തര്‍ജ്ജനി

യാത്ര

യമുനോത്രി - അഞ്ച്

അന്നു രാത്രി ഹനുമാന്‍ ടെമ്പിളില്‍ ആരതിക്കു പങ്കെടുത്തു. യമുനോത്രി സന്ദര്‍ശിക്കാനെത്തിയ ഒരു പ്രൊഫസറും കുടുംബവും ആരതിക്കു വന്നിരുന്നു. ആരതി കഴിഞ്ഞ് എല്ലാവരും മുറിയില്‍ ഇരുന്നു. കട്ടിലില്‍ മഠാധിപതി റാം ബറോസബഹന്ത് ശാന്തനായിരിക്കുന്നു. കുറെസമയം എല്ലാവരും അങ്ങനെ മൌനമായിരുന്നു കാണും. അവസാനം പ്രൊഫസര്‍ മഹാരാജിന്റെ അടുത്തേക്കു നീങ്ങിയിരുന്ന് ഒരു സംശയം ചോദിച്ചോട്ടേ എന്നു ചോദിച്ചു. അദ്ദേഹം മന്ദഹസിച്ചുകൊണ്ട് തലയാട്ടി

"ഗുരുജി, ഈ ലോകത്ത് ഇത്രയും മഹാത്മാക്കള്‍ വന്നു പിറന്നു കടന്നു പോയിട്ടും എന്തുകൊണ്ടാണ് ലോകരുടെ ദുരിതങ്ങളൊന്നും അവസാനിക്കാത്തതു്? ഓരോ ദിവസം കഴിയുംതോറും മനുഷ്യന്‍ കൂടുതല്‍കൂടുതല്‍ സ്വാര്‍ത്ഥനും ഹിംസാലുവും ആയി മാറുന്നു. വിദ്യാഭ്യാസം വന്‍‌കച്ചവടമായി അധഃപതിക്കുന്നു. ഇത്തരം കഷ്ടതകള്‍ അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ ഭഗവാന്‍ അവതരിക്കും എന്നു പറയുന്നുണ്ടല്ലോ? അങ്ങനെയൊരാള്‍ എവിടെയെങ്കിലും അവതരിച്ചിട്ടുണ്ടോ? ഇപ്പോള്‍ അവതരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് അവതരിക്കുക?! ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ നിര്‍ദ്ദാക്ഷിണ്യം കൊന്നൊടുക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ഹൃദയം വല്ലാതെ വേദനിക്കുന്നു. എന്താണ് ഇതിനൊരു പരിഹാരം?”

മഹന്ത് വളരെ നിസ്സംഗതയോടെ പറഞ്ഞു: “സൃഷ്ടി ഉണ്ടായ കാലം മുതല്‍ ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മനസ്സ് ഇല്ലാതായാലേ സമത്വം സംഭവിക്കുകയുള്ളൂ. നിങ്ങളെപ്പോലെത്തന്നെ നന്മ കാംക്ഷിക്കുന്ന അനേകമാളുകള്‍ ഈ ലോകത്തുണ്ട്. അവരുടെ ഹൃദയവേദനയൊന്നും വെറുതെയാവുകയില്ല. നന്മയ്ക്കു വേണ്ടിയുള്ള മനുഷ്യരുടെ ഇച്ഛ അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ ഗീതയില്‍ പറയുന്നതുപോലെ ഭഗവാന്‍ അവതരിക്കുകതന്നെ ചെയ്യും. അതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. വിലപിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. സ്വയം ആത്മാനുഭാവിയായിത്തീരുകയും അടുത്തു വരുന്നവരുമായി അതു പങ്കിടുകയും ചെയ്യുക. അങ്ങനെയങ്ങനെ സാവധാനത്തില്‍ എല്ലാം സംഭവിക്കും. എല്ലാവരും നന്മയില്‍ കഴിയുന്ന ഒരു ലോകം സ്വപ്നം മാത്രമാണ്. അങ്ങനെ ഒരിക്കലും സംഭവിക്കില്ല. സൃഷ്ടിയുടെ സ്വഭാവം അങ്ങനെയാണ്.”

