തര്‍ജ്ജനി

സാമൂഹികം

കുടുംബം എന്ന ആനന്ദഖനി

ഒരിക്കല്‍ ആന്ധ്ര പ്രദേശിലെ മുളകുപാടങ്ങള്‍ക്ക്‌ നടുവിലൂടെ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. നട്ടുച്ചയില്‍ പൊരിയുന്ന വെയില്‍ച്ചൂട്‌. ചൂടുകാറ്റ്‌ കമ്പാര്‍ട്ട്മെന്റുകളെ വേവുന്ന പ്രഷര്‍ കുക്കറുകളാക്കി. ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരിയിട്ട്‌ ഞാന്‍ ജനാലയ്ക്കരുകില്‍ പുറത്തോട്ടുനോക്കി ഇരിക്കുകയായിരുന്നു. നോക്കെത്താത്ത ദൂരം വരെ മുളകുപാടങ്ങള്‍ മലര്‍ന്ന്‌ കിടക്കുന്നു. കാറ്റിന്‌ മുളക്‌ ഗന്ധം. ഇടയ്ക്ക്‌ മണ്‍പാതകള്‍ ചേരുന്ന ക്രോസിംഗുകളില്‍ കാളവണ്ടികള്‍ തീവണ്ടി പോകാന്‍ കാത്തുകിടക്കുന്നു. കൊമ്പുകളില്‍ പലനിറങ്ങളിലുള്ള ചായങ്ങള്‍ തേച്ചുപിടിപ്പിച്ച കാളകള്‍ അക്ഷമരായി തലയിളക്കുമ്പോള്‍ നേര്‍ത്ത മണിയൊച്ച. അപ്പോഴാണ്‌ അവരെ കണ്ടത്‌.

പാടങ്ങള്‍ക്ക്‌ നടുവിലെ വീതികൂടിയ വരമ്പില്‍ ഒരു മാവ്‌. അതിന്റെ തണലില്‍ ഒരു കൊച്ചുകുടുംബം വിശ്രമിക്കുന്നു. ജമുക്കാളം പോലെ എന്തോ ഒന്ന്‌ വിരിച്ചിട്ടുണ്ട്‌. യുവതിയായ ഭാര്യയുടെ മടിയില്‍ തലവച്ച്‌ കിടക്കുന്ന കര്‍ഷക യുവാവ്‌. മാവിന്‍ കൊമ്പില്‍ നിന്നും ഞാന്നുകിടക്കുന്ന തുണിത്തൊട്ടിലില്‍ ഒരു കുഞ്ഞുണ്ട്‌. തീവണ്ടി കുതിക്കുന്നത്‌ അവര്‍ ശ്രദ്ധിക്കുന്നതേയില്ല. യുവാവ്‌ എന്തോ പറയുന്നു. അവള്‍ പൊട്ടിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെന്നവണ്ണം ആനന്ദം അവരെ പൊതിഞ്ഞിരിക്കുന്നത്‌ ഞാന്‍ കാണാതെ കണ്ടു. മുളകു മണക്കുന്ന പാളങ്ങളിലുടെ തീവണ്ടി കൂവിയാര്‍ത്ത്‌ കുതിച്ചുകൊണ്ടേയിരുന്നു. ഒരു നിമിഷാര്‍ദ്ധത്തെ കാഴ്ച. പക്ഷേ പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞിട്ടും അത്‌ ഓര്‍മ്മയില്‍ ഒരു രവിവര്‍മ്മച്ചിത്രത്തിന്റെ കാല്‍പ്പനിക ചാരുതയോടെ ജീവനാര്‍ന്ന്‌ നില്‍ക്കുന്നു.

