തര്‍ജ്ജനി

ജോഷി ജോസഫ്

Visit Home Page ...

ലേഖനം

ഗുരോ, നെയ്യും വനസ്പതിയും സിനിമയും സീരിയലും നീയും ഞാനും തമ്മിലെന്ത്‌? -2

കഴിഞ്ഞ ലക്കത്തിലെ ലേഖനത്തിന്റെ തുടര്‍ച്ച
ചിത്രകാരനായ നന്ദലാല്‍ ബോസിനോട്‌ ഒരിക്കല്‍ ഗാന്ധിജി ചോദിച്ചു "ഖജുരാഹോ ശില്പങ്ങളെ പറ്റി നിങ്ങള്‍ എന്ത്‌ വിചാരിക്കുന്നു‍?"
നന്ദലാല്‍ ബോസ്‌ മറുപടി പറഞ്ഞു.
"അവ എന്നി‍ല്‍ ഉണര്‍ത്തു ഓര്‍മ്മകള്‍ എന്റെ അഛനമ്മമാരുടേതാണ്‌."
ഗാന്ധിജിയും ഓര്‍മ്മകളിലേക്ക്‌ മടങ്ങി.

അവളുടെ പൂച്ചകള്‍ എല്ലാം ചക്കി പൂച്ചകളാണ്‌. കണ്ടന്‍ പൂച്ചകള്‍ വളരുവാന്‍ അവള്‍ അനുവദിക്കുകയില്ല. ആ പുരയിടത്തിനു നാലുചുറ്റും ആ പൂച്ചകള്‍ 'മ്യാവൂ, മ്യാവൂ' എന്ന്‌ അതിഭയങ്കരമായി വിളിച്ച്‌ കൊണ്ട്‌ രാത്രിയില്‍ നടക്കാറുണ്ട്‌. കാമുകി ശബ്ദം ഉണ്ടാക്കാതെ വീട്ടി‍ല്‍നിന്നും പുറത്തിറങ്ങി ആ രഹസ്യസമാഗമം സാധിക്കും. ഇണചേരുന്നത്‌ അവള്‍ക്ക്‌ കണ്ടുകൂടാ.
വാതില്‍ക്കല്‍ അയാള്‍ മുട്ടി‍വിളിച്ചു. ഒരു മറുപടിയും ഉണ്ടായില്ല. വീണ്ടും വിളിച്ചു. അങ്ങനെ വളരെ സമയം കഴിഞ്ഞപ്പോള്‍ അകത്ത്‌ നിന്ന്‌ ഒരു ചോദ്യമുണ്ടായി.
"ആരാത്‌?"
"ഞാന്‍ കേശവന്‍. കതകൊന്ന് തുറന്നേ." കുറച്ചുനേരം നിശ്ശബ്ദത കളിയാടി.
"എന്താ തുറക്കാത്തെ?" അയാള്‍ ചോദിച്ചു.
"ഇല്ല"
"പകലെ പറഞ്ഞതോ?"
അവള്‍ ഒന്നും മറുപടി പറഞ്ഞില്ല. അയാള്‍ വളരെ അപേക്ഷിച്ചു. പരാതി പറഞ്ഞു.
"ഞാന്‍ ഈ നാല്പത്തിയേഴു വയസ്സുവരെ കഴിഞ്ഞു. ഇനി ഇനിക്ക്‌ വേണ്ട".
ഒരു മൂങ്ങ പുറത്ത്‌ മൂളി. അത്‌ സ്ത്രീകള്‍ ഗര്‍ഭം ധരിക്കാനാണെന്ന്‌ അമ്മൂമ്മ പറഞ്ഞ്‌ അവള്‍ കേട്ടിട്ടു‍ണ്ട്‌. അവളില്‍ ചില സ്മരണകള്‍ ഉണര്‍ന്നു‍.
ഒരു പതിനാറു വയസ്സുള്ള പെണ്‍കുട്ടി‍യേപ്പോലെ അതെന്താണെന്നറിയാനുള്ള കൌതുകം അവളില്‍ വളര്‍ന്നു‍. പുരുഷനെ സ്ത്രീ ആരാധിക്കുന്നതെന്ത്‌? സ്ത്രീ പുരുഷന്റെ അടിമയാകുന്നതെന്ത്‌? വേണ്ട, പുരുഷനുമായി ഒരു ബന്ധവും വേണ്ട. വംശത്തിന്റെ നിലനില്പിന്‌ പ്രകൃതി അവളില്‍ ദൌര്‍ബല്യങ്ങള്‍ കലര്‍ത്തിയിരുന്നു‍. അവള്‍ക്ക്‌ വയസ്സ്‌ നാല്പത്തിയേഴായി. അവള്‍ ഈ ലോകത്തില്‍ വന്നു എന്നതിന്‌ എന്ത്‌ ലക്ഷ്യമുണ്ട്‌? ഒരു കുടുംബം, ഒരു വംശം അവളില്‍നിന്ന് ആരംഭിച്ചു എന്ന്‌. പക്ഷേ അവള്‍ക്ക്‌ അതിന്‌ സാധിച്ചില്ല.
വീണ്ടും കേശവന്‍ നായര്‍ വിളിച്ചു. അതെന്താണ്‌?
അവള്‍ കതക്‌ തുറന്നു.

