തര്‍ജ്ജനി

കഥ

തിമാക്ക

കയറ്റം മുന്നേറുന്തോറും ശൈത്യം കൂടിവരുകയായിരുന്നു. കട്ടിയുള്ള വസ്ത്രങ്ങള്‍ ഒന്നിന്‌ മീതെ ഒന്നായി ധരിച്ചിരുന്നിട്ടും പല്ലുകള്‍ കൂട്ടിയിടിക്കുകയും രക്തം മരവിക്കുന്നതുപോലെ കിടുങ്ങുകയും ചെയ്തു. തോള്‍ സഞ്ചിയില്‍ വേറെയും വസ്ത്രങ്ങള്‍ കരുതിയിരുന്നതും കൂടി ധരിച്ചപ്പോള്‍ താത്കാലികമായ ഒരാശ്വാസംകിട്ടി. എല്ലാവരുടെയും ശ്വാസം പുകരൂപത്തിലായിരുന്നു പുറത്തുവന്നത്‌. യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്ന് വഴികാട്ടി ഞങ്ങളെ അറിയിച്ചു. അയാള്‍ ഞങ്ങളെപ്പോലെ അധികം വസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. ശൈത്യത്തിന്‌ അതീതനാണെന്നപോലെ സുഗമമായിത്തന്നെ അയാള്‍ സംസാരിച്ചു.

ഞങ്ങള്‍ പതിനഞ്ച്‌ പേരുണ്ടായിരുന്നു. ചിലപ്പോള്‍ പതിനാറോ പതിനേഴോ കാണുമായിരിക്കും അവസാനം വന്നുചേര്‍ന്നവരെപ്പറ്റി അറിയില്ല. അവര്‍ വളരെ പിന്നിലായി കയറി വരുന്നതേയുള്ളൂ. ഞാന്‍ എന്തോ ചോദിക്കാന്‍ ശ്രമിച്ചു. മഞ്ഞുകട്ടികള്‍ പോലെ ഉറഞ്ഞ ചില ശബ്ദങ്ങള്‍ മാത്രം കഷ്ടിച്ച്‌ പുറത്തുവന്നു. അതാരും ശ്രദ്ധിച്ചതുമില്ല. അപ്പോള്‍ ആദ്യമായി എനിക്ക്‌ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നി. ഈ മല കയറിയിറങ്ങുന്നിടം തിമാക്ക. ലോകത്തിനെ ഒരു വന്മതില്‍ കൊണ്ട്‌ വിഭജിച്ച്‌ അതിനപ്പുറം അജ്ഞാതമായികഴിയുന്ന തിമാക്ക !

എന്റെ കൂടെയുള്ളവരെല്ലാം ഗവേഷകരാണ്‌. അതീവരഹസ്യമായ ഒരന്വേഷണത്തിലാണ്‌ അവരെല്ലാം. തിമാക്കയെക്കുറിച്ച ആര്‍ക്കും അറിയില്ല. തിമാക്ക എന്താണെന്നുപോലും. അറിയാമോയെന്ന് സംശയമാണ്‌. അവരിലാരോ കണ്ടുപിടിച്ച വളരെ കുറച്ച്‌ വിവരങ്ങള്‍ വച്ച്‌ പുറപ്പെട്ടവരാണ്‌ അവരെല്ലാം. എനിക്ക്‌ അതില്‍ യാതൊരു പങ്കുമില്ലായിരുന്നു. തിമാക്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും അതെന്തായിരുന്നാലും എനിക്ക്‌ യാതൊരു പ്രശ്നവുമില്ലായിരുന്നു.

വളരെ സാവധാനത്തിലാണ്‌ യാത്ര. വഴികാട്ടി കൈയ്യിലുള്ള നീണ്ട വടികൊണ്ട്‌ കാടും പടലും നീക്കി പാത സൃഷ്ടിച്ചുകൊണ്ട്‌ മുന്നില്‍ നടക്കുന്നു. ഞങ്ങള്‍ അയാളുടെ കാലടികളെ പിന്തുടരുന്നു. ചിലപ്പോള്‍ വഴിമുഴുവനായും മൂടിക്കിടക്കുന്ന കൂറ്റന്‍ പുല്ലുകള്‍ വകഞ്ഞ്‌ മാറ്റാന്‍ ഏറെ സമയമെടുക്കും. അത്രയും നേരം ഞങ്ങള്‍ മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുകയും പുക വലിച്ച്‌ തണുപ്പിനെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എനിക്ക്‌ തിരിച്ചുപോയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അടുത്തിരുന്ന ഭാട്ടിയ എന്നയാളോട്‌ സൂചിപ്പിക്കുകയും ചെയ്തു.

