തര്‍ജ്ജനി

സാഹിതീയം

എസ്‌. ഗുപ്തന്‍ നായരും എഴുത്തച്ഛന്‍ പുരസ്കാരവും

ഏതു പുരസ്കാരം നല്‍കുന്നതിനും അതിന്റേതായ വ്യവസ്ഥകളും നിയമങ്ങളും ഉണ്ടാകും.എഴുത്തച്ഛന്‍ പുരസ്കാരം നല്‍കുന്നത്‌ സമഗ്ര സംഭാവന പരിഗണിച്ചാണ്‌. ഏതെങ്കിലും ഒരു മികച്ച കൃതിയെ മുന്‍നിര്‍ത്തിയല്ല. സമഗ്ര സംഭാവന എന്നുപറയുമ്പോള്‍, വിലയിരുത്താനോളം ഗണനീയമായസംഭാവന ചെയ്തയാളേ പരിഗണനക്കു വരൂ എന്നു വ്യക്തം. വളരെ മികച്ച ഒരൊറ്റ കൃതി എഴുതിയ ഒരു ചെറുപ്പക്കാരനായ എഴുത്തുകാരന്‍ ഈ പുരസ്കാരത്തിന്‌ പരിഗണിക്കപ്പെടുക സ്വാഭാവികമല്ല. ഒരു പ്രത്യേക കാലയളവില്‍ ഈ പുരസ്കാരമര്‍ഹിക്കുന്ന ഒരെഴുത്തുകാരനേ ഉണ്ടാകൂ എന്നു പറയാനാവില്ല. അര്‍ഹിക്കുന്ന ഒന്നിലധികം പേരുണ്ടാകാം. കമ്മിറ്റി വിവേകപൂര്‍വ്വമായ ചര്‍ച്ചകളിലൂടെ അവരിലൊരാളെ തെരഞ്ഞെടുക്കുന്നു എന്നുമാത്രം.

മലയാളത്തില്‍ ഏതു പുരസ്കാരം ആര്‍ക്കു നല്‍കിയാലും വിവാദമായിത്തീരാറുണ്ട്‌. എഴുത്തച്ഛന്‍ പുരസ്കാരം മാധവികുട്ടിക്കു നല്‍കിയപ്പോഴും, പദ്‌മനാഭനു നല്‍കിയപ്പോഴും വിവാദമുണ്ടായി. വയലാര്‍ അവാര്‍ഡ്‌ എന്തുകൊണ്ട്‌ പദ്‌മനാഭനു നല്‍കിയില്ല എന്ന ചോദ്യം വളരെ ഉച്ചത്തില്‍ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതും ഇവിടെ ഓര്‍ക്കാവുന്നതാണ്‌. ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്‌ സച്ചിദാനന്ദനു നല്‍കിയപ്പോഴുമുണ്ടായി ചില അപശബ്ദങ്ങള്‍ . സാഹിത്യത്തിലെ അഭിരുചി ഭേദങ്ങളും, ക്ഷുദ്രങ്ങളായ ചില മുന്‍വിധികളുമാണ്‌ ഇത്തരം വിവാദങ്ങള്‍ക്കുപിന്നിലുള്ളതെന്ന് വ്യക്തം. തുറന്ന മനസ്സോടെ ആരേയും ആദരിക്കാന്‍ മലയാളി മനസ്സിന്‌ കഴിയില്ലെന്ന് എത്രയോ പ്രാവശ്യം നാം തെളിയിച്ചു കഴിഞ്ഞതാണ്‌.

