തര്‍ജ്ജനി

സാഹിതീയം

കവിതയും പുതുമയും

പുതിയ കവിത

ക്രമേണ കൂടിക്കൂടി വരുന്ന സൂര്യപ്രകാശത്തെപ്പോലെ, ക്രമേണ കൂടിക്കൂടി വരുന്ന യാഥാര്‍ത്ഥ്യബോധത്തിന്റെതായ ഒരു ആന്തരികദീപ്തിയാണ് കവിതയുടെ ചരിത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പുറമേ, പലതിലേക്കും ശ്രദ്ധ പോയാലും കാലം കഴിയുന്തോറും കവിതയുടെ ഉള്ളിലെ തലം വലുതായിക്കൊണ്ടിരിക്കും, വെളിച്ചം കൂടിക്കൊണ്ടിരിക്കും. ധാരാളം പടുകവിതകള്‍ രചിക്കപ്പെടുന്നുണ്ടാകും, പക്ഷേ, കവിതാചരിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്ന വളരെ വിശിഷ്ടമായ കവിതകളും ഇക്കാലത്ത് രചിക്കപ്പെടുന്നുണ്ട്. ഇവയ്ക്കുള്ള ഒരു പൊതുസ്വഭാവം എന്താണെന്നു ചോദിച്ചാല്‍, അത് വ്യക്തമായി അനുഭവികയാഥാര്‍ത്ഥ്യത്തെ (experimental reality) തിരിച്ചറിയുന്നുണ്ടെന്നതാണ്. ഇന്നത്തെ കവിത നുണ പറയുന്നില്ല. അതിശയോക്തി പറയുന്നില്ല. അലങ്കാരങ്ങള്‍ കെട്ടി വശീകരണതന്ത്രങ്ങളൊന്നും ഉപയോഗിക്കുന്നില്ല. ഇന്നത്തെ കവിത സംഗീതത്തിന്റെയോ, ഐന്ദ്രികപ്രലോഭനങ്ങളുടേതോ ആയ ഉപായങ്ങളൊന്നും സ്വീകരിക്കുന്നില്ല. അത് ഏറ്റവും അടുത്ത സുഹൃത്തിനോട് ഏറ്റവും ഗാഢമായി സഹിക്കുന്ന വേദനയെപ്പറ്റി, ഉത്കണ്ഠയെപ്പറ്റി, പ്രത്യാശയെപ്പറ്റി, പേക്കിനാവിനെപ്പറ്റി, അപൂര്‍വ്വമായ ഒരു തെളിഞ്ഞ ശകലം പോലെ കിട്ടുന്ന ഒരു ശാന്തിയെപ്പറ്റിയൊക്കെ അത് സംസാരിക്കുന്നുണ്ട്.

ദര്‍ശനമാണ് ധ്വനി

ഇന്നത്തെ ഏറ്റവും നല്ല കവിതകള്‍ സൃഷ്ടിക്കുന്ന അന്തര്‍ദീപ്തിയുടെതായ, യാഥാര്‍ത്ഥ്യബോധത്തിന്റെതായ ശാന്തിപ്രദേശം കവിതയുടെ തന്നെ എക്കാലത്തെയും മനസ്സാണ്. കവിതയുടെ സ്വത്വഘടകം, രൂപം, അതിന്റെ ജീവന്‍ എന്നു പറയുന്നത് ഉള്ളിലത്തെ ഒരു തുണ്ടുവെളിച്ചമാണ്. ചതുരത്തില്‍, വൃത്തത്തില്‍, ഒരു തുണ്ട് അല്ലെങ്കില്‍ ഒരു ബിന്ദു, ഇതിനെയാണ് കവിതയുടെ അകം എന്നു പറയുന്നത്. വെണ്മയുടേതായ ആ ചെറുമണ്ഡലമാണ് കാവ്യാത്മാവ് എന്ന് വിളിക്കപ്പെടുന്ന കവിതയുടെ സത്താസ്ഥാനം അല്ലെങ്കില്‍ സ്വത്വസ്ഥാനം, കവിതയുടെ സ്വക്ഷേത്രം എന്നു പറയുന്നത്. അവിടെ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ ഒരാള്‍ കവിത ആസ്വദിച്ചു. കുട്ടികൃഷ്ണമാരാര്‍ പറഞ്ഞതു പോലെ എല്ലാ കാവ്യരചനകള്‍ക്കും ഈ പ്രകാശസാന്നിദ്ധ്യമില്ല. ദര്‍ശനമുള്ളതിനു മാത്രമേയുള്ളൂ അത്. ധ്വനിയുള്ളതിനു മാത്രമേയുള്ളൂ അത്. ചില കവിതകള്‍ക്ക് ശബ്ദസുഖമുണ്ടാകും, ചിലതിനു അര്‍ത്ഥസുഖമുണ്ടാകും. ചിലതിനു ഭാവചൈതന്യം കിട്ടും. പക്ഷേ അപൂര്‍വ്വം കവിതകള്‍ക്കു മാത്രമേ സാസ്കാരികമായ ഒരു അനുഭവതലം ഉണ്ടാകുകയുള്ളൂ. അപ്പോള്‍ ശബ്ദത്തിന്റെയും അര്‍ത്ഥത്തിന്റെയും ഭാ‍വത്തിന്റെയും പടവുകള്‍ താണ്ടി നാം എത്തിച്ചേര്‍ന്നാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് ഇങ്ങനെയുള്ള സാംസ്കാരികാനുഭവത്തിന്റെതായ അനുഭവികയാഥാര്‍ത്ഥ്യത്തെയാണ്. ഇതാണ് കവിതയുടെ ധ്വനി എന്ന് പറയുന്നത്. ധ്വനിയാണ് കവിതയുടെ ദര്‍ശനം എന്നു പറയുന്നത്.

