തര്‍ജ്ജനി

സാഹിതീയം

കവിതയിലെ ഭാവുകത്വ അപചയങ്ങള്‍

പരീക്ഷണാത്മകമായ ചലനങ്ങള്‍ കഥയിലാണ്‌ കണ്ടുവരുന്നതെങ്കിലും ഇന്ന്‌ സജീവചര്‍ച്ചകള്‍ നടക്കുന്നത്‌ കവിതയിലാണ്‌. വാദപ്രതിവാദങ്ങളിലും വാഗ്വാദങ്ങളിലും തരംതിരിക്കലിലും തെളിഞ്ഞു വരുന്ന ഒരു യാഥാര്‍ത്ഥ്യം, ഭാഷയുടെ ദുര്‍മേദസ്സിനാലും അകല്‍പിത ബിംബങ്ങളാലും അനാവശ്യമായ സ്വത്വനിരാസത്താലും പുതുകവിതകള്‍ ഏകസ്വരമാണ്‌ എന്നതാണ്‌. ഇത്‌ കവിതയെ മുന്നോട്ടല്ല പുറകോട്ടാണ്‌ വലിക്കുന്നതെന്ന്‌ ഒരു കൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇത്‌ പുതുകവിതയുടെ സ്വതന്ത്രമായ അസ്തിത്വമായി കണക്കാക്കുന്നു.

ഒരു പുതിയ ഭാവുകത്വത്തെ മനസ്സിലാക്കാനുള്ള സൂക്ഷ്മ നിരീക്ഷണശക്തി മന്ദീഭവിച്ചുപോയതായിരിക്കാം പുതിയ കവിതകളെ അറിയാന്‍ വിഘ്നമായിരികുന്നതെന്ന്‌ അവര്‍ അഭിപ്രായപ്പെടുന്നു. ഉത്തരാധുനികതയുടെ സവിശേഷതകള്‍ പേറുന്നതിനോടൊപ്പം തന്നെ അതിനെ പ്രതിരോധിക്കുക എന്ന കര്‍മ്മംകൂടി കവിത ഏറ്റെടുത്തിരിക്കുന്നതായി മറ്റു ചിലര്‍ അവകാശപ്പെടുന്നു. ഇത്‌ കവിതകളേയും കവികളേയും തരം തിരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

poetry in illustration

ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ കവിതകളെക്കുറിച്ച്‌ വിലയിരുത്തവേ സി.ആര്‍ പരമേശ്വരനാണ്‌ ഇത്തരമൊരു ചര്‍ച്ചക്ക്‌ തുടക്കമിട്ടത്‌. തന്റെ വസ്തു നിഷ്ഠമായ പഠനത്തിലൂടെ ആധുനികവും ഉത്തരാധുനികവുമായ ചലനങ്ങള്‍ കവിതയില്‍ വളരെ കുറച്ചുമാത്രമേ പ്രതിഫലിച്ചു കണ്ടുള്ളുവെന്നും അബദ്ധജടിലങ്ങളായ നാട്യങ്ങള്‍ പേറുന്നതായിരുന്നു അവയെന്നും സമര്‍ത്ഥിക്കുകയുണ്ടായി. അറുപതുകളില്‍ ആധുനികമാകാത്ത ഒരു സമൂഹത്തിലിരുന്നുകൊണ്ട്‌ നമ്മുടെ അക്കാദമി കവികള്‍ കവിതയെ ബലാല്‍ക്കാരേണ ആധുനികമാക്കാനാണ്‌ ശ്രമിച്ചത്‌. ഇപ്പോള്‍ സമൂഹം പ്രകടമായും ഉത്തരാധുനിക ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ആ യാഥാര്‍ഥ്യവുമായി കിടനില്‍ക്കാനാകാതെ കവിത പൊതുവെ പത്തുനാല്‍പതു വര്‍ഷം പിറകോട്ടുപോയി, കാല്‍പനികതയില്‍ തറഞ്ഞു നില്‍ക്കുന്നു എന്നത്‌ രസകരമായ വൈരുദ്ധ്യമാണ്‌.

നമ്മുടെ കാവ്യ പാരമ്പര്യം വെച്ചു നോക്കുമ്പോള്‍ എണ്‍പതുകളില്‍ പിറന്ന കവിതകള്‍ നിലനിര്‍ത്തിപോന്ന -പ്രത്യേകിച്ചും സച്ചിദാനാന്ദന്‍, ആറ്റൂര്‍ രവിവര്‍മ്മ, കെ.ജി ശങ്കരപ്പിള്ള, കടമ്മനിട്ട തുടങ്ങിയവരുടെ കവിതകളില്‍ നിറഞ്ഞു നിന്ന- നവീനതയും സ്വാഭാവികതയും പിന്നീട്‌ വന്ന അവരുടെ തന്നെ കവിതകളിലും മറ്റു പുതു കവികളുടെ കവിതകളിലും ഒട്ടും തന്നെ കാണാനില്ല എന്നദ്ദേഹം കുണ്ഠിതപ്പെടുന്നു.

