തര്‍ജ്ജനി

എം.ഗോകുല്‍ദാസ്

ഹരിതം
കോട്ടൂളി
കോഴിക്കോട്‌ - 673016
ഫോണ്‍ :- 0-77363-64488
ഇ മെയില്‍ : m.gokuldas@gmail.com

Visit Home Page ...

കഥ

ദൈവത്തിന്റെ വിരലുകള്‍

ഭൂമിയിലേക്കുള്ള യാത്രാമദ്ധ്യേയാണു്, സൂര്യന്‍ ഉപേക്ഷിച്ചിട്ടു പോയ ആ കുറിപ്പു്. ആകാശത്തിന്റെ അനന്തവും വിശാലവുമായ അതിരുകള്‍ക്കടുത്തു വെച്ച് എനിക്കു് വീണുകിട്ടിയത്. മഴവില്ലിന്റെ ചുവന്നരാശി പ്രതിഫലിക്കുന്ന കുറിപ്പു് കയ്യില്‍ എടുത്തപ്പോഴാകട്ടെ ഒരു വൈദ്യുതചാലകം തല്‍ക്ഷണം ശരീരത്തിലൂടെ കടന്നു പോയതു പോലെ ....... പകല്‍വെളിച്ചത്തിന്റെ നിഴല്‍ പോലെ ശൂന്യമായിരുന്നു ആ കുറിപ്പു്. കുട്ടികള്‍ കളിവഞ്ചി ഉണ്ടാക്കാനോ പട്ടം പറപ്പിക്കാനോ പാകത്തില്‍ മുറിച്ചെടുത്ത ഒരു തുണ്ടു് എന്നേ പ്രത്യക്ഷത്തില്‍ തോന്നുള്ളൂ. നേര്‍ം മേനിക്കടലാസു് പോലെ മൃദുലവും സുന്ദരവുമായിരുന്നു അതു്. ചിത്രാങ്കിതവും വശ്യവുമായ അതിന്റെ നാലതിരുകള്‍ക്കും സൂര്യപ്രഭയുടെ തെളിച്ചമായിരുന്നു.


ചിത്രീകരണം : ശ്രീകല

വിസ്മയകരമായ ഈ കാഴ്ചകണ്ടു് ഒന്നും ഉരിയാടാതെ നിശ്ശബ്ദം കടന്നുപോയെങ്കില്‍ നൂറു് ജന്മങ്ങളുടെ നഷ്ടമായേനെ. മായികവും അത്ഭുതകരവുമായ അതിന്റെ ചാലകശക്തി ഒരു പ്രത്യേകശബ്ദവും കാറ്റുമായിരുന്നു. ശബ്ദത്തിനു് ഒരു മാന്ത്രികശക്തിയും കല്പനയുമുണ്ടല്ലോ.

ദൈവത്തിന്റെ തന്നെ സ്വന്തം നിഴലായ അതിന്റെ വിശ്വരൂപം മറഞ്ഞിരിക്കുന്നതു് എവിടെയാണു് ..........?

തള്ളവിരലും ചുണ്ടുവിരലും പരസ്പരം ബന്ധിച്ചു്, പ്രാണനെ ധ്യാനിച്ച് ഓം എന്നു് ശബ്ദമുണ്ടാക്കിയപ്പോഴാകട്ടെ അര്‍ജ്ജുനന്‍ തൊടുത്തുവിട്ട അസ്ത്രം പോലെ കുറിപ്പു് ഒമ്പതു് മടക്കുകള്‍ നിവര്‍ന്നു് വിശാലമായ ഒരു അകത്തളമായി മാറി. സൂക്ഷിച്ചുനോക്കിയപ്പോഴാണു് ഓരോ കുറിപ്പുകളും ഓരോരോ ലോകങ്ങളാണെന്നു് മനസ്സിലാകുന്നതു്.