ഉത്തമമായ കവിത

കവിത ഇന്നത്തെയായാലും ഇന്നലത്തെയായാലും ദര്‍ശനമണ്ഡലത്തെ സാംസ്കാരിക അനുഭവയാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കാന്‍ കഴിയുമ്പോഴാണ് ഉത്തമമായ കവിതയുണ്ടാകുന്നത്. അതില്ലാത്തിടത്തോളം കവിത കൂടുതല്‍ താഴെയുള്ള പടവുകളില്‍ നില്‍ക്കുന്നതാണ്. മറ്റു വിജയങ്ങളുണ്ടാകും. ശബ്ദസുഖമുണ്ടാകും. അര്‍ത്ഥത്തിന്റേതായ ചില പ്രൌഢികളുണ്ടാ‍കും. ഭാവത്തിന്റേതായ വശ്യതകളുണ്ടാകും. പക്ഷേ കാലത്തിന്റെ അപ്പുറത്തേക്കു പോകണമെങ്കില്‍ അത് മനുഷ്യരാശിയുടെയും ജീവരാശിയുടെയും ആത്മാവിനെ സ്പര്‍ശിക്കുന്നതായിരിക്കണം.

ത്രിമൂര്‍ത്തികളുടെ അശാന്തി

ത്രിമൂര്‍ത്തികളുടെ കാലത്ത് വലിയ ആഴത്തിലുള്ള ഒരു അശാന്തി അവരെ ബാധിച്ചിരുന്നു. ആ അശാന്തി ഉള്ളൂരിനെ സംബന്ധിച്ചിടത്തോളം ധര്‍മ്മബദ്ധമായ അശാന്തിയാണ്. ലോകത്ത് വളരുന്ന ധര്‍മ്മത്തകര്‍ച്ചയെക്കുറിച്ചുള്ള അശാന്തിയായിരുന്നു ഉള്ളൂരിന്റെ അശാന്തി എന്നു പറയുന്നത്. ഒരു ദേശത്തിന്റെ സഹനപരമായ അടിമത്തപരമായ ദേശീയതാബോധത്തോടു ചേര്‍ന്ന കാലുഷ്യത്തെക്കുറിച്ചുള്ള അശാന്തിയായിരുന്നു വള്ളത്തോളിനുണ്ടായിരുന്നത്. ആ അശാന്തി അദ്ദേഹം സ്വാ‍ന്തന്ത്ര്യസമര പ്രസ്ഥാനവുമായി ലയിപ്പിക്കുകയും അതിന്റെ ഗാഢമായ, തീവ്രമായ ആവിഷ്കാരങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ ആഴത്തില്‍ കുമാരനാശാന്റെ കവിതയില്‍ അശാന്തി (deep dissent) ഉണ്ട്. കുമാരനാശാന്‍ മറ്റു രണ്ട് പേരില്‍ നിന്നും വ്യത്യസ്തമായി കവിതയെ, സ്വാതന്ത്ര്യത്തെ, ജന്മത്തിന്റെ തന്നെ പരമസാക്ഷാത്കാരമായി കണ്ടു. ആശാനില്‍ ദാര്‍ശനികമായ ഒരു സ്വാതന്ത്ര്യദര്‍ശനം - ധാര്‍മ്മികമോ രാഷ്ട്രീയമോ ദേശീയമോ ആയ സ്വാതന്ത്ര്യദര്‍ശനത്തേക്കാള്‍ ഉന്നതമായ അസ്തിത്വപരവും ജന്മപരവും ഗഹനവും ദാര്‍ശനികവുമായ സ്വാതന്ത്ര്യബോധ-ത്തില്‍ നിന്നാണ് ആശാന്‍ കവിതയിലെ എല്ലാ അശാന്തികളും വരുന്നത്. ആശാന്‍ കവിതയുടെ ഊര്‍ജ്ജകേന്ദ്രം ഈ അഗാധമായ അശാന്തിയുടെ മണ്ഡലമായിരിക്കണം. അതില്‍നിന്നാണ് സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച്, മനുഷ്യന്യും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് പാരമ്പര്യവും വര്‍ത്തമാനനിമിഷവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും ആശാന്‍ പുനര്‍നിര്‍വ്വചിക്കുന്നത്. എല്ലാ ബന്ധങ്ങളും പുനര്‍നിര്‍വ്വചിച്ചു എന്നതാണ് ആശാന്റെ കവിതയിലെ ഏറ്റവും ആധുനികവും ഏറ്റവും പുതിയ ഘടകവും കരുത്തും.