ആ യുവ ദമ്പതികള്‍ ലോകത്തിനുള്ളില്‍ തങ്ങളുടേതായ മറ്റൊരു സ്വകാര്യ ലോകം തീര്‍ക്കുകയായിരുന്നു. കുടുംബമെന്ന ആനന്ദലോകം. മനുഷ്യമഹാവംശം സഹസ്രാബ്ദങ്ങളായി ചരിത്രത്തിലൂടെ നടത്തിയ യാത്രയില്‍ ക്രമേണ ഉരുവപ്പെട്ടതാണ്‌ കുടുംബം. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം കുടുംബമാണെന്ന്‌ സാമൂഹികശാസ്ത്രജ്ഞന്മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ കുടുംബം. ഇതിന്റെ സുസംഘടിതമായ പെരുക്കങ്ങളാണ്‌ മറ്റുള്ളതെല്ലാം. വ്യക്തിയുടെ ഏറ്റവും തീവ്രവും ഇഴയടുപ്പമുള്ളതുമായ പാരസ്പര്യം സാര്‍ത്ഥകമാകുന്നത്‌ കുടുംബത്തിനുള്ളിലാണ്‌. കുഞ്ഞുങ്ങളുടെ സര്‍വോത്തമമായ നഴ്സറിയും (വളര്‍ച്ചയ്ക്കുള്ള ഇടം) കുടുംബം തന്നെ. ഒരു ജൈവഘടനയാണ്‌ കുടുംബത്തിന്റേത്‌. സദാ ജീവന്‍ തുടിക്കുന്ന ഒരിടം. ഉള്‍ച്ചേര്‍ന്നിരിക്കുന്ന വ്യക്തികളുടെ ആന്തരികതയെ ഏറ്റവും അഗാധമായി സ്പര്‍ശിക്കുന്ന ജൈവരൂപം. സ്നേഹവും ക്ഷമയും ത്യാഗവും അതിന്റെ ഏറ്റവും ആര്‍ദ്രമായ തനിമയോടെ സന്നിഹിതമായിരിക്കുന്ന ഒരു പാരസ്പര്യം. മനുഷ്യന്റെ ഉജ്ജ്വലവും ഉദാത്തവുമായ ഈടുവയ്പ്പുകളിലെല്ലാം കുടുംബത്തിന്റെ സംഭാവനയുണ്ട്‌. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നത്‌ പോലും ക്ലേശകരമാണ്‌. സവിശേഷമായ ഈ അടിസ്ഥാന സാമൂഹിക ഘടകം മനുഷ്യന്റെ നിലനില്‍പ്പുമായി അത്രമേല്‍ അവിഭാജ്യമായി തീര്‍ന്നിരിക്കുന്നു.

യാഥാര്‍ത്ഥ്യം ഇങ്ങിനെയൊക്കെ ആണെങ്കിലും കുടുംബമെന്ന സ്ഥാപനം എല്ലാവശങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്‌ നമുക്കുമുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. കേരളീയ സമൂഹത്തില്‍ കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച്‌ രൂപപ്പെട്ട അണുകുടുംബങ്ങള്‍ക്ക്‌ ക്രമേണ പ്രതിരോധശക്തി കുറഞ്ഞുവരികയാണെന്ന്‌ സമൂഹിക ചിന്തകര്‍ കുറച്ചുകാലമായി സൂചിപ്പിച്ചുവന്നിരുന്നു. കാര്‍ഷികവ്യവസ്ഥയില്‍ നിന്നും കാര്‍ഷിക-വ്യവസായിക അവസ്ഥയിലേക്ക്‌ സമൂഹം നീങ്ങിയത്‌ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയെ അനിവാര്യമാക്കി. പകരം രൂപപ്പെട്ട അണുകുടുംബം ഒരോരുത്തരും ജോലിചെയ്ത്‌ കുടുംബം പോറ്റുന്ന നവസമ്പ്രദായത്തിന്‌ ഇണങ്ങിയതാണെങ്കിലും കൂട്ടുകുടുംബങ്ങളില്‍ നിലവിലിരുന്ന സുരക്ഷിതബോധം നിലനിര്‍ത്താന്‍ അതിനായില്ല. കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത്‌ എല്ലാവര്‍ക്കുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഏറിയും കുറഞ്ഞുമാണെങ്കിലും കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരുതരം സാമ്പത്തിക സമത്വം നിലനിന്നിരുന്നു. ജീവസന്ധാരണത്തിനായി ഓരോരുത്തരും വ്യതിരിക്തങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി രൂപപ്പെട്ട അണുകുടുംബങ്ങള്‍ ഓരോന്നും വ്യത്യസ്ത സാമ്പത്തിക നില ഉള്ളവയായി പരിണമിച്ചു. പ്രാരാബ്ധങ്ങളും പണവും പങ്കുവയ്ക്കുന്നതിലേക്ക്‌ നയിക്കുമോ എന്ന സ്വാര്‍ത്ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്ക്‌ നില്‍ക്കാനും സുഖസന്തോഷങ്ങള്‍ അതിനുള്ളില്‍ത്തന്നെ തേടാനും പ്രേരിപ്പിച്ചു. അങ്ങിനെയാണ്‌ ഒരേഉദരം പങ്കുവച്ചര്‍ക്കിടയില്‍പ്പോലും അകല്‍ച്ചയുടെ കളകള്‍ പെരുകി വന്നത്‌..