ഉത്തരാധുനിക കാഴ്ച്ചപ്പാടുകളും രചനാ സവിശേഷതകളും കവിതകളില്‍ എന്ന ഒരു വിശകലനത്തിന്‌ വിധേയമാക്കിയാല്‍ ഇന്നത്തെ കവിതകള്‍ പരമേശ്വരന്റെ ഈ ഉല്‍ക്കണ്ഠകള്‍ പേറുന്നതായി കാണാം. ശില്‍പഭംഗിയോ, രാഷ്ട്രീയ വിവക്ഷകളോ ഇല്ലാത്ത വികലമായ പദസമുച്ചയത്താല്‍ മുഖരിതമായ കവിതകളാണ്‌ ഇന്ന്‌ പിറക്കുന്നതില്‍ കൂടുതലും. കഥയില്‍ കഥാകൃത്തുക്കള്‍ സ്വാംശീകരിച്ച ആ കാഴ്ച്ചപ്പാടുകളും സവിശേഷതകളും നമ്മുടെ പുതുകവിതകള്‍ അറിയാതെ പോയി. കവിതകളില്‍ അവര്‍ക്കത്‌ സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ പോയി. ഒന്നുകില്‍ പലരും പലരുടേയും വലിച്ചു നീട്ടലുകളായും മറ്റുചിലര്‍ വിമര്‍ശകരായ അവതാരികക്കാരുടെ തണലില്‍ കഴിയുന്നതുമായ ദയനീയ കാഴ്ച്ചയാണ്‌ കണ്ടുവരുന്നത്‌. വായനക്കാരുടെ സംവേദനക്ഷമതയെ പരീക്ഷിക്കുന്ന, പിന്നോട്ടു കൊണ്ടുപോകുന്ന അസമയത്തുള്ള കവിതകളായി അവയെ വിശേഷിപ്പിക്കുന്നവരുമുണ്ട്‌.

ഇടക്കെപ്പോഴെങ്കിലും ഒരു മിന്നല്‍ പോലെ ചിലഒറ്റപ്പെട്ട കവിതകള്‍ പിറക്കുന്നുണ്ടെങ്കിലും ഇപ്പോഴും കവിത ബാലചന്ദ്രന്‍ ചുള്ളിക്കാടിനും അയ്യപ്പനും വിജയലക്ഷ്മിക്കും ചുറ്റും കറങ്ങുകയാണ്‌. അവരുടെ തന്നെ നിഴലായി ഒരു കൂട്ടരും. മറ്റൊരു കൂട്ടര്‍ ഇപ്പോഴും സച്ചിദാനന്ദന്റെ "സ്കൂളി"ലാണ്‌. ആരും തന്നെ കവിതയെഴുതപ്പെടുന്ന കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകളും സവിശേഷതകളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നില്ല. ഭാവപരമായും രൂപപരമായും ഒരു പരീക്ഷണത്തിനും ആരും തയ്യാറുമല്ല. കവി കാലത്തോടേറ്റുമുട്ടി നേടിയെടുക്കുന്ന മൂല്യബോധം കവിതകളിലൂടെ പ്രകടമാകുമ്പോഴാണ്‌ അത്‌ കാലാനുസാരിയായി മാറുന്നത്‌. അത്‌ താന്‍ ജീവിച്ചു തീര്‍ക്കുന്ന കാലത്തോട്‌ മുഖം തിരിച്ചു നില്‍ക്കുന്ന അവസ്ഥ ദയനീയമാണ്‌.

