തര്‍ജ്ജനി

സി.ജെ.ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

ദരിദ്രവര്‍ഗ്ഗത്തെ തളയ്ക്കാന്‍ ഒരു സര്‍വ്വകലാശാല

മലയാളികള്‍ ഒരു ജനത എന്ന നിലയില്‍ നിലനില്ക്കുന്നതിനും വികസിക്കുന്നതിനും ഒരു മലയാളം സര്‍വ്വകലാശാലയുണ്ടാകേണ്ടതു് അത്യാവശ്യമാണെന്നുള്ള ചിന്തകള്‍ വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. മലയാളഭാഷയുടെ പുരോഗതിക്ക് ഒരു സര്‍വ്വകലാശാല ആവശ്യമാണെന്നു മുമ്പും ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണു്. അക്കാലത്തൊന്നും അതിനു ചെവികൊടുക്കാന്‍ നമ്മുടെ ജനതയോ ഭരണകൂടമോ തയ്യാറാവുകയുണ്ടായില്ല. ഭാഷയുടെ പുരോഗതിക്കുതകുന്ന പണികള്‍ ചെയ്യാന്‍ സാഹിത്യ അക്കാദമി, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ പ്രത്യേകമായും കേരളീയരുടെ വൈജ്ഞാനികമുന്നേറ്റത്തിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സര്‍വ്വകലാശാലകളിലെ ഭാഷാപഠനവിഭാഗങ്ങളും ഉള്ളപ്പോള്‍ ഒരു സര്‍വ്വകലാശാലയുടെ ആവശ്യം ഇല്ലെന്ന ബോധ്യമാവാം അതിനു കാരണം. മലയാളഭാഷ കലാശാലാനിലവാരത്തില്‍ അഭ്യസിപ്പിക്കുന്ന സര്‍വ്വകലകളെയും സ്വായത്തമാക്കിയിട്ടില്ലെന്ന ബോധ്യമാണോ കാരണം എന്നും സംശയിക്കാം.

മലയാളസര്‍വ്വകലാശാല എന്ന ആശയം ഇപ്പോള്‍ ശക്തമായി ഉയര്‍ന്നുവരുന്നതിനു നിമിത്തമായിത്തീര്‍ന്നതു് എന്താവും? തമിഴു്, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ക്ക് ക്ലാസ്സിക്കല്‍ പദവി നല്കിയതുമായി ബന്ധപ്പെട്ടുളവായ ഉണര്‍ച്ചയാണെന്നു തോന്നുന്നു. തമിഴിനും തെലുങ്കിനുമെല്ലാം പദവികള്‍ കിട്ടുന്നു. നമുക്കു കിട്ടുന്നില്ല. ഇതു പക്ഷപാതമല്ലാതെ മറ്റെന്താണ്? ഇത്തരത്തില്‍ താരതമ്യവിചാരം നടത്തുന്ന വേളയില്‍, ആ ഭാഷകള്‍ക്കെല്ലാം ഭാഷയുടെ പേരില്‍ സര്‍വ്വകലാശാലയുണ്ടെന്നതും നമുക്ക് അതില്ലെന്നതും വലിയ പ്രശ്‌നമായിത്തോന്നിയിട്ടുണ്ടാവാം.

എന്തായാലും മലയാളസര്‍വ്വകലാശാലയ്ക്കുവേണ്ടി ഉയര്‍ന്നുവരുന്ന മുറവിളി മലയാളിസമൂഹം ഒരു മുദ്രാവാക്യമായി ഏറ്റെടുക്കുന്നതായി കാണുന്നില്ല. ഇതെന്തുകൊണ്ടാണെന്നു് ആലോചിക്കേണ്ട സമയമായി. `മലയാളി സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തില്‍ത്തള്ളുന്നവരും സ്വന്തമാതാവാം ഭാഷയെ സ്‌നഹിക്കാത്തവരുമാണു്' എന്നൊക്കെയുള്ള നിഗമനങ്ങളിലേക്കെത്തി ദു:ഖിക്കാന്‍ വളരെ എളുപ്പമാണ്. സായ്പിന്റെ ഭാഷയോടുള്ള മാനസികമായ അടിമത്തമാണ് മലയാളിയെ വഴിതെറ്റിക്കുന്നതെന്നോ, കുറച്ചുകൂടി തീവ്രമായി ചിന്തിച്ച്, കൊളോണിയല്‍ ഹാങ് ഓവര്‍ എന്നോ വിശദീകരിച്ചാല്‍ സമാധാനം വരുന്നവരെയും നാം കാണുന്നുണ്ട്. ഭാഷയെ ആശയവിനിമയത്തിനുള്ള ഉപാധിയായി മാത്രം കാണുന്ന വീക്ഷണവൈകല്യമാണു് നമ്മുടെ മാതൃഭാഷാസമീപനത്തെ അനാരോഗ്യകരമാക്കിത്തീര്‍ക്കുന്നതെന്ന ചിന്തയാണു് ഇക്കൂട്ടത്തില്‍ പുതിയ ഒരിനം. പ്രത്യക്ഷത്തില്‍ത്തന്നെ, ഭാഷയെക്കുറിച്ചുള്ള സൈദ്ധാന്തികമായ അറിവ് ആധാരമാക്കിയുള്ളതാണ് പുതിയ ചിന്തകളെന്നു കാണാം.

ഭാഷ ഒരു ജനത മാനവീകരിച്ചെടുത്ത ലോകത്തെയും ഒപ്പം ലോകവീക്ഷണത്തെയും വെളിപ്പെടുത്തുന്നതും മനുഷ്യരെ നിര്‍മ്മിച്ചെടുക്കുന്നതുമായ അത്യന്തം സങ്കീര്‍ണ്ണമായ സാംസ്കാരികപ്രതിഭാസമാണു്. അതിന്റെ ധര്‍മ്മങ്ങള്‍ പലതാകുന്നു. അതുകൊണ്ടുതന്നെ അതിനെ പല വീക്ഷണത്തില്‍ പലതായി നിര്‍വ്വചിക്കേണ്ടിവരുന്നു. അതില്‍ പ്രാകൃതയുക്തി, സാമാന്യയുക്തി, ആധുനികയുക്തികളുടെ പല തരം അവാന്തരവിഭാഗങ്ങളായ ഉപകരണയുക്തി, ചരിത്രയുക്തി, അനുഭവയുക്തി, ശാസ്ത്രയുക്തി, പ്രതീത്യാത്മകയുക്തി, സാംസ്കാരിയസ്വത്വവാദയുക്തി എന്നൊക്കെ വേര്‍തിരിക്കാവുന്ന പല തരം യുക്തികള്‍ പ്രയോഗിച്ച് പലതരം അറിവുകള്‍, നിര്‍വ്വചനങ്ങള്‍, ഉല്പാദിപ്പിക്കാവുന്നതാണു്. മാനുഷികശാബ്ദികപ്രതീകവ്യവസ്ഥ എന്നു (നിര്‍)വ്വചിക്കാം. ആശയവിനിമയോപാധിയെന്നു നിര്‍വ്വചിക്കാം. സമൂഹം പങ്കിടുന്ന ധാരണകളുടെ ആകെത്തുകയായി നിര്‍വ്വചിക്കാം. സമൂഹം സ്വയം പ്രകാശിപ്പിക്കുകയും ലോകാനുഭവങ്ങളെ ആവിഷ്കരിക്കുകയും ചെയ്യുന്ന മാധ്യമമെന്നു നിര്‍വ്വചിക്കാം. അറിവുകളുടെ ഉപാധിയും സ്രോതസ്സുമെന്നു നിര്‍വ്വചിക്കാം. ജനതയെ നിര്‍വ്വചിക്കുന്ന സാംസ്കാരികപ്രതിഭാസം എന്നും നിര്‍വ്വചിക്കാം.