ഇതിന്റെയൊക്കെ ഫലമായി ബന്ധുക്കളും പൊതുസമൂഹവും കുടുംബങ്ങള്‍ക്ക്‌ കെട്ടുറപ്പിനും അതിജീവനത്തിനുമായി നല്‍കിയിരുന്ന ഊന്നുവടികള്‍ ക്രമേണ അപ്രത്യക്ഷമായി. ദാമ്പത്യബന്ധങ്ങളിലെ ഘര്‍ഷണങ്ങളും വിള്ളലുകളും പരിഹരിച്ച്‌ അതിനെ സദാ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്താന്‍ ഉത്സാഹിച്ചിരുന്ന ബന്ധുക്കളും അയല്‍വാസികളും അണുകുടുംബങ്ങള്‍ക്ക്‌ അസ്വീകാര്യരായി. അനിവാര്യമായ കൊച്ചുകൊച്ചു ഘര്‍ഷണങ്ങള്‍ അണുകുടുംബങ്ങള്‍ക്കുള്ളില്‍ പുറത്തേക്ക്‌ വഴികാണാതെ മുട്ടിത്തിരിഞ്ഞ്‌ കറുത്ത നിഴല്‍രൂപങ്ങളായി ബന്ധങ്ങള്‍ക്കിടയില്‍ ഇരുള്‍ വീഴ്ത്തി. ടെലിവിഷന്റെ കടന്നുവരവോടുകൂടി കുടുംബത്തിനുള്ളിലെ ആശയവിനിമയങ്ങളും സമ്പര്‍ക്കങ്ങളും പേരിനുമാത്രമായി ചുരുങ്ങി. പരസ്പരം മിണ്ടാതെ, കാണാതെ ടെലിവിഷന്‍ സ്ക്രീനില്‍ ശ്രദ്ധയൂന്നിയിരിക്കുന്നതില്‍ അണുകുടുംബങ്ങള്‍ സന്തോഷം കണ്ടെത്തി. ജീവിതപങ്കാളിയായ ഭാര്യയെക്കാള്‍ സിനിമ-ടെലിവിഷന്‍ നടി/അവതാരകമാരുടെ മുഖവും ശരീരത്തിന്റെ ഭൂമിശാസ്തവും ഭര്‍ത്താവിന്‌ കുടുതല്‍ സുപരിചിതമായി മാറി. ഭാര്യമാരുടെ കാര്യവും തഥൈവ! ഹൃദ്യമായ പങ്കുവയ്ക്കലുകളുകളും കൊടുക്കല്‍ വാങ്ങലുകളും ഭാവിയെ നിര്‍മ്മിക്കാനുദ്ദേശിച്ചുള്ള കൂട്ടായ യത്നങ്ങളും കുടുംബത്തിന്‌ പുറത്തുള്ളവരെയും ചേര്‍ത്ത്‌ പണിയുന്ന സാമൂഹിക പാലങ്ങളുമാണ്‌ കുടുംബത്തെ ഒരുമിച്ച്‌ നിര്‍ത്തുന്ന പശിമയും പ്രാണവായുവും എന്നത്‌ പലരും സൌകര്യപൂര്‍വം വിസ്മരിച്ചു. വ്യക്തികള്‍ വെള്ളം കയറാത്ത സ്വകാര്യ അറകളായി സ്വയം നിര്‍ണ്ണയിച്ചപ്പോള്‍ നഷ്ടമായത്‌ കുടുംബത്തിന്റെ വേരുകളും ഊന്നുകളുമായിരുന്നു. അദ്ധ്യാത്മികതയും ദൈവാരാധനയും വെറും ചടങ്ങുകളായി. തീഷ്ണമായ മതബോധമുള്ളവര്‍ക്ക്‌ അന്യമതസ്പര്‍ദ്ധയുടെ വിഷം കുടിക്കാനുള്ള വേദിയായി ആരാധനാവേളകള്‍. ഇനിയും കുറച്ചുപേര്‍ മാനസികമായ ഭാരം ഇറക്കിവയ്ക്കാനുള്ള ഒരു കൃത്രിമ അത്താണിയായി മതത്തെ കണ്ടു. സ്വന്തം ആന്തരികതയെ നിര്‍ണ്ണയിക്കാനും മനുഷ്യോന്മുഖമായി വികസിപ്പിക്കാനുമുള്ള ഔഷധമെന്ന സ്ഥാനം മതബദ്ധമായ അദ്ധ്യാത്മികതയില്‍ നിന്നും ചോര്‍ന്നതോടെ വ്യക്തി ജലോപരിതലത്തിലെ പാഴ്‌വസ്തുവായി. വേരും കതിരും ഊന്നും നഷ്ടമായ പൊങ്ങുതടി. തനിക്ക്‌ വെളിയില്‍ ആശ്രയവും ആലംബവും ഇല്ലാത്തത്‌ തിരിച്ചറിയാത്ത കപട ആത്മവിശ്വാസത്തിന്റെ ഉടമ. ടെലിവിഷന്‍ സീരിയലുകളില്‍ തലപൂഴ്ത്തി വച്ച്‌ പുറമ്പൂച്ചിന്റെ സുഷുപ്തിയില്‍ മയങ്ങുന്ന പാവം പാവം മലയാളി!