ഇപ്പോള്‍ ഗുപ്തന്‍ നായര്‍ക്ക്‌ പുരസ്കാരം നല്‍കിയതും ചിലര്‍ വിവാദമാക്കിയിരിക്കുന്നു. എന്നാല്‍ ഗുപ്തന്‍ നായര്‍ക്ക്‌ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിയെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരാദ്യമുന്നയിച്ച ചോദ്യം അദ്ദേഹത്തിനിതു നല്‍കാന്‍ ഇത്രയും വൈകിപോയതെന്തുകൊണ്ട്‌ ആണെന്നാണ്‌. പക്ഷേ പ്രൊഫസര്‍ എം.കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ വാരഫലത്തില്‍ വളരെ ഹീനമായ ഭാഷയില്‍ അവാര്‍ഡ്‌ നിര്‍ണ്ണയിച്ച സമിതിയേയും അതിനര്‍ഹനായി തീര്‍ന്ന ഗുപ്തന്‍ നായരേയും നിന്ദിക്കുകയാണുണ്ടായത്‌. വിവാദം കത്തി പടര്‍ന്നത്‌ അവിടെ നിന്നാണ്‌. വിവാദത്തില്‍ പങ്കെടുത്തവരില്‍ പലരും ഗുപ്തന്‍ നായരുടെ സാഹിത്യ സംഭാവന സൂക്ഷ്മമായി പരിശോധിച്ചിട്ടുള്ളവരോ വിലയിരുത്തിയിട്ടുള്ളവരോ അല്ല.

ഗുപ്തന്‍ നായരുടെ സാഹിത്യ സംഭാവന അദ്ദേഹത്തിന്റെ നിരൂപണങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നില്ല. മലയാളത്തിലെ മികച്ച രമ്യോപന്യാസകാരനും, വിവര്‍ത്തകനും, നാടകപ്രവര്‍ത്തകനും, നിഘണ്ടുകാരനും, പ്രഭാഷകനും കൂടിയാണ്‌ അദ്ദേഹം. സമാലോചന, ക്രാന്തദര്‍ശികള്‍, ആധുനിക സാഹിത്യം, കാവ്യസ്വരൂപം, ഇസങ്ങള്‍ക്കപ്പുറം, സൃഷ്ടിയുംസ്രഷ്ടാവും എന്നീ പ്രബന്ധസമാഹാരങ്ങള്‍ കൂടാതെ കേസരിയുടെ വിമര്‍ശനത്തെക്കുറിച്ചുള്ള ഒരു സമഗ്ര പഠനവും ചങ്ങമ്പുഴയെക്കുറിച്ചുള്ള ഒരു മോണോഗ്രാഫും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളത്തിലെ ശബ്ദകോശങ്ങളെക്കുറിച്ചുള്ള പഠനമാണ്‌ 'വാഗര്‍ത്ഥവിചാരം'. അനേകദശകങ്ങളിലെ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെ സൂക്ഷ്മമായ പ്രതിഫലനമാണ്‌ 'മനസാസ്മരാമി' എന്ന പേരിലെഴുതിയ ആത്മകഥയെ ശ്രദ്ധേയമാക്കുന്നത്‌.

പ്രൊഫസര്‍ ഗുപ്തന്‍ നായര്‍ മലയാള വിമര്‍ശനത്തിലെ പക്വതയുടെ സ്വരമാണ്‌. പലപ്പോഴും ഈ പക്വതയും സമചിത്തതയും വിമര്‍ശനത്തിന്റെ ആഴമില്ലായ്മയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. ഗുപ്തന്‍ നായരുടെ വിമര്‍ശനം ഒരു മന്ദമാരുത പ്രസ്ഥാനമാണെന്നു പറഞ്ഞപ്പോള്‍ സുകുമാര്‍ അഴീക്കോട്‌ ഈ തെറ്റിദ്ധാരണക്ക്‌ അടിവരയിടുകയായിരുന്നു. സാഹിത്യ വിമര്‍ശനം സാഹിത്യകൃതിയുടെ മേല്‍ ഹിംസാത്മകമായി ചാടി വീഴലാണ്‌ എന്നു നാം ധരിച്ചു പോയിട്ടുണ്ട്‌. കാര്യകാരണ അജണ്ടയായും നടത്തുന്ന യുക്തി വിചാരത്തേക്കാള്‍ ഒരു തരം പ്രവചനസ്വഭാവമുള്ള വിധി പ്രസ്താവങ്ങളാണ്‌ നമുക്കിഷ്ടം. വിമര്‍ശകന്‌ പ്രതിപക്ഷ ബഹുമാനം പാടില്ലെന്നാണ്‌ നമ്മുടെ ധാരണ. അന്തസ്സുറ്റ ഒരു ഭാഷയില്‍ പറഞ്ഞു വയ്ക്കുന്ന 'അപ്രിയ സത്യങ്ങള്‍' പലപ്പോഴും ഫലപ്രദമല്ല എന്നു നാം കരുതുകയും ചെയ്യുന്നു. വികലമായ ഈ ധാരണകളാണ്‌ ഗുപ്തന്‍ നായരുടെ നിരൂപണങ്ങളുടെ യഥാര്‍ത്ഥ ശക്തി ദൌര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ തടസ്സമായി തീരുന്നതും.

