തര്‍ജ്ജനി

സാഹിതീയം

'ഇല്ലാത്ത' നാടകം; ചില ചരിത്രവിചാരങ്ങള്‍

Modernity breaks with the immediate past only to recover an age old past and transform a tiny fertility figure from the Neolithic into our contemporary.
-Octavio Paz

ആയിരത്തി അഞ്ഞൂറോളം കൊല്ലങ്ങളുടെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന കൂടിയാട്ടമാവണം മലയാളിയുടെ ഏറ്റവും പഴയ നാട്യകലയെന്നത്‌, സവര്‍ണ്ണ കലാമൂല്യങ്ങളുടെ ആദ്യ ചരിത്രപാഠം കൂടി ആയേക്കും. കൂടിയാട്ടത്തിന്റെ സാഹിത്യം സംസ്കൃതമായിരുന്നു. ഭരതന്റെ നാട്യശാസ്ത്രം, നടനത്തിന്റെ പിന്‍ബലവും. 'ആട്ടപ്രകാര'വും പിന്‍തുടരുന്നത്‌ ഈ രീതിശാസ്ത്രം തയൊണ്‌. എട്ടാം നൂറ്റാണ്ടും ഒന്‍പതാം നൂറ്റാണ്ടുമാണ്‌ കൂടിയാട്ടത്തിന്റെ പ്രഭവകാലം. ഇത്‌ മലയാള ഭാഷയുടെ സംക്രമണകാലം കൂടിയാണ്‌. സംഘകാലത്തെ ചെന്തമിഴില്‍ നിന്നും, സഹ്യനിപ്പുറത്തെ തോറ്റംപാട്ടു‍കളില്‍ നിന്നും ഭാഷ, സംസ്കൃതത്തിന്റെ പ്രാദേശിക ഗാംഭീര്യങ്ങളെ ഉള്‍ചേര്‍ക്കുന്ന കാലം. അതിനുമുന്‍പ്‌ കേരളത്തിന്റെ ചിതറിയ ഗോത്രസംസ്കൃതികളിലെങ്ങും നാട്യരൂപങ്ങള്‍ ഉണ്ടായിരുന്നി‍ല്ല എന്നു്‌ കരുതാനാവില്ല. ചരിത്രം ബാക്കി വച്ചത്‌ 'സംഘ'ങ്ങളില്‍ 'എഴുതപ്പെട്ടതു' മാത്രമാണ്‌ എന്നാ‍വുമത്‌. ദ്രാവിഡഭാവങ്ങള്‍ കൂടുതല്‍ പ്രകടമാവുന്ന 'പടയണി' പോലുള്ള ക്ഷേത്രകലാരൂപങ്ങള്‍ക്ക്‌ മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു്‌ കരുതപ്പെടുന്നുമുണ്ട്‌. ബൌദ്ധകലകളോടുള്ള സാമ്യവും പടയണിയുടെ ഈ കാലഗണനയ്ക്ക്‌ സംഗതിയാവുന്നു.

