തര്‍ജ്ജനി

എ. പ്രദീപ്കുമാര്‍

നീലാംബരി, എരവട്ടൂര്‍.
പേരാമ്പ്ര, 673525
ഫോണ് : 9048302844
മെയില്‍ :neelambaripradeep@yahoo.com

Visit Home Page ...

സാമൂഹികം

ഗുണ്ടാപുരത്തിന്റെ നേര്‍ക്കാഴ്ചകള്‍

ഓണപ്പരീക്ഷ, ക്രിസ്ത്മസ് പരീക്ഷ തുടങ്ങിയ സമ്പ്രദായങ്ങള്‍ ഫ്യൂഡല്‍മൂല്യങ്ങളുടെയും ജാതീയതയുടെയും പുനസ്ഥാപനത്തിനു കാരണമാകുന്നതു കൊണ്ടാണല്ലോ നമ്മുടെ ജനകീയസര്‍ക്കാര്‍ അതൊക്കെ നിര്‍ത്തലാക്കിയത്. പകരം ഒക്ടോബര്‍ വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന ഒക്ടോബര്‍പരീക്ഷ കഴിഞ്ഞിരിക്കുകയാണു്. പഴയരീതിയിലുള്ള നേരെവാനേരെപോ ചോദ്യങ്ങളൊന്നും ഇപ്പോള്‍ ചോദിക്കാറില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉദാഹരണത്തിന് നാലും അഞ്ചും കൂട്ടിയാലെത്ര എന്ന് ചോദിക്കില്ല. പകരം 'മിന്നുവിന്റെ കയ്യില്‍ നാലും റഹ്മത്തിന്റെ കയ്യില്‍ അഞ്ചും മഞ്ചാടിക്കുരുക്കളുണ്ട്. കളിക്കിടയില്‍ അവരുടെ മഞ്ചാടിക്കുരുക്കള്‍ കലര്‍ന്നുപോയി. ബെന്നി അതെണ്ണിനോക്കാന്‍ ശ്രമിക്കുകയാണ്. അവനെ സഹായിക്കാമോ? (ചോദ്യത്തിനുള്ളില്‍ ഒളിഞ്ഞിര്ക്കുന്ന സാമുദായികമൈത്രി ശ്രദ്ധിച്ചുവല്ലോ) എന്നരീതിയില്‍ ചോദ്യം മാറേണ്ടതുണ്ട്. അതാണ് മൂല്യനിര്‍ണ്ണയത്തിന്റെ ഒരു പരിഷത്തീകരണം. ഇപ്രാവശ്യത്തെ മഹത്തായ ഒക്ടോബര്‍ പരീക്ഷയുടെ ഒരു ചോദ്യം നോക്കൂ.

പ്രവര്‍ത്തനം 1 യാത്രാക്കുറിപ്പ്.

ചൈനീസ് സഞ്ചാരിയുടെ യാത്രാക്കുറിപ്പുകള്‍ പഠിച്ചുവല്ലോ. ഇനി ഫാഹിയാന്‍ 2009ലെ തിരുവോണദിവസം കേരളം സന്ദര്‍ശിച്ചുവെന്നിരിക്കട്ടെ. അദ്ദേഹം രേഖപ്പെടുത്തിയ യാത്രാക്കുറിപ്പുകള്‍ എങ്ങിനെയായിരിക്കും? ഒന്നു സങ്കല്പിച്ചെഴുതിനോക്കൂ.

ഇനി ഒരു മാതൃകാ ഉത്തരം പരിചയപ്പെടാം.

