തര്‍ജ്ജനി

കഥ

തൊട്ടാവാടി

സ്കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ സുമ ടീച്ചര്‍ക്ക്‌ അന്ന്‌ എന്തോ തിരക്കുണ്ടെന്ന്‌ പാര്‍വ്വതിയ്ക്ക്‌ തോന്നി. ടീച്ചര്‍ പതിവിലും വേഗത്തിലാണ്‌ നടക്കുന്നത്‌. രാമന്‍ നായരുടെ പീടികയില്‍ നിന്നും പുതിയ ആഴ്ചപതിപ്പ്‌ വാങ്ങുവാന്‍ നിന്നതുമില്ല. സാധാരണ വ്യാഴാഴ്ചകളില്‍ ടീച്ചര്‍ അത്‌ മറക്കാറില്ലാത്തതാണ്‌. ടീച്ചറോടൊപ്പം നടക്കാന്‍ പാര്‍വ്വതി നന്നേ ബുദ്ധിമുട്ടി.

സുമ ടീച്ചര്‍ പാര്‍വ്വതിയുടെ മാത്രമല്ല, മൂന്നാം ക്ലാസ്സ്‌ ബി യിലെ എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ട ടീച്ചര്‍ ആണ്‌.
ഏറ്റവും വികൃതിയായ അപ്പുക്കുട്ടന്‍ വരെ ടീച്ചറുടെ മുന്നില്‍ തികഞ്ഞ മര്യാദക്കാരനായിരുന്നു.
ടീച്ചറോടൊപ്പമാണ്‌ പാര്‍വ്വതി എന്നും സ്കൂളില്‍ പോകുകയും വരികയും ചെയ്യുന്നത്‌. കൂട്ടുകാര്‍ക്ക്‌ തന്നോട്‌ അസാരം അസൂയയുണ്ടെന്ന്‌ അവള്‍ക്കറിയാമായിരുന്നു.

ടീച്ചറുടെ ക്ലാസ്സുകള്‍ രസകരമാണ്‌. മഴയില്ലാത്ത ദിവസങ്ങളില്‍ അവസാനത്തെ പിരീഡ്‌ സ്കൂളിനു മുന്നിലെ ആല്‍ മരത്തിന്റെ ചുവട്ടിലാണ്‌. അപ്പോഴാണ്‌ കുട്ടികള്‍ തങ്ങളുടെ സംശയങ്ങള്‍ ചോദിക്കുക. പാഠപുസ്തകത്തിന്റെ താളുകളില്‍ ഒതുങ്ങാത്ത ചോദ്യങ്ങള്‍. കമ്പ്യൂട്ടര്‍ വൈറസുകളും, ഡൈനസോറുകളും, പുരാണകഥകളും ഒക്കെ അവയില്‍ കടന്നുവന്നു. ഉത്തരങ്ങള്‍ കണ്ടുപിടിക്കാനും വിശദീകരിക്കാനുമൊന്നും ടീച്ചര്‍ ഒരു മടിയും കാണിക്കാറില്ല.

സാധാരണയായി ഏറ്റവും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുക പാര്‍വ്വതിയാണ്‌. ചിലപ്പോഴൊക്കെ അവള്‍ക്ക്‌ അപ്പോള്‍ തന്നെ ഉത്തരം കൊടുക്കാന്‍ ടീച്ചര്‍ക്ക്‌ ആകാറില്ല.
"ഞാന്‍ നാളെ പറയാം കേട്ടോ" ടീച്ചര്‍ ചിരിച്ചു കൊണ്ട്‌ പറയും.

അന്ന്‌ അവള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌ തൊട്ടാവാടിയെ കുറിച്ചാണ്‌.
"തൊട്ടാവാടി തൊടുമ്പൊ വാടുന്നതെന്തിനാ ടീച്ചര്‍?"

അമ്പലത്തിനടുത്തുള്ള വളവു കഴിഞ്ഞ്‌ വഴി രണ്ടായി പിരിഞ്ഞപ്പോള്‍ സുമ ടീച്ചര്‍ പാര്‍വ്വതിയോട്‌ യാത്ര പറഞ്ഞു.
ടീച്ചറുടെ അതി വേഗത്തിലുള്ള പോക്ക്‌ നോക്കി പാര്‍വ്വതി അല്‍പനേരം അവടെതന്നെ നിന്നു.
"ടീച്ചര്‍ക്ക്‌ ഇന്ന്‌ എന്താ പറ്റിയെ ?"

