തര്‍ജ്ജനി

ഭാഷാന്തരം : ബാബുരാജ്. റ്റി.വി

House No: 1113,
Maruti Vihar,
Chakkarpur,
Gurgaon,
Haryana.

ഫോണ്‍: 09871014697
വെബ്ബ്: http://reiyo.wordpress.com/

Visit Home Page ...

കഥ

വിഡ്ഢി

ഐവാന്‍ തര്ജ്ജനീവിന്റെ കഥ

ഒരിക്കല്‍ ലോകത്തൊരു വിഡ്ഢി ജീവിച്ചിരുന്നു. നീണ്ടൊരു കാലത്തോളം അയാള്‍ സുഖലോലുപതയില്‍ കഴിഞ്ഞു കൂടി; എന്നാല്‍ എല്ലായിടത്തും താന്‍ വെറുമൊരു വിഡ്ഢികൂശ്മാണ്ഡമായിട്ടാണ് അറിയപ്പെടുന്നതെന്ന ജനശ്രുതി കാലക്രമേണ അയാളുടെ ചെവിയിലും എത്തി.

വിഡ്ഢിയ്ക്ക് മനസ്സിനു വല്ലായ്മ അനുഭവപ്പെട്ടു. അപ്രിയമായ ആ കിംവദന്തിയ്ക്കൊക്കെ എങ്ങനെ ഒരറുതി വരുത്തേണ്ടതെന്ന പ്രശ്നം അയാളെ കാര്ന്നു തിന്നു. ഒടുവില്‍ , ഇരുള്‍ മൂടിയ അയാളുടെ കൊച്ചു തലച്ചോറില്‍ പൊടുന്നനെ ഒരാശയം ഒളിമിന്നി...അല്പം പോലും താമസം കൂടാതെ അയാളതു പ്രാവര്ത്തികമാക്കുകപോലുമുണ്ടായി. തെരുവില്‍ വെച്ചു അയാളെ കണ്ടുമുട്ടിയ ഒരു പരിചയക്കാരന്‍ , വിശ്രുതനായ ഒരു കലാകരനെക്കുറിച്ചു പ്രശംസിച്ചു പറയാന്‍ ആരംഭിച്ചു .....


ചിത്രീകരണം:ശ്രീകല

"ദൈവം തമ്പുരാനേ!” വിഡ്ഢി ഒച്ചയിട്ടു,
"വളരെ നാളുകള്ക്കു മുമ്പേ ആ കലാകാരനെ തരംതാഴ്ത്തി ഗ്രന്ഥരക്ഷാലയത്തിലേയ്ക്കയച്ചു..... നിങ്ങള്ക്കതറിയില്ലേ? ..... നിങ്ങളില്‍ നിന്നു ഞാനിതു പ്രതീക്ഷിച്ചതല്ല.... കാലത്തിനു പിന്നിലാണു നിങ്ങള്‍."
പരിചയക്കാരന്‍ വിരണ്ടുപോയി. പൊടുന്നനെ അയാള്‍ വിഡ്ഢിയുടെ അഭിപ്രായത്തോടു യോജിച്ചു.

" എന്തു നല്ല പുസ്തകമാണു് ഞാനിന്നു വായിച്ചത്!” മറ്റൊരു പരിചയക്കാരന്‍ അയാളോടു പറഞ്ഞു.
"ദൈവം തമ്പുരാനേ!” വിഡ്ഢി മുക്രയിട്ടു. – “നിങ്ങള്ക്കു സ്വയം ലജ്ജ തോന്നുന്നില്ലേ? വെറുമൊരു ചവറാണ് ആ പുസ്തകം; വൈരസ്യത്താല്‍ വളരെ മുമ്പേ ആ പുസ്തകം എല്ലാവരും ഉപക്ഷിച്ചിരുന്നു..... നിങ്ങള്ക്കതറിയില്ലേ? കാലത്തിനു പിന്നിലാണു നിങ്ങള്‍ .”
നടുങ്ങിപോയ ആ പരിചയക്കാരനും കൂടി വിഡ്ഢിയുടെ ആശയത്തോടു യോജിച്ചു.