2009 ആഗസ്ത്. 31,ഗുണ്ടാപുരം
ഇന്നലെ വൈകുന്നേരമാണ് ഞാന്‍ ഇന്ത്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഈ ചെറിയ പ്രദേശത്ത് വന്നുചേര്‍ന്നത്. ഈനാടിന്റെ പേര് ഗുണ്ടാപുരം എന്നാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്നാട്ടിലെ സമൂഹത്തെനിയന്ത്രിക്കുന്നത് ഗുണ്ടകളായതുകൊണ്ടാണ് ആ പേരു ലഭിച്ചത്. പ്രാചീനകാലത്തെ ചേരചോള രാജവംശങ്ങളെപ്പോലെ ശക്തി പ്രാപിച്ചിരിക്കുന്ന ഒരു വംശമാണ് ഇവിടത്തെ ഗുണ്ടാസമുദായം. ഇക്കാലത്ത് ഇവിടെ ഒരു ഗുണ്ടയാവുകയെന്നാല്‍ സമൂഹത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തെത്തുക എന്നാണര്‍ത്ഥം. ഇന്നാട്ടിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ടെലിവിഷന്‍ ചാനലുകളിലും മറ്റും അവരുടെ ജീവിതാഭിലാഷം ഗുണ്ടയാവുകയാണെന്ന് തുറന്നു സമ്മതിക്കാറുണ്ട്. ഒട്ടുമിക്കരക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ പത്താംക്ലാസു കഴിഞ്ഞാലുടനെ ഗുണ്ടാകോളേജില്‍ ചേര്‍ക്കാനാഗ്രഹിക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ വലിയ പ്രയാസമാണ്. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയുമൊന്നുമല്ല പ്രവേശനത്തിനുള്ള മാനദണ്ഡം. ഹൈസ്കൂള്‍ പഠനകാലത്തുതന്നെ കുട്ടികള്‍ കഴിവു തെളിയിച്ചിരിക്കണം. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ശുപാര്‍ശയും കൂടിയായാല്‍ സംഗതി എളുപ്പമായി.

ഈഭൂപ്രദേശത്തിന്റെ പഴയ പേര് കേരളം എന്നാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ അതുമായി ബന്ധപ്പെട്ട യാതൊരു ചരിത്രരേഖകളും ലഭ്യമല്ല. 57ലെ ജനകീയ സര്‍ക്കാറിന്റെ ഭരണചരിത്രമല്ലാതെ പഴയരേഖകളൊന്നും തന്നെ നിലവിലില്ല. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത എല്ലാരേഖകളും സാമ്രാജ്യത്വവും മാദ്ധ്യമസിന്റിക്കേറ്റും ചേര്‍ന്നുണ്ടാക്കുന്ന വ്യാജനിമ്മിതികളായിട്ടാണ് പരിഗണിക്കപ്പെടാറുള്ളത്. മാത്രവുമല്ല സമകാലീനവും അല്ലാത്തതുമായ ചരിത്രസംഭവങ്ങളെല്ലാംതന്നെ ഇന്നാട്ടുകാര്‍ പത്രങ്ങളിലും മറ്റും വായിച്ച് അപ്പപ്പോള്‍ മറക്കുകയാണ് പതിവ്.

57ലെ ജനകീയ മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. എല്ലാവര്‍ഷവും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ സ്വന്തം പ്രജകളെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് അനുവാദം കൊടുത്തു. ജനകീയ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ ഇന്നാട്ടുകാര്‍ തിരുവോണമായി ആഘോഷിക്കുന്നു. ഗുണ്ടാപുരത്തിന്റ പൂര്‍വ്വകാലചരിത്രവുമായി ബന്ധപ്പെട്ട രേഖകള്‍ ഈ ഐതിഹ്യത്തിലൊതുങ്ങുന്നു. അവശേഷിക്കുന്നത് ആധുനിക ഗുണ്ടാപുരത്തിന്റെ ചരിത്രമാണ്. അതിനാകട്ടെ ഇന്നുകൂടി മൂന്നാലു വര്‍ഷത്തോളമേ പഴക്കമുള്ളൂ.

