തര്‍ജ്ജനി

പി. വി. വിശ്വനാഥന്‍

മുംബൈ
മെയില്‍: vijee_venkat@yahoo.co.in

Visit Home Page ...

കഥ

ദേവുമ്മ

ഇതിപ്പോള്‍ എത്രാമത്തെ തവണ ആയിരിക്കും തന്റെ ഈ യാത്ര എന്നു ദേവകിയമ്മ ആലോചിച്ചു. വര്‍ഷത്തില്‍ നാലോ അഞ്ചോ എന്നു കൂട്ടി‍യാലും പത്തു വര്‍ഷത്തിലേറെ ആയിരിക്കും. നീ പത്തു വര്‍ഷങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നോ? അങ്ങിനേയും തോന്നി‍ത്തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.

തന്റെ രണ്ടാം ജന്മത്തിന്റെ നീ പത്തു വര്‍ഷങ്ങള്‍. അതിനു മുമ്പേ‍ എന്തെല്ലാം അനുഭവിക്കേണ്ടി വന്നു ഈ സ്വതന്ത്രമായ ജീവിതത്തില്‍ എത്തിച്ചേരാന്‍. നടത്താനാവാത്ത സ്വപ്നങ്ങളുടെ ലോകത്തായിരുന്നി‍ല്ല താന്‍, തന്റെ കുടുംബത്തിന്റെ ഓരോ അടിക്കല്ലും പാവുമ്പോള്‍. ഒരു സ്കൂള്‍ ടീച്ചറുടെ അടുക്കും ചിട്ടയും എല്ലാക്കാര്യത്തിനും ശ്രമിച്ചു. എവിടെ ആണു് തനിക്കു തെറ്റിയത്‌ ? നേരത്തെ യാത്ര പറഞ്ഞ കുമാരേട്ടനാണോ കാരണം? ഒന്നെ‍ന്നു കരുതി അമിതസ്നേഹം നല്കി ഉണ്ണിയെ വളര്‍ത്തിയതാണോ? അതോ, തന്റെ സ്കൂള്‍ടീച്ചര്‍ചിട്ട അമിതമായതോ? ഒന്നി‍നും ഒരുത്തരം ദേവകിയമ്മക്കിന്നു കിട്ടുന്നി‍ല്ല. ഈയിടയായി ഇതിനുള്ള ഉത്തരം തേടിയുള്ള പ്രയാണവും കുറഞ്ഞിരിക്കുന്നു.

ഇന്നി‍പ്പോള്‍ തനിക്ക്‌ ആലോചിക്കാനോ, സന്തോഷിക്കാനോ, വിഷമിക്കാനോ ആയി എന്താണു് ബാക്കി ഉള്ളതു് ? എല്ലാം ശാന്തം. നിത്യശാന്തതയ്ക്കു വന്ന് ദിവസങ്ങള്‍ തള്ളി നീക്കുക. അത്രമാത്രം.

ഉണ്ണി മയക്കുമരുന്നി‍ന്റെ മായാലോകത്തിന്റെ പിടിയിലായിരുന്നു എന്നറിയാന്‍ താന്‍ ഏറെ വൈകിപ്പോയിരുന്നു. ആ ലോകത്തേക്കുള്ള അവന്റെ പാച്ചില്‍ ശരവേഗത്തില്‍ ആയിരുല്ലോ. തുടക്കത്തിലേ തന്നെ‍ അറിയാന്‍ തേവരു കനിഞ്ഞുമില്ല!

എത്ര സ്നേഹത്തോടെ താന്‍ വളര്‍ത്തിയതാണു്‌, എന്തെല്ലാം കഥകളും, പാട്ടു‍കളും താന്‍ ചൊല്ലിക്കൊടുത്തതാണു്‌? അവന്‍ ഒരു എഞ്ചിനീയര്‍ ആവണം എന്നു താനാഗ്രഹിച്ചതില്‍ ആയിരുന്നോ തനിക്കു പറ്റിയ തെറ്റ്‌? അവനും അതാഗ്രഹിച്ചിരുന്നല്ലോ! പട്ടണത്തിലേക്കു തനിയേ അയച്ചപ്പോള്‍ മുതല്‍ താന്‍ ഒറ്റപ്പെടുകയായിരുന്നു. അവന്‍ ഒരു എഞ്ചിനീയര്‍ ആയിക്കാണാന്‍ താനും കുമാരേട്ടനും എത്ര ആഗ്രഹിച്ചിരുന്നു! താന്‍ ഒറ്റപ്പെട്ടിട്ടും, കുമാരേട്ടന്റെ ആഗ്രഹം നടത്താനുള്ള ഒരാവേശം കൂടിയായിരുന്നു അന്ന്‌. തന്റെ അമിതസ്നേഹം ആവശ്യത്തിലേറെ പൈസ അയച്ചുകൊടുത്തതില്‍ ആയിപ്പോയോ? അതു തന്റെ സ്നേഹം ആയിരുന്നു എന്നെന്റെ ഉണ്ണി മനസ്സിലാക്കിയില്ലല്ലോ!

