തര്‍ജ്ജനി

സാമൂഹികം

ഒരു പേരിലെന്തിരിക്കുന്നു?

സെയിദ് മുഹമ്മദ് ലബ്ബ കൈപ്പള്ളിയുടെ മൂത്ത മകന്റെ പേര് ‘ഇബ്രാഹിം കുഞ്ഞു ലബ്ബെ കൈപ്പള്ളി’ എന്നായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നൂഹുക്കണ്ണു കൈപ്പള്ളിയുടെ ഇളയമകന്റെ പേര്, ‘നിഷാദ് ഹുസൈന്‍’ എന്നായിരുന്നു. അതായത് ഈ ഞാന്‍.

"എന്താ വാപ്പാ എന്റെ പേരിന്റെ അവസാനം ‘ലബ്ബ’യും ‘കൈപ്പള്ളി’ എന്ന പേരുമൊന്നുമില്ലാത്തത് "എന്നു ഞാന്‍ ചോദിച്ചപ്പോള്‍., "അതൊക്കെ പഴഞ്ചന്‍ ആചാരങ്ങളാണ് " എന്നു വാപ്പ പറഞ്ഞു. അങ്ങനെ എനിക്ക്, വാപ്പായുടെ പ്രിയപ്പെട്ട കൊച്ചാപ്പയുടെ (കൊച്ചച്ഛന്റെ) പേരായ "ഹുസൈന്‍" എന്ന വാല്‍ വീണു. വിദേശികള്‍ പഠിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ വെച്ചുതന്നെ എന്റെ പേരിനെന്തോ വൈകല്യമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു. കൊറിയന്‍, സൊമാലിയന്‍, ബ്രിട്ടിഷ്, അമേരിക്കന്‍, സിറിയന്‍, അറബി തുടങ്ങിയ കുട്ടികള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍ എല്ലാവരുടെ പേരിലും അച്ഛന്റെ പേരുള്ളപ്പോള്‍ എനിക്കുമാത്രം എന്തേ എന്റെ വാപ്പായുടെ പേരില്ലാതെ പോയി എന്ന് ഞാന്‍ ആലോചിച്ചിരുന്നു! 1975ല്‍ അബു ദാബിയില്‍ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നുഴഞ്ഞുകയറിയ പല പരിവര്‍ത്തനങ്ങളില്‍ ഒന്നു പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതാണ്. ഭൂതകാലം മറക്കുന്നത് പല സംസ്കാരത്തിന്റെയും ഒരു സ്വഭാവമാണ്. പക്ഷേ, ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യത്തെയും പൈതൃകത്തെയും മറക്കുന്ന സംസ്കാരം കേരളത്തിലാണു കൂടുതല്‍ കണ്ടുവരുന്നത്. കുടുംബപ്പേര് മറച്ചുപിടിക്കുന്നത് പുരോഗമനമാണെന്ന് എനിക്ക് തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളുടെ പേര് മുറിച്ചുകളയുന്നതു പുരോഗമനമല്ല മറിച്ച് ഒരു സമൂഹത്തിനു സംഭവിച്ചുപോയ കൂട്ടായ അപകര്‍ഷബോധമാണ്. ഈ പോരായ്മ നികത്താന്‍ കണ്ടെത്തുന്നത്‌ ചില പുതിയ പേരുകളാണ്‌.

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്. പക്ഷേ അവയ്ക്ക് മറ്റുഭാഷകളില്‍ എന്തര്‍ത്ഥമാണെന്നു കൂടി മനസിലാക്കിയിരുന്നാല്‍ ഒരുപാട് മാനക്കേടൊഴിവാക്കാം. പ്രവാസി മലയാളി, കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു ഭാഷകള്‍ ഇം‌ഗ്ലീഷും അറബിയുമാണ് .

ഉദാഹരണത്തിനു്: ഒരു മലയാള സിനിമാ താരത്തിന്റെ മകളുടെ പേര് "സുറുമി" (سُرْمي) എന്നാണ് .(നിഘണ്ടു കാണുക ) അറബിയില്‍ ‘സുറും’ എന്ന വാക്കിന്‌ Rectum(വിസര്‍ജ്ജനത്തിനു മുമ്പ് ശരീരത്തില്‍ മലം സൂക്ഷിക്കുന്ന സ്ഥലം) എന്നാണ് അര്‍ത്ഥം. പിന്നില്‍ "യി" ചേര്‍ക്കുമ്പോള്‍ "എന്റെ" എന്ന അര്‍ത്ഥം വരും. ചുരുക്കത്തില്‍ "സുറുമി" എന്ന വാക്കിന്റെ അര്‍ത്ഥം "എന്റെ മലദ്വാരം" (My Rectum) എന്നാണ്. ഇത്രയും അങ്ങോട്ടു പ്രതീക്ഷിച്ചില്ല അല്ലേ?

