തര്‍ജ്ജനി

സംസ്കാരം

സംസ്കാരപഠനമേഖലയിലെ പുതു സമസ്യകള്‍

പ്രധാനമായും നമ്മുടെ നിരൂപകരെ രണ്ടു രൂപകങ്ങള്‍ ഉപയോഗിച്ചു വിശദീകരിക്കാമെന്നു തോന്നുന്നു. ഒരാള്‍ ഖനന വിദഗ്ദനാണ്. കൃതിയിലെ, കലയിലെ അര്‍ത്ഥങ്ങള്‍ കുഴിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന വിദഗ്ദ തൊഴിലാളി. കൃഷ്ണന്‍ നായര്‍ പറയും പോലെ ഭാര്യയെ പേടിച്ച് വൈകുന്നേരം ലൈബ്രറിയിലിരുന്ന് വായിച്ച് നിരൂപണം എഴുതുന്ന ആള്‍ക്കാര്‍. മറ്റേയാള്‍ ജെയിംസ് ബോണ്ടാണ്. മാക്സിയന്‍ പാരമ്പര്യവുമായി ബന്ധപ്പെട്ട് പ്രത്യയശാസ്ത്ര വിമര്‍ശനം നടത്തുന്ന ആള്‍. വിമര്‍ശനാത്മക യുക്തിയെ അടിസ്ഥാനമാക്കി കലയുടെ ജീര്‍ണ്ണതയെക്കുറിച്ചുള്ള തിരിച്ചറിവ് ജനങ്ങള്‍ക്കു നല്‍കി പ്രബുദ്ധരാക്കുന്ന വിമോചക പ്രവര്‍ത്തകര്‍ എന്നു സ്വയം കരുതുന്നവര്‍. അതു ജെയിംസ് ബോണ്ടിന്റെ പണിയാണ്. കുറ്റം കണ്ടെത്തി അവസാനം കുറ്റവാളിയെ വെടിവച്ചു കൊല്ലുന്നു.

കേരളത്തിലെ വര്‍ഗീയതയെയും ആഗോളവത്കരണത്തെയും കുറിച്ചുള്ള പഠനങ്ങളിലെല്ലാം തന്നെ മാക്സിയന്‍ തത്ത്വചിന്തയ്ക്ക് മേധാവിത്വമുണ്ട്. ബ്രഹ്റ്റിന്റെ അന്യവത്കരണ സങ്കല്‍പ്പത്തില്‍ കലയുടെ വിമോചക അംശം എന്ന നിലയില്‍ കാണുന്നത് അതിന്റെ ജ്ഞാനപരമായ തലത്തെയാണ്. അതായത് കല മനുഷ്യരെ പ്രബുദ്ധരാക്കുന്നു. ലോകത്തെക്കുറിച്ചുള്ള വൈകാരിക ഇടപെടലിനു പകരം ലോകത്തെ മാറി നിന്ന് വിമര്‍ശനാത്മകമായി അതിനെ കാണാന്‍ സഹായിക്കുന്നു എന്ന ധാരണ ആ ആശയത്തിനു പിന്നിലുണ്ട്. ആ ധാരണ മാക്സിസത്തിനു ജന്മം നല്‍കിയ, യൂറോപ്പിന്റെ ആധുനികതയുടെ അറിവിനെക്കുറിച്ചുള്ള ധാരണയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കാരണം മാക്സിസം യൂറോപ്യന്‍ ആധുനികതയുടെ ‘തന്തയില്ലാത്ത’ (basterd) സന്തതിയാണ്. ബാസ്റ്റഡിന് അച്ഛനെ കൊല്ലാന്‍ ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ അച്ഛന്റെ സ്വഭാവഗുണങ്ങളൊക്കെ ഉണ്ടായിരിക്കുകയും ചെയ്യും. മുതലാളിത്തത്തെ കൊല്ലാന്‍ ആഗ്രഹിക്കുമ്പോഴും മുതലാളിത്തത്തിന്റെ സവിശേഷതകള്‍ തന്നെയാണ് മാക്സിസത്തിനുള്ളത്. ശത്രുവും മിത്രവും തമ്മില്‍ പകര്‍ന്നാടുന്ന വ്യവഹാരമായി അതു പില്‍‌‌ക്കാലത്ത് മാറിപ്പോവുകയും ചെയ്തു.