ആദ്യമദ്ധ്യാന്തങ്ങളുടേയും ആയുസ്സിന്റേയും ജനുസ്സിന്റേയും ഘടനയും രൂപവുമില്ലാത്ത ഊര്‍ജ്ജത്തിന്റേയും മഹാവിസ്ഫോടനത്തിന്റേയും അകംപൊരുള്‍. ആദിയും അനന്തവുമായ ബ്രഹ്മാണ്ഡ അനവസ്ഥയുടേയും ഈരേഴ് പതിനാലു് ലോകങ്ങളുടേയും സമുച്ചയം, പരകോടി ജീവപരാഗങ്ങളുടെ സങ്കലനം, എല്ലാം ഒരു മായയായി ഒരു പരമാണുവില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു.

വെള്ളിത്തകിടില്‍ എഴുതപ്പെട്ടതുപോലെ, ഓരോ താളുകളിലും ദൈവത്തിന്റെ കൈമുദ്രകളും പതിനെട്ടു് ലോകങ്ങളേയും ബന്ധിപ്പിക്കുന്ന പീതവര്‍ണ്ണത്തിലുള്ള അക്ഷാംശരേഖാംശങ്ങളും മുദ്രണം ചെയ്തിരിക്കുന്നു.

വശം ചെരിച്ചു് ഒരു കോണിലൂടെ നോക്കുമ്പോഴാണു് ഇണചേര്‍ന്നു് നില്ക്കുന്ന രണ്ടു് സര്‍പ്പച്ചുരുളുകളും രണ്ടു് ത്രികോണവും ചുവടെ രണ്ടു് ഖണ്ഡങ്ങളായി ജീവന്റെ സഹസ്രനാമങ്ങളും ദൈവത്തിന്റെ പത്തുകല്പനകളും ഇടതും വലതുമായി ക്രമീകരിച്ചു് രേഖപ്പെടുത്തിയിരിക്കുന്നതു് കണ്ണില്‍പ്പെട്ടതു്. അത്ഭുതങ്ങളുടെ വിളയാട്ടം തന്നെയായിരുന്നു. ഓരോ കാഴ്ചകളും പത്തു കല്പനകളില്‍ രണ്ടാം പാദത്തില്‍ സംഖ്യകളുടെ ജാലകങ്ങള്‍ തുറന്നിടുകയാണു്. ഒരു സംഖ്യ ഒന്നിനെ മാത്രം കുറിക്കുന്നതല്ല. ഒരു സംഖ്യകൊണ്ടു് മൂന്നു് ലോകങ്ങളെ അളന്നാലും നാലാം ലോകത്തിന്റെ മുഖത്തു് തറയ്ക്കുന്ന മുനമ്പായി അതു് വളരുന്നു. അനന്തകോടി നക്ഷത്രങ്ങളേയും സൂക്ഷ്മമണ്ഡലങ്ങളേയും പതിനെട്ടു് ലോകങ്ങളേയും ഗണിക്കാവുന്ന സംഖ്യകളുടെ സൂത്രവാക്യങ്ങള്‍ ............. ഏകകങ്ങള്‍ ................ എല്ലാം ആമഗ്നമായിരിക്കുന്നു.

സൂക്ഷ്മദര്‍ശനത്തില്‍ വജ്രരശ്മികളുടെ ഉദ്ഗമനം കൊണ്ടു് കണ്ണ് മഞ്ഞളിച്ചു പോകയാണു്. മൂന്നാം പാദം ഭൂമി, വായു, ജലം, ആകാശം, അഗ്നി എന്നീ പഞ്ചഭൂതങ്ങളുടെ ഗണിതചിഹ്നങ്ങളും അനുപാതങ്ങളുമാണ്. അഷ്ടഭുജാകൃതിയില്‍ കുറിക്കപ്പെട്ട സംഖ്യകളുടെ ജാലവിദ്യകളും ഗണിതത്തിന്റെ മഹാത്ഭുതവും മായികവുമായ പ്രപഞ്ചത്തെ നിര്‍വൃതമാക്കുകയാണു്. കലികാലത്തിന്റെ ഋജുരേഖയും സമാന്തരമായി വിന്യസിച്ചിരിക്കുന്നു. രണ്ടാം ഖണ്ഡികയുടെ ഏറ്റവും ഒടുവിലാണു് ദൈവത്തിന്റെ പണിപ്പുരയിലേക്കുള്ള വഴി കുറിച്ചിട്ടിരിക്കുന്നതു് ദൃഷ്ടിയില്‍ പെട്ടതു്. ഒരു നിശ്ശബ്ദതയും ഏഴ് യോജനകളും കഴിഞ്ഞു് ദൈവത്തെ ധ്യാനിച്ചു് പ്രണവമന്ത്രം ചൊല്ലി.