ഇദ്ദേഹം പലവട്ടം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ടറുകളിലിരിക്കുന്ന അറബി ഓഫീസറുമ്മാര്‍ പാസ്പോര്‍ട്ടില്‍ "എന്റെ മലദ്വാരം" എന്ന പേരു കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാനാവും. നാട്ടില്‍ ജനം അംഗീകരിച്ച നല്ല അറബിപ്പേരുകള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അറബി വാക്കുകളെല്ലാം വിശുദ്ധമാണെന്നു കരുതി പരിഷ്കാരം ചെയ്യുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

മറ്റൊരു മലയാളി സുഹൃത്തിന്റെ മകളുടെ പേര് "നജ്‌ദ" (نَجَدَ)എന്നായിരുന്നു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവര്‍ താമസിക്കുന്നത് "നജ്‌ദ" എന്ന പേരുള്ള തെരുവിലായതുകൊണ്ടാണെന്നാണ്. ആ തെരുവില്‍ ഒരു Fire Brigade ഉള്ളതു ശരിയാണ്. അറബിയില്‍ Fire Force നു "നജ്ദ്ദ“ (Rescue) എന്ന വാക്കാണ് ഉപയോഗിക്കുക. പക്ഷേ അറബികള്‍ ആരും തന്നെ ഈ വാക്ക് ഒരു പേരായിട്ടുപയോഗിക്കാറില്ല.

ഒരിക്കല്‍ ഒരു മലയാളി കച്ചവടക്കാരന്‍ എന്നെ കാണാന്‍ എന്റെ ജോലിസ്ഥലത്തു വന്നു. അദ്ദേഹത്തിന്റെ പേര് ‘ഷാം’(Sham)Sham (ഷാം) എന്നായിരുന്നു. ഇം‌ഗ്ലീഷില്‍ ‘Sham‘ എന്നാല്‍ പൊള്ളയായത്, വ്യാജം, പൊയ്‌മുഖം ഉള്ള വ്യക്തി എന്നെല്ലാം അര്‍ത്ഥമുണ്ട്. എനിക്കയാളോട് സഹതാപം തോന്നി. പിന്നെയുള്ള ഒരാശ്വാസം, ഇതിലും തകര്‍പ്പന്‍ പേരുകളുള്ള മലയാളികള്‍ വസിക്കുന്ന നഗരമാണല്ലോ ദുബൈ!.

കുട്ടികള്‍ക്ക് ഈ വിധം പേരിടുന്ന മാതാപിതാക്കകള്‍, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സ്വന്തം പേരു കാരണം അവര്‍ പരിഹസിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ രണ്ടും മൂന്നും അക്ഷരങ്ങള്‍ എടുത്തുണ്ടാക്കുന്ന ഒരുപാടു പേരുകള്‍ ഉണ്ട്. ഈ പ്രക്രിയയില്‍ ഏര്‍പ്പെര്‍പ്പെടുമ്പോള്‍ ഒരു നിഘണ്ടു വാങ്ങിയിട്ട് അവര്‍ നിര്‍മ്മിച്ച പേരിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നുകൂടി നോക്കണം.

പ്രശസ്ത വ്യക്തിയുടെ കുടുംബപ്പേര് കുട്ടികള്‍ക്ക് ഇടുന്നത് ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നതാണ്. പക്ഷേ ഇന്ത്യയില്‍ Gandhi എന്ന് പേരിന്റെ കൂടെ ചേര്‍ത്താ‍ല്‍, ‘ഗാന്ധി’ എന്ന കുടുംബാംഗമായിട്ടേ ജനം കരുതൂ. കേരളത്തില്‍ "ലെനിന്‍", "ചര്‍ച്ചില്‍", "മാര്‍ക്സ്", "ലിങ്കണ്‍" തുടങ്ങിയ പേരുകളിടുന്നത് സാധരണമാണ്. കുടുംബപ്പേരിന്റെ പ്രാധാന്യവും ഉപയോഗവും അറിയാത്ത മലയാളിക്ക് "ലെനിന്‍" എന്നതു കുടുംബപ്പേരാണെന്ന് അറിയാമോ എന്നറിയില്ല.

