തര്‍ജ്ജനി

മുഖമൊഴി

തെറ്റു പറ്റുന്ന ചോദ്യകര്‍ത്താക്കള്‍

ചോദ്യങ്ങള്‍ തിരുത്തി ഉത്തരം നല്കുക എന്ന രീതി അനുവര്‍ത്തിച്ചിരുന്ന ചോദ്യോത്തരപംക്തി പണ്ട് മലയാളത്തിലെ ഒരു വാരികയിലുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളാണ് ചോദ്യങ്ങളായി ഉന്നയിക്കപ്പെട്ടിരുന്നത്. പാര്‍ട്ടിയുടെ നയസമീപനങ്ങളിലെ പരസ്പരവിരുദ്ധതയെക്കുറിച്ച് അസ്വസ്ഥരാവുന്ന സന്ദേഹികളായ വിശ്വാസികളായിരുന്നു ചോദ്യകര്‍ത്താക്കള്‍. അവരുടെ ചോദ്യത്തെ അഴിച്ച് വിശദീകരിക്കുന്നതിനിടയില്‍ അതുമായി ബന്ധിപ്പിക്കേണ്ടതാണെന്ന സൂചനയോടെ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം മറ്റൊരു തരത്തിലാണ് വേണ്ടതെന്നും ചോദ്യകര്‍ത്താവിന് തെറ്റു പറ്റിയെന്നും പറയും. അതിനു ശേഷം പുതുതായി ഉണ്ടാക്കിയ ചോദ്യത്തിനു് ഉത്തരം പറയുകയായിരുന്നു രീതി. ഇങ്ങനെ തെറ്റു പറ്റുന്ന നിരവധി ചോദ്യകര്‍ത്താക്കള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അവയെ്ക്കല്ലാം പതിവുപോലെ അപ്രമാദിത്വമുള്ള പാര്‍ട്ടി നേതാവു് ഉത്തരം നല്കിയിരുന്നു. വിശ്വാസികള്‍ക്ക് എല്ലാ കാലത്തും അവരെ നേരെ നയിക്കാന്‍ അപ്രമാദിത്വമുള്ള നേതാക്കള്‍ ആവശ്യമാണ്. ഗുരു, ആത്മീയാചാര്യന്മാര്‍ എന്നിവരെല്ലാം എല്ലാ കാലത്തും അനുയായിവൃന്ദത്തിന്റെ ഈ ആവശ്യം നിറവേറ്റിക്കൊണ്ടിരുന്നു.

ചോദ്യങ്ങള്‍ ചോദിക്കുകയും അവയ്ക്കു് ഉത്തരം പറയുകയും ചെയ്യുക വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണു് - പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുകയും അവ വേണ്ട രീതിയില്‍ പഠിച്ചുവോ എന്നു് പരിശോധിക്കുവാന്‍ പരീക്ഷ നടത്തുകയും ചെയ്യുക. ശരിയുത്തരമെഴുതുന്നവര്‍ വിജയിക്കുകയും ഉത്തരം അറിയാത്തവര്‍ പരാജയപ്പെടുകയും ചെയ്യുക എന്നതാണ് പരീക്ഷയുടെ രീതി. പക്ഷെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ ഇത്തരം പഴഞ്ചന്‍ രീതികള്‍ മാറ്റി മറിക്കുകയും വിപ്ലവാത്മകമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ എസ്. എസ്. എല്‍. സി പരീക്ഷാവിജയത്തിന്റെ ശതമാനക്കണക്കു് ഭരണനേട്ടമായി കാണുന്ന വിധത്തില്‍ പരിഷ്കാരം പുരോഗമിച്ചിട്ടുണ്ട്. എന്തെഴുതിയാലും പരീക്ഷ ജയിക്കും. തോല്ക്കണമെങ്കില്‍ പ്രയാസമാണു്. എസ്. എസ്. എല്‍. സി പരീക്ഷ തോല്ക്കാനായി ഒരു വിദ്യാര്‍ത്ഥി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അന്യസംസ്ഥാനത്തു് പോയി പരീക്ഷയെഴുതി എന്നത് കഥയല്ല, വാസ്തവം തന്നെയാണു്. എന്തെഴുതിയാലും ശരിയുത്തരമാകുന്ന അവസ്ഥയാണു് കേരളത്തില്‍ നിലവിലുള്ളതു്. ഒരു ചോദ്യത്തിനു് എന്തും ശരിയുത്തരമാകുന്ന അവസ്ഥ ശരിയായ മൂല്യനിര്‍ണ്ണയത്തില്‍ അസംഭാവ്യമാണു്. അതിനാല്‍ ഏന്തും ശരിയുത്തരമാകുന്ന ചോദ്യങ്ങള്‍ വാസ്തവത്തില്‍ ശരിയായ ചോദ്യങ്ങളായിരിക്കുകയില്ല. വ്യക്തമായ ഉത്തരം സാദ്ധ്യമാവാത്ത ചോദ്യങ്ങള്‍ അസംബന്ധഭാഷണം ആവശ്യപ്പെടുന്നുവെന്നു് പറഞ്ഞാലും അതിശയോക്തിയില്ല.