പ്രൊഫസര്‍ക്ക് ഗുരുജിയുടെ വാക്കുകളൊന്നും സംതൃപ്തി നല്‍കിയില്ല. അദ്ദേഹം തുടര്‍ന്നു ചോദിച്ചു: “ഭഗവാന്റെ ആവിര്‍ഭാവത്തിന് ഇനി എത്ര കാലം കാത്തിരിക്കണം. ഭഗവാന്‍ വരുമ്പോഴേക്കും ലോകത്ത് ഒരു സൃഷ്ടിയും ഉണ്ടാവില്ല എന്നാണ് എനിക്കു തോന്നുന്നത്.”

അതുകേട്ട് എല്ലാവരും ചിരിച്ചു. ഗുരുജി ഗൌരവം വിടാതെ പറഞ്ഞു: “കാത്തിരിക്കണം. എത്രകാലം എന്നൊന്നും പറയാനാവില്ല. കാത്തിരിക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ.”

പ്രൊഫസര്‍ നിരാശയോടെ തല അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് അവിടെനിന്നും എഴുന്നേറ്റു പുറത്തിറങ്ങി. ആ മനുഷ്യന്റെ ഹൃദയവ്യഥ കണ്ടപ്പോള്‍ നിസ്വാര്‍ത്ഥരായ ആത്മാക്കള്‍ ലോകഹിതമാഗ്രഹിച്ച് എന്നും എവിടെയും ജീവിക്കുന്നവല്ലോ എന്നൊരാശ്വാസം ഉള്ളില്‍ നിറയാതിരുന്നില്ല. ഞങ്ങളും പുറത്തിറങ്ങി. അദ്ദേഹത്തെ പരിചയപ്പെട്ടു. ഇനിയും കാണണമെന്നും നന്മ നിറഞ്ഞ ആളുകളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഒക്കെ അയാ‍ള്‍ പറഞ്ഞു.

നമ്മുടെ രാം‌ലാലിന്റെ കാര്യം മറന്നുപോയി. ഉച്ചയ്ക്കു ഹോട്ടലില്‍ വന്നപ്പോള്‍ അവിടെ ആളിരിപ്പുണ്ടായിരുന്നു. രാം‌ലാല്‍ അടുത്തുവന്ന് റാണയോട് ‘ഞാന്‍ ഇവരോട് കുറച്ചുനേരം ഒന്നു സംസാരിച്ചോട്ടേ’ എന്നു ചോദിച്ചു. ‘അതിനെന്താ?’ റാണ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു.

ഞങ്ങള്‍ രാം‌ലാലിനോടൊപ്പം തൊട്ടടുത്ത ചായക്കടയില്‍ പോയിരുന്നു. റാണയുടെ അടുത്തു നിന്നും എഴുന്നേറ്റു ചെന്നതിനാല്‍ രാം‌ലാലിനു് ഒരുപാട് സന്തോഷമായി. രാം‌‌ലാല്‍ വീട്ടിലേക്കു പോകുകയാണ്. ഇനി രണ്ടു ദിവസം കഴിഞ്ഞേ മുകളിലോട്ടു വരൂ. നിങ്ങള്‍ എനിക്കു വെറും സുഹൃത്തുക്കളല്ലെന്നും എന്റെ കുടുംബക്കാരെപ്പോലെയാണെന്നും രാം‌ലാല്‍ ഇടയ്ക്കിടക്കു പറയുന്നുണ്ടായിരുന്നു. ആ കടയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാ പൂജാരിമാരെയും ഞങ്ങള്‍ക്കു പരിചയപ്പെടുത്തി.

ചായക്കടക്കാരന്‍ മാധവ് സത്യാന്വേഷകനായ ഒരു സത്പുരുഷനാണ്. മാധവ് ഓരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. യുക്തിയുക്തമായി ചിന്തിക്കുകയും പരമാര്‍ത്ഥം ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരന്‍.

“എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നത്?”
“ഹിമാലയത്തില്‍ എങ്ങനെ വരാതിരിക്കും”
“ഭക്തരാണോ?”
“ആണെന്നും അല്ലെന്നും പറയാം.”
“കല്ലില്‍ ദൈവമിരിപ്പുണ്ടോ?”
“ഇല്ല”
“പിന്നെ എന്തിനാണ് എല്ലാവരും അതിന്റെ മുമ്പില്‍ കിടന്നു നിലവിളിക്കുന്നത്?”
“കല്ലില്‍ ദൈവമില്ലെന്ന് ഭക്തനുമറിയാം. കല്ലിനോടല്ല അവര്‍ നിലവിളിക്കുന്നത്. അതൊരു ഉപാധി മാത്രമാണ്.”
“മനസ്സിലായില്ല”
“നിങ്ങള്‍ എന്നോട് സംസാരിക്കുമ്പോള്‍ എന്തിനാണ് വാക്കുപയോഗിക്കുന്നത്?“
“പിന്നെയെങ്ങനെ എന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ നിങ്ങളോട് പറയും?”
“അതു ശരി. അപ്പോള്‍ നിങ്ങളുടെ ഉള്ളിലുള്ള ആശയത്തെ മറ്റുള്ളവരുമായി പങ്കു വെയ്ക്കണമെങ്കില്‍ വാക്കുപയോഗിക്കണം അല്ലേ?”
“തീര്‍ച്ചയായും”
“ആംഗ്യത്തിലൂടെ കുറെയൊക്കെ പറയാനാവില്ലേ?”
“പറയാം”
“കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്ന് മൌനമായി സംവദിക്കുന്ന കാമുകീകാമുകന്മാരെക്കുറിച്ച് കേട്ടിട്ടില്ലേ?”
“കേള്‍ക്കുക മാത്രമല്ല, കണ്ടിട്ടുമുണ്ട്.”
“എന്തുകൊണ്ടാണ് മാധവ് പറയുന്നത് ഗായത്രി എനിക്കു മലയാളത്തില്‍ പറഞ്ഞു തരേണ്ടി വരുന്നത്?”
“അങ്ങേയ്ക്ക് ഹിന്ദി അറിയാത്തതുകൊണ്ട്.”
“അപ്പോള്‍ വാക്കു കേട്ടതു കൊണ്ടുമാത്രം പ്രയോജനമില്ല?”
“ഇല്ല അര്‍ത്ഥം കൂടി അറിയണം”
“മാധവ് പറയുന്ന വാക്കുകള്‍ ഞാന്‍ കേള്‍ക്കുമ്പോള്‍ അത് എന്റെ ഉള്ളില്‍ ഒരര്‍ത്ഥവും സ്ഫുരിപ്പിക്കുന്നില്ല. വെറും ശബ്ദതരംഗങ്ങള്‍ മാത്രം. എന്നാല്‍ ഗായത്രി അതു വിവര്‍ത്തനം ചെയ്തു മലയാളത്തില്‍ പറയുമ്പോള്‍ അതൊന്നും വെറുംവാക്കുകള്‍ ആയിരുന്നില്ലെന്നും ആ വാക്കിലെല്ലാം അര്‍ത്ഥസമ്പുഷ്ടമായ ആശയങ്ങള്‍ നിറഞ്ഞിരുന്നെന്നും ഞാന്‍ അറിയുന്നു. അല്ലേ?”
“അതേ”
“മാധവന്റെ ഉള്ളിലുള്ള ആശയത്തെ എന്നെ ധരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച മാധ്യമം എന്തായിരുന്നു?”
“വാക്ക്”
“മാധ്യമത്തിന് സംസ്കൃതത്തില്‍ എന്താണ് പറയുന്നതെന്നറിയാമോ?”
“ഇല്ല”
“വിഗ്രഹം”