ദീര്‍ഘകാലം അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയും സാംസ്കാരികപ്രവര്‍ത്തകനായി ജീവിക്കുകയും ചെയ്ത ഗുപ്തന്‍ നായരുടെ സമീപനം മിക്കവാറും സന്തുലിതവും അന്തസ്സുറ്റതുമാണ്‌. തനിക്കു ഹിതകരമല്ലാത്ത കാര്യങ്ങളില്‍പ്പോലും ആദരണീയമായെന്തെങ്കിലും ഉണ്ടെങ്കിലംഗീകരിക്കാനദ്ദേഹം വൈമനസ്യം കാട്ടാറില്ല. കേസരി ബാലകൃഷ്ണപിള്ളയുടെ കടുത്ത ഉത്പതിഷ്ണുത്വം നിറഞ്ഞ പ്രകൃതവും അരാജകത്വത്തോടടുത്ത നിലപാടുകളും ഗുപ്തന്‍ നായരുടെ കാഴ്ചപാടിനംഗീകരിക്കാവുന്നതല്ല. പക്ഷേ കേസരിയുടെ സാംസ്കാരിക സാഹിതീയ പ്രവര്‍ത്തനങ്ങളുടെ ശക്തി ദൌര്‍ബല്യങ്ങള്‍ തിരിച്ചറിയാനതൊരിക്കലും ഒരു തടസ്സമാകുന്നില്ല. അഭിപ്രായാന്തരങ്ങള്‍ മറച്ചു വക്കാതെ തന്നെ സാംസ്കാരിക നവോത്ഥാനത്തിനു കേസരി എങ്ങനെയാണ്‌ ചലനാത്മകവും ധൈഷ്ണികവുമായ പിന്തുണ നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. ചങ്ങമ്പുഴയെക്കുറിച്ചുള്ള പഠനത്തിലും കാണാം വിവേക പൂര്‍ണ്ണമായ ഈ സമീപനം. ആ കാല്‍പനിക വ്യക്തിത്വത്തിന്റെ വിലക്ഷണതകളും അപസാമാന്യതകളും വിശദീകരിക്കുന്നതിനൊപ്പം അവയ്ക്കു പിന്നിലെ ആര്‍ദ്രമായ ആത്മാര്‍ത്ഥത സൂക്ഷ്മമായി വെളിപ്പെടുത്തുന്നുമുണ്ട്‌ അദ്ദേഹം. ഈ സന്തുലിതവും വസ്തു നിഷ്ഠവുമായ സമീപനം ഒരു വിമര്‍ശകനെന്ന നിലക്ക്‌ അദ്ദേഹത്തിനുറച്ച നിലപാടുകളൊന്നുമില്ലെന്ന ധാരണ പരത്തിയിട്ടുണ്ട്‌. വാസ്തവത്തില്‍ സാഹിത്യത്തെ സംബദ്ധിച്ച്‌ പല കാര്യങ്ങളിലും അചഞ്ചലമായ ചില നിലപാടുകള്‍ ഗുപ്തന്‍ നായര്‍ സ്വീകരിച്ചിട്ടുണ്ടെന്നതാണു സത്യം.