പിന്നീ‍ട്' എന്തെല്ലാം കാണുന്നു. ഉണ്ണിയെ പറ്റി ആലോചിക്കരുത്‌ എന്ന്‌ പലവട്ടം തീരുമാനിച്ചതാണു. എന്നിട്ടും, തനിക്കു മോക്ഷം നല്കാതെ അവന്റെ ചിന്തകള്‍ തികട്ടി‍ വരുന്നത്‌ തടയാനാവുന്നി‍ല്ല. അവനെ പറ്റി ചിന്തിക്കുമ്പോള്‍ ഭ്രാന്തു പിടിക്കുംപോലെ.

മയക്കുമരുന്നി‍ന്റെ മായാലോകം എല്ലാം തട്ടി‍ത്തെറുപ്പിച്ചുകളഞ്ഞു. ഒരു ഭ്രാന്തനെ പോലെ, മുടിയും താടിയും വളര്‍ത്തി, മെലിഞ്ഞു കൊലുന്ന രൂപമായി അവനെ വീട്ടി‍ല്‍ കൊണ്ടു‍ തള്ളുമ്പോള്‍, അവന്റെ കൂട്ടു‍കാരന്‍ തന്നോടു പറഞ്ഞതു കുറ്റബോധത്തോടെയേ ഓര്‍ക്കാനാവുന്നുള്ളു.

"ടീച്ചര്‍ക്കൊരിക്കലെങ്കിലും അവനെ ഒന്വേഷിക്കാന്‍ വരാമായിരുന്നി‍ല്ലെ ? പൈസ അയക്കുന്നതില്‍ മാത്രം ആയിപ്പോയല്ലോ അമ്മയുടെ അന്വേഷണം ! ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചതാ ഞാനും അവനും, സഹിക്കാനാവുന്നി‍ല്ല, അതുകൊണ്ടു‍ പറഞ്ഞുപോയതാ" തൊഴുകയ്യോടെ വീട്ടി‍ല്‍ നിന്നി‍റങ്ങുമ്പോള്‍ പറഞ്ഞ ആ വാക്കുകള്‍ എത്ര തവണ വീണ്ടും വീണ്ടും മുഴങ്ങി കേട്ടി‍രിക്കുന്നു!.

" വല്ല്യമ്മെ, അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുന്നി‍ല്ലേ ?" ബസ്സിലെ "കിളി" യുടെ ശബ്ദം ദേവകിയമ്മയെ തന്റെ ചിന്താലോകത്തില്‍ നിന്നും ഉണര്‍ത്തി. ദേവകിയമ്മയുടെ വേഷപ്പകര്‍ച്ചക്കുള്ള സമയമായി. ദേവകിയമ്മയില്‍ നിന്നും "ദേവുമ്മ" യിലേക്ക്‌. "ഈ വേഷം ഇനി എത്രനാള്‍ കൂടി അഭിനയിക്കണം എന്റെ തേവരെ ?" ദേവകിയമ്മ മനസ്സില്‍ ഭഗവാനോടു ചോദിച്ചു.

ഇനി ഇതുപോലെ ഒരു യാത്ര ഉണ്ടാ‍യേക്കില്ല എതു തീരുമാനിക്കാനായി കൂടിയാണു് ഇത്തവണത്തെ യാത്ര തുടങ്ങിയത്‌. പട്ടണത്തിലെ മഠത്തിലെ ഗുരുജിയോട്‌ യാത്ര പറയുമ്പോള്‍ ദേവകിയമ്മ തന്റെ ആഗ്രഹം ഒരിക്കല്‍കൂടി പറഞ്ഞു.