ചോദ്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പഠനവിഷയത്തിലും പഠനരീതിയിലും പഠനപ്രവര്‍ത്തനത്തിലും പരിഷ്കരണം സംഭവിച്ചു കഴിഞ്ഞിട്ടുണ്ടു്. പണ്ടു് കവിത പഠിപ്പിക്കുകയായിരുന്നു രീതി. ഇപ്പോള്‍ അതിനു പകരം കവിത എഴുതുകയാണു് രീതി. കവിതെന്തെന്നു് അറിയാത്ത വിദ്യാര്‍ത്ഥികള്‍ എഴുതിയതെല്ലാം കവിതയാണെന്നു് അംഗീകരിച്ചു്, സാഹിത്യാവബോധം ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനമാണിതു്. പോസ്റ്റര്‍ തയ്യാറാക്കുക, പത്രാധിപര്‍ക്കു് കത്തെഴുതുക, റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നിങ്ങനെ പലതരം പഠനപ്രവര്‍ത്തനങ്ങള്‍. പ്രകടനം നടത്തുക, സമരം ചെയ്യുക എന്നിങ്ങനെയുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. അവ പാഠ്യേതരപ്രവര്‍ത്തനമായി ആഘോഷിക്കുവാന്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ ഉണ്ടു്. ആ നിലയ്ക്കും ഒരു ജനാധിപത്യരാഷ്ട്രീയസംവിധാനത്തില്‍ പ്രബുദ്ധപൗരനാകാനുള്ള സമഗ്രപദ്ധതിയാണു് ഇവിടെ വിദ്യാഭ്യാസരംഗത്തു് നടപ്പില്‍ വരുത്തിയിരിക്കുന്നതെന്നു് പറയാം. ഇത്തരം പരിഷ്കരണങ്ങള്‍ക്കു് മുമ്പുള്ള കാലത്തെ വിദ്യാഭ്യാസത്തിന്റെ ഏതൊക്കെ പ്രശ്നങ്ങളാണു് ഇവിടെ പരിഹരിക്കപ്പെട്ടിട്ടുള്ളതെന്ന് പരിശോധിച്ചു നോക്കേണ്ടതാണു്. ഗുണപരമായി എന്തു മെച്ചമാണു് ഇതിന്റെ ഫലമായി ഉണ്ടായതെന്നു് വിലയിരുത്തുകയും വേണം.