എങ്കിലും മലയാളിയുടെ സംസ്കരിച്ച ആദ്യ നടനരൂപം കൂടിയാട്ടം തന്നെയാവും. സംഘകാലത്തിനു ശേഷം നാലഞ്ച്‌ നൂറ്റാണ്ട്‌ ഇരുട്ടി‍ലാണ്ട കേരളചരിത്രം ചേരരാജാക്കന്‍മാരോടെ തിരിച്ചുവരുമ്പോള്‍ ഒപ്പം കൂടിയാട്ടവുമുണ്ടായിരുന്നു. കുലശേഖരവര്‍മ്മ ചേരമാന്‍പെരുമാള്‍ എഴുതിയ ആട്ടപ്രകാരം തയൊണ്‌ ഇന്നും കൂടിയാട്ടത്തിന്റെ ആധികാരിക ഗ്രന്ഥം എന്നും ഓര്‍ക്കേണ്ടതുണ്ട്‌. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നിലനിന്നി‍രു കൂടിയാട്ടത്തിനു്‌ വരുംകാലങ്ങളില്‍, പ്രാദേശികമായ പരിഭാഷകളോടെ ഒന്നി‍നു പിറകെ ഒന്നായി രുചിഭേദങ്ങള്‍ ഉണ്ടായി. കൂത്തും തുള്ളലും കഥകളിയും എന്തിനു്‌ പൊറാട്ടു്‌ നാടകങ്ങള്‍ പോലും ഉത്സവഛായയോടെ സൃഷ്ടിക്കപ്പെട്ടു‍. മോഹിനിയാട്ടവും ദേവദാസി തെരുവുകളില്‍ കൊഴുത്തു. സ്വാതിതിരുനാളിന്റെ ഇടക്കാലത്ത്‌ ലഭിച്ച പ്രാധാന്യവും ബഹുമാനവും പിന്നെ‍ മോഹിനിയാട്ടത്തിനു കിട്ടുന്ന‍ത്‌ വള്ളത്തോള്‍ കലോദ്ധാരണം നടത്തുന്ന കാലത്തോടെയാണ്‌.

കോട്ടയം തമ്പുരാനും, ഉണ്ണായിവാര്യരും, കുഞ്ചന്‍നമ്പ്യാരുമൊക്കെ വിവിധ അനുഷ്ഠാന നാട്യകലകളുടെ സാഹിത്യം എഴുതിയുണ്ടാക്കുന്നതിനു്‌ മുമ്പ്‌ വാസ്കോ ഡ ഗാമയും ചവിട്ടു‍നാടകവും കേരളത്തിലെത്തിയിരുന്നു. തമിഴ്‌ സംഗീതനാടകങ്ങളിലെ രാജപാര്‍ട്ടു‍കളും 'കാറല്‍മാന്‍ചരിത'വുമൊക്കെ കേരളത്തെ ത്രസിപ്പിക്കുതിന്റെ വിയോജിപ്പ്‌ കോയിതമ്പുരാന്റെ 'അഭിജ്ഞാനശാകുന്തളം' പരിഭാഷയെ ത്വരിതപ്പെടുത്തിയിരിക്കാം. കലയിലായാലും പരിതസ്ഥിതികളുടെ പരിണാമം ബോധപൂര്‍വ്വമോ അനായാസമോ സംഭവിക്കുന്നതാവില്ല. അതുകൊണ്ടാവുമല്ലോ ഒരു സംസ്കൃതനാടകത്തിന്റെ തര്‍ജ്ജമ ലഭിക്കുതിനു മുന്‍പേ നമുക്കു്‌ ഒരു ഒന്നാന്തരം എലിസബേത്തിയന്‍ നാടകത്തിന്റെ പരിഭാഷ കിട്ടി‍യത്‌ (Comedy of Errors – 1866).

അനുഷ്ഠാനകലകള്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു‍ നിന്നു. ക്ഷേത്രങ്ങളില്‍ വളരെ ചെറിയ ഒരുകൂട്ടം ആള്‍ക്കാര്‍ മാത്രമേ അനുവദിക്കപ്പെട്ടി‍രുന്നുള്ളു. കലാവിഷ്ക്കാരത്തിന്റേയും കലാസ്വാദനത്തിന്റേയും ശുദ്ധവിചാരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ഈ സാമൂഹിക അവസ്ഥ, കലയുടെ ജനകീയമായ പിന്‍തുടര്‍ച്ചകളെ തടസ്സപ്പെടുത്തി എന്നു കാണാം. ഇതു കലയുടെ സ്വത്വവുമായി ബന്ധപ്പെടുന്ന പ്രശ്നമല്ല. എന്നാ‍ല്‍ അതിന്റെ നിലനില്‍പ്പിനെ സാധ്യമോ അസാധ്യമോ ആക്കുന്ന ഒന്നാണ്‌ താനും. കഠിനമായ ശിക്ഷണ ഉപാസനകള്‍ നടനത്തിലും ആസ്വാദനത്തിലും ആവശ്യപ്പെടുന്ന സംസ്കൃത നടനപാരമ്പര്യം കൊളോണിയല്‍ കാലത്തും ചെറിയ സവര്‍ണ്ണ വൃത്തങ്ങളില്‍ സജീവമായി തന്നെ‍ നിലനിന്നി‍രുന്നു.