കേരളത്തില്‍ തൊണ്ണൂറുകള്‍ക്കു ശേഷമുണ്ടായിട്ടുള്ള സംസ്കാരപഠനത്തില്‍ ഉണ്ടായിട്ടുള്ള ചില പൊതു പ്രവണതകള്‍, ചില ലക്ഷ്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ എന്റെ ഉദ്ദേശ്യം. എണ്‍പതുകളോടെ പുതിയ സാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി ദളിത് പ്രസ്ഥാനങ്ങളും ദേശീയതയെക്കുറിച്ചുണ്ടായ പുതിയ അന്വേഷണങ്ങളും നമ്മുടെ സാഹിത്യത്തെയും സംസ്കാരത്തെയും പുതിയ രീതിയില്‍ കാണാന്‍ പ്രേരിപ്പിക്കുകയുണ്ടായി. വര്‍ഗപരമായ തലത്തിലുള്ള സ്വത്വത്തിന് ജാതിപരവും ലിംഗപരവും ദേശീയവുമായ മാനങ്ങള്‍ ഉണ്ടെന്നും ഏതു വ്യവഹാരങ്ങള്‍ അവയെ നിര്‍ണ്ണയിക്കുന്നു എന്നത് സംസ്കാരപഠനത്തില്‍ പ്രധാനമാണെന്നും തിരിച്ചറിവുണ്ടായി. പഴയ ധാരണകള്‍ പല നിലയ്ക്കും ചോദ്യം ചെയ്യപ്പെട്ടെങ്കിലും കേരളത്തിലെ ഇന്നറിയപ്പെടുന്ന മുഖ്യധാരയിലെ സംസ്കാരപഠനങ്ങളില്‍ ഒരിക്കലും കാണാനാവില്ല. മുഖ്യധാരയിലെ സംസ്കാര പഠനം എന്നു പറയുന്നത് മാക്സിസത്തിന്റെ പുതിയ രീതിയിലുള്ള പഠനങ്ങളെ അവസരവാദപരമായി കൂട്ടിച്ചേര്‍ക്കുന്നവയാണ്. പി കെ പോക്കറെപ്പോലുള്ള അനവധി ആളുകള്‍ ഇതു ചെയ്തു വരുന്നുണ്ട്. മാക്സിസവും പോസ്റ്റു കൊളോണിസവും പോസ്റ്റ് മോഡേണിസവും നവചരിത്ര വാദവും വ്യവസ്ഥയില്ലാതെ കുഴച്ചുമറിച്ച് ജനങ്ങളില്‍ ഭ്രമാത്മകത സൃഷ്ടിക്കുന്ന രീതിയിലുള്ളതാണ് നമ്മുടെ മുഖ്യധാരാ നിരൂപണം. അപ്പുറത്ത്, സംസ്കാര പഠനം എന്താണ്, അത് ലോകത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണോ, വ്യാഖ്യാന യന്ത്രങ്ങളായ നിരൂപകരുടെ പ്രവര്‍ത്തനങ്ങളാണോ എന്നതിനപ്പുറത്ത്, വേറൊരു തരത്തിലുള്ള കാമനാ വിനിമയവും ആഖ്യാനവുമാണ് നിരൂപണം എന്ന തിരിച്ചറിവാണ് ലോകത്തെ നിസ്സംഗമായി നോക്കിനിന്നു പഠിക്കുകയല്ല താനും കൂടി പങ്കാളിയാവുന്ന യാഥാര്‍ത്ഥ്യം തന്റെ നിര്‍മ്മിതിയാണെന്ന് അറിയുന്ന പുതിയ ഒരാളാണ് പുതിയ നിരൂപകന്‍.