സാഹിത്യത്തിന്റെ ജനകീയതയെക്കുറിച്ചുള്ള വാശിയേറിയ ചര്‍ച്ച പുരോഗമനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന കാലത്താണ്‌ ഗുപ്തന്‍ നായര്‍ സാഹിത്യരംഗത്തു കടന്നു വരുന്നതും. ഏതു സാധാരണക്കാരനും സാഹിത്യം മനസ്സിലാക്കണമെന്നും സാഹിത്യമെഴുതപ്പെടുന്നത്‌ ഒരു വരേണ്യ വര്‍ഗ്ഗത്തിനുവേണ്ടി മാത്രമല്ലെന്നുമുള്ളവാദം വേദികളെ മുഖരിതമാക്കി. സാധാരണക്കാര്‍ക്കു മനസ്സിലാകുന്നതെന്തും മികച്ച സാഹിത്യമായി വാഴിക്കപ്പെടുകയും ചെയ്തു. പുരോഗമനപ്രസ്ഥാനത്തിന്റെ പല വാദങ്ങളേയും അനുഭാവപൂര്‍വ്വമംഗീകരിച്ച ഗുപ്തന്‍ നായര്‍ ഇക്കാര്യത്തില്‍ തികച്ചും വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ഉത്‌‌കൃഷ്ട സാഹിത്യത്തെ-കലയെയും- സാധാരണക്കാരുടെ അഭിരുചിക്കനുസരിച്ചും താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയില്ലെന്നും. വായനക്കാരന്റെ അഭിരുചിയെ ശിക്ഷണത്തിലൂടെ ഉയര്‍ത്തുകയാണ്‌ വേണ്ടതെന്നും അദ്ദേഹം വാദിച്ചു. കഥകളിയും, ശാസ്ത്രീയസംഗീതവും പോലുള്ള കലാരൂപങ്ങളെ 'ജനകീയ'മാക്കിയാല്‍ എന്താണു സംഭവിക്കുക എന്നദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

കുമാരനാശാനെ കവിയായിത്തന്നെ അംഗീകരിക്കാന്‍ മടിച്ചിരുന്ന മലയാളസഹൃദയത്വം പിന്നെ അദ്ദേഹത്തെ അംഗീകരിച്ചത്‌ ജനകീയ കവി എന്ന നിലയ്ക്കാണ്‌. കുമാരനാശാനെ അദ്ദേഹത്തിന്റെ ദുരവസ്ഥയേയും ചണ്ഡാലഭിക്ഷുകിയേയും വിപ്ലവപ്രധാനമായ ചില ലഘുകവിതകളേയും മാത്രമാസ്പദമാക്കി വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്ന അപകടത്തിലേക്ക്‌ പ്രൊഫസര്‍ മുണ്ടശ്ശേരിയുടെ കരുത്തുറ്റ പ്രഭാഷണങ്ങള്‍ തന്നെ നയിച്ച ആ കാലത്തെ ഗുപ്തന്‍ നായര്‍ വളരെ വിശദമായ ചര്‍ച്ചയിലൂടെ ചൂണ്ടിക്കാണിച്ചു. കവിയെന്ന നിലക്കുള്ള കുമാരനാശാന്റെ യശഃസ്തംഭം സ്ഥാപിതമായിരിക്കുന്നത്‌ ആ കാവ്യങ്ങളുടെ ദാര്‍ശനിക ആ യാമങ്ങളിലാണ്‌ എന്നും കാലാതീതമായ നിലനില്‍പ്‌ ആശാന്‍ കവിതയ്ക്കു ലഭിക്കുന്നത്‌ ഒരിക്കലും പ്രസക്തിയും നഷ്ടപ്പെടാത്ത ദാര്‍ശനിക സമസ്യകള്‍ ആശാന്‍ കൈകാര്യം ചെയ്തതുകൊണ്ടാണെന്നും. ഇന്നത്തെ സഹൃദയത്വം ഗുപ്തന്‍ നായരുടെ ക്രാന്തദര്‍ശിതയെ അംഗീകരിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നതും.