സിരാചക്രത്തില്‍ ഇളകിയ ആ തരുതരുപ്പിന്റെ പ്രത്യാഘാതം അത്യുഗ്രമായിരുന്നു‍. അതു വേണ്ടിയിരുന്നു‍! അവളുടെ മുഖം വക്രിച്ചു. അപ്പോഴും അവള്‍ തന്നെത്തന്നെ‍ വെറുത്തു, എന്തെല്ലാം ഗോഷ്ടികള്‍....
ആ ആദ്യരാത്രിയില്‍ ഒരു കുളിയുടെ ആവശ്യകത അവള്‍ക്ക്‌ തോന്നി‍. അങ്ങനെ ആ നിത്യകന്യകയുടെ ആദ്യരാത്രിയും കഴിഞ്ഞു കൂടി. അടുത്ത ദിവസവും അയാള്‍ കതകില്‍ ചെന്ന്‌ മുട്ടി‍.
"വേണ്ട വേണ്ട". അവള്‍ പറഞ്ഞു. ആ വൃത്തികേട്‌...ഒരു പുരുഷനു വേണ്ടി പിന്നീ‍ട്‌ ആ വാതില്‍ തുറന്നിട്ടി‍ല്ല. അതെന്തെന്ന്‌ അവള്‍ അറിഞ്ഞു കഴിഞ്ഞു. പുരുഷന്റെ കൈവശമുള്ളതും ചിരകാലമായി അവള്‍ കാത്തിരുന്നതുമായ ആ മഹാശക്തി.
പക്ഷേ, പ്രകൃതി അതിക്രൂരയാണ്‌. അവള്‍ ആ പൂച്ചക്കഞ്ഞുങ്ങളെ മുക്കിക്കൊന്നപ്പോഴും ആ വിദ്വേഷം വളര്‍ന്ന് വന്നപ്പോഴും ഒരു കൊച്ചു കുഞ്ഞിന്റെ സ്പര്‍ശത്തിനു കൊതിച്ചു. ആ ആദ്യരാത്രി കഴിഞ്ഞ്‌ പത്തുമാസം അവള്‍ കാത്തിരുന്നു‍. ഇങ്ങനെ ഒന്ന്‌ കുറെ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ആയിരുന്നെങ്കില്‍....
ആ പ്രഭാതത്തില്‍ അവള്‍ക്ക്‌ ചുറ്റും അവളുടെ പൂച്ചകള്‍ വട്ടമിട്ട്‌ കരഞ്ഞുകൊണ്ടിരുന്നു‍.
(തകഴിയുടെ 'നിത്യകന്യക' എന്ന കഥയില്‍ നിന്ന്‌)

* * * * *

ഞാന്‍ ലോകത്തുള്ള സകല എഴുത്തുകാരെയും ചിന്തകരെയും ഇടംവലം നിര്‍ത്തി മുന്നേറുന്ന ഒരുതരം നാടന്‍ വിറ ഏത്‌ നേരവും പിടികൂടിയേക്കാം എന്നത്‌ കൊണ്ട്‌ തന്നെയൊണ്‌. ഇതച്ചടിച്ച്‌ വന്നാല്‍പിന്നെ‍ ഗോവയിലോ തിരുവനന്തപുരത്തോ കൊല്‍ക്കത്തയിലോ മുഖാമുഖം കാണേണ്ടിവരുന്ന അവസ്ഥ എന്നെ‍ വീണ്ടും പഴയ ഫിയറ്റ്‌ കാറിലെ പിന്‍സീറ്റുകാരനാക്കുന്നു‍.
എങ്കിലും എഴുതാതെ തരമില്ല.

'കഥാപുരുഷനില്‍' അസിസ്റ്റന്റ്‌ എന്ന് ക്രഡിറ്റ്കാര്‍ഡില്‍ പേരുണ്ടെങ്കിലും ശരിക്കും ചെയ്തുകൊണ്ടിരുന്ന പണി എന്നെ‍ അടൂരിലെ നാട്ടു‍കാരുടെ ശത്രുവാക്കിതീര്‍ത്തു. ഷൂട്ടിംഗ് കാണാന്‍വന്നിരുന്ന കാരണവന്മാരില്‍ പലരും അടൂരിനെ ഒക്കത്തെടുത്തുവെച്ച്‌ നടന്നിട്ടുള്ളവരായിരുന്നു‍. ഷൂട്ടിംഗ്‌ നടക്കുമ്പോള്‍ അവരെ ഫീല്‍ഡ്‌ ഔട്ടാ‍ക്കാന്‍ അടൂര്‍, (മങ്കട രവിവര്‍മ്മസാറിന്റെ ശുപാര്‍ശയി ലാകണം) എന്നെയാണ്‌ നിയോഗിച്ചിട്ടു‍ള്ളത്‌. മൌട്ടത്ത്‌ തറവാട്ടി‍ല്‍ വന്നിരുന്ന ഈ അമരന്മാരേയും അടൂരിനേയും ഒരുമിച്ച്‌ നിര്‍ത്തി റസാഖ്‌ കോട്ടക്കല്‍ ഒരു ഫോട്ടോ‍യും എടുത്തിട്ടു‍ണ്ട്‌.

നാലഞ്ചാളുകള്‍ ഒരു ഷോട്ടി‍ല്‍ ഉണ്ടാകുകയും ആക്‍ഷന്‍ ദീര്‍ഘിപ്പിച്ചതാകുകയും ചെയ്താല്‍ അസിസ്റ്റന്റ്‌ ഡയറക്ടേഴ്സ്‌ ആയി അഭിനയിച്ചിരുന്ന ഞങ്ങള്‍ക്കും ചില പണികള്‍ കിട്ടി‍യിരുന്നു‍. ഉദാഹരണം സീനിലെ മറ്റൊന്നും നോക്കാതെ അര്‍ജ്ജുനനെപ്പോലെ എനിക്ക്‌ ബാലനടിയുടെ പെര്‍ഫോമന്‍സാണ്‌ സ്റ്റാര്ട്ട്‌ മുതല്‍ കട്ട്‌ വരെ നോക്കേണ്ടതാണെന്ന് വെക്കുക. ഞങ്ങള്‍ അസിസ്റ്റന്റ്സ്‌ മൂന്ന്‌ പേരും നാലഞ്ച്‌ കഥാപാത്രങ്ങളും ക്യാമറാ മൂവ്മെന്റും എല്ലാം എപ്പോഴും അടൂരിന്റെ കണ്ണുകളുടെ സര്‍വ്വേ പരിധിയിലായിരിക്കും.
ഈ മനുഷ്യന്‌ തന്റെ പുറകിലും കണ്ണുകളുണ്ടല്ലോ എന്നും എല്ലായിടത്തും അവയെത്തുന്നു‍ണ്ടല്ലോയെന്നും അതിനപ്പുറം അസിസ്റ്റന്റ്‌ ഡയറക്ടര്‍ വേഷങ്ങള്‍ക്കുള്ള പണി ടിയാന്മാര്‍ ചെയ്യുന്നു‍ണ്ടോയെന്നും നിരീക്ഷിക്കുന്നതിന്റെ ഊര്‍ജ്ജവ്യയം ഒഴിവാക്കാന്‍ ഈ വേഷങ്ങളെ തന്നെ‍ ഒഴിവാക്കിയാല്‍പ്പോരെ എന്നും ഞാന്‍ ആലോചിച്ചിട്ടു‍ണ്ട്‌.