പ്രധാനപ്പെട്ട മേഖലകളിലെല്ലാം പുതിയ അന്വേഷണങ്ങള്‍ ഉണ്ടായി. തായമ്പകയെയും താളം സംഗീതം ഇവയെയുംക്കുറിച്ചുള്ള കെ സി നാരായണന്റെയും ആര്‍ നന്ദകുമാറിന്റെയും സുനില്‍ പി ഇളയിടത്തിന്റെയും പഠനങ്ങള്‍. ചിത്രകലയെക്കുറിച്ച് വിജയകുമാര മേനോന്റെയും ആര്‍ നന്ദകുമാറിന്റെയും പഠനങ്ങള്‍. ചിത്രകലയെക്കുറിച്ച് കവിയായ കെ ജി ശങ്കരപ്പിള്ളയുടെ നിരീക്ഷണങ്ങള്‍. ഇ വി രാമകൃഷ്ണന്റെ ദേശീയതയെയും പുതിയ സാഹിത്യത്തെയും കുറിച്ചുള്ള അന്വേഷണങ്ങള്‍. എന്‍ ടി അന്‍സാരിയുടെ മാധവന്റെ ഹിഗ്വിറ്റാ വിമര്‍ശനം. ദളിത് സംസ്കാര വിമര്‍ശം എന്നു പറയാവുന്ന ദളിത് പക്ഷത്തു നിന്നും ചരിത്രത്തെയും സംസ്കാരത്തെയും വായിക്കുന്ന വളരെ ശ്രദ്ധേയമായ പഠനങ്ങള്‍. ഇവയെല്ലാം സമീപകാലത്തുണ്ടായ ചില പ്രവണതകളാണ്. ടി എം യേശുദാസന്‍, പി സനല്‍ മോഹന്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്, കെ കെ കൊച്ച്, എം പി മനോജ്, രേണുകുമാര്‍ തുടങ്ങിയവര്‍ ഈ മേഖലകളില്‍ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നവരാണ്.

