തര്‍ജ്ജനി

ജീവിതം

ശരറാന്തലുകള്‍ കത്തുന്ന മനസ്സ്

ലോകം അവസാനിക്കുന്നതുവരെ നീണ്ടു നില്‍ക്കുന്ന ചങ്ങലയാണ് മനുഷ്യന്റെ ജീവിതം. എനിക്കുള്ള രോഗം മറ്റൊരാള്‍ക്കു വരുന്നു. ഒരാളുടെ കുടുംബത്തില്‍ സംഭവിച്ച അപകടം മറ്റൊരാളുടെ കുടുംബത്തില്‍ സംഭവിക്കുന്നു. അങ്ങനെ മനുഷ്യനും ജീവിതവും തമ്മില്‍ എക്കാലവും ഒരു ചങ്ങലയായി തലമുറ കടന്നു പോകുന്നു.

ക്രിസ്ത്യന്‍ സുവിശേഷപ്രസംഗം നടത്തുന്ന മൂന്നു നാലു സ്ത്രീകള്‍ വന്നിട്ട് പറഞ്ഞു: “സാരമില്ല... പാപം ചെയ്താലും ഈശോ അതു പൊറുത്തു തരുമെന്നു എന്നോട് പറഞ്ഞു. ഞാനെന്തു പാപമാണ് ചെയ്തത് കുട്ട്യേ എന്നു തിരിച്ചു ചോദിച്ചു. എനിക്കു മനസ്സിലാകുന്നില്ല. ഞാനെന്തു പാപമാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പൊറുക്കപ്പെടുമെന്നും പറയുന്നു. ഞാന്‍ ചെയ്ത പാപമെന്താണെന്ന് മനസ്സിലാക്കിത്തരണ്ടേ? ചെറുപ്പത്തിലോ മറ്റോ കിടക്കയില്‍ അറിയാതെ മൂത്രമൊഴിച്ചിട്ടുണ്ടാകും. ഞാന്‍ ചെറിയ കുട്ടിയല്ലേ? അതാണോ പാപം? എനിക്കറിയില്ല. എന്റെ കയ്യില്‍ ആയിരം രൂപയുണ്ടെങ്കില്‍ എഴുന്നൂറും ഞാന്‍ മറ്റുള്ളവര്‍ക്കു നല്‍കിയിട്ടുണ്ട്. മുന്നൂറു രൂപ കൊണ്ടേ ഞാന്‍ ജീവിച്ചിട്ടുള്ളൂ. പല വിധത്തിലും ഞാന്‍ ആളുകളെ സഹായിച്ചിട്ടുണ്ട്. അത് ആരൊക്കെയാണെന്നു ചെണ്ട കൊട്ടി ഞാന്‍ ഇതു വരെ അറിയിച്ചിട്ടുമില്ല. എന്റെ മക്കള്‍ക്കറിയാം. അവരറിഞ്ഞാല്‍ പോരെ ഈ അമ്മ എങ്ങനെയാണേന്ന്. ആരുടെയും ഒന്നും തട്ടിപ്പറിച്ചിട്ടില്ല.