“വിഗ്രഹമോ?”
“അതെ; വിഗ്രഹം. മാധവിന്റെ ഉള്ളിലുള്ള ആശയത്തെ നേരിട്ടു ഗ്രഹിക്കാന്‍ എനിക്കു കഴിയാത്തതുകൊണ്ട് ഭാഷയെന്ന മാധ്യമത്തെ വിശേഷമായുപയോഗിച്ച് പറയുന്നു എന്നര്‍ത്ഥം. വിശേഷേണ ഗ്രഹിക്കുക എന്നേ വിഗ്രഹത്തിനര്‍ത്ഥമുള്ളൂ.”
“ഇതും കല്ലിനെ ആരാധിക്കുന്നതും തമ്മിലെന്താ ബന്ധം?”
“ഭാഷ പോലെ തന്നെ ആംഗ്യവും മൌനവും ഒക്കെ വിഗ്രഹമായുപയോഗിക്കാം. അതുപോലെ ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും ആശയങ്ങളെ അവതരിപ്പിക്കാന്‍ കഴിയില്ലേ?”
“തീര്‍ച്ചയായുംകഴിയും”
“പ്രിയപ്പെട്ട മാധവ്, പൌരാണികരായ ഋഷീശ്വരന്മാര്‍ അവര്‍ക്കനുഭവിക്കാനായ അദ്വൈതാനുഭൂതിയെ ആദ്യം വെളിപ്പെടുത്തിയത് ധ്യാനാത്മകമായ മൌനത്തിലൂടെയാണ്. എന്നാല്‍ അതിന്റെ രഹസ്യം അറിയാതിരുന്നവര്‍ക്കായി ഓം എന്ന ശബ്ദത്തിലൂടെയും തുടര്‍ന്ന് മന്ത്രത്തിലൂടെയും ശ്ലോകത്തിലൂടെയും നീണ്ട ഉപനിഷത്തുകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും മുദ്രകളിലൂടെയും ചിത്രശില്പഭാഷകളിലൂടെയും എല്ലാം അവര്‍ സംസാരിക്കാന്‍ കാരുണ്യം കാണിച്ചു. തങ്ങള്‍ക്കനുഭവിക്കാനായ അനുഭൂതി സഹജാതരും അനുഭവിക്കണം എന്നവര്‍ ആഗ്രഹിച്ചു. ഓരോരുത്തരെയും ഹൃദയത്തില്‍ നിര്‍വൃതിയായിരിക്കുന്ന ദൈവീകതയിലേക്കെത്തിക്കണമെന്നേ അവര്‍ കരുതിയുള്ളൂ. അതിന് അനേകം മാര്‍ഗ്ഗങ്ങള്‍ തന്ത്രപൂര്‍വ്വം ആവിഷ്കരിച്ചു എന്നു മാത്രം. വിഗ്രഹത്തിനു മുമ്പില്‍ ചെന്നു നില്‍ക്കുന്ന യഥാര്‍ത്ഥ ഭക്തന്‍ കണ്ണടച്ചു നില്‍ക്കുന്നതെന്തിനാണ്? കല്ലിനോടാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ കണ്ണു തുറന്നല്ലേ പറയേണ്ടത്? വിവിടെ ഒരു രഹസ്യമുണ്ട്. തന്റെ തന്നെ ഉള്ളിലുള്ള ശൈവത്തിലേക്കു നിമീലിതനായിപ്പോകാന്‍ പുറത്ത് ഒരു ഉപാധിയെ സ്വീകരിക്കുന്നു എന്നു മാത്രം. കല്ലില്‍ ഒന്നും ഇല്ല. കല്ലു മാത്രമേയുള്ളൂ. എന്നാല്‍ ആ കല്ലിനു പിന്നില്‍ വലിയൊരു ആശയമുണ്ട്. ആ ആശയമറിയാതെ വിഗ്രഹത്തിനു മുമ്പില്‍ നില്ക്കുന്നവര്‍ മാധവന്റെ ഹിന്ദി കേള്‍ക്കുന്ന എന്നെപോലെയാണ്.”