" തനിക്കിപ്പോള്‍ ഒരു മകന്‍‌. നാരായണന്‍. എല്ലാം നഷ്ടപ്പെട്ടു‍ എന്നു ഞാന്‍ കരുതിയതാണു് തെറ്റ്‌! എനിക്കവന്‍ ഇല്ലാതെ ജീവിക്കാനാവുമോ എന്നതല്ല, മറിച്ച്‌, അവനിപ്പോള്‍ ഞാനില്ലാതെ ആവില്ല എന്നതാണു് സത്യം. ഞാന്‍ എന്നെന്നേ‍ക്കുമായി മടങ്ങുകയാണ്‌. അധികം യാത്ര ചെയ്യാനും വയ്യാതായിരിക്കുന്നു. വലുതല്ലെങ്കിലും, തീരെ ചെറുതല്ലാത്ത എന്റെ ഈ സമ്പാദ്യത്തിനു അവനെ അവകാശി ആക്കാന്‍ വേണ്ടതു ചെയ്തതിനു നന്ദി."

എല്ലാം അറിഞ്ഞിരുന്നു ഗുരുജി, എതിര്‍ത്തൊന്നും പറഞ്ഞില്ല, കാലങ്ങളായി ദേവകിയമ്മയ്ക്കു വേണ്ടി സൂക്ഷിച്ചിരുന്ന അവരുടെ ബാങ്കിന്റെ പാസ്‌ ബുക്കും, കണക്കുകളും എല്ലാം ഏല്പിച്ചു ഗുരുജി പറഞ്ഞു. "നല്ലതു വരെട്ടെ എന്നു ഞങ്ങളും പ്രാര്‍ത്ഥിക്കാം. ഇനി വരില്ല എന്നറിയാം, എങ്കിലും, ആവശ്യം വന്നാല്‍ വരാന്‍ മടിക്കണ്ട. ഞങ്ങളുടെ മഠത്തിനു തന്ന എല്ലാ സഹായത്തിനും നന്ദിയുമുണ്ട്".

ഭാണ്ഡക്കെട്ടു‍മായി ദേവകിയമ്മ ബസ്സിറങ്ങി. സ്ഥിരം സമയം. ഇനി ഒരു മൂന്നു കിലോമീറ്റര്‍ കൂടി നടന്നാല്‍, ഗ്രാമത്തില്‍ എത്താം. അവിടെ എത്തുമ്പോഴേക്കും, നേരം നന്നായി പുലര്‍ന്നി‍രിക്കും. ദേവകിയമ്മയുടെ അജ്ഞാതവാസകാലം കഴിഞ്ഞു പ്രത്യക്ഷപ്പെടാറുള്ള സ്ഥിരം സമയം. എവിടെ പോയിരുന്നതെന്നോ എപ്പോള്‍ വന്നു എന്നോ ആരും ചോദിക്കാനില്ല. സര്‍വസ്വതന്ത്രമായ ജീവിതം !

ആരും ചോദിക്കാനില്ല എന്നു പറയാനാവില്ല. പത്തു വര്‍ഷം മുമ്പ് ആദ്യമായി ഇവിടെ എത്തിയപ്പോഴും അല്ലെങ്കില്‍ എത്തിപ്പെട്ടപ്പോഴും ഇപ്പോഴും, ദേവകിയമ്മയുടെ വരവു് ശ്രദ്ധിക്കാന്‍ ഒരാള്‍ ഈ ഗ്രാമത്തിലും ഉണ്ടാ‍യിരിക്കുന്നു. ദേവകിയമ്മയെ ഈ ഗ്രാമത്തിലെ നിത്യ "കഥാപാത്ര" മാക്കിയതും ഈ ഒരാള്‍ തന്നെയാണു്.- എല്ലാവരും നാരായണന്‍ എന്നും നാരയണന്‍ചേട്ടന്‍ എന്നും, ദേവകിയമ്മ "നാണു" എന്നും വിളിക്കുന്ന, ഗ്രാമത്തിലെ ഏക ചായക്കടക്കാരന്‍- നാരായണന്‍.