മലയാളസാഹിത്യചരിത്രത്തിലെ മറ്റൊരു ശക്തമായ സംവാദമായിരുന്നു രൂപഭദ്രതാവാദം പുരോഗമനപ്രസ്ഥാനത്തിന്റെ നട്ടുച്ചയില്‍ ആളിപ്പടര്‍ന്ന ഈ വിവാദം സാഹിത്യകൃതിയുടെ ഭാവരൂപസമന്വയത്തെ സംബന്ധിച്ച അടിസ്ഥാനപ്രശ്നമാണുന്നയിച്ചത്‌. അന്തര്‍ഭാവം പുരോഗന്മനാത്മകമായാല്‍പ്പോര രചന ഭദ്രശില്‍പമാകണം എന്ന മുണ്ടശ്ശേരിയുടെ നിലപാടാണ്‌ പുരോഗമനപ്രസ്ഥാനത്തിലെ വിപ്ലവകാരികളെ ചൊടിപ്പിച്ചത്‌. മുണ്ടശ്ശേരിയേയും എം. പി. പോളിനേയുമ്മൊക്കെ "രൂപബദ്രന്മാര്‍" എന്നു വിളിച്ച്‌പരിഹസിച്ച അവര്‍ നിശിതമായ ഭാഷയിലാണ്‌ ഈ നിലപാടിനെ കുറ്റപ്പെടുത്തിയത്‌. തന്റെ കാഴ്ച്ചപ്പാട്‌ വിശദീകരിക്കാനും സധൂകരിക്കാനും വേണ്ടി മുണ്ടശ്ശേരി രൂപഭദ്രത എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതുകയും ചെയ്തു. ഈ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട്‌ ഗുപ്തന്‍ നായരെഴുതിയ പ്രബന്ധം വഴിതെറ്റിപ്പോയ കാവ്യാഭിരുചിയെ പ്രത്യാനയിക്കാന്‍ പര്യാപ്തമായിരുന്നു എന്നതാണ്‌ സത്യം. മുണ്ടശ്ശേരിയുടെ പുസ്തകത്തേക്കാള്‍ വൈദഗ്ദ്ധ്യത്തോടെ ഈ സാഹിതീയ സമസ്യ ചര്‍ച്ച ചെയ്തത്‌ ഗുപ്തന്‍ നായരുടെ പ്രബന്ധമായിരുന്നു. പില്‍ക്കാലത്ത്‌ ഈ.എം.എസ്‌ നമ്പൂതിരിപ്പാട്‌ അന്നത്തെ തങ്ങളുടെ നിലപാട്‌ തിരുത്തുകയുണ്ടായി. ഇന്നത്തെ നിയോ മാക്സിയന്‍ വിമര്‍ശനം, അന്നത്തെ പുരോഗമനപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനെയാവില്ല, ഗുപ്തന്‍ നായരുടേയും മുണ്ടശ്ശേരിയുടേയും നിലപാടുകളെയാവും തുണയ്ക്കുക. ഷഡനോവിസത്തിന്റെ പിടിയില്‍പ്പെട്ട യാന്ത്രികമായ മാര്‍ക്സിയന്‍ സമീപനത്തെക്കുറിച്ച്‌ ഗുപ്തന്‍ നായരെഴുതിയ "കമ്മ്യൂണിസ്റ്റ്‌ സാഹിത്യകാരന്മാരുടെ ദൃഷ്ടിയില്‍ രൂപത്തിലുള്ള പരീക്ഷണങ്ങളെല്ലാം യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒരു തരം ഒഴിഞ്ഞു മാറലാണ്‌, എസ്കേപ്പിസമാണ്‌ . പേരെടുത്ത പരീക്ഷണ കുതുകികളായ എലിയട്ട്‌, സാര്‍ത്ര്, കാഫ്ക തുടങ്ങിയവരെല്ലാം ജീര്‍ണ്ണിച്ച സാമൂഹിക വ്യവസ്ഥയുടെ പട്ടുകോണകങ്ങളാണവര്‍ക്ക്‌. അവരെ പുരോഗമനസാഹിത്യത്തിനാവശ്യമില്ല."