'കഥാപുരുഷനില്‍' കൂടെ നില്ക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ എഴുതിയപ്പോള്‍ മറുകുറി ഏതാണ്ട്‌ ഇങ്ങനെയായിരുന്നു‍. സുഹൃത്തുക്കളെ സഹായികളായി കൂട്ടി‍യപ്പോഴൊക്കെ അത്‌ ശത്രുതയിലാണ്‌ കലാശിച്ചത്‌. ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടാന്‍ താല്പര്യമില്ലെന്നും എങ്കിലും തീരുമാനം എനിക്ക്‌ വിടുന്നു‍ എന്നുമായിരുന്നു‍ തപാല്‍. ഞാന്‍ മറുകമ്പി അയച്ചു. I have decided to become your enemy and joining.

ഫിലിം ഇന്‍ഡസ്ട്രിയുടെ നടപ്പും അടൂര്‍ സ്കൂളിന്റെ നടത്തിപ്പും എന്നും വേറെ വേറെ തന്നെയായിരുന്നു‍. ഒച്ചയും ഓളിയും ഒരു ജൈവാംശമായിത്തീരുന്ന പ്രൊഫഷണല്‍ യൂണിറ്റുകാര്‍ ധ്യാനാത്മകമായ അടൂരിയന്‍ അന്തരീക്ഷത്തിലേക്ക്‌ സ്വരപ്പെടുതും മറ്റും ഓര്‍മ്മയുടെ അടരുകളില്‍ സൂക്ഷിച്ചുവെച്ചിട്ടു‍ണ്ട്‌. തമിഴ്‌‍നാട്ടി‍ലെ ഷൂട്ടിംഗ്ശീലങ്ങള്‍ ഉത്തരേന്ത്യയിലെ ജാതിശീലങ്ങളുമായി എവിടെയോ സാമ്യപ്പെടുന്നു‍ണ്ട്‌. തമിഴനായ ഒരു ലൈറ്റ്ബോയ്‌ എഴുന്നേറ്റ്‌ പോയ ഒഴിവിലേക്ക്‌ ഭക്ഷണം കഴിക്കാന്‍ കൈകഴുകി കേറിയിരുന്ന അടൂരിനെ നോക്കി അന്ധാളിച്ച്‌ പോയ ആ കണ്ണുകള്‍ എന്റെ മുഖത്ത്‌ ഇപ്പോഴും ആയുന്നു‍ണ്ട്‌. ഗാന്ധിഗ്രാമിലെ ചിട്ടകള്‍ ഈ മനുഷ്യനെ എങ്ങിനെയൊക്കെ ആദര്‍ശപ്പെടുത്തിയിരിക്കുന്നു‍ എന്ന്‌ ഞാനനുഭവിച്ചിട്ടു‍ണ്ട്‌. നേരിലും സിനിമയിലും.

സിനിമയുടെ കാഴ്ചപ്പെടല്‍ അടിസ്ഥാനമായും അതിന്റെ ലെന്‍സിങ്ങിന്റേതാണ്‌ എന്ന്‌ ഞാനറിയുത്‌ അടൂര്‍ കളരിയില്‍നിന്നാ‍ണ്‌. മൂഡും മ്യൂസിക്കുമാണ്‌ ഫോട്ടോ‍ഗ്രാഫി എന്നാ‍ണ്‌ ആയുര്‍വ്വേദത്തിനും ഫോട്ടോ‍ഗ്രാഫിക്കും പേരു കേട്ട കോട്ടക്കലിരുന്ന്‌ റസാഖ്‌ പറഞ്ഞത്‌. എനിക്കോ റസാഖിനോ മുഴുവന്‍ തിരക്കഥ 'കഥാപുരുഷനിലും' 'നിഴല്‍ക്കുത്തിലും' കൈയ്യില്‍ കിട്ടി‍യിട്ടി‍ല്ല. കഥാ ഗതിയുടെ പുരോഗതിയില്‍തന്നെയാണ്‌ കഴിയുമെങ്കില്‍ ഷൂട്ടിംഗും നടക്കുന്നത്‌. അതിനാല്‍ മറ്റുള്ളവരെപോലെ ഞാനും സിനിമയുടെ കറക്ട്‌രൂപം ഷൂട്ടിംഗ്‌ അവസാനത്തോടെയാണ്‌ ഏതാണ്ട്‌ മനസ്സിലാക്കിയിരുന്നത്‌.

'കഥാപുരുഷന്റെ' ഷൂട്ടിംഗ്‌ കാണാന്‍ വന്നിരുന്ന അടൂര്‍ക്കാര്‌ പലരും ഓരോ ദിവസത്തെ ഷൂട്ടിംഗ്‌ കഴിയുമ്പോഴും മനസ്സില്‍ ഓരോരോ കഥകള്‍ മെനയുന്നു‍. ഇങ്ങനെ ഭാവനയ്ക്കനുസരിച്ച്‌ നാട്ടു‍കാര്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒറിജിനല്‍ കഥയുടെ ജനകീയപ്പതിപ്പുകള്‍ ചായക്കട മുറുക്കാന്‍കട സംവാദങ്ങളായിപ്പിടിച്ചെടുക്കാന്‍ വല്ലപ്പോഴുമുള്ള ചുറ്റിക്കറങ്ങലുകളിലൂടെ കഴിഞ്ഞു. ഡയലോഗുകളിലൂടെ ഉള്ളര്‍ത്ഥങ്ങള്‍പോലും ഉപശീര്‍ഷകങ്ങളില്ലാതെ അവരറിയുന്നത്‌ കേള്‍ക്കാന്‍ രസമായിരുന്നു‍. ഏതാണ്ട്‌ ഒരു മാസം തുടര്‍ന്ന ഈ ചലചിത്ര ചര്‍ച്ചാസന്ധ്യകള്‍ക്ക്‌ ഒരിക്കല്‍ പ്രതിസന്ധിയുണ്ടായി.