മൂന്നാം ലോകത്തിലെ പക്ഷികളില്‍ നിന്ന് കൂട്ടം തെറ്റി ഭൂമിയിലേക്ക്‌ താഴ്‌ന്ന് വരികയാരുന്നു ഞാന്‍. പെട്ടന്ന് യോജന കഴിഞ്ഞാല്‍ ആകശത്തിന്റെ അതിരുകള്‍ കടന്ന് ഭൂമിലേക്ക്‌ പ്രവേശിക്കാമായിരുന്നു. ദൈവനിശ്ചയമോ, ദൈവവിളിയോ കൊണ്ടു മാത്രമാണ്‌ സൂര്യന്‍ ഉപേക്ഷിച്ചിട്ടുപോയ കുറിപ്പ്‌ എന്റെ മുന്നില്‍ എത്തപ്പെട്ടത്‌.

ദൈവത്തിന്റെ പണിപ്പുരയിലേക്ക്‌ കടക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹൗം കടുത്ത മോഹവും, എല്ലാറ്റിനും കാരണഭൂതനായ, മായാമയനായ പരബ്രഹ്മതേജസിനെ നേരില്‍ കാണണമെന്ന ആഗ്രഹവുംകൂടിയായപ്പോള്‍ ഭൂമിയെ ഉപേക്ഷിച്ച്‌ ദൈവത്തിന്റെ പണിപ്പുരയിലേക്ക്‌ യാത്ര തിരിക്കുകയാണുണ്ടായത്‌. മനസ്സ്‌ ഏകാഗ്രമാക്കി പ്രണവമന്ത്രം ചൊല്ലി ചിറകുകള്‍ വിടര്‍ത്തി.

ഓരോ യേജന പിന്നിടുന്തോറും വഴി ഒരു ചുഴിയായി മാറുകയായിരുന്നു. അപരിചിതമായ ആകര്‍ഷണീയതയും കാന്തിശക്തിയും, അഗ്നിയുടെ രശ്മികള്‍ ചീറ്റുന്നതുമായ രണ്ട്‌ പാതകള്‍. പാതയുടെ വളര്‍ച്ചയും മുന്നേറ്റവും, നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു. എത്ര സഞ്ചരിച്ചാലും സഞ്ചരിച്ചതിന്റെ മൂന്നിരട്ടി മുന്നില്‍ ശേഷിക്കുന്ന ഒരവസ്ഥ സംജാതമാവുകയാണ്‌. ഒരു ബിന്ദുവില്‍ നിന്ന് പാത പിളരുകയും രണ്ട്‌ ദിശകളിലേക്ക്‌ സഞ്ചരിക്കുകയും ചെയ്യുന്നു.