കടയിലുള്ളവരെല്ലാം ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ച് അടുത്തു വന്നിരുന്നു. അപ്പോഴേക്കും ഭക്ഷണം റെഡിയായെന്നും ചൂടാറുന്നതിനുമുമ്പ് വന്നു കഴിക്കെന്നും പറഞ്ഞ് റാണ വിളിച്ചു. മാധവിനു മതിയായിട്ടില്ല. വെറുതെ തര്‍ക്കിക്കാന്‍ വേണ്ടിയാണ് ചോദിച്ചു തുടങ്ങിയതെങ്കിലും പിന്നീട് വളരെ ശ്രദ്ധയോടെയാണ് എല്ലാം കേട്ടിരുന്നത്. ഇനിയും കേള്‍ക്കണമെന്നുണ്ടെന്നും കഴിയുമെങ്കില്‍ എല്ലാ വര്‍ഷവും ഇവിടെ വരണമെന്നും ഒക്കെ പറഞ്ഞു.

രാം‌ലാലിനു പിരിഞ്ഞു പോകാന്‍ വലിയ സങ്കടം. അഡ്രസെല്ല്ലാം എഴുതി വാങ്ങിച്ചു. നിര്‍ബന്ധമായും കത്തെഴുതണം എന്നു പറഞ്ഞു. 25 വയസ്സുള്ള ചിന്നപ്പയ്യന്‍. ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പൂജാരിയുടെ കള്ളത്തരങ്ങളുണ്ടെങ്കിലും നിഷ്കളങ്കനായ മനുഷ്യന്‍. രാം‌ലാല്‍ നടന്നു മറയുന്നതും നോക്കി ഞങ്ങള്‍ നിന്നു. നൈമിഷികമെങ്കിലും സ്നേഹത്തിന്റെ ഉദാത്തമായ വേദന എത്ര അനുഗ്രഹീതമാണ്. രാത്രി ഞങ്ങള്‍ക്കു കിടക്കാനുള്ള കിടക്കയും മാധവ് പാറയില്‍ കൊണ്ടുവന്നു തരുമെന്നും എല്ലാം ഏര്‍പ്പാടാക്കിയാണ് പോകുന്നതെന്നും രാം‌ലാല്‍ പറഞ്ഞിരുന്നു. റാണയുടെ മുറിയില്‍ സ്ഥലമുള്ളതിനാല്‍ അവിടെ കിടന്നോളാമെന്ന് ഞങ്ങള്‍ മാധവിനോട് പറഞ്ഞു.

റാണയോട് തര്‍ക്കിച്ചും തമാശ പറഞ്ഞും കമ്പിളിക്കുള്ളില്‍ തണുത്തു വിറച്ചു ഞങ്ങള്‍ ഇരുന്നു. ഇന്നലെ ഉഷ്ണം കൊണ്ട് ഉറങ്ങാനേ കഴിഞ്ഞില്ല. ഇന്ന് റെജോയിയും കമ്പിളിയുമെല്ലാം ഇട്ടു മൂടിയിട്ടും കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്നു. പല്ലുകള്‍ കിടുകിടുക്കുന്നു. പകല്‍ നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നതിനാല്‍ പിന്നെ യാതൊരു മര്യാദയുമില്ലാതെയാണ് ആളുകളുടെ വരവ്. വഴികളെല്ലാം ഇടിഞ്ഞ് കൊക്കയില്‍ പതിച്ചിട്ടുണ്ടാവുമെന്ന് റാണ പറഞ്ഞു. കുറെ സമയം കഴിഞ്ഞപ്പോള്‍ ഉള്ളില്‍ ചൂട് വരാന്‍ തുടങ്ങി. വൈകിയാണെങ്കിലും സുഖമായി ഉറങ്ങി.

രാവിലെ എഴുന്നേറ്റു പുറത്തു വന്നപ്പോള്‍ മഴ നിലച്ചിട്ടില്ല. നൂലുപോലെ സ്ലോ മോഷനിലാണു വരവ്. എങ്ങനെയായാലും മനുഷ്യനെ ബുദ്ധിമുട്ടിച്ചേ അടങ്ങൂ. യമുന പതിവുപോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനുഷ്യനുമാത്രമേ ആവര്‍ത്തനവിരസതയുള്ളൂ. ഒരു ചായയും കുടിച്ച് സ്ഥലം വിട്ടേക്കാം എന്നു കരുതി പുറത്തേക്കിറങ്ങി. വിവരം ഞങ്ങളുടെ രക്ഷകര്‍ത്താവിനോടു പറഞ്ഞു. ഇന്നു പോകുന്ന പ്രശ്നമില്ലെന്നും നാളെ നാമൊന്നിച്ച് മുസ്സോറിയും ഡെറാഡൂണും പോകുന്നെന്നും അദ്ദേഹം പ്രതിവചിച്ചു. ഞങ്ങള്‍ക്ക് ഗംഗോത്രിയിലാണ് പോകേണ്ടത്. മുസ്സോറിയിലൊന്നും പോകാന്‍ പ്ലാനില്ലെന്നു പറഞ്ഞപ്പോള്‍ അതിനെന്താ മുസ്സോറിയില്‍ പോയാലും ഗംഗോത്രിയില്‍ പോകാമല്ലോ എന്ന് തിരിച്ചടിച്ചു. അതു ശരിയാണല്ലോ എന്ന് എനിക്കും തോന്നി.