ആധുനിക ഗുണ്ടാപുരത്തെ ജനജീവിതത്തെ മുന്നാര്‍കാലം, ലാവ്‌ലിന്‍കാലം, ക്വട്ടേഷന്‍കാലം എന്നിങ്ങനെ മൂന്നായിത്തിരിക്കാം. ക്വട്ടേഷന്‍കാല ഗുണ്ടാപുരത്തിലെ ഓണാഘോഷം നടക്കുന്ന ഒരു കവലയിലിരുന്നുകൊണ്ടാണ് ഞാനീക്കുറിപ്പു തയ്യാറാക്കുന്നത്.
ക്വട്ടേഷന്‍കാലം ഗുണ്ടാപുരത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണകാലമായിട്ടാണ് അറിയപ്പെടുന്നത്. ക്വട്ടേഷന്‍കാല ഗുണ്ടാപുരത്തിന്റെ ഏറ്റവും വലിയ സവിഷേത അവിടത്തെ പോലീസാണ്. കുറ്റന്വേഷണരംഗത്ത് ഇത്രയേറെ ആധുനികവല്കരിക്കപ്പെട്ട ഒരുപോലീസ് ഇന്ന് ലോകത്ത് മറ്റെവിടെയുമുണ്ടാവില്ല. ഒരാള്‍ കുറ്റംചെയ്യാന്‍ മനസ്സില്‍ വിചാരിക്കുമ്പോഴേക്കും പോലീസ് അത് മണത്തറിയും. എന്നിട്ട് പത്രസമ്മേളനം നടത്തി കൊല നടക്കാനിടയുള്ള സ്ഥലം, കൊലയാളിയുടെ പേരിന്റെ ആദ്യാക്ഷരം, (മിക്കവാറും ഏതെങ്കിലും പക്ഷിയുടെയോ മൃഗത്തിന്റെയോ പേരു് ചേര്‍ത്ത ഇരട്ടപ്പേരായിരിക്കും.) കൊലനടത്താനുപയോഗിക്കുന്ന കത്തിയുടെ ആകൃതി എന്നിവ വെളിപ്പെടുത്തും. കുറ്റകൃത്യം കഴിഞ്ഞ് മൂന്നുദിവസത്തിനകം കുറ്റവാളി പോലീസ്‌ വലയിലാവുകയും ചെയ്യും. അതേസമയം കുറ്റവാളികളുടെ കാര്യം നേരെമറിച്ചാണ്. തെളിവുകള്‍ നശിപ്പിക്കുന്നതില്‍ അവര്‍ക്ക് യാതൊരു വൈഭവവുമില്ല. കൊലപാതകം നടത്തിയശേഷം ആയുധങ്ങള്‍ ഒന്നു കഴുകുക പോലുംചെയ്യാതെ അവര്‍ കട്ടിലിനടിയിലും മേശപ്പുറത്തും മറ്റും അലക്ഷ്യമായി വലിച്ചെറിയും

ചില പ്രധാന കവലകളില്‍ ഗുണ്ടകളുടെ പരസ്യപ്പലകകള്‍ കാണാം. അതില്‍ വിവിധതരം ഗുണ്ടാവൃത്തികളുടെ പ്രതിഫലത്തുക ഇനംതിരിച്ച് മനോഹരമായി എഴുതിവെച്ചിരിക്കുന്നതു കാണാം. അറുത്തുമാറ്റപ്പെട്ട മനുഷ്യാവയവങ്ങള്‍, പലതരം ആയുധങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ത്തന്നെ ആര്‍ക്കും കാര്യം മനസ്സിലാകും. ഭാഷ അറിയേണ്ട ആവശ്യം പോലുമില്ല. ആവശ്യമുള്ളവര്‍ പരസ്യത്തോടൊപ്പമുള്ള നമ്പറില്‍ വിളിക്കുകയേ വേണ്ടൂ. ഗുണ്ടാനമ്പരുകള്‍ കാണാപ്പാഠം പഠിക്കാത്തവര്‍ക്ക് നൂറില്‍ വിളിച്ചും ബന്ധപ്പെടാവുന്നതാണ്. അങ്ങനെയാവുമ്പോള്‍ കമ്മീഷനായി ഒരു ചെറിയ തുക നഷ്ടം വരുമെന്നുമാത്രം. ആഘോഷവേളകളില്‍ ഗുണ്ടകള്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്കാറുണ്ട്.

ഉദാഹരണത്തിന് മൂര്‍ഖന്‍ഷാജിയുടെ പരസ്യം നോക്കൂ.
'വമ്പിച്ച ഓണം ഓഫര്‍.
ഓണം പ്രമാണിച്ച് ക്വട്ടെഷന്‍ ജോലികള്‍ക്ക് 20% വരെ കിഴിവ്.
ഓരോ കൊലപാതകത്തിനും ഒരു കൈവെട്ടല്‍ ഫ്രീ.
മൂര്‍ഖന്‍ഷാജി & അസോസിയേറ്റ്‌സ്.'

