തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

പ്രണയപര്‍വ്വം

പ്രണയം പുര നിറഞ്ഞു
പുറത്തേക്കു് വളര്ന്നപ്പോള്‍
മുറ്റത്തൊരു പന്തലിട്ടു
താളമേളങ്ങളോടെ താലി ചാര്ത്തി തളച്ചു,
ആശ്വാസം, പിന്നെയത് വളര്ന്നില്ല.

നിന്റെ ചിത്രം എഴുതിയും മായ്ചും
വരച്ചു തളര്ന്നപ്പോള്‍
ഞാന്‍ എന്നെ വരച്ചു നോക്കി.
കണ്ണാടിയില്‍ കണ്ട രൂപം
കടലാസ്സിലെത്തിയപ്പോള്‍
കാല്‍ചിലമ്പു്, പള്ളിവാള്‍, പിന്നെ
ചെമ്പട്ടിന്റെ ഉടയാടയും.

കിടപ്പുമുറിയുടെ വാസ്തു ശരിയല്ലത്തതിനാല്‍
പ്രണയം വാതില്‍ തുറന്നോടിപ്പോയി
കാറ്റതിനെ കടല്‍ത്തിരത്തേയ്ക്കു്
കൂട്ടികൊണ്ടുപോയി, മുക്കിക്കൊല്ലാന്‍.

പ്രണയം പറഞ്ഞു,
'നീ ഒരുപാടു് ഉടുപ്പുകളില്‍ പൊതിഞ്ഞിരിക്കുന്നു,
എനിക്കു നിന്നിലേയ്ക്കു കടക്കാനാവുന്നില്ല,
പിന്നെങ്ങനെ നിന്റെ ക്ഷണം സ്വീകരിക്കും?'
എല്ലാം അഴിച്ചു എന്നെ നഗ്നയാക്കിക്കൊടുത്തപ്പോള്‍
പറയുന്നു,'ഉടയാടകള്‍ മുറുകി നീ ഒരു ശിലയായിരിക്കുന്നു,
ഇനി കാക്കുക, രാമന്‍ വരട്ടെ.'

കിഴക്കുനിന്നു പുറപ്പെട്ടു , ഒന്നിച്ചു
ദിക്കുകളെല്ലാം താണ്ടിയാണു് നമ്മള്‍
പ്രണയവൃത്തം പൂര്ത്തിയാക്കിയതു്.
എന്നിട്ടും തിരിച്ചെത്തിയപ്പോള്‍
എന്റെ തെക്കു് നിനക്കു് വടക്കും
നിന്റെ കിഴക്കു് എനിക്കു് പടിഞ്ഞാറുമായി.

വഴിമുട്ടിയപ്പോള്‍ പ്രണയം
പറഞ്ഞു, നമുക്കു പിരിയാം,
അതെ, പിരിയാം, പക്ഷെ
പിരിയാന്‍ ഇനി ഇഴകളെവിടെ?

പ്രണയം മരണം കാത്തു
ആശുപത്രി വരന്തയില്‍ കിടന്നു
ഒടിഞ്ഞും ചതഞ്ഞും മുറിഞ്ഞും ..
വേദനിച്ചു നിലവിളിച്ചപ്പോള്‍
ചുണ്ടിലൊരു തുള്ളി ചോര ഇറ്റിച്ചു കൊടുത്തു,
മറ്റൊന്നും എന്റെ കയ്യിലില്ലായിരുന്നു.

പുഴവക്കിലും മരച്ചുവട്ടിലും
കാത്തു നിന്നു മടുത്ത പ്രണയം
ഗൂഗിളിലേക്കു് ചേക്കേറി
ആരെങ്കിലും തേടിയെത്തും വരെ
സുഖശീതളിമയില്‍ ഉറങ്ങാന്‍‍.

വെറുതേ, വെറുതേയാണു നീ അങ്ങനെ പറഞ്ഞതു്,
അതു് മനസ്സിലാക്കാന്‍ എനിക്കീ ഒരു ജന്മം?

Subscribe Tharjani |
Submitted by സന്ധ്യ (not verified) on Thu, 2009-12-17 21:38.

അഭിനന്ദനങ്ങള്‍..കവിത ആര്‍ദ്രവും,മനോഹരവുമാണ്.പ്രണയത്തിന്റെ പെണ്‍ഭാഷ്യം.
ചടുലമായ വരികള്‍..ഭാവനാദീപ്തം..കവയിത്രിയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.

Submitted by sujeesh n m (not verified) on Sun, 2009-12-27 16:49.

nice

Submitted by Chengaloor Peru Marath (not verified) on Thu, 2009-12-31 23:26.

Your poem PRANYAPOORVAM is maintaining above average standard. I congratulate you for the same .But you must rewrite it to attain a good standard . You have ideas . I wish you
a Happy New Year .
Chengaloor Peru Marath , Velakkappady , Thrissur , Kerala ,India

Submitted by smitha (not verified) on Fri, 2010-01-01 15:55.

Thanks. I wish a happy new year for you.