തര്‍ജ്ജനി

ബാലകൃഷ്ണന്‍ മൊകേരി

ഹരിത,
നിടുമ്പ്രം,
പോസ്റ്റ്‌ ചൊക്ലി-670672,
തലശ്ശേരി, കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

നളിനി

മരവിപ്പിന്‍ മഞ്ഞുമലയില്‍നിന്ന്
ദിവാകരനിറങ്ങിവരുമ്പോള്‍,
ഓര്‍മ്മകള്‍തന്‍ കാട്ടു‍ചോലയില്‍
മുങ്ങി നിവരുന്നൂ‍ നളിനി.

ആത്മാവിന്‍ ദ്വിത്വസന്ധിയില്‍
വറ്റുന്നൂ‍ വിറവാക്കുകള്‍
തകിടം മറികയാണല്ലോ
ജീവിത വ്യാകരണം !
ക്ലാസില്‍ കരിക്കുലത്തിന്റെ
മേഘവര്‍ഷം തിമര്‍ക്കവേ,
ചിറകുള്ള വാക്കുകള്‍ വീശി
പറന്നുയരുകയാണാശാന്‍ !

( അശ്വതി കൂട്ടു‍കാരിക്കായ്‌
എഴുത്തൊന്നു‍ കൊടുത്തുവോ?
പിടിച്ചെടുക്കെ,ക്കാണുന്നൂ‍:
'തുറമാങ്ങ*പ്പൊതിയുണ്ടെടോ,
പുളി* തന്നാല്‍ തരാം'
കൊതി കോറി വരച്ചതായ്‌ !
ഊണിന്‍ മണി മുഴങ്ങീടാ-
നേറെ നേരമിരിക്കവേ,
ചിരി തൂകിയിരിക്കുന്നൂ‍
കൊടുത്തോള്‍, വാങ്ങി വച്ചവള്‍! )

മുറിക്കുള്ളിലുപാദ്ധ്യായന്‍
പദക്ഷൗരം തുടരവേ,
നളിനിയില്‍ പൂത്ത പത്മങ്ങള്‍
വാടി വീണു നശിക്കയായ്‌!
ആശാനും പിന്നെയാശാനും,
സ്നേഹഗായക സൂത്രവും
തലതല്ലിച്ചത്തുപോയത്രേ,
കൗമാരത്തിന്റെ പാറയില്‍ !
........................
*തുറമാങ്ങ-മാങ്ങയുടെ രണ്ടു വശവും ചെത്തി മാറ്റി ഉപ്പും മുളകും മറ്റും ചേര്‍ത്ത്‌ സംസ്കരിച്ച്‌ ഉണക്കിയെടുക്കുന്ന വിഭവം
*പുളി - പുളിങ്ങ തന്നെ. സംസ്കരിച്ച പുളിങ്ങ.

Subscribe Tharjani |
Submitted by കുഴൂര്‍ വിത്സണ്‍ (not verified) on Mon, 2009-11-09 08:21.

ഹായ് . ഒരു കവിത കൂടി വായിച്ചു

Submitted by bkmokeri (not verified) on Tue, 2010-01-12 13:51.

നന്ദിയുണ്ട് വിത്സണ്‍, നല്ല അഭിപ്രായത്തിന്.