മലയാളത്തിലെ നവീനകവിത (Modern Poem) യുടെ ആവിര്‍ഭാവകാലത്ത്‌ അതിനനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ നടന്നു. ചില കരുത്തുറ്റ വിമര്‍ശകര്‍ -നനയാതെ മീന്‍പിടിക്കാമോ എഴുതിയ മുണ്ടശ്ശേരിയുള്‍പ്പെടെ-കവിതയിലെ പുതിയ പ്രവണതകളെ ശക്തമായി തള്ളിപ്പറഞ്ഞു. തായാട്ടു ശങ്കരന്‍ അയ്യപ്പപ്പണിക്കരെ മാത്രമല്ല അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിനവതാരിക എഴുതിയ എം. വി. ദേവനെപ്പോലും വെറുതെ വിട്ടില്ല. മറ്റൊരു കൂട്ടരാകട്ടെ പുതിയ കവിതകളില്‍ സംഭവിക്കുന്ന അക്ഷരപ്പിശകുകളെ വരെ ന്യായീകരിക്കുകയും ആദര്‍ശവത്ക്കരിക്കുകയും ചെയ്തു. ഈ കാലത്താണ്‌ കവിതയിലെ പുതിയ പ്രവണതകളെ കുറിച്ച്‌ ഗുപ്തന്‍ നായര്‍ കലാകൌമുദിയിലൊരു ലേഖനമെഴുതിയത്‌. അദ്ദേഹം നവീനതയെ തള്ളിപ്പറഞ്ഞില്ല. ആദര്‍ശവത്കരിച്ചുമില്ല. നവീന കവിതയുയര്‍ത്തുന്ന ആശയപരവും സൌന്ദര്യാത്മകവും സംവേദനപരവുമായ സമസ്യകള്‍ ഗൌരവപൂര്‍വം ചര്‍ച്ച ചെയ്യുകയാണുണ്ടായത്‌. പൊള്ളയായ ആവേശത്തിനോ വികാരത്തിനോ അടിപ്പെടാത്ത ആ പ്രബന്ധം പക്വതയുള്ള മൌനം കവിതയിലെ മാറ്റത്തെ മനസ്സിലാക്കാന്‍ നടത്തുന്ന ശ്രമമെന്ന നിലയ്ക്ക്‌ അത്യന്തം ശ്രദ്ധേയമാണ്‌. പക്ഷേ ഈ "നിലപാട്‌" അല്ല അയ്യപ്പപണിക്കരുടെ കവിതയില്‍ "ആധുനികതയുടെ ജീര്‍ണ്ണമുഖം" കണ്ട തായാട്ടുശങ്കരന്റെ കാഴ്ച്ചപ്പാടാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. സത്യം പലപ്പോഴും അതിരറ്റ തലങ്ങളിലല്ല മധ്യമാര്‍ഗ്ഗത്തിലാണുണ്ടാവുക എന്നു മനസ്സിലാക്കാനും വേണം മാനസികമായ ഒരു പക്വത. അതില്ലാതെ വരുമ്പോഴാണ്‌, നാമിത്തരം സത്യ ദര്‍ശനങ്ങളോട്‌ ഉദാസീനത പാലിക്കുക. കവിതയിലെ ഭാവുകത്വ പരിണാമങ്ങളിലെല്ലാമിടപെടുകയും , കാവ്യാഭിരുചിയെ സംസ്കരിക്കുകയും ചെയ്യുക എന്ന വിമര്‍ശക ധര്‍മ്മം നിറവേറ്റിയിട്ടുണ്ട്‌ എസ്‌. ഗുപ്തന്‍ നായര്‍ എന്നാണിതൊക്കെ സൂചിപ്പിക്കുന്നത്‌.