Kamal Surayya

ഒരര്‍ത്ഥത്തില്‍ ഭാഗ്യവതി തന്നെ. ഇങ്ങനെയൊക്കെ ആയില്ലെ. ഇപ്പോള്‍ സുഖമില്ല. അതും ഒരു ഭാഗ്യം തന്നെ. ഒരു പരീക്ഷണമല്ലെ? എത്ര കണ്ട് വേദന നമുക്ക് സഹിക്കാം എന്ന് ദൈവം പരീക്ഷിച്ചു നോക്കുകയാണ്. അപ്പോള്‍ വേദനകളെല്ലാം ഇവിടെ തന്നാല്‍ നമുക്ക് സ്വര്‍ഗ്ഗവാതില്‍ കിട്ടും. അവിടുത്തെ അലമാരകളും പൂന്തോട്ടങ്ങളും പൂക്കള്‍ കൊണ്ടുള്ള മെത്തയുമൊക്കെ കിട്ടും. എനിക്കവിടുത്തെ നല്ല മരങ്ങളുടെ മണം കിട്ടും. കാനഡയിലെ എന്റെ ഫ്രണ്ട് മെര്‍ലിന്റെ അച്ഛന്റെ എസ്റ്റേറ്റിലെ മരങ്ങള്‍ക്ക് എന്തൊരു മണമാണെന്നറിയാമോ? ചെടികള്‍ക്കും പൂക്കള്‍ക്കുമെല്ലാം മണം. സ്വര്‍ഗ്ഗത്തിലും അതെല്ലാം കിട്ടും. സ്വര്‍ഗ്ഗം പ്രതീക്ഷിക്കുന്നതില്‍ ഞാന്‍ മുസ്ലീമാണ്. നരകത്തില്‍ എന്നെയാരും കൊണ്ടു പോകില്ലയെന്ന വിശ്വാസമുണ്ടെനിക്ക്.

ഒരുമാതിരിപ്പെട്ട നമ്മുടെ കവികളെല്ലാം കരയുന്നത് കാണാം മനുഷ്യരാശി അവസാനിക്കുമെന്നു പറഞ്ഞുകൊണ്ട്. അവസാനിക്കട്ടെ. എല്ലാം അവസാനിക്കട്ടെ. പുതിയതെന്തെങ്കിലും വരണ്ടേ? നമ്മളെന്തിനാണ് ഇവിടെയുള്ളതിനെ അങ്ങനെ മോഹിക്കുന്നത്? എന്റെ സ്വത്ത്, എന്റെ പൂച്ചട്ടി. എല്ലാം അവസാനിക്കട്ടെ. പാറ്റകളും കൂറകളുമായി പുനര്‍ജനിക്കട്ടെ. എന്താ വ്യത്യാസം? രൂപമല്ലേ മാറ്റമുള്ളൂ? ജീവനൊന്നല്ലേ? ഈ കൂറകള്‍ക്കുള്ളിലും പൂമ്പാറ്റകള്‍ക്കുള്ളിലുമുണ്ട് ആത്മാവ്. അതിനകത്തുമുണ്ട് ചിന്ത. ഉറുമ്പുകളുടെ ബുദ്ധി അപാരമാണ്. മനുഷ്യനെക്കാള്‍ ബുദ്ധി ഉറുമ്പിനുണ്ട്. വരിവരിയായി തിന്നാന്‍ പോകും. ഇടയ്ക്ക് മുഖത്തോടു മുഖം നോക്കി നില്‍ക്കും. ഞാന്‍ വളരെ ശ്രദ്ധയോടെ ഉറുമ്പുകളെ നോക്കി നില്‍ക്കാറുണ്ട്. അപ്പോള്‍ അങ്ങനെയൊരു ജന്മമായി ജനിച്ചാല്‍ പോരേ. നമ്മള്‍ തന്നെ വേണമെന്നു