ദേവകിയമ്മക്ക്‌, ഒരു പക്ഷെ ഈ വേഷം നല്കിയതും നാരായണന്‍ തന്നെയാണ്‌. കാരണം, എല്ലാം ഇട്ടെറിഞ്ഞു കയ്യിലൊരു ഭാണ്ഡക്കെട്ടു‍മായുള്ള ഓട്ടം, പത്തുവര്‍ഷം മുമ്പ് ഈ ചെറിയഗ്രാമത്തില്‍ ഇതുപോലെ ഒരു സുപ്രഭാതത്തില്‍ എത്തിയപ്പോള്‍, ഒരു ഭ്രാന്തിയുടെ എല്ലാ ലക്ഷണവും ദേവകിയമ്മക്കുണ്ടാ‍യിരുന്നു. ഇവിടെ അവസാനിപ്പിക്കണം എന്നോ, എവിടെയെങ്കിലും അവസാനിപ്പിക്കണമെന്നോ കരുതി തുടങ്ങിയ ഒരു യാത്ര അല്ലായിരുന്നു. ഓട്ടം എന്നോ, എല്ലാത്തില്‍ നിന്നും ഉള്ള ഒളിച്ചോട്ടം എന്നോ, എന്തു വേണമെങ്കിലും പറയാവുന്ന ഭ്രാന്തു പിടിച്ചുള്ള ഒരു ഓട്ടം. കുമാരേട്ടനുമായി ഒരിക്കല്‍ വന്നുപോയിട്ടു‍ള്ള മഠവും ഗുരുജിയും ചിലപ്പോള്‍ ഒരു ലക്ഷ്യമായി തോന്നി‍യിരുന്നിരിക്കും. ജീവന്‍ എങ്കിലും നിലനിര്‍ത്താനുള്ള ഒരു ഓട്ടം ആയിരുന്നു അത്‌.

വീടിനു തീ കൊടുത്ത്‌ അതിനു ചുറ്റും തുള്ളിച്ചാടി നില്ക്കുന്ന ഉണ്ണിയെയും, കൂടിനില്ക്കുന്ന നാട്ടു‍കാരെയും വിട്ട്‌, കയ്യില്‍ കിട്ടി‍യ സാധനങ്ങളുമായി ഓട്ടം തുടങ്ങുമ്പോള്‍, എങ്ങിനെ ലക്ഷ്യം ഉണ്ടാ‍വാനാണ്‌ ?

ഓടി ഓടി എവിടെയൊക്കെയോ എത്തി. ഒടുവില്‍ ഈ ഗ്രാമത്തില്‍ ഒരു പുലര്‍കാലത്തിന്റെ നേരിയ വെളിച്ചത്തില്‍, ഏതോ വണ്ടിക്കാരന്‍ തട്ടി‍മറിച്ചിടുന്നു, അതിനൊരു ലക്ഷ്യം ഉണ്ടാ‍വാന്‍. വണ്ടിക്കാരന്‍ അതിനൊരു നിമിത്തം എന്ന പോലെ!

വഴിയരികില്‍ നിന്ന് ആ തണുത്ത വെളുപ്പാന്‍ കാലത്തു ദേവകിയമ്മയെ താങ്ങിപ്പിടിച്ചു ചായക്കടയുടെ ഒരു മൂലയില്‍ ഇരുത്തിയ അന്നു തുടങ്ങിയതാണു നാരായണന്റെയും ദേവകിയമ്മയുടെയും ബന്ധം. തലയിലെ മുറിവില്‍ കുറച്ചു കാപ്പിപ്പൊടിയും വെച്ച്‌, ഒരു തുണി കൊണ്ടു‍ കെട്ടു‍മ്പോഴും, ചൂടുള്ള കട്ടന്‍ കാപ്പി നല്കുമ്പോഴും ഒന്നി‍ലേറെ തവണ നാരായണന്‍ ചോദിച്ചു "ആരാ,എന്തുപറ്റി?, എവിടെ നിന്നാ‍?" എന്നൊക്കെ.

മണിക്കൂറുകളോളം ഉള്ള ദേവകിമ്മയുടെ മൗനവും, കയ്യിലെ ഭാണ്ഡക്കെട്ടും, മുഷിഞ്ഞ വേഷവും എല്ലാം കണ്ടിട്ടുകൂടി ആവണം നാരായണന്‍ ആദ്യം അന്വേഷിച്ചയാളോടു പറഞ്ഞത്‌ "എന്താ എതാ എന്നൊന്നും അറിയില്ല. രാവിലെ ഇവിടെ വണ്ടി മുട്ടി‍ കിടക്കുന്നതാണു് കണ്ടത്‌. തലക്കു ചെറിയ മുറിവും ചോരയൊലിപ്പും. എന്തു ചോദിച്ചിട്ടും ഒന്നും പറയുന്നുമില്ല. തലക്കു നല്ല സ്ഥിരത ഇല്ല എന്നു തോന്നുന്നു. എതായാലും, ഭക്ഷണം കൊടുത്തു. അതു കഴിക്കുന്നുണ്ട്‌. വേദന ഉണ്ട്‌ എന്നു തോന്നുന്നു. അപ്പൊ മുതല്‍ ഒരേ ഇരുപ്പാണു്‌, പാവം"