കഥാപുരുഷനായി അഭിനയിച്ചിരുന്ന വിശ്വനാഥന്റെ ബാല്യകാലം നടിച്ച കുട്ടി‍യെ തന്നെയാണ്‌, പിന്നീ‍ട്‌ സിനിമയില്‍ വിശ്വനാഥന്റെ മകനായി അഭിനയിക്കാനും അടൂര്‍ ഉപയോഗിച്ചത്‌. ഇതില്‍ ഒരു ജനിതകസൂത്രം മിണ്ടാതെ മുരളാതെ കിടപ്പുണ്ട്‌. എന്നാ‍ല്‍ തങ്ങള്‍ എടുത്ത്‌ വളര്‍ത്തിയ ഗോപാലകൃഷ്ണന്റെ കഥയിലെ ഒരു സൂത്രവും വളവില്‍ തിരിവ്‌ സൂക്ഷിക്കുക എന്ന മട്ടി‍ല്‍ വിടാന്‍ അടൂര്‍ക്കാര്‍ കൂട്ടാ‍ക്കിയില്ല. എന്തുകൊണ്ട്‌ ഈ ബാലനടന്‍ തിരിച്ചുവന്നു. പലവക നിരൂപഹയത്തരങ്ങളും കേട്ടു. ചര്‍ച്ച ചൂട്‌ പിടിക്കുംതോറും എന്റെ വഴിനടപ്പ്‌ നിര്‍ത്തിയാലോ എന്ന്‌ വരെ തോന്നി‍പ്പോയി. ദാ പോകുന്നു‍ ഒരു സഹായി, നമുക്ക്‌ അവനോട്‌ ചോദിച്ചാലോ എന്നൊരു ഇടപെട്ടളയും ഭീതി. ചോദിച്ചിരുന്നാ‍ലോ? അറിയാതിരിക്കുന്നതിനും ഒരു വേദനയുണ്ടെന്നോ?

ഏതായാലും പിടികിട്ടാ‍ക്കഥയെ നാട്ടു‍ഭാവന മെരുക്കിക്കെട്ടി‍യത്‌ ഇങ്ങനെയാണ്‌. ഈ കുട്ടി‍ കഥാപുരുഷന്റെ പുനര്‍ജന്മം ആയിരിക്കണം! നേരേ ചൊവ്വേ നടന്ന് വന്ന വിശ്വനാഥന്‍ വിക്കിയും മുടന്തിയുമാണ്‌ 'കഥാപുരുഷ'നായ ശേഷം തിരിച്ച്‌ പോയത്‌ എന്തൊരു ജന്മാന്തര കാവ്യനീതി ഇതിനുണ്ട്‌.

നിഴല്‍ക്കൂത്തിന്റെ ഷൂട്ടിംഗിനെത്തിയ പ്രധാനനടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ ഒരു ഒറ്റത്തോര്‍ത്തുടുപ്പിച്ച്‌ കത്തുന്ന പൊട്ടല്‍ക്കുളം വെയിലത്തിരുത്തി. ഷര്ട്ടി‍ന്റെയും വാച്ചിന്റെയും മുദ്രകള്‍ ദേഹത്ത്‌ നിന്ന്‌ മായിച്ചെടുക്കുന്ന സൂപ്പര്‍ മേക്കപ്പ്മാനാണ്‌ സൂര്യന്‍. 'കഥപുരുഷനില്‍' തറവാട്‌ മുറ്റത്ത്‌ ചിക്കുപായില്‍ ഉണക്കാനിടാന്‍ വാളന്‍പുളി കിട്ടാ‍ന്‍ വിഷമമായതിനാല്‍ മറ്റ്‌ വല്ലതും നോക്കിയാലോ എന്ന പ്രായോഗികബുദ്ധിക്ക്‌ ഞാന്‍ കേട്ട ഉത്തരം ഉള്‍പ്പിരിവുകളില്‍ ഉള്‍പ്പിരിവുകളാണ്‌. പുളിയുണക്കാന്‍ ഇട്ടി‍രിക്കുന്ന പായുടെ പിന്നി‍ലെ ജീവിതാധ്വാനം ഏതാണ്ട്‌ പൂജ്യത്തോടടുത്തതാണ്‌. മരത്തില്‍നിന്നും പുളി പറിച്ച്‌ പായിലിടുന്ന മിനിമം തടിയനക്കം മാത്രമാണതിന്റെ ഇന്‍വെസ്റ്റ്മെന്റ്‌. അതിനാല്‍ പുളിക്കും ചിക്കുപായക്കും പുറകില്‍ അടയാളപ്പെടുത്തുത്‌ കേരള ചരിത്രത്തിന്റെ നടുക്കഷണമാകുന്നു‍. സിനിമ കാണുന്ന ആരിലെങ്കിലും ഇതൊക്കെ തറയ്ക്കുമോ എത്‌ ഒരു ഗാന്ധിയന്‍ വേവലാതിയേ അല്ല. അതിനാല്‍ പാലു കാച്ചു പെണ്ണിന്റെ മുഖവും കലവുമേ ഫ്രെയിമില്‍ ഉള്ളൂവെങ്കില്‍ പോലും കലത്തില്‍ അത്‌ പശുവിന്‍ പാല്‍ തന്നെ‍ കരുതുന്നു‍. കാച്ചി വരുന്ന പാലിന്റെ മണം പിടിച്ചെടുക്കാന്‍ സിനിമയ്ക്കാവില്ലെങ്കിലും, പാലു കാച്ചുന്ന മനുഷ്യജീവിയുടെ മുഖത്തടിക്കുന്ന ചൂരാണ്‌ ഇവിടെ അടൂരിന്റെ ഗാന്ധിയന്‍ സത്യം.