നമ്മുടെ ദളിത് സംസ്കാരപഠനങ്ങളുടെ പ്രധാന പരിമിതിയായി തോന്നിയിട്ടുള്ളത്, അവ നമ്മുടെ കേരളീയതയിലുള്ള സവര്‍ണ്ണ മേധാവിത്വത്തെയും നമ്മുടെ ദേശീയ നിര്‍മ്മിതിയില്‍ തന്നെയുള്ള സവര്‍ണ്ണ താത്‌പ്പര്യങ്ങളെയുമൊക്കെ തുറന്നു കാണിക്കുമ്പോള്‍ തന്നെ അവയിലുള്ള ഒരു മാര്‍ക്സിസ്റ്റ്-അംബേദ്ക്കറിസ്റ്റ് സമ്മിശ്രം മുന്നോട്ടു പോകാനാവാതെ അവയെ തടഞ്ഞു നിര്‍ത്തുന്ന പ്രതിസന്ധിയാവുന്നു എന്നുള്ളതാണ്. വിമോചനത്തിന്റെ എല്ലാ സാദ്ധ്യതകളും മാര്‍ക്സിസ്റ്റുകളും അംബേദ്ക്കറിസ്റ്റുകളും തേടിയത്, യൂറോപ്യന്‍ ആധുനികതയുടെ സാംസ്കാരിക ലോകത്തു തന്നെയാണ്. ചരിത്രത്തെക്കുറിച്ച് ഒരു രേഖീയമായ സങ്കല്‍പ്പനമാണ് അവര്‍ വച്ചു പുലര്‍ത്തിയത്. ചരിതമെന്നാല്‍ ഗോത്രസമൂഹം കാര്‍ഷികസമൂഹമായും അതു പിന്നെ വ്യവസായ വത്കൃതസമൂഹമായും മാറുന്ന, മതവിശ്വാസത്തില്‍ നിന്ന് യുക്തിപരതയിലേയ്ക്ക് നീങ്ങുന്ന ഒന്നാണെന്നും കിഴക്കു നിന്ന് പടിഞ്ഞാറോട്ട് തിരിയുന്ന ലോകം മുഴുവന്‍ യൂറോപ്പിന്റെ മാതൃകയിലാവലാണ് ആധുനികത എന്നും വിശ്വസിക്കുന്ന, ലോകത്തിലെ എല്ലാവരും യുക്തിവാദികളായി മാറുന്നതാണ് പ്രബുദ്ധത എന്നു ചിന്തിക്കുന്ന ഒരു പൊതു തലം പങ്കിടുന്നവരാണ് മാര്‍ക്സിസ്റ്റുകളും അംബേദ്ക്കറിസ്റ്റുകളും‍. അതിന്റെ ഭാഗമായി നിലനില്‍ക്കുന്ന കേന്ദ്രീകൃതമായ ദേശ/രാഷ്ട്രത്തിലുള്ള വിശ്വാസവും അതിലെ പൌരന്മാരായി എല്ലാവരും മാറുന്നതും അവരുടെ പ്രതിനിധിയായി ഒരാള്‍ ഉണ്ടാവുന്നതുമാണ് ജനാധിപത്യം എന്നു കരുതുന്ന വളരെ യൂറോസെന്‍‌ട്രിക് ആയ ജനാധിപത്യ മാതൃകയുടെ രീതി സങ്കല്‍പ്പങ്ങളുടെ തടവില്‍ തന്നെയാണ് മാര്‍ക്സിസ്റ്റ്-അംബേദ്ക്കറിസ്റ്റുകള്‍ നിലകൊള്ളുന്നത്. അതുകൊണ്ട് ഗാന്ധിയെപ്പോലെ ഒരാള്‍ക്ക് സ്റ്റേറ്റ് ഒരു ഹിംസയായത്. പാരമ്പര്യത്തെയും ആധുനികതയെയും വിപരീത പദങ്ങളായി കാണുന്ന, ആധുനികത പാരമ്പര്യത്തെ നിഷേധിക്കുന്നതാണെന്നു കരുതുന്ന സങ്കല്‍പ്പങ്ങളെ ഗാന്ധി ചോദ്യം ചെയ്യുകയുണ്ടായി. പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന ആധുനികതയെക്കുറിച്ചു ചിന്തിക്കാന്‍ നമ്മുടെ ദളിത് ചിന്തകര്‍ക്കു കഴിഞ്ഞിട്ടില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. നക്സലൈറ്റു പാരമ്പര്യത്തിലൂടെ കടന്നു പോയവരാണ് നമ്മുടെ ദളിത് ചിന്തകരെല്ലാം എന്നത് അവര്‍ക്ക് കൂടുതല്‍ വിശദാംശങ്ങളിലേയ്ക്ക് കടക്കാനാവാതെ, പരിമിതി ഉണ്ടാക്കുന്നുണ്ട്. അടുത്തകാലത്തുണ്ടായിട്ടുള്ള ഗാന്ധിയെക്കുറിച്ചുള്ള സംവാദങ്ങള്‍, ഗ്രാമങ്ങളെ കുറിച്ച് ഡി ആര്‍ നാഗ്‌രാജ് നടത്തിയ ചില നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍, പുതിയ ഒരു ദളിത് വ്യവഹാരം ഉണ്ടാകേണ്ടതുണ്ട്. ദളിത് സ്വത്വത്തെ നിരസിക്കാത്ത, ദളിത് പാരമ്പര്യം എന്നു പറഞ്ഞാല്‍ മുഴുവന്‍ അപമാനകരമാണെന്നു കരുതാത്ത, പീഢനവും ദുരിതവുമൊക്കെ അനുഭവിക്കുമ്പോഴും ആളുകള്‍ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സ്വന്തമായ പാതകള്‍ കണ്ടെത്തിയിരുന്നു എന്നു തിരിച്ചറിയുന്ന ഒരു വഴിയാണത്. പാരമ്പര്യത്തിന്റെ നിരാസമാണ് അംബേദ്ക്കറെ ദളിത് സ്വത്വത്തെ തന്നെ നിരാകരിച്ച് ബുദ്ധമതത്തിലേയ്ക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്. ദളിത് വ്യക്തിത്വത്തില്‍ സവര്‍ണ്ണന്‍ നിര്‍മ്മിച്ചിട്ടില്ലാത്ത പലതും അതിന്റെ പാരമ്പര്യത്തിലുണ്ടെന്നു തിരിച്ചറിയുന്ന വേറൊരു അന്വേഷണ മാതൃകയാണ് ഇനി ഉണ്ടാവേണ്ടത്. ഗാന്ധിയും അംബേദ്ക്കറും തമ്മിലുള്ള സംവാദത്തെക്കുറിച്ച് ഡി ആര്‍ നാഗ്‌രാജ് ശ്രദ്ധേയമായ പഠനം എഴുതിയിട്ടുണ്ട്. ഗാന്ധിയില്‍ ദളിതര്‍ക്കു വിരുദ്ധമായ പലതും കാണാന്‍ കഴിയുമെങ്കിലും അയിത്തം എന്ന പ്രശ്നം തിരിച്ചറിയാന്‍ ഗാന്ധിയ്ക്കു കഴിഞ്ഞിരുന്നു. മാര്‍ക്സിനെപ്പോലെ ജാതി ഉപരിഘടനയുടെ മാത്രം പ്രശ്നമാണെന്നു കരുതിയ ആളായിരുന്നില്ല, ഗാന്ധി. ദളിത് പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ കഴിയുമ്പോള്‍ തന്നെ ഗാന്ധിയ്ക്ക് ദളിത് പ്രശ്നം ഹിന്ദുമതത്തിന്റെ ഉള്ളിലെ ധാര്‍മ്മികതയുടെ പ്രശ്നമായിരുന്നു. ദളിതരോട് ചെയ്ത ക്രൂരത ഗാന്ധിയ്ക്ക് ആത്മശുദ്ധീകരണത്തിനുള്ള ഒരു പ്രക്രിയയായിരുന്നു. അതിന്റെ പരിമിതി ദളിതന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ അതു തടയുന്നു എന്നതായിരുന്നു. അത്തരത്തിലുള്ള ഉദ്ധാ‍രണപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതു കൊണ്ടാണു കേരളത്തിലെ വടക്കുഭാഗത്തു ദളിത് സംഘടനകള്‍ ദുര്‍ബലമായി പോയത്. ദളിതര്‍ സ്വയം സംഘടിച്ച് തെക്കു ഭാഗത്ത് ആത്മാഭിമാനവും ഉശിരും കൂടുകയും ചെയ്തു. ഗാന്ധിയന്‍ മാതൃകയുടെയും ദളിതര്‍ സ്വയം സംഘടിച്ചതിന്റെയും വ്യത്യാസത്തെയാണ് ഇതു കാട്ടുന്നത്. ഒരു തരം ഉദ്ധാരണ പ്രവര്‍ത്തനമായിരുന്നു കേളപ്പന്റെയും മറ്റുമെങ്കില്‍ അയ്യങ്കാളിയുടെയും പൊയ്കയില്‍ യോഹന്നാന്റെയും വൈകുണ്ഠസ്വാമികളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരു തരം സ്വയോത്ഭവ പ്രവര്‍ത്തനങ്ങളായിരുന്നു. ശ്രദ്ധിക്കേണ്ട വസ്തുത അവയില്‍ അംബേദ്ക്കറിസത്തിന്റെ സ്വാധീനമൊന്നും ഇല്ല എന്നുള്ളതാണ്.