ഇനിയുമുണ്ട് അര്‍ത്ഥശൂന്യമായ പേരുകള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിട്ട് പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ താഴെ പറയുന്ന പേരുകള്‍ ദയവായി കുട്ടികള്‍ക്ക് ഇടരുത്. Pepsi, Dixie, Sony, Pansy, Shaam, Baby, Tito, Anus, Tsunami, Saddam, Osama, Stalin, Jijo, Tijo, ***jo, Tabby, Brinoj, Vinoj, Junoj, ***.oj, Yento, Dinto, Binto, Tunto, Munto, ***t.To.

ഞാന്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന കാലത്ത് എന്റെ പേരുകാരണം അനുഭവിച്ച ഒരു പ്രശ്നം ഇതായിരുന്നു: പാസ്പോര്‍ട്ടില്‍ ‘ഹുസൈന്‍’ എന്നാണ് എന്റെ പേരിന്റെ അവസാന ഭാഗം. കുടുംബപ്പേരും വാപ്പയുടെ പേരും ഇല്ലാത്ത പേരുകള്‍ കണ്ടിട്ടില്ലാത്ത ജര്‍മ്മന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് നന്നായി അറിയാവുന്ന ഒരു ഹുസൈനുണ്ട്. ആ ‘ഹുസൈന്‍’ സാമാന്യം ഭേദപ്പെട്ട ഒരു ജനദ്രോഹിയും ഏകാധിപതിയുമായിരുന്നതുകൊണ്ട് ഞാന്‍ ഒരുമണിക്കൂ‍ര്‍ വൈകിയേ എയര്‍പോര്‍ട്ടില്‍‍ നിന്നും സാധാരണ മടങ്ങാറുണ്ടായിരുന്നുള്ളു. വാപ്പായുടെ കൊച്ചാപ്പായുടെ പേര് ‘ഒസാമ’ എന്നെങ്ങാനും ആയിരുന്നുവെങ്കില്‍ എന്റെ കാര്യം......

പാശ്ചാത്യ നാട്ടിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ആദ്യനാമം ചുരുക്കിയെഴുതുന്ന സമ്പ്രദായമാണ്. കുടുംബപ്പേരിലാണ് എല്ലാവരും അറിയപ്പെടുന്നത്. അടുത്തു പരിചയമുള്ളവര്‍ മാത്രമെ ആദ്യനാമം ഉപയോഗിക്കാറുള്ളു. ഒരു സ്ത്രീ വിവാഹിതയായാല്‍ അവളുടെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ കുടുംബപ്പേരു ചേര്‍ക്കുന്നത് അവരുടെ സംസ്കാരമാണ്. ഉദാഹരണതിന് നു് Victoria Caroline Adams, David Beckham നെ വിവാഹം കഴിച്ചപ്പോള്‍ , Victoria Beckham എന്നായി. എന്നാല്‍, കേരളത്തില്‍ വടക്കേവിളയില്‍ കേശവന്റെ മകള്‍ ഗോമതിയും, തെക്കെപറമ്പില്‍ നാരായണന്റെ മകന്‍ മണികണ്ഠനുമായുള്ള വിവാഹം നടന്നു എന്ന് സങ്കല്‍‌പ്പിക്കുക. ഗോമതി, തന്റെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ ആദ്യ പേരു കൂട്ടിച്ചേര്‍ത്ത് "ഗോമതി മണികണ്ഠന്‍" എന്നാക്കി. 1950ല്‍ ഇതു "തെക്കെപറമ്പില്‍ ഗോമതി" എന്നാകുമായിരുന്നു. ഇവര്‍ക്കൊര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ഇവര്‍ ആ കുട്ടിക്ക് "ജിഷ്ണു മണികണ്ഠന്‍" എന്നു പേരു വെച്ചു. കേള്‍ക്കാന്‍ സുഖമില്ല എന്നു തോന്നിയ "പഴഞ്ചന്‍" പേരുകള്‍ മണികണ്ഠന്‍ മക്കള്‍ക്കിട്ടില്ല. "തെക്കെപറമ്പ്" എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് അദ്ദേഹം ജോലിചെയ്യുന്ന ഓഫീസിലെ ഇം‌ഗ്ലീഷുകാര്‍ക്ക്‌ ആര്‍ക്കും വായിക്കാനും എഴുതാനും പറ്റാത്തതു കൊണ്ടു അതും കുട്ടികളുടെ പേരിലില്ല. അങ്ങനെ ഫലത്തില്‍ ഒരു തലമുറയ്ക്ക് ശേഷം കേരളത്തില്‍ പൈതൃകം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകും. കുടുംബപ്പേരുകള്‍ മാറ്റാന്‍ നമുക്കവകാശമില്ല. അതു ഭാവി തലമുറയ്ക്ക് കൈമാറാനുള്ള കുടുംബ സ്വത്താണ്. മറ്റൊരു സംസ്കാരത്തിതിലും കണ്ടിട്ടില്ലാത്ത, കുടുംബപാരമ്പര്യം മൂടിമറയ്ക്കുന്ന ഒരു വ്യര്‍‌ത്ഥമായ സംസ്കാരമാണു മലയാളികള്‍ ശീലിച്ചുവരുന്നത്. [പേരു്] [അച്ഛന്റെ ആദ്യപേരു്] [കുടുംബപ്പേര്] ഈ വിധം അച്ഛന്റെ ആദ്യപേര് കുട്ടികള്‍ക്കിടുന്നതിനോടൊപ്പം കുടുംബപ്പേരും കൂട്ടി ചേര്‍ക്കണം.