ഇക്കൂട്ടത്തില്‍, ഭാഷയെ കേവലം ആശയവിനിമയോപാധിയായി കാണുന്ന വീക്ഷണമാണ് ലളിതവും സാമാന്യമായി സ്വീകരിക്കപ്പെട്ടും കാണുന്നതു്. എന്നാല്‍ അതു സാമാന്യമായ സന്ദര്‍ഭങ്ങളിലേ നമുക്കു തുണയാവുകയുള്ളൂ. ഭൂമി നീണ്ടുനിവര്‍ന്നതാണെന്ന സാമാന്യമായ ആശയം മതിയാകും മരാമത്തുപണികള്‍ ചെയ്യാന്‍. ഉപഗ്രഹവിക്ഷേപണത്തിനു് അതു മതിയാകാതെയും പോകും. സാമാന്യമായി മാത്രം ശരിയായ കാര്യങ്ങളെ ആശ്രയിച്ചുകൊണ്ട് സാമാന്യമല്ലാത്ത കാര്യങ്ങള്‍ വിശദീകരിക്കാനോ ആസൂത്രണം ചെയ്യാനോ ആവുകയില്ലെന്നാണു സൂചിപ്പിക്കുന്നതു്. മലയാളസമൂഹത്തെ മുന്‍നിറുത്തുന്ന ആസൂത്രണങ്ങളില്‍ മലയാളഭാഷയെക്കുറിച്ചുള്ള സാമ്പ്രദായികമായ ധാരണകള്‍ മതിയാകില്ലെന്നു സൂചിപ്പിക്കാനാണു് ഇത്രയും പറഞ്ഞതു്. മലയാളികളുടെ വര്‍ത്തമാനഭാഷായാഥാര്‍ത്ഥ്യം മലയാളം എന്ന പദകോശ-മാനകഭാഷാവ്യാകരണവ്യവസ്ഥയെ മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നല്ല. അതു് നിരവധി ഭാഷാഭേദങ്ങളും ശീലുകളും ഭാഷാബോധസ്വരൂപങ്ങളും ഉള്ളടക്കങ്ങളും എല്ലാം ചേര്‍ന്ന ഒന്നാണു്. പലതും ഈ ദേശത്തു തന്നെ ഉറവെടുത്തതാണു്. പലതും പരദേശങ്ങളില്‍ ഉറവെടുത്തതും. പക്ഷേ, ഇന്നിപ്പോള്‍ അവയെ അന്യമെന്നു വ്യവഹരിക്കാനാവാത്ത വിധത്തില്‍ നമ്മുടെ ഭാഷയുടെ അടരുകളും ഗുണങ്ങളുമായി മാറിയിരിക്കുന്നു. ഈ വിപുലമായ ഭാഷായാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ടു് ഭാഷാപരമായ ആസൂത്രണങ്ങളിലലേര്‍പ്പെടാനാവുകയുള്ളൂ. കേരളീയരുടെ ഭാഷാപരമായ ഭാവിയെ ആസൂത്രണം ചെയ്യുന്നതിനുവേണ്ടിയുള്ള മലയാളസര്‍വ്വകലാശാലയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തനിമയുള്ള ദേശീയമായ മാതൃഭാഷയെന്ന നിലയിലുള്ള മലയാളത്തെ സങ്കല്പിച്ചുകൊണ്ടു മുന്നോട്ടുപോകുന്നതു് തികച്ചും അനുചിതമായിരിക്കും. അങ്ങനെയൊരു സര്‍വ്വകലാശാല വേണമെന്നുണ്ടെങ്കില്‍, മലയാളികളുടെ ഭാഷാവ്യവഹാരങ്ങളെയാകെ പ്രതിഫലിപ്പിക്കുന്നതായി വേണം അതിനെ സങ്കല്പിക്കാന്‍. അല്ലെങ്കില്‍, വിഭാഗീയമായ ചിന്തകള്‍ക്കു വിധിച്ചിട്ടുള്ള സങ്കുചിതത്വവും പ്രതിലോമതയും മാത്രം കൈമുതലായ സ്ഥാപനങ്ങളാവും ഉണ്ടായിവരിക.

വ്യത്യസ്ത ജനസമൂഹങ്ങളില്‍ ഉരുവം തിരിഞ്ഞ ഭാഷകള്‍ തമ്മില്‍ ശാബ്ദികചിഹ്നവ്യവസ്ഥ എന്ന നിലയിലുള്ള അടിസ്ഥാനപരമായ സമാനതകള്‍ ഒഴിച്ചാല്‍ പ്രത്യക്ഷതലത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടു്. ചിഹ്നങ്ങളും വ്യാകരണവും വ്യത്യസ്തമായിരിക്കുന്നു. അതിനാല്‍, വ്യത്യസ്ത ഭാഷകളായി അവ പരിഗണിക്കപ്പെടുന്നു. എന്നാല്‍ അത്തരം ഭാഷകള്‍ അഭിമുഖമായി വരുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരത്തില്‍ അതിരു കല്പിക്കുന്നതിനൊക്കെ പരിമിതികളുണ്ട്. ശാബ്ദികചിഹ്നങ്ങള്‍ ഇടകലരുന്നതോടൊപ്പം വ്യത്യസ്ത വ്യവഹാരങ്ങളുടെ ധര്‍മ്മങ്ങളെ ഏറ്റെടുത്തുകൊണ്ടുമൊക്കെ പരസ്പരപൂരകമായി പെരുമാറുകയും ചെയ്യും. അവിടെ ഭാഷ ഒന്നിലധികം ഭാഷകള്‍ സമ്മേളിക്കുന്നു. ആളുകളുടെ ശാബ്ദികചിഹ്നവ്യവഹാരങ്ങളും ചിന്താ-ഭാവനാലോകങ്ങളും വീക്ഷണലോകവുമെല്ലാം ഒരു ഭാഷയുടേത് എന്നു പറയാനാവാത്ത തരത്തില്‍ ഇഴകലരുന്നു. ഭാഷാസാഹചര്യങ്ങളില്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭിന്നമായ ഭാഷകളുണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ പങ്കുചേരുകയും ചെയ്യും. ഭാഷകള്‍ തമ്മിലുള്ള താരതമ്യങ്ങളുളവാക്കുന്ന ബോധരൂപങ്ങള്‍ പോലും സമൂര്‍ത്തമായ അംശങ്ങളായി നിലകൊള്ളുന്നുണ്ടെന്നു പറയാം. ഇതെല്ലാം ഒരു വിപുലമായ ഭാഷയുടെ ഭാഗമായെടുക്കുന്ന സമീപനത്തിലേക്കു് എത്തിച്ചേരുവാനാണ് ആധുനികമായ ഭാഷാദര്‍ശനങ്ങള്‍ നമ്മെ നിര്‍ബന്ധിക്കുന്നതു്. ഭാഷയെ ശാശ്വതമായ സത്തയെന്ന മട്ടില്‍ കാണുന്നതിനു പകരം അതിന്റെ മൗലികപരിണാമസ്വഭാവത്തിലേക്കു കണ്ണോടിച്ചുകൊണ്ടുള്ള ഉദാരവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ ഒരു ഭാഷാവീക്ഷണം കരുപ്പിടിപ്പിക്കാനും ഇതു സഹായിച്ചേക്കും. മറിച്ച്, ജനതകള്‍ക്ക് അതിരു കല്പിക്കുന്ന സ്വത്വനിര്‍ണ്ണയാംശങ്ങളായി ഭാഷയെക്കാണുന്നത് ഭാഷകളുടെ പരിണാമചരിത്രത്തിനു തന്നെ എതിരു നില്ക്കുന്ന വീക്ഷണമാണ്. അത് ആഴത്തില്‍ കൈകോര്‍ക്കുന്നതു് മതമൗലികവാദികള്‍ പങ്കിടുന്ന മട്ടിലുള്ള പ്രമാണവാദത്തോടും സത്താവാദത്തോടുമെല്ലാമാണു്. ഭാഷയെന്ന മതം. മതത്തില്‍ കാറ്റും വെളിച്ചവും കടന്നുകൂടാ എന്ന ചിന്തയില്‍നിന്ന് ഏറെ ദൂരെയൊന്നുമല്ല, പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടന്നുകൂടാ എന്ന ചിന്ത. പുറം അകം എന്ന മട്ടില്‍ രണ്ടു ലോകങ്ങളായി പകുത്തു് അതു തനതായ ഒരു ലോകത്തെ നിര്‍വ്വചിച്ചെടുക്കുന്നു. ഈ വിചാരപരമായ ഇടുക്കവുമായി നല്ല അയല്‍ബന്ധമുണ്ട് ഭാഷയെ സ്വത്വസ്വരൂപവും അധിഷ്ഠാനവുമായി മനസ്സിലാക്കുന്നതിനു്. മലയാളമെന്ന ഇതരനിരാസകമായ പ്രതീകസ്വത്വവ്യവസ്ഥയെ ആധാരമാക്കി സര്‍വ്വകലാശാലയെ സങ്കല്പിക്കുന്നതു് ഭാഷയെന്ന പരിണാമിയായ പ്രതിഭാസത്തിന്റെ സ്വഭാവങ്ങളെത്തന്നെ നിരാകരിക്കുന്നതാണു്.

നിലവിലുള്ള സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കണമെന്നുള്ള ചിന്തയോടുകൂടിയത് എന്ന അര്‍ത്ഥത്തില്‍ മലയാളം സര്‍വ്വകലാശാല എന്ന ആശയത്തെ സൃഷ്ടിപരമെന്നു വിലയിരുത്താവുന്നതാണ്. തനിമയുറ്റ ഒരു മലയാളഭാഷയുണ്ടെന്നും ശുദ്ധമായ ആ മലയാളഭാഷ മലയാളദേശീയതയുടെയും സ്വത്വത്തിന്റെയും പ്രതിനിധാനമാണെന്നും മറ്റുമുള്ള ധാരണകളെ പിന്‍ബലമാക്കുമ്പോള്‍ ഈ വിലയിരുത്തല്‍ മാറ്റിവെക്കേണ്ടി വരുന്നു. ഭാഷയെ ഒരു പ്രതീകവ്യവസ്ഥ എന്ന മട്ടില്‍ മനസ്സിലാക്കുന്നുവെന്നതാണ് അടിസ്ഥാനപരമായ കുഴപ്പം. എന്നാല്‍ ഈ പ്രതീകവ്യവസ്ഥയ്ക്കപ്പുറത്ത് ചിലതുകൂടി കാണുന്നുണ്ട് ന്നതു വാസ്തവം തന്നെ. അതു് കാത്തുസൂക്ഷിക്കേണ്ട ഒരു സ്വത്വമോ പാരമ്പര്യമോ ആയി സങ്കല്പിക്കപ്പെടുന്നതോടെ സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ തുറക്കുന്ന വഴികള്‍ ഉപേക്ഷിച്ച് ഭൂതകാലബന്ധിയായ ചിന്തകളായി അതു രൂപാന്തരപ്പെടുന്നു. സമകാലസ്വത്വരാഷ്ട്രീയത്തിലാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന അടഞ്ഞ പ്രത്യയശാസ്ത്രത്തിലാണു് മലയാളസര്‍വ്വകലാശാലയുടെ അനിവാര്യതയെക്കുറിച്ചുള്ള ചിന്തകള്‍ ചെന്നുനില്ക്കുന്നതു്. സാംസ്കാരികവൈവിധ്യത്തെ തകര്‍ത്തുകളയുന്ന ആഗോളരാഷ്ട്രീയത്തിനെതിരെന്നു ഭാവിക്കുന്ന സ്വത്വബോധചിന്ത സംവാദ സന്നദ്ധത കൈവിട്ട് മൗലികവാദത്തിലേക്ക് എത്തിപ്പെടുന്നു. ഇംഗ്ലീഷ് എന്ന അപരത്തെ എതിരിയായെടുത്തുള്ള ഒരു പരികല്പനയാണ് .