ജാസ്സി ഗിഫ്റ്റിനെ കുറിച്ചുണ്ടായ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്ന വസ്തുത, ദളിത് സംസ്കാരത്തിന്റെ ആഴം നേടിയെടുക്കാന്‍ ധാരാളം ചെറുപ്പക്കാര്‍ എഴുതുന്നുണ്ടെങ്കിലും കഴിഞ്ഞിട്ടില്ല എന്നതാണ്. ജാസ്സിയെ ദളിതനാക്കുന്നതില്‍ അനവധി സങ്കീര്‍ണ്ണതകളുണ്ട്. പ്രഭുദേവയെ ഒരു ‘പ്രീ-മണ്ഡല്‍ ബോഡി’ എന്നു വിളിക്കുന്നുണ്ട്, തേജസ്വിനി നിരജ്ഞ്ന. മണ്ഡല്‍ കമ്മീഷന്‍ പ്രശ്നത്തിനു ശേഷം ഉണ്ടായിട്ടുള്ള രണ്ടുതരം ശരീരബിംബങ്ങളായി പ്രഭുദേവയെയും അരവിന്ദ് സ്വാമിയെയും പരിചയപ്പെടുത്തുന്നുണ്ട്, അവര്‍. ഒന്ന്, വളരെ ‘പ്ലേ ഫുള്‍’ ആയ( ലീലാപരതയുള്ള) ‘എക്സോവെര്‍ട്ട്’ ആയ പ്രഭുദേവ. മറ്റേയാള്‍, അന്തര്‍മുഖനായ, ഗൌരവപ്രകൃതിയായ, ക്ലാസിക്കല്‍ സൌന്ദര്യ സങ്കല്‍പ്പത്തിനിണങ്ങിയ അരവിന്ദ് സ്വാമി. ഇതുപോലെ ജാസ്സി ഗിഫ്റ്റിന്റെ സംഗീതത്തെ വിലയിരുത്താനാവാത്ത ചില സങ്കീര്‍ണ്ണതകള്‍ അതിനുള്ളിലുണ്ട്. ആഗോളവത്കരണത്തിന്റെ നൃത്തസംഗീതികയുടെ മൂര്‍ത്തരൂപമാണ് പ്രഭുദേവ എന്ന പോലെ തന്നെ ആഗോളവത്കരണത്തിന്റെ ചില ‘മ്യൂസിക്കല്‍എത്തോസുമായി’ ജാസ്സി ബന്ധപ്പെടുന്നുണ്ട്. നമ്മുടെ ദളിത് ചിന്തകര്‍ക്ക് നമ്മുടെ ദളിത് പാരമ്പര്യമെന്ത് എന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ചില ദൌര്‍ബല്യങ്ങളുണ്ട്. ഈ ഉദാഹരണം അതാണ് ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ പ്രസക്തമായ ഒരു പരിമിതിയാണ് ദളിത് പഠനങ്ങളില്‍ കാണുന്ന ഒരു തരം ഫെവിക്കോള്‍ യുക്തി. മറ്റൊന്നിനോട് ഒട്ടിച്ചു ചേര്‍ത്തു വയ്ക്കുന്ന ഒരു തരം യുക്തി. ദളിതര്‍ക്ക് കൃത്യമായ ഒരു ആഗ്രഹ സഫലീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരിടപെടല്‍ സൃഷ്ടിക്കാനാണ് അവയുടെ നീക്കം. സരസ്വതീ വിജയത്തെ ഇന്ദുലേഖയ്ക്ക് എതിര്‍മാതൃകയായി ഭാവന ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. എം ടി അന്‍സാരിയുടെ പഠനങ്ങളില്‍ കാണുന്ന സവര്‍ണ്ണ വിരുദ്ധതയിലും ഈ യുക്തിയാണ് പ്രവര്‍ത്തിക്കുന്നത്.