ഇസ്ലാമിക ചട്ടങ്ങള്‍ അനുസരിച്ച് ദൈവത്തിനു തൊണ്ണൂറ്റൊമ്പത് പേരുകളാണ്, ആ പേര് മനുഷ്യരേയൊ ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങളെയൊ വിളിച്ചുകൂടാ. എന്നിരുന്നാലും ദൈവത്തിന്റെ ദാസന്‍, ദൈവത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള പേരുകള്‍ തിരഞ്ഞെടുക്കാം. ആ പട്ടികയില്‍പ്പെടുന്ന പേരുകളാണ്. "അബ്ദുല്‍ -" എന്നാരംഭിക്കുന്ന അറബി പേരുകള്‍. അറബിയില്‍ "അബ്ദ് " എന്നാല്‍ അടിമ, സേവകന്‍, ദാസന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്, അതു ദൈവത്തിന്റെ നാമത്തിന്റെ കൂടെയാണു ചേര്‍ക്കുന്നത്.

ഈ വിധം നല്ല അര്‍ത്ഥമുള്ള തൊണ്ണൂറ്റൊമ്പത് പേരുകള്‍ ലഭിക്കും. ഉദാഹരണത്തിന് - അബ്ദുല്‍ സമദ്, അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കലാം, അബ്ദുല്‍ റഹീം, അങ്ങനെ തൊണ്ണൂറ്റൊമ്പത് പേരുകള്‍. ഒരുകാരണവശാലും ഈ പേരുകള്‍ "അബ്ദുല്‍" എന്ന് ചേര്‍ക്കാതെ വിളിക്കാനോ പറയാനോ പാടില്ല. "അബ്ദുല്‍" എന്ന വാക്ക്‌ ചുരുക്കി ഉപയോഗിക്കാനും വാക്കുപയോഗിക്കാതെ ചുരുക്കാനും പാടില്ല. " A. R. Rahman", "A. Jabbar", "A. Kalam", എന്നൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. അറബിയും, ഈ വാക്കുകളുടെ അര്‍ത്ഥം അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍. ഉദാഹരണത്തിനു് "അഹദ്" എന്നാല്‍ ഏകനായവന്‍ എന്നാണ്. ഇസ്ലാമിക നിയമമനുസരിച്ച്, ഏകനായവന്‍ ദൈവം മാത്രമാണ്. അതു മനുഷ്യനായി ജനിച്ചവന് അവകാശപ്പെടാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. ഈ കാരണത്താല്‍ ഇത്തരം പേരുകള്‍ "അബ്ദുല്‍" ഇല്ലാതെ ഉപയോഗിക്കുന്നതു തെറ്റാണ്.