*******************************

illustration

സുമ വീട്ടിലെത്തിയപ്പോഴേക്കും ഒരുക്കങ്ങളെല്ലാം പൂര്‍ത്തയായിരുന്നു. കോലായിയും സ്വീകരണ മുറിയും തൂത്തുതുടച്ച്‌ വൃത്തിയാക്കിയിട്ടിരിക്കുന്നു. അടുക്കളയില്‍ അതിഥികള്‍ വരുമ്പോള്‍ മാത്രം ഉപയോഗിക്കാറുള്ള പിഞ്ഞാണങ്ങളില്‍ വടയും ജിലേബിയും അടുക്കിവച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ കഴിയുന്തോറും പലഹാരങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണല്ലോ എന്ന്‌ ഓര്‍ത്ത്‌ സുമ ചിരിച്ചു.
ദാക്ഷായണിയമ്മ ചായ കൂട്ടാനുള്ള ഒരുക്കത്തിലാണ്‌.
"നീയെന്താ ഇത്ര വൈകിയേ. പോയി വൃത്തിയുള്ള എന്തെങ്കിലും എടുത്തുടുക്ക്‌"
എല്ലാ പെണ്ണുകാണല്‍ ദിവസങ്ങളിലും പതിവുള്ള ശകാരം. അത്‌ കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ തന്റെ മുറിയിലേക്ക്‌ നടന്നു.

പെണ്ണുകാണല്‍ ചടങ്ങിന്‌ ഇപ്പോള്‍ സാധാരണയായി ചുരിധാര്‍ ആണ്‌ വേഷം. വയസ്സ്‌ ഇരുപത്തിയേഴുകഴിഞ്ഞു എന്ന സത്യം മറച്ചു വയ്ക്കാന്‍ ചുരിധാറിനു കഴിയും അത്രേ!

വേഷം മാറി മുടി അഴിച്ചുകെട്ടി കണ്ണാടിയ്ക്ക്‌ മുന്നില്‍ നിന്നപ്പോള്‍ അവള്‍ പഴയ ഇരുപതുകാരിയെ ഓര്‍ത്തു.
കണ്ണുകളില്‍ കണ്മഷിയും പരിഭ്രമവും.
പെരുമ്പറകൊട്ടുന്ന ഹൃദയം.
അമ്മ വന്നു വിളിക്കുന്നതു വരെ അവള്‍ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാറുണ്ടായിരുന്നു.

അന്നൊക്കെ പെണ്ണുകാണല്‍ ഒരു വലിയ ചടങ്ങു തന്നെ ആയിരുന്നു.
പഴയ തറവാട്ടു മഹിമ വിസ്തരിക്കാന്‍ അമ്മാവന്മാര്‍.
ബന്ധുബലം വിശദീകരിക്കാന്‍ ചേച്ചിയും ഭര്‍ത്താവും.
അങ്ങനെ ഒരു നിറഞ്ഞ സദസ്സുതന്നെ ഉണ്ടാവും സ്വീകരണമുറിയില്‍
ചായക്കപ്പുക്കള്‍ വച്ച ട്രേയുമായി വളരെ പതുക്കെയാണ്‌ അവളുടെ രംഗപ്രവേശനം.

പിന്നെ പതിവു ചോദ്യങ്ങള്‍.
ഏതുവരെ പഠിച്ചു? ഏതു കോളേജിലാ ഡിഗ്രിയെടുത്തത്‌? അങ്ങനെ അങ്ങനെ...
സംതൃപ്തിയോടെ തന്നെയാണ്‌ പലരും മടങ്ങാറ്‌.
"വീണ്ടും കാണാം കേട്ടോ" പലരും ചിരിച്ചുകൊണ്ടു പറയാറുമുണ്ടായിരുന്നു.
കൊടുക്കല്‍ വാങ്ങലുകളുടെ കണക്കുകളിലും , ജാതകത്തിന്റെ കളങ്ങളിലും ചിതറിപ്പോയ പുഞ്ചിരികള്‍.
പിന്നീട്‌ കുറച്ചു ദിവസത്തേക്ക്‌ ഒരു നിരാശയാണ്‌.
"പറമ്പുകുറെ വിറ്റാലോ" അമ്മ മാത്രം കുറെ ദിവസം പറഞ്ഞുകൊണ്ടിരിക്കും.
വീടും പറമ്പും ചേച്ചിയുടെ വിവാഹത്തോടെ പണയത്തിലാണ്‌ എന്ന് അമ്മ ചിലപ്പോഴൊക്കെ മറന്നുപോകും.
അച്ഛന്‍ ചാരുകസേരയില്‍ കിടന്ന് നെടുവീര്‍പ്പിടുക മാത്രം ചെയ്യും.

പരിഭ്രമത്തിന്റേയും നിരാശയുടേയും കാലം പെട്ടെന്നുതന്നെ കഴിഞ്ഞു. പിന്നീടുവന്നത്‌ അമര്‍ഷവും നിസ്സംഗതയുമാണ്‌. ഏതുവരെ പഠിച്ചു എന്ന ചോദ്യത്തിനുത്തരമായി പല്ല് ഞെരിച്ചു കാണിക്കാനാണ്‌ അക്കാലത്തു തോന്നിയിരുന്നത്‌.

അതും പെട്ടെന്നു തന്നെ കഴിഞ്ഞു. ഇപ്പോഴുള്ളത്‌ ഒരു പുഞ്ചിരി മാത്രമാണ്‌. ടീച്ചര്‍ ആയി ജോലി കിട്ടിയതിനുശേഷം ലോകത്തെ മുഴുവന്‍ ഒരു മൂന്നാം ക്ലാസ്സ്‌ ആയി കാണാനാണ്‌ അവള്‍ക്കിഷ്ടം.