രാഷ്ട്രത്തിന്റെ, ദേശീയതയുടെ പ്രതിനിധിയായ ആള്‍ ദുര്‍ബല മുസ്ലീം പ്രജയുടെ വയറ്റത്തുള്ള ഇടിയായി സങ്കല്‍പ്പിക്കുന്നതില്‍, ഒന്നിനെ തകര്‍ത്ത് മറ്റൊന്നിനെ പ്രതിഷ്ഠിക്കുന്ന ശ്രേണിയെ തിരിച്ചിടുന്ന (ഇല്ലാതാക്കലല്ല) ഒരു യുക്തി അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരമ്പരാഗതമായ ഫ്രോയിഡിയന്‍ വായനയുടെ മുഴുവന്‍ പരിമിതികളും അന്‍സാരിയുടെ ഇടപെടലിനുണ്ട്. പ്രശ്നങ്ങളെല്ലാം അഖിലേന്ത്യാരാഷ്ട്രീയത്തിന്റെ പ്രശ്നമണ്ഡലത്തിലേയ്ക്ക് മാറ്റിസ്ഥാപിച്ചാലേ ഇത്തരത്തിലുള്ള വായന സാദ്ധ്യമാവൂ എന്നുള്ളതു കൊണ്ട് എല്ലാത്തിനെയും ഭീകരമായി അഖിലേന്ത്യാരാഷ്ട്രീയമായി ഉദ്ഗ്രഥിക്കുന്ന ഒരു വായനാ രീതി ഇതിനു പുറകിലുണ്ട്. ഇതുവച്ചു നോക്കിയാല്‍ ഉണ്ണിയാര്‍ച്ച നാദാപുരത്തെ മാപ്പിളമാരെ നേരിട്ടതൊക്കെ സവര്‍ണ്ണമേധാവിത്വ യുക്തിയാവും. മാനുഷിക പ്രവര്‍ത്തനങ്ങളുടെ സന്ദര്‍ഭങ്ങളാണ് പ്രവര്‍ത്തനത്തിന്റെ മൂല്യവും അര്‍ത്ഥവും എന്നതു കൊണ്ട് അതിനെ സാമാന്യവത്കരിക്കപ്പെട്ട ഒരു സന്ദര്‍ഭത്തിലേയ്ക്കു പരിഭാഷപ്പെടുത്തുന്നതില്‍ ഒരു തിന്മയുണ്ട്.