ഇതൊക്കെ അറിഞ്ഞുപോയി എന്ന വേദനയില്‍നിന്നു‍മാണ്‌ കത്തി രാകുന്ന ഒച്ചയുടെ വായ്ത്തലത്തിളക്കം കണ്ണില്‍ക്കുത്തുന്നത്‌. മാപ്പാക്കുക.

* * * * *

കേരളീയതയുടെ തനത്‌ മോന്തായമായി ചായപ്പരസ്യങ്ങളില്‍പോലും നിറയുന്ന കഥകളിയെപ്പറ്റി വേറിട്ട്‌ ഡോക്യുമെന്ററികള്‍ എടുത്തിട്ടു‍ണ്ടെങ്കിലും കഥകളി കണ്ട്‌ വളര്‍ന്ന അടൂരിന്റെ ഫീച്ചര്‍ ഫിലിമുകളില്‍ കഥകളി ഒരിക്കലും കെട്ടു‍കാഴ്ച്ചയായി ദൃശ്യപ്പെടുയില്ല. പക്ഷേ അടൂര്‍ സിനിമകളെ അതിന്റെ ചലച്ചിത്ര-ചരിത്ര-സാംസ്കാരിക ഭൂമികയില്‍ അടയാളപ്പെടുത്താന്‍ നോക്കി വളരെ ആത്മാര്‍ത്ഥമായി പരാജയപ്പെടുന്ന കൊല്‍ക്കത്തയുടെ സ്വന്തം ചിദാനന്ദദാസ്‌ ഗുപ്തയുടെ ഇതേ ചായപ്പരസ്യ ചലച്ചിത്രശിബിര പദ്ധതി നോക്കുക. ‘Seeing is Believing’ എന്ന ഗ്രന്ഥത്തിലെ പുറം 242 ലെ വരികള്‍ മൊഴിമാറ്റാതെ എടുത്തെഴുതട്ടെ:
“Adoor is the name of the small town from which Gopalakrishnan came. The town is known for its Kathakali dancing troupes and it is customary for the players - and the villagers prefix their names with that of the village from which they come. Hence the name Adoor Gopalakrishnan, known to his friends, all over the country and abroad, as just Adoor”.

ഈ കഥകളിവത്കരണച്ചിട്ടയില്‍ അടൂര്‍ ഭാസിയും അടൂര്‍ പങ്കജവും അടൂര്‍ ഭവാനിയുമെല്ലാം കലാമണ്ഡലം ഗോപിയുടെ ഗോത്രക്കാരായി മാറും. അവിടുന്നും ഇവിടുന്നും കിട്ടി‍യ ഉരിയരി ദോഷങ്ങള്‍ കൊണ്ട്‌ പറ വടിച്ചളക്കാന്‍ നോക്കുകയാണ്‌ ഈ കുരുത്തംകെട്ടവന്‍ എന്ന്‌ മുഖം വീര്‍പ്പിക്കണ്ട. ഗ്രന്ഥം തുടര്‍ന്നും വായിക്കുക.

കഥകളിയുടെ ശൈലീകൃതമായ ചലനങ്ങളും അടൂര്‍ സിനിമകളുടെ ദൃശ്യശൈലിയും തമ്മില്‍തട്ടി‍ച്ച്‌ വിശകലനം ചെയ്ത്‌ നീങ്ങുമ്പോള്‍, കഥാപാത്രങ്ങളുടെ ചുമ്മാനടത്തങ്ങള്‍ ഗൌരവപ്പെട്ട കഥകളിമുദ്രകളായും ക്യാമറാ മൂവ്‌മെന്റുകള്‍ പ്രസ്ഥാനമായും ക്ലാസിക്‌വല്‍ക്കരിക്കപ്പെടുന്നു‍.

ഇങ്ങനെ അടൂരിനെ കൊല്‍ക്കത്തയില്‍ ചുട്ടി‍കുത്താന്‍ നോക്കുമ്പോള്‍ മലയാളത്തിലെ സുമുഖനായ ഒരു എഴുത്തുകാരന്‍ സ്വയംവരത്തിന്റെ മുഖഛായ, ഋത്വിക്ഘട്ടക്കിന്റെ സുവര്‍ണ്ണരേഖയുടെ ഒരു ഖണ്ഡത്തില്‍ പണ്ട്‌ പരതിയിട്ടു‍ണ്ട്‌, ആലുവ യു.സി. കോളജില്‍ നടന്ന ചലച്ചിത്രശിബിരത്തില്‍വെച്ച്‌. അന്ന്‌ അടൂര്‍ അതിനെ അടച്ചെതിര്‍ത്തതാണെങ്കിലും, ഇപ്പോള്‍ എന്ത്‌ ചിന്തിക്കുന്നു‍വെന്ന്‌ എനിക്കുറപ്പില്ല.