ഈ മലയാളിയാണ്‌ പ്രശ്നങ്ങള്‍ മുന്നില്‍പ്പെടുമ്പോള്‍ പതറിപ്പോകുന്നത്‌. നിസ്സാര പ്രശ്നങ്ങള്‍ മലയാളിയെ പരിഭ്രാന്തനാക്കുന്നു. എന്നെ മനസ്സിലാക്കുന്നവര്‍ ആരുമില്ല; എന്നെ സഹായിക്കാനും ആരുമില്ല എന്ന്‌ ഉള്ളില്‍ നീറിയുരുകി ആത്മഹത്യയിലേക്ക്‌ നടന്നുകയറുന്നവരുടെ എണ്ണം കേരളക്കരയില്‍ ദിവസം തോറും പെരുകിക്കൊണ്ടേയിരിക്കുന്നു. മറ്റുള്ളവര്‍ എന്നെ കേമനായി കരുതണം എന്ന ചിന്തയാണ്‌ ഇന്ന്‌ മലയാളിയെ നയിക്കുന്നത്‌. വസ്ത്രം ധരിക്കുന്നതും, വീടുവയ്ക്കുന്നതും, കാറ്‌ വാങ്ങുന്നതും, മക്കളെ പഠിപ്പിക്കുന്നതുമെല്ലാം മറ്റുള്ളവരുടെ മുന്നില്‍ കേമത്തം ഭാവിക്കാനാണെന്ന്‌ വരുമ്പോള്‍ ജീവിതം നിരര്‍ത്ഥകമായ കോമാളിക്കളിയായി മാറുന്നത്‌ പലരും അറിയാതെപോകുന്നു. മറ്റുള്ളവരുടെ മുന്നില്‍ താഴാന്‍ വയ്യ എന്ന പൊങ്ങച്ചത്തിന്റെ തീവ്രതയാണ്‌ മിക്കപ്പോഴും ആത്മഹത്യയുടെ പിന്നിലെ പ്രേരണയെന്നത്‌ മാധ്യമങ്ങളിലെ ആത്മഹത്യാവാര്‍ത്തകള്‍ വിശകലനം ചെയ്താലറിയാം. കാറില്‍ സഞ്ചരിച്ചവര്‍ക്ക്‌ അത്‌ ഉപേക്ഷിച്ച്‌ ബസ്സ്‌ യാത്രക്കാരനാവാന്‍ വയ്യ. സ്വന്തം ബിസിനസ്സ്‌ സ്ഥാപനം പൊളിയുമ്പോള്‍ വീണ്ടും ഒരു തൊഴിലാളിയാവാന്‍ വയ്യ. കടം കയറിയ വീട്‌ വിറ്റ്‌ വാടകവീട്ടിലേക്ക്‌ മാറാന്‍ വയ്യ. മക്കളെ മുന്തിയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ നിന്നും സാധാരണ ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌ മാറ്റുന്നത്‌ ആലോചിക്കാനാവുന്നില്ല. ബൈക്കും അടിപൊളി ജീവിതവും തീരുന്ന ദിവസം ജീവിതം അവസാനിപ്പിക്കുമെന്ന്‌ പരസ്യമായി പറയുന്ന ചെറുപ്പക്കാര്‍. തീവ്രമതവിശ്വാസിയെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ആപത്തനര്‍ത്ഥങ്ങളില്‍പ്പെടുമ്പോള്‍ അഭയമായി തിരഞ്ഞെടുക്കുന്നത്‌ ഈശ്വരനെയല്ല മരണത്തെയാണെന്നത്‌ വിചിത്രമല്ലേ?

കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും സാമൂഹികബന്ധങ്ങളുടെ ദൃഢതയും ഈശ്വരവിശ്വാസം പ്രത്യാശാപൂര്‍ണ്ണമാക്കിയ ജീവിതാവബോധവും ആയിരുന്നു ജീവിതത്തെ പ്രകാശമാനവും ആകര്‍ഷണീയവുമാക്കി ബലപ്പെടുത്തിയിരുന്നത്‌. ഇവയെ വീണ്ടെടുക്കുക മാത്രമാണ്‌ ഇന്ന്‌ കാണപ്പെടുന്ന അരക്ഷിതബോധത്തില്‍ നിന്നും കരകയറാനുള്ള പോംവഴി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തെ വീണ്ടെടുക്കുക എന്നത്‌ തന്നെ. താലി കെട്ടിയതുകൊണ്ടോ ഒരേ മേല്‍പ്പുരയ്ക്ക്‌ കീഴില്‍ ഉണ്ണുകയും ഉറങ്ങുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതുകൊണ്ടോ യഥാര്‍ത്ഥദാമ്പത്യബന്ധം രൂപപ്പെടുന്നില്ല എന്നത്‌ തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ബോധപൂര്‍വ്വമായി പരിശ്രമങ്ങളിലൂടെ ദാമ്പത്യബന്ധത്തെ നിര്‍മ്മിച്ചെടുക്കുകയാണ്‌ വേണ്ടത്‌. വിവാഹത്തോടെ ഒരുമിക്കുന്ന ദമ്പതികള്‍ക്കിടയില്‍ പൊതുവായുള്ളത്‌ ലൈംഗികമായ ആകര്‍ഷണീയത മാത്രമാണ്‌. പരസ്പരം ലൈംഗികോപകരണമായി മാത്രം കാണുന്ന മൃഗവാസനയില്‍ നിന്നും മുക്തരായി വ്യതിരിക്ത ആശയങ്ങളും അഭിലാഷങ്ങളും വിശ്വാസങ്ങളും ഉള്ള സ്വതന്ത്രവ്യക്തികളായി പരസ്പരം അംഗീകരിക്കാനും ആദരിക്കാനും സ്നേഹിക്കാനും ദമ്പതികള്‍ക്ക്‌ കഴിയണം. എന്നും എവിടെയും എക്കാലവും ആരോഗ്യകരവും ദൃഢവുമായ ദാമ്പത്യബന്ധങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചത്‌ ഈ പരസ്പരാദരവ്‌ ആയിരുന്നു. ജീവിതപങ്കാളിയെ ആശയപരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല പക്ഷേ ശാഠ്യത്തോടെ മാറ്റുവാന്‍ ശ്രമിക്കുന്നത്‌ നിശ്ചയമായും ദോഷം ചെയ്യും. സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം പങ്കാളിയുടെ ദൃഷ്ടിയില്‍ ആദരവ്‌ അര്‍ഹിക്കുന്ന പ്രവര്‍ത്തികളും ജീവിതദര്‍ശനവും രൂപപ്പെടുത്താനും ദമ്പതികള്‍ യത്നിക്കണം. പ്രായോഗിക ജീവിതത്തില്‍ ഇതാവും കൂടുതല്‍ ഫലപ്രദമാകുക. ആയിരിക്കുന്ന അവസ്ഥയില്‍ പരസ്പരം അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള സന്നദ്ധത മിക്ക ബന്ധങ്ങളിലും സ്നേഹത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്നു എന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്‌. ത്യാഗം ചെയ്യാനും, സഹിക്കുവാനും ക്ഷമിക്കുവാനും ഉള്ള സന്നദ്ധതയാണ്‌ സ്നേഹത്തെ അളക്കാനുള്ള ഏറ്റവും വലിയ അളവുകോലെന്നത്‌ ദമ്പതികള്‍ മറന്നുപോകരുത്‌. അപരിചിതരോടുപോലും നിസ്സാരകാര്യങ്ങള്‍ക്ക്‌ സോറി പറയുകയും വീഴ്ചകള്‍ ക്ഷമിക്കുകയും ചെയ്യുന്ന പലരും സ്വന്തം ജീവിതപങ്കാളിയോട്‌ ആ സൌമനസ്യം കാട്ടാറില്ല എന്നത്‌ ആശ്ചര്യകരമല്ലേ?