ഇത്തരം പരിഷ്കരണങ്ങള്‍ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കപ്പെടുന്നില്ല എന്ന കൗതുകകരമായ വസ്തുതയുണ്ടു്. ഇതൊക്കെ പാവപ്പെട്ടവന്റെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലും എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളിലുമാണു്. ഇവയ്ക്കു പുറമെ ഇവിടെ സി ബി. എസ്. ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുണ്ടു്, സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുമുണ്ടു്. സര്‍ക്കാരിന്റെ പരിഷ്കാരാഭിവാഞ്ഛ മുറുകുന്നതിനനുസരിച്ചു് രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്വാശ്രയത്തില്‍ ചേര്‍ക്കുകയാണു്. വല്ലതും പഠിച്ച് കുട്ടികള്‍ നാളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തി നേടണമെങ്കില്‍ പോസ്റ്ററെഴുതിയും പത്രാധിപര്‍ക്കു് കത്തെഴുതിയും കവിതാഭാസം ചമച്ചും കാലം കഴിച്ചാല്‍ നടക്കില്ലെന്നറിയുന്ന, സ്വാശ്രയത്തിന്റെ ചെലവ് വഹിക്കാന്‍ പ്രാപ്തിയുള്ള രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ അങ്ങനെ രക്ഷാമാര്‍ഗ്ഗം തേടുന്നു. അല്ലാത്തവരുടെ കുട്ടികള്‍ മതമില്ലാത്ത ജീവന്റെ കേമത്തം എങ്ങനെ ആത്മവഞ്ചനാപരമായി കൊണ്ടുനടക്കാം എന്നു് പരിശീലിപ്പിക്കപ്പെടുന്നു. അവര്‍ക്ക് ഗാന്ധിജിയെക്കുറിച്ചുള്ള പാഠത്തില്‍ തവളയുടെ ചിത്രവും അച്ചടിച്ചു നല്കാം. ഒരു പക്ഷെ, ഇതാവാം അല്പബുദ്ധികളുടെ വിദ്യാഭ്യാസവിപ്ലവം.

ഇത്തവണ സ്കൂള്‍ പരീക്ഷയില്‍ മേഴ്‌സി രവിയെക്കുറിച്ചു വന്ന ചോദ്യം വമ്പിച്ച വിവാദത്തിനു് വഴിയൊരുക്കിയപ്പോള്‍ വിദ്യാഭ്യാസമന്ത്രിക്കു് ക്ഷമാപണം ചെയ്യേണ്ടി വന്നു. അന്തരിച്ച ഒരു വനിതാനേതാവിനെ അപകീര്‍ത്തികരമായ വിധത്തില്‍ പരാമര്‍ശിക്കുന്ന ചോദ്യം തയ്യാറാക്കുന്ന ചോദ്യകര്‍ത്താവിന്റെ സംസ്കാരം പരിതാപകരമാണു്. ഈ ചോദ്യകര്‍ത്താവു് അദ്ധ്യാപകസംഘടനയുടെ പ്രതിനിധിയായി നിയുക്തനായ വ്യക്തിയാണു്. അദ്ധ്യാപകരുടെ സംഘടന സേവന-വേതനകാര്യങ്ങള്‍ മുഖ്യകാര്യപരിപാടിയായി രാഷ്ട്രീയപാര്‍ട്ടി വിധേയത്വത്തോടെ പ്രവര്‍ത്തിക്കുന്നവയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണു്. അക്കാദമികമായ കാര്യങ്ങള്‍ അവരുടെ കര്‍മ്മപരിപാടികളില്‍ യാതൊരു പ്രാധാന്യവുമില്ലാത്തതാണു്. അതിനാല്‍ അത്തരം സംഘടനകളില്‍ നിന്നും നിയോഗിക്കപ്പെടുന്നവര്‍ അവരുടെ ജീര്‍ണ്ണമായ രാഷ്ട്രീയസംസ്കാരത്തെ പ്രകടമാക്കുന്ന വിധത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നതില്‍ അതിശയിക്കാനില്ല. വാസ്തവത്തില്‍ ഇവിടെ സംഭവിച്ചതും അതു തന്നെയാണു്. വിദ്യാഭ്യാസം അക്കാദമികമല്ലാതാക്കുന്നതിനല്ലാതെ ഇത്തരം പ്രവര്‍ത്തനം കൊണ്ടു് ഒരു മെച്ചവും ഉണ്ടാകാനില്ല. ഗാന്ധിജിയുടെ ചിത്രത്തിനു പകരം തവളയുടെ ചിത്രം വെക്കുന്നതും, ഗൗരവമുള്ളതാണെന്നു് കണക്കാക്കപ്പെടുന്നതെല്ലാം പാഠ്യപദ്ധതിക്കു് പുറത്ത് തള്ളപ്പെടുന്നതും എല്ലാം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ.