ആശിക്കുന്നതെന്തിന്? മനുഷ്യനാണ് എല്ലാത്തിനേക്കാളും ഉത്കൃഷ്ടജീവിയെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എവിടെയെങ്കിലും ജീവന്‍ തുടിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ എന്റെ മനസ്സിനത് ആഘോഷമാണ്. പലതും നശിച്ചു പോയാലും എവിടെയെങ്കിലും എന്തെങ്കിലും തുടിക്കുന്നുണ്ടെന്നറിഞ്ഞാല്‍ എന്റെ മനസ്സിനത് ആഘോഷമാണ്. എന്റെ മനസ്സ് അങ്ങനെയാണ്. നഷ്ടപ്പെടുമ്പോള്‍ അയ്യോ പോയല്ലോ എന്ന് വിലാപ കാവ്യമൊന്നും ഞാന്‍ എഴുതില്ല. പക്ഷേ ദുഃഖമുണ്ടാകും. ഇല്ലാതിരിക്കുമോ. എന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ ഞാന്‍ ശരിക്കും ദുഃഖിച്ചു. പക്ഷേ ഞാന്‍ കരഞ്ഞില്ല. ദുഃഖത്ത ഞാന്‍ ഒതുക്കി വച്ചു. അത്തരം ദുഃഖങ്ങളെ എനിക്ക് വാക്കുകളാക്കാനും കഴിയില്ല. പക്ഷേ മരണമെന്തെന്ന് ഞാന്‍ മനസ്സിലാക്കി. പിന്നെ പതുക്കെപ്പതുക്കെ ഞാന്‍ മനസ്സിലാക്കി എന്റെ എന്നു പറയാനുള്ള ആള്‍ പോയെന്ന്. അപ്പോള്‍ എനിക്കു മനസ്സിലായി നമ്മള്‍ വിചാരിക്കുന്നതെല്ലാം വെറുതെയാണെന്ന്. എന്റേതെന്ന വിചാരം വെറുതെയാണെന്ന്. എന്റെ ഭര്‍ത്താവ് മരിച്ചത് ഉച്ചയ്ക്ക് മൂന്നു മണിക്കാണ്. എന്നെ മക്കള്‍ മരുന്ന് തന്ന് ഉറക്കിക്കിടത്തുകയാണുണ്ടായത്. ഞാന്‍ ഉണര്‍ന്നത് രാത്രി ഒരു മണിക്കാണ്. പിന്നെയും മരുന്നു തന്നു. പിറ്റേ ദിവസം ഉണര്‍ന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആ ശൂന്യതയാണ് എല്ലാവരും ഒറ്റയ്ക്കാണെന്നു എന്നെ പഠിപ്പിച്ചത്. പക്ഷേ, ദൈവം എന്നൊരു വിശ്വാസം മനസ്സില്‍ വരികയാണെങ്കില്‍ അതൊരു വലിയ കാര്യമാണ്. കാരണം ആ ദൈവത്തിന് ത്യജിക്കാലോ എല്ലാം. നിരീശ്വരവാദികള്‍ക്ക് ആരുമില്ല ആശ്രയം. എനിക്കൊക്കെ ദൈവമുണ്ടല്ലോ എന്ന ആശ്വാസമുണ്ട്.