ഇംഗ്ലീഷ് എന്ന ഭാഷയെ നമ്മെ ഗ്രസിക്കാനായി വായും പിളര്‍ത്തിവന്നെത്തിനില്ക്കുന്ന ഭീകരസ്വരൂപിയായി കാണുന്നതില്‍ ഇതുണ്ട്. വാസ്തവത്തില്‍, ഇംഗ്ലീഷ് നമ്മുടെ ഭാഷാവ്യവഹാരത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുള്ളതാണു്. ചരിത്രപരമായ കാരണങ്ങളാല്‍ സംഭവിച്ചതാണിതു്. മാനകഭാഷയെപ്പോലെ ഒരു ഭാഷാഭേദം മാത്രമായി കാണാവുന്ന തരത്തില്‍ അതു നമ്മുടെ സന്നിഹിതസാഹചര്യമായിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല, ഈ അംശം നമ്മുടെ ചിന്തയെയും പഠനത്തെയും സര്‍ഗ്ഗാത്മകമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഒന്നുമാണ്. അതിനെ ഏതെങ്കിലും മുന്‍കരുതലുകളുടെ അടിസ്ഥാനത്തില്‍ അന്യമായി കാണുന്നതില്‍ കാര്യമില്ല. അങ്ങനെ ചെയ്യുന്നത് യാഥാര്‍ത്ഥ്യബോധം പ്രദര്‍ശിപ്പിക്കാത്തതും നിഷേധാത്മകവുമായിരിക്കും. നിലവിലുള്ള ഭാഷാസാഹചര്യത്തില്‍ ഇംഗ്ലീഷ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന മണ്ഡലങ്ങളെ ഉപേക്ഷിച്ച് ഇതരഭാഷാവ്യവഹാരങ്ങളുടെ പരിമിതിയിലേക്കു ഗൃഹാതുരതയോടെ ചുരുങ്ങിക്കൂടുവാന്‍ മാത്രമേ ഈ സമീപനം സഹായിക്കുകയുള്ളൂ. ഭാഷാസേ്‌നഹം പോലുള്ള മധുരമായ ലേബലുകളില്‍ അവതരിപ്പിക്കുമ്പോള്‍ കയ്യടിക്കാന്‍ ആളുകളുണ്ടാവുമെങ്കിലും അതിനു് ഇരകളായിത്തീരാന്‍ ആളെക്കിട്ടാനിടയില്ലെന്നതു വേറെ കാര്യം. പരിമിതികളെ മഹത്വവല്ക്കരിക്കുന്നതില്‍ കാര്യമില്ലെന്നും ഭാഷാസേ്‌നഹമെന്നതു് ജനതയുടെ ഭാഷാപരമായ വികാസത്തിനുതകുന്ന തരത്തിലുള്ള ഭാഷാവീക്ഷണം കരുപ്പിടിപ്പിക്കുന്നതിലാണു് പ്രകടമാകേണ്ടതെന്നും മനസ്സിലാക്കുകയാണു് ആവശ്യം. അപ്പോള്‍ ഇപ്പോഴുള്ള നമ്മുടെ സര്‍വ്വകലാശാലകളെല്ലാം മലയാളസര്‍വ്വകലാശാലകളാണെന്നു തിരിച്ചറിയാന്‍ കഴിയും. അവയെ്ക്കല്ലാം പരിമിതികളുണ്ട്. നമ്മുടെ വൈചാരികവും വൈകാരികവുമായ വികാസത്തിനുതകുന്ന തരത്തില്‍ അവ വളര്‍ന്നിട്ടില്ല. ഭരണകൂടമനസ്കന്മാരുടെ നേതൃത്വത്തിലും കൂട്ടായ്മയിലും നീങ്ങുമ്പോള്‍ അവ ഒരു കാലത്തും നന്നായില്ലെന്നും വരാം. എന്നാലും, അവ നമ്മുടെ പൊതുമണ്ഡലമാണു്. അവിടെ നമ്മുടെ ഭാഷാസാഹചര്യം പ്രതിഫലിതമായിരിക്കുന്നു. നമ്മുടെ പ്രതിഭാദാരിദ്ര്യത്തെ വെളിപ്പെടുത്തുന്ന മട്ടില്‍ അവിടെനിന്നു് അക്കാദമികമായി കൊള്ളാവുന്ന സംവാദങ്ങളോ സംഭാവനകളോ ഉണ്ടാവുന്നില്ല. എന്നാലും സര്‍വ്വകലകളും അവിടെ സംവാദത്തിലാകാനുള്ള സാദ്ധ്യതകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഈ പൊതുമണ്ഡലത്തില്‍നിന്നു് നമ്മുടെ മാതൃഭാഷയുടെ അഭിമാനം സംരക്ഷിക്കാന്‍ സ്വയം ഇറക്കിവിടുന്ന പ്രവൃത്തിയായിരിക്കും മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുന്നതോടെ സംജാതമാവുക. മലയാളം സര്‍വ്വകലാശാല എന്ന പേരില്‍ മലയാളപദകോശവും മാനകഭാഷാവ്യാകരണവും അടിസ്ഥാനമാക്കുന്ന ഭാഷാവ്യവഹാരങ്ങള്‍ മാത്രം അനുവദിക്കുന്ന സര്‍വ്വകലാശാല സ്ഥാപിക്കുന്ന ആ നിമിഷത്തില്‍ നിലവിലുള്ള ഏഴു സര്‍വ്വകലാശാലകള്‍ മലയാളേതര (ഇംഗ്ലീഷ്?) സര്‍വ്വകലാശാലകളായി അംഗീകരിക്കപ്പെടുക കൂടിയാണു ചെയ്യുക എന്ന കാര്യമെങ്കിലും നമ്മുടെ ആസൂത്രകന്മാര്‍ പരിഗണിക്കുമോയെന്നറിയില്ല.

'മര്‍ദ്ദിതരുടെ ഐക്യം' എന്ന മട്ടില്‍ മൂന്നാം ലോകഭാഷകളുടെ ഐക്യം, സംവാദം എന്നൊക്കെയുള്ള സ്വപ്നം ഒട്ടിച്ചുവെക്കാന്‍ എളുപ്പമാണു്. നമ്മുടെ നാട്ടിലെ മതമൌലികവാദികളുടെ പോസ്റ്ററുകളില്‍ കാണുന്ന 'പിന്നോക്ക-കീഴാള ഐക്യം' പോലുള്ള മുദ്രാവാക്യത്തില്‍ കവിഞ്ഞ മൂല്യം അത്തരം സ്വപ്നങ്ങള്‍ക്ക് കൈവരുമോ? ലോകഭാഷകളേതിനോടും സംവാദത്തിലാകുന്നതു നല്ലതുതന്നെ. എന്നാല്‍ അതിന്റെ പേരില്‍ യാഥാര്‍ത്ഥമായ സാന്നിദ്ധ്യത്തെ, അതും നമ്മുടെ വികാസത്തില്‍ വിമോചകമായ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന ഭാഷാസാന്നിദ്ധ്യത്തെ, പാപമായി വിലയിരുത്തുന്നതില്‍ അവിവേകമുണ്ടു്. ഭാഷ അതുപയോഗിക്കുന്ന ജനതയുമായി, അല്ലെങ്കില്‍ അധികാരവുമായി ഇണങ്ങിനില്ക്കുന്നുണ്ടെന്ന വിചാരത്തിന് ഭാഷ വംശീയസവിശേഷതയാണെന്നു ധരിച്ച പഴയ നരവംശശാസ്ത്രഭാഷാവീക്ഷണത്തോടാണു് സാഹോദര്യമുള്ളതു്. മാക്‍സ് മുള്ളറെപ്പോലുള്ള ഭാഷാശാസ്ത്രജ്ഞര്‍ പില്ക്കാലത്തു തിരുത്തിയ ധാരണയാണതു്. ഭാഷ സാമൂഹികമാണു്. അതിനു് അതു് ഉരുവായ സാഹചര്യത്തില്‍നിന്നും സമൂഹത്തില്‍നിന്നും വേറിട്ട അസ്തിത്വമുണ്ടു്. സ്വാച്ഛന്ദ്യമുണ്ടു്. അതുകൊണ്ടാണു് അധിനിവേശകരുടെ ഭാഷയായ ഇംഗ്ലീഷ് ഇന്ത്യക്കു വിമോചനത്തിന്റെ കൂടി ഭാഷയായിത്തീര്‍ന്നതു്. സ്വാതന്ത്ര്യസമരം സാദ്ധ്യമാക്കിയതു് ഇംഗ്ലീഷ് വിജ്ഞാനമായിരുന്നു എന്നോര്‍ക്കുക. അതിനെ എതിരിയായെടുത്തുകൊണ്ടാണു്, എത്രയൊക്കെ മറച്ചുവെച്ചാലും, നാം നവംബറിലെ ദു:ഖവാരത്തില്‍ മലയാളഭാഷയെക്കുറിച്ചുള്ള അഭിമാനചിന്തകളില്‍ ഏര്‍പ്പെട്ടുപോരുന്നതു്. ആ മുണ്ടുടുത്ത ആഴ്ചയില്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ ഇംഗ്ലീഷ് ബോധനമാദ്ധ്യമമായി സ്വീകരിച്ചിരിക്കുന്നതു് നമുക്കു് അഭിമാനക്ഷതമുണ്ടാക്കുന്നു. സ്വത്വനാശത്തെക്കുറിച്ചു നാം ദു:ഖസങ്കീര്‍ത്തമാലപിക്കുന്നു. പിതൃക്കള്‍ക്കു ബലിയും ആരാധനയും സമര്‍പ്പിക്കുന്ന ഈ വേളയില്‍ ഉളവാകുന്ന വികാരവിവശതയില്‍ പിതൃനിരാസത്തില്‍ കുറ്റബോധമുള്ളവരായി മാറുന്നു. വര്‍ത്തമാനം മറക്കുന്നു. ഇത്തരമൊരു ബോധത്തിലാണു് മലയാളത്തില്‍ സകലതും നിര്‍വ്വഹിക്കുന്ന സര്‍വ്വകലാശാലയുണ്ടാവണം എന്ന ചിന്ത ജനിക്കുന്നതു്.