വിചിത്രമെന്നു പറയാം, കോളനിവല്‍ക്കരണത്തിനെതിരായി ആരംഭിച്ച ദേശീയപ്രസ്ഥാനങ്ങളുടെ അടിയൊഴുക്കു്‌ സൃഷ്ടിച്ച സാമൂഹിക അവസ്ഥയാണ്‌, ആട്ടക്കഥകളുടേയും തുള്ളല്‍ പാട്ടി‍ന്റെയും പ്രഭവകാലത്ത്‌, അധിനിവേശം നടത്തിയവരുടെ ദേശത്ത്‌ പരിപോഷിപ്പിക്കപ്പെട്ട എലിസബേത്തിയന്‍ നാടകസങ്കേതത്തെ കേരളത്തില്‍ വളര്‍ത്തിയത്‌. നവോത്ഥാന കാലത്ത്‌ ഒരുപാട്‌ സാമൂഹിക/കലാപ്രക്രിയകളുടെ സ്വാഭാവിക തുടര്‍ച്ച നഷ്ടപ്പെട്ടു‍ പോയിട്ടു‍ള്ളതായി കാണാം.

ദേശീയ പ്രസ്ഥാനങ്ങളും, നവോത്ഥാന പ്രസ്ഥാനങ്ങളും, ഓരം ചേര്‍ന്നു്‌ നടന്നിരുന്ന വലിയ ഒരു കൂട്ടം ജനത്തിന്റെ രാജപാത വെട്ടി‍തെളിക്കല്‍ കൂടിയായിരുന്നുവല്ലോ. കീഴാളജനതയുടെ സ്വത്വത്തിനു്‌, വര്‍ഗ്ഗബോധത്തിന്റെ ആശയങ്ങള്‍ക്ക്‌ നടനരൂപം നല്‍കാന്‍ തുള്ളലിനു പോലും കഴിയാതെ പോയത്‌, അനുഷ്ഠാന നടനരൂപങ്ങള്‍ വരേണ്യ വര്‍ഗ്ഗത്തിനു്‌ ഒരു പാപം പോലെ പതിച്ചുനല്‍കിയ പുത്തന്‍ ഉയര്‍ത്തെണീപ്പില്‍, മലയാളജനത ചെന്നുവീണത്‌ കലയുടെ ഏറ്റവും അന്യാധീനപ്പെട്ട ഒരു ചതിക്കുഴിയിലായതിനാലാണ്‌.

