തര്‍ജ്ജനി

കഥ

ഒളിച്ചോടുന്നവര്‍

തിരുവനന്തപുരം കരമന ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍പത്താംതരം വിദ്യാര്‍ത്ഥിനി ആമിന സി എഴുതിയ കഥ

ജീവിതത്തില്‍ നിന്ന് എങ്ങോ ഒളിച്ചോടുമ്പോലെ ചീറിപ്പായുകയാണ് ബസ്. ഓടിമറയുന്ന കാഴ്ചകള്‍ യാത്രക്കാരെ ആനന്ദിപ്പിക്കുന്നു. അതില്‍ ചിലര്‍ തങ്ങളുടെ കണ്ണുകള്‍ കെട്ടിപ്പൂട്ടി പാഴ്സല്‍ പോലെ ഇരിക്കുന്നു. അവര്‍ ഒന്നും അറിയുന്നില്ല.
നട്ടുച്ച. സൂര്യന്‍ ജ്വലിക്കുകയാണ്. പൊടിക്കാറ്റ് വീശുന്നുണ്ട്. പക്ഷിശബ്ദങ്ങള്‍ നിലച്ചിരിക്കുന്നു. ഒരു യാന്ത്രികജീവിതത്തില്‍ ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. ആളുകള്‍ കാലത്തിനൊപ്പം സഞ്ചരിക്കുവാന്‍ ശ്രമിക്കുകയാണ്. സാധിക്കില്ല. അതിനായി ഒരുപാട് പരിശ്രമിച്ച ആളാണ് ഞാന്‍. ഫലം പരാജയം. ജീവിതത്തില്‍ പരാജയപ്പെട്ടോ എന്ന തോന്നല്‍ എന്നെ എപ്പോഴും അലട്ടുന്നു.


ചിത്രീകരണം : ശ്രീകല

ബസ്സ് നിര്‍ത്തി. ഒരു യുവതിയും കൊച്ചു കുഞ്ഞും ബസ്സിലേയ്ക്ക് കയറി. കുഞ്ഞ് നന്നായി വിയര്‍ത്തിരിക്കുന്നു. തോളിലൊരു കൊച്ചു ബേഗ്. തിളക്കമുള്ള വസ്ത്രങ്ങളും ചെരിപ്പുകളും. കൈയ്യില്‍ ഒരു ചോക്ലേറ്റുണ്ട്.

എനിക്കെന്റെ ബാല്യം ഓര്‍മ്മ വന്നു. അമ്മയുടെ വിരലുകളില്‍ തൂങ്ങി ചാടിക്കളിച്ചു നടന്നിരുന്ന കാലം. പുഴവെള്ളത്തില്‍ കൊക്കുകള്‍ മീന്‍ കൊത്താന്‍ തലനീട്ടുകയും ശബ്ദം കേട്ട് കൂട്ടത്തോടെ പറന്നു പോവുകയും ചെയ്യുമ്പോള്‍ അതുപോലെയാകണമെന്ന് സ്വപ്നം കണ്ടിട്ടുണ്ട്.

‘പടിച്ച് പടിച്ച് വല്യ ആളാവണം ട്ടോ..” അമ്മ എപ്പോഴും പറയും. കയ്യില്‍ സ്ലേറ്റും മഷിത്തണ്ടിന്റെ വാടിയ ഇലകളും മുഷിഞ്ഞ വസ്ത്രവും മുഖം നിറയെ ചിരിയുമായി അമ്മയുടെ അടുക്കല്‍ എത്തുമ്പോള്‍ മറുപടിയെന്നോണം തലയാട്ടും.
‘ഉം’

ആ ശബ്ദത്തിന് ആഴത്തിലെന്തൊക്കെയോ അര്‍ത്ഥമുണ്ടെന്ന് അറിയുന്നതിപ്പോഴാണ്.
വയലില്‍ നിന്ന് കൊത്തിയെടുത്ത നെന്മണി തള്ളപ്പക്ഷി കുഞ്ഞിന്റെ വായിലേയ്ക്ക് വച്ചുകൊടുക്കുന്ന കാഴ്ച മറക്കാന്‍ വയ്യ.
അമ്മ എവിടെ?
പത്തനാപുരം .. പത്തനാപുരം.. ആളിറങ്ങാനുണ്ടോ?
തളര്‍ന്നതുപോലെ. ബസ്സില്‍ നിന്നും ഇറങ്ങി. മഴ ചാറുന്നുണ്ട്. വഴി വക്കിലെ പുല്‍നാമ്പുകള്‍ക്ക് ഉണര്‍ച്ചയുണ്ട്. പക്ഷികള്‍ ചിലയ്ക്കുന്നു. നടക്കുമ്പോള്‍ വസ്ത്രത്തില്‍ ചെളി പറ്റുന്നുണ്ട്. സാരമില്ല.
വീട്ടില്‍ ആള്‍ക്കൂട്ടമുണ്ട്.

‘ഉണ്ണി എത്തി.. എന്നാലിനി കര്‍മ്മങ്ങള്‍ തുടങ്ങാം. ..’
ചുണ്ടില്‍ ആഹാരം വച്ചു തന്ന, ചിറകിനടിയിലെ ചൂടില്‍ നോവുകള്‍ ആറ്റിയ അമ്മക്കിളി ദൂരെ എവിടെയോ പോയി. മരണസമയത്ത് അമ്മ വെള്ളം ചോദിച്ചിരിക്കും. അതു മാത്രം താന്‍ തന്നെ കൊടുത്തെങ്കില്‍ എന്നു ആശിച്ചിരിക്കും. പറ്റിയില്ല. സമയമില്ലായിരുന്നു. ഒന്നിനും. ഒന്നു ചിന്തിക്കാന്‍ പോലും. എന്നിട്ട്.. എന്നിട്ട്.. എന്താണ് ആകെ നേടിയത്....?

അമ്മേ ഈ കണ്ണീര്‍ മതിയാകുമോ?

Subscribe Tharjani |
Submitted by Ashraf Kadannappally (not verified) on Tue, 2009-11-17 13:52.

Very Good Story. You Have A Good Future. Regards

Submitted by amina (not verified) on Sun, 2009-11-22 09:28.

I am not a professional writer.Just a beginner.Thanks for appreciating

Submitted by Noushad (not verified) on Sun, 2009-12-06 13:21.

There is something somewhere in your story - keep writing, all the best