മലയാളഭാഷ ഒരു അടഞ്ഞ തനിമയുടെ പേരിലാണെങ്കില്‍ ആ മലയാളം, മേല്പറഞ്ഞ മട്ടില്‍ വികാരാധീനരാകുന്ന ഇടവേളകളിലൊഴികെ, മലയാളി മറക്കാനും മറയ്ക്കാനും ഇച്ഛിക്കുന്ന ഒന്നാണെന്നു് പറയേണ്ടി വരും. മലയാളഭാഷയുടെ ചരിത്രവും വര്‍ത്തമാനവും കാണിച്ചുതരുന്നതു് അതാണു്. മലയാളം മററു ഭാഷകളുമായി തുറന്ന രീതിയില്‍ സംവാദത്തിലായി സ്വയം പുതുക്കി പരിണമിച്ചു വളര്‍ന്നുവന്ന ഒരു ഭാഷയാണു്. ഏതെങ്കിലും കാലത്തില്‍, ഏതെങ്കിലും ദേശത്തില്‍ ബന്ധിപ്പിച്ചു മനസ്സിലാക്കാനാവാത്തവിധത്തില്‍ അതു `തനിമ'കളെ ഉപേക്ഷിച്ചുകൊണ്ടാണു് വികസിച്ചതു്. വസ്ത്രധാരണരീതികളിലെന്നപോലെ, തീന്‍പണ്ടങ്ങളുടെ നിര്‍മ്മാണത്തിലെന്നപോലെ, അതു പുതുമകളെ പുല്കിക്കൊണ്ടേയിരുന്നു. കൊള്ളാവുന്നതെന്നു തോന്നിയതെല്ലാം അതു സ്വീകരിച്ചുകൊണ്ടേയിരുന്നു. പുതുമകളുടെ മുന്നില്‍ പഴഞ്ചനെന്നു തോന്നിയവ ഉപേക്ഷിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നാം പുത്തന്‍ മാനകഭാഷയെ രൂപീകരിച്ചു. അതിനും പരിമിതികളുള്ളതായി അനുഭവപ്പെട്ട മേഖലകളുമായി പരിചയിക്കുന്നതിനു കാലം സാക്ഷ്യം വഹിച്ചു. അവിടെ നാം ഇതര ഭാഷകളെ നമ്മുടെ ഭാഷാവ്യവഹാരങ്ങളുടെ ഭാഗമാക്കിത്തീര്‍ത്തു. അവ ചരിത്രപരമായി ആര്‍ജ്ജിച്ച ഗുണസവിശേഷതകളോടെ അനുഭവിക്കാന്‍ നാം സന്നദ്ധമാവുകയായിരുന്നു. അങ്ങനെ നിരവധി അടരുകളും രുചിഭേദങ്ങളുമുള്ള ഭാഷകളുടെ സമവായമായിത്തീര്‍ന്നു നമ്മുടെ ഭാഷാലോകം. മനോലോകം.

നാം നമ്മുടെ ഇന്ദ്രിയങ്ങള്‍ തുറന്നുകൊടുക്കുകയായിരുന്നു. അന്യഭാഷയുടെ സംഗീതത്തിനു ചെവികൊടുക്കുന്നതിലൊക്കെ ഈ തുറന്ന മനസ്സു പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദുസ്ഥാനിയല്ല, നമ്മുടെ നാടന്‍ പാട്ടാണു കേമം എന്നു വിധിച്ചില്ല നാം. നാടന്‍പാട്ടിനു നാടന്‍പാട്ടിന്റെ ഭംഗി, ഗസലിനു ഗസലിന്റെ ഭംഗി ! അതൊക്കെ വകവെച്ചുകൊടുക്കാന്‍ നമ്മുടെ പൈതൃകാഭിമാനം തടസ്സമാകുന്നില്ല. ഉറുദുവിനുള്ളത് ഉറുദുവിനുണ്ടു്, തമിഴിനുള്ളതു് തമിഴിനുണ്ടു്, സംസ്കൃതത്തിനുള്ളത് സംസ്കൃതത്തിനുണ്ട്. അവയൊക്കെ ആ ഭാഷകളില്‍ത്തന്നെ ആസ്വദിക്കാന്‍ നാം തയ്യാറായി. ആവുംമട്ടില്‍ നമ്മുടെ ഭാഷയില്‍ സമന്വയിക്കാനും നാം ശ്രമിച്ചു. ഇതാണ് മലയാളിയുടെ രീതി. ഇങ്ങനെ വൈവിദ്ധ്യപൂര്‍ണ്ണമായ ഒരു തുറന്ന സംസ്കാരത്തിന്റെ പേരാണ് മലയാളം എന്നതു്. ഭാഷയെ അടുത്തു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും ഫലമായുണ്ടായ മലയാളിയുടെ ഭാഷ, പരസ്പരം ഇടമനുവദിച്ചുകൊണ്ടു നിലനില്ക്കുന്ന അനവധി ധാരകളുള്ള ഒരു സങ്കീര്‍ണ്ണതയുടെ പേരാണു് എന്നു മനസ്സിലാവും. പല നാടുകളില്‍നിന്നുവന്ന കപ്പളവും പേരയും പറങ്കിയും ചീനിയും റബ്ബറും ഒക്കെയുള്ള നമ്മുടെ സസ്യലോകം പോലെയാണതു്. ചിലതെല്ലാം രൂപാന്തരപ്പെട്ടിരിക്കാം. ചിലതെല്ലാം തനിമ കൈവിടാതെ നിലനില്ക്കുന്നുണ്ടാകാം. എന്നാല്‍ അവയെല്ലാം ചേര്‍ന്നതാണു നമ്മുടെ സസ്യലോകം.

ഭാഷയുടെ വൈവിദ്ധ്യത്തെ വിശദീകരിക്കാനായി പരിസ്ഥിതിചിന്തയുടെ ഉള്‍ക്കാഴ്ചകള്‍ സ്വീകരിച്ചുകൊണ്ട് കാടിനോടു സാദൃശ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ടു്. പല തരം ജന്തുജാതികളും സസ്യജാതികളും സമ്മേളിക്കുന്നതാണു് കാടു്. ഭാഷയിലെ വൈവിദ്ധ്യം ഈ മട്ടിലാണ്. മാനകഭാഷയും പ്രാദേശികഭാഷാഭേദങ്ങളും സാമൂഹികഭാഷാഭേദങ്ങളും വ്യത്യസ്തവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഭാഷാഭേദങ്ങളും സന്ദര്‍ഭഭാഷാഭേദങ്ങളും എല്ലാം ഏതൊരു ഭാഷയിലുമുണ്ടു്. ഒരു സമൂഹജീവിയെന്ന നിലയില്‍ മനുഷ്യന്‍ ഇത്തരം പല ഭാഷകളെയും പല ലെവലില്‍ സ്വായത്തമാക്കുന്നുണ്ടു്. അയാളുടെ മനസ്സു് അനവധി ഭാഷകളുടെ സംഗമസ്ഥലമാണു്. മലയാളിയുടെ ഭാഷയും അഥവാ മനസ്സും ഏതാണ്ടിങ്ങനെയാണു്. തനിമയുള്ള മലയാളം എന്ന പരികല്പനതന്നെ അവിടെ അപ്രസക്തമാകുന്നു. ഭാഷാസ്വത്വമെന്നൊക്കെപ്പറഞ്ഞാല്‍ ഏതു കാലത്തെ, ഏതു ദേശത്തെ ഏതു സമുദായത്തിന്റെ ഏതു തലമുറയുടെ ഭാഷ എന്നൊക്കെ ചോദ്യവും പൊങ്ങിവരും.