ഗള്‍ഫില്‍ ഖലീജി അറബികളുടെ (യൂ.ഏ. ഈ, ബഹറൈന്‍‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൌദി.) ഇടയില്‍ കുടുംബപ്പേര് കളയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നരും ഉണ്ട്., "അബ്ദുല്‍ കരീം അബ്ദുല്‍ സമദ് അല്‍ സുവൈദി" എന്ന ആളിനു "സൈഫ് സുല്‍ത്താന്‍ അബ്ദുല്‍ കരീം അല്‍ സുവൈദി" എന്ന പേരില്‍ ഒരു മകനുണ്ടെങ്കില്‍, അദ്ദേഹത്തെ സുഹൃത്തുക്കളും, ഭാര്യയും, കുടുംബാംഗങ്ങളും സ്നേഹപൂര്‍‌വ്വം "അബു സൈഫ് " എന്നു വിളിക്കും. "(അബു" എന്നാല്‍ പിതാവ്), അതായത്, സൈഫിന്റെ പിതാവ് എന്നര്‍ത്ഥം. ഇതു വളരെ പഴക്കമുള്ള ഒരു അറബി സംസ്കാരമാമണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ, സമ്പത്ത് വര്‍ദ്ധിച്ചതുകൊണ്ടോ, അവരാരുംതന്നെ അവരുടെ പേരുകള്‍ മറ്റുഭാഷക്കാരുടെ സൌകര്യത്തിനുവേണ്ടി ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല.

എനിക്കൊരു മകന്‍ ജനിച്ചപ്പോപോള്‍ വാപ്പ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ച കാര്യം മറ്റൊന്നുമല്ല. അദ്ദേഹം എനിക്കു തരാന്‍ മടിച്ച കുടുംബപ്പേര് അദ്ദേഹത്തിന്റെ പേരക്കുട്ടിക്കിടണം എന്നു പറഞ്ഞു. അതു ഞാന്‍ അത് അതേപടി അവന്റെ പേരിന്റെ അവസാനം ചേര്‍ക്കുകയും ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാടുകളും, നെല്‍പ്പാടങ്ങളും, വനത്തിലെ കടുവയും, വൃക്ഷങ്ങളും, സിംഹവാലനും, ലിപിയും, ഭാഷയും, സംസ്കാരവും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുകയാണ് നാം. ഇതിനിടയില്‍ അച്ഛനപ്പൂപ്പുപ്പന്മാരുടെ പേരെങ്കിലും കളയാതെ സൂക്ഷിക്കുക.

നിഷാദ് കൈപ്പള്ളി
Subscribe Tharjani |
Submitted by കെവിന്‍ (not verified) on Mon, 2006-02-06 18:20.

മാഷേ, നമസ്ക്കാരം.
മാഷില്‍ നിന്നും ഒരുപാടു പഠിയ്ക്കാനുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. എന്നെ ശിഷ്യനായി സ്വീകരിച്ചാലും.

Submitted by Anonymous (not verified) on Tue, 2006-02-07 09:30.

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി.. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി താങ്കളാണെന്ന്

Submitted by സൂഫി (not verified) on Thu, 2006-02-09 17:24.

പ്രിയ നിഷാദ്,

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ് എന്നതും പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതും ഞാനും മോശമായിത്തന്നെ കാണുന്നു.

പക്ഷെ, കുട്ടികൾക്കു പേരിടുമ്പോൽഭൂഗോളത്തിലെ എല്ലാ ഭാഷകളിലും അതിന്റെ അർത്ഥം ചികയുന്നതിൽ ഒരു ഔചിത്യക്കേടില്ലേ?പ്രത്യേകിച്ചും പ്രവാസി മലയാളി ചെന്നെത്താത്ത രാജ്യങ്ങളേയില്ല എന്നത് ഒരു വസ്തുതയായിരിക്കുമ്പോൾ.
ഇവിടെ ഒരു ഭാഷയിലെ നല്ല വാക്കുകൾ മറ്റൊരു നാട്ടിൽ വൈരുദ്ധ്യമായി ഉപയോഗിക്കുന്നതു പലപ്പോഴും കാണാം.
മലയാളിക്ക് പേര് ഒരു തരം മിഥ്യാഭിമാനമാണെന്നു തോന്നുന്നു.
ഇവിടെ മറ്റുള്ളവർക്കു വേണ്ടി നാം നമ്മെ തിരുത്തുമ്പോൾ, മറ്റുള്ളവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നുള്ളതാണു വാസ്തവം.

പിന്നെ ഒന്നുള്ളത്, അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിടാൻ താല്പര്യമുള്ളവർ ഇനി അറബിക് പേരുകളേ ഉപയോഗിക്കാൻ പാടില്ലാ എന്നു നിഷ്കറ്ഷിക്കേണ്ടി വരും.

Submitted by കൈപ്പള്ളി (not verified) on Tue, 2006-02-14 01:37.

പ്രവാസി മലയളി ലൊകത്തില്‍ പ്രവാസി മലയളി ലൊകത്തില്‍ ഏറ്റവും കൂടുതല്‍ "മലയാളിയായിത്ത്ന്നേ" വസിക്കുന നാടുകള്‍ അറബി നാടുകള്‍ തന്നയാണു.