കോളനിവല്‍ക്കരണം, വിഭവചൂഷണവും മതപരിവര്‍ത്തനവുമായി ചുരുക്കാനാവില്ലല്ലോ. പക്ഷേ കലാസംക്രമണം അവരുടെ അജണ്ടയിലുണ്ടായിരുന്നു എന്നു തോന്നുന്നി‍ല്ല. എന്നാല്‍ കൊളോണിയല്‍ ജനതയ്ക്ക്‌ ഒരു പുതിയ ലോകത്തേക്ക്‌ പ്രവേശിക്കാനായി. നോവലും കഥകളും വായിച്ചു പഠിച്ച സി.വി രാമന്‍പിള്ളയ്ക്കും ഒ.ചന്തുമേനോനും അവയെ സ്വന്തം ഭാഷയില്‍ പുന:സൃഷ്ടിക്കാനും സാധിച്ചു. എലിസബേത്തിയന്‍ രീതിയില്‍ നാടകങ്ങള്‍ എഴുതാനും സി.വി രാമന്‍പിള്ള തുനിഞ്ഞു. ഇ.വി.കൃഷ്ണപിള്ളയിലേക്കെത്തുമ്പോള്‍ മലയാള നാടകം അടിമുടി പരിഷ്കാരിയായി കഴിഞ്ഞിരുന്നു. ഇതൊരു വിരുദ്ധാഭിപ്രായമായല്ല ഇവിടെ കുറിക്കുക. തന്റെ സമുദായത്തെ ഉദ്ധരിക്കാന്‍ വി.ടിക്ക്‌ എളുപ്പം എന്തായാലും ഇബ്സനായിരുന്നു, അമ്മന്നൂരായിരുന്നി‍ല്ല. സാമൂഹ്യ അനിവാര്യതകളെ തള്ളിപ്പറയുക എന്നത്‌ ചരിത്രത്തിന്റെ ശരികളെ ഉപേക്ഷിക്കുക എന്നതായിപ്പോവും. ഒപ്പം, ഈ സാമൂഹികാവസ്ഥയില്‍ കെ.പി.ഇ.സി മുന്നോട്ടു വന്ന ചുമന്ന പാതയില്‍, നമ്മുടെ അനുഷ്ഠാന നടനകലകള്‍ അടിതെറ്റി വീണതും കാണാതിരിക്കരുത്‌. ഇബ്സനെ കണ്ടെത്തിയ മലയാളം, പരമ്പരാഗത കലകളെ വേഗം മ്യൂസിയത്തിലേക്ക്‌ നടത്തിച്ചു കൊണ്ടുപോയി.

കലയും കലാസ്വാദനവും ജനകീയമാകാത്തത്‌ പരിണാമത്തെ മുരടിപ്പിച്ചിരിക്കാം എന്നതുപോലെ തന്നെ ‍, കലയുടെ ജനകീയവത്കരണം രണ്ടുതരത്തിലെങ്കിലും നമ്മുടെ പരിസരത്ത്‌ അവയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത കലകളുടെ നൈരന്തര്യത്തില്‍ നിന്നും കഠിനമായ വിച്ഛേദനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്‌, ഇറക്കുമതി ചെയ്യപ്പെട്ട ലളിതകലകളുടെ ആയാസ രഹിതമായ സര്‍ഗ്ഗ-ആസ്വാദന തലങ്ങള്‍ ഉണ്ടാക്കിയ ഉദാസീനത ഒന്നു്‌. നാടകവും സിനിമയും പോലുള്ള കലകളുടെ സാര്‍വ്വജനകീയത കലകളുടെ പൊതുവായ ലളിതവത്കരണത്തിനു്‌ ഇടയാക്കി. വംശനാശം സംഭവിക്കാതെ പിടിച്ചുനിന്ന പാരമ്പര്യ കലകള്‍ തീവ്രഅഭിനിവേശത്തിന്റെ സവര്‍ണ്ണപരിസരത്തില്‍ നിന്നും താഴേക്കിറങ്ങിയപ്പോള്‍ ഗുണപരമായ ശോഷിപ്പ്‌ ഉണ്ടായി എന്നതാവും രണ്ടാമത്തെ വസ്തുത. ഇത്‌ ശുദ്ധകലാതീവ്രവാദമൊന്നുമല്ല. അടിസ്ഥാനത്തില്‍ സൌന്ദര്യാത്മക സ്വത്വരൂപീകരണം വളര്‍ത്താത്ത ഒരു കലയും, കലയ്ക്കെല്ല സാമൂഹിക പരിവര്‍ത്തനത്തിനും ത്വരകമാവുന്നി‍ല്ല. പൊതുസമൂഹത്തിന്റെ ജീര്‍ണ്ണത അത്‌ അടയാളപ്പെടുത്തും.