വൈവിധ്യപൂര്‍ണ്ണമാണു് ഭാഷ. അതിലെ വിഭിന്ന ധാരകള്‍ക്കു് വ്യത്യസ്തമായ ധര്‍മ്മങ്ങളാണു നിറവേറ്റാനാവുക. അതു പരിഗണിക്കുമ്പോള്‍ തനിമാവാദങ്ങള്‍ക്കൊന്നും അടുക്കാന്‍ പറ്റാത്ത ഒന്നാണ് ഭാഷയെന്ന പ്രതിഭാസം എന്നു മനസ്സിലാകും. എന്നാല്‍ ചരിത്രത്തില്‍ ഭാഷയെ ആധാരമാക്കി തനിമാസങ്കല്പവും മൗലികവാദപരമായ സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ടെന്നതു വേറെ കാര്യം. രാഷ്ട്രവ്യവഹാരമാണ് അവിടെയുള്ളതു്. അത്തരം ഛായാഗ്രഹിണികളില്‍നിന്നു മുക്തമായി ചിന്തിച്ചാല്‍ മലയാളിയുടെ ഇച്ഛകളുടെ, ആഹ്ലാദങ്ങളുടെ, വിനിമയങ്ങളുടെ, വ്യവഹാരങ്ങളുടെ ആകത്തുകയായി മലയാളത്തെ കാണുന്ന ഒരു വീക്ഷണത്തിനു് സാദ്ധ്യതയുണ്ട്. മലയാളഭാഷയുടെ (മലയാളസംസ്കാരത്തിന്റെ) വൈവിദ്ധ്യത്തെ മനസ്സിലാക്കുന്ന സമീപനമായിരിക്കും അതു്. വാമൊഴിയും വരമൊഴിയും സംസ്കൃതവും ഇംഗ്ലീഷുമെല്ലാം അതിന്റെ ഭാഗം തന്നെ. അവയിലേതെങ്കിലും അംശത്തെ അന്യമെന്നു കാണാനാവില്ല. എല്ലാവര്‍ക്കും മനസ്സിലാകുന്നില്ലല്ലോ എന്നു ചോദിക്കാം. മാനകഭാഷ എല്ലാവര്‍ക്കും അറിവുള്ളതല്ല, വാമൊഴിഭാദങ്ങള്‍ എല്ലാവര്‍ക്കും പൂര്‍ണ്ണമായി അറിയുകയില്ല എന്നെല്ലാം മനസ്സിലാക്കുമ്പോള്‍ ഈ വാദത്തില്‍ കാര്യമില്ലെന്നു കാണാം. കാവ്യഭാഷ എല്ലാവര്‍ക്കും അഴിഞ്ഞുകിട്ടുന്നില്ലെന്നുവെച്ച് ഉണ്ണായിവാര്യരെയോ കുമാരനാശാനെ മലയാളകവിയല്ലെന്നു് ആരെങ്കിലും പറയുമോ എന്നും ആലോചിക്കുക.

മലയാളിയുടെ ജീവിതത്തില്‍ ചെലുത്തുന്ന പ്രഭാവം പരിഗണിക്കുമ്പോള്‍ ഇംഗ്ലീഷിനെ അന്യമായി കാണുന്നതില്‍ കാര്യമില്ലെന്നു സൂചിപ്പിക്കാനാണു് ഇത്രയും പറഞ്ഞത്. ഏറിയും കുറഞ്ഞും ഇംഗ്ലീഷ് നമ്മുടെ വാചികവ്യവഹാരത്തില്‍ ഭാഗഭാക്കായിരിക്കുന്നു. അതിനെ അപരമായി കാണുന്ന മാതൃഭാഷാവാദം യാഥാര്‍ത്ഥ്യത്തെ വിലക്കുകയാണു് ചെയ്യുന്നത്. പുറമെനിന്നു വന്നു എന്നതുകൊണ്ടു് നമ്മുടേതല്ലാതാകുന്നില്ല. മലയാളിക്കു സ്വന്തമെന്നു പറയാവുന്ന സാംസ്കാരികാംശങ്ങളില്‍ പലതും പുറത്തുനിന്നുവന്നവയാണു് എന്നോര്‍ക്കുക. നമ്മുടെ മിത്തുകളുടെ ലോകത്തെക്കുറിച്ച് ചിന്തിച്ചാലറിയാം ഇതു്. കേരളത്തെ മുഴുവന്‍ പ്രതിനിധീകരിക്കാവുന്ന എത്ര പ്രാദേശികമായ മിത്തുകളുണ്ട് നമുക്ക്? ഇവിടെ ഇന്നു പരിചയിച്ചുവരുന്ന മിത്തുകളില്‍ മിക്കതും പഴയ നാടുകളുടെ അതിരുകളില്‍ വന്നു നിലയ്ക്കുന്നതാണു്. പുരാണങ്ങളും ഇതിഹാസങ്ങളും സമ്മാനിച്ച മിത്തുകളാണ് നമ്മുടെ പൊതുവായ മിത്തുകള്‍. കേരളോല്പത്തിക്കഥയും മഹാബലിക്കഥയും പോലും ഇക്കൂട്ടത്തില്‍ വരുന്നു. തമിഴര്‍ക്കു ചിലപ്പതികാരമിത്തെന്ന പോലെ വൈകാരികതയുണര്‍ത്തുന്ന മിത്തുകള്‍ നമ്മുടെ നാട്ടില്‍നിന്നുളവായി നമ്മുടെ ബോധത്തിന്റെ ഭാഗമായിട്ടില്ല. ഒരുപക്ഷേ, തനിമാവാദപരമായ ഒരു അടഞ്ഞ ചിന്തയില്‍നിന്നു് നമ്മെ രക്ഷിച്ചുനിര്‍ത്തുന്നതിനു് ഈ യാഥാര്‍ത്ഥ്യം കാരണമാകുന്നുണ്ടാകാം. മലയും കടലും കടന്നുവന്ന വിശ്വാസങ്ങള്‍, തത്വചിന്തകള്‍, മതങ്ങള്‍, ഭാഷകള്‍.. മനുഷ്യര്‍ ഇവിടെ സഹജീവിതം നടത്തുന്നു. ഇതില്‍ ഏതെങ്കിലുമൊന്നു് നമ്മുടെ തനിമയായി കണക്കാക്കാതെ, ഇതെല്ലാമുണ്ടു് എന്ന മട്ടില്‍ അയഞ്ഞ സ്വത്വബോധത്തോടെ കഴിഞ്ഞുപോരുന്നു. സംവാദവും സമന്വയവും ആണ് അതിന്റെ മുഖമുദ്ര. ഇതില്‍ ഏതെങ്കിലും ഒന്നിനെ, അതു ഭാഷ തന്നെയാകട്ടെ, അതിനെ തനിമയുടെ നിര്‍ണ്ണായകമായെടുത്തു ചിന്തിക്കുന്നതില്‍ കഴമ്പില്ല.

ഇന്നത്തെ നിലയില്‍ തനിമലയാളം സ്വയം ഒരു സര്‍വ്വകലാശാലയല്ല എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. സങ്കുചിതാര്‍ത്ഥത്തിലുള്ള തനിമലയാളത്തില്‍ ചില `കലക'ളില്ല. ശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ കലകളെക്കുറിച്ചാണു പറയുന്നത്. ആധുനികമായ വിദ്യാഭ്യാസത്തിന് അടിത്തറതീര്‍ക്കുന്ന ഈ കലകളുടെ അഭാവമാണ് നമ്മുടെ തനിമലയാളം പോരാത്തതും കൊള്ളരുതാത്തതുമാണെന്ന ബോധം ഉല്പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതു്. മലയാളമെന്ന പ്രതീകവ്യവസ്ഥയെ, അതിന്റെ മാനകരൂപത്തെ ശാസ്ത്രം പോലുള്ള കലകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കണമെങ്കില്‍ അതില്‍ ശാസ്ത്രവും മറ്റും കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകണം. ഒരു പുതിയ ഭാഷാനവോത്ഥാനമുണ്ടാകണം. അതിനു മുന്‍ കൈയെടുക്കേണ്ടത് ശാസ്ത്രം കൈകാര്യം ചെയ്യുന്നവരും തത്വചിന്ത കൈകാര്യം ചെയ്യുന്നവരുമൊക്കെയാണ്. സാഹിത്യവിദ്യാര്‍ത്ഥികളും ഭാഷാവിദ്യാര്‍ത്ഥികളും ശാസ്ത്രം കൈകാര്യം ചെയ്യുന്ന അവസ്ഥ പ്രതീക്ഷിക്കാവുന്നതല്ല. സാമൂഹികശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും രംഗത്തുനിന്നു വരുന്ന സര്‍ഗ്ഗധനരായ ആളുകള്‍ ഭാഷയില്‍ ശാസ്ത്രഭാഷനിര്‍മ്മിക്കണം. അതിനുവേണ്ടി പുതിയൊരു ശൈലി കണ്ടെത്തുകയാണ് ആവശ്യം. അവര്‍ ഭാഷയില്‍ വിചാരങ്ങള്‍ പ്രകാശിപ്പിക്കുവാന്‍ തുടങ്ങുമ്പോഴാകും അതിനു തുടക്കമാവുക.