കെ രാജന്‍
Subscribe Tharjani |
Submitted by Rathi Menon (not verified) on Sun, 2006-02-05 09:39.

Many of the issues which Mr Rajan is talking about regarding criticism and cultural studies are relevant for feminist studies also. Often it is taken as a monolithic domain not even knowing that the basic approach of Anglo- American and French ( which are often quoted) perspectives are different . Those who celebrate Adrienne Rich conveniently forget that we have a much stronger writer Madhavikutty. I was surprised when I read some of the articles published by Language institute on a book on Feminism ( Two vols). Many are ambiguous and do not convey any sense.
Rathi Menon

Submitted by Akhilesh (not verified) on Mon, 2006-02-06 09:56.

Cast/Religion and such partitions, loosing relevence in the post global society.People are basically looking to earn and enjoying the life.Analysing of this change is not in the scope of this reply.
However it is better to do/discuss something related to the realistic issues now in the society (family-suiciding, increasing drug consumption etc and after all there are no relations for all these problems with the cast/religion too) there is no point to do the operation/post mortem of our old system.
Narendran commission and special recruitments and all , any one who knows basic politics considering as political gimmicks of the political comedians.
We have hell a lot of other burning issues in the society.....nhcelian parambum, laaloorum, bangladesh coloniyum,sunami punaradhivasavum ellam..... we failed/ keeps on failing to ensure basic requirements like drinking water, basic education, effective drainage system (not only effective , not at all having it) for our society.I'm not blaming any politicans or political parties for this.Becasue till now in kerala wherever and whenever people gathered & worked together for good motives, all of such movements got results. But now we don't have time , our society trying to put heavy/sharp lines between society and personal life.People are daring to throw garbage to the public roads/places for cleaning and maintaing their own home.
So now what we required is we've to give more pages/places for the technocrafts in our medias and society has to be more & more awared for the issues at present and future.

We've to burry the copy book theories of the past .............making unnecessory discussions........because we've lot of other issues to discuss....................which yields more...............
"Madwachanagalku Maardhavamillengil Uddesasuddiyaal maappunalkin".