മറ്റുള്ള നാടുകളില്‍ വസിക്കുന്ന മലയാളികള്‍ കൂടുതലും ആ രാജ്യത്തിലെ പൌരന്മാരയി ജീവിക്കുന്നവരാണു. അവരില്‍ മുസ്ലീം സമുദായത്തില്‍ പേട്ടവരെ ഇന്നുവരെ ഞാന്‍ കണ്ടിട്ടുമില്ല.

അതുകോണ്ടു് മലയാളികള്‍ ലോകത്തെല്ലായിടത്തും ഉണ്ടെന്ന ആ സ്തിരം പല്ലവിക്കു വലിയ അര്ഥം ഞാന്‍ കാണുന്നില്ല

ഇതു ഞാന്‍ പറയുന്നത്തിന്റെ കാരണം ഒരുപാടു കാലം വടക്കെ അമേരിക്കയിലും, യൂറോപ്പിലും, കിഴക്കെ അമേരിക്കയിലും ജോലിചെയ്തു ജീവിച്ച അനുഭവം പഠിപ്പിച്ചതാണു പഠിപ്പിച്ചതാണു.

Submitted by Ibrahim Mammakkanakath (not verified) on Tue, 2006-02-14 10:32.

പ്രിയ നിഷാദ്
താങ്കള്‍ എഴുതിയത് പോലെ പല പേരുകളും അതിന്റെ വാഹകനെ പരിഹാസ്യനാക്കുന്നതാണ്. ഉദാ:- അനസ് .
മുസ്ലിം പേരുകള്‍ക്ക് വ്യക്തമായ ചില മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു. അവ പിന്തുടരുക മാത്രമേ ചെയ്യേണ്ടതുള്ളൂവെന്നാണ് എന്റെ മതം. കാലത്തിനനുസരിച്ച് കോലം കെട്ടി അലങ്കോലമാകുന്ന അവസ്ഥ തുറന്ന് കാട്ടിയിരിക്കുന്നു ഈ ലേഖനം.

Submitted by സൂഫി (not verified) on Tue, 2006-02-14 13:23.

പ്രിയ ഇബ്രാഹിം,
'അനസ്' എന്ന നാമം അറബി ഭാഷയിൽ നിന്നുള്ളതാണ്. ഇണക്കമുള്ളവന്‍, സ്നേഹിതന്‍, പരിചയക്കാരന്‍ എന്നൊക്കെയാണ് അതിന്റെ അർത്ഥം. മറ്റൊരു ഭാഷയിൽ അതിനു മോശമായ അർത്ഥമുള്ളതു കൊണ്ടു മാത്രം ആ ഭാഷയിലെ വാക്കുകളെ നമുക്കെങ്ങനെ അവഗണിക്കാനാവും.

മുസ്ലിം പേരുകള്‍ക്ക് വ്യക്തമായ ചില മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന കാലത്തു തന്നെയാണ് പ്രവാചകശിഷ്യനായ അനസ് ബിന്‍ മാലിക്കും മറ്റും ജീവിച്ചിരുന്നത്.

പേരിനുണ്ടാകുന്ന ഈ അപഹാസ്യതയെ അറബികൾ എങ്ങിനെയാണു മറി കടക്കുന്നതു?

സായിപ്പിന്റെ ചെരിപ്പിനനുസരിച്ചു നാം എപ്പോഴും കാലു മുറിക്കേണ്ടതുണ്ടോ?

Submitted by കൈപ്പള്ളി (not verified) on Wed, 2006-02-15 12:58.

"Anas" എന്നാണു ആ പേരിന്റെ ശെരിയായ ഇം‌ഗ്ലീഷ് എഴുത്ത്. "Anus" എന്നും എഴുതാം, പക്ഷേ ഒഴിവാക്കുന്നതു നന്നു. ഈ പേരിന്റെ ഉടമ ഈജിപ്തിലോ ലിബിയയിലോ ജിവിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായി എന്നു വരില്ല.

പക്ഷെ ഇം‌ഗ്ലീഷ് ഉപയോഗിക്കുന്ന രജ്യങ്ങളില്‍ അതു വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കു

Submitted by ibrahimohamed (not verified) on Wed, 2006-02-15 13:40.