ഒരു വ്യക്തി സ്വന്തം തൊഴിലിടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സമയം അര്‍ത്ഥപൂര്‍ണ്ണമായി ചിലവഴിക്കേണ്ടത്‌ സ്വന്തം കുടുംബത്തിനുള്ളിലാണ്‌. സുഹൃത്തുക്കളോട്‌ മണിക്കൂറുകള്‍ നിര്‍ത്താതെ വാചകമടിക്കുന്നര്‍ക്ക്‌ സ്വന്തം ഭാര്യയോടും മക്കളോടും അരമണിക്കൂറിലധികം സംസാരിച്ചാല്‍ വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ഞരമ്പുകളില്‍ ചോരയോട്ടം കുറവാണെന്ന്‌ അനുമാനിക്കാം. ഇത്‌ മാറ്റിയെടുക്കണം. ഒരു കുടുംബം നിലവില്‍ വരുന്നതിനുപിന്നില്‍ സവിശേഷമായ ചില ലക്ഷ്യങ്ങളുണ്ട്‌. രണ്ട്‌ വ്യക്തികളുടെ അര്‍ത്ഥപൂര്‍ണ്ണമായ പങ്കുവയ്ക്കലും പങ്കാളിത്തവും, ഒരുമിച്ച്‌ ഭാവിയെ സര്‍ഗ്ഗാത്മകമായി ഭാവന ചെയ്യലും നിര്‍മ്മിക്കലും, അടുത്ത തലമുറയ്ക്ക്‌ ജന്മം നല്‍കലും അവരെ മനുഷ്യരായി വളര്‍ത്തിയെടുക്കലും, ചുറ്റുമുള്ള സമൂഹത്തെയും അതുവഴി ലോകത്തെയും കൂടുതല്‍ മനുഷ്യോന്മുഖമായി നവീകരിക്കുകയും മാറ്റുകയും ചെയ്യല്‍, ഇങ്ങിനെ അനേകം ലക്ഷ്യങ്ങളോടെയാണ്‌ ഒരു കുടുംബം നിലവില്‍ വരുന്നത്‌. അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വ്യക്തികളെ ആസ്പദമാക്കി ഈ ലക്ഷ്യങ്ങള്‍ വ്യത്യസ്തസമീപനങ്ങളിലൂടെയാണെങ്കിലും നിറവേറപ്പെടണം. വ്യക്തികളുടെയും സമൂഹത്തിന്റെയും സംതൃപ്തിക്കും മാനസിക ആരോഗ്യത്തിനും ഇത്‌ അത്യന്താപേക്ഷിതമാണ്‌. ഈ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചയും സംവാദങ്ങളും പ്രവര്‍ത്തികളുമാണ്‌ ഒരു ആനന്ദാനുഭവമായി ദാമ്പത്യത്തെയും കുടുംബത്തെയും പരുവപ്പെടുത്തുന്നത്‌. അതുവഴി രൂപപ്പെടുന്ന പാരസ്പര്യങ്ങളാണ്‌ കല്ലിന്മേല്‍ കല്ലുവച്ച്‌ ദാമ്പത്യത്തെയും അതുവഴി കുടുംബത്തെയും മെല്ലെ മെല്ലെ പണിതുയര്‍ത്തുന്നത്‌. ഒഴിവ്‌ സമയം മുഴുവന്‍ ടെലിവിഷന്റെ മുന്നിലും ബാക്കി കുടുംബത്തിന്‌ പുറത്തുമായി വ്യയം ചെയ്യുന്നവര്‍ക്ക്‌ ഒരിക്കലും കുടുംബജീവിതം സംതൃപ്തിദായകമോ ആഹ്ലാദകരമോ ആയി അനുഭവപ്പെടാന്‍ ഇടയില്ല. സാഹിത്യവും രാഷ്ട്രീയവും മതവുമെല്ലാം ജീവിതപങ്കാളിയെക്കാളും മക്കളെക്കാളും വലുതാണെന്ന്‌ കരുതിയവരുടെ (ഗാന്ധിജി ഉള്‍പ്പെടെ) കുടുംബജീവിതം അശാന്തമായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറ്റാരൊക്കെ മറന്നാലും കുടുംബനാഥന്മാര്‍ ഓര്‍ത്ത്‌ വയ്ക്കണം.