ആദ്യത്തെ പാത ഇടത്തോട്ട്‌ രണ്ട്‌ പ്രതിക്ഷണം ചെയ്യുമ്പോള്‍, രണ്ടാം പാത വലത്ത്‌ ഭാഗത്ത്‌ അഞ്ച്‌ പ്രദക്ഷിണം ചെയ്ത്‌ അനുക്രമവും അനന്തവുമായ ഒരു ചുഴിയായി എനിക്കു ചുറ്റും രൂപാന്തരപ്പെടുകയായി. ഭീതിതമായ ഒരു നിശബ്ദശൂന്യത എന്നെ പൊതിയുന്നതുപോലെ. പാതകളുടെ പരസ്പരാകര്‍ഷണത്തിനും ചലനത്തിനും കൃത്യമായ വിനാഴിക ഉണ്ടത്രെ. പാതകള്‍ പരസ്പരം ആശയവിനിമയം നടത്തുന്നു എന്നതാണ്‌ എന്നെ ഏറെ അത്ഭുതപരതന്ത്രനാക്കിയത്‌ വൈദ്യുതചാലകങ്ങളുടെ ബലം ഒരു പരിധി കഴിയുമ്പോള്‍ അടുത്തുള്ള കോശങ്ങളിലേക്ക്‌ സിഗ്നലുകള്‍ അയച്ചു തുടങ്ങുകയും സഞ്ചാരികളുടെ ലക്ഷ്യവും മാര്‍ഗ്ഗവും തിരിച്ചറിയുകയും, പരസ്പരം കൈമാറുകയും ചെയ്യുന്നു.

രണ്ടു കാതം പിന്നിട്ടപ്പോഴേക്കും പാതയുടെ അറ്റവും കൊട്ടാര വാതിലും മുന്നില്‍ തെളിഞ്ഞു കാണാന്‍ തുടങ്ങി. പക്ഷെ അത്‌ പാതയുടെ വികൃതികളില്‍ ഒന്നു മാത്രമായിരുന്നു. നേത്ര പടലങ്ങളില്‍ മിത്ഥ്യാബിംബം സൃഷ്ടിക്കുകയും നമ്മെ കബളിപ്പിക്കുയും ചെയ്യുക ഒക്കെ അതിന്റെ മായാവിലാസങ്ങളായിരുന്നു. അന്ത:കരണത്തിനും, ആത്മജ്ഞാനത്തിനും ഉള്‍ക്കൊള്ളാനാവാത്ത ഒരു പ്രഹേളിക തന്നെ.ഇരുണ്ട കോട്ടയ്‌ക്കകത്ത്‌ എത്തിപ്പെട്ടതുപോലുള്ള ഒരു ഭീതി പതുക്കെ എന്നെ തുടരാന്‍ തുടങ്ങി...

ജ്യാമതീയചിത്രങ്ങളും ആയുസ്സിന്റെ രൂപകങ്ങളും വായു മര്‍ദ്ദവും നിറഞ്ഞ രണ്ട്‌ ഗുഹകള്‍ കടന്ന് വേണം ദൈവത്തിന്റെ പണിപ്പുരയില്‍ എത്തിപ്പെടാന്‍. എറേ ദുഷ്‌ക്കരവും ശ്രമകരവുമായ ആ യാത്ര ഉപെക്ഷിച്ചാലോ എന്നുപോലും മനസ്സില്‍ തോന്നിത്തുടങ്ങി. എത്ര സഞ്ചരിച്ചാലും അറ്റമില്ലാത്ത വഴി. വഴി ഒരു പെരുവഴിയാകുന്ന കനത്ത ഇടനാഴികളും ഊടുവഴികളും.

പൊടുന്നനെ പിന്‍ദിശയില്‍ നിന്നും പറന്നു വന്ന ശക്തിയായ കാറ്റ്‌ എന്റെ മുന്നോട്ടുള്ള ഒഴുക്കിനെ സഹായിച്ചു. ഇളം കാറ്റുകൊണ്ട്‌ ഇളക്കപ്പെട്ട്‌ ഒരു പൊങ്ങുതടിപോലെ അനായാസമായി ഞാനൊഴുകി.