കെ.പി.എ.സിയുടെ ജനപ്രിയത വഴിമാറിയത്‌ ഉത്സവപറമ്പുകളിലെ പ്രൊഫഷണല്‍ നാടകങ്ങളിലേക്കാണ്‌. 1948--ല്‍ സാമൂവേല്‍ ബെക്കറ്റ്‌ 'വെയ്റ്റിംഗ്‌ ഫോര്‍ ഗോദോ' എഴുതുമ്പോള്‍, നമ്മുടെ സാമൂഹിക പരിസരം എന്തായിരുന്നു എന്നു്‌ ഓര്‍മ്മിപ്പിക്കേണ്ട കാര്യമില്ല. ഏതാണ്ട്‌ ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആ നാടകം ഒരു ന്യൂനപക്ഷം മലയാളികളെ ആവേശിക്കുന്ന കാലം പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കാലം കൂടിയാണ്‌. അധിനിവേശ ഫ്രാന്‍സില്‍ നിന്നും ഒളിച്ചോടി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, യുദ്ധത്തിന്റേയും യുദ്ധാനന്തര യൂറോപ്പിന്റേയും വിഹ്വലതകള്‍ ഉലയ്ക്കുകയും ചെയ്ത ബെക്കറ്റില്‍ നിന്നും ഉണ്ടായ ഈ അസംബന്ധ നാടകം, കേരളത്തില്‍ എത്തുമ്പോള്‍ നമ്മുടെ സമൂഹം സങ്കീര്‍ണ്ണമായി കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരം നല്‍കിയ ലക്ഷ്യബോധവും, സ്വാതന്ത്ര്യം നല്‍കിയ ഉണര്‍ച്ചയും നഷ്ടമായി. ആദര്‍ശവ്യക്തിത്വങ്ങള്‍ മരിക്കുകയോ നിശ്ശബ്ദരാവുകയോ അപചയപ്പെടുകയോ ചെയ്തു. എഴുപതുകളിലെ മലയാളിയുവത കഠിനമായ സ്വത്വപ്രതിസന്ധി നേരിട്ടു‍. രാഷ്ട്രീയമോഹഭംഗവും തൊഴിലില്ലായ്മയും നാടുവിടലിലേക്കും തീവ്രവാദ രാഷ്ട്രീയത്തിലേക്കും അവരെ തള്ളിവിട്ടു‍. അടിയന്തരാവസ്ഥയുടെ കാലത്താവണം 'വെയിറ്റിംഗ്‌ ഫോര്‍ ഗോദോ' കേരളത്തില്‍ കൂടുതല്‍ വായിക്കപ്പെട്ടത്‌.

ആധുനികത, കേരളത്തില്‍ ഒരു സാമൂഹിക/സാഹിത്യ/കലാ പ്രസ്ഥാനമെന്ന നിലയ്ക്ക്‌ വ്യാജമായിരുന്നു എന്നു്‌ വിമര്‍ശിക്കപ്പെടുന്നുണ്ട്‌ ഇപ്പോള്‍. അതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ , മലയാളിയുടെ ചിതറിയ ചിന്താസരണികളിലെല്ലാം പൊട്ടിത്തെറി സൃഷ്ടിച്ച ആധുനികത പക്ഷേ വളരെ വ്യക്തമായും സംഭവിച്ചിരുന്നു. അതിനു മുന്‍പും പിന്‍പും വന്നുപോയ ഒരു സാമൂഹ്യ അനുഭവത്തിനും ഇത്ര മൂര്‍ത്തത ഉണ്ടായിരുന്നി‍ല്ല. ആധുനികതയാണ്‌ നാടകത്തിലും മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. അതും പക്ഷേ, ഏറ്റവും ആധുനികമായതു സ്വന്തം പുരാതനതകളുടെ വീണ്ടെടുപ്പായിരുന്നില്ല - ഇബ്സനില്‍ നിന്നും ബെക്കറ്റിലേക്ക്‌ എന്നാ‍യിരുന്നു.