ദേവകിയമ്മക്ക്‌ ഇപ്പോഴും അറിയില്ല, അന്നു തനിക്കു ഭ്രാന്താ‍യിരുന്നോ എന്ന്‌? ചിലപ്പോള്‍ ഉണ്ടാ‍യിരുന്നി‍രിക്കാം. ഏതായാലും ആ നീണ്ട മൗനത്തിനൊടുവില്‍ ഒരു ഭ്രാന്തിയുടെ വേഷത്തിലാണു ദേവകിയമ്മ പരിണമിച്ചത്‌. ദേവകിയമ്മയുടെ അന്നത്തെ ചിന്തയില്‍ ‍, സ്വതന്ത്രമായ, എല്ലാം മറക്കാനുള്ള ഒരു ശ്രമത്തിനു പറ്റിയ ഭാവഭേദം. ഭ്രാന്ത്‌ !

നാരായണന്റെ ചായ്പില്‍ അന്നു രാത്രി മയങ്ങിയ ദേവകിയമ്മ, തന്റെ ഭാണ്ഡക്കെട്ട്‌, കടയിലെ ആവശ്യത്തിനു വിറക് അടുക്കിവെച്ചിരിക്കുന്നതിനടുത്ത്‌ ഒരു മൂലക്ക്‌ വെച്ചു. അതൊരു സ്ഥിരപ്രതിഷ്ഠയായി!

രാവിലെ നേരത്തെ തന്നെ‍ എഴുന്നേറ്റ്‌ കടയുടെ പിന്നി‍ലെ തോട്ടി‍ല്‍ പോയി കുളിച്ചു നേരെ വന്നു ചായക്കടയ്ക്കു പിന്നി‍ലുള്ള മുറ്റം അടിച്ചു വൃത്തിയാക്കി. തലേ ദിവസം കഴുകാന്‍ ഇട്ടി‍രുന്ന പാത്രം ഒക്കെ കഴുകി വെച്ചു. ചിട്ടയായി ഒന്നു ഒതുക്കി. തികഞ്ഞ മൗനവും.

ആദ്യ ദിവസങ്ങളിലെ മൗനത്തിനു ശേഷം ഒരു നാള്‍ ദേവകിയമ്മ നാരയണന്റെ മുന്നി‍ല്‍ ഒരഞ്ചുരൂപ നീട്ടി‍ പറഞ്ഞു " നാണ്വേ, ഇതു വെച്ചോളിന്‍". എന്തു പറയാനെന്നറിയാതെ നിന്ന നാരായണന്റെ മുന്നി‍ല്‍, ഒരു ഭ്രാന്തിയുടെ ചെറുചിരിയോടെ ദേവകിയമ്മ ആ രൂപ മേശയ്ക്കുമുകളില്‍ വെച്ചു പുറത്തേക്കിറങ്ങി.

അതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. ഒറ്റയാനായി ചായക്കട നടത്തിയിരുന്ന നാരായണനു ഒരു സഹായി ആയും, നാട്ടു‍കാര്‍ക്കു മുഴുവന്‍ ഒരു ഭ്രാന്തിയായും!

രാവിലെ ചായക്കടയിലെ ചെറുപണികളെല്ലം തീര്‍ത്ത്‌, കയ്യിലൊരു വടിയുമായി "ദേവുമ്മ"പുറത്തിറങ്ങും. പകല്‍ അവിടെയും ഇവിടെയുമൊക്കെ അലഞ്ഞു തിരിയും. സ്ഥിരമായ, ചില ഭ്രാന്തന്‍ചിട്ടകളും ഉണ്ട്‌'. കടയില്‍ നിന്നും നേരെ പോയി നില്ക്കുന്നത്‌ അമ്പലത്തിന്റെ പടിഞ്ഞാറുള്ള ഒരു ട്രാന്‍സ്ഫോര്‍മറിന്റെ മുന്നി‍ലാകും. അവിടെ നിന്നു കുറെ നേരം, മറ്റാര്‍ക്കും കാണാനാവാത്ത ഏതോ സ്കൂള്‍ കുട്ടി‍കള്‍ക്ക്‌' മലയാള ക്ലാസ്സെടുക്കും ! പാട്ടും കഥകളും വ്യാകരണവുമൊക്കെയായി. ചിലപ്പോള്‍ പെട്ടെന്നു ഭാവം മാറി മുഖ്യമന്ത്രി ആയ നായനാരൊടും ദെല്‍ഹിയിലുള്ള പ്രധാനമന്ത്രിയോടും, നേരിട്ടു‍ സംവാദം നടത്തും !