ബ്രഹ്മാണ്ഡത്തോടും കാലത്തോടും ബന്ധപ്പെട്ട ഒരപൂര്‍വ്വ പരിസരം നിശ്ചേതനമായ സമയത്തിന്റെ ഋജുരേഖകളും , കൊഴിഞ്ഞു പോയ കാലവും ഒരു ഭാഗത്ത്‌ രണ്ട്‌ കുന്നുകളുമായി ഉയര്‍ന്നിരിക്കുന്നു. ഗുഹയുടെ കവാടം അവസാനിക്കുന്നത്‌ വിശ്വമൂര്‍ത്തിയാ ദൈവത്തിന്റെ കൊട്ടാരത്തിലാണ്‌.

നാലു വാതിലുകളും തുറന്ന് കിടക്കുന്നുവെങ്കിലും നിഷ്പ്രയാസം അകത്തുകടക്കുക സാധ്യമല്ലായിരുന്നു. കടുത്ത വായുസമ്മര്‍ദ്ദം എന്നെ പിറകോട്ട്‌ വലിക്കുകയാണ്‌. വായുസമ്മര്‍ദ്ദത്തിലെ കടുത്ത ചുഴിയിലാണ്‌ അകപ്പെട്ടതെങ്കില്‍ ഉയര്‍ന്ന് അനന്തതയുടെ അപ്പുറത്തേക്ക്‌ , തിരമാലയിലെന്നപോലെ എടുത്തെറിയുമായിരുന്നു. ഭാഗ്യം അങ്ങനെ സംഭവിച്ചില്ല. കടുത്ത ബലാബലത്തില്‍, പെട്ടൊന്നൊരു നിമിഷത്തില്‍ ഒരുപിടി മുന്നോട്ട്‌ നീങ്ങി പ്രവേശനകവാടത്തിന്റെ മദ്ധ്യത്തിലുള്ള സദാ കറങ്ങിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണപേടകം എന്ന ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചതോടെ വര്‍ദ്ധിച്ച സന്തോഷവും ആഹ്ലാദവും കൊണ്ട്‌ ഞാന്‍ വീര്‍പ്പുമുട്ടി.

മരതകവും വൈഡൂര്യവും പത്മരാഗവും സ്വര്‍ണ്ണപ്പതക്കങ്ങളും പതിച്ച കൊട്ടാരച്ചുവരുകളും , വാതിലുകളും, ഇടനാഴിയും അകത്തളങ്ങളും ഭീമാകാരമായ ചിത്രത്തൂണുകളും സദാ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്‌. ചുറ്റും ഒരു സൂര്യപ്രഭ നിറഞ്ഞുനില്‍ക്കുന്നു.

ഒമ്പത്‌ വശങ്ങളുള്ളതും സുദര്‍ശന ചക്രം പോലെ തിരിയുന്നതുമായ ഒരു ഉപകരണം കൊട്ടാരത്തിന്റെ അകത്തളത്തില്‍ ഒരിടത്ത്‌ ഘടിപ്പിച്ചിരിക്കുന്നു. വലതുവശത്ത്‌ സര്‍പ്പചുരുളിന്റെ മാതൃകയില്‍ ഘനവും ആഴമേറിയതുമായ ഒരടയാളവും, അഷ്ടദിക്കുകളേയും സര്‍വ്വമണ്ഡലങ്ങളേയും പതിനെട്ട്‌ ലോകങ്ങളേയും കൃതകൃത്യതയോടെ കാണാവുന്ന സൂഷ്മദര്‍ശിനിയും സ്ഥാനം പിടിച്ചിരിക്കുന്നു. "ഓം" എന്ന ശബ്ദം സഭാ ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ കൊട്ടാരത്തില്‍ എത്തിപ്പെടുന്ന ഒരു പ്രകാശരശ്മിപോലും തിരിച്ചുപോകാനാവാത്ത നിഗൂഡത ആവൃതമായ ഒരന്തരീക്ഷം. പ്രപഞ്ചത്തിന്റെ ആദിമഘടനയെ സൂചിപ്പിക്കുന്നതുപോലെ രൂപവും ഘടനയും ഒന്നുമില്ലാത്ത, കലയുടെ സൗന്ദര്യമൂര്‍ത്തിയായ ഒരു കാല്പനിക ചിത്രവും ചുമരില്‍ പതിച്ചിരിക്കുന്നു.