"നിനക്ക്‌ വട്ടുണ്ടോ? ഈ യാത്രയില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം തന്നെ ഭാഗ്യമായാണ്‌ ഞാന്‍ കരുതുന്നത്‌. നിനക്ക്‌ അതിന്റെ ഗൌരവം മനസിലായിട്ടില്ല "

"നിങ്ങള്‍ക്ക്‌ ഗൌരവമുള്ളതായിരിക്കാം അത്‌. പക്ഷേ ഞാന്‍ ഗവേഷകനല്ല. എനിക്കൊന്നും ഇതില്‍ നിന്ന് കിട്ടാനുമില്ല. "

"ഉണ്ട്‌. തിമാക്ക നീവിചാരിക്കുന്നതു പോലെ വെറുമൊരു എന്തോയല്ല. അതുകൊണ്ടാണ്‌ ആര്‍ക്കും പിടികൊടുക്കാതെ ഒളിഞ്ഞിരിക്കുന്നത്‌."

"എന്നിട്ട്‌ ഇപ്പോള്‍ ആരാണ്‌ അത്‌ കണ്ടുപിടിച്ചത്‌" ?

"ആരും കണ്ടുപിടിച്ചിട്ടില്ല. വളരെ കുറച്ചു വിവരങ്ങള്‍ ശേഖരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. അതും രേഖപ്പെടുത്തിയതല്ല വെളിപാടുപോലെ ഒന്നാണത്‌"

illustration

"എന്നുവച്ചാല്‍ ലക്ഷ്യമില്ലാത്ത അലച്ചലിലാണ്‌ നാമിപ്പോള്‍"

ഭാട്ടിയ കോപം കൊണ്ട്‌ വിറച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും മഞ്ഞ്‌ വമിച്ചു.

"ഞങ്ങള്‍ പത്തുപതിനഞ്ച്‌ പേര്‍ക്ക്‌ ഒരേ സമയം ആ തോന്നലുണ്ടാവണമെങ്കില്‍ എന്തോ കാര്യമുണ്ട്‌. അതുകൊണ്ടാണ്‌ അതീവരഹസ്യമായി യാത്ര സംഘടിപ്പിച്ചത്‌ "

അപ്പോഴെയ്ക്കും വഴി തെളിഞ്ഞിരുന്നു. വഴികാട്ടി ഞങ്ങളെ വിളിച്ചു. മാറാപ്പുകള്‍ ചുമലിലേന്തി ഞങ്ങള്‍ നടന്നു. ഇനി തിമാക്കയെക്കുറിച്ച ആരോടും സംസാരിക്കരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഭാട്ടിയ അപ്പോഴും കോപം കൊണ്ട്‌ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു വടി ഒടിച്ചെടുത്ത്‌ ഇളം ചെടികളുടെ തലപ്പുകള്‍ തല്ലിത്തെറിപ്പിച്ച്‌ നടന്നു.

തിമാക്കയെക്കുറിച്ച്‌ ഒന്നും ആലോചിക്കാന്‍ വയ്യായിരുന്നു. ജിജ്ഞാസ ഉണര്‍ത്തുന്ന ഒന്നും തന്നെ സൃഷ്ടിക്കാന്‍ അതിന്‌ കഴിവില്ലായിരുന്നു. മൌനം പോലെയോ അന്ധതപോലെയോയുള്ള എന്തോ ഒന്ന്. ഒരു ഊഹം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ വലിയ ശൂന്യതയിലേക്ക്‌ അത്‌ വികസിക്കുന്നു. അതേ സമയം ഞങ്ങള്‍ താണ്ടിക്കൊണ്ടിരുന്ന മലയെക്കുറിച്ചോ കാടിനെക്കുറിച്ചോ ഒന്നും തന്നെ ശ്രദ്ധിക്കാന്‍ കഴിഞ്ഞതുമില്ല.

ഞങ്ങള്‍ രണ്ടു മൂന്ന് ചെറുസംഘങ്ങളായിട്ടായിരുന്നു. നടക്കുന്നത്‌. എത്ര ദൂരം പിന്നിട്ടുവെന്നതിനെക്കുറിച്ച്‌ ആരും ബോധവാന്മാരല്ലായിരുന്നെന്നുതോന്നി. അവര്‍ക്ക്‌ അതിലൊന്നും താത്പര്യമില്ലാത്തതുപോലെ. ഇനിയും കയറിത്തീര്‍ക്കാനുള്ള ദൂരം എന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നതായിരുന്നു.

