തര്‍ജ്ജനി

മുഖമൊഴി

പ്രകാശദൂരത്തിലേയ്ക്കുള്ള ചൂണ്ടുപലകകള്‍

Old Tharjani

സമാന്തര പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നെഞ്ചോട് ചേര്‍ത്ത്, സന്ധ്യകള്‍ കടലിനും പകലുകള്‍ പബ്ലിക് ലൈബ്രറിയ്ക്കും നല്‍കി, തീ പിടിച്ച ചിന്തകളും പേറി ഒരു കൂട്ടം യുവാക്കളുണ്ടായിരുന്നു. അതില്‍ അത്രയധികം അത്ഭുതപ്പെടാനൊന്നുമില്ല. അത്തരം ചെറുസംഘങ്ങള്‍ കേരളത്തിലെമ്പാടും അന്നുണ്ടായിരുന്നു. അത്തരമൊരു കൂട്ടത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് തര്‍ജ്ജനിയെന്ന ചെറുമാസിക. ഇന്ന്‌ നിങ്ങള്‍ വായിക്കുന്ന തര്‍ജ്ജനിയില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു തര്‍ജ്ജനിയുണ്ടായിരുന്നു. 1995ലെ ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച തര്‍ജ്ജനി മാസിക. 22 പുറങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെയായി പുറത്തിറങ്ങിയ ആദ്യപതിപ്പ് തന്നെ അന്ത്യപതിപ്പായത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് ഇന്നും അറിയില്ല. പിന്നെ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരും കൂട്ടം പിരിഞ്ഞ് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് നീങ്ങിപ്പോയി. വല്ലപ്പോഴും എഴുതുന്ന കത്തുകളില്‍ അപ്പോഴും തര്‍ജ്ജനിയെന്ന സ്വപ്നം സജീവമായിത്തന്നെ നിന്നു.

2003-ലെ ഓണത്തിനു് ഒരു ഓണ്‍ലൈന്‍ മാസികയും കമ്മ്യൂണിറ്റി വെബ്‌സൈറ്റുമെന്ന ആശയവുമായി നാട്ടിലെത്തിയ ഞാനും ഹരിയും സ്വാഭാവികമായും തര്‍ജ്ജനിയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല. ഇതിനിടയില്‍ പലപ്പോഴായി പ്രേം ചന്ദിന്റെ നേതൃത്വത്തില്‍ തര്‍ജ്ജനി ഒന്നു രണ്ട് പതിപ്പുകള്‍ കൂടി ഇറങ്ങിയിരുന്നു. അതിനെക്കുറിച്ചൊക്കെ ഓര്‍ത്തപ്പോള്‍ ഓണ്‍ലൈന്‍ തര്‍ജ്ജനി എത്രകാലം നിലനില്‍ക്കുമെന്ന ആശങ്ക തോന്നാതെയുമിരുന്നില്ല. പക്ഷേ തുടങ്ങി ഏതാനും മാസങ്ങള്‍ക്കകം തന്നെ നല്ലൊരു ടീമിനെ സംഘടിപ്പിക്കാന്‍ കഴിഞ്ഞതായിരുന്നു തര്‍ജ്ജനിയുടെ ഭാഗ്യം. പരസ്പരം കണ്ടിട്ടു പോലുമില്ലാത്ത ഒരുകൂട്ടം ആള്‍ക്കാ‍രുടെ ആത്മാര്‍ത്ഥമായ പരിശ്രമം തര്‍ജ്ജനിയെയും ചിന്ത.കോമിനെയും ഇതാ രണ്ടാം വര്‍ഷത്തിലേക്ക് കടക്കാന്‍ പ്രാപ്തമാക്കിയിരിക്കുന്നു. ചിന്ത.കോമും തര്‍ജ്ജനിയും ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനഫലമാണ്. കഴിഞ്ഞ ജനുവരിയില്‍ വെറും അഞ്ച് പേര്‍ മാത്രമായിരുന്നിടത്ത് ഇന്ന് പതിനഞ്ചോളം പേരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ 5000 unique visits മാത്രമുണ്ടായിരുന്ന ചിന്ത.കോം, ഈ ഡിസംബറിലെത്തുമ്പോള്‍ 25,000 unique visits രേഖപ്പെടുത്തി. അത്ഭുതകരമായ ഈ വളര്‍ച്ചയ്ക്ക്, പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ ഒഴിവു വേളകള്‍ ചിന്ത.കോമിനായി സമര്‍പ്പിച്ചത് സാര്‍ത്ഥകമായി. ഇനിയും സ്വപ്നങ്ങളേറെയുണ്ട്... തര്‍ജ്ജനിയുടെ പ്രിന്റ് എഡിഷന്‍, സംവാദങ്ങള്‍, കലാലയങ്ങളില്‍ നിന്നുള്ള പങ്കാളിത്തം... അങ്ങനെ പലതും.