പ്രിയ സൂഫീ.
ആഗോളീകരണത്തിന്റെ ഇക്കാലത്ത് , കൈപള്ളിയുടെ ‘ഒഴിവാക്കുകയാണ് നല്ലത്‘ എന്ന അവസാനത്തെ കമന്റ് ആണുചിതം എന്ന് തോന്നുന്നു.
സൂഫിയുടെ പേരില്‍ അനസ് ഉണ്ടെന്ന് എനിക്കറിയാഞ്ഞിട്ടല്ല. അറബി അര്‍ത്ഥം അവിടെ നില്‍ക്കട്ടെ, പേരിടുമ്പോള്‍ English, Hindi വാക്യാര്‍ത്ഥങ്ങള്‍ കൂടെ പരിഗണിക്കുന്നതില്‍ അപാകതയുള്ളതായി തോന്നുന്നില്ല.

Submitted by കലേഷ് (not verified) on Wed, 2006-02-15 15:43.

നിഷാദിന്റെ ലേഖനവും അതുണ്ടാക്കിയ പ്രതികരണങ്ങളും ഒരുപോലെ “ഇന്ററസ്റ്റിംഗ്” ആയി തോന്നുന്നു. ഇത് എല്ലാ‍ മതസ്ഥരും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ!

Submitted by സൂഫി aka അനസ് (not verified) on Wed, 2006-02-15 17:36.

പ്രിയപ്പെട്ട ഇബാഹിമൊ,
എന്റെ പേരില്‍ അനസ് എന്നുള്ളതു കൊണ്ടല്ല ഞാനിതിനു പ്രതികരിച്ചതു 

പിന്നെ കൈപ്പള്ളി “ഒഴിവാക്കുകയാണ് നല്ലത് “ എന്നു പറഞ്ഞതു ‘അനസ് ‘എന്ന അറബി നാമത്തെ Anas എന്നെഴുതാതെ Anus എന്ന് ആംഗലവല്‍ ക്കരിക്കുന്നതിനെക്കുറിച്ചാണെന്നാണു ഞാന്‍ മനസ്സിലാക്കിയത്.
ആഗോളീകരണം English, Hindi എന്നീ രണ്ടു ഭാഷയിലൊതുങ്ങുമോ?
പിന്നെ, ആഗോളീകരണത്തിന്റെ ഇക്കാലത്തു ഞാനിപ്പോള്‍ ദിനേന ഇടപെടുന്ന ക്ലൈന്റുകളില്‍ ബ്രിട്ടീഷുകാരു, അമേരിക്കക്കാരും, റഷ്യക്കാരും, ഇസ്രയേലികളും എല്ലാമുണ്ട്. ഇതിനെച്ചൊല്ലി ഇന്ന് വരെ പരിഹാസ്യനാകേണ്ടി വന്നിട്ടില്ല, cross culture awareness- ന്റെ കാര്യത്തില്‍ അവരൊക്കെ വളരെ പ്രൊഫഷണല്‍ ആണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ വികടന്മാരായ മലയാളി സായിപ്പന്മാരില്‍ നിന്ന് ഈ പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടൂണ്ടെന്നുള്ളതും മറക്കുന്നില്ല.

സൂഫി aka അനസ്

Submitted by കൈപ്പള്ളി (not verified) on Fri, 2006-02-17 22:51.

ഈ ലേഖനത്തില്‍ പ്രധാനമായി പരാമര്‍ശിച്ച വിഷയം മലയാളികള്‍ കുട്ടികള്‍ക്ക് ഇടുന്ന പേരുകളും. മലയാളിയുടെ ഭാര്യമാര്‍ക്ക് വിവാഹത്തിനു ശേഷം തിരഞ്ഞെടുക്കുന്ന പേരുകളേകുറിച്ചാണു്.

അത് വ്യക്തമാക്കന്‍ ചില്ല ഉദഹരണങ്ങള്‍ ഇവിടെ ഞാന്‍ പറഞ്ഞു. അതില്‍ ഒരു പേരു തിരഞ്ഞേടുത്ത് അതു മാത്രം വിശകലനം ചെയ്തു വിഷയത്തില്‍ നിന്നും വഴിമാറിപോയോ എന്നു ഞാന്‍ സംശയിക്കുന്നു.

അനസ് എന്ന വാക്കിന്റെ ഇം‌ഗ്ലീഷ് എഴുത്തിലാണു ശ്രദ്ധികേണ്ടതു് എന്നു് ഞാന്‍ മുകളില്‍ എഴുതിയതു. ആ പേരില്‍ ഒരു തെറ്റും ഇല്ല.