പൊടുന്നനെ അതിശക്തിയായി കാറ്റ്‌ വീശാന്‍ തുടങ്ങി. മരങ്ങളും ചെടികളും കടപുഴകുന്നതുപോലെ ആടിയുലഞ്ഞു. ഞങ്ങളും പറന്നുപോകാതിരിക്കാന്‍ പാടുപെടുകയായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ട്‌ ഉറക്കെ അലറുകയായിരുന്നു എല്ലാവരും. അപ്പോഴേക്കും വെള്ളത്തുള്ളികള്‍ കാറ്റിനൊപ്പം പറന്നെത്തി ഞങ്ങളെ നനയിച്ചു. കൂര്‍ത്ത തണുപ്പിന്റെ കൂടെ ജലസ്പര്‍ശം കൂടിയായപ്പോള്‍ ഞങ്ങള്‍ മരിക്കാന്‍ പോകുകയാണെന്നുതോന്നി. നിമിഷങ്ങള്‍ നീണ്ടുനിന്ന കാറ്റ്‌ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എല്ലാം സാധാരണപോലെ കാണപ്പെട്ടു. കൊടുങ്കാറ്റ്‌ പോയിട്ട്‌ ഒരില അനങ്ങിയതിന്റെ ലക്ഷണം പോലുമില്ല. വസ്ത്രത്തില്‍ പറ്റിപ്പിടിച്ച നനവ്‌ മാത്രമായിരുന്നു കാറ്റ്‌ വീശിയിരുന്നെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത്‌.

ഗവേഷകരുടെ മുഖങ്ങളില്‍ നേരിയ ആഹ്ലാദം വിടരുന്നുണ്ടായിരുന്നു. അവര്‍ വട്ടം കൂടിനിന്ന് എന്തോ സംസാരിച്ചു. ഞാന്‍ തെല്ലകലെ മാറിനില്‍ക്കുകയായിരുന്നു. അപ്പോള്‍ ഭാട്ടിയ ചിരിച്ചുകൊണ്ട്‌ എന്റെയടുത്തു വന്നു.

"കണ്ടോ.. ഇപ്പോള്‍ വിശ്വാസമായോ? നമ്മള്‍ തിമാക്കയോട്‌ അടുത്തുകൊണ്ടിരിക്കുന്നു. ഇനിയും ഇത്തരം മാന്ത്രിക ഭാവങ്ങള്‍ തിമാക്ക കാണിക്കും ഒരു പ്രാവശ്യം കണ്ടുപിടിച്ചാല്‍ പിന്നെ... ഹോ. ആലോചിക്കുന്തോറും കൊതിയാവുന്നു."

"അതിരിക്കട്ടെ" ഞാന്‍ പറഞ്ഞു" ഇനിയെങ്ങനെ യാത്രതുടരും?"

"എന്താകാര്യം"?

"വഴികാട്ടി എവിടെ" ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി. വഴികാട്ടിയുടെ പൊടിപോലും കാണാനില്ലായിരുന്നു. എല്ലാവരും ചുറ്റുപാടും അന്വേഷിച്ചു. അയാള്‍ കാറ്റില്‍ പറന്നുപോയതായിരിക്കും എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ ആരോ ചോദിച്ചു" അങ്ങനെയൊരാള്‍ ഉണ്ടായിരുന്നോ? ഞാന്‍ ഓര്‍ക്കുന്നില്ല".

എല്ലാവരും സ്തബ്ധരായിപ്പോയിപ്പോയി. ആര്‍ക്കും തന്നെ വലിയ ഉറപ്പില്ലായിരുന്നു. അയാള്‍ എങ്ങനെ എവിടെ വച്ച്‌ സംഘത്തില്‍ ചേര്‍ന്നുവെന്നും തിമാക്കയെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞിരുന്നോയെന്നും അറിയില്ലായിരുന്നു.

"തിമാക്ക" ഭാട്ടിയ ആദരവോടെ വിളിച്ചുകൂവി. അപ്പോള്‍ കാട്ടുചെടികള്‍ക്കിടയില്‍ ഒരനക്കം കേട്ടു. വന്യമൃഗങ്ങള്‍ വല്ലതുമായിരിക്കും എന്ന് കരുതി ഞങ്ങള്‍ തോക്കുകള്‍ കയ്യിലെടുത്തു. പക്ഷേ, അതൊരു മനുഷ്യനായിരുന്നു. നീണ്ട വടി കൊണ്ട്‌ ചെടികളെ മാറ്റി അയാള്‍ വന്നു.

സംഘം അയാളുടെ ചുറ്റും കൂടി. പണ്ടെങ്ങോ കണ്ടുമറന്ന ഒരു മുഖം ഓര്‍ത്തെടുക്കുന്നതുപോലെ അവര്‍ നഷ്ടപ്പെട്ടിരുന്നു.

"തിമാക്ക" ആരോ ശബ്ദിച്ചു. ആഗതന്‍ അത്ഭുതത്തോടെ നോക്കി.

"നിങ്ങള്‍ തിമാക്കയില്‍ നിന്നാണോ വരുന്നത്‌"? അയാള്‍ ചോദിച്ചു.
"ഞങ്ങള്‍ തിമാക്കയിലേക്ക്‌ പോവുകയാണ്‌. "

"എന്ത്‌ ...എന്നിട്ടാണോ നിങ്ങള്‍ എതിര്‍ ദിശയിലേക്ക്‌ കയറുന്നത്‌? തിമാക്ക താഴെയാണ്‌"
എല്ലാവരും അതിശയത്തോടെ പരസ്പരം നോക്കി.