ആനന്ദാനുഭവങ്ങളുടെ അക്ഷയമായ ഖനിയാണ്‌ കുടുംബം. ബന്ധങ്ങളുടെ ആഴങ്ങളിലേക്ക്‌ ഖനിച്ച്‌ ചെല്ലുകയേ വേണ്ടൂ ആനന്ദത്തിന്റെ ഉറവുകള്‍ നമ്മളിലേക്ക്‌ കിനിഞ്ഞിറങ്ങാന്‍. ഒരോദിവസവും സമയം കണ്ടെത്തി അച്ഛനും അമ്മയും മക്കളുമായി ഒരുമിച്ചിരുന്ന്‌ സ്വപ്നങ്ങളും ആഹ്ലാദവും പങ്കുവയ്ക്കുകയും ഭാവിയെ ആസൂത്രണം ചെയ്യുകയും അഭിനന്ദനീയമായ കാര്യങ്ങളെ പരസ്പരം ചൂണ്ടിക്കാണിക്കുകയും സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുകയും വിശ്വാസികളായിട്ടുള്ളവര്‍ ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗത്തിനും ആ കുടുംബത്തിനുമിടയില്‍ നിശ്ചയമായും അധികം അകലം ഉണ്ടായിരിക്കില്ല. (ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച്‌ നില്‍ക്കും എന്ന പഴമൊഴിയില്‍ പതിരില്ല). മേക്കപ്പില്‍ കുളിച്ച സീരിയല്‍/സിനിമ താരങ്ങള്‍ക്കും വീടിന്‌ വെളിയിലെ സുന്ദരീസുന്ദരന്മാര്‍ക്കുമായി നീക്കിവയ്ക്കുന്ന സമയത്തില്‍ നിന്നും ഒരു പങ്ക്‌ നീക്കിവച്ച്‌ അത്‌ പങ്കാളിയെ കാണാനായി വിനിയോഗിക്കുക. സ്നേഹത്തിന്റെ വിയര്‍പ്പില്‍ നനഞ്ഞ അവളുടെ/അവന്റെ മുഖവും ദേഹവും ഒളിപ്പിച്ചിരിക്കുന്ന സൌന്ദര്യം അപ്പോള്‍ നിങ്ങള്‍ക്ക്‌ വെളിപ്പെടും. താരസ്വരൂപങ്ങളില്‍ കാണാനാവാത്ത ചില മിഴിവുകള്‍ നിങ്ങള്‍ക്ക്‌ മാത്രമായി അപ്പോള്‍ കാണാനുമാകും. ഇങ്ങിനെ ചില ആകര്‍ഷണീയതകള്‍ കണ്ടുപിടിക്കുന്നതിലൂടെയാണ്‌ ലൈംഗികതയുടെ ഗൂഢമധുരിമകള്‍ പങ്കാളികള്‍ക്കിടയില്‍ സദാ നനുത്ത സാന്നിദ്ധ്യമാകുന്നത്‌.