പ്രപഞ്ചത്തേയും സൗരയൂഥത്തേയും, നക്ഷത്രമണ്ഡലങ്ങളേയും, സൂക്ഷ്മമണ്ഡലങ്ങളേയും പത്ത്‌ സമഭാഗങ്ങളാക്കി ക്രമമായി അടുക്കിവെച്ചിരിക്കുന്നു. ഓരോ ഭാഗങ്ങളും സ്വന്തം ഇണയോട്‌ ചേര്‍ന്ന് കിടക്കുകയും ഓരോ ജീവകോശങ്ങളും ഇണയെ കണ്ടെത്തുകയും ചെയ്യുന്നു.

അതിസൂക്ഷമവും രേഖീയുമായ ഒരു സന്ദേശം സര്‍വ്വമണ്ഡലങ്ങളിലേക്കും പ്രകാശത്തേക്കാള്‍ വേഗത്തില്‍ ഇവിടുന്നു അയക്കപ്പെടുന്നു. ഇതിന്റെ മായികമായ കാന്ത ശക്തി കൊണ്ട്‌ സര്‍വ്വചരാചരങ്ങളുടെയും ജീവജാലങ്ങളുടെയും, പരിണാമവും ആയുസും ജനുസ്സും സ്ഥാനചലനങ്ങളും, ഊര്‍ജ്ജത്തിന്റെ ക്രമീകരണവും പൂര്‍ണ്ണമായി, കൃത്യതയോടെ നിര്‍ണ്ണയിക്കാനാവുന്നു എന്നതാണ്‌ ഏറെ വിസ്മയകരം.

വിചിത്രവും വിസ്മയകരവുമായ, കാഴ്ചകള്‍ കണ്ട്‌ കണ്ണ്‍ മഞ്ഞളിച്ചുപോയി!

ഒരു കൗതുകത്തിനുവേണ്ടിയാണ്‌, സംഖ്യകളുടെ ജാലകങ്ങള്‍ ഉപയോഗിച്ച്‌ ഭൂമിയ്യുടെ ആയുസ്‌ കണ്ടുപിടിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടത്‌. ഭൂമിയുടെ പരിണാമത്തിന്റെ സഹസ്രവര്‍ഷങ്ങളും ഫലകത്തിലെ ഭൂമിയുടെ സംഖ്യയും വ്യവകലനം ചെയ്ത്‌, ജ്യാമതീയ ഫ്രക്ടലുകളുടെ എണ്ണാം ഒപ്പം സങ്കലനം ചെയ്താല്‍, കമ്പ്യൂട്ടര്‍ സ്ക്രീനിലെന്നപോലെ ഭൂമിയുടെ ചിത്രവും വിവരണങ്ങളും തെളിയുകയായി. ഫലത്തിലെ ഇരുണ്ട ചിത്രം അശാന്തിയുടെ നിഴല്‍പോലെ തെളിഞ്ഞുവരികയാണ്‌ ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ ഉത്തരായണത്തില്‍ ഒരഗ്നി പര്‍വ്വതംപോലെ കത്തിയമരുന്ന ഭൂമിയുടെ ചിത്രം ഫലകത്തില്‍ തെളിഞ്ഞു വന്നതോടെ ഒരു ഇടിത്തീ നെഞ്ചില്‍ കടന്നതുപോലെ ഞാന്‍ പരവശനാകുകയും കടുത്തമനംപുരട്ടലിന്‌ അടിമപ്പെടുകയും ചെയ്തു. മനസ്സിന്റെ ആഘാതം കുറച്ചു സമയത്തേക്ക്‌ എന്റെ മുന്നോട്ടുള്ളാ ചലനങ്ങളെ തടസ്സപ്പെടുത്തിയതോടെ ദൈവത്തിന്റെ പണിപ്പുരയില്‍ എത്തിപ്പെടാനാവില്ല എന്ന കടുത്ത ആശങ്കയും മനസ്സില്‍ പടരുകയായിരുന്നു സമനില വീണ്ടെടുത്ത്‌ ഒരു മാറ്റത്തിനുവേണ്ടി, മനസില്‍ എന്നോ അറിയാന്‍ ആഗ്രഹിച്ച ചൊവ്വായിലെ ജീവജാലങ്ങളെയും ജീവകണികയെയും കുറിച്ച്‌ അന്വേഷിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.