ഭാഷയ്ക്കു സ്മാരകമായി സര്‍വ്വകലാശാലയുണ്ടാക്കുന്നതിനു പകരം ഭാഷയെ സര്‍വ്വകലാശാലയാക്കുന്നതിനുതകുന്ന നടപടിയെക്കുറിച്ചാണു പറയുന്നത്. അതിനുള്ള കരുത്തും കമ്മിറ്റ്‌മെന്‍റും ഉള്ള ശാസ്ത്രഎഴുത്തച്ഛന്മാരുണ്ടോ നമ്മുടെ നാട്ടില്‍ എന്നതാണു ചോദ്യം. സര്‍ഗ്ഗധനരായ ശാസ്ത്രജ്ഞന്മാര്‍ ഇവിടെ ജനിക്കാത്തതിന് വ്യക്തികള്‍ എന്ന നിലയില്‍ ശാസ്ത്രസമൂഹത്തിലെ അംഗങ്ങള്‍ കുറ്റക്കാരാണെന്ന വിധിയോടെയല്ല ഇതു പറയുന്നത്. നമ്മുടെ ചരിത്രത്തിന്റെ, പാരമ്പര്യത്തിന്റെ ദാരിദ്ര്യത്തിലും കാലൂന്നിനിന്നാണു് അവരും ഇടപെടുന്നതു്. അവര്‍ ഇംഗ്ലീഷ് എന്ന ശാസ്ത്രഭാഷയില്‍ ശാസ്ത്രചിന്തയുടെ ചന്ദ്രയാനം നടത്തുന്നുണ്ടെങ്കില്‍ അതു തന്നെ സന്തോഷകരമാണു്. അവര്‍ ആക്ഷേപിക്കപ്പെട്ടുകൂട. എന്നാല്‍ സര്‍വ്വകലാശാലാശാസ്ത്രജ്ഞന്മാരോടു് വിനീതമായി, നിങ്ങള്‍ ഊഴിയില്‍ച്ചെറിയവര്‍ക്കറിയുമാറു് ചിലത് ഉര ചെയ്യണമെന്നു ഉദ്‌ബോധിപ്പിച്ചാല്‍ തെറ്റാവുകയില്ലെന്നു തോന്നുന്നു. അങ്ങനെ നമ്മുടെ തനിമലയാളമെന്ന പ്രതീതിയുളവാക്കുന്ന ഒരുശാസ്ത്രഭാഷാഭേദം ഉണ്ടായിവന്നാല്‍ നല്ലതുതന്നെ. അതിനപ്പുറം അതുണ്ടാക്കണം എന്നു കല്പിക്കുന്നതുകൊണ്ടു കാര്യം നടക്കുമെന്നു തോന്നുന്നില്ല.

ശാസ്ത്രഭാഷാഭേദം ഉണ്ടാകാത്ത സ്ഥിതിക്ക് നമ്മുടെ ശാസ്ത്രഭാഷാശൈലിയായി ഇംഗ്ലീഷ് എന്ന പ്രതീകവ്യവസ്ഥയെ മലയാളികള്‍ സ്വന്തമാക്കുന്നതിനെ പോസിറ്റീവായി കാണുവാനുള്ള വിനയമോ ഉദാരതയോ ഏതാണു വേണ്ടതെന്നുവെച്ചാല്‍ അതുണ്ടാവണം നമുക്കു്. അതിനുതകുന്ന ഒരു ഇംഗ്ലീഷ് പഠനരീതി നമുക്കുണ്ടെന്നതിനെയും പോസിറ്റീവായി കാണാന്‍ കഴിയണം. മലയാളമനസ്സു് ഇത്തരമൊരു സ്വീകാരത്തിനു സജ്ജമായിട്ടുണ്ടെന്ന വാസ്തവത്തെ കണക്കിലെടുത്താല്‍ ഇതില്‍ അനാവശ്യമായ പ്രയാസങ്ങള്‍ കൊണ്ടുനടക്കേണ്ടതില്ലെന്നു മനസ്സിലാകുകയും ചെയ്യും. ഇതു് ശുദ്ധഉപകരണവാദമെന്നോ പ്രയോജനവാദമെന്നോ ഒക്കെ ആക്ഷേപിക്കപ്പെടാം. മാനസികമായ അടിമത്തം എന്നു വിവരിക്കാനും എളുപ്പമാണു്. എന്നാല്‍, മലയാളിയുടെ വര്‍ത്തമാനസ്വത്വം ഈ മട്ടില്‍ ഇംഗ്ലീഷിനെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നതും മോഹിക്കുന്നതും കൂടിയാണെന്നു കാണുമ്പോള്‍ ഇതു് നമ്മുടെ തനിമയുടെ അംശമാണെന്നു വ്യക്തമാകും. ആ കാഴ്ചപ്പാടില്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ അതിന്റെ പരാധീനതകളോടുകൂടിത്തന്നെ മലയാളസര്‍വ്വകലാശാലകളാണ്. അവയെ മലയാളവിരുദ്ധമായ സ്ഥാപനങ്ങളായെണ്ണി കൃത്രിമമായി മലയാളൈകസര്‍വ്വകലാശാലയുണ്ടാക്കിയാല്‍ അത് ആളുകളുടെ അവജ്ഞയുടെ ഇടമായിരിക്കും ഉണ്ടായി വരിക. നോക്കുകുത്തിയാവാനാവും അതിന്റെ വിധി. സ്വത്വശാക്തീകരണം ലക്ഷ്യമാക്കി മലയാളമാത്രസര്‍വ്വകലാശാല ഉണ്ടാക്കിയാല്‍ അവിടെ സംവാദമുണ്ടാകില്ല. ചലനവും. അതിനെ സര്‍വ്വകലാശാല എന്നതിനേക്കാള്‍ മ്യൂസിയം എന്നു വിശേഷിപ്പിക്കുന്നതാകും നന്നാവുക. എന്തു മനോഹരമായിരിക്കുന്നു നമ്മുടെ മോഹനമലയാളം എന്നു സ്വയം ആസ്വദിച്ചും ആശ്വസിച്ചും നമുക്കു കഴിയാന്‍ ഒരിടം അതു നല്കിയേക്കാം. ശങ്കരപീഠത്തില്‍ തപസ്സു ചെയ്യുന്ന ആളെ കാണാനെത്തുന്ന സഞ്ചാരികളെപ്പോലെ ചിലര്‍ നമ്മെക്കാണാനും എത്താതിരിക്കില്ല.

മൂന്നാം ലോകനാടുകളുടെ സാഹിത്യവുമായി സംവാദത്തിലാകുന്ന ഒരു ഇടമായുള്ള സ്വപ്‌നം ഹരം കൊള്ളിക്കുന്നതുതന്നെ. (ഈ ആസിയാന്‍ കരാര്‍ വന്‍കിട സാഹിത്യശിങ്കങ്ങളെ മിക്കവാറും വിറപ്പിച്ചേക്കും.) പക്ഷേ, നമ്മുടെ സര്‍വ്വകലാശാലകളിലുള്ള റഷ്യന്‍ പഠനവകുപ്പു പോലുള്ള ഭാഷാവകുപ്പുകള്‍ എത്ര ഇഫക്റ്റീവായി നമ്മുടെ സംസ്കാരവുമായി സംവാദം നടത്തുന്നുണ്ടെന്ന് ആലോചിക്കുകയും ചെയ്യാം. റഷ്യന്‍ സംസ്കാരവുമായി നമുക്കുള്ള ബന്ധം ഉറപ്പിക്കുന്നതില്‍ പ്രോഗ്രസ് പബ്ലിഷേഴ്‌സ് പ്രഭാത് ബുക്കുഹൗസുമായിച്ചേര്‍ന്നു നടത്തിയ സംഭാവനകളെയും ഓര്‍ക്കൂ. അല്ലെങ്കില്‍, നമ്മുടെ മഹാത്മാക്കളായ വിവര്‍ത്തകന്മാരെ ഓര്‍ക്കൂ. സര്‍വ്വകലാശാലാവിഭാഗങ്ങളോ സര്‍ക്കാര്‍ വകുപ്പുകളോ അല്ല, ജ്ഞാനത്തോടും അനുഭൂതികളോടുമുള്ള ഒടുങ്ങാത്ത ദാഹത്തോടെ പ്രവര്‍ത്തിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് നമ്മുടെ ഭാഷയെ ആധുനിരീകരിച്ചുകൊണ്ടിരുന്നത് എന്ന കാര്യമാണു് സൂചിപ്പിക്കുന്നതു്. സര്‍വ്വകലാശാലാപണ്ഡിതന്മാര്‍ ലോകസേവനാര്‍ത്ഥം വിക്ഷേപിക്കുന്ന കരിക്കുലവും പാഠപുസ്തകങ്ങളും മികവുറ്റ സംഭാവനകളായിരിക്കാം. പക്ഷേ, അവിടെനിന്നല്ല, സര്‍ഗ്ഗാത്മകമായ ചലനങ്ങള്‍ ഭാഷയുടെ കാര്യത്തിലെങ്കിലും സംഭവിച്ചുകാണുന്നതു്. സാംസ്കാരികസംവാദങ്ങള്‍ക്കു മുന്നണിയായിനിന്ന പ്രതിഭാശാലികളായിരുന്നു ഭാഷയില്‍ നവോത്ഥാനം തീര്‍ത്തതു്. ചരിത്രത്തില്‍ അതിനേ തെളിവുകളുള്ളൂ. പഠനവകുപ്പുകളുണ്ടായതുകൊണ്ടോസര്‍വ്വകലാശാലയുണ്ടായതുകൊണ്ടോ ഇത്തരം നവോത്ഥാനം ഉണ്ടാവുകയില്ല. അതിശക്തമായ സാംസ്കാരികസംവാദപ്രക്രിയ നടക്കേണ്ടതുണ്ടു്. അതിന്റെ ഭാഗമായിനിന്നുകൊണ്ടാണു് പ്രതിഭാശാലികളുടെ രൂപീകരണം നടക്കുന്നതു്. മലയാളത്തിന്റെ ആധുനികദശയില്‍ സാഹിത്യത്തിന്റെയും വാമൊഴിയുടെയും മേഖലകളിലേ സംവാദമുണ്ടായുള്ളൂ; നവോത്ഥാനവും. ശാസ്ത്രത്തിന്റെയും ചിന്തയുടെയും മേഖലയില്‍ അതു സംഭവിക്കാത്തതിനാലാണു് ആ മേഖലയില്‍ ഈ ഭാഷ ആധുനികപൂര്‍വ്വതനിമയായി പിന്നില്‍ നില്ക്കുന്നത്. ഈ പരിമിതഭാഷയില്‍ ഒതുങ്ങിക്കൂടിയാല്‍ മതി എന്നു സങ്കല്പിക്കുകയാണ് സര്‍വ്വകലാശാലാവാദത്തിന്റെ വക്താക്കള്‍ ഫലത്തില്‍ ചെയ്യുന്നത്. `പാവം മലയാളി'ക്ക് ഒരു സര്‍വ്വകലാശാല.

