തര്‍ജ്ജനി

ശ്രീജ. ജെ

XI ഹ്യുമാനിറ്റീസ് ,
കരമന ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,
കരമന,
തിരുവനന്തപുരം

Visit Home Page ...

കഥ

അമ്മയുടെ അരികിലേയ്ക്ക്

നട്ടുച്ച വെയിലത്ത് തിരക്കുപിടിച്ച റോഡിലൂടെ കൈയില്‍ ഒരു പൊതിയുമായി അയാള്‍ നടന്നു. "ബാബൂ.." എന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ കൂട്ടുകാരനാണ്.

"അച്ഛനുള്ള മരുന്നുകളാണ്" - അയാള്‍ പറഞ്ഞു. "ഇതു കൊണ്ടു ചെന്നിട്ടു വേണം അച്ഛനു കഴിക്കാന്‍. ഞാന്‍ പോകട്ടേ.."കൂട്ടുകാരനെ ഒഴിവാക്കാന്‍ വേണ്ടി ധൃതിപിടിച്ചു നടന്നു.


ചിത്രീകരണം : ശ്രീകല

വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ കഞ്ഞി കുടിച്ചു കഴിഞ്ഞെന്ന് ഭാര്യ അയാളെ അറിയിച്ചു. "എന്നാല്‍ മരുന്നുകള്‍ കൂടി കൊടുത്തേയ്ക്കൂ" അയാല്‍ പൊതി ഭാര്യയെ ഏല്പിച്ചു. അച്ഛന്റെ മുറിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ ഉറങ്ങുകയാണ്. "ഉറങ്ങട്ടെ, ഒന്നും അറിയണ്ട".

അമ്മയെ ഉപേക്ഷിക്കാതിരുന്നെങ്കില്‍ ഈ വീട്ടില്‍ ഒരു വിളക്കായി അച്ഛനു താങ്ങായി അമ്മ കാണുമായിരുന്നു. എത്ര പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അച്ഛന് ഒന്ന് പറഞ്ഞു കൂടേ അമ്മ എവിടെയാണെന്ന്? പറയില്ല. അമ്മയെക്കുറിച്ചുള്ള ഒരോര്‍മ്മയും അച്ഛന്‍ ഈ വീട്ടില്‍ ബാക്കി വച്ചില്ല. ഞാന്‍ അമ്മയെ വിളിച്ചുകൊണ്ടു വന്നാലോ ..ഇത്രമാത്രം വെറുക്കാന്‍ അമ്മ അച്ഛനോട് എന്തു തെറ്റായിരിക്കും ചെയ്തത്? ഇത്രയും അകറ്റി നിര്‍ത്തിയ ഒരു വ്യക്തിയോട് അമ്മ ഏതു വികാരമായിരിക്കും മനസ്സില്‍ സൂക്ഷിക്കുന്നത്..അമ്മയെ കണ്ടു പിടിക്കണം എന്നെങ്കിലും. ഓര്‍മ്മ വച്ച നാളുമുതല്‍ അമ്മയെ അന്വേഷിക്കുകയാണ് മനസ്സ്.

സ്വന്തം മുറിയില്‍ ചെന്ന് നിന്ന് അല്പം വെള്ളം കുടിച്ചിട്ട് വായിച്ചു മാറ്റി വച്ചിരുന്ന പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങി. അമ്മ ഉപേക്ഷിച്ചു പോയ ഒരു മകന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകമായിരുന്നു അത്. തന്റെ ജീവിതവും ഇങ്ങനെ തന്നെ. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് ഓര്‍മ്മയില്ല. ഭാര്യയുടെ ശബ്ദം കേട്ട് ഞെട്ടലോടെ ഉണര്‍ന്നു. സമയം മൂന്നര കഴിഞ്ഞിരിക്കുന്നു. മകളുടെ സ്കൂളു വിട്ടു കാണും. വേഷം മാറി അവളെ വിളിക്കാനായി ഇറങ്ങി.

സ്കൂളില്‍ നിന്നെത്തിയപാടെ മകള്‍ അപ്പൂപ്പന്റെ അടുത്തേയ്ക്ക് ഓടി. അയാള്‍ തടഞ്ഞു "അപ്പൂപ്പന്‍ ഉറങ്ങുകയല്ലേ, ശല്യപ്പെടുത്തരുത്. പോയി മേലു കഴുകി ചോറുണ്ണ്.." മകളു പോയി കഴിഞ്ഞപ്പോള്‍ കുറച്ചു നേരം പിന്നെയും ബാബു അച്ഛനെ നോക്കി നിന്നു. പെട്ടെന്ന് അമ്മയെക്കുറിച്ച് ഓര്‍മ്മ വന്നു. ദീര്‍ഘനിശ്വാസത്തോടെ പുറത്തേയ്ക്ക് പോയി. വീടിന്റെ അടുത്തുള്ള തെങ്ങിന്‍ തോപ്പിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.

ഭാര്യ ഓടി വരുന്നതു കണ്ടു. അച്ഛനു വല്ലാത്ത ശ്വാസം മുട്ടല്‍ തുടങ്ങിയിരിക്കുന്നു. ഭാര്യയോടൊപ്പം അച്ഛന്റെ അടുക്കലേയ്ക്ക് ഓടി. മകള്‍ അടുത്തിരുന്ന് അപ്പൂപ്പന്റെ നെഞ്ചു തടവികൊടുക്കുന്നുണ്ട്. ബാബുവിനെ കണ്ടപ്പോള്‍ എന്തോ പറയാനാഞ്ഞ് അച്ഛന്‍ ശബ്ദങ്ങളുണ്ടാക്കി.

ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് അച്ഛന്‍ മരിച്ചു.

അമ്മയെവിടെ എന്നായിരിക്കും അച്ഛന്‍ പറയാനാഞ്ഞത്. പക്ഷേ കഴിഞ്ഞില്ല. ബാബു വിചാരിച്ചു. മരണത്തെ അയാള്‍ മറന്നു. അച്ഛന്റെ മറവിയെ അതിജീവിച്ച് അവശേഷിക്കുന്ന എന്തെങ്കിലും ഇനിയും ഈ വീട്ടിലുണ്ടോ എന്നന്വേഷിച്ച് പഴയപെട്ടി അയാള്‍ പരതാന്‍ തുടങ്ങി.

Subscribe Tharjani |