ചങ്ങമ്പുഴ കൃഷ്ണപിള്ള

ദൈവത്തെ നായകരാക്കാന്‍ ശ്രമിച്ചിട്ട് സാത്താനെ നായകനാക്കേണ്ടി വരുന്ന പ്രതിഭകളുടേതായ ശാപം വഹിച്ച ആളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 'പാടുന്ന ദേവഗീതം’ എന്നൊക്കെ പറയാനായിരുന്നു അദ്ദേഹത്തിന് ജീവിതത്തെപ്പറ്റിയും കവിതയെപ്പറ്റിയും വര്‍ത്തമാനത്തെപ്പറ്റിയും ഒക്കെ താല്പര്യം. പക്ഷേ എഴുതിവന്നപ്പോള്‍ അത് പരുഷവും തിക്തവും സ്നേഹരഹിതവും ഒക്കെയായ പിശാചിയന്‍ സംഗീതമായി മറിപ്പോയി. കാരണം അതായിരുന്നു ആ കാലത്തിന്റെതായ സാസ്കാരികമായ അനുഭവമണ്ഡലം. യുദ്ധം ഒരു ഭാഗത്ത് ദാരിദ്ര്യം ഒരു ഭാഗത്ത്. സ്വന്തം സഹനം മറ്റൊരു ഭാഗത്ത്. ജാതിമത ചിന്തകള്‍ വേറൊരുഭാഗത്ത്. നാം ഇന്ന് കാണുന്നതില്‍ നിന്ന് എത്രയോ പരിമിതമായ സാമൂഹികമായ വിനിമയക്രമങ്ങള്‍ ഉണ്ടാകുകയും സാങ്കേതികഭിന്നതകള്‍ ഉണ്ടാകുകയും ഇന്നു കാണുന്നതു പോലെയുള്ള സമൃദ്ധി കുറഞ്ഞിരിക്കുകയും പട്ടിണി വര്‍ദ്ധിച്ചിരിക്കുകയും - ഇങ്ങനെ ഒരന്തരീക്ഷത്തില്‍ നിന്നാണ്, ഇത്തരമൊരു കാലത്തില്‍ നിന്നുകൊണ്ടാണ് ചങ്ങമ്പുഴ ഈ മനോഹരമായ സംഗീതം അല്ലെങ്കില്‍ മധുരമെന്നു പുറമേ നോക്കിയാല്‍ തോന്നുന്ന ഒരു കാവ്യകല രൂപീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചങ്ങമ്പുഴയിലൊരു ദേശീയത പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് അത്യപൂര്‍വ്വങ്ങളായ നാടോടി ഛന്ദസ്സുകള്‍ കണ്ടെടുക്കുന്നതു വഴി സാംസ്കാരികമായ ഒരു ദേശീയപാരമ്പര്യത്തിന്റേതായ സ്രോതസ്സുകളെ വീണ്ടെടുക്കുന്നതാണ്. Discovery of india എന്നു പറയുന്നതു പോലെ Discovery of tradition ആണ് ചങ്ങമ്പുഴയും ചെയ്യുന്നത്. എല്ലാ കാല്പനിക കവികളും ഒരു സ്വര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ സ്വര്‍ഗ്ഗത്തെ സൃഷ്ടിക്കാന്‍ പുറപ്പെട്ടിട്ട് ആ സ്വര്‍ഗ്ഗം സൃഷ്ടിച്ചു കഴിഞ്ഞ് നോക്കുമ്പോള്‍ നരകമായി കാണേണ്ടി വരുന്നതാണ് ചങ്ങമ്പുഴയുടെ ദുര്യോഗം. അതുകൊണ്ട് ഇന്നു നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചങ്ങമ്പുഴയെ ഇന്നലെ വായിച്ചതുപോലെയല്ല ഇന്നു വായിക്കുന്നത്. അതിന്റെയുള്ളില്‍ സ്വര്‍ഗ്ഗവും നരകവും തമ്മിലുള്ള ഒരു വൈരുദ്ധ്യമുണ്ട്. അത്തരത്തിലൊരു ദ്വന്ദ്വാത്മകതയുണ്ട്. സൌന്ദര്യവും വൈരൂപ്യവും തമ്മില്‍, ദേവനും പിശാചും തമ്മിലുള്ള വൈരുദ്ധ്യങ്ങളുണ്ട്. ഈ വൈരുദ്ധ്യങ്ങളാല്‍ എന്റെ അനുഭവത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള കവികളിലൊരാളാണ് ചങ്ങമ്പുഴ.