ഒരേ രീതിയിലുള്ള, നിലവാരത്തിലുള്ള കവിതകളാണ്‌ ഇന്ന്‌ ഏറെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരികുന്നത്‌. പലര്‍ക്കും എളുപ്പം സ്വീകാര്യമായ മാധ്യമമായി അതു മാറിക്കൊണ്ടിരിക്കുന്നു. പരമമായ ഭാഷയോ ആവിഷ്കാരമോ ആരും പ്രശ്നമാക്കുന്നില്ല. ഭാവം ഏറ്റവും ഉപരിപ്ലവമായി മാറുന്ന അവസ്ഥ കഷ്ടം തന്നെ. വാക്ക്‌ സൃഷ്ടിക്കുന്നതും അതിലടങ്ങിയിരിക്കുന്നതുമായ ആന്തരിക ധ്വനി കവിയറിയാതെ പോയാല്‍ ഏതു കവിതയും ശുഷ്ക്കമാകും. മലയാള കവിതയുടെ ഈ പരിതാപകരമായ അവസ്ഥ അറിയണമെങ്കില്‍ ഇന്നത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ കടന്നു പോയാല്‍ മതി. ആറ്റൂരും, ശങ്കരപ്പിള്ളയും, സച്ചിദാനന്ദനും, വിനയ ചന്ദ്രനും, അയ്യപ്പനും, വിജയലക്ഷ്മിയും റോസിയും ഇടയ്ക്കെപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്നതു കൂടാതെ കാക്കത്തൊള്ളായിരം കവികളും കവയത്രികളും പത്രമാസികകളുടെ ഒരു പാട്‌ പേജുകള്‍ അപഹരിക്കുന്നതായി കാണാം. ഇവരുടെ കൂട്ടത്തില്‍ തന്റേതായ സ്വത്വത്തിലൂടെ എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌ - ടി.പി രാജീവന്‍, റഫീഖ്‌ അഹ്‌മദ്‌, പി. പി. രാമചന്ദ്രന്‍, കെ.ആര്‍ ടോണി, വീരാന്‍ കുട്ടി, പി. രാമന്‍, സര്‍ജ്ജു, അന്‍വര്‍ അലി, സച്ചിദാനന്ദന്‍ പുഴങ്കര, ജയശീലന്‍,ഗോപീകൃഷ്ണന്‍, ഋഷീകേശന്‍, നസിമുദ്ദീന്‍, കെ.സി.ജയന്‍, വി.എസ്‌. ഗിരിജ, അനിതാ തമ്പി, കണിമോള്‍, രജനി, ലക്ഷ്മിദേവി, കവിതാ ബാലകൃഷ്ണന്‍, രൂപേഷ്‌ പോള്‍, പവിത്രന്‍ തുടങ്ങിയവര്‍ക്കാണ്‌. മുഖ്യധാരയില്‍ നിന്ന്‌ വേറിട്ട്‌ തങ്ങളുടേതായ പ്രാമാണികത നിലനിര്‍ത്താന്‍ ഇവര്‍ക്ക്‌ ഒട്ടൊക്കെ കഴിഞ്ഞിട്ടുണ്ട്‌. പലപ്പോഴും ബിംബങ്ങളുടെ ആധിക്യം കവിതയെ ഏകാഗ്രമായ ശില്‍പബോധത്തില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുന്ന ഒരവസ്ഥയിലേക്കെത്തിക്കുന്നുണ്ട്‌. മനഃപൂര്‍വ്വം രൂപസങ്കീര്‍ണ്ണതയും ദുരൂഹതയും സൃഷ്ടിക്കാന്‍ വേണ്ടി ബിംബങ്ങളെ അതിയായി ആശ്രയിക്കുമ്പോള്‍ അത്‌ ഭാവത്തില്‍ പോറലേല്‍പ്പിക്കുന്ന കാര്യം പലരും മറന്നു പോകുന്നുവെന്നു തോന്നുന്നു. എങ്കിലും ഭാഷാപരവും ഭാവപരവുമായ നവീനതകള്‍ ഉള്‍ക്കൊള്ളുന്ന ചില രചനകള്‍ ആ ദൌര്‍ബ്ബല്യങ്ങളെ അതിജീവിക്കുന്നുമുണ്ട്‌.

കവിതയെ കാലവുമായി ബന്ധപ്പേടുത്തുന്നതെന്താണ്‌?കവിതയുടെ മൂല്യബോധം. കവിത ഒരേസമയം കവിയുടെ ആത്മകഥയും കാലത്തിനുനേരെ പിടിച്ച കണ്ണാടിയുമാണ്‌. തങ്ങള്‍ക്ക്‌ സംരക്ഷിക്കാനാവാത്ത, തങ്ങളില്‍ നിന്ന്‌ നഷ്ടപ്പെട്ടുപോകുന്ന ആത്മബോധം മൂല്യച്യുതിയുടെ പ്രതിഫലനം തന്നെയാണെന്ന്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ അപൂര്‍വ്വം ചില കവിതകള്‍.