വെണ്ണപ്പാളി മലയാളികളുടെ സൃഷ്ടിയാണ് ഈ തനിമലയാളസര്‍വ്വകലാശാലാവാദമെന്നു സംശയിക്കാനുള്ള ന്യായങ്ങളും കാണുന്നുണ്ടു്. പാര്‍ശ്വല്ക്കരിക്കപ്പെട്ടവരുടെ ഭാഷാരീതികളെ വാമൊഴിവഴക്കം പോലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ആദരിക്കുന്നതായി ഭാവിച്ചുകൊണ്ട് അവരുടെ തനിമാവാദചിന്തകള്‍ക്ക് പിന്തുണ നല്കുന്ന ഒരു രീതി ഇവിടെ പ്രബലമായുണ്ടു്. യൂഫെമിസ്റ്റിക് ആയ ഒരു പ്രയോഗം. കാവ്യഭാഷയില്‍ `കുലീനമായ കള്ളം'. തെണ്ടുവാനായി ചിരട്ട നല്കി തെണ്ടിയാക്കിത്തീര്‍ക്കുന്ന പരിപാടിയാണു് ഈ ബഹുമതി ചാര്‍ത്തല്‍. ഇതു കല്പിച്ചുകൊടുക്കുന്നവര്‍ അവരുടെ പ്രബന്ധത്തിലൊന്നും ആ `പാവം പിടിച്ച' ഭാഷാരീതി ഉപയോഗിക്കുകയില്ല എന്നതുതന്നെ അതിന്റെ കൗശലം വ്യക്തമാക്കുന്നുണ്ടു്. പാര്‍ശ്വല്കൃതനാകട്ടെ അതു് സര്‍വ്വാത്മനാ സ്വീകരിച്ച് തന്റെ പീഡിതാവസ്ഥയുടെ അലങ്കാരമായെടുത്ത് നെറ്റിയിലണിഞ്ഞ് പരിഹാസ്യമായ നിലയെ സ്വയം വരി.ക്കണം. ഇതേ മട്ടില്‍ തനിമലയാളത്തിന്റെ ഭംഗികളെക്കുറിച്ചും അതിന്റെ മുലപ്പാല്‍ മധുരത്തെക്കുറിച്ചും പറഞ്ഞ് നാട്ടുമലയാളിയെ അതിന്റെ പരിമിതികളില്‍ ഉഴലാന്‍ വിടുന്ന പരിപാടിയാണു് തനിമലയാളവാദികള്‍ ചെയ്യുന്നതു്. വെണ്ണപ്പാളിക്കാരോ, മധുരമലയാളം കേട്ടു ചിരിക്കും. എന്നിട്ട്, തങ്ങളുടെ വഴി സ്വീകരിക്കുന്നു. അവര്‍ അക്കാദമികതലത്തില്‍ മാത്രമല്ല ജീവിതത്തിലും മലയാളരക്ഷകമനസ്സു കൊണ്ടു ചിന്തിക്കുകയും ഭൗതികസാഹചര്യങ്ങളുള്ളവരാകയാല്‍, ഉച്ചാരണത്തില്‍പ്പോലും യൂറോപ്പ്യന്‍ നിലവാരത്തിലുള്ള ഇംഗ്ലീഷ് സ്വായത്തമാക്കി ശാസ്ത്രീയസംഗീതവും മോഹിനിയാട്ടവുംഓക്‌സ്‌ഫോര്‍ഡ് ആക്‌സന്‍റുമായി വെണ്ണപ്പാളിയായി തുടരുകയും ചെയ്യും. അവരുടെ കോളാമ്പിപിടുത്തസ്ഥാനത്ത് ആളുകളെ ഉറപ്പുവരുത്താനാകും മലയാളസര്‍വ്വകലാശാല സഹായിക്കുക. കീഴാളതയില്‍നിന്നു വിമോചനമാഗ്രഹിക്കുന്ന കീഴാളജനവിഭാഗങ്ങള്‍ ഈ കെണിയില്‍ വീഴാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലൂടെ, മാനകമെന്നു സമൂഹം മൊത്തത്തില്‍ പങ്കിടുന്ന ഭാഷാരീതികളില്‍, അതു് മാനകമലയാളമെങ്കില്‍ മാനകമലയാളം, ഇംഗ്ലീഷ് എങ്കില്‍ ഇംഗ്ലീഷ് ആര്‍ജ്ജിച്ചുകൊണ്ടേ അവര്‍ക്കു് ആധുനികമായ സ്വത്വബോധത്തിലേക്കു സ്വയം വിമോചിപ്പിക്കാനും കീഴാളനുകത്തില്‍നിന്നു രക്ഷപ്പെടാനും സാധിക്കുകയുള്ളൂ. ആധുനികവിദ്യാഭ്യാസം മലയാളമെന്ന പ്രതീകവ്യവസ്ഥയിലൂടെ സാദ്ധ്യമല്ലാത്ത സാഹചര്യത്തില്‍ അതിനെ കെട്ടിപ്പുണര്‍ന്നിരിക്കുന്നതില്‍ കഴമ്പില്ലെന്നു മനസ്സിലാക്കാന്‍ അവര്‍ക്കു കഴിയട്ടെ. ഈ പരിമിതികളുള്ള അവസ്ഥയെ മറികടക്കാന്‍ സര്‍വ്വകലാശാലപോലുള്ള സ്ഥാപനങ്ങള്‍ക്കു കഴിയുകയില്ല എന്ന തിരിച്ചറിവും ഗ്രാമജീവികളായ നൊണ്‍വെണ്ണപ്പാളിജനവിഭാഗങ്ങള്‍ക്കുണ്ടാവട്ടെ. ആധുനികവിദ്യാഭ്യാസത്തിലൂടെ മാത്രമേ സമത്വം അനുഭവിക്കാനുള്ള വഴിതുറക്കൂ എന്നു് ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചു കാഞ്ച ഇലയ്യ പറയുകയുണ്ടായി. ഉന്നതമായ വിദ്യകൊണ്ടേ ശക്തരാവുകയുള്ളൂ. അതു തടസ്സപ്പെടുത്താന്‍ വരുന്ന ഭൂതകൗശലങ്ങളില്‍നിന്നു് ഒഴിഞ്ഞുമാറണം.

ഇതൊന്നും മലയാളത്തിനെതിരായ വാദങ്ങളല്ല. മലയാളമനസ്സ് മലയാളത്തിനനുവദിച്ചിരിക്കുന്ന ഇടം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണു്. മലയാളമനസ്സ്, 20ാം നൂറ്റാണ്ടോടെ നിലവില്‍വന്ന മലയാളത്തിന് അനുവദിച്ചിരിക്കുന്ന ഇടം വൈകാരികവിനിമയത്തിന്റെയും സാമാന്യമായ വൈചാരികവിനിമയത്തിന്റേതുമാണു്. ആഘോഷത്തിന്റെയും സംവാദത്തിന്റെയും ഇടം കൂടിയാണു് അതു്. അതിനപ്പുറത്തു് അക്കാദമികമായ വിചാരങ്ങളുടെയും ശാസ്ത്രീയചിന്തയുടെയും ഉപാധിയായി വെച്ചിട്ടുള്ളത് ഇംഗ്ലീഷില്‍നിന്നും സ്വീകരിച്ച ഒരു വറൈറ്റിയെയാണു്. ചരിത്രസാഹചര്യങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടതാണു് ഇതു്. പള്ളിക്കൂടവും കോളേജും സര്‍വ്വകലാശാലയും പുസ്തകവും എഴുത്തും എല്ലാം ചേര്‍ന്ന അക്കാദമിക് പഠനസമ്പ്രദായം തന്നെ വാസ്തവത്തില്‍ ഇംഗ്ലീഷാണു്. ബഹുജനങ്ങള്‍ക്കു പ്രാപ്യമായ അക്കാദമികപഠനം എന്ന കലാശാലാവ്യവഹാരമാകട്ടെ, ശാസ്ത്രപഠനമാകട്ടെ ഇതൊന്നും തനിമലയാളത്തിന്റെ മൗലികമായ ഭാഗമേയല്ല എന്നു പറയേണ്ടിവരും -- തനിമലാളവാദവും മലയാളസ്വത്വബോധവാദവുമൊക്കെ മുന്നോട്ടുവെയ്ക്കുമ്പോള്‍. അതുകൊണ്ടൊക്കെയാണു് നമ്മെ സംബന്ധിച്ചിടത്തോളം അന്യമായ ശാസ്ത്രവ്യവഹാരത്തിനു് ഇംഗ്ലീഷിനെ സ്വീകരിക്കേണ്ടിവന്നതു്. ഇതില്‍ ലജ്ജിക്കേണ്ടതായിട്ടെന്തെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. മനുഷ്യന്റെ പൊതുവായ പൈതൃകത്തെ സ്വീകരിക്കുന്നതില്‍ മോശമായിട്ടൊന്നുമില്ല.