ബഹുസ്വരതയുടെ കവിത.

ദൌര്‍ബല്യത്തിന്റെയും ലാഘവത്വത്തിന്റെയും ആയ മണ്ഡലത്തിലേക്ക് നാം നിപതിച്ചു പോയിരിക്കുന്നു എന്നതാണ് നമ്മുടെ കാലത്തിലെ ഏറ്റവും വലിയ പതനം. ഈ പതനത്തെയാണ് ഇന്നത്ത കവിത ഏറ്റവും ശക്തമായി പ്രതികരിക്കുന്നത്; ഉപരോധിക്കുന്നത്. അനവധി പ്രശ്നമണ്ഡലങ്ങളെ തിരിച്ചറിയുന്നു. ഈ പതനത്തിന് ഒരു മുഖമല്ല. പരിസ്ഥിതിക്കു വേണ്ടിയുള്ള കവിത, സ്ത്രീകള്‍ക്കു നേരെയുള്ള പീഢനങ്ങള്‍ക്കെതിരെയുള്ള കവിത, ദളിത് വിമോചനത്തിനു വേണ്ടിയുള്ള കവിത, അല്ലെങ്കില്‍ പൌരാവകാശത്തിന്റെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന കവിത അങ്ങനെ അനവധി പ്രശ്നമുഖങ്ങളുള്ള ഒരു multi centric culture-ലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. സംസ്കാരം ബഹുകേന്ദ്രീകൃതമാണെന്ന് നാം അറിയുന്നു. യാഥാര്‍ത്ഥ്യം ബഹുകേന്ദ്രീകൃതമാണെന്ന് അറിയുന്നു. അങ്ങനെയൊക്കെ ഈ കാലത്തിന്റെ കവിത ബഹുസ്വരതയുള്ള കവിതയായിരിക്കുന്നു. ഈ ബഹുസ്വരതയാണ് പുതിയ കവിതയുടെ പൊതുവായ സ്വഭാവമായി പറയാന്‍ കഴിയുന്നത്.

(പന്തളം എന്‍. എസ്സ്. എസ്സ് കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നും തയ്യാറാക്കിയത്)

പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള
പുസ്തകം: കൊച്ചിയിലെ വൃക്ഷങ്ങള്‍, കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍
വിലാസം: രാധാകൃഷ്ണാലയം, വാരിയം ലെയ്‌ന്‍, തൃശ്ശൂര്‍.
Subscribe Tharjani |