ഗായത്രിയുടെ ‘സ്നേഹമസൃണമായ’ മുഖം കണ്ടപ്പോള്‍ വളരെ ഗൌരവത്തില്‍ ഞാന്‍ ചോദിച്ചു: ‘ഞങ്ങള്‍ മുസ്സോറിയില്‍ വരണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?”
“കാര്യമുണ്ട്.” റാണ തുടര്‍ന്നു. “അവിടെ ഒരമ്മയുണ്ട്. ഗായത്രി സാധകയാണ്. ഒരു ബാങ്ക് മാനേജരുടെ ഭാര്യ. അവര്‍ക്ക് ഇടയ്ക്കിടക്ക് ദര്‍ശനങ്ങളുണ്ടാകും. അവര്‍ നിങ്ങളെ കാണണം. നിങ്ങള്‍ അവരെയും. അപ്പോള്‍ ഞാന്‍ പറയുന്നതൊക്കെ ശരിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അതുകൊണ്ട് നാളെ നാം ഒന്നിച്ചിറങ്ങുന്നു. ഓകെ?”

കൂടുതല്‍ യുക്തിവാദം ചെയ്താല്‍ ഊര്‍ജ്ജം നഷ്ടപ്പെടുമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. ശരി എന്നു മാത്രം പറഞ്ഞു. എന്തോ ഒരു സ്നേഹം റാണയോടു തോന്നിയിരുന്നതിനാല്‍ ധിക്കരിച്ചു ആളെവിട്ടു പോകാനും തോന്നുന്നില്ല.

ഇന്നും ഞങ്ങള്‍ റാണയുടെ കൂടെ മലമുകളില്‍ പോയി. കുറെ സമയം അവിടെ ചുമ്മായിരുന്നു. ഇന്നലെ തിരിച്ചിറങ്ങുമ്പോള്‍ ആ മൈതാനത്തുള്ള ചെറിയ കുടിലില്‍ താമസിക്കുന്നവരെക്കുറിച്ച് ചോദിക്കണമെന്നു കരുതിയെങ്കിലും റാണയുടെ വാഗ്വിലാസത്തിനിടയ്ക്ക് അവസരമുണ്ടായില്ല.

റാണ ഞങ്ങളെയും കൂട്ടി ആ കുടിലിലേക്ക് നടന്നു. ടാര്‍പോളിന്‍ കൊണ്ടു കെട്ടിയ ഒരു ചെറിയ കുടില്‍. മടക്കിമടക്കിയിട്ടിരിക്കുന്ന റെജോയിയില്‍ അവര്‍ രണ്ടുപേര്‍ കിടന്നു ചായ കുടിക്കുന്നു. കുടിലിനു നടുവില്‍ ഒരഗ്നികുണ്ഠം. അതില്‍ വലിയ രണ്ടു മരക്കഷണങ്ങള്‍ ഇരുന്നെരിയുന്നു. അതിനു മുകളില്‍ ഒരു കെറ്റല്‍. കുടിലിനു തൊട്ട് ചെറിയൊരു തൊഴുത്ത്. അതില്‍ ഒരു പശുവും നാലഞ്ച് ആടുകളും.