'നാലു പെണ്ണുങ്ങളും', 'രണ്ടാണും ഒരു പെണ്ണും' ദൂരദര്‍ശനുവേണ്ടിയുണ്ടാക്കിയ സീരിയലാണ്‌ എന്ന സാങ്കേതികതയല്ല, എന്നെ‍ അസ്വസ്ഥനാക്കുന്നത്‌. അതിന്റെ സാങ്കേതികസദാചാരസൌന്ദര്യശാസ്ത്രനിലപാടുകളെല്ലാം ഒരു ദൂരദര്‍ശന്‍ സീരിയലിന്റേത്‌ മാത്രമാണെങ്കിലും ഒരു Sub-title പ്രേക്ഷകന്‌ മുന്നി‍ല്‍ ഇതെന്തോ കനപ്പെട്ട കനിയാണെന്ന കനപ്പിക്കലും ഒപ്പം നടത്തുന്നു‍ണ്ട്‌. ഇതിലൊരു ദണ്ഡിയാത്രയുണ്ട്‌. സ്വദേശിയില്‍നിന്നും വിദേശിയിലേക്കുള്ള, അലിഗഢിലെ ചൈനീസ്‍പൂക്കള്‍പോലെയുള്ള, ദണ്ഡിയിലെ അയഡയ്സ്ഡ്‌ സാള്ട്ട്‌ പോലെയുള്ള വിപരീതങ്ങളുടെ യാത്ര. 'എലിപ്പത്തായത്തിലെ അധികമാനങ്ങ ളെത്തിപ്പിടിക്കാന്‍ സായിപ്പിന്‌ Sub-titleനെ അതിജീവനമന്ത്രംചെയ്ത്‌ ആയാസപ്പെടേണ്ടിവരുമ്പോള്‍ പുതിയ സിനിമകള്‍ കാണുന്ന ഒരു മലയാളിക്ക്‌ ഇതിലെ മലയാളത്തെയാണ്‌ അതിജീവിക്കേണ്ടിവരുന്നത്‌! ഇതൊരു ദുര്യോഗമാണ്‌.
സിനിമയുടേയും പ്രതിബദ്ധതയുള്ള കാണികളുടെയും. ചെവി തരാമെങ്കില്‍ പറയാം.

ആക്ഷന്‍സിനിമകള്‍ ഓഡിയോ മ്യൂട്ട്‌ ചെയ്ത്‌ കണ്ടാല്‍ കോമഡിപ്പടങ്ങളാകുന്നത്‌ പോലെ മലയാളം മറന്നിട്ട് Sub-title മാത്രം വായിച്ചാല്‍ ഈ കഥകള്‍ക്കെല്ലാം ഒരു നൈരന്തര്യം വരുന്നത്‌ കാണാം. തകഴിയുടെ മൊത്തം ചെറുകഥകള്‍ വായിച്ച്‌ അതിനൊരു ത്രെഡുണ്ടാക്കി അടൂര്‍ സിനിമയെടുത്തതു കൊണ്ടാണല്ലോ, ഈ കഥകള്‍തന്നെ‍ വായിക്കാന്‍ നിദാനം. ഇങ്ങനെ മെനക്കെടാന്‍ കാരണം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയതിനാലാണ്‌. എന്നാ‍ല്‍, വിദേശഫണ്ടിന്റെ തുടക്കത്തില്‍നിന്നു‍മാണ്‌ പഴയ അടൂരിന്റെ ഒടുക്കത്തിന്റെ തുടക്കവും എന്ന്‌ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട ഒരു ചലച്ചിത്രകാരന്‍ മദ്യസദസില്‍ സ്വകാര്യപ്പെട്ടപ്പോള്‍ വിദ്യാര്‍ഥി ചാറ്റര്‍ജിയും ഉണ്ടായിരുന്നു‍. അന്ന്‌ ഞാന്‍ അതിനെ എതിര്‍ത്തയാളാണ്‌. പക്ഷേ പറഞ്ഞയാളും മറ്റൊരു ഗാന്ധിയനായതിനാല്‍ ആ അഭിപ്രായം എന്നെ‍ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരുന്നു‍.

ലോകം മുഴുവന്‍ സിനിമ കാണാന്‍ പോകുന്നത്‌ Sub-title വായിച്ചിട്ടാണല്ലോ എതിനാല്‍ Sub-title കൊണ്ട്‌ മാത്രം ഫിന്‍ലാന്റിലെ അക്കി കൌരിസ്മാക്കി സിനിമ ചെയ്തതായി കേട്ടിട്ടു‍ണ്ട്‌. അരവിന്ദ്‌ സിന്‍ഹയുടെ ‘Maya Poocha Kaya Se’ (ആത്മാവ്‌ ശരീരത്തോട്‌ ചോദിച്ചു) എന്തൊരു ഡോക്യുമെന്ററി സിനിമ. കൊല്‍ക്കത്തയിലെ ഹൌറ സ്റ്റേഷനും അവിടുത്തെ പോര്‍ട്ടര്‍മാരും യാത്രക്കാരും മറ്റ്‌ സ്റ്റേഷന്‍ ജീവിതങ്ങളും ഒക്കെയുണ്ട്‌. മൂന്ന്‌ കൊല്ലം മുമ്പ്‌ കൊല്‍ക്കത്തയില്‍ കാണിച്ചപ്പോള്‍ ആദ്യത്തെ പതിനഞ്ച്‌ മിനിറ്റിനുശേഷം കാണികള്‍ വാച്ചു നോക്കാനും കുശുകുശുക്കാനും ഒക്കെ തുടങ്ങി. കാരണം, നിത്യജീവിതത്തില്‍ അവര്‍ക്ക്‌ ഒരനുഭവമാണ്‌ ഹൌറ. പോക്കറ്റടിച്ച ശേഷം പഴയ ഹൌറ സ്റ്റേഷനിലേക്ക്‌ ഓടിക്കളഞ്ഞ്‌, നിയമപരിധിയെ അസാധുവാക്കി, പുതിയ ഔട്ട്പോസ്റ്റില്‍ കൂളായി വിലസുന്ന നഗരത്തിനുള്ളിലെ സ്വതന്ത്രനാഗരികത. ഒരു രാത്രിയെങ്കിലും ഹൌറ സ്റ്റേഷനില്‍ പെട്ടു‍പോയിട്ടു‍ള്ള ആര്‍ക്കും ഏശാതെ തൊലിപ്പുറം തലോടിപ്പോയ ഈ സിനിമ, വീണ്ടും ഒരിക്കല്‍ കൂടി കാണേണ്ടിവന്നു. സാഹിത്യത്തിനു നോബെല്‍ സമ്മാനം കിട്ടി‍യ ഗുന്തര്‍ഗ്രാസ്സിന്റെ ബഹുമാനാര്‍ത്ഥം ജര്‍മന്‍ അതിഥികള്‍ക്കായി മാക്സ്മുള്ളര്‍ ഭവന്‍ ഒരുക്കിയ പ്രത്യേകപ്രദര്‍ശനമാണ്‌. എന്റെ ചുറ്റിലുമിരുന്ന കാണികള്‍ ‘Wow’, Fantastic എന്നും മറ്റും ഒറ്റക്കും തെറ്റയ്ക്കമുള്ള ഇരുത്തി മൂളലുകള്‍കൊണ്ട്‌ സിനിമ ആസ്വദിക്കുമ്പോള്‍ ഞാനെന്തേ ഇങ്ങനെ ഐസിലിട്ട അയിലപോലെയിരിക്കാന്‍?