ശങ്കരപ്പിള്ളയും കാവാലവും നരേന്ദ്രപ്രസാദുമൊക്കെ നാടകത്തെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിച്ചത്‌ ഈ തിരിച്ചറിവില്‍ നിന്നാ‍വും. സമാന്തരമായ നാടകശ്രമങ്ങള്‍ ഒരുപാടുണ്ടായി. ഒരു പുനരാലോചനയുടെ ആഹ്വാനം എന്ന നിലയ്ക്ക്‌ തനതു നാടകവേദിയെ കുറിച്ച്‌ ആദ്യമായി സംസാരിച്ച ശ്രീകണ്ഠന്‍നായരെ മുക്കിക്കളയും വിധം, കാഴ്ചക്കാരെ അകറ്റാന്‍ പാകത്തിനു്‌ അവ്യക്തമായ തനതു ശ്രമങ്ങള്‍ ഏറെ അരങ്ങില്‍ എത്തി. ശങ്കരപ്പിള്ളയേയും കാവാലത്തേയും പോലുള്ള ആചാര്യന്മാര്‍ക്കു തന്നെ‍ തങ്ങളുടെ ആദ്യകാല സംരംഭങ്ങളെ സന്ദേഹരഹിതമായി അവതരിപ്പിക്കാന്‍ സാധിച്ചിരുന്നോ എന്നത്‌ ചോദ്യമാണ്‌. പക്ഷേ അരങ്ങില്‍ 'കുരുത്തോലകെട്ടി‍യിട്ട വേഷംകെട്ടലുകളെ പോലും, തികച്ചും നിര്‍ജ്ജീവമായിരുന്ന ഒരു കലയുടെ പ്രദേശത്ത്‌ അന്വേഷണത്തിന്റെ സജീവമായ വഴി തന്നെയായാണ്‌ കാണേണ്ടത്‌. പരമ്പരാഗത നടനരൂപങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു അരങ്ങ്‌ അവര്‍ സൃഷ്ടിച്ചിട്ടു‍ണ്ട്‌. ഒരു 'നൃത്ത സംഗീത സാമൂഹിക' നാടകക്കാരനും ചോദ്യം ചെയ്യാവുന്ന അരങ്ങല്ല അത്‌. അമ്പലപറമ്പിലെ ജനബാഹുല്യത്തെ ചൂണ്ടിക്കാട്ടിയിട്ടൊട്ടും!

സ്ത്രീപാക്ഷികതയും കീഴാളതയുമൊക്കെ വളരെ സൂക്ഷ്മമായ പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടി‍രിക്കുന്നതാണ്‌ സമകാലം എന്നുപറയപ്പെടുന്നു. സ്വാതന്ത്ര്യബോധവും സ്വത്വദര്‍ശനങ്ങളും ചലനാത്മകമായ ഒരു സമൂഹത്തിന്റെ പ്രത്യക്ഷവത്ക്കരണമാണ്‌. നാടകവും ഇവയോടൊപ്പം സങ്കീര്‍ണ്ണമായ വഴികളിലൂടെ പോകുന്നുണ്ട്‌. കലയുടെ ഒരു പ്രവൃത്തി പ്രദേശത്തും ഏകമാനത കണ്ടെത്താന്‍ ഇന്നു പറ്റില്ല. അത്രയ്ക്ക്‌ ഛിന്നമാണ്‌ കലയും കലയുടെ ദര്‍ശനങ്ങളും. ദര്‍ശനങ്ങള്‍ മരിച്ചു എന്നും വാദിക്കപ്പെടുന്നുണ്ട്‌. ദര്‍ശനിക ഛിന്നതകള്‍ക്കിടയ്ക്കും നാടകത്തിന്റെ രൂപം പരിതാപകരമാംവിധം നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. സ്ത്രീകള്‍ സ്വന്തം ശരീരഭാഷ കണ്ടെത്താനുള്ള ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടത്തി എതൊഴിച്ചാല്‍ നാടകത്തിന്റെ രൂപം ഇപ്പോഴും ഇബ്സനില്‍ നിന്നു ബെക്കറ്റിലേയ്ക്ക്‌ എന്നു തന്നെയാണ്‌.