"നായനാരല്ലെ?, ദേവുമ്മ പറയുന്നതു നീ കേക്കില്ലെ? " എന്നൊക്കെ ശകാരിക്കുകയും ചിലപ്പോള്‍ കയ്യിലെ വടി കൊണ്ടു‍ തല്ലാനായുകയും ഒക്കെ ചെയ്യും.

ഇതോടു കൂടി രാവിലെ സ്കൂള്‍ കുട്ടി‍കള്‍ വഴിയിലെത്തു സമയമാവും. ചിലര്‍ "ദേവുമ്മേ, പൂ‍യ്‌" എന്നു വിളിച്ചു കൂകും. കയ്യില്‍ ഒരു കല്ലെടുത്തും വടി ചുഴറ്റിയും അവരുടെ പിറകെ പായും. അടുത്ത ദിവസം, ചിലപ്പോള്‍ അവരിലെ ചില ആ കുട്ടി‍കളെ തിരഞ്ഞു പിടിച്ച്‌ നേരത്തെ മേടിച്ചു വെച്ചിട്ടു‍ള്ള മിഠായി നല്കും! പെണ്കുട്ടി‍കള്‍ക്ക്‌' ഒന്നും നല്കുകയുമില്ല !

"കുറുമ്പികളെ, ഓടിക്കൊള്ളിന്‍", എന്നു പറഞ്ഞു ഓടിക്കാനും ശ്രമിക്കും. അപ്പോള്‍ ആ കുട്ടി‍കള്‍ കൂവും.

ഇതൊക്കെ ആയാലും ദേവുമ്മ ആരെയും ഉപദ്രവിക്കാറില്ല. ചില ദിവസം ഇതേ കുട്ടി‍കളെ നോക്കി കരയും. ഏതായാലും ദേവുമ്മയെ കൂവിയാലും, കുട്ടി‍കള്‍ക്കെല്ലം ദേവുമ്മ, ചിരിക്കാനും കളിക്കാനും ഉള്ള ഒരു കൂട്ടു‍കാരിയെ പോലെ ആയിരുന്നു.

നാരയണന്റെ കടയില്‍ കൂടിയതുപോലെ തന്നെ ആദ്യമെ ദേവുമ്മ മറ്റൊരു ബ്രാഹ്മണവീട്ടി‍ലും ബന്ധം സ്ഥാപിച്ചു. മക്കള്‍ എല്ലാം അന്യനാട്ടി‍ലുള്ള ഒരു അമ്മിയാരു മാത്രമുള്ള വീട്ടി‍ല്‍. രാവിലെ പതിനൊന്നു മണിയോടെ അവിടെ എത്തും ദേവുമ്മ. അവിടത്തെ ചില്ലറ പണികള്‍ ഒക്കെ ചെയ്യും. ബന്ധമില്ലാത്ത പലകാര്യങ്ങളും ഇടക്കിടക്കു പറയും, ചിലപ്പോള്‍ ധാര ധാരയായി കണ്ണീര്‍ ഒഴുക്കി കരയും. വല്ലപ്പൊഴും മക്കള്‍ വരുമ്പോള്‍ അമ്മിയാര്‍ അവരോടായി പറയും " ആരുമില്ലാത്തതാ, തലക്കു നല്ല സ്ഥിരതയൊന്നൂ‍മില്ല" എന്നൊക്കെ. അവരെ നോക്കിയും ദേവുമ്മ ചിരിക്കും.ഒരു ഭ്രാന്തിയെ പോലെ.

ഏതായാലും, നാലു മണിയോടെ ദേവുമ്മ, എതിലേ കറങ്ങിയാലും നാരയണന്റെ ചായ്പില്‍ എത്തും. നേരം ഇരുട്ടി‍യാല്‍ ദേവുമ്മയെ പിന്നെ‍ പുറത്തു കാണില്ല. ഇരുട്ടി‍നോടു ഭയം പോലെ. അപ്പൊഴെക്കും തിരക്കു കുറഞ്ഞിട്ടുണ്ടാ‍വും ചായക്കടയില്‍. നാരായണന്‍ വിശ്രമിക്കുമ്പോള്‍, ദേവുമ്മ വിളക്കു തെളിച്ച്‌ ഒരു മൂലക്കിരുന്നു നാമം ചൊല്ലും. ഭ്രാന്തു ഓര്‍മ്മിക്കാനെന്നപോലെ ചിലപ്പോള്‍ ബന്ധമില്ലാത്ത കാര്യങ്ങളും പറയും! ഇതിപ്പോള്‍ പത്തു വര്‍ഷത്തിലേറെയായി തുടരുന്നു. ദേവുമ്മയുടെ കുറെ പല്ലുകള്‍ കൊഴിഞ്ഞതും ചെറുതായി കൂനു പിടിച്ചതും നാരായണന്റെ മുടി കൂടുതല്‍ നരച്ചതും ഒഴിച്ചാല്‍. ഇതിനിടെ നാട്ടി‍ല്‍ ജനനവും മരണവും വിവാഹവും ഉത്സവവും എല്ലാം വന്നും പോയുമിരുന്നു. മാറ്റമില്ലാത്ത ഒരു ജീവിതവുമായി ദേവുമ്മയും നാരയണനും ഒരു ചായക്കടയും. ചായക്കടയില്‍ പഴയ പോലെ കച്ചവടം ഇല്ലതായി എങ്കിലും ദേവുമ്മയുടെ സഹായം ഒഴിവാക്കാന്‍ നാരയണനു ചിന്തിക്കാനേ പറ്റാതായി.