തന്റേതായ രചനാ തന്ത്രം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയാത്തിടത്തോളം കവിത കവിക്ക്‌ അപ്രാപ്യമായിരിക്കും. കവിയുടെ സ്വത്വ പ്രകാശനമാണ്‌ കവിത. അതിനായി ഒരു പാറ്റേണ്‍ സ്വീകരിക്കുമ്പോള്‍ തന്റേതായ ഒരു ശബ്ദവും ഉള്‍ക്കാഴ്ചയും അതില്‍ നിലനിര്‍ത്തേണ്ടതുണ്ട്‌. അത്‌ പാരമ്പര്യത്തെ അനുകരിച്ചുകൊണ്ടാകരുത്‌. അതേസമയം നിഷേധിച്ചുകൊണ്ടുമാവരുത്‌.

കാവ്യ ചിന്തകന്മാര്‍ കല്‍പിച്ചിട്ടുള്ള പ്രത്യക്ഷമോ ആന്തരികമോ ആയ താളാത്മകത്വം കവിതയ്ക്ക്‌ അത്യാന്താപേക്ഷിതമാണ്‌. കവിതയുടെ അന്തഃസത്ത, ആന്തരിക ശില്‍പം, പദസമുച്ചയത്തിലൂടെ അത്‌ സാക്ഷാത്കരിക്കുന്ന രീതി എല്ലാം പ്രധാനം തന്നെ. ശബ്ദ വിന്യാസം, പദഘടന, വാങ്മയ ചിത്രങ്ങള്‍ എന്നിവയിലൂടെ സാധ്യമാകുന്ന ഒരു ഭാവ സംവേദനം പ്രദാനം ചെയ്യാന്‍ കവിതയ്ക്ക്‌ കഴിയുന്നില്ലെങ്കില്‍ അത്‌ കവിതയുടെ അപചയം തന്നെയാണ്‌ വ്യക്തമാക്കുന്നത്‌.

ഇന്നത്തെ കവിതകളിലെ കാവ്യഭാഷയുടെ അപര്യാപ്തതയും എറ്റുത്തു പറയേണ്ടിയിരിക്കുന്നു. ഭാഷയെന്നു പറയുമ്പോള്‍ വാക്കുകള്‍, ബിംബങ്ങള്‍, സ്വരരീതി, അംഗവിക്ഷേപങ്ങള്‍ എല്ലാം ഉള്‍പ്പെടും. പുതിയ സെന്‍സിബിലിറ്റി പുതിയ ഭാഷ ആവശ്യപ്പെടുന്നു. മലയാള കാവ്യചരിത്രം എടുത്തുനോക്കിയാല്‍ ഒരോ കാലഘട്ടത്തിലും ഒരോ പുതിയ കാവ്യഭാഷ സൃഷ്ടിക്കപ്പെട്ടതായി കാണാം. കുമാരനാശാന്റെ കാലഘട്ടത്തില്‍നിന്നും വ്യത്യസ്തമായൊരു കാവ്യഭാഷയായിരുന്നു ചങ്ങമ്പുഴയും കൂട്ടരും സൃഷ്ടിച്ചത്‌.

പില്‍ക്കാലത്ത്‌ അയ്യപ്പപണിക്കരും കൂട്ടരും പദങ്ങളിലും ബിംബങ്ങളിലും താളബോധത്തിലുമെല്ലാം നവീനത പുലര്‍ത്തുന്ന ഒരു പുതിയ ഭാഷ സൃഷ്ടിച്ചതായി കാണാം. പിന്നീടു വന്ന തലമുറയില്‍ അപൂര്‍വ്വം ചിലരൊഴിച്ചാല്‍ മറ്റാരും തന്നെ ഇത്തരമൊരു ശ്രമം നടത്തിയതായി കാണാനില്ല. മുന്‍ഗാമികളുടെ കാവ്യമീമാംസ നിരാകരിക്കുകയായിരിക്കണം ഒരു കവിതയുടെ പ്രഥമ ധര്‍മ്മമെന്ന റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ വചനം നമ്മുടെ പുതുകവികള്‍ ഓര്‍ക്കുന്നതു നന്ന്‌.

ഡോ: ടി.പി. നാസര്‍
വിലാസം: സമവേശ്മ, കണ്ണാഞ്ചേരി പി. ഒ, കല്ലായി, കോഴിക്കോട്
Subscribe Tharjani |
Submitted by Kumar (not verified) on Sat, 2006-01-14 16:21.

where is mohanakrishnan kalady? KC Jayan and KanimOL! Doctor TP Naser has a unique way for classification and writing essays!

Submitted by ബെന്നി (not verified) on Sun, 2006-01-15 15:08.