ഇന്നാട്ടിലെ മിക്കവാറും എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഗുണ്ടാകോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'ബാച്ചിലര്‍ ഓഫ് ഗുണ്ടായിസം' 'ഡിപ്ലോമ ഇന്‍ ജീനോസൈഡ് 'തുടങ്ങി നാല്പതോളം കോഴ്‌സുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ ഓഫര്‍ ചെയ്യുന്നത്. 'ദി ആര്‍ട്ട് ഓഫ് കിഡ്‌നാപ്പിങ്ങ്,' 'മാന്‍ ഹാന്‍ഡ്‌ലിങ്ങ് തിയറി ആന്റ് പ്രാക്ടീസ്' തുടങ്ങി നൂറോളം വിഷയങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ചിക്കാഗോവില്‍ നിന്നും മറ്റുമുള്ള മാഫിയാ രാജാക്കന്‍മാരും ലോകപ്രശസ്തരായ മതതീവ്രവാദികളും വിസിറ്റിങ്ങ് പ്രൊഫസര്‍മാരായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍വരെ തലസ്ഥാനനഗരിയിലുണ്ട്. മിക്കഗുണ്ടാകോളേജുകളിലും അന്താരാഷ്ട്ര ഭീകരസംഘങ്ങളിലേക്കുള്ള കാമ്പസ് റിക്രൂട്ട്‌മെന്റ് ഉണ്ടാവാറുണ്ട്. ജനകീയ സര്‍ക്കാര്‍ അന്തര്‍ദേശീയനിലവാരമുള്ള ഒരു ഗുണ്ടായൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ടത്രെ. ഗുണ്ടകളുടെ ആത്മകഥകളും ജീവചരിത്രങ്ങളും പ്രൈമറിക്ലാസുകള്‍ മുതല്‍ കുട്ടികള്‍ക്ക് പഠനവിഷയമാണ്.

ഗുണ്ടാപഠനം പൂര്‍ത്തിയാക്കിയതുകൊണ്ടുമാത്രം ആരും ഗുണ്ടാവംശത്തില്‍ അംഗമാവണമെന്നില്ല. പഠനകാലത്തുള്ള പ്രോജക്ടിന്റെ ഭാഗമായി ഏതെങ്കിലുമൊരു ഗുണ്ടാപ്രവര്‍ത്തനം എല്ലാകുട്ടികളും ഏറ്റെടുത്തു നടപ്പിലാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനകളൊന്നുമില്ല. മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ കൊലപ്പെടുത്തുകയോ അപായപ്പെടുത്തുകയോ (ചോയ്‌സ് ബെയിസ്ഡ്) എന്തുമാകാം. വിജയികളായ കുട്ടികളെ ഗുണ്ടാവംശത്തില്‍ അംഗമാകലാണ് പഠനത്തിന്റെ അവസാന ചടങ്ങ്. ഒട്ടേറെ ആചാരങ്ങള്‍ ഉള്‍ച്ചേരുന്ന വര്‍ണ്ണശബളമായ ഒരുചടങ്ങാണിത്. ചടങ്ങിന്റെ ഒടുക്കം മുഖ്യഗുണ്ടാപുരോഹിതന്‍ സ്വന്തം കയ്യില്‍നിന്നും ചോരയെടുത്ത് വിജയികളായ കുട്ടികളുടെ നെറ്റിയില്‍ 'എസ് 'ആകൃതിയിലുള്ള കുറി വരയ്ക്കും. പിന്നീട് മുഷ്ടിചുരുട്ടി ആകാശത്തുനോക്കി ഗുണ്ടാവാക്യം വിളിക്കും. വിജയികളായ കുട്ടികള്‍ക്ക് ഏതെങ്കിലും ഗുണ്ടാസംഘത്തില്‍ ട്രെയിനിയായി ചേരാവുന്നതാണ്. അതേസമയം സ്വന്തമായി ഗുണ്ടാസംഘം ആരംഭിക്കണമെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ഗുണ്ടാസംഘത്തില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും ജോലിചെയ്തിട്ടുണ്ടായിരിക്കണം. അല്ലാത്തപക്ഷം ഗുണ്ടാലിസ്റ്റില്‍ പേരുണ്ടായിരിക്കണം. കവലയിലുള്ള ഒരു കെട്ടിടത്തിലേക്ക് ആയിരക്കണക്കിനാളുകള്‍ വരിവരിയായി നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ഞാന്‍ കാണുന്നത്. അത് ഗുണ്ടാപുരത്തിന്റെ ദേശീയ പാനീയത്തിനു വേണ്ടിയുള്ള ക്യൂവാണ്. ഈഗ്രാമം മുഴുവന്‍ സര്‍ക്കക്കര്‍ ഉടമസ്തതയിലുള്ള പാനീയ വില്പനശാലയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാളെ തിരുവോണമാണ. ജനകീയ ഭരണത്തിന്റെ ഗതകാലസമൃദ്ധിയെ ഓര്‍ത്തെടുക്കാന്‍ ഏവരും തയ്യാറെടുക്കുകയാണ്.

Subscribe Tharjani |