കാലങ്ങളായി കാണുതുകൊണ്ടു‍കൂടിയാവണം, ദേവുമ്മ എവിടെ നിന്നു വന്നതാണ്‌ എന്നൊന്നും ആരും ഇപ്പോള്‍ അന്വേഷിക്കാറുമില്ല. ഇടക്കിടക്കു ദേവുമ്മയെ കാണാതാവുമ്പോള്‍ മാത്രം ചിലര്‍ പറയും "എവിടെ പോയി നമ്മുടെ ദേവുമ്മ?". ഒരാള്‍ മാത്രം അപ്പോള്‍ വളരെ ഏറെ വിഷമിക്കും. നാരായണന്‍. നാരായണനിപ്പോള്‍ ഒരു സഹായിയെപ്പോലെ അല്ല, ഒരമ്മയെപ്പോലെ ആണു് ദേവുമ്മ. "നാണ്വെ" എന്നും "ഉണ്ണീ" എന്നും ഉള്ള വിളികളില്‍ ഒരമ്മയുടെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും സ്വരമായിരിക്കുന്നു. നാരായണനു് ഇതുവരെ മനസ്സിലാകാത്തതൊന്നേ‍ ഉള്ളു. പെട്ടെന്നു ചിലപ്പൊള്‍ ഉള്ള അപ്രത്യക്ഷമാവല്‍. എവിടേക്കെന്നോ എന്തിനെന്നോ എന്നൊന്നും അറിയാനാവില്ല. കാണാതാവുന്നതുപോലെ ഒന്നോ രണ്ടോ ദിവസത്തില്‍ തിരികെയും എത്തും. വീണ്ടും പഴയപടി. ഏതായാലും ഒരു കാര്യത്തില്‍ നാരായണനു സമാധാനമായിരിക്കുന്നു. ദേവുമ്മ എല്ലാക്കാലവും മടങ്ങി വരും. ഇതിപ്പൊള്‍ പത്തു വര്‍ഷമായി തുടരുന്നു.

ദേവുമ്മ എന്തൊക്കെയൊ കുറിച്ചു വെക്കാറു്‌ എന്നും കയ്യില്‍ വലുതല്ലാത്ത കുറച്ചു രൂപ ഉണ്ടെ‍ന്നും, ഇതെല്ലാം ഒരു ഭാണ്ഡക്കെട്ടില്‍ ഉണ്ടെ‍ന്നും അധികം ആര്‍ക്കും അറിയില്ലെങ്കിലും നാരായണനറിയാമായിരുന്നു. എങ്കിലും, നാരായണന്‍ ഒരിക്കല്‍ പോലും ആ ഭാണ്ഡക്കെട്ട് എടുത്തു നോക്കാന്‍ ശ്രമിച്ചിട്ടി‍ല്ല. ദേവുമ്മയുടെ സ്വകാര്യലോകത്തേക്കു എത്തിനോക്കുന്നത്‌ ഒരു പക്ഷേ ദേവുമ്മയെ തന്നില്‍ നിന്നും സ്ഥിരമായി അകറ്റിയേക്കുമെന്നു നാരായണന്‍ ഭയന്നു. ഈ ഭാണ്ഡക്കെട്ടില്‍ നിന്നാ‍ണു് നാരായണനെ ജോലിയില്‍ സഹായിക്കുന്നതിനു പുറമെ, ആവശ്യം അറിഞ്ഞെന്നപോലെ ചിലപ്പോള്‍ ഉള്ള സഹായവും. " നാണ്വെ ഇതു വെച്ചോളിന്‍". അതു ചിലപ്പോള്‍ നൂറു രൂപ ആവും, മറ്റു ചിലപ്പോള്‍ അമ്പതു രൂപ ആവാം.