സാഹിത്യ വിമര്‍ശകന്‍ ധാര്‍മികവും, സാന്മാര്‍ഗികവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പാടുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്‌. ഗുപ്തന്‍ നായരുടെ സാഹിത്യ സമീപനത്തിലെ ധാര്‍മികതയുടെ സ്പര്‍ശം പലരേയും അസ്വാസ്ഥ്യം കൊള്ളിക്കാറുണ്ട്‌. പക്ഷേ, ഈ ചോദ്യം പുതിയതല്ല. ഇക്കാര്യത്തില്‍ ആത്യന്തികമായ ഒരു തീര്‍പ്പു കല്‍പ്പിക്കുക എളുപ്പമല്ല. പാശ്ചാത്യ വിമര്‍ശനത്തിന്റെ പിതാവായറിയപ്പെടുന്ന പ്ലാറ്റോയുടെ സാഹിത്യസമീപനത്തെ നിര്‍ണ്ണയിച്ച പ്രധാനഘടകം "ധാര്‍മ്മികത"യായിരുന്നു. ഇംഗ്ലീഷ്‌ വിമര്‍ശകരില്‍ പ്രമുഖനായ മാത്യൂ ആര്‍ണോള്‍ഡ്‌ കവിത മൂല്യങ്ങളെ നിലനിര്‍ത്തുകയും പരിരക്ഷിക്കുയും ചെയ്യണമെന്നു വാദിച്ചയാളാണ്‌. നോവലിസ്റ്റും, ചിന്തകനുമായ ലിയോടോള്‍സ്റ്റോയി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കടും പിടുത്തക്കാരനായിരുന്നു എന്നു പ്രസിദ്ധം. സാഹിത്യ വിമര്‍ശനം അതിന്റെ ഏറ്റവും സമുന്നതമായ തലത്തിലെത്തുമ്പോള്‍ ദൈവശാസ്ത്രപരമാകുമെന്നു പറഞ്ഞപ്പോള്‍ ടി.എസ്‌ എലിയട്ടും പരോക്ഷമായി ഈ സമീപനത്തെ അംഗീകരിക്കുകയായിരുന്നു.

ഇവിടെ വളരെ വ്യക്തമായ ഒരു ചോദ്യത്തെ നമുക്കഭിമുഖീകരിക്കാനാവില്ല. സാഹിത്യം ഫലപ്രദമായ ഒരു സംവേദന മാധ്യമമാണെങ്കില്‍ അതിലൂടെ സംവേദനം ചെയ്യപ്പെടുന്നത്‌ ഏതുതരം അനുഭവമാണ്‌ അല്ലെങ്കില്‍ സന്ദേശമാണെന്ന ചോദ്യം വിമര്‍ശകന്‌ ഒഴിവാക്കാന്‍ കഴിയുമോ . സാഹിത്യ കൃതി അനുവാചകരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ ഉദാസീനനാകാന്‍ കഴിയുമോ? ഗുപ്തന്‍ നായരെന്ന വിമര്‍ശകന്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ തന്റേടം കാട്ടി എന്നതാണ്‌ സത്യം. 'അഞ്ചു ചീത്ത കഥ"കളിലൂടെ സമൂഹത്തിനാരോഗ്യകരമല്ലാത്ത ചില പ്രവണതകള്‍ സാഹിത്യത്തിലവതീര്‍ണ്ണമാവുകയും സ്ഥാപിതമായ സാന്മാര്‍ഗ്ഗികതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ബഷീറിന്റെ 'ശബ്ദങ്ങള്‍' പുറത്തു വരികയും ചെയ്തപ്പോള്‍ ഗുപ്തന്‍ നായര്‍ അസഹിഷ്ണുവായതതുകൊണ്ടാണ്‌. പില്‍ക്കാലത്ത്‌ അരുന്ധതി റായിയുടെ "ഗോ‍ഡ്‌ ഓഫ്‌ സ്മോള്‍ തിങ്ങ്‌സി"നോട്‌ പ്രതികരിച്ചപ്പോഴും ഈ അസഹിഷ്ണുത പ്രകടമായി. ധാര്‍മ്മികതയെക്കുറിച്ചുള്ള ഗുപ്തന്‍ നായരുടെ നിലപാട്‌ യാഥാസ്ഥിതികമാണെന്ന് വേണമെങ്കില്‍ നമുക്കു വാദിക്കാം. പക്ഷേ അങ്ങനെ ഒരു നിലപാട്‌ വിമര്‍ശകനുപാടില്ലെന്നു പറയാനാര്‍ക്കാണധികാരം? അത്തരമൊരു നിലപാട്‌ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുന്ന വിമര്‍ശകന്റെ രചനകളെ മന്ദമാരുതപ്രസ്ഥാനം എന്നു വിളിക്കാന്‍ എന്തു യുക്തിയാണു നമുക്കുള്ളത്‌?