പതുക്കെ ഞാന്‍ ചെവിപൊത്താതെ പൊത്തി. Sub-title വായിക്കാന്‍ തുടങ്ങി. സ്ക്രീനില്‍ ചുവന്ന കുപ്പായവും മെറ്റല്‍പ്ലേറ്റ്‌ നമ്പറുമുള്ള ഒരു ബീഹാറി കൂലിയാണ്‌ സംസാരിക്കുത്‌. ശരീരം(കായം)കൊണ്ട്‌ അന്നം തേടുന്നവന്‍. മരിക്കാന്‍ നേരത്ത്‌ വിടപറയും മുമ്പ്‌, ആത്മാവ്‌ ശരീരത്തോട്‌ ചോദിക്കുന്നു‍, നമ്മള്‍ തമ്മില്‍ ഇനി എന്ന്‌ കണ്ടുമുട്ടും? നീണ്ട ഇന്റര്‍വ്യൂവാണ്‌. അതിനിടയില്‍ അന്തരീക്ഷത്തില്‍ റേഡിയോയില്‍നിന്നും ചോര്‍ന്നു‍കേട്ട ഒരു അണ്ടര്‍വെയറിന്റെ പരസ്യവും ചെരിഞ്ഞ അക്ഷരങ്ങളിലാക്കി സംവിധായകന്‍ Sub-title കൊള്ളിക്കുന്നു‍. അന്തരാത്മാവിന്റെയും അണ്ടര്‍വെയറിന്റെയും ഈ അന്തഃസ്ഥലിയില്‍നിന്നും മുങ്ങിക്കപ്പല്‍ പൊങ്ങിവരുമ്പോലെ ഒരു സമാന്തരസിനിമ സിനിമക്കുള്ളില്‍നിന്ന്‌ തന്നെ‍ പൊങ്ങിവന്നു. കുഞ്ഞിരാമന്റെ പാത്രം പാത്രത്തെ പ്രസവിക്കുന്നു‍. അതോടെ എന്റെ ചലച്ചിത്രാന്വേഷണങ്ങളും ലൈബ്രറി ക്ലാസുകളിലേക്ക്‌ ഞാന്‍ പറന്നേ‍ പോകുന്നു‍...
(സൌണ്ട്‌ ട്രാക്കില്‍ കട്ടി‍കളുടെ കോറസ്സ്‌.)
പാഠം ഒന്ന്‌........കഞ്ഞിരാമന്റെ പാത്രം.......പാത്രം പ്രസവിച്ചു)

* * * * *

കൊല്‍ക്കത്തയിലെ നന്ദന്‍ തിയേറ്ററില്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുമ്പില്‍ ഈയിടെ സിനിമാപ്രദര്‍ശനത്തോടൊപ്പം ഗുരോ, അങ്ങയുടെ ആത്മപ്രദര്‍ശനവും ഉണ്ടായിരുല്ലോ. ആദ്യത്തെ ദിവസം കണ്ടിട്ടും കാണാത്ത ഭാവം നടിച്ചെങ്കിലും, രണ്ടാമത്തെ ദിവസം അങ്ങയുടെ സിനിമകളെപ്പറ്റി മാത്രം അതെ അടൂര്‍ സിനിമകള്‍ മാത്രം നമ്മള്‍ ചര്‍ച്ചിച്ചുവല്ലോ. സൌണ്ട്‌ ട്രാക്കിനെപ്പറ്റി പറഞ്ഞതൊഴികെ മറ്റ്‌ വല്ലതും പറയാന്‍ വാ തുറന്നിരുന്നെങ്കില്‍ വെറുതേ പുകപ്പിച്ച്‌ പുറത്താക്കിയേനേ. കഥ വായിച്ചിട്ടാ‍ണ്‌ ഞാന്‍ വന്നത്‌.

തകഴിയുടെ കഥയില്‍ വളരെ വന്യമായ രതി നടന്ന ഒന്നാമത്തെ രാത്രി സിനിമയാക്കിയപ്പോള്‍ അങ്ങ്‌ കത്രിച്ചു കളഞ്ഞു. ദൂരദര്‍ശന്‍ ഫ്രെയിമിലേക്ക്‌ കഥയെ വെട്ടി‍യിരുത്തുകയായിരുന്നു‍ ഇതുവഴിയെന്ന്‌, ഒരു വായനക്കാരന്‍ എഴുതിയിട്ടു‍ണ്ട്‌. അത്‌ കള. എന്നാ‍ല്‍ സാങ്കേതികമായി കന്യകയല്ലാത്ത ഒരാളെ 'നിത്യകന്യക' എന്ന്‌ തകഴി വിളിക്കുമ്പോള്‍ അതിനു വേറൊരു ഡൈമന്‍ഷന്‍ കിട്ടന്നുണ്ട്‌. കഥയിലെ ആദ്യ രാത്രി സെന്‍സര്‍ചെയ്ത്‌ നന്ദിതാദാസിനെ ഒരു കന്യാസ്ത്രീയാക്കി വാഴിക്കുകയാണല്ലോ സിനിമയില്‍. വാതില്‍ക്കല്‍ വന്ന് മുട്ടിവിളിക്കുന്ന ശബ്ദത്തോട്‌ ഒരു പുരുഷനില്ലാതെയും സ്ത്രീക്ക്‌ ജീവിക്കാന്‍ കഴിയും എന്ന്‌, സിനിമയുടെ അവസാനം നന്ദിതദാസ്‌ ദൃഢപ്പെടുത്തുന്നി‍ടത്ത്‌ സംഗീതം ഉച്ചസ്ഥായിയിലേക്ക്‌ പോകുന്നു‍. അപ്പോള്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിന്‌ എഴുന്നേറ്റ്നിന്ന്‌ ‘Wow’, Fantastic എന്നൊക്കെപ്പറഞ്ഞ്‌ കയ്യടിക്കാനല്ലാതെ ചരിത്രത്തില്‍ മറ്റ്‌ പോംവഴികളൊന്നും ഇതുവരെയില്ല. ഉള്‍പ്പിരിവുകളില്‍ ഉള്‍പ്പിരിവുകളെന്ത്‌ എല്ല. ഒരു കാമ്പയിന്‍ മുദ്രാവാക്യമാണ്‌ മനസ്സില്‍ മുഴങ്ങുന്നത്‌. ഇതൊരു സാദാസീരിയല്‍ അനുഭവമാണ്‌. സ്ത്രീപ്രശ്നങ്ങളുമായി കണ്ണിചേര്‍ക്കാന്‍ തകഴിയെ കുടുംബാസൂത്രണംചെയ്ത സിദ്ധാന്തസൂത്രത്തിന്‌ വെറും ചെട്ടി‍മിടുക്ക്‌ മാത്രം പോരേ?