കൂട്ടത്തില്‍ പി പി രാമചന്ദ്രന്‍ തന്നെ മെച്ചം. പിന്നെ കെ ആര്‍ ടോണി, രൂപേഷ് പോള്‍, ടി പി രാജീവന്‍, ബിലു സി നാരായണന്‍, കണിമോള്‍ എന്നിവരും നന്നായെഴുതുന്നു.

ആത്മഹത്യ ഒരു ദാര്‍ശനിക സമസ്യയല്ല എന്ന പേരില്‍ ഒരു കവിത വായിച്ചത് ഓര്‍ക്കുന്നു. ആരാണ് കവിയെന്ന് ഇപ്പൊഴോര്‍മ്മയില്ല. മികച്ചൊരു രചനയായിരുന്നു അത്.

ഇവരെക്കാളൊക്കെ ഞാന്‍ ഇഷ്ടപ്പെടുന്നത് കല്‍പ്പറ്റ നാരായണന്റെ കവിതകളാണെന്നൊരു അടിക്കുറിപ്പും ചേര്‍ക്കട്ടെ.

ബെന്നി

Submitted by Sunil Krishnan (not verified) on Wed, 2006-01-18 17:04.

ശ്രീ സി.ആര്‍. പരമേശ്വരന്റെ പൊളിഞ്ഞു പോയ പരിചയുടെ പിന്നില്‍ നിന്നാണ്‌ ലേഖകന്‍ മലയാള കവിതയ്ക്ക്‌ ഒളിവെട്ട്‌ വെട്ടുന്നത്‌. ശ്രീ പരമേശ്വരന്റെ പക്ഷപാതപൂര്‍ണ്ണവും ഉപരിതലസ്പര്‍ശിയും മാത്രമായ നിരീക്ഷണങ്ങളെ വായനക്കാര്‍ എന്നേ കടലില്‍ തള്ളിയതാണ്‌. സ്വന്തം മുന്‍വിധികളുടെ ചങ്ങല പോലും പൊട്ടിക്കാനാവാത്ത വാ പോയ കോടാലികള്‍ ഒരു മൂലയ്ക്ക്‌ വക്കുന്നതല്ലേ നല്ലത്‌.

"ആരും തന്നെ കവിതയെഴുതപ്പെടുന്ന കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകളും സവിശേഷതകളും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നില്ല ഭാവപരമായും രൂപപരമായും ഒരു പരീക്ഷണത്തിനും ആരും തയ്യാറുമല്ല" എന്ന് ലേഖനത്തിന്റെ ഒരു ഭാഗത്ത്‌ മുഖമടച്ചു തുപ്പിയിട്ട്‌ കുറച്ചുവരികള്‍ക്കുശേഷം അത്‌ ലേഖകന്‍ തന്നെ കോരുന്നതു നോക്കൂ " രാമചന്ദ്രന്‍ ............ മുഖ്യധാരയില്‍ നിന്ന് വേറിട്ട്‌ തങ്ങളുടെതായ പ്രമാണികത നിലനിര്‍ത്താന്‍ ഇവര്‍ക്ക്‌ ഒട്ടൊക്കെ കഴിഞ്ഞിട്ടുണ്ട്‌" അപ്പോള്‍ ചോദിച്ചു പോവുകയാണ്‌ എന്താണ്‌ ഈ മുഖ്യധാര ? അദ്ദേഹം തന്നെ പേര്‌ എടുത്തു പറഞ്ഞ 20 കവികള്‍ പ്രാമാണികത നിലനിര്‍ത്തി എഴുതുമ്പോള്‍ അത്‌ ഏതു ധാര? ഏതു ഭാവുകത്വം?

പക്ഷികള്‍ അനവധിയിരിക്കുന്ന മരത്തിലേക്ക്‌ കല്ലെടുത്തെറിയുന്ന കൌതുകത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയാവരുത്‌ വിമര്‍ശനം. കവിതയില്‍ പരീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌ എന്നാര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. എന്നിട്ടും ഡ്രില്‍ മാഷിനെപ്പോലെ ആധുനികം ഉത്തരാധുനികം എന്നൊക്കെ വരച്ച്‌ കവികളെ ലെഫ്ട്‌ റയിറ്റ്‌ ചാടിപ്പിച്ച്‌ രസിക്കുന്നു, ആധുനികത്തിന്റെ അപ്പുറത്തെ വര ഫൌള്‍ എന്നു വിധിക്കുന്നു.

ഒടുവില്‍ വെടി വെച്ചതെങ്ങോട്ട്‌? കൊണ്ടതാര്‍ക്ക്‌? ചത്തതോ? .....