ഗുപ്തന്‍ നായരുടെ വിമര്‍ശ പ്രബന്ധങ്ങള്‍ ധാരാളം ഉള്‍ക്കാഴ്ചകള്‍കൊണ്ട്‌ സമ്പന്നമാണ്‌. സാഹിത്യത്തെ സംബന്ധിച്ച പല കാര്യങ്ങളിലും അദ്ദേഹത്തിനുറച്ച നിലപാടുകളുണ്ട്‌. ഏതപ്രിയ സത്യവും പ്രതിപക്ഷ ബഹുമാനത്തോടെ അന്തസ്സുറ്റ ഭാഷയില്‍ ആവിഷ്കരിക്കാനദ്ദേഹത്തിനു കഴിയും. സാഹിത്യ വിമര്‍ശനത്തിനും, നിഘണ്ടു നിര്‍മ്മാണത്തിനും നാടകത്തിനും, ഒക്കെയായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹത്തിനു നല്‍കിയതിനൊരപാകതയുമില്ല എന്നു തന്നെ ഞാന്‍ കരുതുന്നു. എന്നിട്ടും എന്തുകൊണ്ടാണ്‌ എം. കൃഷ്ണന്‍ നായരെപ്പോലൊരാള്‍ ഇങ്ങനെ പ്രതികരിച്ചത്‌. അതിനു മറുപടി പറയാന്‍ മറ്റൊരു പ്രബന്ധമെഴുതണം. ആ വെല്ലുവിളി സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണു താനും.

മലയാള സാഹിത്യത്തിനും കേരള സംസ്കാരത്തിനും നല്‍കുന്ന സമഗ്ര സംഭാവന പരിഗണിച്ച് കേരള ഗവണ്‍മന്റ്‌ നല്‍കുന്ന അവാര്‍ഡാണ്‌ എഴുത്തച്ഛന്‍ പുരസ്കാരം. ഈ വര്‍ഷത്തെ പുരസ്കാരം നിര്‍ണ്ണയിച്ചത്‌ ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനും, ഡോ.ഡി ബഞ്ചമിന്‍, വത്സല, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍, സാംസ്കാരിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ ഒരു സമിതിയാണ്‌. കമ്മിറ്റി ഇപ്രാവശ്യം അവാര്‍ഡിന്‌ ശുപാര്‍ശ ചെയ്തത്‌, പ്രൊഫസര്‍ എസ്‌.ഗുപ്തന്‍ നായരെയാണ്.

ഡോ.ഡി ബഞ്ചമിന്‍
1996-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍ സാഹിത്യ പഠനങ്ങള്‍ എന്ന പുസ്തകമുള്‍പ്പെടെ പത്തോളം നിരൂപണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകന്‍.
Subscribe Tharjani |
Submitted by Rathi Menon (not verified) on Sun, 2006-02-05 09:02.

Thank you dr Benjamin for your logical, composed defense on Ezuthachan Puraskaram. Prof Guptan Nair should have got it long back. We are experts in tarnishing people. But your article answers most of the allegations.
Rathi Menon

Submitted by ചിന്ത.കൊം പ്രവര്‍ത്തക (not verified) on Mon, 2006-02-06 11:06.

എസ്. ഗുപ്തന്‍ നായര്‍ സാര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു
ആചാര്യന് ആദരാഞ്ജലികള്‍

Submitted by dRiZzlE MOttambrum (not verified) on Tue, 2006-02-07 09:02.

പഠനാര്‍ഹമായ ലേഖനം. പക്ഷെ, 'പക്ഷേ അങ്ങനെ ഒരു നിലപാട്‌ വിമര്‍ശകനുപാടില്ലെന്നു പറയാനാര്‍ക്കാണധികാരം?' എന്ന വാചകം ഒരു ചോദ്യഛിഹ്നമായി അവശേഷിക്കുന്നു.

Submitted by pathikan (not verified) on Fri, 2006-02-10 22:05.

മലയാളത്തെ ആത്മാര്ത്തമായി സ്നേഹിക്കുന്ന ഏതൊരു മലയാളിക്കും
അമഹാനുഭാവന്‍റെ വേര്‍പാട് ഒരു തേങ്ങലോടെ മാത്രമേ സ്മരിക്കാനാകൂ