തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

ഒച്ച്

വീടുകള്‍ എല്ലാമടഞ്ഞു കിടന്നു
പുറത്തെ വെളിച്ചം
ഉറങ്ങിക്കിടന്നു.

ഒരു മുതുമഴ ഇലകളില്‍
പ്രായം മറന്ന് പോരടിച്ചു,
പരിധികള്‍ ലംഘിച്ച്‌ വഴി
ലോകാതിര്‍ത്തിവരെ കൈചൂണ്ടി.

നിലവിളിപോലെ പാഴ്ചെടികള്‍
കൈയുയര്‍ത്തിപ്പടര്‍ന്നു നിന്നു,
ഇരുട്ടില്‍ നിന്ന് ഞെട്ടലുകള്‍
ശബ്ദിച്ചിറങ്ങിവന്നു,
ഒരു വാതിലെങ്കിലും തുറന്ന വീട്‌
ഇവിടെയെങ്ങുമില്ലേ?

വീടില്ലാത്തവന്റെ ദു:ഖത്താല്‍
ഒരു പാതിരാവുകൂടി..
കൂനിന്മേല്‍ വീടുംവച്ച്‌
താഴ്ചകള്‍ താണ്ടുമൊച്ചേ, നിനക്ക്‌
ഒച്ചയില്ലെങ്കിലെന്ത്‌, വേഗ-
പ്രാന്തില്ലേലെന്ത്‌..
ഉള്‍വലിഞ്ഞിരുന്നുറങ്ങാനൊരു
വീടെങ്കിലുമുടയവന്‍ തന്നില്ലേ?

Subscribe Tharjani |