ടൌണ്‍ ഹാളില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ നാട്ടിന്‍ പുറത്തുനിന്നെല്ലാം ധാരാളം മുസ്ലീം സ്ത്രീകള്‍ എന്നെ കാണാന്‍ വന്നിരിന്നു. ഇടയ്ക്ക് എപ്പോഴോ കറന്റ് പോയി. പിന്നീട് എന്നെ കാണാനായി വന്ന ഖാന്‍ സാഹിബ് പറഞ്ഞു. കറന്റ് പോയല്ലോ എന്ന് ആരോ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞുവത്രെ. കറണ്ടു പോയാലെന്താ സുറയ്യാബീഗത്തിന്റെ മുഖം വിളക്കു പോലെ കത്തുന്നത് ഞങ്ങള്‍ കണ്ടുവെന്ന്. അവര്‍ വെറുതെയങ്ങ് പറഞ്ഞതാവാം. പക്ഷേ എന്റെ സ്നേഹത്തിന്റെ വെളിച്ചമാണ് അവര്‍ കണ്ടതെന്ന് ഞാന്‍ സങ്കല്പിക്കുന്നു. അതെ എന്റെ മനസ്സില്‍ പ്രകാശമുണ്ട്. പുറത്ത് പറയുന്നില്ലായെന്നേയുള്ളൂ. ശരറാന്തലുകള്‍ കത്തുന്ന മനസ്സാണിത്. പലരുടേയും മനസ്സില്‍ ഗൂഢതന്ത്രങ്ങളും നീചമായ നീക്കങ്ങളും മലിനമായ ആഗ്രങ്ങളുമുണ്ടാകുമ്പോള്‍ ഞാനെന്റെ മനസ്സില്‍ ശരറാന്തലുകള്‍ കത്തിക്കുന്നു. ഞാനെഴുതിയത് ഹിന്ദുക്കള്‍ക്കു വേണ്ടിയല്ല. മുസ്ലീങ്ങള്‍ക്കു വേണ്ടിയല്ല. ഞാനെഴുതിയത് എപ്പോഴും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യര്‍ക്കു വേണ്ടിയാണ്. ഇനിയും ഈ മനസ്സിത്തടയുന്നതു വരെ, ഈ വിരലുകള്‍ ചുരുങ്ങുന്നതു വരെ ഞാന്‍ എഴുതിക്കൊണ്ടിരിക്കും. വേറെ എന്താ എനിക്ക് ചെയ്യാന്‍ പറ്റുക. മതക്കാര്‍ക്കു വേണ്ടി പ്രബോധനം ഞാന്‍ ചെയ്യേണ്ടതില്ല. കൃഷ്ണനെ കാണാതായപ്പോള്‍ രാധ കരയുന്നു. അതിലെവിടെ മതം. ഒരു ഭാര്യ ഭര്‍ത്താവിനെ കാണാതായപ്പോള്‍ കരഞ്ഞു. അത്രമാത്രം. അതില്‍ മതമില്ല. സ്നേഹം. ഒന്നിക്കുന്നത് സ്നേഹം, പിരിയുന്നത് വേദനാജനകം. അതില്‍ പാപമില്ല. പാപികളെ മണക്കുന്നതു പോലെ മണക്കില്ല. പാപം ചെയ്യുന്നവരെ കണ്ടാല്‍ നമുക്കറിയാം. അവരുടെ മുഖത്ത് ചിഹ്നങ്ങളുണ്ടാകും. പെരിച്ചാഴികളുടെ നാറ്റവുമുണ്ടാകും. അവനവനായി എല്ലാവരും ചുരുങ്ങുന്ന കാലമാണിത്. വാസ്തവത്തില്‍ അവരാണ് പാപികള്‍. ഈ അവനവന്‍ ആരാണെന്നു കണ്ടെത്താനുള്ള കഴിവും ഇല്ലാതായിരിക്കും. മറ്റുള്ളവര്‍ ചെയ്യുന്ന ഒരു നല്ല കാര്യത്തെപ്പറ്റി നാലുപേരോട് പറയാന്‍ മടിയുള്ളവരാണ് ഇവിടെയുള്ള അധികം പേരും. അവരാണ് നമ്മോട് സംസ്കാരത്തെക്കുറിച്ച് ഏറ്റവും വേദനയോടെ സംസാരിക്കുന്നത്. എനിക്കത് കാണുമ്പോള്‍ പുളിച്ച ചിരി തേട്ടി വരും. ഞാന്‍ പ്രയത്നിക്കുന്നത് മനുഷ്യരെ തിരിച്ചറിയാനാണ്. അതു നടക്കുന്നുണ്ട്. എന്നാലും ചിലരെല്ലാം എന്നെ പറ്റിച്ചു പോകും. അതെല്ലാം അതിന്റെ വഴിക്കു നടക്കും. ഞാനിപ്പോള്‍ ഒന്നും ശ്രദ്ധിക്കാറില്ല. ഇവിടെ രണ്ട് മൂന്നു വയസത്തികളുണ്ട്. എന്നോട് വലിയ സ്നേഹമുള്ളവര്‍. അവര്‍ക്കൊപ്പമങ്ങനെ കഴിഞ്ഞു കൂടുന്നു. അതും ഒരു സുഖം. ഞാനിപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സുഖം ദൈവവിശ്വാസം കൊണ്ടുള്ള ഒരു സുഖമാണ്. അതു ഞാന്‍ അനുഭവിക്കുന്നുണ്ട്. ആ ഇടങ്ങളില്‍ നിന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എനിക്കു വേണ്ടി മാത്രമല്ല. എന്റെ മക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, അയല്‍ക്കാര്‍ക്ക്, എനിക്ക് പരിചയമില്ലാത്തവര്‍ക്ക്, വിധവകള്‍ക്ക്, കുട്ടികള്‍ക്ക്... എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരുമത് തിരിച്ചറിഞ്ഞില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. പക്ഷേ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പ്രാര്‍ത്ഥനയിലൂടെ ഞാന്‍ എന്നെ പൂര്‍ണ്ണമായും കണ്ടെത്തിക്കഴിഞ്ഞു. കൊയ്യാനുള്ളതെല്ലാം ഞാനെന്റെ വാക്കുകള്‍ കൊണ്ട് കൊയ്തെടുത്തു. സ്വര്‍ണ്ണമണികള്‍ കൊയ്തെടുത്തു, പ്രണയവും സ്നേഹവും കൊയ്തെടുത്തു. വേദനയും ഏകാന്തതയും കൊയ്തെടുത്തു. എല്ലാമെല്ലാം കൊയ്തെടുത്തു. ഈ ജീവിതം കൊണ്ട് ഇത്രയൊക്കെയേ കഴിയൂ.