ഇടയ്ക്കിടെ ചായസല്‍ക്കാരത്തിനായി വരുന്ന കുറെ എട്ടുവയസ്സുകാര്‍.
തെക്കെ പറമ്പുവിറ്റാലോ എന്ന് ഇടയ്ക്കിടെ പറയുന്ന എട്ടുവയസ്സുകാരിയായ അമ്മ
ചാരുകസേരയില്‍ കിടന്നുനെടുവീര്‍പ്പിടുന്ന എട്ടുവയസ്സുകാരനായ അച്ഛന്‍.
പുഞ്ചിരിക്കുക അല്ലാതെ അവള്‍ എന്തു ചെയ്യാനാണ്‌.

അമ്മ വിളിക്കുന്നതും കാത്ത്‌ അവള്‍ എഴുത്തുമേശയ്ക്കരികിലിരുന്നു. ലൈബ്രറിയില്‍ നിന്നെടുത്ത എന്‍സൈക്ലോപീഡിയ വെറുതെ മറച്ചുനോക്കിയപ്പോള്‍ പാര്‍വ്വതിയുടെ തൊട്ടാവാടിയെ പറ്റി ഓര്‍ത്തു ചിരിച്ചു.
"കുട്ടികളുടെ ഓരോരോ ചോദ്യങ്ങള്‍."

എന്‍സൈക്ലോപീഡിയയില്‍ തൊട്ടാവാടിയെ പറ്റി വായിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ അമ്മ മുറിയിലേക്ക്‌ വന്നത്‌.
"അവരിന്ന് വരുന്നില്ലാത്രേ. അവസാന നിമിഷം എന്തോ അത്യാവശ്യം..."
അവളുടെ മനസ്സ്‌ അപ്പൊഴും തൊട്ടാവാടിയില്‍ ആയിരുന്നു.
തൊടുമ്പോള്‍ വാടുന്ന ഇലകള്‍. ഭംഗിയുള്ള പൂക്കള്‍.

"അമ്മയ്ക്കറിയോ തൊട്ടാവാടി വാടുന്നതു എന്തിനാന്ന്?"

ദാക്ഷായണിയമ്മ മകളെ പരിഭ്രമത്തോടെ നോക്കി.

ദുര്‍ഗ്ഗ
Subscribe Tharjani |
Submitted by George (not verified) on Mon, 2006-02-06 04:34.

Kollam Durga,
Nalla kadha. Today only I came to know about this site and went through u r story. Enganae ulla kadhakal vaayikyumbol anickum pazhaya kaala oormakalum, kadha ezhuthanulla prajodhanavum varunnu. Thangaludae kadha kurachu koodi ondayirunengil ennu thoonni pooyi.

Submitted by കെവി (not verified) on Mon, 2006-02-06 18:34.

ലോകം മുഴുവനും ഒരു മൂന്നാംതരമായി കാണുക. ആ ക്ലാസ്സിലിരുന്നു കലപില കൂട്ടുന്ന ഒരു കൂട്ടം കുരുന്നുകളോടെന്നവണ്ണം, ....................നിങ്ങള്‍.......

ഞാനും ഈ മൂന്നാംതരത്തിലെ കുട്ടിയല്ലേ? മൂന്നാം തരമോ അതോ ബാലവാടിയോ?

Submitted by Anonymous (not verified) on Mon, 2006-02-06 19:00.

നല്ലകഥകള്‍.
http://www.chintha.com/node/573 ഈ ലിങ്കില്‍ കമന്റ് വെയ്ക്കാന്‍ പറ്റുന്നില്ലല്ലൊ!

Submitted by Anonymous (not verified) on Tue, 2006-02-07 13:41.

kollam nalla vishayam keep it up

Submitted by dRiZzlE MOttambrum (not verified) on Sat, 2006-02-11 13:49.

നിരാശയുടെ വിരല്‍സ്‌പര്‍ശമേല്‍ക്കുമ്പോള്‍, പ്രതീക്ഷയുടെ ജലാംശം വറ്റി വാടുകയാണാ തൊട്ടാവാടി..!!
വളരെ നന്നായി എഴുതിയിരിക്കുന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു...

Submitted by Roy (not verified) on Thu, 2006-06-01 14:37.

Durga
very good narration. a fantastic and beautiful story. i see a talented writer in u. so write more and more.

waiting 4 more stories from u.

Roy

Submitted by Raj Nair (not verified) on Thu, 2006-06-01 15:41.

ലളിതമായി നല്ലൊരു കഥ എഴുതിയിരിക്കുന്നു ദുര്‍ഗ്ഗ. ആശംസകള്‍!

Submitted by rkvanniyoor (not verified) on Sat, 2009-10-10 15:52.

തൊട്ടാവാടി വായിച്ചു കൊള്ളാം.എന്റെ അഭിനന്ദ ങ്ങള്‍
ആര്‍ .കെ .വന്നിയൂര്‍ തിരുവന ന്തപുരം -4.