റാണയെ കണ്ടതും അവര്‍ ചാടിയെഴുന്നേറ്റ് നമസ്കാരം പറഞ്ഞു. ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. റെജോയിയിലെ പൊടിയെല്ലാം തട്ടി ഇരിപ്പിടം ശരിയാക്കിത്തന്നു. ‘ചായ കുടിക്കുമോ?’ വളരെ വിനയത്തോടെ അവര്‍ ചോദിച്ചു.

‘പിന്നെന്താ, ചായ കുടിക്കാനാണ് ഞങ്ങള്‍ വന്നത്’. ഗായത്രി പറഞ്ഞു.

നല്ല പാല്‍ചായ. രണ്ടു ഗ്ലാസ്സ് അകത്താക്കി. വിറകു പെറുക്കിയും ആടിനെ മേച്ചും അവര്‍ ചെറിയ വരുമാനമുണ്ടാക്കുന്നു. അല്പം കൃഷിയുമുണ്ട്. മൂന്നാളുണ്ട്. ഒരാള്‍ വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയിരിക്കുകയാണ്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രണ്ടാള്‍ക്കു ചുമക്കാന്‍ കഴിയുന്നതിലുമധികം വിറകും തലയിലേറ്റി ക്ഷീണിച്ചവശനായി അയാള്‍ കയറി വന്നു. അരോഗ്യദൃഢഗാത്രന്‍. അപ്രതീക്ഷിതമായി മൂന്നുപേരെ അവിടെ കണ്ടപ്പോള്‍ ആള്‍ക്കാകെ പരിഭ്രമം. റാണയെ കണ്ടതോടെ മഹാരാജ് നമസ്കാരം എന്നു പറഞ്ഞ് ആള്‍ കുടിലില്‍ കയറി ഒരു മുക്കില്‍ കുന്തക്കാലില്‍ ഇരിപ്പായി.

വിറകും പാലും ആശ്രമങ്ങളിലും ചായക്കടകളിലും കൊണ്ടുപോയി വിറ്റാണ് അവര്‍ കഴിയുന്നത്. സീസണ്‍ കഴിയുമ്പോള്‍ കിട്ടിയ പണവുമായി അവര്‍ മലയിറങ്ങും. റാണാഛട്ടിയിലാണ് വീട്. മൂന്നു പേരും വിവാഹിതരാണ്. പ്രസാദാത്മകമായ മുഖഭാവം. ഒഴിവുസമയമെല്ലാം ഭജനയാലപിച്ചും ഭഗവത്ഗീത വായിച്ചും ആനന്ദിക്കുന്നു. പാട്ടുപാടുമെന്നു കേട്ടപ്പോള്‍ എന്നാല്പിന്നെ അതാവട്ടെയെന്നായി. മധുരമായ സ്വരത്തില്‍ തുളസീരാമായണത്തില്‍നിന്നും ഒരു ഭാഗം ഒരാള്‍ ചൊല്ലി. ഗന്ധര്‍വ്വനാദം എന്നൊക്കെ കേട്ടിട്ടില്ലേ. അതൊരുപക്ഷേ ഇതായിരിക്കും. വീണ്ടും വീണ്ടും അദ്ദേഹത്തെക്കൊണ്ട് ഞങ്ങളത് പാടിപ്പിച്ചു. ഞങ്ങളും എന്തെങ്കിലും പാടണം എന്നു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഫാത്തിഅ സൂറത്തും ഓതിക്കേള്‍പ്പിച്ചു. അവര്‍ക്ക് ആശ്ചര്യമായി. ബാബയെങ്ങിനെ അറബി പഠിച്ചു. ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ ഗീത വായിച്ച് അര്‍ത്ഥം പറയാന്‍ തുടങ്ങി. കുറെ സമയം അവരോടൊത്തു ചിലവഴിച്ചു. നിഷ്കളങ്കരും ജ്ഞാനികളുമായ സാധാരണക്കാര്‍. ഹിമാലയം വിശ്വസിക്കാനാവാത്ത മാറ്റങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്നുണ്ടെന്നത് സത്യം തന്നെ.