മലയാളം എന്നു നാം പറയുന്ന പ്രതീകവ്യവസ്ഥയില്‍ത്തന്നെ എല്ലാകാര്യങ്ങളും ചെയ്യണമെന്നു ശഠിക്കുന്നതില്‍ അപാകതയുണ്ടെന്നു മനസ്സിലാക്കാന്‍ ഈ ഭാഷയുടെ ആന്തരികധാരകളിലേക്കു ക്ഷമയോടെ കണ്ണയച്ചാല്‍ മാത്രം മതിയാകും. മാനകമലയാളത്തില്‍ മരണത്തെക്കുറിച്ചു ദര്‍ശനമനോഹരമായി സംസാരിപ്പിച്ചുകൊണ്ടു് മമ്മൂട്ടിയെ പഴശ്ശിരാജാവാക്കാന്‍ കഴിയും. നമ്മുടെ മധുരമനോഹര വാമൊഴിവഴക്കങ്ങള്‍കൊണ്ട് അതിനു കഴിയുമോ? ഇല്ലതന്നെ. മാനകഭാഷയില്‍ നിങ്ങള്‍ക്കു മലയാളനേവലെഴുതാനാകുമോ? വിവരണങ്ങളാകും. പക്ഷേ, കഥാപാത്രങ്ങളെക്കൊണ്ടു സംസാരിപ്പിക്കാന്‍ കഴിയില്ല. ഈ മട്ടില്‍ നമ്മുടെ മാനകമലയാളത്തിനു തന്നെ പരിമിതികളുണ്ടു്. ആത്മീയകാര്യങ്ങള്‍ സംസാരിക്കാന്‍ പോലും പര്യാപ്തമായിരുന്നില്ല പഴയ മലയാളം. അതുണ്ടാക്കിയതു് മുഖ്യമായും സംസ്കൃതസമ്പന്നമായ മലയാളത്തിലൂടെ, സംവാദത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ ഇതിഹാസങ്ങളിലേക്കു സഞ്ചരിച്ച കവികളായിരുന്നു. കവി എഴുത്തച്ഛന്‍ ഭാഷാപിതാവായതു് അങ്ങനെയാണു്. നാടന്‍താരാട്ടുപാട്ടിന്റെ അടിപ്പടവു മാത്രമായിരുന്ന ഒരു ഈണത്തെ മഹാകാവ്യനിര്‍മ്മിതിക്കുതകുന്നതെന്നു തെളിയിച്ച ചെറുശ്ശേരിയും ഹാസ്യം പോലുള്ള രസഭാവങ്ങളെ പ്രകാശിപ്പിക്കാന്‍ ഭാഷയെ പഠിപ്പിച്ച നമ്പ്യാരും ഒക്കെ ആ വഴിയില്‍ സഞ്ചരിച്ചു. അങ്ങനെ വികസിച്ചുവന്ന മലയാളം കാവ്യഭാഷയായി, ആഖ്യാനഭാഷയായി. പിന്നീടെന്തു സംഭവിച്ചു? ആധുനികശാസ്ത്രവുമായുണ്ടായ അഭിമുഖീകരണത്തില്‍ നമ്മുടെ പ്രതിഭ എവിടെപ്പോയി? ഈ പതനത്തില്‍ നമുക്കു പുതിയൊരു ഭാഷാഭേദം ഉണ്ടായിവന്നില്ല. ശാസ്ത്രം കൈകാര്യം ചെയ്യാന്‍ ഉതകുന്ന മലയാളഭാഷ ഉണ്ടായിവന്നില്ല. പല സ്ഥാപനങ്ങളും ഉണ്ടായി. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സാഹിത്യ അക്കാദമിയും. അവാര്‍ഡുകൊടുക്കാനൊക്കെ കഴിയുന്നുണ്ട്. അതിനപ്പുറത്തു് ഭാഷയ്ക്കായി എന്തുനേടി ഈ സ്ഥാപനങ്ങളിലൂടെ എന്നു ചിന്തിക്കാനെങ്കിലും സര്‍വ്വകലാശാലാവാദക്കാര്‍ തയ്യാറാവേണ്ടതുണ്ട്. നാഷണല്‍ ബുക്‌സ്‌സ്റ്റാളും കറന്‍റു ബുക്‌സുമായി താരതമ്യം ചെയ്താല്‍പ്പോലും നമ്മുടെ ഭാഷാശ്രിതവ്യവഹാരങ്ങളില്‍ തുച്ഛമായ നേട്ടങ്ങളേ അവയ്ക്ക് അവകാശപ്പെടാന്‍ കഴിയൂ.

മലയാളസര്‍വ്വകലാശാലയ്ക്കുള്ള ന്യായമായി പണ്ഡിതരായ ആളുകള്‍ പറയുന്ന ഒരു കാര്യം തമിഴിനു സര്‍വ്വകലാശാലയുണ്ട്, തെലുങ്കിനുണ്ട് എന്നൊക്കെയാണ്. നാം അവരെ മാതൃകയാക്കണമെന്നു പറയുന്നതില്‍ത്തന്നെ നമ്മുടെ ആവശ്യങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ മുദ്രകളല്ലേയുള്ളത് ? അയല്‍വാസിയുടെ ഒനിഡാ ടിവിയെ നാമെന്തിനു ഭയക്കണം? അവര്‍ക്ക് അവരുടെ വഴി. നമുക്കു നമ്മുടേതും. നീ നിന്റെ വിളക്കാവുക എന്നു ബുദ്ധവചനം. തമിഴരും തെലുങ്കരും മലയാളത്തെ മാതൃകയാക്കാത്തതെന്ത് എന്നു തിരിച്ചു ചോദിക്കാത്തതെന്തുകൊണ്ടാണ്? നമ്മുടെ കവിത തമിഴിനെക്കണ്ടു മെലിയണം എന്നു് ഉദ്‌ബോധിപ്പിച്ച ജയമോഹന്‍ എന്ന എഴുത്തുകാരന്‍ മലയാളകവിതയെ മെലിയിക്കുന്നതു നാം കാണുന്നുണ്ടു്. (കുറ്റാലത്തുപോയിക്കുളിച്ചാല്‍ മാത്രം പുതുകവിയാകുമെങ്കില്‍ നല്ലതുതന്നെ.) ചാരു നിവേദിതയും ഏതാണ്ടിതുതന്നെ പറയുന്നു. മലയാളി എഴുത്തുകാരെല്ലാം തമിഴിനെ വെച്ചുനോക്കിയാല്‍ വെറും പഴഞ്ചരെന്നു്. ഈ മട്ടിലുള്ള താരതമ്യങ്ങള്‍ നമ്മുടെ ആവശ്യങ്ങളെ നിര്‍ദ്ധാരണം ചെയ്യുവാന്‍ സഹായിക്കുമെന്നു തോന്നുന്നില്ല.

യൂറോപ്പ്യന്‍ നാടുകളിളൊന്നും ഭാഷാസര്‍വ്വകലാശാലകളുള്ളതായി കാണുന്നില്ല. എന്നാല്‍, അവരുടെ സര്‍വ്വകലാശാലകളെല്ലാം അവരുടെ ഭാഷാസര്‍വ്വകലാശാലകളാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ടു്. മുമ്പു സൂചിപ്പിച്ചതുപോലെ, നമ്മുടെ സാഹചര്യങ്ങളെ കണക്കിലെടുത്തുള്ള ഒരു വീക്ഷണം സ്വീകരിക്കുമ്പോള്‍ നമ്മുടെ സര്‍വ്വകലാശാലകളും നമ്മുടെ ഭാഷാലോകത്തെ, മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ നമ്മുടെ ഭാഷാസര്‍വ്വകലാശാലകള്‍തന്നെയാണ് എന്നു പറയാം. നമ്മുടെ ഭാഷയെന്നു പറയാവുന്നതു് അക്കാദമിക് രജിസ്റ്റര്‍ എന്ന നിലയില്‍ ഇംഗ്ലീഷും ഭാഗമായിട്ടുള്ള ഭാഷാലോകത്തെയാണ് എന്നു കാണുമ്പോഴേ ഇതുള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. അതിനെ തിരസ്കരിക്കുവാനുള്ള ശ്രമം മലയാളസര്‍വ്വകലാശാലാവാദത്തിലുണ്ടു്. അത് പഴമയാകുന്ന തനിമയിലേക്കു കുട്ടികളെ കെണിവെച്ചുപിടിക്കുകയാവും ചെയ്യുക. ജാഗ്രതൈ.

Subscribe Tharjani |