പേരിന്റെ Syntax ആണു മലയാളിയുടെ പ്രശ്നം. തോനും‌പോലെ എന്തു് പേരും ഏതു "ഫൊര്മാറ്റിലും" ആകാം എന്ന ധാരണയാണു് പേരുകള്‍ ഈവിധം അലങ്കോലമാകുന്നതു്.

"അനസ്" എന്ന പേരിന്റെ ഔജിത്യത്തെ കുറിച്ചു നിങ്ങള്‍ തര്‍ക്കികുന്നു. പട്ടാണ്‍ അല്ലാത്തവര്‍ കുട്ടികള്‍ക്കു് "ഖാന്‍" എന്ന കുടുംബപേര്‍ കോടുക്കുന്നു, "ഖുറൈഷി" (പ്രവാചകനായ മുഹമദിന്റെ കുടുംബ നാമം) അല്ലാത്തവന്‍ മക്കള്‍ക്കു "ഖുറൈഷി" എന്ന കുടുമ്പ പേര്‍ വെക്കുന്നു. ഇതിന്റെ ഔജിത്യത്തെ കുറിച്ചു ഒന്നും പറയാനില്ലെ?

Submitted by ibrahimohamed (not verified) on Mon, 2006-02-20 13:51.

പ്രിയ നിഷാദ്.
അവതരിപ്പിച്ച വിഷയത്തിന്റെ സമകാലിക പ്രസക്തി ഗഹനമായതിനാലാണ് വഴിമാറിയിട്ടില്ല എന്ന തീര്‍ച്ച പെടുത്തലിലേക്ക് എത്തിക്കുന്നത്. കമന്റ് നീണ്ടുപോകുന്നതിന് ക്ഷമ ചോദിക്കുന്നു.
സൂഫീ..
നാമത്തിന്റെ ‘ആഗോളീകരണം’ കൊണ്ട് അത്തരമൊരു വിവേചനം അനുഭവിക്കുന്നില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ ദൌര്‍ഭാഗ്യകരമായ പരാമര്‍ശത്തിന് ഖേദവുമുണ്ട്.

നിഷാദ് പറഞ്ഞ കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. സിദ്ധീക്ക് എന്ന ഭര്‍ത്താവ് നസീമ എന്ന ഭാര്യയില്‍ ഉണ്ടാകുന്ന കുഞ്ഞിന് സിന എന്ന പേരിടുമ്പോള്‍ ഉച്ചാരണത്തിന്റെ വ്യത്യാസം കൊണ്ട് അര്‍ത്ഥം മാറി പോകുമെന്ന് മാത്രമല്ല, പരിഹാസ്യരാവുകയും ചെയ്യും. മലയാളികള്‍ നാമങ്ങള്‍ വക്രീകരിക്കുന്നു എന്ന് തോന്നുന്നത് മറ്റു ഭാഷകളില്‍ അവയുടെ അര്‍ത്ഥം തിരയുമ്പോള്‍ മാത്രമല്ലേ?

Submitted by ബെന്നി (not verified) on Mon, 2006-02-27 17:03.

കൈപ്പള്ളീ,

ലേഖനം നന്നായിരിക്കുന്നു. ഫിലോമിനയെ ഫ്രാന്‍സീസ് വിവാഹം ചെയ്ത് അവര്‍ക്കുണ്ടാവുന്ന കുട്ടിക്ക് ഫിഫ്രാ എന്നും ഫ്രാഫി എന്നും പേരിടുന്ന പ്രവണത കൂടിയുണ്ട് കേരളത്തില്‍.

സ്നേഹത്തോടെ,
ബെന്നി

Submitted by Sathish (not verified) on Sun, 2012-03-18 15:40.

പ്രിയ നിഷാദ്,

വളരെ അര്‍ത്ഥവത്തായ വീക്ഷണം തന്നെയാണിത്. ഇതിനിടയില്‍ ഒരു തമാശകൂടിയുണ്ട്! 'നിഷാദ്' എന്ന പേരില്‍ ഒരു ചെറിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്! സംസ്കൃതഭാഷയില്‍ 'നിഷാദ, നിഷാദന്‍ എന്ന പദങ്ങളുടെ അര്‍ത്ഥം 'കാട്ടാളന്‍' 'വനചരന്‍' 'വേട്ടക്കാരന്‍' എന്നൊക്കെയാണ്. കേട്ടിട്ടില്ലേ " മാ നിഷാദ:" എന്ന പ്രയോഗം?