്ടാണോ, അതോ ചാരപാന്റാണോ എനിക്കു ചേരുന്നത്?'

ഞാനൊരു കുശലം ചോദിച്ചു. തടിച്ചി അതു കേട്ടതായി ഭാവിച്ചില്ല.

"നീയൊരു കൊലപാതകിയൊന്നുമല്ല'' - കടലാസുകള്‍ മേശപ്പുറത്തു വച്ച് എന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി തടിച്ചി.

'ഏ?' ഞാന്‍ അമ്പരന്നു പോയി. ജെയ്മി മരിച്ചില്ലേ? എന്നായി എന്റെ ആശങ്ക.

'ജെയ്മി എന്നൊരാള്‍ ഇല്ല'' എന്നായി തടിച്ചി. എന്റെ ചുളിഞ്ഞ നെറ്റിയും ചുവക്കാന്‍ തുടങ്ങിയ മൂക്കും കണ്ടാവണം തടിച്ചി വീണ്ടും പറഞ്ഞത്.

'ജെയ്മി നിന്റെ ഭാവനയുടെ സൃഷ്ടിയാണ്'

'ഏ?' നിനക്കെന്താ ഭ്രാന്തായോ എന്നമട്ടില്‍ ഞാന്‍ തടിച്ചിയെ നോക്കി.

അവള്‍ ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരുന്നു - 'മെന്റല്‍ ഡിസ്ഓര്ഡര്‍', 'ഹലൂസിനേഷന്‍' എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ട് അവള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് ഞാനൊരു മനോരോഗിയാണെന്നും ജെയ്മിയുമായുള്ള എന്റെ വിവാഹവും പിന്നെ അവന്റെ കൊലപാതകവുമൊക്കെ എന്റെ ഭാവനയുടെ സൃഷ്ടി ആണെന്നുമൊക്കെയാണ്. ഇതൊക്കെ കേട്ടാല്‍ നിങ്ങളും ചെയ്തു പോകുന്നതേ ഞാനും ചെയ്തുള്ളൂ, അടുത്തിരിക്കുന്ന ടെലിഫോണ്‍ എടുത്ത് തടിച്ചിയുടെ തലക്കിട്ടൊരു അടി കൊടുത്തു.

അങ്ങനെ അവരെന്നെ പിടിച്ച് ഈ മാനസികാശുപത്രിയിലെ ഒരു പ്രത്യേകം മുറിയില്‍ തനിച്ചു പൂട്ടിയിട്ടു. കഴിഞ്ഞ 10 കൊല്ലമായി ഞാനിവിടെയായിട്ട്. പക്ഷേ ഞാന്‍ ഇപ്പോള്‍ ഭയങ്കരഹാപ്പിയാണ്, കേട്ടോ. ആ രഹസ്യം നിങ്ങളോടു മാത്രം ഞാന്‍ പറയാം. എനിക്കിപ്പോള്‍ ജെയ്മിയേക്കാള്‍ ഉഗ്രന്‍ ഒരു ബോയ്ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് ഇവിടെ - കെവിന്‍.

ആരും ഇല്ലാത്തപ്പോള്‍, ഈ മുറിയുടെ കോണിലുള്ള ഓട്ടയില്‍ നിന്നും അവന്‍ ഇറങ്ങി വരും. ഞങ്ങള്‍ ഉടനെതന്നെ കല്യാണം കഴിക്കാനും ആലോചിക്കുന്നുണ്ട്.

Subscribe Tharjani |
Submitted by പാവപ്പെട്ടവന്‍ (not verified) on Sat, 2009-12-12 01:44.

വളരെ മനോഹരമായ അവതാരം. കഥ പറയുന്ന ലാളിത്യം വളരെ സുഖം വായനകാരന് നല്‍കുന്നു അഭിനന്ദനങ്ങള്‍

Submitted by റീനി മമ്പലം (not verified) on Sat, 2009-12-26 08:07.

ഒരു മാനസിക രോഗിയുടെ വിഭ്രാന്തി നിറഞ, ജെയ്മിയില്‍ തുടങ്ങി കെവിനില്‍ അവസാനിക്കുന്ന ഭാവനാലോകത്തിനെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. സീമക്ക് അഭിനന്ദനങ്ങള്‍!

പുഴ.കോമിലെ കോളങ്ങള്‍ക്ക് പുറമെ ഇതുപോലെയുള്ള നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കട്ടെ?

റീനി മമ്പലം

Submitted by Vinod koshy (not verified) on Wed, 2010-02-03 11:22.

Good & Nice

Submitted by nithin (not verified) on Thu, 2010-02-04 18:46.

മനോഹരമായിരിക്കുന്നു.
ലാളിത്യമുള്ള രചന.
അഭിനന്ദനങ്ങള്‍!

Submitted by Tom Mathews (not verified) on Sat, 2010-02-27 21:07.

Dear Seema Menon:
I read your short story, 'Meghangal' first then
----'Postmortem'. I am curious to know where
you come from with such in-depth clinical knowledge
of depression', hallucination', and mental disorders.
As a practicing psychotherapist and director of
programming at the New Jersey Medical School's
department of Psychiatry, I am impressed. Also
I write novels (three already and I am translator of
Changampuzha's Ramanan' into English.
Would love to collaborate a novel idea development
for publication with you. Please write to me. My email
address is tommathewsr@aol.com. Thanks
Tom Mathews
New jersey.

Submitted by Mohammed Salih (Edathirinji) (not verified) on Wed, 2011-04-13 11:11.

ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അപകര്‍ഷത നിറഞ്ഞ, താളം തെറ്റിയ ഒരു മനസ്സിനെ ഇത്ര മനോഹരമായി ചിത്രീകരിക്കാന്‍ കഴിഞ്ഞ ചേച്ചിക്ക് അഭിനന്ദനങ്ങള്‍.

മുഹമ്മദ്‌ സാലിഹ് എടതിരിഞ്ഞി, കുവൈറ്റ്

Submitted by Babu Ibrahim (not verified) on Wed, 2011-04-13 20:34.

Awesome !!!