നാരായണനു വയസ്സാവുന്നതു പോലെ ദേവുമ്മക്കും വയ്യാതായി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മഴക്കാലത്തു് ആദ്യമായി ദേവുമ്മ സുഖമില്ലാതെ കിടന്നു. പനിയുടെ വിഷമത്തെക്കാള്‍ ഇടക്കിടക്ക്‌ "ഉണ്ണീ, ഉണ്ണീ" എന്നു വിളിച്ചുള്ള ദേവുമ്മയുടെ കരച്ചില്‍ നാരായണനു് സഹിക്കാവുന്നതിലേറെ ആയിരുന്നു. ആരാണുണ്ണി എന്ന് എത്ര ചോദിച്ചിട്ടും മറുപടി ഉണ്ടാ‍യിട്ടി‍ല്ല. ബന്ധമില്ലാതെ പലതും പറഞ്ഞതില്‍ നിന്ന്‌, മലബാര്‍ദേശത്തു എവിടെയൊ ഉണ്ടാ‍യിരുന്നതാണു് ദേവുമ്മ എന്നു മാത്രമേ നാരായണനു മനസ്സിലാക്കാന്‍ ആയിട്ടു‍ള്ളു. ഏതായാലും, നാരായണനിപ്പോള്‍ അതൊന്നും കാര്യമല്ലാതായി. ദേവുമ്മ എപ്പോള്‍ പോയാലും വരണം എന്ന്‌ മാത്രം.

ഏതായാലും, ആര്‍ക്കുമറിയാത്ത ആ ബന്ധത്തിനു, ഒന്നുകൂടെ മുറുക്കമേകാനും കൂടിയായിരുന്നു ഇത്തവണത്തെ ദേവകിയമ്മയുടെ അജ്ഞാതവാസം. നാണുവിനു പ്രായമേറി വരുന്നു എന്നതും, തനിക്കിനി അധികം ആയുസ്സില്ല എന്നതും ദേവകിയമ്മക്കു നന്നായി മനസ്സിലായിരിക്കുന്നു. തന്നാലാവുന്നതു് നാണുവിനു ബാക്കിവെച്ചു പോകണം എന്നതു മാത്രമായിരുന്നു യാത്രോദ്ദേശ്യം. അതു ഏകദേശം വൃത്തിയായി തന്നെ‍ ചെയ്തു കഴിഞ്ഞു. തന്റെ മരണം വരെ എങ്കിലും ഇതൊന്നും ആരും അറിയരുതെന്നു ദേവകിയമ്മക്കു നിര്‍ബന്ധമുണ്ടാ‍യിരുന്നു. ഇനിയൊരു മടക്കയാത്രയില്ല എന്നും സ്ഥിരമായി ഒരു ഭ്രാന്തിയുടെ വേഷമാണു് ശേഷകാലം എന്ന്‌ അറിഞ്ഞിട്ടും മനസ്സു് ശാന്തമായി തന്നെ‍ ഇരുന്നു. ഇനി ഒരു വളവുകൂടി നടന്നാല്‍ തന്റെ ഗ്രാമമായി. വേഷപ്പകര്‍ച്ചയ്ക്കു സമയമായി. സന്തോഷപൂര്‍വം ദേവകിയമ്മ തന്റെ മുഖം മൂടി എടുത്തണിഞ്ഞു.

തന്റെ ഭാണ്ഡക്കെട്ടു്‍ വീണ്ടും വിറകുപുരയുടെ മൂലയില്‍ വെച്ചു ദേവകിയമ്മ, അല്ല, ദേവുമ്മ. ഇനി ദേവകിയമ്മക്കു ഒരു പുനര്‍ജന്മമില്ല. ഗ്രാമത്തില്‍ നിന്ന്‌ അന്നു വീണ്ടും നായനാര്‍ക്കും പ്രധാനമന്ത്രിക്കും സന്ദേശങ്ങള്‍ പാഞ്ഞു ! " ദേവുമ്മെ പൂ‍യ്‌" വിളി വീണ്ടും ഉണര്‍ന്നു. ഒരു കയ്യില്‍ വടിയും മറുകയ്യില്‍ കല്ലുമായി ദേവുമ്മ കുട്ടി‍കളുടെ പിറകെ പാഞ്ഞു !

Subscribe Tharjani |