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം ലക്ഷ്യമാക്കുന്നതാണു് മേല്പറഞ്ഞ പരിഷ്കാരങ്ങള്‍ എന്നു വാദിച്ചു കേട്ടിട്ടുണ്ടു്. വലിയവാക്കുകള്‍ പറഞ്ഞു് നിഷ്കളങ്കരായ ആളുകളെ അന്ധാളിപ്പിക്കുവാനുള്ള അത്തരം ശ്രമങ്ങള്‍ സഹതാപജനകമാണു്. മേഴ്‌സി രവിയെക്കുറിച്ചുള്ള ചോദ്യത്തില്‍ കുട്ടികളോട് ഒരു നിശ്ചിതപ്രവര്‍ത്തനം നടത്താന്‍ ആവശ്യപ്പെടുകയാണു് ചോദ്യകര്‍ത്താവു് ചെയ്യുന്നതു്. ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞതു പോലെ തെറ്റു പറ്റുന്ന ചോദ്യകര്‍ത്താവാണു് അദ്ദേഹം. അദ്ദേഹത്തിന്റെ ചോദ്യത്തെ അഴിച്ചുകെട്ടുവാനും അതിനോടൊപ്പം ചേര്‍ക്കാവുന്ന കാര്യങ്ങള്‍ ചേര്‍ത്തുവെക്കാനും ഉത്തരം എഴുതുന്നവര്‍ക്കു് സാദ്ധ്യമാണോ ? ഉദാഹരണമായി വി.പി.സിംഗിന്റെ മരണവാര്‍ത്ത ദേശീയമാദ്ധ്യമങ്ങള്‍ പോലും ചെറുവാര്‍ത്തയായി കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യം, ഇ. എം. എസിന്റേയും നായനാരുടേയും ചരമങ്ങള്‍ മാദ്ധ്യമങ്ങള്‍, ഏറ്റവും ചുരുങ്ങിയത് അവരുടെ പാര്‍ട്ടി ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങള്‍, കൈകാര്യം ചെയ്ത രീതി എന്നിങ്ങനെയുള്ള വസ്തുതകള്‍ ! അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യകര്‍ത്താവിനു് തെറ്റു പറ്റിയെന്നു് എഴുതിയാല്‍ ഉത്തരം ശരിയാകുമോ ? ശരിയാവാനിടയില്ല. കാരണം, ഈ ചോദ്യത്തിന് പ്രകടമായ ഉദ്ദേശ്യം ഉണ്ടു്. ഉത്തരം എഴുതുന്ന വിദ്യാര്‍ത്ഥി പാര്‍ട്ടിരാഷ്ട്രീയത്താല്‍ ആന്ധ്യം ബാധിച്ച പ്രമത്തനായ ചോദ്യകര്‍ത്താവിന്റെ ഇംഗിതത്തിനു് വിധേയനായേ മതിയാകൂ. വാര്‍ത്താപ്രാധാന്യം ആപേക്ഷികമാണു് എന്നറിയാത്ത ചോദ്യകര്‍ത്താവിനു് തെറ്റുപറ്റിയിരിക്കുന്നുവെന്ന് പറയാനാകാത്ത, നിസ്സഹായരായ, പ്രതിരോധമില്ലാത്ത പാവം കുട്ടികളെ അധികാരവും ബലവും ഉപയോഗിച്ചു് തന്റെ ഇംഗിതത്തിനു് വിധേയനാക്കാന്‍ ശ്രമിക്കുന്ന ചോദ്യകത്താവിനെതിരെ ബാലപീഢനക്കുറ്റം ചുമത്താവുന്നതല്ലേ. തവളയുടെ ചിത്രം വെച്ചവരെ ശിക്ഷിച്ച നിലയ്ക്കു് ഇക്കാര്യത്തിലും ശിക്ഷ വേണ്ടേ?

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2009-11-11 15:44.

"മതമില്ലാത്ത ജീവന്റെ കേമത്തം എങ്ങനെ ആത്മവഞ്ചനാപരമായി കൊണ്ടുനടക്കാം എന്നു് പരിശീലിപ്പിക്കപ്പെടുന്നു"

ithum kuude aayapole poornamayullu... ati gambheeram!!