മഴ അധികം നീണ്ടു നിന്നില്ല. നല്ല തെളിമയുള്ള ദിവസം. അങ്ങകലെ വെള്ളിമാമലകള്‍ പുഞ്ചിരിക്കുന്നു. പുല്‍നാമ്പുകള്‍ക്ക് വല്ലാത്തൊരു തിളക്കം. തൂവെള്ള മേഘശകലങ്ങള്‍ ആകാശത്തൂടെ ഒഴുകിപ്പോകുന്നത് കാണുമ്പോള്‍ ആടാനും പാടാനും തോന്നും. കൈലാസ് നാഥ് മലയില്‍ വെയിലേല്‍ക്കുമ്പോള്‍ മാല പോലെ ഒഴുകുന്ന ഗംഗയും യമുനയും വെട്ടിത്തിളങ്ങുന്ന മുത്തുമാല തന്നെ.

റാണയുമായി പിന്നെയും കുറെ വിഷയങ്ങള്‍ സംസാരിച്ചു. ആദ്ധ്യാത്മികതയെക്കുറിച്ച് എത്രയെത്ര അബദ്ധധാരണകളാണ് മനുഷ്യന്‍ വെച്ചു പുലര്‍ത്തുന്നത്? അതിശയോക്തിയുടെ പരിവേഷമില്ലെങ്കില്‍ ആത്മീയതയ്ക്ക് ഒരര്‍ത്ഥവുമില്ലെന്ന ധാരണ ഇത്തരക്കാരെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും ഭ്രമബുദ്ധി ഉളവാക്കുന്ന മഹത്വം ആരോപിച്ച് വാഴ്ത്തിപ്പാടുന്നതിലേക്കും നയിക്കുന്നു. റാണ ഇടയ്ക്കിടക്കു പറയും: ‘എന്റെ കണ്ണിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. ചില പ്രകാശമൊക്കെ കാണുന്നില്ലേ?”

റാണയുടെ വാചകമടിയും അതിശയോക്തിയും ഗായത്രിക്കു സഹിക്കാനാവുന്നതിനും അപ്പുറമായിത്തുടങ്ങിയിരുന്നു. ‘അയാളില്‍ നിന്നും രക്ഷപെട്ടെന്നു കരുതിയതാണ്. പിന്നെയെന്തിനാണ് മുസ്സോറിയിലേക്കൊക്കെ പോകാമെന്നു പറഞ്ഞത്.’ ഗായത്രി ദേഷ്യപ്പെട്ടു.

“നിയതി ഇങ്ങനെ ഒരാളെ നമ്മുടെ അടുത്തെത്തിച്ചില്ലേ. ഇന്ന സ്ഥലത്തു നിന്ന് ഇന്ന സ്ഥലത്തേക്കേ പോകൂ എന്നൊന്നും നാം തീരുമാനിച്ചിട്ടില്ലല്ലോ? അയാള്‍ ഏതുവരെ നമ്മെ കൊണ്ടുപോകുമെന്നു നോക്കാം. തമാ‍ശയായി എടുത്താല്‍ മതി. ഒരു പരിചയവുമില്ലാത്ത നമ്മെ എല്ലാ ചിലവും വഹിച്ച് സൌകര്യങ്ങളെല്ലാം ഒരുക്കിത്തന്ന് ഇവിടെ താമസിപ്പിക്കേണ്ട വല്ല കാര്യവുമുണ്ടോ? എന്തായാലും മുസ്സോറി മനോഹരമായ ഒരു സ്ഥലമാണെന്ന് കേട്ടിട്ടുണ്ടല്ലോ. കാണാന്‍ പോകുന്നു എന്നു കരുതിയാല്‍ മതി.”

രാത്രി പതിവു പോലെ കൊടും തണുപ്പു തന്നെ. കമ്പിളിയും റെജോയിയും വലിച്ചിട്ട് ചുരുണ്ടുകൂടി കിടന്നു. ഉറങ്ങിപ്പോയതറിഞ്ഞില്ല.

രവിലെ ജാനകീഭായ് കുണ്ടിലെ ചൂടുനീരിലൊരു കുളിപാസ്സാക്കി യമുനോത്രിയോട് വിടപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

ഷൌക്കത്ത്
Subscribe Tharjani |