ചൊവ്വയിലെ അമാഘ അറോറ എന്നീ സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ ഭൂമിയിലെ മനുഷ്യരേക്കാള്‍ ബുദ്ധിശ്ക്തിയും കഴിവും ചൈതന്യവും ദിവ്യമായ തേജസ്സ്‌ നിറഞ്ഞവരും, ഏത്‌ രൂപം പ്രാപിക്കാനും സ്വയം പറന്ന് പോകാനും കഴിവുള്ള "ഒയാസ്‌" വംശത്തില്‍പ്പെട്ട മനുഷ്യരാണെന്ന്, ഫലകത്തിലെ സന്ദേശത്തില്‍ തെളിഞ്ഞതോടെ ഞാന്‍ അത്ഭുതസ്തംഭനാവുകയും അത്യാഹ്ലാദത്തിന്റെ കടുത്തമര്‍ദ്ദം എന്നെ പരവശനാക്കുകയും എന്നില്‍ വലയംചെയ്യുകയും ചെയ്തു. അനന്തരം ഉള്ളിലെ ചിരിയും സന്തോഷവും നിശ്ചലാവസ്ഥയിലായി. "ഒയാസുകള്‍" പറക്കും തളികകളില്‍ ഓരോ ലോകങ്ങളിലേക്കും അന്യഗ്രഹങ്ങളിലേക്കും, സൂക്ഷ്മനിരീക്ഷണം നടത്തുകയും ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്യാറുണ്ടത്രെ.

വിവിധങ്ങളായ കാഴ്ചകളില്‍, അര്‍ദ്ധ്‌ ആലസ്യത്തില്‍പ്പെട്ട്‌ എവിടെയാണെന്ന്പോലും തിരിച്ചറിയാനാവത്ത ധൂമപടലങ്ങളില്‍ അകപ്പെട്ടു.


ചിത്രീകരണം : ശ്രീകല

സൂര്യന്‍ ഉപേക്ഷിച്ചിട്ടു പോയ കുറിപ്പും ദൈവത്തിന്റെ പണിപ്പുരയിലെ ഫലകത്തിനും ഏരെ സാമ്യമുണ്ടെന്നത്‌ വിസ്മയങ്ങള്‍ക്കിടയിലെ വിസ്മയമായ ഒരനുഭവമായിരുന്നു, പ്രപഞ്ചത്തിന്റെ ജാമതീയ ചിത്രങ്ങള്‍ വരച്ച ഫലകം എല്ലാറ്റിന്റെയും പ്രവര്‍ത്തനങ്ങളേയും, ധര്‍മ്മങ്ങളേയും, പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവത്രെ. അശ്രാന്തമായ എന്റെ അന്വേഷണവും യാത്രയും മന്‍സില്‍ പല ചിന്തകളും, ആശയങ്ങളും, ഗണിതങ്ങളുടെ പെരുക്കങ്ങളും, സങ്കലന വ്യവകലനങ്ങളും രൂപപ്പെടുത്തുകയായിരുന്നു.