"തിമാക്ക മലയുടെ അപ്പുറമല്ലെ"?

"അതെ.. നിങ്ങള്‍ അപ്പുറത്ത്‌ നിന്ന് കയറി വരുകയായിരുന്നെങ്കില്‍"

"ഒന്നു തെളിച്ച്‌ പറയൂ"

"മലയുടെ അപ്പുറത്തുനിന്ന് കയറിവരുന്നവര്‍ക്ക്‌ ഇപ്പുറത്തെ താഴ്വരയിലാണ്‌ തിമാക്ക. നിങ്ങള്‍ അതില്‍ നിന്ന് അകന്നു പൊയിക്കൊണ്ടിരിക്കുന്നു".

"ഓഹ്‌..." എല്ലാവരും ഒന്നിച്ച്‌ മൂളി. സംഭവിച്ചതെന്താണെന്ന് ആലോചിക്കാനുള്ള മനോനിലയിലായിരുന്നില്ലല്ലോ ആരും തന്നെ. ഏതെങ്കിലും അപരിചിതന്‍ വന്ന് ചൂണ്ടിക്കാണിക്കുന്ന വഴികളിലൂടെയെല്ലാം സഞ്ചരിക്കാന്‍ സന്നദ്ധരായതുപോലെ അവര്‍ നിന്നു.

"അപ്പോള്‍ ഇനി ഞങ്ങള്‍ താഴേയ്ക്കിറങ്ങണമായിരിക്കും. അല്ലേ? "

"ശരി തന്നെ" ആഗതന്‍ പറഞ്ഞു. ഞങ്ങള്‍ തിരിച്ച്‌ മലയിറങ്ങാന്‍ തുടങ്ങി. കയറിപ്പോഴത്തെപ്പോലെയായിരുന്നില്ല വഴി. വഴുക്കുന്ന കല്ലുകളായിരുന്നു നിറയെ. അശ്രദ്ധയോടുള്ള ഒരു ചുവട്‌ മതി ഉരുണ്ടുരുണ്‌ താഴ്വരയിലെത്താന്‍. മുള്‍ച്ചെടികളും ചൊറിയണവും കൊണ്ട്‌ നിറഞ്ഞിരുന്നു അവിടം.പക്ഷേ, തണുപ്പ്‌ കുറവായിരുന്നു. ഞങ്ങളില്‍ ചിലര്‍ ആവശ്യമില്ലാത്ത ഉടുപ്പുകള്‍ അഴിച്ച്‌ സഞ്ചിയില്‍ വച്ചു.

ഒരോരുത്തരായി ഇറങ്ങിയിറങ്ങി കുറേ ദൂരം കടന്നു. പിന്നെയും ഇറക്കം നീണ്ടു കിടന്നു. ഇത്രയും ദൂരം ഞങ്ങള്‍ കയറിയിട്ടെല്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പെട്ടെന്നൊരുകല്ലില്‍ ചവുട്ടിയതും ഞാന്‍ വീഴാന്‍ തുടങ്ങി. മരക്കൊമ്പുകളിലും കാട്ടുവള്ളികളിലും തട്ടിത്തെറിച്ച്‌ എവിടെയോ വീണടിഞ്ഞെന്നു മാത്രം ഓര്‍മ്മയുണ്ട്‌. ചതവുകളും മുറിവുകളും നീറ്റുന്നുണ്ടായിരുന്നു. തലയില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്‌. കാഴ്ച മങ്ങുന്നുണ്ടായിരുന്നു. മഞ്ഞിന്‍ പടലത്തിന്‌ പിന്നിലെന്ന പോലെ ഒരു രൂപം അടുക്കുന്നതുകണ്ടു.

"തിമാക്ക" ഞാന്‍ എന്തിനാണ്‌ അത്‌ പറഞ്ഞതെന്ന് അറിയില്ല.

"അതിവിടെയില്ല അപ്പുറത്തെ മലയുടെ അപ്പുറമാണ്‌. നിങ്ങളെല്ലാം തെറ്റായ മല കയറി സമയം കളയുകയായിരുന്നു".

രൂപം പറഞ്ഞു. എനിക്കെന്തെങ്കിലും മനസിലായി വരുമ്പോഴേക്കും ബോധം മറഞ്ഞിരുന്നു.

ജയേഷ്‌. എസ്‌.
Subscribe Tharjani |
Submitted by prakash (not verified) on Fri, 2006-03-03 20:12.

Jay,

This is a very good story. You will become a famous writer, in very near fuure. Best wishes.

Prakash
new Delhi