പരമ്പരാഗത നടനകലകളെ ജനകീയമാക്കി എന്നു്‌ ഊറ്റം കൊള്ളുന്ന 'പുരോഗമന' പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ‍ അവയുടെ സംരക്ഷണത്തിനോ ഗുണപരമായ വളര്‍ച്ചയ്ക്കോ വിയര്‍ത്തിട്ടി‍ല്ല. വള്ളത്തോള്‍ ഉണ്ടായിരുന്നി‍ല്ലെങ്കില്‍, ടൂറിസത്തിന്റെ പേരില്‍ വഴിയരികില്‍ വേഷംകെട്ടി‍ച്ചു നിര്‍ത്താന്‍പോലും കഥകളി രൂപങ്ങളെ ഇന്നു്‌ കിട്ടു‍മായിരുന്നി‍ല്ല. തമാശ, ഇന്നും നമ്മുടെ ക്ലാസിക്കല്‍ നടനരൂപങ്ങളൊന്നും ജനകീയമല്ല എന്നതാണ്‌. നൂറ്റാണ്ടുകളിലൂടെ പരുവപ്പെട്ടു‍ വന്ന കലകളെ ഒരു രാഷ്ട്രീയ/സാമൂഹിക വിപ്ലവത്തിലൂടെ മറ്റൊരു പരിതസ്ഥിതിയില്‍ വളര്‍ത്താനാവും എന്നത്‌ എളുപ്പമല്ല എറിയുന്നുണ്ട്‌ നമ്മളിന്നു്‌. പരമ്പരാഗത നടനരൂപങ്ങള്‍ ഇന്നും അങ്ങിനെ തന്നെ‍ തുടരുന്നത്‌, പരിണാമത്തെ അസാധ്യമാക്കും വിധം നമ്മുടേതായ ഒന്നി‍ല്‍നിന്നും പിന്‍തുടര്‍ച്ച അവകാശപ്പെടാനില്ലാത്ത ഒരു നാടകത്തിന്റെ അരങ്ങ്‌ ഇവിടെ കൊഴുത്തതാണ്‌. പരമ്പരാഗത നടനരൂപങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തിയ പരീക്ഷണങ്ങള്‍ പോലും യൂറോപ്യന്‍ നാടകശീലങ്ങളിലേയ്ക്ക്‌ തനതുരൂപങ്ങളെ എങ്ങിനെ പ്രവേശിപ്പിക്കാം എന്നാ‍യിരുന്നു.

ഇന്നു്‌, ഇനിയൊരു അടിമുടി പരീക്ഷണത്തേയോ പരിഷ്കാരത്തേയോ അസാധ്യമാക്കും വിധം ക്ലാസിക്കല്‍ നടനകലകളും നാടകവും രണ്ടു വഴിക്കായി കഴിഞ്ഞു. എന്നാ‍ല്‍ ഒന്നു്‌ ആലോചിക്കാവുതാണ്‌. സിനിമയെന്ന കലയെ ഇറക്കുമതി ചെയ്തപ്പോള്‍ 'സിനിമ' എന്നു്‌ തന്നെ‍ അഭിസംബോധന ചെയ്തുവല്ലോ നമ്മള്‍. അതുപോലെ ഇപ്പോള്‍ നാടകം എന്നു വിളിക്കുന്ന കലാരൂപത്തിനു്‌ ചേരുക 'ഡ്രാമ' എന്ന പേരാവും. നമ്മുടെ സാംസ്കാരിക കലാപാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്ന ജനകീയമായ ഒരു നടനരൂപം എന്നെങ്കിലും ഉരുത്തിരിഞ്ഞു വരികയാണെങ്കില്‍ അതിനെ നമുക്ക്‌ 'നാടകം' എന്നു വിളിക്കാം.

Lazar D'zilva

ലാസര്‍ ഡിസില്‍വ
കുവൈറ്റ്

Subscribe Tharjani |