പെട്ടെന്നൊരു നിമിഷത്തില്‍ എന്നെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ദൈവത്തിന്റെ പണിപ്പുരയുടെ കവാടത്തില്‍ എന്നെ ആരോ എത്തിക്കുകയായിരുന്നു. അനന്തരം സദൈകരൂപയായ, ഗഗനസദൃശനായ വിശ്വമൂര്‍ത്തിയായ എല്ലാറ്റിന്റെയും പരംപൊരുളായ ദൈവത്തെസ്മരിച്ച്‌ പണിപ്പുരയിലേക്ക്‌ സധൈരം പ്രവേശിപ്പിച്ചു. ഭയ സംക്രമങ്ങളുടെ നിമിഷങ്ങള്‍ എന്നില്‍ നിന്ന് പതുക്കെ മറഞ്ഞുപോയി.

സര്‍വ്വലോകനാഥനായ ദൈവത്തിന്റെ ശശിവര്‍ണ്ണം അകലെ നിന്നുതന്നെ തെളിഞ്ഞു കാണുകയും ഒരു ഇലയനക്കം പോലെ നേരിയ ചലനം എന്നെ സമീപിക്കുന്നതായും തോന്നി. ഇല്ല. എല്ലാം വെറും തോന്നലുകളായിരുന്നു. കാറ്റിന്റെ ചിറകുകള്‍ തമ്മിലുരസിയതോ, നക്ഷത്രങ്ങള്‍ പതുക്കെ കണ്ണുതുറന്നതൊ ആയിരുന്നു. വിശാലമായ മുറിയുടെ ഒരരികില്‍ ഭംഗിയായി അലങ്കരിച്ച അടുക്കി വെച്ച പണിപ്പുര . കാലചക്രത്തിന്റെയും പരബ്രഹ്മത്തിന്റെയും സംഗമസ്ഥലംപോലെ ഒരത്മീയ ശാന്തി നിറയുന്നു. മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ അക്കങ്ങളില്ലായിരുന്നു. ശൂന്യമായ കോളങ്ങള്‍ ഓരോ ജനിമൃതികളിലും അക്കങ്ങളായി തെളിയുകയാണിവിടെ. മേശയുടെ ഒരരികില്‍ ദൈവം കുറിച്ചുവെച്ച, പൂര്‍ത്തീകരിക്കാത്ത ഒരു കഥയും പൊറ്റുന്നനെ എന്റെ കണ്ണില്‍പെട്ടു. ജീവിത കഥ്യുടെ നിര്‍ണ്ണയിക്കാനാവാത്ത മുഹൂര്‍ത്തം ഒന്നാം വരിയില്‍തന്നെ വായിച്ചെടുത്തു ഓരോ വായനയിലും വാക്കുകള്‍ നക്ഷത്രങ്ങളായി പറന്നുപോവുകയായിരുന്നു. ഓരോ വരികള്‍ പിന്നിടുന്തോറും ഒരു തെജസ്സ്‌ ഉള്ളില്‍ നിറയുന്നതായി തോന്നി. കഥയുടെ മൃതസഞ്ജീവനിയായിരുന്നത്‌.

സ്വര്‍ണ്ണതൂവലുകള്‍ കൊണ്ട്‌ പണിത ദൈവത്തിന്റെ തൂലികയ്ക്കും ഇരിപ്പിടത്തിനും കടലാസിനും എല്ലാം ഒരേ നിറമായിരുന്നു. എല്ലം ഒരു മയാമയം. പരബ്രഹ്മതേജസിന്റെ മിന്നലാട്ടം.... അരൂപിയും അദൃശ്യവുമായ ആ ചൈതന്യം എങ്ങും നിറഞ്ഞുനിന്നു.

ശംഖുചക്രവും പത്മമുഖവും തെളിഞ്ഞ, മാന്ത്രികസ്പര്‍ശമുള്ള ദൈവത്തിന്റെ ഇരിപ്പിടത്തില്‍ ഭയഭക്തിയോടെ ഇരുന്ന്‌, കഥയുടെ കഥയിലേക്ക്‌, കാണാക്കയങ്ങളിലേക്ക്‌ ഞാന്‍ ഊളിയിട്ടു പറന്നു.

Subscribe Tharjani |