കുടുംബം ഒരു ദ്വീപല്ല. ഒറ്റവേരുള്ള ഒറ്റത്തണ്ട്‌ ചെടിയുമല്ല. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ചുറ്റുമുള്ള സമൂഹം ഇവയെല്ലാം കുടുംബത്തിന്റെ വിലമതിക്കാനാവാത്ത ഊന്നുകളും താങ്ങുകളും തണലുകളുമാണ്‌. കുടുംബമെന്ന വൃക്ഷം വേരുകള്‍ സ്വയം ബലിഷ്ഠമാകുന്നതും വിപത്തുകള്‍ക്കെതിരെ പ്രതിരോധക്കരുത്ത്‌ വര്‍ദ്ധിപ്പിക്കുന്നതും ബന്ധുക്കളും സുഹൃത്തുക്കളും സമൂഹവും അതിന്‌ ചുറ്റുമായി ഒരുക്കുന്ന ബന്ധങ്ങളുടെ ഈറന്‍ മണ്ണില്‍ വേരുകള്‍ പടര്‍ത്തിയാണ്‌. മാതാപിതാക്കളില്‍ നിന്നും സഹോദരീസഹോദരന്മാരില്‍ നിന്നും അകന്ന്‌ ഒറ്റയ്ക്ക്‌ മേയുന്ന കുടുബങ്ങള്‍ പ്രതിസന്ധികളുടെ ചെറിയ കാറ്റില്‍പ്പോലും ഉലഞ്ഞുപോകും. ആത്മഹത്യകളുടെ പ്രത്യേകിച്ച്‌ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്ന കേസുകള്‍ വിശദമായി അന്വേഷിച്ചാല്‍ അവരില്‍ പലരും കുടുംബത്തെ ഏകാന്തദ്വീപാക്കിയവര്‍ ആണെന്ന്‌ കാണാം. പങ്ക്‌ വയ്ക്കാനും ആശ്രയിക്കാനും ആരുമില്ലാത്തവര്‍ക്ക്‌ മക്കളെ കൊന്ന്‌ സ്വയം ഹത്യയിലേക്ക്‌ നടന്നുകയറാന്‍ മാത്രമേ കഴിയു. കുടുംബത്തെ സ്വാര്‍ത്ഥപ്രേരിതമായ ഏകാന്ത ദ്വീപാക്കണോ അതോ സമൂഹോന്മുഖമായ ഒരു സ്നേഹകൂടാരമാക്കണോ എന്നത്‌ തീരുമാനിക്കുന്നത്‌ നമ്മള്‍ തന്നെയാണ്‌.

pjj

പി.ജെ.ജെ.ആന്റണി

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2006-02-08 14:05.

Excellent!

Submitted by കലേഷ് (not verified) on Wed, 2006-02-15 16:35.

നല്ല ലേഖനം! അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു! വീണ്ടും എഴുതണം

Submitted by s.a.panicker (not verified) on Fri, 2006-02-17 04:28.

Dear HM,
You have said it beautifully. Whenever I read increasning suicides often famiies n-block and total anarchy reports, old age homes.. fathers raping daughters....and what not of late in God's own country ....it belongs to cheithan now unfortunately ..... u name it.... this kind of a thought was hounting ....you have put it beautifully...excellent job...Congrats....love ....I am having a koottukudumpam as on today....I must continue ,with it with all its frailities and charm.....right? panicker s.a.