ഈ മിടുക്കിന്റെ പോസിറ്റീവായ പ്രയോഗംകൊണ്ട്‌ തകഴിയുടെ 'പങ്കിയമ്മ' (രണ്ടാണും ഒരു പെണ്ണും) എന്ന കഥയെ രക്ഷപെടുത്തിയിട്ടു‍മുണ്ട്‌. ഒറിജിനല്‍ കഥയിലെ അവസാനത്തെ 'ഹഹഹഹ' വിളികളെ എത്ര കൈയ്യടക്കത്തോടെയാണ്‌ ഒരു ബഷീറിയന്‍ തലത്തിലേക്ക്‌ ഉയര്‍ത്തിപ്പറപ്പിക്കുന്നത്‌? ഏതാണ്‌ ജയില്‍? ഏതാണ്‌ ലോകം?
എന്നാ‍ല്‍ 'കന്യക' എന്ന വെറും മൂന്ന്‌ പേജ്‌ കഥയെ സമകാലീന കേരളീയതയുടെ ഉണ്ണാമന്‍ രീതികളിലേക്ക്‌ പൊലിപ്പിച്ചെടുത്തതാണ്‌ ഈ എട്ട്‌ എപ്പിസോഡുകളില്‍നിന്ന് അടൂര്‍ എന്ന ചലച്ചിത്രകാരന്റെ ചെമ്പ്‌ പുറത്താക്കുന്ന ഗംഭീരന്‍ സിനിമാറ്റിക്‌ ട്രീറ്റ്‌. ഈ സീരിയലില്‍നിന്ന്‌ അത്‌ ഞാന്‍ ഊരിയെടുത്ത്‌ കഴുകി സൂക്ഷിക്കുന്നു‍.

* * * * *
(വിഷ്വലില്‍ വി.കെ.എന്‍ നിറഞ്ഞിരിക്കുന്ന ഒരു മാക്രോക്ലോസപ്പ്‌. അക്ബര്‍ കക്കട്ടി‍ലിന്റെ ശബ്ദത്തില്‍ പതിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള വി.കെ.എന്‍. ഉത്തരങ്ങളുടെ Synch- shot‍)
"താങ്കള്‍ ജനത്തെ മൂന്നാം കണ്ണുകൊണ്ടാണല്ലോ കാണുത്‌?"
"അതെനിക്ക്‌ കോങ്കണ്ണുള്ളത് കൊണ്ടാണ്‌."
"അഭിനവകുഞ്ചന്‍ എന്ന്‌ വിളികേള്‍ക്കുമ്പോള്‍ എന്ത്‌ തോന്നുന്നു‍?"
"ഒന്നു‍ തുള്ളാന്‍ തോന്നുന്ന‍ു‍."

* * * * *

'കഥാപുരുഷ'നില്‍ നിന്നി‍ലെ ഗാന്ധിയന്‍ നിരാസക്തിയുടെ ചിരിയും കണ്ണീരുമുണ്ട്‌. ടെലിഫോട്ടോ‍ ലെന്‍സിന്റെ പരിധിയില്‍ വരില്ലെന്ന്‌ ഉറപ്പായിട്ടു‍കൂടി അപ്പുറത്ത്‌ പോലീസ്‍സ്റ്റേഷന്‍വളപ്പില്‍ പച്ചച്ച്നിന്ന കപ്പ മുഴുവനും കാശുകൊടുത്ത്‌ പറിപ്പിച്ചുകളഞ്ഞത്‌ കഥയിലെ കാലഘട്ടത്തില്‍ കേരളത്തില്‍ കപ്പ പ്രചാരത്തിലില്ലായിരുന്നു‍ എതിനാലാണല്ലോ. ഔട്ട്‌ ഓഫ്‌ ഫോക്കസിലെ പച്ചപ്പ്‌ പോലും കപ്പയുടേതാക്കരുതെന്നത്‌ ഒരു ഗാന്ധിയന്‍ വേവലാതിയാണ്‌. വനസ്പതിയിലെ പച്ചച്ചായം ഗാന്ധിയെപ്പറ്റിക്കലാണ്‌. സാക്ഷാല്‍ ഗാന്ധിജിയുടെ മരണവാര്‍ത്ത റേഡിയോയില്‍ വരുമ്പോള്‍ ഏങ്ങിക്കരഞ്ഞ്‌ മൌട്ടത്തേക്ക്‌ മടങ്ങിയ ആ പഴയ കുട്ടി‍, കഥകളിവല്‍ക്കരണത്തിന്റെ പുതിയ മരവുരികളും, സിനിമയായി പച്ചകുത്തിയ സീരിയലുകളും ഉരിഞ്ഞിരിക്കും, എന്ന്‌ തന്നെയാണ്‌, ഈ കള്ളത്തിരുമാലി ബുദ്ധിയിലെ മന്ദപ്രതീക്ഷ. ഇതും ഒരു പച്ച തേടലാകുമോ?

Subscribe Tharjani |