ഇന്റര്‍നെറ്റിലിപ്പോള്‍ ഒരു സമാന്തരപ്രസിദ്ധീകരണ പ്രസ്ഥാനം രൂപം കൊള്ളുന്നുണ്ട്. വേറിട്ട വായനകളുടെയും എഴുത്തിന്റെയും ഒരു ലോകം വിടര്‍ന്നു വരുന്നുണ്ട്. സാങ്കേതികമായ പരിമിതികളുണ്ടെങ്കിലും, എല്ലാ മലയാള നെറ്റ് പ്രസിദ്ധീകരണങ്ങളും താമസിയാതെ മലയാളം യൂണികോഡിലേക്ക് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മലയാളത്തിലുണ്ടാകുന്ന ബ്ലോഗുകളെല്ലാം തന്നെ യൂണികോഡിലാണെന്നത് യൂണികോഡിന്റെ പ്രചാരത്തിന് സഹായകമാണ്. ASCII ഫോണ്ടുകളുടെ കാലം കഴിഞ്ഞെന്ന് തിരിച്ചറിവ് മറ്റു പ്രസിദ്ധീകരണങ്ങളിലേക്കും പ്രസരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ 2006-ല്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

പുത്തന്‍ ചിന്തകള്‍, സംവേദനത്തിന്റെ പുതിയ തലങ്ങള്‍.. തര്‍ജ്ജനി 2006-ല്‍ ലക്ഷ്യം വയ്ക്കുന്നത് ചില മാറ്റിയെഴുതലുകളാണ്. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കൂടുതല്‍ ആഴമേറിയ മാറ്റങ്ങളുമായി ഓരോ ലക്കവും തര്‍ജ്ജനി നിങ്ങളുടെ മുന്നിലെത്തുമെന്ന് ഇനിയും പ്രതീക്ഷിക്കാം.

സ്നേഹപൂര്‍വ്വം,
എം. കെ പോള്‍

Subscribe Tharjani |
Submitted by ഡ്രിസില്‍ മൊട്ടാമ്പ് (not verified) on Sat, 2006-01-07 16:14.

പ്രിയ പോള്‍..
തര്‍ജനിയുടെ പുനര്‍ജന്മത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍, അക്ഷരങ്ങളെ പ്രണയിച്ച ആ ഹൃദയങ്ങളെ ഒന്നു നേരില്‍ പരിചയപ്പെടണമെന്ന് ഒരു അതിമോഹം. പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലേക്ക്‌ മാറിയപ്പോള്‍ ഇവിടെ രക്ഷപ്പെട്ടത്‌ മുളന്തടികള്‍ മാത്രമല്ല, ഓഫീസ്‌ മുറികളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്ന് വായനയുടെ ജീവവായു കിട്ടാതെ ശ്വാസം മുട്ടുന്ന എന്നെ പോലെയുള്ള പ്രവാസികള്‍ കൂടിയാണു. ഗൃഹാതുരത്വമുണര്‍ത്തുന്ന നാട്ടിന്‍പുറങ്ങളിലെ ആ വായനശാലകളിലെ അന്തരീക്ഷം, ഇന്നിവിടെ ഒരു കീബോര്‍ഡില്‍ 'തര്‍ജ്ജനി' എന്ന് ടൈപ്‌ ചെയ്യുമ്പോള്‍ എനിക്ക്‌ തിരിച്ച്‌ കിട്ടുന്നത്‌ പോലെ. മനസ്സിലെ സന്തോഷം ഏത്‌ വാക്കുകളില്‍ പ്രകടിപ്പിക്കണം എന്നറിയില്ല.
'തര്‍ജ്ജനിയ്ക്കും' 'തര്‍ജ്ജനി'യുടെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ഗൃഹാതുരത്വം നഷ്ടപ്പെട്ട ഈ പ്രവാസിയുടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

Submitted by സിബു (not verified) on Sun, 2006-01-08 03:32.

ഇത്രയും പ്രതിഭകളെ അണിനിരത്തിയ ഇത്തവണത്തെ പതിപ്പ്‌ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. മലയാളത്തിലെ ഏതൊരു ആഴ്ച്ചപ്പതിപ്പിനോടും കിടപിടിക്കാവുന്ന ഒന്നായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിന്ത വളര്‍ന്നിരിക്കുന്നു. ഇനി ഇന്റര്‍നെറ്റ് പബ്ലിഷിങ്ങിന്റെ കാലമാണെന്നത്‌ പ്രവചിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങളും ആശംസകളും...

Submitted by Rathi Menon (not verified) on Mon, 2006-01-09 03:06.

Dear Paul,
Hope and pray that your aspirations regarding Thrjani will come true. I can see the change in positive terms. Over the last one year Tharjani has really improved. Congratulations to all those who are associated with its publishing. Let it be a venue for literary and cultural debates and discussions giving opportunities to new talents and bringing again the stalwarts.
Best Wishes

Submitted by Arif Brahmakulam (not verified) on Sun, 2006-01-15 19:21.

പ്രിയപ്പെട്ടവരേ...
ആശംസകള്‍..
എനിക്കും പറയാനുണ്ട്‌..എവിടെയോ നഷ്ടപ്പെട്ടുപോയ വായനയുടേയും എഴുത്തിന്റേയും ഒരു ലോകം താങ്കളെപ്പോലെയുള്ളവരുടെ ഇത്തരം ഉദ്യമങ്ങള്‍ ,യാന്ത്രികമായ ജീവിതത്തിന്റെ ഇടനാഴികളില്‍ പകച്ചുനില്‍ക്കേണ്ടി വരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ ഒരാശ്വാസമാണ്‌..ഉത്തേജനമാണ്‌ ..
എല്ലാ ആശംസകളും നേരുന്നു..

ആരിഫ്‌ ബ്രഹ്മകുളം