കമലാ സുറയ്യ

Subscribe Tharjani |
Submitted by S.Gopalakrishnan (not verified) on Sun, 2006-01-08 08:02.

2006 issue came out well. My congratulations.

Regards

S.Gopalakrishnan
New Delhi

Submitted by കലേഷ് (not verified) on Sun, 2006-01-08 11:30.

തർജ്ജനി 2006 ജനുവരി ലക്കം കെട്ടിലും മട്ടിലും വളരെയേറെ നന്നായിട്ടുണ്ട്!
കമല സുരയ്യയെ പോലെയുള്ളവർ സ്ഥിരമായി എഴുതിയിരുന്നെങ്കിൽ എന്നാ‍ശിച്ചു പോകുന്നു..

ചിന്ത.കോം ടീമിന് എന്റെ ആശംസകൾ!!!

Submitted by Akhilesh (not verified) on Sun, 2006-01-08 12:06.

Sundaramaanithu Vaayikkan.
Changalakal Muriyaathirikkattaey.
Priyyapetta ezuthukaarikku Putuvalsaraasamsakal....

Submitted by Rathi Menon (not verified) on Mon, 2006-01-09 02:37.

Whether she is Madhavi Kutty or Kamala Surayya, she is one of the best short story writers in Malayalam. She writes what she genuienely feels and thinks without the support of religion or politics. The feminists who look to the west for role models like Adriennie Rich should first discover the strength of this writer.

Submitted by Juny Sam (not verified) on Mon, 2006-01-09 11:08.

When i was doing my BSc i used to go to the library to get Madhavikkutty's books .. particularly bcos i've heard lot of people criticising her.. and i have read almost all her books which was available there ... the way she narrates.. that frankness.. that courage to speak out her feelings sincerely... i was full of appreciation for her..
Then after completing Degree, i did my PG in a remote village in TamilNadu ..where i missed all those.. After that i was struggling to get one job.. During that time i've heard that she got converted to Islam.. But i was surprised when i heard that it is for marrying an islam...
Now i'm working in a PSB.. i'm getting time to go back to my childhood pleasure of "reading" without any prick of conscience/scolding from others that i'm wasting my study time..
Today, after a long gap.. when i'm reading her... i realise with a lot of pleasure that MY madhavikkutty has not changed... In this article she has put into words the reasons for my liking to her...
Thanks for chintha.com for giving me this oppurtunity ....

Submitted by Indulal (not verified) on Mon, 2006-01-09 16:15.

Your online magazine is very good in quality and presentation.Keep this up