തര്‍ജ്ജനി

പുസ്തകം

വാക്കിന്റെ വഴിയും പബ്ലിക്‍ ലൈബ്രറിയും

ഭാഷ എങ്ങനെ പഠിക്കണം എന്ന വിഷയത്തില്‍ യുവസരണി മാസികയില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണു് ഡോ.എന്‍.ഗോപിനാഥന്‍നായരുടെ ഈ പുസ്തകം. ഭാഷാശാസ്ത്രത്തിന്റേയും വ്യാകരണത്തിന്റെയും തത്വങ്ങള്‍ സ്വന്തം അദ്ധ്യപനാനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രതിപാദിക്കുന്ന ഈ പുസ്തകം ലളിതമായ അവതരണരീതികൊണ്ട് ശ്രദ്ധേയമാണു്. തെളിമയുള്ള മലയാളം എങ്ങനെ എഴുതാം എന്നു് വിശദമാക്കുവാനാണു് ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നതു്. അതാവട്ടെ മികച്ചരീതിയില്‍ വിജയം കണ്ടെത്തിയിട്ടുമുണ്ട്. അധികവായനയ്ക്കുള്ള പുസ്തകങ്ങളും സഹായകഗ്രന്ഥങ്ങളും പുസ്തകത്തിനൊടുവില്‍ നല്കിയിട്ടുണ്ടു്.
വാക്കിന്റെ സഞ്ചാരം

ഡോ.എന്‍.ഗോപിനാഥന്‍നായര്‍
പ്രസാധനം : ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
79 പുറങ്ങള്‍
വില : 45 രൂപ

മലയാളത്തില്‍ വേണ്ടത്ര കൈകാര്യം ചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളിലൊന്നാണു് ഗ്രന്ഥാലയവിജ്ഞാനം. ഈ മേഖലയില്‍ ലേഖനങ്ങള്‍ എഴുതി വിഷയം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ കെ. എം. ഗോവിയുടെ പുതിയ പുസ്തകമാണു് പബ്ലിക് ലൈബ്രറി. ഗ്രന്ഥാലയങ്ങള്‍ എന്ന സങ്കല്പത്തിന്റെ ഉല്പത്തി മുതല്‍ പൊതുവായനശാലയെക്കുറിച്ചുള്ള എല്ലാ വിഷയങ്ങളും കയ്യൊതുക്കത്തോടെയും നാതിദീര്‍ഘമായും പ്രതിപാദിക്കുന്ന ഈ പുസ്തകം ഭാഷയ്ക്കു് ഒരു മുതല്‍ക്കൂട്ടാണു്. ആദിമുദ്രണം മലയാളത്തില്‍, മലയാളഗ്രന്ഥസൂചി എന്നിവയുടെ കര്‍ത്താവില്‍ നിന്നുമാണു് ഈ പുസ്തകം.

പബ്ലിക് ലൈബ്രറി
കെ.എം.ഗോവി
പ്രസാധനം : സെന്റര്‍ ഫോര്‍ സൌത്ത് ഇന്ത്യന്‍ സ്റ്റഡീസ്, തിരുവനന്തപുരം
112 പുറങ്ങള്‍
വില : 75 രൂപ

Subscribe Tharjani |