തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

വീടിന്റെ ജൈവഭൂപടം

ഇതെന്റെ വീടെന്ന്
മകള്‍ സ്വപ്നങ്ങള്‍ എഴുതുന്നു.
ഇതെന്റെ മുറിയെന്ന്
മകന്‍ ഏകാന്തത കൊയ്യുന്നു.
ഇതു ഞാന്‍ നട്ട ചെടി
ഞാന്‍ കണ്ട കിനാവ്
എന്നില്‍ നിന്നും പിറക്കുന്ന ലോകം
-അവള്‍ ഹൃദയത്തില്‍
വംശവൃക്ഷത്തെ പോറ്റുന്നു.

ഇതു ഞാന്‍ കുഴിച്ച കിണര്‍
ആഴവും ആകാശവും
ഞാന്‍ വിയര്‍പ്പും കണ്ണീരുമായ്
ചേര്‍ന്നിഴുകിയ മണ്ണ്
-എന്നെല്ലാം തഴയ്ക്കും മുന്‍പ്
വീടിന്റെ ആകാശത്തില്‍ നിന്ന്
ഉദിച്ചും അസ്തമിച്ചും സഞ്ചാരിയാകുന്ന
പകല്‍ ജാലങ്ങളില്‍ നിന്ന്
രാത്രിയുടെ നിഗൂഢലഹരികളില്‍ നിന്ന്
കവിതയുടെ ഋതുക്കളില്‍ നിന്ന്
പിഴുതെറിയും പോലെ
കൈയില്‍ തടഞ്ഞ ജീവിതം
വാരിപ്പറക്കിയിറങ്ങുന്നു.

ഇടവപ്പാതി മീനച്ചൂട്
സ്കൂള്‍വര്‍ഷമെന്നൊന്നുമില്ലാതെ
വാര്‍ത്തയുടെ വ്യവസായഖേദങ്ങള്‍ക്ക്
സ്കോപ്പില്ലാതെ
അഭയം അലസിക്കറുത്തോരുടെ
നിശ്ശബ്ദതകളില്‍ മുറിച്ചെറിഞ്ഞ
മറ്റൊരു മുഴക്കമായ്
അപരിചയത്തിന്റെമണല്‍ക്കാറ്റടിക്കും
ദുര്‍മുഖമുനകളാല്‍ മുറിഞ്ഞ്
സംശയക്കണ്ണുകള്‍ റോന്തുചുറ്റുന്ന
ഉഷ്ണദ്വീപിലേക്കങ്ങനെ..

എവിടെയുമെനിക്കൊരു വീടുണ്ടോ?
-പ്രണയത്തിനും മക്കള്‍ക്കുമിടയില്‍ വിയര്‍ത്ത്,
കണ്ടാലറിയുമോ നീ
പണ്ടത്തെ നിന്റെ വീര പുരുഷനെ?
-ഉള്ളില്‍ പരിഹസിച്ച്,
എവിടെയുമെടുത്തു പോകാവുന്ന
ചെടിച്ചട്ടി ജീവിതം
(ഓര്‍മ്മയില്‍
നനഞ്ഞൊലിച്ചൊരു വീട്
പനിച്ചും വിശന്നും!)

വിലാസമില്ലാതെത്തുന്ന മരണമേ
എത്രപൊട്ടിത്തെറികളാണുള്ളില്‍
രേഖപ്പെടുത്താനാവാതെ..
യുദ്ധപീഡിതരുടെയും
കുടിയിറക്കപ്പെട്ടവരുടെയും
തെരുവുമക്കളുടെയും
ഈ ഭൂമിയില്‍ ...

Subscribe Tharjani |
Submitted by jijo (not verified) on Thu, 2010-04-22 17:33.

കൊള്ളാം. ഇത് കലക്കി.