"എന്റെ സുഹൃത്ത് എന്‍. എന്‍ എന്തൊരു കുലീനനാണ്!” മൂന്നാമതൊരു പരിചയക്കാരന്‍ വിഡ്ഢിയോടു പറഞ്ഞു. ---“സത്യത്തില്‍ നിങ്ങള്‍ക്കൊരു മഹാന്‍ തന്നെയാണ് അദ്ദേഹം!”
"ദൈവം തമ്പുരാനേ!” വിഡ്ഢി അലമുറയിട്ടു, --"പേര് കേട്ടൊരു തെമ്മാടിയാണ് എന്‍ . എന്‍ ! അയാളുടെ ബന്ധുക്കളെയെല്ലാം അയാള്‍ കൊള്ളയടിച്ചു. ആര്ക്കാണ് അതറിയാന്‍ പാടില്ലാത്തത്? കാലത്തിനു പിന്നിലാണു നിങ്ങള്‍ .”
പേടിച്ചരണ്ട മൂന്നാമത്തെ പരിചയക്കാരനും വിഡ്ഢിയെ അനുകൂലിച്ച് സുഹൃത്തിനെ നിരാകരിച്ചു.

വിഡ്ഢിയുടെ സാമീപ്യത്തില്‍ ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും പ്രശംസിച്ചാല്‍ അവര്ക്കൊക്കെ അയാള്‍ അതേ തിരിച്ചടി നല്കി. ചിലപ്പോഴൊക്കെ ശകാരരൂപേണ അയാള്‍ ഇതും കൂടി കൂട്ടിച്ചേര്ത്തു: “അധികാരികളില്‍ നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?"

"വിദ്വേഷം നിറഞ്ഞൊരു വ്യക്തി! ഒരു ശുണ്ഠിക്കാരന്‍! ” വിഡ്ഢിയെക്കുറിച്ച് അയാളുടെ പരിചയക്കാര്‍ പറഞ്ഞു തുടങ്ങി..... “എന്നാലെന്തൊരു തല!”
" എന്തൊരു വാക്ചാതുര്യം !” മറ്റുള്ളവര്‍ കൂട്ടിച്ചേര്ത്തു .
"ഓ, അതെ; സര്ഗ്ഗശക്തിയുള്ളവനാണ് അയാള്‍ !”

ഒരു വര്ത്തമാനപത്രത്തിന്റെ പ്രസാധകന്‍ തന്റെ വിമര്ശനവിഭാഗത്തിന്റെ ചുമതലയേറ്റെടുക്കാന്‍ അഭ്യര്ത്ഥിച്ചു കൊണ്ടായിരുന്നു അതൊക്കെ അവസാനിച്ചത്. വിഡ്ഢിയുടെ രീതികളിലോ അഥവാ മുറവിളികളിലോ അല്പം പോലും വ്യതിയാനമില്ലാതെ അയാള്‍ എല്ലാത്തിനെയും എല്ലാവരെയും വിമര്ശിച്ചു തുടങ്ങി. അധികാരികളോട് മുമ്പു് തൊള്ളയിട്ടിരുന്ന അയാളിപ്പോള്‍ സ്വയം ഒരധികാരിയായി, -- ചെറുപ്പക്കാര്‍ അയാളെ ഭയക്കുകയും ആരാധിക്കുകയുമുണ്ടായി.

എന്നാല്‍, ആ പാവങ്ങള്ക്ക് എന്ത് ചെയ്യാനാകും? ആരാധിക്കുക.....പൊതുവായി പറഞ്ഞാല്‍ ....മിക്കവാറും അതു ശരിയായിരുന്നില്ലെങ്കില്‍ കൂടി...ഈ കാര്യത്തില്‍, ഒരാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ കാലത്തിനു പിന്നിലായവരുടെ വിഭാഗത്തില്‍ അയാള്‍ സ്വയം കണ്ടെത്തേണ്ടി വരും!

ഭീരുക്കള്ക്കിടയിലാണ് വിഡ്ഢികള്‍ക്കൊരു ജീവിതഗതിയുള്ളത്.

Subscribe Tharjani |